വിദ്യാഭ്യാസം—അതു യഹോവയെ സ്തുതിക്കാൻ ഉപയോഗിക്കുക
വിദ്യാഭ്യാസം—അതു യഹോവയെ സ്തുതിക്കാൻ ഉപയോഗിക്കുക
“സ്വയമായി പ്രസ്താവിക്കുന്നവൻ സ്വന്തമഹത്വം അന്വേഷിക്കുന്നു; തന്നെ അയച്ചവന്റെ മഹത്വം അന്വേഷിക്കുന്നവൻ സത്യവാൻ.”—യോഹന്നാൻ 7:18.
1. എപ്പോൾ, എങ്ങനെയാണു വിദ്യാഭ്യാസ പ്രക്രിയയ്ക്കു നാന്ദി കുറിച്ചത്?
വളരെ വളരെ നാളുകൾക്കു മുമ്പ് ആരംഭിച്ചതാണു വിദ്യാഭ്യാസം. വലിയ വിദ്യാദാതാവും പ്രബോധകനുമായ യഹോവയാം ദൈവം തന്റെ ആദ്യജാത പുത്രനെ സൃഷ്ടിച്ചശേഷം ഉടനെയായിരുന്നു വിദ്യാഭ്യാസ പ്രക്രിയയ്ക്കു നാന്ദി കുറിച്ചത്. (യെശയ്യാവു 30:20; കൊലൊസ്സ്യർ 1:15) വലിയ വിദ്യാദാതാവിൽനിന്നു പഠിക്കാൻ സാധിക്കുന്ന ഒരുവനാണ് ഇവിടെ ഉണ്ടായിരുന്നത്! എണ്ണമറ്റ സഹസ്രാബ്ദങ്ങളിൽ പിതാവുമായി അടുത്ത സഹവാസത്തിലായിരുന്ന, യേശുക്രിസ്തു എന്ന് അറിയപ്പെടാനിടയായ, ആ പുത്രനു യഹോവയാം ദൈവത്തിന്റെ ഗുണങ്ങളെയും വേലകളെയും ഉദ്ദേശ്യങ്ങളെയും സംബന്ധിച്ച് അമൂല്യ വിദ്യാഭ്യാസം ലഭിച്ചു. പിന്നീട്, ഭൂമിയിൽ മനുഷ്യനായിരുന്നപ്പോൾ, യേശുവിന് ഇങ്ങനെ പറയാൻ കഴിഞ്ഞു: “ഞാൻ സ്വയമായിട്ടു ഒന്നും ചെയ്യാതെ പിതാവു എനിക്കു ഉപദേശിച്ചുതന്നതുപോലെ [“എന്നെ പഠിപ്പിച്ചതുപോലെ,” NW] ഇതു സംസാരിക്കുന്നു.”—യോഹന്നാൻ 8:28.
2-4. (എ) യോഹന്നാൻ 7-ാം അധ്യായം പറയുന്നതനുസരിച്ച്, പൊ.യു. 32-ലെ കൂടാരപ്പെരുന്നാളിൽ യേശു സംബന്ധിച്ചതിനോടു ചുറ്റിപ്പറ്റിയുള്ള സാഹചര്യങ്ങൾ എന്തെല്ലാമായിരുന്നു? (ബി) യേശുവിന്റെ പഠിപ്പിക്കൽ പ്രാപ്തിയിൽ യഹൂദർ അമ്പരന്നുപോയത് എന്തുകൊണ്ടായിരുന്നു?
2 യേശുവിനു ലഭിച്ച വിദ്യാഭ്യാസം അവൻ എങ്ങനെയാണ് ഉപയോഗിച്ചത്? തന്റെ മൂന്നര വർഷത്തെ ഭൗമിക ശുശ്രൂഷക്കാലത്തു താൻ പഠിച്ചത് അവൻ മറ്റുള്ളവരുമായി അക്ഷീണം പങ്കുവെച്ചു. എന്നാൽ, ഒരു പ്രാഥമിക ഉദ്ദേശ്യം മനസ്സിൽ പിടിച്ചുകൊണ്ടായിരുന്നു അതു ചെയ്തത്. എന്തായിരുന്നു അത്? നമുക്കു യോഹന്നാൻ 7-ാം അധ്യായത്തിലെ യേശുവിന്റെ വാക്കുകൾ പരിശോധിക്കാം, അവിടെ അവൻ തന്റെ പഠിപ്പിക്കലിന്റെ ഉത്ഭവത്തെയും ഉദ്ദേശ്യത്തെയും വിശദീകരിച്ചു.
3 ആദ്യം പശ്ചാത്തലം പരിചിന്തിക്കുക. യേശു സ്നാപനമേറ്റിട്ട് ഏതാണ്ട് മൂന്നു വർഷം കഴിഞ്ഞുള്ള പൊ.യു. 32-ലെ ശരത്കാലം. കൂടാരപ്പെരുന്നാളിനായി യഹൂദന്മാർ യെരുശലേമിൽ കൂടിയിരിക്കുകയായിരുന്നു. പെരുന്നാളിന്റെ ആദ്യത്തെ ഏതാനും ചില ദിവസങ്ങളിൽ യേശുവിനെക്കുറിച്ചു കാര്യമായ സംസാരം നടന്നിരുന്നു. പെരുന്നാൾ പകുതിയായപ്പോൾ, യേശു ആലയത്തിലെത്തി പഠിപ്പിക്കാൻ തുടങ്ങി. (യോഹന്നാൻ 7:2, 10-14) എപ്പോഴത്തെയും പോലെ, അവൻ ഒരു മഹദ്ഗുരുവാണെന്നു സ്വയം തെളിയിച്ചു.—മത്തായി 13:54; ലൂക്കൊസ് 4:22.
4 യോഹന്നാൻ 7-ാം അധ്യായത്തിന്റെ 15-ാം വാക്യം പറയുന്നു: “വിദ്യാഭ്യാസം ചെയ്യാത്ത ഇവൻ ശാസ്ത്രം അറിയുന്നതു എങ്ങനെ എന്നു യഹൂദന്മാർ പറഞ്ഞു ആശ്ചര്യപ്പെട്ടു.” അവർ അമ്പരന്നതിന്റെ കാരണം നിങ്ങൾക്കു മനസ്സിലായോ? റബിമാരുടെ സ്കൂളുകളിലൊന്നും യേശു പോയിരുന്നില്ല, അതുകൊണ്ട്, അവൻ വിദ്യാഭ്യാസമില്ലാത്തവൻ ആയിരുന്നു—അഥവാ അതായിരുന്നു അവരുടെ ധാരണ! എങ്കിലും, അനായാസേന തിരുവെഴുത്തു ഭാഗങ്ങൾ കണ്ടെത്തി വായിക്കാൻ യേശുവിനു സാധിച്ചിരുന്നു. (ലൂക്കൊസ് 4:16-21) എന്തിന്, ഗലീലയിൽനിന്നുള്ള ഈ ആശാരി മോശയുടെ ന്യായപ്രമാണത്തെക്കുറിച്ച് അവരെ പ്രബോധിപ്പിക്കുക പോലും ചെയ്തു! (യോഹന്നാൻ 7:19-23) അതെങ്ങനെ സാധ്യമായി?
5, 6. (എ) തന്റെ പഠിപ്പിക്കലിന്റെ ഉറവിനെക്കുറിച്ച് യേശു എങ്ങനെ വിശദീകരിച്ചു? (ബി) ഏതു വിധത്തിലാണ് യേശു തന്റെ വിദ്യാഭ്യാസം ഉപയോഗിച്ചത്?
5 16-ഉം 17-ഉം വാക്യങ്ങളിൽ നാം വായിക്കുന്നതുപോലെ, യേശു ഇങ്ങനെ വിശദീകരിച്ചു: “എന്റെ ഉപദേശം [“ഞാൻ പഠിപ്പിക്കുന്നത്,” NW] എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ. അവന്റെ ഇഷ്ടം ചെയ്വാൻ ഇച്ഛിക്കുന്നവൻ ഈ ഉപദേശം ദൈവത്തിൽനിന്നുള്ളതോ ഞാൻ സ്വയമായി പ്രസ്താവിക്കുന്നതോ എന്നു അറിയും.” യേശുവിനു വിദ്യാഭ്യാസം കൊടുത്തത് ആരെന്നറിയാൻ അവർ ആഗ്രഹിച്ചു. അതുകൊണ്ട്, തനിക്കു വിദ്യാഭ്യാസം ലഭിച്ചതു ദൈവത്തിൽനിന്നാണെന്ന് അവൻ അവരോടു വ്യക്തമായി പറഞ്ഞു!—യോഹന്നാൻ 12:49; 14:10.
6 യേശു തന്റെ വിദ്യാഭ്യാസത്തെ ഉപയോഗിച്ചത് എങ്ങനെയായിരുന്നു? യോഹന്നാൻ 7:18-ൽ രേഖപ്പെടുത്തിയിരിക്കുന്നപ്രകാരം, അവൻ ഇങ്ങനെ ഉത്തരം പറഞ്ഞു: “സ്വയമായി പ്രസ്താവിക്കുന്നവൻ സ്വന്തമഹത്വം അന്വേഷിക്കുന്നു; തന്നെ അയച്ചവന്റെ മഹത്വം അന്വേഷിക്കുന്നവൻ സത്യവാൻ ആകുന്നു; നീതികേടു അവനിൽ ഇല്ല.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) യേശു തന്റെ വിദ്യാഭ്യാസം “ജ്ഞാനസമ്പൂർണ്ണനായ” യഹോവയ്ക്കു മഹത്ത്വം കരേറ്റാൻ ഉപയോഗിച്ചത് എത്ര ഉചിതമായിരുന്നു!—ഇയ്യോബ് 37:16.
7, 8. (എ) വിദ്യാഭ്യാസത്തെ എങ്ങനെയാണ് ഉപയോഗിക്കേണ്ടത്? (ബി) സന്തുലിത വിദ്യാഭ്യാസത്തിന്റെ നാല് അടിസ്ഥാന ലക്ഷ്യങ്ങൾ എന്തൊക്കെയാണ്?
7 നാം അങ്ങനെ യേശുവിൽനിന്ന് ഒരു മൂല്യവത്തായ പാഠം പഠിക്കുകയാണ്—വിദ്യാഭ്യാസം ഉപയോഗിക്കേണ്ടതു നമുക്കുതന്നെ മഹത്ത്വം കരേറ്റാനല്ല, മറിച്ച് യഹോവയ്ക്കു സ്തുതി കൈവരുത്താനാണ്. അതിലും മെച്ചമായ വിധത്തിൽ വിദ്യാഭ്യാസം ഉപയോഗപ്പെടുത്താൻ വേറെ മാർഗമില്ല. അങ്ങനെയെങ്കിൽ, യഹോവയ്ക്കു സ്തുതി കരേറ്റാൻ നിങ്ങൾക്കു വിദ്യാഭ്യാസം എങ്ങനെ ഉപയോഗിക്കാൻ സാധിക്കും?
8 വിദ്യാഭ്യാസം നൽകുക എന്നതിന്റെ അർഥം “ഔപചാരിക പ്രബോധനത്താലും വിശേ[ഷിച്ചും] വൈദഗ്ധ്യത്തിലോ തൊഴിലിലോ ജീവിതവൃത്തിയിലോ മേൽനോട്ടത്തോടുകൂടിയ അഭ്യസനത്താലും പരിശീലിപ്പിക്കുക” എന്നാണ്. സന്തുലിത വിദ്യാഭ്യാസത്തിന്റെ നാല് അടിസ്ഥാന ലക്ഷ്യങ്ങളും യഹോവയെ സ്തുതിക്കാൻ ഇവ ഓരോന്നും എപ്രകാരം ഉപയോഗിക്കാമെന്നും നമുക്കിപ്പോൾ പരിചിന്തിക്കാം. (1) നന്നായി വായിക്കാനും (2) വ്യക്തമായി എഴുതാനും (3) മാനസികമായും ധാർമികമായും വികാസം പ്രാപിക്കാനും (4) അനുദിന ജീവിതവൃത്തിക്ക് ആവശ്യമായ പ്രായോഗിക പരിശീലനം നേടാനും സന്തുലിത വിദ്യാഭ്യാസം നമ്മെ സഹായിക്കണം.
നന്നായി വായിക്കാൻ പഠിക്കൽ
9. ഒരു നല്ല വായനക്കാരനായിരിക്കുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
9 ഒന്നാമതായി പട്ടികപ്പെടുത്തിയിരിക്കുന്നത് നന്നായി വായിക്കാൻ പഠിക്കൽ ആണ്. നല്ല വായനക്കാരനായിരിക്കുന്നതു വളരെ പ്രാധാന്യമുള്ള സംഗതിയായിരിക്കുന്നത് എന്തുകൊണ്ട്? ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ വിശദീകരിക്കുന്നു: “വായന . . . പഠനം സംബന്ധിച്ച് അടിസ്ഥാനവും അനുദിന ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വൈദഗ്ധ്യങ്ങളിൽ ഒന്നുമാണ്. . . . തഴച്ചുവളരുന്ന, ഫലോത്പാദകമായ സമൂഹത്തെ വാർത്തെടുക്കുന്നതിനു വിദഗ്ധ വായനക്കാർ സഹായിക്കുന്നു. അതേസമയം, അവർതന്നെ തികവേറിയ, കൂടുതൽ തൃപ്തികരമായ ജീവിതം ആസ്വദിക്കുന്നു.”
10. തികവേറിയതും ഏറെ സംതൃപ്തിദായകവുമായ ജീവിതം ആസ്വദിക്കാൻ ദൈവവചനത്തിന്റെ വായന നമ്മെ എങ്ങനെ സഹായിക്കുന്നു?
10 “തികവേറിയ, കൂടുതൽ തൃപ്തികരമായ ജീവിതം” ആസ്വദിക്കാൻ പൊതുവായ വായന നമ്മെ സഹായിക്കുമെങ്കിൽ, ദൈവവചനത്തിന്റെ വായനയുടെ കാര്യത്തിൽ ഇത് എത്രയധികം സത്യമായിരിക്കും! അത്തരം വായന നമ്മുടെ മനസ്സുകളെയും ഹൃദയങ്ങളെയും യഹോവയുടെ ചിന്തകളിലേക്കും ഉദ്ദേശ്യങ്ങളിലേക്കും നയിക്കുന്നു. ഇവയെ വ്യക്തമായി ഗ്രഹിക്കുന്നതു നമ്മുടെ ജീവിതത്തിന് അർഥം പകരുകയും ചെയ്യുന്നു. അതിലുപരി, “ദൈവവചനം ജീവനുള്ളതും ശക്തി ചെലുത്തുന്നതും” ആകുന്നുവെന്ന് എബ്രായർ 4:12 [NW] പറയുന്നു. ദൈവവചനം വായിക്കുകയും അതേക്കുറിച്ചു ധ്യാനിക്കുകയും ചെയ്യുമ്പോൾ, നാം അതിന്റെ ഗ്രന്ഥകർത്താവിലേക്ക് ആകർഷിക്കപ്പെടുന്നു, അവനെ കൂടുതൽ പ്രീതിപ്പെടുത്തുന്നവർ ആയിത്തീരാൻ നമ്മുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ നാം പ്രേരിതരായിത്തീരുന്നു. (ഗലാത്യർ 5:22, 23; എഫെസ്യർ 4:22-24) നാം വായിക്കുന്ന അമൂല്യ സത്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാനും നാം പ്രേരിതരാകുന്നു. ഇതെല്ലാം വലിയ വിദ്യാദാതാവിന്, യഹോവയാം ദൈവത്തിന്, സ്തുതി കരേറ്റുന്നു. വായിക്കാനുള്ള നമ്മുടെ പ്രാപ്തിയെ ഇതിലും മെച്ചമായി ഉപയോഗിക്കാൻ തീർച്ചയായും വേറൊരു മാർഗവുമില്ല!
11. വ്യക്തിഗത പഠനത്തിന്റെ ഒരു സന്തുലിത പരിപാടിയിൽ എന്ത് ഉൾപ്പെട്ടിരിക്കണം?
11 യുവപ്രായക്കാരായാലും പ്രായമുള്ളവരായാലും, നന്നായി വായിക്കാൻ പഠിക്കുന്നതിനു നാം പ്രോത്സാഹിപ്പിക്കപ്പെട്ടിരിക്കുന്നു, കാരണം നമ്മുടെ ക്രിസ്തീയ ജീവിതത്തിൽ വായനയ്ക്ക് ഒരു പ്രധാന പങ്കുണ്ട്. ദൈവവചനം ക്രമമായി വായിക്കുന്നതിനുപുറമേ, വ്യക്തിപരമായ പഠനത്തിന്റെ സന്തുലിത പരിപാടിയിൽ തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കലിൽ നിന്നുള്ള ബൈബിൾ വാക്യപരിചിന്തനവും വീക്ഷാഗോപുരവും ഉണരുക!യും വായിക്കലും ക്രിസ്തീയ യോഗങ്ങൾക്കുവേണ്ടിയുള്ള തയ്യാറാകലും ഉൾപ്പെടുന്നു. ക്രിസ്തീയ ശുശ്രൂഷയുടെ കാര്യമോ? വ്യക്തമായും, പരസ്യമായി പ്രസംഗിക്കൽ, താത്പര്യക്കാർക്കു മടക്കസന്ദർശനങ്ങൾ നടത്തൽ, ഭവന ബൈബിളധ്യയനങ്ങൾ നടത്തൽ എന്നിവയ്ക്കെല്ലാം നല്ല വായനാപ്രാപ്തി ആവശ്യമാണ്.
വ്യക്തമായി എഴുതാൻ പഠിക്കൽ
12. (എ) വ്യക്തമായി എഴുതാൻ പഠിച്ചിരിക്കേണ്ടതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) എക്കാലത്തെയും ഏറ്റവും വലിയ എഴുത്ത് ഏതായിരുന്നു?
12 വ്യക്തമായി എഴുതാൻ പഠിക്കുന്നതിനു സമനിലയുള്ള വിദ്യാഭ്യാസം നമ്മെ സഹായിക്കണം എന്നതാണു രണ്ടാമത്തെ ഉദ്ദേശ്യം. നമ്മുടെ വാക്കുകളും ആശയങ്ങളും മറ്റുള്ളവരിലേക്കു പകരുക മാത്രമല്ല എഴുത്തു നിർവഹിക്കുന്നത്, അത് അവയെ കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. അനേകമനേകം നൂറ്റാണ്ടുകൾക്കു മുമ്പ്, നിശ്വസ്ത തിരുവെഴുത്തുകളായിത്തീർന്ന വാക്കുകൾ ഏതാണ്ടു 40 യഹൂദപുരുഷന്മാർ പപ്പൈറസുകളിന്മേലോ ആട്ടിൻചർമത്തിലോ എഴുതിവെച്ചു. (2 തിമൊഥെയൊസ് 3:16) തീർച്ചയായും എക്കാലത്തും നിർവഹിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മഹത്തായ എഴുത്തായിരുന്നു ഇത്! ഇവ വിശ്വസനീയമായ രൂപത്തിൽ നമുക്കു ലഭിക്കത്തക്കവണ്ണം ഈ വിശുദ്ധ വചനങ്ങളുടെ പകർപ്പെഴുത്തിനെയും പുനഃപ്പകർപ്പെഴുത്തിനെയും നൂറ്റാണ്ടുകളിലൂടെ യഹോവ നയിച്ചുവെന്നതിനു സംശയമില്ല. വാമൊഴിയായി കൈമാറുന്നതിനെ ആശ്രയിക്കാതെ, തന്റെ വചനങ്ങൾ യഹോവ എഴുതിച്ചതിൽ നാം നന്ദിയുള്ളവരല്ലേ?—പുറപ്പാടു 34:27, 28 താരതമ്യം ചെയ്യുക.
13. ഇസ്രായേല്യർക്ക് എഴുതാനറിയാമായിരുന്നുവെന്ന് എന്തു സൂചിപ്പിക്കുന്നു?
13 പുരാതന കാലങ്ങളിൽ, മെസോപ്പൊട്ടാമിയയിലെയും ഈജിപ്തിലെയും ശാസ്ത്രിമാരെപ്പോലെയുള്ള ചില പ്രത്യേക വർഗത്തിൽപ്പെട്ടവരേ സാക്ഷരരായിരുന്നുള്ളൂ. ജനതകളുടേതിൽനിന്നു കടകവിരുദ്ധമായി ഇസ്രായേലിൽ സകലരും സാക്ഷരരായിരിക്കാൻ പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നു. പ്രത്യക്ഷത്തിൽ ആലങ്കാരികമായിരുന്നെങ്കിലും, തങ്ങളുടെ വീടിന്റെ കട്ടിളകളിന്മേൽ എഴുതിവെക്കണമെന്ന ഇസ്രായേല്യർക്കായുള്ള ആവർത്തനപുസ്തകം 6:8, 9-ലെ കൽപ്പന അവർക്ക് എഴുതാൻ അറിയാമായിരുന്നുവെന്നു സൂചിപ്പിക്കുന്നു. നന്നേ ചെറുപ്പത്തിൽത്തന്നെ, കുട്ടികളെ എഴുതാൻ പഠിപ്പിച്ചിരുന്നു. പുരാതന എബ്രായ എഴുത്തിന്റെ ഏറ്റവും പഴയ മാതൃകകളിൽ ഒന്നായ ഗെസ്സർ കലണ്ടർ ഒരു സ്കൂൾകുട്ടിയുടെ മനപ്പാഠ അഭ്യാസമായിരുന്നു എന്നാണു ചില പണ്ഡിതന്മാർ കരുതുന്നത്.
14, 15. എഴുതാനുള്ള പ്രാപ്തി ഉപയോഗിക്കാൻ കഴിയുന്ന ക്രിയാത്മകവും ആരോഗ്യാവഹവുമായ ചില മാർഗങ്ങൾ ഏവയാണ്?
14 എന്നാൽ എഴുതാനുള്ള നമ്മുടെ പ്രാപ്തിയെ പ്രയോജനപ്രദവും ആരോഗ്യാവഹവുമായ വിധത്തിൽ നമുക്ക് എങ്ങനെ ഉപയോഗിക്കാൻ സാധിക്കും? തീർച്ചയായും, യോഗങ്ങളിലും സമ്മേളനങ്ങളിലും കൺവെൻഷനുകളിലും കുറിപ്പുകളെടുത്തുകൊണ്ട്. “ഏതാനും വാക്കുകളിൽ” എഴുതിയതാണെങ്കിൽപ്പോലും, ഒരെഴുത്തിനു രോഗിയായിരിക്കുന്ന ഒരുവനു പ്രോത്സാഹനം പ്രദാനം ചെയ്യാനാവും, അല്ലെങ്കിൽ നമ്മോടു ദയയോ അതിഥിപ്രിയമോ പ്രകടമാക്കിയ ഒരു സഹോദരനോടോ സഹോദരിയോടോ നന്ദി പ്രകടിപ്പിക്കാനാവും. (1 പത്രൊസ് 5:12, NW) സഭയിൽ ആരുടെയെങ്കിലും പ്രിയപ്പെട്ടവർ മരിച്ചുപോയെങ്കിൽ, ഒരു ഹ്രസ്വമായ എഴുത്തിനോ കാർഡിനോ നമുക്കുവേണ്ടി “സാന്ത്വനമേകുംവിധം സംസാരി”ക്കാൻ കഴിയും. (1 തെസ്സ. 5:14, NW) അർബുദം പിടിപെട്ട് അമ്മ മരിച്ചുപോയ ഒരു സഹോദരി ഇങ്ങനെ വിശദീകരിച്ചു: “ഒരു സുഹൃത്ത് എനിക്ക് ഹൃദ്യമായ ഒരെഴുത്ത് എഴുതി. അത് പലയാവർത്തി വായിക്കാൻ കഴിഞ്ഞതുകൊണ്ട് എനിക്ക് അത് വാസ്തവത്തിൽ ഒരു സഹായമായി.”
15 യഹോവയ്ക്കു സ്തുതി കരേറ്റുന്നതിന് എഴുതാനുള്ള പ്രാപ്തി ഉപയോഗിക്കുന്നതിന്റെ ഒരു ശ്രേഷ്ഠമായ വിധം രാജ്യസാക്ഷ്യം കൊടുക്കാനുള്ള ഒരു എഴുത്ത് എഴുതുകയാണ്. വളരെ ഒറ്റപ്പെട്ട പ്രദേശത്തു താമസിക്കുന്ന പുതുതാത്പര്യക്കാരുമായി സമ്പർക്കം നിലനിർത്തേണ്ടതു ചിലപ്പോൾ അത്യാവശ്യമായിരിക്കാം. അസുഖം നിമിത്തം വീടുതോറുമുള്ള വേലയിൽ പങ്കെടുക്കുന്നതു നിങ്ങൾക്കു താത്കാലികമായെങ്കിലും ബുദ്ധിമുട്ടായിരിക്കാം. അപ്പോൾ നേരിട്ടു കാണുമ്പോൾ സാധാരണമായി നിങ്ങൾക്കു പറയാനുള്ളത് ഒരുപക്ഷേ ഒരു എഴുത്തിനു പറയാനാവും.
16, 17. (എ) രാജ്യസാക്ഷ്യം നൽകാൻ കത്തെഴുതുന്നതിന്റെ മൂല്യം ഏത് അനുഭവം കാട്ടിത്തരുന്നു? (ബി) നിങ്ങൾക്കു സമാനമായ ഒരനുഭവം വിവരിക്കാൻ കഴിയുമോ?
16 ഒരനുഭവം പരിചിന്തിക്കുക. അനേകം വർഷങ്ങൾക്കുമുമ്പ്, പ്രാദേശിക പത്രത്തിൽ ഒരു മരണവാർത്ത കണ്ടപ്പോൾ ഒരു സഹോദരി മരിച്ചയാളുടെ വിധവക്കു രാജ്യസാക്ഷ്യം കൊടുത്തുകൊണ്ട് ഒരു എഴുത്ത് എഴുതി. അതിനു മറുപടിയൊന്നും ലഭിച്ചില്ല. പിന്നെ, 21-ൽപ്പരം വർഷം കഴിഞ്ഞ്, 1994 നവംബറിൽ, വർഷങ്ങൾക്കു മുമ്പു സഹോദരി എഴുത്തയച്ച സ്ത്രീയുടെ മകളിൽനിന്ന് ആ സാക്ഷിക്ക് ഒരെഴുത്തു കിട്ടി. മകൾ ഇങ്ങനെ എഴുതി:
17 “എന്റെ പിതാവു മരിച്ചതിനുശേഷം എന്റെ അമ്മയെ ആശ്വസിപ്പിച്ചുകൊണ്ട് 1973 ഏപ്രിൽ മാസം നിങ്ങൾ അവർക്ക് എഴുതി. അന്ന് എനിക്ക് 9 വയസ്സായിരുന്നു. എന്റെ അമ്മ ബൈബിൾ പഠിച്ചുവെങ്കിലും ഇതുവരെ അവർ യഹോവയുടെ ഒരു ദാസിയായിത്തീർന്നിട്ടില്ല. എന്നിരുന്നാലും, അമ്മയുടെ പഠനം അവസാനം ഞാൻ സത്യവുമായി ബന്ധപ്പെടുന്നതിലേക്കു നയിച്ചു. 1988-ൽ, അതായത് നിങ്ങളുടെ എഴുത്തുകിട്ടി 15 വർഷത്തിനുശേഷം, ഞാൻ ബൈബിൾ പഠനം തുടങ്ങി. 1990 മാർച്ച് 9-നു ഞാൻ സ്നാപനമേറ്റു. അനേക വർഷങ്ങൾക്കുമുമ്പു നിങ്ങളയച്ച എഴുത്തിന് എനിക്ക് അങ്ങേയറ്റം നന്ദിയുണ്ട്, കൂടാതെ നിങ്ങൾ നട്ട ആ വിത്തു യഹോവയുടെ സഹായത്താൽ വളർന്നുവെന്നു നിങ്ങളെ അറിയിക്കാനും എനിക്ക് അതീവ സന്തോഷമുണ്ട്. സൂക്ഷിച്ചുവെക്കാൻവേണ്ടി നിങ്ങളുടെ എഴുത്ത് അമ്മ എന്നെ ഏൽപ്പിച്ചു, എനിക്കു നിങ്ങൾ ആരാണെന്ന് അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. ഈ എഴുത്തു നിങ്ങൾക്കു കിട്ടുമെന്നാണ് എന്റെ പ്രതീക്ഷ.” തന്റെ അഡ്രസ്സും ഫോൺനമ്പരും കുറിച്ചിരുന്ന മകളുടെ എഴുത്ത് അനേക വർഷങ്ങൾക്കുമുമ്പ് അവളുടെ അമ്മയ്ക്ക് എഴുത്ത് അയച്ച ആ സഹോദരിക്കു തീർച്ചയായും കിട്ടി. സഹോദരി ആ യുവതിയെ ഫോണിൽ വിളിച്ചപ്പോൾ അവളുടെ ആശ്ചര്യമൊന്നു വിഭാവന ചെയ്യുക. രാജ്യപ്രത്യാശ മറ്റുള്ളവരുമായി പങ്കുവെക്കാൻ ആ സഹോദരി ഇപ്പോഴും എഴുത്തുകൾ എഴുതാറുണ്ട്!
മാനസികമായും ധാർമികമായും ആത്മീയമായും വികാസം പ്രാപിക്കൽ
18. ബൈബിൾ കാലങ്ങളിൽ, മാതാപിതാക്കൾ തങ്ങളുടെ കുട്ടികളുടെ മാനസികവും ധാർമികവുമായ വിദ്യാഭ്യാസത്തിനു വേണ്ടി എങ്ങനെയാണു കരുതിയത്?
18 മൂന്നാമത്തെ ലക്ഷ്യം സന്തുലിത വിദ്യാഭ്യാസം മാനസികമായും ധാർമികമായും വികാസം പ്രാപിക്കാൻ നമ്മെ സഹായിക്കണം എന്നതാണ്. ബൈബിൾ കാലങ്ങളിൽ, കുട്ടികൾക്കു മാനസികവും ധാർമികവുമായ വിദ്യാഭ്യാസം നൽകുന്നതു മാതാപിതാക്കളുടെ പ്രാഥമിക കടമകളിലൊന്നായി കരുതിയിരുന്നു. കുട്ടികളെ എഴുതാനും വായിക്കാനും മാത്രമല്ല പഠിപ്പിച്ചിരുന്നത്, കൂടുതൽ പ്രധാനമായി ദൈവത്തിന്റെ ന്യായപ്രമാണത്തിലും അവർക്കു വിദ്യാഭ്യാസം കൊടുത്തിരുന്നു, അവരുടെ ജീവിതത്തിലെ മുഴുപ്രവർത്തനങ്ങളും അതിലുൾക്കൊണ്ടിരുന്നു. അങ്ങനെ, തങ്ങളുടെ മതപരമായ കടമകൾ, വിവാഹത്തെയും കുടുംബബന്ധങ്ങളെയും ലൈംഗിക ധാർമികതയെയും ഭരിക്കുന്ന തത്ത്വങ്ങൾ, സഹമനുഷ്യരോടുള്ള കടമകൾ എന്നിവയെക്കുറിച്ചുള്ള പ്രബോധനം ഉൾപ്പെടുന്നതായിരുന്നു ആ വിദ്യാഭ്യാസം. അത്തരം വിദ്യാഭ്യാസം കേവലം മാനസികമായും ധാർമികമായും മാത്രമല്ല, ആത്മീയമായും വികാസം പ്രാപിക്കാൻ അവരെ സഹായിച്ചു.—ആവർത്തനപുസ്തകം 6:4-9, 20, 21; 11:18-21.
19. ജീവിതത്തിൽ ബാധകമാക്കാൻ പറ്റിയതും ആത്മീയമായി വളരാൻ നമ്മെ സഹായിക്കുന്നതുമായ ഏറ്റവും നല്ല ധാർമിക മൂല്യങ്ങൾ നമ്മെ കാട്ടിത്തരുന്ന വിദ്യാഭ്യാസം നമുക്ക് എവിടെ കണ്ടെത്താൻ കഴിയും?
19 ഇന്നോ? ലൗകികമായ നല്ല വിദ്യാഭ്യാസം പ്രധാ നപ്പെട്ടതാണ്. അതു മാനസികമായി വികാസം പ്രാപിക്കാൻ നമ്മെ സഹായിക്കുന്നു, എന്നാൽ ജീവിതത്തിൽ ബാധകമാക്കാവുന്ന ഏറ്റവും നല്ല ധാർമിക മൂല്യങ്ങൾ നമ്മെ കാട്ടിത്തരുന്ന, ആത്മീയമായി വികാസം പ്രാപിക്കാൻ നമ്മെ സഹായിക്കുന്ന വിദ്യാഭ്യാസം നമുക്ക് എവിടെ കണ്ടെത്താനാവും? ക്രിസ്തീയ സഭയ്ക്കുള്ളിൽ, ഭൂമിയിൽ വേറൊരിടത്തും ലഭ്യമല്ലാത്ത ദിവ്യാധിപത്യ വിദ്യാഭ്യാസ പരിപാടി നമുക്കു പ്രാപ്യമാണ്. ബൈബിളിന്റെയും ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളുടെയും വ്യക്തിപരമായ പഠനത്തിലൂടെയും സഭായോഗങ്ങൾ, സമ്മേളനങ്ങൾ, കൺവെൻഷനുകൾ എന്നിവയിൽനിന്നു ലഭിക്കുന്ന പ്രബോധനത്തിലൂടെയും യാതൊരു ഫീസും കൂടാതെ തുടർച്ചയായി ലഭിക്കുന്ന ഈ അമൂല്യ വിദ്യാഭ്യാസം—ദിവ്യ വിദ്യാഭ്യാസം—നമുക്കു ലഭ്യമാണ്! അതു നമ്മെ എന്തു പഠിപ്പിക്കുന്നു?
20. ദിവ്യ വിദ്യാഭ്യാസം നമ്മെ എന്തു പഠിപ്പിക്കുന്നു, അതിന്റെ ഫലമായി എന്തുണ്ടാകുന്നു?
20 ബൈബിൾ പഠിക്കാൻ ആരംഭിക്കുമ്പോൾ, നാം അടിസ്ഥാന തിരുവെഴുത്തു പഠിപ്പിക്കലുകൾ, ‘പ്രാഥമിക ഉപദേശങ്ങൾ’ മനസ്സിലാക്കുന്നു. (എബ്രായർ 6:1, NW) തുടർന്നു പഠിക്കുമ്പോൾ, നാം “കട്ടിയായുള്ള ആഹാരം”—അതായത് കൂടുതൽ ആഴമായ സത്യങ്ങൾ ഉൾക്കൊള്ളുന്നു. (എബ്രായർ 5:14) എന്നാൽ അതിലുപരി, നാം എങ്ങനെ ജീവിക്കാനാണു ദൈവം ആഗ്രഹിക്കുന്നതെന്നു നമ്മെ പഠിപ്പിക്കുന്ന ദൈവിക തത്ത്വങ്ങൾ നാം മനസ്സിലാക്കുന്നു. ഉദാഹരണത്തിന്, ‘ശരീരത്തെ മലിനമാക്കുന്ന’ ശീലങ്ങളും നടപടികളും ഒഴിവാക്കാനും അധികാരത്തോടും മറ്റുള്ളവരുടെ ശരീരത്തോടും സ്വത്തിനോടും ആദരവ് ഉണ്ടായിരിക്കാനും നാം പഠിക്കുന്നു. (2 കൊരിന്ത്യർ 7:1, NW; തീത്തൊസ് 3:1, 2; എബ്രായർ 13:4) മാത്രമല്ല, നമ്മുടെ വേലയിൽ സത്യസന്ധരും കഠിനാധ്വാനികളും ആയിരിക്കേണ്ടതിന്റെ പ്രാധാന്യവും ലൈംഗിക ധാർമികത സംബന്ധിച്ച ബൈബിൾ കൽപ്പനകൾക്കു ചേർച്ചയിൽ ജീവിക്കുന്നതിന്റെ മൂല്യവും നാം വിലമതിക്കാനിടയാകുന്നു. (1 കൊരിന്ത്യർ 6:9, 10; എഫെസ്യർ 4:28) നമ്മുടെ ജീവിതത്തിൽ ഈ തത്ത്വങ്ങൾ ബാധകമാക്കുന്നതിൽ നാം പുരോഗമിക്കുമ്പോൾ, നാം ആത്മീയമായി വളരുകയും ദൈവവുമായുള്ള നമ്മുടെ ബന്ധം ആഴമുള്ളതായിത്തീരുകയും ചെയ്യുന്നു. മാത്രമല്ല, നാം എവിടെ ജീവിച്ചാലും നമ്മുടെ ദൈവിക നടത്ത നമ്മെ നല്ല പൗരന്മാരായി മാറ്റുന്നു. അത് ദിവ്യ വിദ്യാഭ്യാസത്തിന്റെ ഉറവായ യഹോവയാം ദൈവത്തിനു മഹത്ത്വം കരേറ്റാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്തേക്കാം.—1 പത്രൊസ് 2:12.
അനുദിന ജീവിതവൃത്തിക്കായുള്ള പ്രായോഗിക പരിശീലനം
21. ബൈബിൾ കാലങ്ങളിൽ കുട്ടികൾക്ക് എന്തു പ്രായോഗിക പരിശീലനമാണു ലഭിച്ചത്?
21 സമനിലയുള്ള വിദ്യാഭ്യാസത്തിന്റെ നാലാമത്തെ ലക്ഷ്യം ഒരു വ്യക്തിക്ക് അനുദിന ജീവിതവൃത്തിക്ക് ആവശ്യമായ പ്രായോഗിക പരിശീലനം പ്രദാനം ചെയ്യുക ആണ്. ബൈബിൾ കാലങ്ങളിൽ മാതാപിതാക്കൾ കൊടുത്തിരുന്ന വിദ്യാഭ്യാസത്തിൽ പ്രായോഗിക പരിശീലനം ഉൾപ്പെട്ടിരുന്നു. പെൺകുട്ടികളെ വീട്ടുജോലികളിൽ വൈദഗ്ധ്യം നേടാൻ പരിശീലിപ്പിച്ചിരുന്നു. ഇതിൽ പല വ്യത്യസ്ത സംഗതികൾ ഉൾപ്പെട്ടിരിക്കാമെന്നു സദൃശവാക്യങ്ങളുടെ അവസാന അധ്യായം പ്രകടമാക്കുന്നു; നൂൽനൂൽക്കൽ, നെയ്ത്ത്, പാചകം, വീട്ടുകാര്യങ്ങളുടെ പൊതുവായ നടത്തിപ്പിലും കച്ചവടത്തിലും സ്ഥാവരവസ്തു ഇടപാടുകളിലും ശ്രദ്ധിക്കൽ എന്നിവയിലെല്ലാം പെൺകുട്ടികൾ സജ്ജരായിത്തീർന്നു. കൃഷിയോ മറ്റെന്തെങ്കിലും കൈത്തൊഴിലോപോലുള്ള പിതാവിന്റെ ലൗകിക തൊഴിൽതന്നെയായിരുന്നു സാധാരണമായി ആൺകുട്ടികളെ പഠിപ്പിച്ചിരുന്നത്. തന്റെ വളർത്തുപിതാവായ യോസേഫിൽനിന്ന് യേശു ആശാരിപ്പണി പഠിച്ചു; അങ്ങനെ അവൻ “തച്ചന്റെ മകൻ” എന്നു മാത്രമല്ല, ‘തച്ചൻ’ എന്നും വിളിക്കപ്പെട്ടിരുന്നു.—മത്തായി 13:55; മർക്കൊസ് 6:3.
22, 23. (എ) വിദ്യാഭ്യാസം കുട്ടികളെ എന്തിനായി ഒരുക്കണം? (ബി) കൂടുതലായ വിദ്യാഭ്യാസം അനിവാര്യമാണെന്നു തോന്നിയേക്കാവുന്ന സമയത്ത്, അതു തിരഞ്ഞെടുക്കുന്നതിലുള്ള നമ്മുടെ പ്രചോദനം എന്തായിരിക്കണം?
22 ഇന്നും, ഒരുനാൾ ഒരു കുടുംബത്തിന്റെ ആവശ്യങ്ങൾക്കായി കരുതുന്നതിനുള്ള ഒരുക്കം നല്ല സമനിലയുള്ള വിദ്യാഭ്യാസത്തിൽ ഉൾപ്പെട്ടിരിക്കുന്നു. ഒരുവന്റെ കുടുംബത്തിനു വേണ്ടി കരുതുന്നത് ഒരു വിശുദ്ധ കടപ്പാടാണെന്ന് 1 തിമൊഥെയൊസ് 5:8-ലെ പൗലോസിന്റെ വാക്കുകൾ സൂചിപ്പിക്കുന്നു. അവൻ ഇങ്ങനെ എഴുതി: “തനിക്കുള്ളവർക്കും പ്രത്യേകം സ്വന്തകുടുംബക്കാർക്കും വേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞു അവിശ്വാസിയെക്കാൾ അധമനായിരിക്കുന്നു.” അപ്പോൾ, വിദ്യാഭ്യാസം ജീവിതത്തിൽ കുട്ടികൾ ഏറ്റെടുക്കാൻ പോകുന്ന ഉത്തരവാദിത്വങ്ങൾക്കായി അവരെ സജ്ജരാക്കുകയും സമൂഹത്തിലെ കഠിനാധ്വാനികളായ അംഗങ്ങളായിരിക്കാൻ അവരെ ഒരുക്കുകയും ചെയ്യണം.
23 നാം എത്രമാത്രം ലൗകിക വിദ്യാഭ്യാസം തേടണം? ഇത് ഓരോ രാജ്യത്തും വ്യത്യസ്തമായിരുന്നേക്കാം. നിയമം ആവശ്യപ്പെടുന്ന ചുരുങ്ങിയ വിദ്യാഭ്യാസത്തിലും കൂടുതൽ പരിശീലനം തൊഴിൽ കമ്പോളം ആവശ്യപ്പെടുന്നുവെങ്കിൽ, അനുബന്ധ വിദ്യാഭ്യാസമോ പരിശീലനമോ സംബന്ധിച്ചു തീരുമാനം ചെയ്യുന്നതിൽ, അത്തരം കൂടുതലായ പഠനങ്ങളുടെ സാധ്യതയുള്ള നേട്ടങ്ങളും കോട്ടങ്ങളും കണക്കിലെടുത്തുകൊണ്ട് തങ്ങളുടെ കുട്ടികൾക്കു വഴികാട്ടാനുള്ള ഉത്തരവാദിത്വം മാതാപിതാക്കൾക്കാണ്. എന്നാൽ കൂടുതലായ വിദ്യാഭ്യാസം ആവശ്യമെന്നു കണ്ടേക്കാവുന്ന സമയത്ത്, അതു തിരഞ്ഞെടുക്കുന്നതിൽ ഒരുവന്റെ പ്രേരകഘടകം എന്തായിരിക്കണം? തീർച്ചയായും സമ്പത്തോ സ്വന്തം മഹിമയോ പുകഴ്ചയോ ആയിരിക്കരുത്. (സദൃശവാക്യങ്ങൾ 15:25; 1 തിമൊഥെയൊസ് 6:17) യേശുവിന്റെ ദൃഷ്ടാന്തത്തിൽനിന്നു നാം പഠിച്ച പാഠം ഓർമിക്കുക—വിദ്യാഭ്യാസത്തെ ഉപയോഗിക്കേണ്ടത് യഹോവയ്ക്കു മഹത്ത്വം കരേറ്റാനായിരിക്കണം. നാം കൂടുതലായ വിദ്യാഭ്യാസം തിരഞ്ഞെടുക്കുന്നുവെങ്കിൽ, സാധ്യമായിരിക്കുന്നിടത്തോളം പൂർണമായി ക്രിസ്തീയ ശുശ്രൂഷയിൽ നമുക്കു യഹോവയെ സേവിക്കാൻ കഴിയുമാറ് നമ്മെത്തന്നെ സാമ്പത്തികമായി പുലർത്താനുള്ള ആഗ്രഹമായിരിക്കണം നമ്മുടെ പ്രേരകഘടകം.—കൊലൊസ്സ്യർ 3:23, 24.
24. യേശുവിൽനിന്നു പഠിച്ച ഏതു പാഠമാണു നാം ഒരിക്കലും മറക്കരുതാത്തത്?
24 അതുകൊണ്ട്, നമുക്കു സമനിലയുള്ള ഒരു ലൗകിക വിദ്യാഭ്യാസം നേടാനുള്ള ശ്രമത്തിൽ ഉത്സാഹമുള്ളവരായിരിക്കാം. യഹോവയുടെ സ്ഥാപനത്തിനുള്ളിൽ നൽകപ്പെടുന്ന ദിവ്യ വിദ്യാഭ്യാസത്തിന്റെ തുടർച്ചയായ പരിപാടി നമുക്കു പൂർണമായി പ്രയോജനപ്പെടുത്താം. ഈ ഭൂമിയിൽ ജീവിച്ചിരുന്നിട്ടുള്ളതിൽ ഏറ്റവും വിദ്യാസമ്പന്നനായ യേശുക്രിസ്തുവിൽനിന്നു പഠിച്ച വിലയേറിയ പാഠം നമുക്ക് ഒരിക്കലും മറക്കാതിരിക്കാം—തന്നെത്താൻ മഹത്ത്വപ്പെടുത്താനായിരിക്കരുതു വിദ്യാഭ്യാസത്തെ ഉപയോഗിക്കേണ്ടത്, പിന്നെയോ സകലരിലുംവെച്ച് ഏറ്റവും വലിയ വിദ്യാദാതാവായ യഹോവയാം ദൈവത്തിനു മഹത്ത്വം കരേറ്റാനായിരിക്കണം!
എന്താണു നിങ്ങളുടെ ഉത്തരം?
◻ യേശു തന്റെ വിദ്യാഭ്യാസത്തെ എങ്ങനെ ഉപയോഗിച്ചു?
◻ നന്നായി വായിക്കാൻ പഠിക്കുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
◻ എഴുതാനുള്ള പ്രാപ്തി യഹോവയെ സ്തുതിക്കാനായി നമുക്ക് ഉപയോഗിക്കാൻ കഴിയുന്നത് എങ്ങനെ?
◻ ധാർമികമായും ആത്മീയമായും വളരാൻ ദിവ്യ വിദ്യാഭ്യാസം നമ്മെ എങ്ങനെ സഹായിക്കുന്നു?
◻ സമനിലയുള്ള ഒരു വിദ്യാഭ്യാസത്തിൽ എന്തു പ്രായോഗിക പരിശീലനം ഉൾപ്പെട്ടിരിക്കണം?
[അധ്യയന ചോദ്യങ്ങൾ]
[13-ാം പേജിലെ ചതുരം]
വിദ്യാഭ്യാസപ്രവർത്തകർക്കുള്ള പ്രായോഗിക സഹായം
1995/96-ലെ “സന്തുഷ്ട സ്തുതിപാഠകർ” ഡിസ്ട്രിക്റ്റ് കൺവെൻഷനുകളിൽ വാച്ച് ടവർ സൊസൈറ്റി, യഹോവയുടെ സാക്ഷികളും വിദ്യാഭ്യാസവും (ഇംഗ്ലീഷ്) എന്ന ശീർഷകത്തിലുള്ള ഒരു പുതിയ ലഘുപത്രിക പ്രകാശനം ചെയ്തു. 32 പേജുള്ള ഈ മുഴുവർണ ലഘുപത്രിക പ്രസിദ്ധീകരിച്ചിരിക്കുന്നതു മുഖ്യമായും വിദ്യാഭ്യാസപ്രവർത്തകർക്കു വേണ്ടിയാണ്. ഇതുവരെ അത് 58 ഭാഷകളിലേക്കു പരിഭാഷപ്പെടുത്തിക്കഴിഞ്ഞു.
എന്തിനാണു വിദ്യാഭ്യാസപ്രവർത്തകർക്ക് ഒരു ലഘുപത്രിക? യഹോവയുടെ സാക്ഷികളുടെ കുട്ടികളായ വിദ്യാർഥികളുടെ വിശ്വാസങ്ങളെക്കുറിച്ചു കൂടുതൽ മെച്ചമായി മനസ്സിലാക്കാൻ അവരെ സഹായിക്കുന്നതിനാണത്. ആ ലഘുപത്രികയിൽ എന്താണ് അടങ്ങിയിരിക്കുന്നത്? അനുബന്ധ വിദ്യാഭ്യാസം, ജന്മദിനങ്ങൾ, ക്രിസ്മസ്, പതാകാവന്ദനം തുടങ്ങിയ തർക്കവിഷയങ്ങളെക്കുറിച്ചുള്ള നമ്മുടെ വീക്ഷണം വ്യക്തവും ക്രിയാത്മകവുമായ ഒരു വിധത്തിൽ അതു വിശദീകരിക്കുന്നു. നമ്മുടെ കുട്ടികൾ അവരുടെ വിദ്യാഭ്യാസത്തിൽനിന്നു പരമാവധി പ്രയോജനം നേടാൻ നാമാഗ്രഹിക്കുന്നുവെന്നും കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തിൽ സജീവമായ ഒരു താത്പര്യമെടുത്തുകൊണ്ട് വിദ്യാഭ്യാസപ്രവർത്തകരുമായി സഹകരിക്കാൻ നാം ആത്മാർഥമായി ആഗ്രഹിക്കുന്നുവെന്നും ആ ലഘുപത്രിക വിദ്യാഭ്യാസപ്രവർത്തകർക്ക് ഉറപ്പു നൽകുന്നു.
വിദ്യാഭ്യാസം ലഘുപത്രിക എങ്ങനെ ഉപയോഗിക്കാവുന്നതാണ്? അതു വിദ്യാഭ്യാസപ്രവർത്തകർക്കായി തയ്യാറാക്കിയിരിക്കുന്നതുകൊണ്ട്, അത് നമുക്ക് അധ്യാപകർക്കും പ്രിൻസിപ്പൽമാർക്കും മറ്റു സ്കൂൾ ഉദ്യോഗസ്ഥർക്കും കൊടുക്കാം. നമ്മുടെ വീക്ഷണങ്ങളും വിശ്വാസങ്ങളും, വ്യത്യസ്തരായിരിക്കാനുള്ള അവകാശം ചിലപ്പോൾ നാം എന്തുകൊണ്ട് അവകാശപ്പെടുന്നുവെന്നും മനസ്സിലാക്കാൻ ഈ പുതിയ ലഘുപത്രിക അത്തരം എല്ലാ വിദ്യാഭ്യാസപ്രവർത്തകരെയും സഹായിക്കട്ടെ. തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസപ്രവർത്തകരുമായുള്ള വ്യക്തിഗത ചർച്ചയ്ക്കുള്ള ഒരു അടിസ്ഥാനമായി ഈ ലഘുപത്രിക ഉപയോഗിക്കാൻ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുകയാണ്.
[10-ാം പേജിലെ ചിത്രം]
പുരാതന ഇസ്രായേലിൽ വിദ്യാഭ്യാസത്തെ വളരെയധികം മൂല്യമുള്ളതായി കരുതിയിരുന്നു