അക്രമത്തിനു ശാശ്വതമായ അന്ത്യം—എങ്ങനെ?
അക്രമത്തിനു ശാശ്വതമായ അന്ത്യം—എങ്ങനെ?
ഐക്യനാടുകളിലെ നിരവധി നഗരങ്ങൾ അക്രമത്തിന്റെ തിരത്തള്ളൽ നിയന്ത്രിക്കുന്നതിനു പുതുമയുള്ള ഒരു ആശയം പരീക്ഷിച്ചുനോക്കി—തിരിച്ചേൽപ്പിക്കുന്ന തോക്കുകൾക്കു പകരം പണമോ സാധനങ്ങളോ കൊടുക്കുക, യാതൊരു ചോദ്യവും ഇല്ലാതെ. ഫലമെന്തായിരുന്നു? സെൻറ് ലൂയിസ് നഗരം 3,41,000 ഡോളർ ചെലവാക്കി 8,500 തോക്കുകൾ ശേഖരിച്ചു. ന്യൂയോർക്ക് നഗരത്തിലെ സമാനമായ ഒരു പരിപാടി ആയിരത്തിലധികം തോക്കുകൾ പിടിച്ചെടുത്തു.
ഇതിനെല്ലാം കുററകൃത്യത്തിൻമേൽ എന്തു ഫലമുണ്ടായി? പരിതാപകരമെന്നു പറയട്ടെ, വളരെ കുറച്ചുമാത്രം. സെൻറ് ലൂയിസ് നഗരത്തിൽ അടുത്ത വർഷം തോക്കിനോടു ബന്ധപ്പെട്ട നരഹത്യകൾ ഒരു സർവകാല അത്യുച്ചത്തിലെത്തി. ന്യൂയോർക്ക് നഗരത്തിൽ, കണക്കാക്കപ്പെട്ടപ്രകാരം ഇപ്പോഴും തെരുക്കളിൽ 20 ലക്ഷം തോക്കുകളുണ്ട്. ഐക്യനാടുകളിൽ സ്വകാര്യ ഉടമസ്ഥതയിൽ ഏതാണ്ട് 20 കോടി തോക്കുകളുണ്ട്, ഓരോ പുരുഷനും സ്ത്രീക്കും കുട്ടിക്കും ഏതാണ്ട് ഒന്നുവീതം. മററു ദേശങ്ങളിൽ, തോക്കിനോടു ബന്ധപ്പെട്ട അക്രമം ഭീതിദമായ തോതിൽ വർധിക്കുകയാണ്. ബ്രിട്ടനിൽ “1983-നും 1993-നുമിടയ്ക്ക്, പൊലീസ് രേഖപ്പെടുത്തിയ, തോക്കുകൾ ഉൾപ്പെട്ട കുററകൃത്യങ്ങളുടെ എണ്ണം ഏതാണ്ടിരട്ടിച്ച് 14,000 ആയിത്തീർന്നു” എന്നു ദി ഇക്കണോമിസ്ററ് പറയുന്നു. നരഹത്യയുടെ നിരക്ക് ആപേക്ഷികമായി കുറവാണെങ്കിലും ആ രാജ്യത്തു പത്തുലക്ഷത്തോളം നിയമവിരുദ്ധമായ ആയുധങ്ങളുണ്ട്.
തീർച്ചയായും, ആ ഭയങ്കര എണ്ണങ്ങളിലെ ഏതൊരു കുറയ്ക്കലും മുന്നോട്ടുള്ള ഒരു ചുവടുവയ്പാണ്. എന്നുവരികിലും, മുകളിൽ വർണിച്ചതുപോലുള്ള നടപടികൾ അക്രമത്തിന്റെ മൂല കാരണങ്ങളിൽ അശേഷം എത്തുന്നില്ല. ആ കാരണങ്ങൾ എന്തൊക്കെയാണ്? അനേകം ഘടകങ്ങൾ എടുത്തുപറയപ്പെട്ടിട്ടുണ്ട്, എന്നാൽ അവയിൽ ചിലത് അടിസ്ഥാനപരമാണ്. കുടുംബസ്ഥിരതയുടെയും ധാർമികബോധനത്തിന്റെയും അഭാവം, ഉൾപ്പെടലിന്റെ ഒരു ബോധത്തിനുവേണ്ടി മുഷ്കരസംഘങ്ങളിൽ ചേരാൻ അനേകം യുവജനങ്ങളെ പ്രേരിപ്പിച്ചിരിക്കുന്നു. വൻലാഭങ്ങളുടെ ആകർഷണം അക്രമത്തിലേക്കു തിരിയാൻ അനേകരെ പ്രേരിപ്പിക്കുന്നു. അനീതി അക്രമാസക്ത മാർഗങ്ങളിലൂടെ കാര്യങ്ങൾക്കു പരിഹാരം കാണാൻ മററു ചിലരെ തള്ളിവിടുന്നു. ദേശം, വർഗം, ജീവിതനില എന്നിവസംബന്ധിച്ച അഭിമാനം ആളുകൾ മററുള്ളവരുടെ കഷ്ടപ്പാടിനെ അവഗണിക്കാനിടയാക്കുന്നു. ഇവ അനായാസ പരിഹാരമാർഗങ്ങളില്ലാത്ത, ആഴത്തിൽ വേരോടിയിട്ടുള്ള ഘടകങ്ങളാണ്.
എന്തു ചെയ്യാനാവും?
കൂടുതൽ പൊലീസ്, കൂടുതൽ കർക്കശമായ തടവുശിക്ഷകൾ, തോക്കുനിയന്ത്രണം, വധശിക്ഷ എന്നിവയെല്ലാം കുററകൃത്യത്തെയും അക്രമത്തെയും നിയന്ത്രിക്കാനുള്ള വഴികളായി നിർദേശിക്കപ്പെടുകയും പരീക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അവയ്ക്കു വ്യത്യസ്തതോതിലുള്ള വിജയം ലഭിച്ചിട്ടുണ്ട്, എന്നാൽ സങ്കടകരമായ വസ്തുത അക്രമം ഇപ്പോഴും വളരെയധികമായി നമ്മോടൊത്തുണ്ട് എന്നതാണ്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ഈ നടപടികൾ കേവലം ലക്ഷണങ്ങൾക്കുള്ള ചികിത്സ മാത്രമാണ്.
മറിച്ച്, അക്രമം അവസാനിപ്പിക്കുന്നതിനുള്ള താക്കോൽ വിദ്യാഭ്യാസമാണെന്ന് അനേകം വിദഗ്ധർ വിചാരിക്കുന്നു. ഈ ആശയം നല്ലതാണെങ്കിലും, അക്രമം വിദ്യാഭ്യാസാവസരങ്ങൾ പരിമിതമായിരിക്കുന്ന രാഷ്ട്രങ്ങളിൽ ഒതുങ്ങിനിൽക്കുന്നില്ലെന്നു
നാം കുറിക്കൊള്ളേണ്ടിയിരിക്കുന്നു. യഥാർഥത്തിൽ, ഏററവും അക്രമാസക്തമായ രാഷ്ട്രങ്ങളിൽ ചിലത് ഏററവും ഉയർന്ന വിദ്യാഭ്യാസനിലവാരങ്ങളുള്ളവയാണെന്നും തോന്നുന്നു. കേവലം വിദ്യാഭ്യാസമല്ല, ശരിയായ തരം വിദ്യാഭ്യാസമാണ് ആവശ്യമായിരിക്കുന്നത് എന്നു കാണാൻ പ്രയാസമില്ല. അത് ഏതു തരമായിരിക്കും? സമാധാനപ്രേമികളും നേരുള്ളവരുമായ വ്യക്തികളായിരിക്കാൻ ജനങ്ങളെ പഠിപ്പിക്കാൻ കഴിവുള്ള ആരെങ്കിലും ഉണ്ടോ?“ശുഭകരമായി പ്രവർത്തിപ്പാൻ നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ടുന്ന വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്ന നിന്റെ ദൈവമായ യഹോവ ഞാൻ തന്നേ. അയ്യോ, നീ എന്റെ കല്പനകളെ കേട്ടനുസരിച്ചെങ്കിൽ കൊള്ളായിരുന്നു! എന്നാൽ നിന്റെ സമാധാനം നദിപോലെയും നിന്റെ നീതി സമുദ്രത്തിലെ തിരപോലെയും ആകുമായിരുന്നു.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (യെശയ്യാവു 48:17, 18) സമാധാനപ്രേമികളും നീതിനിഷ്ഠരുമായിരിക്കാൻ യഹോവയാം ദൈവം ജനങ്ങളെ പഠിപ്പിക്കുന്നത് എങ്ങനെയാണ്? മുഖ്യമായി അവന്റെ വചനമായ ബൈബിളിലൂടെ.
ദൈവവചനത്തിന്റെ ശക്തി
ബൈബിൾ തീർച്ചയായും കാലഹരണപ്പെട്ടതും അപ്രസക്തവുമായ പഴങ്കഥകളുടെയും പഴമൊഴികളുടെയും വെറുമൊരു സമാഹാരമല്ല. അതിൽ മനുഷ്യവർഗത്തിന്റെ സ്രഷ്ടാവിൽനിന്നുള്ള തത്ത്വങ്ങളും ആശയങ്ങളും അടങ്ങിയിരിക്കുന്നു. അവൻ തന്റെ പരമോന്നതമായ അനുകൂലസ്ഥാനത്തുനിന്ന് ഏതൊരാളെക്കാളും മെച്ചമായി മനുഷ്യപ്രകൃതി മനസ്സിലാക്കുന്നു. “ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ എന്റെ വഴികൾ നിങ്ങളുടെ വഴികളിലും എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങളിലും ഉയർന്നിരിക്കുന്നു” എന്നു യഹോവയാം ദൈവം പറയുന്നു.—യെശയ്യാവു 55:9.
ഈ കാരണത്താൽ അപ്പോസ്തലനായ പൗലോസ് “ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു” എന്നു സാക്ഷ്യപ്പെടുത്തുന്നു. (എബ്രായർ 4:12) അതേ, ദൈവവചനത്തിന് ഒരു വ്യക്തിയുടെ ഹൃദയത്തിലേക്കിറങ്ങി അതിനെ തൊട്ടുണർത്തി അയാളുടെ ചിന്തക്കും പെരുമാററത്തിനും മാററംവരുത്താനുള്ള ശക്തിയുണ്ട്. ഇന്ന് ആളുകളുടെ അക്രമാസക്ത വഴികൾക്കു മാററംവരുത്താൻ ആവശ്യമായിരിക്കുന്നത് ഇതല്ലേ?
ഇപ്പോൾ 230-ൽപ്പരം ദേശങ്ങളിൽ 50 ലക്ഷത്തോളം വരുന്ന യഹോവയുടെ സാക്ഷികൾ തീർച്ചയായും ദൈവവചനത്തിനു ജീവിതങ്ങളെ രൂപാന്തരപ്പെടുത്തി മെച്ചപ്പെടുത്താനുള്ള കഴിവുണ്ടെന്നുള്ളതിന്റെ ജീവിക്കുന്ന തെളിവാണ്. അവരുടെ ഇടയിൽ ഏതു ദേശത്തിലും ഭാഷയിലും വർഗത്തിലും നിന്നുള്ള ആളുകളുണ്ട്. അവർ എല്ലാ ജീവിത തുറകളിലും സാമൂഹികപശ്ചാത്തലങ്ങളിലും നിന്നു വന്നവരുമാണ്. അവരിൽ ചിലർ അക്രമാസക്തവും പ്രക്ഷുബ്ധവുമായ ജീവിതം നയിച്ചിരുന്നു. എന്നാൽ അങ്ങനെയുള്ള ഘടകങ്ങൾ അവരുടെ മധ്യേ ശത്രുതയും വൈരവും വിവേചനവും വിദ്വേഷവും ജനിപ്പിക്കാൻ അനുവദിക്കുന്നതിനുപകരം അവർ ലോകവ്യാപകമായി ഈ പ്രതിബന്ധങ്ങളെ തരണംചെയ്യാൻ പഠിക്കുകയും സമാധാനപ്രേമവും ഐക്യവുമുള്ള ആളുകളായിത്തീരുകയും ചെയ്തിരിക്കുന്നു. ഇതു സാധ്യമാക്കിയിരിക്കുന്നത് എന്താണ്?
അക്രമം അവസാനിപ്പിക്കുന്ന ഒരു പ്രസ്ഥാനം
യഹോവയുടെ സാക്ഷികൾ ദൈവവചനമായ ബൈബിളിൽ വെളിപ്പെടുത്തിയിരിക്കുന്ന ദൈവോദ്ദേശ്യത്തെക്കുറിച്ചുള്ള സൂക്ഷ്മപരിജ്ഞാനം നേടാൻ മററുള്ളവരെ സഹായിക്കുന്നതിനു പ്രതിജ്ഞാബദ്ധരാണ്. ഭൂമിയുടെ ഏതു മുക്കിലും അവർ യഹോവയുടെ വഴികളെക്കുറിച്ചു പഠിക്കാനും അവനാൽ പഠിപ്പിക്കപ്പെടാനും ആഗ്രഹിക്കുന്നവരെ തിരഞ്ഞുകൊണ്ടിരിക്കയാണ്. അവരുടെ ശ്രമങ്ങൾ ഫലം കായിക്കുന്നു. ഒരു അത്യത്ഭുതകരമായ പ്രവചനത്തിനു നിവൃത്തി ഉണ്ടാകുന്നു എന്നതാണ് ഈ വിദ്യാഭ്യാസപ്രസ്ഥാനത്തിന്റെ ഫലം.
“അന്ത്യകാലത്തു . . . അനേക വംശങ്ങളും ചെന്നു: വരുവിൻ, നമുക്കു യഹോവയുടെ പർവ്വതത്തിലേക്കു, യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്കു കയറിച്ചെല്ലാം; അവൻ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളിൽ നടക്കയും ചെയ്യും എന്നു പറയും” എന്ന് എഴുതാൻ പ്രവാചകനായ യെശയ്യാവ് ഏതാണ്ടു 2,700 വർഷം മുമ്പ് നിശ്വസ്തനായി.—യെശയ്യാവു 2:2, 3.
യഹോവയാൽ പഠിപ്പിക്കപ്പെടുന്നതും അവന്റെ പാതകളിൽ നടക്കുന്നതും ആളുകളുടെ ജീവിതത്തിൽ അത്ഭുതകരമായ മാററങ്ങൾ ഉളവാക്കാൻ പര്യാപ്തമാണ്. ആ മാററങ്ങളിലൊന്ന് അതേ പ്രവചനത്തിൽ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നു: “അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; ജാതി ജാതിക്കുനേരെ വാളോങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയും ഇല്ല.” (യെശയ്യാവു 2:4) അനേകമാളുകൾ ഈ തിരുവെഴുത്തു വായിച്ചിട്ടുണ്ട്. യഥാർഥത്തിൽ, ഈ വാക്യം ന്യൂയോർക്ക് നഗരത്തിൽ ഐക്യരാഷ്ട്ര ചത്വരത്തിലെ ഒരു ചുവരിൽ കൊത്തിവെച്ചിട്ടുണ്ട്. ഐക്യരാഷ്ട്രങ്ങൾ കാംക്ഷിക്കുന്നതും എന്നാൽ നേടുന്നതിൽ പരാജയപ്പെട്ടിരിക്കുന്നതുമായതിന്റെ ഒരു ഓർമിപ്പിക്കലാണത്. യുദ്ധത്തിന്റെയും അക്രമത്തിന്റെയും ഈ നിർമാർജനം ഏതെങ്കിലും മനുഷ്യനിർമിത രാഷ്ട്രീയസ്ഥാപനം നേടേണ്ടതല്ല. അതു യഹോവയാം ദൈവത്തിനുമാത്രം ചെയ്യാനാവുന്ന ഒരു സംഗതിയാണ്. അവൻ അത് എങ്ങനെ സാധിക്കും?
എല്ലാവരും ‘യഹോവയുടെ പർവതത്തിലേക്കു കയറിച്ചെല്ലാനും’ ‘അവന്റെ വഴികളെക്കുറിച്ചു പഠിപ്പിക്കപ്പെടാനും’ ‘അവന്റെ പാതകളിൽ നടക്കാനു’മുള്ള ക്ഷണത്തിനു ചെവികൊടുക്കുകയില്ലെന്നതു സ്പഷ്ടമാണ്; എല്ലാവരും “തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചു”തീർക്കാൻ സന്നദ്ധരാകുകയുമില്ല. അങ്ങനെയുള്ളവരെ സംബന്ധിച്ചു യഹോവ എന്തു ചെയ്യും? അവൻ എക്കാലത്തും അവസരത്തിന്റെ വാതിൽ തുറന്നുവെക്കുകയോ അവർ മാററംവരുത്താൻ കാത്തിരിക്കയോ ഇല്ല. അക്രമത്തിന് അറുതിവരുത്തുന്നതിന്, യഹോവ തങ്ങളുടെ അക്രമമാർഗങ്ങൾക്കു ശാഠ്യംപിടിക്കുന്നവർക്കും അറുതിവരുത്തും.
മർമപ്രധാനമായ ഒരു പാഠം
നോഹയുടെ നാളിൽ ദൈവം ചെയ്തത് ഇന്നത്തെ നമുക്കു മുന്നറിയിപ്പിന്റെ ഒരു പാഠമാണ്. എങ്ങനെയുള്ള ലോകമാണ് അന്നു സ്ഥിതിചെയ്തിരുന്നതെന്നു ബൈബിൾരേഖ പ്രകടമാക്കുന്നു: “ഭൂമി ദൈവത്തിന്റെ മുമ്പാകെ വഷളായി; ഭൂമി അതിക്രമംകൊണ്ടു നിറഞ്ഞിരുന്നു.” ഈ കാരണത്താൽ, “സകലജഡത്തിന്റെയും അവസാനം എന്റെ മുമ്പിൽ വന്നിരിക്കുന്നു; ഭൂമി അവരാൽ അതിക്രമംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഞാൻ അവരെ ഭൂമിയോടുകൂടെ നശിപ്പിക്കും” എന്നു ദൈവം നോഹയെ അറിയിച്ചു.—ഉല്പത്തി 6:11, 13.
നാം ഒരു പ്രധാനപ്പെട്ട ആശയം കുറിക്കൊള്ളേണ്ടതുണ്ട്. ആ തലമുറയുടെമേൽ പ്രളയം വരുത്തിയപ്പോൾ, ദൈവം നോഹയെയും അവന്റെ കുടുംബത്തെയും സംരക്ഷിച്ചു. എന്തുകൊണ്ട്? ബൈബിൾ ഉത്തരം നൽകുന്നു: “നോഹ നീതിമാനും തന്റെ തലമുറയിൽ നിഷ്കളങ്കനുമായിരുന്നു; നോഹ ദൈവത്തോടുകൂടെ നടന്നു.” (ഉല്പത്തി 6:9; 7:1) അക്കാലത്തു ജീവിച്ച സകലരും അവശ്യം അക്രമാസക്തരായിരുന്നില്ലെങ്കിലും നോഹയും അവന്റെ കുടുംബവും മാത്രമേ “ദൈവത്തോടുകൂടെ നടന്നു”ള്ളു. തന്നിമിത്തം ആ അക്രമാസക്തലോകത്തിന് അറുതിവരുത്തിയപ്പോൾ അവർ അതിജീവിച്ചു.
ഭൂമി വീണ്ടും “അതിക്രമംകൊണ്ടു നിറഞ്ഞു”വരുന്നതായി നാം കാണുമ്പോൾ അതു ദൈവം ഗൗനിക്കാതെ പോകുന്നില്ലെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. നോഹയുടെ നാളിൽ അവൻ ചെയ്തതുപോലെ, അവൻ പെട്ടെന്നുതന്നെ നടപടിയെടുക്കുകയും അക്രമത്തിന് അവസാനം വരുത്തുകയും ചെയ്യും—ശാശ്വതമായി. എന്നാൽ ഇപ്പോൾ ‘സത്യദൈവത്തോടുകൂടെ നടക്കാൻ’ പഠിക്കുന്നവർക്ക്, സമാധാനത്തിനുവേണ്ടിയുള്ള അവന്റെ വലിയ വിദ്യാഭ്യാസപ്രസ്ഥാനത്തോടു പ്രതികരിക്കുന്നവർക്ക്, അവൻ ഒരു സുരക്ഷാമാർഗം ഒരുക്കിക്കൊടുക്കുകയും ചെയ്യും.
യഹോവ സങ്കീർത്തനക്കാരനിലൂടെ ഈ ഉറപ്പുനൽകുന്നു: “കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല; നീ അവന്റെ ഇടം സൂക്ഷിച്ചുനോക്കും; അവനെ കാണുകയില്ല. എന്നാൽ സൗമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.”—സങ്കീർത്തനം 37:10, 11.
“നമുക്കു യഹോവയുടെ പർവ്വതത്തിലേക്കു, യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്കു കയറിച്ചെല്ലാം; അവൻ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളിൽ നടക്കയും ചെയ്യും” എന്നു പറയുന്നവരോടു ചേരാൻ നിങ്ങൾക്കു കഴിയത്തക്കവണ്ണം നിങ്ങളോടൊത്തു ബൈബിൾ പഠിക്കുന്നതിനു യഹോവയുടെ സാക്ഷികൾക്കു സന്തോഷമായിരിക്കും. (യെശയ്യാവു 2:3) അങ്ങനെ ചെയ്യുന്നതിനാൽ, നിങ്ങൾക്കു സകല ദുഷ്ടതയുടെയും അക്രമത്തിന്റെയും അവസാനം കാണുന്നവരിൽ ഉൾപ്പെടാൻ കഴിയും. നിങ്ങൾക്കു ‘സമാധാനസമൃദ്ധിയിൽ പരമാനന്ദം’ കണ്ടെത്താൻ കഴിയും.
[5-ാം പേജിലെ ചിത്രത്തിന് കടപ്പാട]
Reuters/Bettmann