നിങ്ങൾ രക്ഷിക്കപ്പെട്ടുവോ?
നിങ്ങൾ രക്ഷിക്കപ്പെട്ടുവോ?
ജോണിക്കു പത്തു വയസ്സുണ്ടായിരുന്നപ്പോഴാണ് ഒരു മത്സരമേളയിൽവെച്ച് ഒരാൾ അവനെ പിടിച്ചുനിർത്തി “യുവാവേ, നീ യേശുക്രിസ്തുവിനെ നിന്റെ കർത്താവും രക്ഷിതാവുമായി സ്വീകരിക്കുന്നുണ്ടോ?” എന്നു ചോദിച്ചത്. ജോണിയെ സംബന്ധിച്ചിടത്തോളം ആ ചോദ്യം വളരെ വിചിത്രമായി തോന്നി. കാരണം, അവനു യേശുവിൽ എപ്പോഴും വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ട് അവൻ, “ഞാൻ തീർച്ചയായും സ്വീകരിക്കുന്നു” എന്ന് ഉത്തരം കൊടുത്തു. “കർത്താവിനു സ്തോത്രം!” ആ മനുഷ്യൻ എല്ലാവരും കേൾക്കെ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. “ക്രിസ്തുവിനായി മറ്റൊരു ദേഹി കൂടി രക്ഷിക്കപ്പെട്ടിരിക്കുന്നു!”
വാസ്തവത്തിൽ രക്ഷ അത്രയ്ക്കു ലളിതമാണോ? ജോണി തന്റെ ശിഷ്ട ജീവകാലത്ത് എന്തുതന്നെ ചെയ്താലും, അയാൾ ആ വാക്കുകൾ പറഞ്ഞ സമയംമുതൽ അവൻ “രക്ഷിക്കപ്പെ”ട്ടോ? ആത്മാർഥരായ പല ആളുകളും ഉവ്വ് എന്ന് ഉത്തരം പറയും. നിങ്ങൾ “രക്ഷിക്കപ്പെട്ട” തീയതി ഓർത്തിരിക്കുന്നതിന് അതു കുറിച്ചിടാൻ ചില മതങ്ങളുടെ ലഘുലേഖകൾ പറയുന്നു.
“ക്രിസ്തുവിൽ ലളിതമായി വിശ്വസിക്കുന്ന നിമിഷംതന്നെ . . . ഒരുവന്റെ ഭാഗധേയം എന്നേക്കുമായി ഉറപ്പാക്കപ്പെടുന്നു” എന്ന് ഒരു വൈദികൻ എഴുതി. രക്ഷ ആശ്രയിച്ചിരിക്കുന്നത് ഒരു സമയത്തെ ഒരൊറ്റ “വിശ്വാസ പ്രവൃത്തിയെ” ആണ്, “തുടർച്ചയായുള്ള വിശ്വാസത്തെയല്ല” എന്നു ബൈബിൾ പറയുന്നതായി അദ്ദേഹം അവകാശപ്പെട്ടു. മറ്റൊരു മത എഴുത്തുകാരൻ ഇങ്ങനെ എഴുതി: “അതു പൂർത്തിയായ ഒരു പ്രവൃത്തിയാണ്. അതു നിങ്ങൾക്കു വേണ്ടി ഇപ്പോൾതന്നെ നിറവേറ്റപ്പെട്ടിരിക്കുന്നു. . . . നിങ്ങളുടെ ‘യുദ്ധം അവസാനിച്ചിരിക്കുന്നു.’ നിങ്ങളുടെ അകൃത്യം നീക്കപ്പെട്ടിരിക്കുന്നു.’” എന്നാൽ ഇതു സത്യമാണെന്ന് ഉറപ്പായി ബോധ്യപ്പെട്ടിരിക്കുന്നവർ പോലും ഇവിടെ ഒരു കുഴപ്പം കണ്ടേക്കാം. തങ്ങൾ “രക്ഷിക്കപ്പെ”ട്ടിരിക്കുന്നു എന്നു പറയപ്പെടുന്ന പല ആളുകളും, അവർ എങ്ങനെ ജീവിക്കണമെന്നു ബൈബിൾ പറയുന്നുവോ ആ വിധത്തിൽ ജീവിക്കുന്നില്ല എന്നതു സ്പഷ്ടമാണ്. അതിനുള്ള പൊതുവായ ഒരു വിശദീകരണം, അവർ ഒരുപക്ഷേ ക്രിസ്തുവിനെ യഥാർഥത്തിൽ “സ്വീകരി”ച്ചിരുന്നില്ല എന്നതാണ്.
അതുകൊണ്ട്, യേശുവിനെ “സ്വീകരിക്കൽ” വാസ്തവത്തിൽ എന്താണ് അർഥമാക്കുന്നത്? അത് ഒരിക്കൽ മാത്രമുള്ള വിശ്വാസ പ്രവൃത്തിയാണോ, അതോ തുടർച്ചയായ ഒരു ജീവിതരീതിയാണോ? പ്രവൃത്തിക്കു നമ്മെ പ്രേരിപ്പിക്കാൻ പോന്നവിധം ശക്തമായിരിക്കണമോ നമ്മുടെ വിശ്വാസം? യേശുവിനെ അനുഗമിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വം കൂടാതെതന്നെ അവന്റെ ബലിയുടെ പ്രയോജനങ്ങൾ നമുക്കു വാസ്തവത്തിൽ സ്വീകരിക്കാൻ കഴിയുമോ?
അനുഗ്രഹങ്ങൾ ലഭിക്കാൻ പലരും ആഗ്രഹിക്കുന്നു, എന്നാൽ യേശുവിനെ അനുഗമിക്കുന്നതിലും അനുസരിക്കുന്നതിലും ഉൾപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വം കയ്യേൽക്കാൻ അവരാഗ്രഹിക്കുന്നില്ല. വാസ്തവത്തിൽ, “അനുസരിക്കുക” എന്ന വാക്ക് അവരിൽ മിക്കപ്പോഴും അസ്വസ്ഥതയാണ് ഉളവാക്കുന്നത്. പക്ഷേ, “വന്നു എന്നെ അനുഗമിക്ക” എന്നു യേശു പറഞ്ഞു. (ലൂക്കൊസ് 18:18-23) മാത്രമല്ല, ബൈബിൾ ഇങ്ങനെ പ്രസ്താവിക്കുന്നു: ‘നമ്മുടെ കർത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവർ നിത്യനാശം എന്ന ശിക്ഷാവിധി അനുഭവിക്കും.’—2 തെസ്സലൊനീക്യർ 1:7, 10; മത്തായി 10:38; 16:24.
രക്ഷയെക്കുറിച്ചു പഠിപ്പിച്ചിരിക്കുന്ന കാര്യങ്ങൾ സംബന്ധിച്ചു ഗൗരവാവഹമായ ചോദ്യങ്ങൾ ഉയർത്തുന്ന പല സംഗതികളും ബൈബിൾ പറയുന്നുണ്ട്. ഈ വിഷയത്തെക്കുറിച്ചു ബൈബിൾ വാസ്തവത്തിൽ എന്തു പറയുന്നുവെന്ന് ഉറപ്പാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, പിൻവരുന്ന പേജുകൾ പ്രത്യേകിച്ചും താത്പര്യജനകമാണെന്നു നിങ്ങൾ കണ്ടെത്തും. ഈ മർമപ്രധാനമായ വിഷയത്തെക്കുറിച്ചു യേശുവും അവന്റെ അപ്പോസ്തലന്മാരും പഠിപ്പിച്ച കാര്യങ്ങൾ മനസ്സിലാക്കുന്നതിനു പരാമർശിച്ചിരിക്കുന്ന വാക്യങ്ങൾ നിങ്ങളുടെ ബൈബിൾ തുറന്നു വായിക്കുക.