യഹോവയിലും അവന്റെ വചനത്തിലും ആശ്രയിക്കുക
യഹോവയിലും അവന്റെ വചനത്തിലും ആശ്രയിക്കുക
“നിന്റെ നാമത്തെ അറിയുന്നവർ നിങ്കൽ ആശ്രയിക്കും.”—സങ്കീർത്തനം 9:10.
1. നമ്മുടെ ആധുനിക നാളിൽപോലും യഹോവയിലും അവന്റെ വചനത്തിലും നമുക്കു വിശ്വാസമുണ്ടായിരിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
ഈ ആധുനിക ലോകത്തിൽ ദൈവത്തിലും അവന്റെ വചനമായ ബൈബിളിലും ആശ്രയിക്കാനുള്ള ക്ഷണം അപ്രായോഗികവും അവാസ്തവികവുമായി തോന്നിയേക്കാം. എന്നാൽ ദൈവത്തിന്റെ ജ്ഞാനം കാലത്തിന്റെ പരിശോധനയെ അതിജീവിച്ചതാണ്. പുരുഷന്റെയും സ്ത്രീയുടെയും സ്രഷ്ടാവുതന്നെയാണു വിവാഹത്തിന്റെയും കുടുംബത്തിന്റെയും ഉപജ്ഞാതാവ്. അതുകൊണ്ടു മറ്റാരെക്കാളും മെച്ചമായി നമ്മുടെ ആവശ്യങ്ങൾ അവനറിയാം. മമനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾക്കു മാറ്റം വന്നിട്ടില്ല, അതുപോലെതന്നെ ആ ആവശ്യങ്ങൾ നിവർത്തിക്കുന്നതിനുള്ള മാർഗങ്ങളും മാറ്റമില്ലാതെ തുടർന്നിരിക്കുന്നു. ബൈബിളിലെ ജ്ഞാനപൂർവകമായ ബുദ്ധ്യുപദേശം നൂറ്റാണ്ടുകൾക്കു മുമ്പ് എഴുതപ്പെട്ടതാണെങ്കിലും, ജീവിതവിജയത്തിനും പ്രശ്നപരിഹാരത്തിനും അത് ഇപ്പോഴും ഏറ്റവും മെച്ചമായ മാർഗനിർദേശം പ്രദാനം ചെയ്യുന്നു. നാം ജീവിക്കുന്ന ആധുനിക ശാസ്ത്രീയ ലോകത്തിൽ പോലും അതിനു ചെവികൊടുക്കുന്നത് വളരെയധികം സന്തുഷ്ടിയിൽ കലാശിക്കും!
2. (എ) ദൈവകൽപ്പനകൾ അനുസരിക്കുന്നതു യഹോവയുടെ ജനത്തിന്റെ ജീവിതത്തിൽ എന്തു നല്ല ഫലമാണ് ഉളവാക്കിയിരിക്കുന്നത്? (ബി) തന്നെയും തന്റെ വചനത്തെയും അനുസരിക്കുന്നവർക്കു യഹോവ കൂടുതലായി എന്താണു വാഗ്ദാനം ചെയ്യുന്നത്?
2 യഹോവയിൽ ആശ്രയിക്കുന്നതും ബൈബിളിലെ തത്ത്വങ്ങൾ ബാധകമാക്കുന്നതും എല്ലാ ദിവസവും പ്രായോഗിക പ്രയോജനങ്ങൾ കൈവരുത്തുന്നു. ഇതിന്റെ തെളിവ്, ബൈബിളിന്റെ ബുദ്ധ്യുപദേശം ബാധകമാക്കാനുള്ള ബോധ്യവും ധൈര്യവും ഉണ്ടായിരുന്നിട്ടുള്ള, ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിനു യഹോവയുടെ സാക്ഷികളുടെ ജീവിതത്തിൽ കാണാവുന്നതാണ്. അവരെ സംബന്ധിച്ചിടത്തോളം സ്രഷ്ടാവിലും അവന്റെ വചനത്തിലുമുള്ള ആശ്രയം ഉചിതമെന്നു തെളിഞ്ഞിരിക്കുന്നു. (സങ്കീർത്തനം 9:9, 10) ദൈവകൽപ്പനകൾ അനുസരിക്കുന്നത് ശുദ്ധി, സത്യസന്ധത, കഠിനാധ്വാനം, മറ്റുള്ളവരുടെ ജീവനോടും വസ്തുവകകളോടുമുള്ള ആദരവ്, ഭക്ഷണപാനീയങ്ങളിലെ മിതത്വം തുടങ്ങിയ കാര്യങ്ങളിൽ അവരെ ഏറെ നല്ല വ്യക്തികളാക്കി മാറ്റിയിട്ടുണ്ട്. അതു കുടുംബവൃത്തത്തിനുള്ളിലെ ശരിയായ സ്നേഹത്തിലേക്കും പരിശീലനത്തിലേക്കും—അതിഥിപ്രിയമുള്ളവരായിരിക്കുക, ക്ഷമയുള്ളവരായിരിക്കുക, കരുണയുള്ളവരായിരിക്കുക, ക്ഷമിക്കുന്നവരായിരിക്കുക തുടങ്ങിയ കാര്യങ്ങളിലേക്കും—മറ്റനേകം കാര്യങ്ങളിലേക്കും നയിച്ചിരിക്കുന്നു. വലിയ ഒരളവോളം, കോപം, വിദ്വേഷം, കൊലപാതകം, ഈർഷ്യ, ഭയം, അലസത, ദുരഭിമാനം, ഭോഷ്കുപറച്ചിൽ, ഏഷണി, വിവേചനാരഹിതമായ ലൈംഗികത, അധാർമികത തുടങ്ങിയ മോശമായ ഫലങ്ങൾ അവർ ഒഴിവാക്കിയിരിക്കുന്നു. (സങ്കീർത്തനം 32:10) എന്നാൽ ദൈവം തന്റെ നിയമങ്ങൾ പാലിക്കുന്നവർക്കുള്ള നല്ല ഫലത്തേക്കാളേറെ വാഗ്ദാനം ചെയ്യുന്നുണ്ട്. ക്രിസ്തീയ മാർഗം പിൻപറ്റുന്നവർ “ഈ ലോകത്തിൽ . . . നൂറു മടങ്ങു വീടുകളെയും സഹോദരന്മാരെയും സഹോദരികളെയും അമ്മമാരെയും മക്കളെയും നിലങ്ങളെയും വരുവാനുള്ള ലോകത്തിൽ നിത്യജീവനെയും” നേടുമെന്നു യേശു പറഞ്ഞു.—മർക്കൊസ് 10:29, 30.
ലൗകിക ജ്ഞാനത്തിൽ ആശ്രയിക്കുന്നത് ഒഴിവാക്കുക
3. യഹോവയിലും അവന്റെ വചനത്തിലും ആശ്രയം വെക്കുന്നതിൽ തുടരുമ്പോൾ ക്രിസ്ത്യാനികൾ ചിലപ്പോൾ എന്തു പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നു?
3 ദൈവം ആവശ്യപ്പെടുന്ന കാര്യങ്ങളെ നിസ്സാരീകരിക്കാനോ മറക്കാനോ ഉള്ള പ്രവണതയുണ്ടെന്നതാണ് അപൂർണ മനുഷ്യരുടെ ഒരു പ്രശ്നം. ഏറ്റവും മെച്ചമായി അറിയാവുന്നതു തങ്ങൾക്കാണെന്ന് അല്ലെങ്കിൽ ഈ ലോകത്തിലെ ബുദ്ധിരാക്ഷസന്മാരുടെ ജ്ഞാനം ദൈവത്തിന്റെ ജ്ഞാനത്തെക്കാൾ മെച്ചമാണെന്ന്, കൂടുതൽ പുതുമയുള്ളതാണെന്ന് അവർ പെട്ടെന്നു ചിന്തിച്ചുതുടങ്ങുന്നു. ഈ ലോകത്തിൻ മധ്യേ ജീവിക്കുമ്പോൾ ദൈവദാസന്മാരിലും ഈ മനോഭാവം വളർന്നുവന്നേക്കാം. അതുകൊണ്ട്, തന്റെ ബുദ്ധ്യുപദേശത്തിനു ചെവികൊടുക്കാനുള്ള സ്നേഹപൂർവമായ ക്ഷണം വെച്ചുനീട്ടുമ്പോൾതന്നെ നമ്മുടെ സ്വർഗീയ പിതാവ് ഉചിതമായ മുന്നറിയിപ്പുകൾ കൂടി ഉൾപ്പെടുത്തുന്നു: “മകനേ, എന്റെ ഉപദേശം മറക്കരുതു; നിന്റെ ഹൃദയം എന്റെ കല്പനകളെ കാത്തുകൊള്ളട്ടെ. അവ ദീർഘായുസ്സും ജീവകാലവും സമാധാനവും നിനക്കു വർദ്ധിപ്പിച്ചുതരും. പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്തവിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും; നിനക്കു തന്നേ നീ ജ്ഞാനിയായ്തോന്നരുതു; യഹോവയെ ഭയപ്പെട്ടു ദോഷം വിട്ടുമാറുക.”—സദൃശവാക്യങ്ങൾ 3:1, 2, 5-7.
4. “ഈ ലോകത്തിന്റെ ജ്ഞാനം” എത്ര വ്യാപകമാണ്, അതു “ദൈവത്തിന്നു ഭോഷത്വ”മായിരിക്കുന്നത് എന്തുകൊണ്ട്?
4 ഈ ലോകത്തിന്റെ ജ്ഞാനം പല ഉറവിടങ്ങളിൽനിന്നു സമൃദ്ധമായി ലഭ്യമാണ്. പല പഠനസ്ഥാപനങ്ങളുണ്ട്. മാത്രമല്ല, “പുസ്തകം ഓരോന്നുണ്ടാക്കുന്നതിന്നു അവസാനമില്ല.” (സഭാപ്രസംഗി 12:12) ഇപ്പോൾ കമ്പ്യൂട്ടർ ലോകത്തിലെ വിജ്ഞാന സൂപ്പർഹൈവേ എന്നു വിളിക്കപ്പെടുന്നത് മിക്കവാറും ഏതു വിഷയത്തെക്കുറിച്ചും പരിമിതിയില്ലാത്ത അളവോളം വിവരങ്ങൾ വാഗ്ദത്തം ചെയ്യുന്നു. എന്നാൽ ഈ അറിവിന്റെയെല്ലാം ലഭ്യത ലോകത്തെ കൂടുതൽ മെച്ചപ്പെടുത്തുകയോ അതിന്റെ പ്രശ്നങ്ങൾ പരിഹരിക്കുകയോ ചെയ്യുന്നില്ല. മറിച്ച്, ലോകത്തിന്റെ സ്ഥിതിവിശേഷം നാൾക്കുനാൾ കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്നു. “ഈ ലോകത്തിന്റെ ജ്ഞാനം ദൈവസന്നിധിയിൽ ഭോഷത്വമത്രേ” എന്നു ബൈബിൾ നമ്മോടു പറയുന്നതു മനസ്സിലാക്കാവുന്നതേയുള്ളൂ.—1 കൊരിന്ത്യർ 3:19, 20.
5. “ലോകത്തിന്റെ ജ്ഞാനം” സംബന്ധിച്ചു ബൈബിൾ എന്തു മുന്നറിയിപ്പുകൾ നൽകുന്നു?
5 അന്ത്യനാളുകളുടെ ഈ ഘട്ടത്തിൽ, മുഖ്യ വഞ്ചകനായ പിശാചായ സാത്താൻ ബൈബിളിന്റെ സത്യതയിലുള്ള വിശ്വാസത്തിനു തുരങ്കംവെക്കാനുള്ള ശ്രമത്തിൽ ഭോഷ്കിന്റെ ഒരു പ്രളയംതന്നെ വരുത്തുമെന്നു പ്രതീക്ഷിക്കാവുന്നതേയുള്ളു. ബൈബിളിന്റെ പ്രാമാണികതയെയും ആശ്രയയോഗ്യതയെയും വെല്ലുവിളിക്കുന്ന ഊഹാപോഹങ്ങൾ അടങ്ങിയ ധാരാളം പുസ്തകങ്ങൾ അമിതകൃത്തിപ്പുകാർ പടച്ചുവിട്ടിരിക്കുന്നു. പൗലോസ് തന്റെ സഹക്രിസ്ത്യാനിക്ക് ഇങ്ങനെ മുന്നറിയിപ്പു നൽകി: “അല്ലയോ തിമൊഥെയൊസേ, നിന്റെ പക്കൽ ഏല്പിച്ചിരിക്കുന്ന ഉപനിധി കാത്തുകൊണ്ടു ജ്ഞാനം എന്നു വ്യാജമായി പേർ പറയുന്നതിന്റെ ഭക്തിവിരുദ്ധമായ വൃഥാലാപങ്ങളെയും തർക്കസൂത്ര ങ്ങളെയും ഒഴിഞ്ഞുനില്ക്ക. ആ ജ്ഞാനം ചിലർ സ്വീകരിച്ചു വിശ്വാസം വിട്ടു തെറ്റിപ്പോയിരിക്കുന്നു.” (1 തിമൊഥെയൊസ് 6:20, 21) ബൈബിൾ കൂടുതലായി ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “തത്വജ്ഞാനവും വെറും വഞ്ചനയുംകൊണ്ടു ആരും നിങ്ങളെ കവർന്നുകളയാതിരിപ്പാൻ സൂക്ഷിപ്പിൻ; അതു മനുഷ്യരുടെ സമ്പ്രദായത്തിന്നു ഒത്തവണ്ണം, ലോകത്തിന്റെ ആദ്യപാഠങ്ങൾക്കു ഒത്തവണ്ണം അല്ലാതെ ക്രിസ്തുവിന്നു ഒത്തവണ്ണമുള്ളതല്ല.”—കൊലൊസ്സ്യർ 2:8.
സംശയിക്കാനുള്ള പ്രവണതയ്ക്കെതിരെ പൊരുതുക
6. സംശയങ്ങൾ ഹൃദയത്തിൽ വേരുപിടിക്കാതിരിക്കാൻ ജാഗ്രത ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
6 പിശാചിന്റെ വിദഗ്ധമായ മറ്റൊരു തന്ത്രം മനസ്സിൽ സംശയം വിതയ്ക്കുക എന്നതാണ്. വിശ്വാസത്തിലുള്ള എന്തെങ്കിലും ബലഹീനത കാണാനും അതു ചൂഷണം ചെയ്യാനും അവൻ എപ്പോഴും ജാഗ്രതയുള്ളവനാണ്. സംശയങ്ങൾ അനുഭവപ്പെടുന്ന ഏതൊരാളും, അത്തരം സംശയങ്ങൾക്കു പിന്നിലുള്ളത്, “തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ”? എന്നു ഹവ്വായോടു ചോദിച്ചവൻ തന്നെയാണെന്ന് ഓർത്തിരിക്കണം. പ്രലോഭകൻ അവളുടെ മനസ്സിൽ സംശയം നട്ടശേഷം സ്വീകരിച്ച അടുത്ത നടപടി ഒരു ഭോഷ്കു പറയുകയായിരുന്നു. അവൾ അതു വിശ്വസിക്കുകയും ചെയ്തു. (ഉല്പത്തി 3:1, 4, 5) ഹവ്വായുടെ വിശ്വാസം നശിപ്പിക്കപ്പെട്ടതുപോലെ നമ്മുടെ വിശ്വാസം നശിപ്പിക്കപ്പെടാതിരിക്കാൻ നാം ജാഗ്രതയുള്ളവരായിരിക്കണം. യഹോവയെയോ അവന്റെ വചനത്തെയോ അവന്റെ സ്ഥാപനത്തെയോ സംബന്ധിച്ചുള്ള സംശയത്തിന്റെ ഒരു നാമ്പെങ്കിലും നിങ്ങളുടെ ഹൃദയത്തിൽ ഉടലെടുത്താൽ, അതു നിങ്ങളുടെ വിശ്വാസത്തെ നശിപ്പിക്കുന്ന ഒന്നായി വളർന്നുവരുന്നതിനു മുമ്പ് പെട്ടെന്നുതന്നെ നീക്കംചെയ്യാനുള്ള പടികൾ സ്വീകരിക്കുക.—1 കൊരിന്ത്യർ 10:12 താരതമ്യം ചെയ്യുക.
7. സംശയങ്ങൾ ദുരീകരിക്കാൻ എന്തു ചെയ്യാൻ കഴിയും?
7 എന്തു ചെയ്യാൻ കഴിയും? വീണ്ടും ഉത്തരം യഹോവയിലും അവന്റെ വചനത്തിലും ആശ്രയിക്കുക എന്നതാണ്. “നിങ്ങളിൽ ഒരുത്തന്നു ജ്ഞാനം കുറവാകുന്നു എങ്കിൽ ഭർത്സിക്കാതെ എല്ലാവർക്കും ഔദാര്യമായി കൊടുക്കുന്നവനായ ദൈവത്തോടു യാചിക്കട്ടെ, അപ്പോൾ അവന്നു ലഭിക്കും. എന്നാൽ അവൻ ഒന്നും സംശയിക്കാതെ വിശ്വാസത്തോടെ യാചിക്കേണം; സംശയിക്കുന്നവൻ കാറ്റടിച്ചു അലയുന്ന കടൽത്തിരെക്കു സമൻ.” (യാക്കോബ് 1:5, 6; 2 പത്രൊസ് 3:17, 18) അതുകൊണ്ട്, യഹോവയോടുള്ള ആത്മാർഥമായ പ്രാർഥനയാണ് ആദ്യ പടി. (സങ്കീർത്തനം 62:8) എന്നിട്ട്, സഭയിലെ സ്നേഹനിധികളായ മേൽവിചാരകന്മാരിൽ നിന്നുള്ള സഹായം തേടുക. (പ്രവൃത്തികൾ 20:28; യാക്കോബ് 5:14, 15; യൂദാ 22) നിങ്ങളുടെ സംശയത്തിന്റെ ഉറവിടം അന്വേഷിച്ചു കണ്ടുപിടിക്കാൻ അവർ നിങ്ങളെ സഹായിക്കും. ആ സംശയത്തിനു നിദാനം അഹങ്കാരമോ ഏതെങ്കിലും തെറ്റായ ചിന്തയോ ആയിരിക്കാം.
8. വിശ്വാസത്യാഗപരമായ ചിന്തകൾ മിക്കപ്പോഴും എങ്ങനെയാണു തുടങ്ങുന്നത്, എന്താണ് അതിനു പരിഹാരം?
8 വിശ്വാസത്യാഗപരമായ ആശയങ്ങൾ അല്ലെങ്കിൽ ലൗകിക തത്ത്വചിന്തകൾ വായിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്തത് വിഷകരമായ സംശയങ്ങൾ ആനയിച്ചിട്ടുണ്ടോ? ബൈബിൾ ജ്ഞാനപൂർവം ഇങ്ങനെ ബുദ്ധ്യുപദേശിക്കുന്നു: “സത്യവചനത്തെ യഥാർത്ഥമായി പ്രസംഗിച്ചുകൊണ്ടു ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിന്നു കൊള്ളാകുന്നവനായി നില്പാൻ ശ്രമിക്ക. ഭക്തിവിരുദ്ധമായ വൃഥാലാപങ്ങളെ ഒഴിഞ്ഞിരിക്ക; ആ വകക്കാർക്കു അഭക്തി അധികം മുതിർന്നുവരും; അവരുടെ വാക്കു അർബ്ബുദവ്യാധിപോലെ തിന്നുകൊണ്ടിരിക്കും.” (2 തിമൊഥെയൊസ് 2:15-17) വിശ്വാസത്യാഗത്തിന് ഇരകളായിത്തീർന്ന പലരും മോശമായ ഗതിയിൽ തുടക്കമിട്ടത്, യഹോവയുടെ സ്ഥാപനത്തിൽ തങ്ങളോടു പെരുമാറിയിരുന്ന വിധം സംബന്ധിച്ച് തങ്ങൾക്ക് അനുഭവപ്പെട്ടതിനെക്കുറിച്ച് ആദ്യം പരാതിപ്പെട്ടുകൊണ്ടാണ് എന്നതു രസാവഹമാണ്. (യൂദാ 16) വിശ്വാസങ്ങളിൽ തെറ്റു കണ്ടുപിടിക്കാൻ തുടങ്ങിയതു പിന്നീടാണ്. അർബുദവ്യാധി ഇല്ലാതാക്കാൻ ശസ്ത്രക്രിയാവിദഗ്ധൻ പെട്ടെന്നു പ്രവർത്തിക്കുന്നതുപോലെ, പരാതി പറയാനോ ക്രിസ്തീയ സഭയിൽ കാര്യങ്ങൾ ചെയ്യപ്പെടുന്ന വിധത്തിൽ അതൃപ്തരായിരിക്കാനോ ഉള്ള ഏതു പ്രവണതയെയും സത്വരം നീക്കം ചെയ്യുക. (കൊലൊസ്സ്യർ 3:13, 14) അത്തരം സംശയങ്ങളെ പോഷിപ്പിക്കുന്ന എന്തും ഒഴിവാക്കുക.—മർക്കൊസ് 9:43.
9. നല്ലൊരു ദിവ്യാധിപത്യ ക്രമം വിശ്വാസത്തിൽ ആരോഗ്യമുള്ളവരായി തുടരാൻ നമ്മെ എങ്ങനെ സഹായിക്കും?
9 യഹോവയോടും അവന്റെ സ്ഥാപനത്തോടും അടുത്തു പറ്റിനിൽക്കുക. “കർത്താവേ, ഞങ്ങൾ ആരുടെ അടുക്കൽ പോകും? നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കൽ ഉണ്ടു” എന്നു തീർത്തു പറഞ്ഞ പത്രോസിനെ വിശ്വസ്തമായി അനുകരിക്കുക. (യോഹന്നാൻ 6:52, 60, 66-68) “ദുഷ്ടന്റെ തീയമ്പുകളെ ഒക്കെയും കെടുക്കുവാന്തക്കതായ” വലിയ ഒരു പരിചപോലുള്ള നിങ്ങളുടെ ശക്തമായ വിശ്വാസം കാത്തുസൂക്ഷിക്കാൻ യഹോവയുടെ വചനത്തിന്റെ ഒരു നല്ല പഠനപരിപാടി ഉണ്ടായിരിക്കുക. (എഫെസ്യർ 6:16) സ്നേഹപൂർവം മറ്റുള്ളവരുമായി രാജ്യസന്ദേശം പങ്കുവെച്ചുകൊണ്ട് ക്രിസ്തീയ ശുശ്രൂഷയിൽ സജീവമായി തുടരുക. പ്രതിദിനം യഹോവ നിങ്ങളെ എങ്ങനെ അനുഗ്രഹിച്ചിരിക്കുന്നു എന്നു വിലമതിപ്പോടെ ധ്യാനിക്കുക. സത്യത്തിന്റെ പരിജ്ഞാനമുള്ളതിൽ നന്ദിയുള്ളവരായിരിക്കുക. നല്ലൊരു ക്രിസ്തീയ ക്രമത്തിൽ ഈ കാര്യങ്ങൾ ചെയ്യുന്നത്, സന്തുഷ്ടരായിരിക്കാനും സഹിച്ചുനിൽക്കാനും സംശയങ്ങളിൽനിന്നു സ്വതന്ത്രരായി നിലകൊള്ളാനും നിങ്ങളെ സഹായിക്കും.—സങ്കീർത്തനം 40:4; ഫിലിപ്പിയർ 3:15, 16; എബ്രായർ 6:10-12.
ദാമ്പത്യജീവിതത്തിൽ യഹോവയുടെ മാർഗനിർദേശം പിൻപറ്റൽ
10. ക്രിസ്തീയ വിവാഹത്തിന്റെ കാര്യത്തിൽ മാർഗനിർദേശത്തിനു വേണ്ടി യഹോവയിലേക്കു നോക്കുന്നതു വിശേഷിച്ചും പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
10 ദാമ്പത്യജീവിതത്തിൽ പുരുഷനും സ്ത്രീയും വിവാഹ ദമ്പതികളായി ഒന്നിച്ചു ജീവിക്കാൻ ക്രമീകരണം ചെയ്തപ്പോൾ അവർ ഭൂമിയെ സുഖപ്രദമാംവിധം നിറയ്ക്കാൻ മാത്രമല്ല, തങ്ങളുടെ സന്തുഷ്ടി വർധിപ്പിക്കാനും യഹോവ ഉദ്ദേശിച്ചു. എന്നിരുന്നാലും, പാപവും അപൂർണതയും ഗുരുതരമായ പ്രശ്നങ്ങൾ ദാമ്പത്യബന്ധത്തിലേക്കു കൊണ്ടുവന്നിരിക്കുന്നു. ക്രിസ്ത്യാനികൾ അവയിൽനിന്ന് ഒഴിവുള്ളവരല്ല. കാരണം അവരും അപൂർണരും ആധുനികകാല ജീവിതത്തിന്റെ സമ്മർദങ്ങൾ അനുഭവിക്കുന്നവരുമാണ്. എന്നാൽപോലും, അവർ യഹോവയിലും അവന്റെ വചനത്തിലും എത്രത്തോളം ആശ്രയിക്കുന്നുവോ അത്രത്തോളം, ദാമ്പത്യജീവിതത്തിലും തങ്ങളുടെ കുട്ടികളെ വളർത്തിക്കൊണ്ടുവരുന്നതിലും നല്ല വിജയം കണ്ടെത്താൻ കഴിയും. ക്രിസ്തീയ വിവാഹജീവിതത്തിൽ ലൗകിക ആചാരങ്ങൾക്കോ പെരുമാറ്റങ്ങൾക്കോ യാതൊരു സ്ഥാനവുമില്ല. ദൈവവചനം നമ്മെ ഇങ്ങനെ ബുദ്ധ്യുപദേശിക്കുന്നു: “വിവാഹം എല്ലാവർക്കും മാന്യവും കിടക്ക നിർമ്മലവും ആയിരിക്കട്ടെ; എന്നാൽ ദുർന്നടപ്പുകാരെയും വ്യഭിചാരികളെയും ദൈവം വിധിക്കും.”—എബ്രായർ 13:4.
11. ദാമ്പത്യപ്രശ്നങ്ങൾ പരിഹരിക്കുമ്പോൾ ഇണകൾ എന്തു തിരിച്ചറിയണം?
11 ബൈബിളിന്റെ ബുദ്ധ്യുപദേശം അനുസരിച്ചുള്ള ദാമ്പത്യജീവിതത്തിൽ സ്നേഹത്തിന്റെയും കടപ്പാടിന്റെയും സുരക്ഷിതത്ത്വത്തിന്റെയും അന്തരീക്ഷമുണ്ട്. ഭർത്താവും ഭാര്യയും ശിരഃസ്ഥാനതത്ത്വം മനസ്സിലാക്കി ആദരിക്കുന്നു. ബുദ്ധിമുട്ടുകൾ ഉടലെടുക്കുന്നതു മിക്കപ്പോഴും ബൈബിളിന്റെ ബുദ്ധ്യുപദേശം ബാധകമാക്കുന്നതിൽ കുറച്ചൊക്കെ വീഴ്ച വരുന്നതുകൊണ്ടാണ്. ദീർഘനാളായി നിലനിൽക്കുന്ന ഒരു പ്രശ്നം പരിഹരിക്കുന്നതിൽ, ഇണകൾ രണ്ടാളും വാസ്തവത്തിൽ പ്രശ്നം എന്താണെന്നതിൽ സത്യസന്ധമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ലക്ഷണങ്ങളെക്കാളുപരി കാരണങ്ങൾ പരിഹരിക്കുന്നതും മർമപ്രധാനമാണ്. അടുത്ത കാലത്തെ ചർച്ചകൾ തുച്ഛമായ യോജിപ്പിലേ എത്തിയുള്ളുവെങ്കിൽ, അല്ലെങ്കിൽ യാതൊരു യോജിപ്പിലും എത്തിയില്ലെങ്കിൽ, സ്നേഹവാനായ ഒരു മേൽവിചാരകനിൽനിന്നുള്ള മുഖപക്ഷമില്ലാത്ത സഹായം ദമ്പതികൾക്ക് ആവശ്യപ്പെടാവുന്നതാണ്.
12. (എ) ദാമ്പത്യജീവിതത്തിലെ ഏതു സാധാരണ പ്രശ്നങ്ങൾ സംബന്ധിച്ചു ബൈബിൾ ബുദ്ധ്യുപദേശം നൽകുന്നു? (ബി) യഹോവയുടെ വിധത്തിൽ കാര്യങ്ങൾ ചെയ്യേണ്ടതിന്റെ ആവശ്യം ഇണകളുടെ ഭാഗത്ത് ഉണ്ടായിരിക്കേണ്ടത് എന്തുകൊണ്ട്?
12 ഈ പ്രശ്നത്തിൽ ആശയവിനിമയമോ ഓരോരുത്തരുടെയും വികാരങ്ങളോടുള്ള ആദരവോ ശിരഃസ്ഥാനത്തോടുള്ള ആദരവോ തീരുമാനങ്ങൾ എങ്ങനെ ചെയ്യുന്നുവെന്നതോ ഉൾപ്പെടുന്നുണ്ടോ? അതു കുട്ടികളെ വളർത്തുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവോ, അല്ലെങ്കിൽ അതിന് ലൈംഗിക ആവശ്യങ്ങൾ സമനിലയിൽ നിർത്തുന്നതുമായി ബന്ധമുണ്ടോ? അതുമല്ലെങ്കിൽ, കുടുംബബജറ്റ്, വിനോദം, സഹവാസം, ഭാര്യ ജോലിക്കു പോകണമോ, അല്ലെങ്കിൽ നിങ്ങൾ എവിടെ താമസിക്കണം തുടങ്ങിയ പ്രശ്നങ്ങളുമായി അതു ബന്ധപ്പെട്ടിരിക്കുന്നുവോ? പ്രശ്നം എന്തുതന്നെയായിരുന്നാലും, ബൈബിൾ നിയമങ്ങൾവഴി നേരിട്ടോ തത്ത്വങ്ങൾ വഴി പരോക്ഷമായോ പ്രായോഗിക ബുദ്ധ്യുപദേശം നൽകുന്നു. (മത്തായി 19:4, 5, 9; 1 കൊരിന്ത്യർ 7:1-40; എഫെസ്യർ 5:21-23, 28-33; 6:1-4; കൊലൊസ്സ്യർ 3:18-21; തീത്തൊസ് 2:4, 5; 1 പത്രൊസ് 3:1-7) രണ്ടിണകളും സ്വാർഥപരമായ ആവശ്യങ്ങൾ ഉന്നയിക്കുന്നതിൽനിന്ന് ഒഴിഞ്ഞിരിക്കുകയും തങ്ങളുടെ ദാമ്പത്യജീവിതത്തിൽ സ്നേഹത്തിനു പൂർണമായ പ്രകാശനമുണ്ടായിരിക്കാൻ അനുവദിക്കുകയും ചെയ്യുമ്പോൾ അതിന്റെ ഫലമായി കൂടുതൽ സന്തുഷ്ടി ലഭിക്കുന്നു. ആവശ്യമായ മാറ്റങ്ങൾ വരുത്താനുള്ള, യഹോവയുടെ വിധത്തിൽ കാര്യങ്ങൾ ചെയ്യാനുള്ള ശക്തമായ ആഗ്രഹം രണ്ട് വിവാഹ ഇണകളുടെയും ഭാഗത്ത് ഉണ്ടായിരിക്കണം. “ഒരു കാര്യത്തിൽ ഉൾക്കാഴ്ച പ്രകടമാക്കുന്നവൻ നന്മ കണ്ടെത്തും, യഹോവയിലാശ്രയിക്കുന്നവനോ സന്തുഷ്ടൻ.”—സദൃശവാക്യങ്ങൾ 16:20, NW.
യുവജനങ്ങളേ—ദൈവവചനത്തിനു ശ്രദ്ധ കൊടുപ്പിൻ
13. യഹോവയിലും അവന്റെ വചനത്തിലും ശക്തമായ വിശ്വാസത്തോടെ വളർന്നുവരിക എന്നതു ക്രിസ്തീയ യുവജനങ്ങളെ സംബന്ധിച്ചിടത്തോളം എളുപ്പമല്ലാത്തത് എന്തുകൊണ്ട്?
13 ക്രിസ്തീയ യുവജനങ്ങൾ ദുഷ്ടലോകത്താൽ ചുറ്റപ്പെട്ടിരിക്കെ, ശക്തമായ വിശ്വാസത്തോടെ വളർന്നുവരിക എന്നത് അവരെ സംബന്ധിച്ചിടത്തോളം എളുപ്പമല്ല. ഒരു കാരണം, “സർവ്വലോകവും ദുഷ്ടന്റെ,” പിശാചായ സാത്താന്റെ, “അധീനതയിൽ കിടക്കുന്നു” എന്നതാണ്. (1 യോഹന്നാൻ 5:19) മോശമായത് നല്ലതാണെന്നു തോന്നാൻ ഇടയാക്കാൻ കഴിയുന്ന ഈ ദുഷ്ടശത്രുവിന്റെ ആക്രമണത്തിൻകീഴിലാണു യുവജനങ്ങൾ. ഞാൻ-മുമ്പൻ മനോഭാവങ്ങൾ, സ്വാർഥാഭിലാഷങ്ങൾ, അധാർമികവും ക്രൂരവുമായ കാര്യങ്ങളോടുള്ള തൃഷ്ണ, സുഖഭോഗങ്ങളുടെ അസാധാരണമായ അനുധാവനം—ഇവയെല്ലാം ‘അനുസരണക്കേടിന്റെ മക്കളിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവ്’ എന്നു ബൈബിളിൽ വിവരിച്ചിരിക്കുന്ന ഒരു പൊതുവായ, പ്രമുഖമായ ചിന്താരീതിയായി ഒത്തുകൂടുന്നു. (എഫെസ്യർ 2:1-3) സ്കൂൾ പാഠപുസ്തകങ്ങൾ, ലഭ്യമായ മിക്ക സംഗീതങ്ങളും, സ്പോർട്സ്, മറ്റുതരം വിനോദരൂപങ്ങൾ തുടങ്ങിയവയിലൊക്കെ ഈ ‘ആത്മാവി’നെ സാത്താൻ തന്ത്രപൂർവം ഊട്ടിവളർത്തിയിരിക്കുന്നു. യഹോവയിലും അവന്റെ വചനത്തിലും ആശ്രയിച്ചുകൊണ്ടു വളർന്നുവരാൻ കുട്ടികളെ സഹായിക്കുകവഴി അത്തരം സ്വാധീനങ്ങളെ തരണം ചെയ്യാൻ മാതാപിതാക്കൾ ജാഗ്രതയുള്ളവരായിരിക്കണം.
14. യുവജനങ്ങൾക്ക് എങ്ങനെ ‘യൗവനമോഹങ്ങളെ വിട്ടോടാം?’
14 തന്റെ യുവസഹകാരിയായ തിമോത്തിക്ക് പൗലോസ് പിതൃതുല്യമായ ബുദ്ധ്യുപദേശം നൽകുകയുണ്ടായി: “യൌവനമോഹങ്ങളെ വിട്ടോടി നീതിയും വിശ്വാസവും സ്നേഹവും ശുദ്ധ ഹൃദയത്തോടെ കർത്താവിനെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരോടും സമാധാനവും ആചരിക്ക.” (2 തിമൊഥെയൊസ് 2:22) എല്ലാത്തരം ‘യൗവനമോഹങ്ങ’ളും അവയിൽതന്നെ മോശമല്ലെങ്കിലും, യുവജനങ്ങൾ അവയെ “വിട്ടോട”ണം. അതായത്, ദൈവിക കാര്യങ്ങൾക്ക് ഒട്ടുംതന്നെ സമയം മാറ്റിവെക്കാതെ, അല്ലെങ്കിൽ തുച്ഛമായ സമയം മാത്രം മാറ്റിവെച്ചുകൊണ്ട്, അത്തരം കാര്യങ്ങൾ അവ രുടെ മുഴുശ്രദ്ധയും കവർന്നെടുക്കാൻ അനുവദിക്കരുത്. കായികക്ഷമത പുഷ്ടിപ്പെടുത്തൽ, സ്പോർട്സ്, സംഗീതം, വിനോദം, ഹോബികൾ, യാത്ര തുടങ്ങിയ കാര്യങ്ങളൊക്കെ അവശ്യം തെറ്റല്ലെങ്കിലും അവ ജീവിതത്തിൽ പ്രമുഖ സ്ഥാനം കവർന്നെടുക്കുന്നെങ്കിൽ ഒരു കെണിയായിരിക്കാൻ കഴിയും. ഉദ്ദേശ്യരഹിതമായ സംഭാഷണം, വെറുതെ കറങ്ങിനടക്കൽ, ലൈംഗികതയിലുള്ള അസാധാരണമായ താത്പര്യം, വെറുതെയിരുന്നു മുഷിപ്പു തോന്നൽ, മാതാപിതാക്കൾ മനസ്സിലാക്കുന്നില്ല എന്നു പരാതി പറയൽ തുടങ്ങിയ കാര്യങ്ങളിൽനിന്ന് ഓടിയകലുക.
15. യുവജനങ്ങൾ ഒരു കപട ജീവിതം നയിക്കുന്നതിനു കാരണമായേക്കാവുന്ന ഏതെല്ലാം കാര്യങ്ങൾ വീട്ടിലെ സ്വകാര്യതയിൽ സംഭവിച്ചേക്കാം?
15 വീട്ടിലെ സ്വകാര്യതയിൽപോലും യുവജനങ്ങളെ സംബന്ധിച്ചിടത്തോളം അപകടം പതിയിരിക്കാം. അധാർമികമോ അക്രമാസക്തമോ ആയ ടിവി പരിപാടികളും വീഡിയോകളും വീക്ഷിച്ചാൽ മോശമായ കാര്യങ്ങൾ ചെയ്യുന്നതിനുള്ള അഭിലാഷം വേരുപിടിച്ചേക്കാം. (യാക്കോബ് 1:14, 15) ബൈബിൾ ഇപ്രകാരം ബുദ്ധ്യുപദേശം നൽകുന്നു: “യഹോവയെ സ്നേഹിക്കുന്നവരേ, ദോഷത്തെ വെറുപ്പിൻ.” (സങ്കീർത്തനം 97:10; 115:11) ആരെങ്കിലും കപട ജീവിതം നയിക്കാൻ ശ്രമിക്കുന്നെങ്കിൽ, യഹോവ അതറിയുന്നു. (സദൃശവാക്യങ്ങൾ 15:3) ക്രിസ്തീയ യുവജനങ്ങളേ, നിങ്ങളുടെ മുറിയിൽ ആകെയൊന്നു നോക്കുക. സ്പോർട്സ് ലോകത്തിലെയോ സംഗീതലോകത്തിലെയോ അധാർമിക താരങ്ങളുടെ ചുവർചിത്രങ്ങൾ നിങ്ങൾ പ്രദർശിപ്പിക്കുന്നുണ്ടോ, അതോ നിങ്ങൾ നല്ല ഓർമിപ്പിക്കലുകളായി ഉതകുന്ന ആരോഗ്യാവഹമായ കാര്യങ്ങളാണോ പ്രദർശിപ്പിക്കുന്നത്? (സങ്കീർത്തനം 101:3) നിങ്ങളുടെ അലമാരിയിൽ, മാന്യമായ വസ്ത്രങ്ങളാണോ ഉള്ളത്, അതോ ഈ ലോകത്തിലെ അങ്ങേയറ്റത്തെ വസ്ത്രധാരണ ശൈലികൾ പ്രതിഫലിപ്പിക്കുന്ന വസ്ത്രങ്ങൾ ചിലതു നിങ്ങൾക്കുണ്ടോ? മോശമായവ ഒരു സാമ്പിളായി പരീക്ഷിച്ചുനോക്കാനുള്ള പ്രലോഭനത്തിനു നിങ്ങൾ വഴങ്ങിക്കൊടുക്കുകയാണെങ്കിൽ, തന്ത്രപരമായ വിധങ്ങളിൽ പിശാചിനു നിങ്ങളെ കെണിയിൽ വീഴ്ത്താൻ സാധിക്കും. ബൈബിൾ ജ്ഞാനപൂർവം ഇങ്ങനെ ബുദ്ധ്യുപദേശിക്കുന്നു: “നിർമ്മദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുറ്റിനടക്കുന്നു.”—1 പത്രൊസ് 5:8.
16. കാര്യഗൗരവമുള്ള എല്ലാവരുടെയും അഭിമാനപാത്രമായിത്തീരാൻ ബൈബിളിന്റെ ബുദ്ധ്യുപദേശത്തിന് ഒരു യുവാവിനെ എങ്ങനെ സഹായിക്കാൻ കഴിയും?
16 സഹവാസം സൂക്ഷിക്കാൻ ബൈബിൾ നിങ്ങളോടു പറയുന്നു. (1 കൊരിന്ത്യർ 15:33) നിങ്ങളുടെ സ്നേഹിതർ യഹോവയെ ഭയപ്പെടുന്നവർ ആയിരിക്കണം. സമപ്രായക്കാരിൽനിന്നുള്ള സമ്മർദത്തിനു വഴങ്ങിക്കൊടുക്കരുത്. (സങ്കീർത്തനം 56:11; സദൃശവാക്യങ്ങൾ 29:25) ദൈവഭയമുള്ള നിങ്ങളുടെ മാതാപിതാക്കളെ അനുസരിക്കുക. (സദൃശവാക്യങ്ങൾ 6:20-22; എഫെസ്യർ 6:1-3) മാർഗനിർദേശത്തിനും പ്രോത്സാഹനത്തിനുമായി മൂപ്പന്മാരിലേക്കു നോക്കുക. (യെശയ്യാവു 32:1, 2) നിങ്ങളുടെ മനസ്സും ദൃഷ്ടികളും ആത്മീയ മൂല്യങ്ങളിലും ലക്ഷ്യങ്ങളിലും പതിപ്പിക്കുക. ആത്മീയ പുരോഗതി കൈവരിക്കുന്നതിനും സഭാ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനുമുള്ള അവസരങ്ങൾക്കായി നോക്കുക. നിങ്ങളുടെ കൈകൾകൊണ്ട് കാര്യങ്ങൾ ചെയ്യുന്നവിധം പഠിക്കുക. വിശ്വാസത്തിൽ ബലിഷ്ഠരും ആരോഗ്യമുള്ളവരുമായി വളർന്നുവരുക, അപ്പോൾ നിങ്ങൾ വാസ്തവത്തിൽ പ്രധാനപ്പെട്ട ഒരാളാണെന്ന്—യഹോവയുടെ പുതിയ ലോകത്തിലെ ജീവൻ അർഹിക്കുന്ന ഒരാളാണെന്ന്—നിങ്ങൾ തെളിയിക്കുന്നതായിരിക്കും! നമ്മുടെ സ്വർഗീയ പിതാവിനു നിങ്ങളിൽ അഭിമാനം തോന്നും, നിങ്ങളുടെ ഭൗമിക മാതാപിതാക്കൾ നിങ്ങളിൽ ആനന്ദിക്കും, നിങ്ങളുടെ ക്രിസ്തീയ സഹോദരീസഹോദരന്മാർക്കു നിങ്ങൾ ഒരു പ്രോത്സാഹനമായിരിക്കും. അതാണു മുഖ്യം!—സദൃശവാക്യങ്ങൾ 4:1, 2, 7, 8.
17. യഹോവയിലും അവന്റെ വചനത്തിലും ആശ്രയിക്കുന്നവർക്ക് എന്തെല്ലാം പ്രയോജനങ്ങൾ ലഭിക്കുന്നു?
17 കാവ്യാത്മക ശൈലിയിൽ ഇപ്രകാരം എഴുതാൻ സങ്കീർത്തനക്കാരൻ നിശ്വസ്തനാക്കപ്പെട്ടു: “നേരോടെ നടക്കുന്നവർക്കു അവൻ ഒരു നന്മയും മുടക്കുകയില്ല. സൈന്യങ്ങളുടെ യഹോവേ, നിന്നിൽ ആശ്രയിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ [“സന്തുഷ്ടൻ,” NW].” (സങ്കീർത്തനം 84:11, 12) അതേ, യഹോവയിലും അവന്റെ വചനമായ ബൈബിളിലും ആശ്രയിക്കുന്നവർക്കു ലഭിക്കുന്നതു നൈരാശ്യവും പരാജയവുമായിരിക്കില്ല, പിന്നെയോ സന്തുഷ്ടിയും വിജയവുമായിരിക്കും.—2 തിമൊഥെയൊസ് 3:14, 16, 17.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ ക്രിസ്ത്യാനികൾ “ലോകത്തിന്റെ ജ്ഞാന”ത്തിൽ തങ്ങളുടെ ആശ്രയം വെക്കരുതാത്തത് എന്തുകൊണ്ട്?
◻ ഒരുവനു സംശയങ്ങൾ അനുഭവപ്പെടുന്നെങ്കിൽ എന്താണു ചെയ്യേണ്ടത്?
◻ യഹോവയുടെ വിധത്തിൽ കാര്യങ്ങൾ ചെയ്യുന്നത് ദാമ്പത്യജീവിതത്തിൽ വിജയവും സന്തുഷ്ടിയും കൈവരുത്തുന്നതെങ്ങനെ?
◻ ‘യൗവനമോഹങ്ങളെ വിട്ടോടാൻ’ ബൈബിൾ യുവജനങ്ങളെ സഹായിക്കുന്നതെങ്ങനെ?
[അധ്യയന ചോദ്യങ്ങൾ]
[23-ാം പേജിലെ ചിത്രം]
ഭോഷത്വമെന്ന നിലയിൽ “ഈ ലോകത്തിന്റെ ജ്ഞാന”ത്തെ ത്യജിക്കുമ്പോൾതന്നെ, ക്രിസ്ത്യാനികൾ യഹോവയിലേക്കും അവന്റെ വചനത്തിലേക്കും തിരിയുന്നു
[25-ാം പേജിലെ ചിത്രം]
യഹോവയിലും അവന്റെ വചനത്തിലും ആശ്രയിക്കുന്ന കുടുംബങ്ങൾക്കു നല്ല വിജയവും സന്തുഷ്ടിയുമുണ്ട്