രക്ഷിക്കപ്പെടാൻ നാം എന്തു ചെയ്യണം?
രക്ഷിക്കപ്പെടാൻ നാം എന്തു ചെയ്യണം?
ഒരിക്കൽ ഒരു മനുഷ്യൻ യേശുവിനോട് ഇങ്ങനെ ചോദിച്ചു: “കർത്താവേ രക്ഷിക്കപ്പെടുന്നവർ ചുരുക്കമോ”? യേശു എങ്ങനെയാണു മറുപടി നൽകിയത്? ‘എന്നെ നിന്റെ കർത്താവും രക്ഷിതാവുമായി കേവലം സ്വീകരിച്ചുകൊള്ളുക, നീ രക്ഷിക്കപ്പെടും’ എന്നാണോ അവൻ പറഞ്ഞത്. അല്ല! യേശു ഇങ്ങനെ പറഞ്ഞു: “ഇടുക്കുവാതിലൂടെ കടപ്പാൻ പോരാടുവിൻ. പലരും കടപ്പാൻ നോക്കും കഴികയില്ലതാനും എന്നു ഞാൻ നിങ്ങളോടു പറയുന്നു.”—ലൂക്കൊസ് 13:23, 24.
ആ മമനുഷ്യന്റെ ചോദ്യത്തിന് ഉത്തരം നൽകാൻ യേശുവിനു കഴിയാതെപോയോ? ഇല്ല, അയാൾ ചോദിച്ചത് രക്ഷിക്കപ്പെടുക എത്ര പ്രയാസമായിരിക്കുമെന്നല്ല, പിന്നെയോ എണ്ണം ചുരുക്കമായിരിക്കുമോ എന്നാണ്. അതുകൊണ്ട്, അത്ഭുതകരമായ ഈ പ്രതിഫലം ലഭിക്കാൻ തീവ്രശ്രമം ചെയ്യുന്നവർ ഒരുവൻ ചിന്തിച്ചേക്കാവുന്നതിലും കുറവായിരിക്കുമെന്ന് യേശു കേവലം സൂചിപ്പിക്കുകയാണു ചെയ്തത്.
‘എന്നോടു പറഞ്ഞത് അതല്ല’ എന്നു പറഞ്ഞ് ചില വായനക്കാർ പ്രതിഷേധമുയർത്തിയേക്കാം. “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു” എന്നു പറയുന്ന യോഹന്നാൻ 3:16 അവർ ഉദ്ധരിച്ചേക്കാം. എന്നാൽ, ഞങ്ങൾ ഇങ്ങനെ മറുപടി പറയും: ‘അപ്പോൾ നാം എന്തു വിശ്വസിക്കണം? യേശു വാസ്തവത്തിൽ ജീവിച്ചിരുന്നുവെന്നോ? തീർച്ചയായും. അവൻ ദൈവപുത്രനാണെന്നോ? കണിശമായും! ബൈബിൾ യേശുവിനെ “ഗുരു,” “കർത്താവു” എന്നൊക്കെ വിളിക്കുന്നതുകൊണ്ട്, അവൻ പഠിപ്പിച്ച കാര്യങ്ങൾ നാം വിശ്വസിക്കുകയും അവനെ അനുസരിക്കുകയും പിന്തുടരുകയും ചെയ്യേണ്ടതല്ലേ?’—യോഹന്നാൻ 13:13; മത്തായി 16:16.
യേശുവിനെ അനുഗമിക്കൽ
ഹാ, ഇവിടെ ഈ പ്രശ്നം ഉദിക്കുന്നു! തങ്ങൾ “രക്ഷിക്കപ്പെട്ടിരിക്കുന്നു” എന്നു പറയപ്പെട്ടിട്ടുള്ള അനേകമാളുകൾക്കും യേശുവിനെ അനുഗമിക്കാനോ അനുസരിക്കാനോ യാതൊരു ഉദ്ദേശ്യവും ഇല്ലാത്തതായി തോന്നുന്നു. വാസ്തവത്തിൽ ഒരു പ്രൊട്ടസ്റ്റൻറ് വൈദികൻ ഇങ്ങനെ എഴുതി: “തീർച്ചയായും, ക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസം തുടരണം. എന്നാൽ അത് തീർച്ചയായും അല്ലെങ്കിൽ അവശ്യം തുടരണം എന്ന അവകാശവാദത്തിനു ബൈബിളിൽ യാതൊരു പിന്തുണയുമില്ല.”
നേരേമറിച്ച്, “രക്ഷിക്കപ്പെട്ടിരിക്കുന്നു” എന്നു വിചാരിക്കുന്ന ചില ആളുകളുടെ ഇടയിൽ സാധാരണമായിരിക്കുന്ന അധാർമിക നടപടികളെ ബൈബിൾ പട്ടികപ്പെടുത്തുന്നുണ്ട്. അത്തരം വഴികളിൽ നടന്ന ഒരുവനെക്കുറിച്ചു ബൈബിൾ ക്രിസ്ത്യാനികളെ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “ആ ദുഷ്ടനെ നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളവിൻ.” തീർച്ചയായും ദുഷ്ടരായ ആളുകൾ തന്റെ ക്രിസ്തീയ സഭയെ മലിനപ്പെടുത്താൻ ദൈവം ആഗ്രഹിക്കുകയില്ല!—1 കൊരിന്ത്യർ 5:11-13.
അപ്പോൾ യേശുവിനെ അനുഗമിക്കുക എന്നതിന്റെ അർഥം എന്താണ്, നമുക്ക് അത് എങ്ങനെ ചെയ്യാൻ സാധിക്കും? ആകട്ടെ, യേശു എന്താണു ചെയ്തത്? അവൻ ദുർമാർഗിയായിരുന്നോ? പരസംഗക്കാരനായിരുന്നോ? മദ്യപാനിയായിരുന്നോ? നുണയനായിരുന്നോ? വ്യാപാരത്തിൽ അവൻ വ്യാജം കാട്ടിയവനായിരുന്നോ? തീർച്ചയായും അല്ല! ‘പക്ഷേ, അത്തരം കാര്യങ്ങളെല്ലാം ഞാൻ എന്റെ ജീവിതത്തിൽനിന്ന് ഒഴിവാക്കണമോ?’ എന്നു നിങ്ങൾ ചോദിച്ചേക്കാം. ഉത്തരം കിട്ടാൻ, എഫെസ്യർ 4:17 മുതൽ 5:5 വരെ പരിചിന്തിക്കുക. നാം എന്തു ചെയ്താലും ദൈവം നമ്മെ സ്വീകരിക്കുമെന്ന് അവിടെ പറയുന്നില്ല. പകരം, “മനം തഴമ്പിച്ചുപോയ” ലോകജനതകളിൽനിന്നു വ്യത്യസ്തരായിരിക്കാൻ അതു നമ്മോടു പറയുന്നു. ‘നിങ്ങളോ ക്രിസ്തുവിനെക്കുറിച്ചു ഇങ്ങനെയല്ല പഠിച്ചതു. മുമ്പിലത്തെ നടപ്പു സംബന്ധിച്ചു ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയ മനുഷ്യനെ ഉപേക്ഷിക്കുവിൻ. കള്ളൻ ഇനി കക്കാതിരിക്കട്ടെ. ദുർ ന്നടപ്പും യാതൊരു അശുദ്ധിയും അത്യാഗ്രഹവും നിങ്ങളുടെ ഇടയിൽ പേർ പറകപോലും അരുതു; ദുർന്നടപ്പുകാരൻ, അശുദ്ധൻ, വിഗ്രഹാരാധിയായ ദ്രവ്യാഗ്രഹി ഇവർക്കു ആർക്കും ക്രിസ്തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തിൽ അവകാശമില്ല എന്നു നിങ്ങൾ അറിയുന്നുവല്ലോ.’
യേശുവിന്റെ മാതൃകയ്ക്കു ചേർച്ചയിൽ ജീവിക്കാൻ നാം ചുരുങ്ങിയപക്ഷം ശ്രമിക്കുകയെങ്കിലും ചെയ്യുന്നില്ലെങ്കിൽ നാം യേശുവിനെ അനുഗമിക്കുകയാണോ? നമ്മുടെ ജീവിതം ക്രിസ്തുവിന്റേതിനോടു കൂടുതൽ അനുയോജ്യമാക്കാൻ നാം ശ്രമിക്കേണ്ടതല്ലേ? “ഇപ്പോൾ ക്രിസ്തുവിലേക്കു വരുവിൻ—നിങ്ങൾ എങ്ങനെ ആയിരിക്കുന്നുവോ അങ്ങനെതന്നെ” എന്ന് ഒരു മതലഘുലേഖ പറയുന്നതുപോലെ പറയാറുള്ള ആളുകൾ ആ സുപ്രധാന ചോദ്യം പരിചിന്തിക്കാറുണ്ടെങ്കിൽതന്നെ വളരെ അപൂർവമായാണു പരിചിന്തിക്കാറുള്ളത്.
അഭക്തരായ മനുഷ്യർ “നമ്മുടെ ദൈവത്തിന്റെ കൃപയെ ദുഷ്കാമവൃത്തിക്കു ഹേതുവാക്കി ഏകനാഥനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെ നിഷേധി”ക്കുന്നതായി യേശുവിന്റെ ശിഷ്യന്മാരിൽ ഒരുവൻ മുന്നറിയിപ്പു നൽകി. (യൂദാ 4) വാസ്തവത്തിൽ, നാം എങ്ങനെ ദൈവത്തിന്റെ കൃപയെ “ദുഷ്കാമവൃത്തിക്കു ഹേതുവാക്കി”യേക്കാം? നാം പിന്തള്ളാൻ ശ്രമിക്കുന്ന മാനുഷിക അപൂർണതയുടെ പാപങ്ങൾക്കു പകരം, നാം തുടർന്നും ചെയ്തുകൊണ്ടിരിക്കാൻ ഉദ്ദേശിക്കുന്ന മനഃപൂർവ പാപങ്ങളെ ക്രിസ്തുവിന്റെ ബലി മറയ്ക്കുന്നു എന്നു ചിന്തിച്ചുകൊണ്ടു നാം അങ്ങനെ ചെയ്തേക്കാം. നിങ്ങൾ “മാറ്റങ്ങൾ വരുത്തേണ്ടതില്ല, ചീത്തക്കാര്യങ്ങൾ ഉപേക്ഷിക്കേണ്ടതില്ല, അല്ലെങ്കിൽ തിരിഞ്ഞുവരേണ്ടതില്ല” എന്നു പറഞ്ഞ അമേരിക്കയിലെ പ്രഖ്യാത സുവിശേഷകന്മാരിൽ ഒരുവനോടു യോജിക്കാൻ നാം തീർച്ചയായും ആഗ്രഹിക്കുന്നില്ല.—പ്രവൃത്തികൾ 17:30; റോമർ 3:25; യാക്കോബ് 5:19, 20 എന്നിവ വിപരീത താരതമ്യം ചെയ്യുക.
വിശ്വാസം പ്രവർത്തനത്തിനു പ്രചോദനമേകുന്നു
“യേശുവിൽ വിശ്വസിക്കുന്നത്” ഒരൊറ്റ പ്രവൃത്തിയാണെന്നും അനുസരണത്തിനു പ്രചോദനമേകാൻ തക്കവണ്ണം നമ്മുടെ വിശ്വാസം അത്ര ശക്തമായിരിക്കേണ്ടതില്ലെന്നും പല ആളുകളോടും പറയപ്പെട്ടിട്ടുണ്ട്. എന്നാൽ ബൈബിൾ അതിനോടു വിയോജിക്കുന്നു. ക്രിസ്തീയ ഗതിക്കു തുടക്കമിടുന്നവർ രക്ഷിക്കപ്പെടുന്നുവെന്നു യേശു പറഞ്ഞില്ല. പകരം, അവൻ പറഞ്ഞത് ഇങ്ങനെയാണ്: “അവസാനത്തോളം സഹിച്ചുനിൽക്കുന്നവനോ രക്ഷിക്കപ്പെടും.” (മത്തായി 10:22) നമ്മുടെ ക്രിസ്തീയ ഗതിയെ ഒരു മത്സരയോട്ടത്തോടാണു ബൈബിൾ ഉപമിക്കുന്നത്, അതിന്റെ ഒടുവിൽ ലഭിക്കുന്ന സമ്മാനം രക്ഷയാണ്. “നിങ്ങളും പ്രാപിപ്പാന്തക്കവണ്ണം ഓടുവിൻ” എന്നു ബൈബിൾ ഉദ്ബോധിപ്പിക്കുന്നു.—1 കൊരിന്ത്യർ 9:24.
അതുകൊണ്ട്, “ക്രിസ്തുവിനെ സ്വീകരിക്കു”ന്നതിൽ അവന്റെ അത്യുത്തമ യാഗം പ്രദാനം ചെയ്യുന്ന അനുഗ്രഹങ്ങൾ സ്വീകരിക്കുന്നതിലും കൂടുതൽ ഉൾപ്പെട്ടിരിക്കുന്നു. അനുസരണം ആവശ്യപ്പെട്ടിരിക്കുന്നു. ന്യായവിധി “ദൈവഗൃഹത്തിൽ” ആരംഭിക്കുന്നു എന്നു പറഞ്ഞിട്ട് അപ്പോസ്തലനായ പത്രോസ് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “അതു നമ്മിൽ തുടങ്ങിയാൽ ദൈവത്തിന്റെ സുവിശേഷം അനുസരിക്കാത്തവരുടെ അവസാനം എന്താകും?” (1 പത്രൊസ് 4:17) അതുകൊണ്ട് നാം കേവലം കേൾക്കുകയും വിശ്വസിക്കുകയും ചെയ്യുന്നതിനെക്കാൾ അധികം ചെയ്യേണ്ടതാണ്. നാം “വചനം കേൾക്ക മാത്രം ചെയ്തുകൊണ്ടു [നമ്മെത്തന്നെ] ചതിക്കാതെ അതിനെ ചെയ്യുന്നവരായും ഇരി”ക്കണമെന്നു ബൈബിൾ പറയുന്നു.—യാക്കോബ് 1:22.
യേശുവിന്റെ സ്വന്തം സന്ദേശങ്ങൾ
ആദ്യകാലത്തെ ഏഴു ക്രിസ്തീയ സഭകൾക്ക് യോഹന്നാനിലൂടെ നൽകിയ, യേശുവിൽനിന്നുള്ള സന്ദേശങ്ങൾ വെളിപ്പാടു എന്ന ബൈബിൾ പുസ്തകത്തിലുണ്ട്. വെളിപ്പാടു 1:1, 4) ആ സഭകളിലുണ്ടായിരുന്നവർ അതിനോടകംതന്നെ യേശുവിനെ ‘സ്വീകരിച്ചി’രുന്നതുകൊണ്ട് അതു മതിയെന്നു യേശു പറഞ്ഞോ? ഇല്ല. അവരുടെ പ്രവൃത്തികളെയും അധ്വാനത്തെയും സഹിഷ്ണുതയെയും അവൻ പുകഴ്ത്തുകയും അവരുടെ സ്നേഹത്തെയും വിശ്വാസത്തെയും ശുശ്രൂഷയെയും കുറിച്ചു പറയുകയും ചെയ്തു. എന്നാൽ, പിശാച് അവരെ പരീക്ഷിക്കുമെന്നും ‘[അവരുടെ] പ്രവൃത്തിക്കു തക്കവണ്ണം [അവർക്ക്] ഏവർക്കും’ താൻ പ്രതിഫലം കൊടുക്കുമെന്നും അവൻ പറഞ്ഞു.—വെളിപ്പാടു 2:2, 10, 19, 23.
(അതുകൊണ്ട്, ഒരു മതയോഗത്തിൽവെച്ച് യേശുവിനെ “സ്വീകരിച്ച” ഉടനെ തങ്ങളുടെ രക്ഷ “പൂർത്തിയായ പ്രവൃത്തി” ആണെന്നു പറയപ്പെട്ടപ്പോൾ അവർ മനസ്സിലാക്കിയതിനെക്കാൾ വളരെ കൂടുതലായ ഒരു പ്രതിബദ്ധതയെ യേശു വിശദീകരിച്ചു. “ഒരുത്തൻ എന്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ചു, തന്റെ ക്രൂശു [“ദണ്ഡനസ്തംഭം,” NW] എടുത്തു എന്നെ [“തുടർച്ചയായി,” NW] അനുഗമിക്കട്ടെ. ആരെങ്കിലും തന്റെ ജീവനെ രക്ഷിപ്പാൻ ഇച്ഛിച്ചാൽ അതിനെ കളയും; എന്റെ നിമിത്തം ആരെങ്കിലും തന്റെ ജീവനെ കളഞ്ഞാൽ അതിനെ കണ്ടെത്തും” എന്നു യേശു പറഞ്ഞു.—മത്തായി 16:24, 25.
സ്വയം ത്യജിക്കുകയോ? യേശുവിനെ തുടർച്ചയായി അനുഗമിക്കുകയോ? അതിനു പരിശ്രമം ആവശ്യമാണ്. അതു നമ്മുടെ ജീവിതത്തിനു മാറ്റം വരുത്തും. എന്നിരുന്നാലും, നമ്മിൽ ചിലർക്കു ഒരുപക്ഷേ ‘നമ്മുടെ ജീവനെ കളയേ’ണ്ടതായിപോലും വരുമെന്ന്, അവനു വേണ്ടി മരിക്കേണ്ടതായി വരുമെന്ന്, യേശു വാസ്തവത്തിൽ പറഞ്ഞോ? ഉവ്വ്, അത്തരം വിശ്വാസം, ദൈവവചനം പഠിക്കുന്നതിൽനിന്നു മനസ്സിലാക്കാൻ കഴിയുന്ന അത്ഭുതാവഹമായ കാര്യങ്ങളെക്കുറിച്ചുള്ള പരിജ്ഞാനത്തിൽനിന്നു മാത്രമേ വരികയുള്ളൂ. സ്തേഫാനോസ് ‘സംസാരിച്ച ജ്ഞാനത്തോടും ആത്മാവോടും എതിർത്തുനില്പാൻ കഴിയാഞ്ഞ’ മതഭ്രാന്തന്മാർ അവനെ കല്ലെറിഞ്ഞ ദിവസം അതു പ്രകടമായിരുന്നു. (പ്രവൃത്തികൾ 6:8-12; 7:57-60) തങ്ങളുടെ ബൈബിൾ പരിശീലിത മനഃസാക്ഷിയെ ലംഘിക്കുന്നതിനു പകരം നാസി തടങ്കൽപ്പാളയങ്ങളിൽ മരിച്ച നൂറുകണക്കിനു യഹോവയുടെ സാക്ഷികൾ നമ്മുടെ കാലത്ത് അത്തരം വിശ്വാസം പ്രകടമാക്കിയിട്ടുണ്ട്. a
ക്രിസ്തീയ തീക്ഷ്ണത
നാം നമ്മുടെ ക്രിസ്തീയ വിശ്വാസത്തെ ദൃഢമായി മുറുകെ പിടിക്കണം. കാരണം, ചില സഭകളിലോ മതപരമായ ടെലിവിഷൻ പരിപാടികളിലോ കേൾക്കുന്നതിനു വിരുദ്ധമായി ബൈബിൾ പറയുന്നതു നമുക്കു വീണുപോകാൻ കഴിയും എന്നാണ്. “നേർവഴി” ഉപേക്ഷിച്ച ക്രിസ്ത്യാനികളെക്കുറിച്ച് അതു പറയുന്നു. (2 പത്രൊസ് 2:1, 15) അതുകൊണ്ട് നാം ‘ഭയത്തോടും വിറയലോടും കൂടെ നമ്മുടെ രക്ഷയ്ക്കായി പ്രവർത്തി’ക്കേണ്ടതുണ്ട്.—ഫിലിപ്പിയർ 2:12; 2 പത്രൊസ് 2:20.
യേശുവും അവന്റെ അപ്പോസ്തലന്മാരും പഠിപ്പിക്കുന്നതു വാസ്തവത്തിൽ കേട്ടവരായ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ സംഗതി മനസ്സിലാക്കിയത് ആ വിധത്തിലാണോ? ഉവ്വ്. തങ്ങൾ ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് അവർക്ക് അറിയാമായിരുന്നു. യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങൾ പുറപ്പെട്ടു . . . ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.”—മത്തായി 28:19, 20.
യേശു അതു പറഞ്ഞ് രണ്ടു മാസം കഴിഞ്ഞപ്പോൾ, ഒറ്റ ദിവസംതന്നെ 3,000 ആളുകൾ സ്നാപനമേറ്റു. വിശ്വാസികളുടെ എണ്ണം പെട്ടെന്നുതന്നെ 5,000 ആയി വർധിച്ചു. വിശ്വസിച്ചവർ മറ്റുള്ളവരെ പഠിപ്പിച്ചു. പീഡനം അവരെ ചിതറിച്ചുകളഞ്ഞപ്പോൾ, അത് അവരുടെ സന്ദേശം വ്യാപിപ്പിക്കുന്നതിനു മാത്രമേ ഉതകിയുള്ളു. നേതൃത്വം വഹിച്ചിരുന്ന ചുരുക്കം ചിലർ മാത്രമല്ല, “ചിതറിപ്പോയവർ വചനം സുവിശേഷിച്ചുംകൊണ്ടു അവിടവിടെ സഞ്ചരിച്ചു” എന്നു ബൈബിൾ പറയുന്നു. അതുകൊണ്ട്, സുവിശേഷം “ആകാശത്തിൻകീഴെ സകലസൃഷ്ടികളുടെയും ഇടയിൽ ഘോഷി”ക്കപ്പെട്ടുവെന്ന് എഴുതാൻ ഏതാണ്ട് 30 വർഷം കഴിഞ്ഞപ്പോൾ അപ്പോസ്തലനായ പൗലോസിനു കഴിഞ്ഞു.—പ്രവൃത്തികൾ 2:41; 4:4; 8:4; കൊലൊസ്സ്യർ 1:23.
ചില ടിവി സുവിശേഷകരെപ്പോലെ, ‘ഇപ്പോൾ യേശുവിനെ സ്വീകരിക്കുക, നീ എന്നേക്കും രക്ഷിക്കപ്പെടും’ എന്നു പറഞ്ഞുകൊണ്ടല്ല പൗലോസ് മതപരിവർത്തിതരെ നേടിയത്. “ഒരു കൗമാരപ്രായക്കാരൻ . . . ആയിരിക്കെതന്നെ ഞാൻ രക്ഷിക്കപ്പെട്ടിരുന്നു” എന്നെഴുതിയ അമേരിക്കൻ വൈദികന്റെ വിശ്വാസവും അവനുണ്ടായിരുന്നില്ല. ജനതകളിലെ ആളുകളുടെ പക്കൽ ക്രിസ്തീയ സന്ദേശമെത്തിക്കാൻ യേശു വ്യക്തിപരമായി പൗലോസിനെ തിരഞ്ഞെടുത്തിട്ട് 20 വർഷത്തിലധികം കഴിഞ്ഞപ്പോൾ, കഠിനാധ്വാനിയായ ആ അപ്പോസ്തലൻ ഇപ്രകാരമെഴുതി: “മറ്റുള്ളവരോടു പ്രസംഗിച്ചശേഷം ഞാൻതന്നേ കൊള്ളരുതാത്തവനായി പോകാതിരിക്കേണ്ടതിന്നു എന്റെ ശരീരത്തെ ദണ്ഡിപ്പിച്ചു അടിമയാക്കുകയത്രേ ചെയ്യുന്നതു.”—1 കൊരിന്ത്യർ 9:27; പ്രവൃത്തികൾ 9:5, 6, 15.
രക്ഷ എന്നതു ദൈവത്തിൽനിന്നുള്ള ഒരു സൗജന്യദാനമാണ്. അതു നേടിയെടുക്കാൻ കഴിയുന്നതല്ല. എന്നാൽ അതു നമ്മുടെ ഭാഗത്തു ശ്രമം ആവശ്യമാക്കിത്തീർക്കുന്നു. ആരെങ്കിലും നിങ്ങൾക്കു വളരെ വിലപ്പെട്ട ഒരു സമ്മാനം വെച്ചുനീട്ടിയെന്നു വിചാരിക്കുക. അത് സ്വീകരിച്ചു കൊണ്ടുപോകുന്നതിനുള്ള വിലമതിപ്പു നിങ്ങൾ കാണിച്ചില്ല. നിങ്ങളുടെ നന്ദിയില്ലായ്മ
അതു മറ്റാർക്കെങ്കിലും കൊടുക്കാൻ ആ ദാതാവിനെ പ്രേരിപ്പിച്ചേക്കാം. കൊള്ളാം, യേശുവിന്റെ ജീവരക്തം എത്ര വിലയേറിയതാണ്? അതൊരു സൗജന്യ ദാനമാണ്, എന്നാൽ നാം അതിനോട് ആഴമായ വിലമതിപ്പു പ്രകടമാക്കേണ്ടതുണ്ട്.സത്യക്രിസ്ത്യാനികൾ ഒരു രക്ഷിക്കപ്പെട്ട അവസ്ഥയിലാണ്, അതായത് ദൈവമുമ്പാകെ അവർ ഒരു അംഗീകൃത നിലയിലാണ്. ഒരു കൂട്ടമെന്നനിലയിൽ അവരുടെ രക്ഷ ഉറപ്പാണ്. അവരിൽ ഓരോ വ്യക്തിയും ദൈവത്തിന്റെ വ്യവസ്ഥകളിൽ എത്തിച്ചേരണം. എന്നിരുന്നാലും, നമുക്കു പരാജയം നേരിട്ടേക്കാം. എന്തുകൊണ്ടെന്നാൽ യേശു ഇങ്ങനെ പറഞ്ഞു: “എന്നിൽ വസിക്കാത്തവനെ ഒരു കൊമ്പുപോലെ പുറത്തു കളഞ്ഞിട്ടു അവൻ ഉണങ്ങിപ്പോകുന്നു.”—യോഹന്നാൻ 15:6.
‘ദൈവവചനം ജീവനുള്ളതാകുന്നു’
മുൻ ലേഖനത്തിന്റെ തുടക്കത്തിൽ കൊടുത്തിരിക്കുന്ന സംഭാഷണം നടന്നത് ഏതാണ്ട് 60 വർഷം മുമ്പാണ്. യേശുക്രിസ്തുവിലൂടെ മാത്രമേ രക്ഷ ലഭിക്കുകയുള്ളൂവെന്നു ജോണി ഇപ്പോഴും വിശ്വസിക്കുന്നു, എന്നാൽ നാം അതിനു വേണ്ടി എത്തിപ്പിടിക്കണമെന്ന് അയാൾ മനസ്സിലാക്കുന്നു. മനുഷ്യവർഗത്തിന്റെ പ്രത്യാശയുടെ യഥാർഥമായ ഏക ഉറവിടത്തിലേക്കു ബൈബിൾ വിരൽചൂണ്ടുന്നുവെന്നും ആ അത്ഭുതകരമായ പുസ്തകം നാം പഠിക്കേണ്ടതുണ്ടെന്നും അതിനാൽ പ്രചോദിതരായിത്തീരേണ്ടതുണ്ടെന്നും, തന്നെയുമല്ല സ്നേഹം, വിശ്വാസം, ദയ, അനുസരണം, സഹിഷ്ണുത എന്നിവയുടെ പ്രവൃത്തികൾക്കായി അതു നമ്മെ പ്രേരിപ്പിക്കാൻ അനുവദിക്കണമെന്നും ഉറച്ച വിശ്വാസമുള്ളവനായി ജോണി നിലകൊള്ളുന്നു. അതേ കാര്യങ്ങൾതന്നെ വിശ്വസിക്കാൻ അദ്ദേഹം തന്റെ കുട്ടികളെ വളർത്തിയിരിക്കുന്നു. അദ്ദേഹത്തിന്റെ കുട്ടികൾ അവരുടെ കുട്ടികളെ അതേ വിധത്തിൽ
വളർത്തുന്നതു കാണുന്നതിൽ അദ്ദേഹം ഇപ്പോൾ ആനന്ദിക്കുന്നു. എല്ലാവർക്കും അതേ തരത്തിലുള്ള വിശ്വാസം ഉണ്ടായിരുന്നെങ്കിലെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. അതു മറ്റുള്ളവരുടെ ഹൃദയത്തിലും മനസ്സിലും നട്ടുപിടിപ്പിക്കാൻ തന്നാലാവുന്നതെല്ലാം അദ്ദേഹം ചെയ്യുന്നുണ്ട്.“ദൈവവചനം ജീവനുള്ളതും ശക്തി ചെലുത്തുന്നതു”മാണെന്ന് എഴുതാൻ പൗലോസ് അപ്പോസ്തലൻ നിശ്വസ്തനാക്കപ്പെട്ടു. (എബ്രായർ 4:12, NW) ജീവിതങ്ങൾക്കു മാറ്റം വരുത്താൻ അതിനു കഴിയും. സ്നേഹം, വിശ്വാസം, അനുസരണം എന്നിവയുടെ ഹൃദയംഗമമായ പ്രവൃത്തികൾ ചെയ്യാൻ അതിനു നിങ്ങളെ പ്രചോദിപ്പിക്കാനാകും. എന്നാൽ നിങ്ങൾ ബൈബിൾ പറയുന്നതു കേവലം മനസ്സിൽ ‘സ്വീകരിക്കു’ന്നതിലുമധികം ചെയ്യേണ്ടതുണ്ട്. അതു പഠിക്കുക, അതു നിങ്ങളുടെ ഹൃദയത്തെ പ്രചോദിപ്പിക്കട്ടെ. അതിന്റെ ജ്ഞാനം നിങ്ങളെ വഴിനടത്തട്ടെ. 50,00,000 വരുന്ന മനസ്സൊരുക്കമുള്ള യഹോവയുടെ സാക്ഷികൾ 230-ലധികം ദേശങ്ങളിൽ സൗജന്യ ഭവന ബൈബിളധ്യയനങ്ങൾ നടത്തുന്നു. അത്തരമൊരു അധ്യയനത്തിൽനിന്നു നിങ്ങൾക്ക് എന്തു പഠിക്കാൻ കഴിയുമെന്നു മനസ്സിലാക്കാൻ, ഈ മാസികയുടെ പ്രസാധകർക്ക് എഴുതുക. നിങ്ങൾക്കു ലഭിക്കുന്ന വിശ്വാസവും ആത്മീയ ശക്തിയും നിങ്ങൾക്ക് ആനന്ദമേകും!
[അടിക്കുറിപ്പ]
a നാസി രാഷ്ട്രവും പുതിയ മതങ്ങളും: അനുരഞ്ജനരാഹിത്യത്തിലെ അഞ്ച് കേസ് പഠനങ്ങൾ (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ ഡോ. ക്രിസ്റ്റീൻ ഇ. കിങ് ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “ഓരോ രണ്ട് ജർമൻ [യഹോവയുടെ] സാക്ഷികളിൽ ഒരാൾവീതം തടവിലാക്കപ്പെട്ടു, നാലു പേരിൽ ഒരാൾക്കു തങ്ങളുടെ ജീവൻ നഷ്ടമായി.”
[7-ാം പേജിലെ ചതുരം]
‘വിശ്വാസത്തിനു വേണ്ടി പോരാടേണ്ടത്’ എന്തുകൊണ്ട്?
‘യേശുക്രിസ്തുവിനായി സൂക്ഷിക്കപ്പെട്ട വിളിക്കപ്പെട്ടവരെ’ അഭിസംബോധന ചെയ്യുന്നതാണ് യൂദാ എന്ന ബൈബിൾ പുസ്തകം. അവർ ‘യേശുവിനെ സ്വീകരിച്ച’തുകൊണ്ട് അവരുടെ രക്ഷ ഉറപ്പാണെന്ന് അതു പറയുന്നുണ്ടോ? ഇല്ല, ‘വിശ്വാസത്തിനു വേണ്ടി പേരാടാൻ’ യൂദാ അത്തരം ക്രിസ്ത്യാനികളോടു പറഞ്ഞു. അങ്ങനെ ചെയ്യുന്നതിനുള്ള മൂന്നു കാരണങ്ങൾ അവൻ അവർക്കു പ്രദാനം ചെയ്തു. ഒന്നാമതായി, ദൈവം “ജനത്തെ മിസ്രയീമിൽനിന്നു രക്ഷി”ച്ചുവെങ്കിലും അവരിൽ പലരും പിന്നീടു വീണുപോയി. രണ്ടാമതായി, ദൂതന്മാർ പോലും മത്സരിച്ച് ഭൂതങ്ങളായിത്തീർന്നു. മൂന്നാമതായി, സോദോമിലും ഗൊമോറയിലും ആചരിച്ച നിന്ദ്യമായ ലൈംഗിക അധാർമികത നിമിത്തം ദൈവം ആ നഗരങ്ങളെ നശിപ്പിച്ചു. ഈ ബൈബിൾ വിവരണങ്ങളെ “ഒരു മുന്നറിയിപ്പിൻ ദൃഷ്ടാന്തമായി” യൂദാ അവതരിപ്പിക്കുന്നു. അതേ, “യേശുക്രിസ്തുവിന്നായി സൂക്ഷിക്കപ്പെട്ട” വിശ്വാസികൾക്കു പോലും സത്യവിശ്വാസത്തിൽനിന്നു വീണുപോകാതിരിക്കാൻ ശ്രദ്ധ ആവശ്യമാണ്.—യൂദാ 1-7.
[8-ാം പേജിലെ ചതുരം]
ഏതാണു ശരി?
ബൈബിൾ ഇങ്ങനെ പറയുന്നു: “മനുഷ്യൻ ന്യായപ്രമാണത്തിന്റെ പ്രവൃത്തികൂടാതെ വിശ്വാസത്താൽ തന്നേ നീതീകരിക്കപ്പെടുന്നു.” അത് ഇങ്ങനെയും പറയുന്നു: “മനുഷ്യൻ വെറും വിശ്വാസത്താലല്ല പ്രവൃത്തികളാൽ തന്നേ നീതീകരിക്കപ്പെടുന്നു.” ഏതാണു ശരി? നാം വിശ്വാസത്താലാണോ പ്രവൃത്തികളാലാണോ നീതീകരിക്കപ്പെടുന്നത്?—റോമർ 3:28; യാക്കോബ് 2:24.
ബൈബിളിൽനിന്നുള്ള പരസ്പര യോജിപ്പുള്ള ഉത്തരം രണ്ടും ശരിയാണ് എന്നാണ്.
യഹൂദ ആരാധകർ ചില പ്രത്യേക യാഗങ്ങളും വഴിപാടുകളും നടത്താനും ഉത്സവദിവസങ്ങൾ ആചരിക്കാനും ആഹാരസാധനങ്ങൾ സംബന്ധിച്ചും മറ്റു തരത്തിലുമുള്ള നിബന്ധനകളോട് അനുരൂപപ്പെടാനും, മോശ മുഖാന്തരം ദൈവം നൽകിയ ന്യായപ്രമാണം നൂറ്റാണ്ടുകളായി ആവശ്യപ്പെട്ടിരുന്നു. യേശു പൂർണതയുള്ള യാഗം അർപ്പിച്ചതിനുശേഷം അത്തരം “ന്യായപ്രമാണത്തിന്റെ പ്രവൃത്തി”കൾ അല്ലെങ്കിൽ കേവലം “പ്രവൃത്തികൾ” മേലാൽ ആവശ്യമില്ലായിരുന്നു.—റോമർ 10:4.
എന്നാൽ യേശുവിന്റെ അത്യുത്തമ യാഗം മോശൈക ന്യായപ്രമാണത്തിൻകീഴിൽ അനുഷ്ഠിക്കപ്പെട്ട ഈ പ്രവൃത്തികളെ പ്രതിസ്ഥാപിച്ചുവെന്ന വസ്തുത, ബൈബിളിന്റെ നിർദേശങ്ങളെ നമുക്കു നിരാകരിക്കാൻ കഴിയുമെന്ന് അർഥമാക്കിയില്ല. അതിങ്ങനെ പറയുന്നു: “ക്രിസ്തുവിന്റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ നിങ്ങളുടെ മനസ്സാക്ഷിയെ [പഴയ] നിർജ്ജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും?”—എബ്രായർ 9:14.
എങ്ങനെയാണു നാം “ജീവനുള്ള ദൈവത്തെ ആരാധി”ക്കുന്നത്? മറ്റുള്ള കാര്യങ്ങളുടെ കൂട്ടത്തിൽ, ജഡത്തിന്റെ പ്രവൃത്തികൾക്കെതിരെ പോരാടാനും ലോകത്തിന്റെ അധാർമികതയെ ചെറുത്തുനിൽക്കാനും അതിന്റെ കെണികൾ ഒഴിവാക്കാനും ബൈബിൾ നമ്മോടു പറയുന്നു. അതിങ്ങനെ പറയുന്നു: “വിശ്വാസത്തിന്റെ നല്ല പോർ പൊരുതുക,” ‘മുറുകെ പറ്റുന്ന പാപം’ വിട്ടുകളയുക, “മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക. വിശ്വാസത്തിന്റെ നായകനും പൂർത്തി വരുത്തുന്നവനുമായ യേശുവിനെ നോക്കുക.” ‘നമ്മുടെ ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിക്കാനും’ ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു.—1 തിമൊഥെയൊസ് 6:12; എബ്രായർ 12:1-3; ഗലാത്യർ 5:19-21.
ഈവക കാര്യങ്ങൾ ചെയ്യുന്നതുകൊണ്ടു നാം രക്ഷ നേടിയെടുക്കുന്നില്ല. കാരണം അത്തരം അമ്പരപ്പിക്കുന്ന അനുഗ്രഹത്തിനു യോഗ്യത പ്രാപിക്കാൻ മതിയാവോളം പ്രവർത്തിക്കാൻ യാതൊരു മനുഷ്യനും സാധിക്കില്ല. എന്നിരുന്നാലും, നാം ചെയ്യാൻ ദൈവവും ക്രിസ്തുവും ആഗ്രഹിക്കുന്നതായി ബൈബിൾ പറയുന്ന കാര്യങ്ങൾ പ്രവർത്തിച്ചുകൊണ്ട് നമ്മുടെ സ്നേഹവും അനുസരണവും പ്രകടമാക്കാൻ നാം പരാജയപ്പെട്ടാൽ ആ മഹത്തായ സമ്മാനത്തിനു നാം അർഹരായിരിക്കില്ല. വിശ്വാസത്തെ പ്രകടമാക്കുന്ന പ്രവൃത്തികൾ ഇല്ലാത്തപക്ഷം യേശുവിനെ അനുഗമിക്കുന്നു എന്നുള്ള നമ്മുടെ അവകാശവാദം വളരെ അപര്യാപ്തമായിരിക്കും. കാരണം ബൈബിൾ വ്യക്തമായി ഇങ്ങനെ പറയുന്നു: “വിശ്വാസവും പ്രവൃത്തികളില്ലാത്തതായാൽ സ്വതവെ നിർജ്ജീവമാകുന്നു.”—യാക്കോബ് 2:17.
[7-ാം പേജിലെ ചിത്രം]
ബൈബിൾ പഠിച്ച് അതിൽനിന്നു പ്രചോദനം നേടുക