ഇപ്പോഴും എന്നേക്കും സന്തോഷമുള്ളവർ
ഇപ്പോഴും എന്നേക്കും സന്തോഷമുള്ളവർ
“ഞാൻ സൃഷ്ടിക്കുന്നതിനെക്കുറിച്ചു നിങ്ങൾ സന്തോഷിച്ചു എന്നേക്കും ഘോഷിച്ചുല്ലസിപ്പിൻ; ഇതാ, ഞാൻ യെരുശലേമിനെ ഉല്ലാസപ്രദമായും അതിലെ ജനത്തെ ആനന്ദപ്രദമായും സൃഷ്ടിക്കുന്നു.”—യെശയ്യാവു 65:18.
1. കഴിഞ്ഞ നൂററാണ്ടുകളിലെല്ലാം സത്യാരാധന വ്യക്തികളെ ബാധിച്ചിരിക്കുന്നതെങ്ങനെ?
സത്യദൈവമായ യഹോവയെ സേവിക്കുന്നതിൽ പുരുഷാരങ്ങൾ നൂററാണ്ടുകളിൽ സമൃദ്ധമായ സന്തോഷം കണ്ടെത്തിയിട്ടുണ്ട്. സത്യാരാധനയിൽ സന്തോഷമുണ്ടായിരുന്നവരിൽ ഒരാൾ മാത്രമായിരുന്നു ദാവീദ്. നിയമപെട്ടകം യെരുശലേമിലേക്കു കൊണ്ടുവന്നപ്പോൾ “ദാവീദും യിസ്രായേൽഗൃഹമൊക്കെയും ആർപ്പോടു . . . കൂടെ യഹോവയുടെ പെട്ടകം കൊണ്ടുവന്നു” എന്നു ബൈബിൾ പ്രതിപാദിക്കുന്നു. (2 ശമൂവേൽ 6:15) യഹോവയെ സേവിക്കുന്നതിലുള്ള അത്തരം സന്തോഷം ഒരു കഴിഞ്ഞകാല സംഗതിമാത്രമല്ല. നിങ്ങൾക്ക് അതിൽ പങ്കുപററാനാവും. സന്തോഷത്തിന്റെ പുതിയ ഓഹരികൾ പോലും പെട്ടെന്നുതന്നെ നിങ്ങളുടേതായിരിക്കാൻ കഴിയും!
2. യെശയ്യാവു 35-ാം അധ്യായത്തിന് മടങ്ങിപ്പോയ യഹൂദൻമാരിൽ ഉണ്ടായ ആദ്യ നിവൃത്തിക്കു പുറമേ ഇന്ന് ആർ മറെറാരു നിവൃത്തിയിൽ ഉൾപ്പെട്ടിരിക്കുന്നു?
2 മുൻലേഖനത്തിൽ, യെശയ്യാവു 35-ാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഉത്തേജകമായ പ്രവചനത്തിന്റെ പ്രാരംഭനിവൃത്തി നാം പരിശോധിച്ചു. ഇതിനെ ഒരു പുനഃസ്ഥാപനപ്രവചനം എന്നു നമുക്ക് ഉചിതമായി വിളിക്കാൻ കഴിയും, കാരണം അതു പുരാതന യഹൂദൻമാരെ സംബന്ധിച്ച് അങ്ങനെയാണു പരിണമിച്ചത്. അതിനു നമ്മുടെ കാലത്തു സമാനമായ ഒരു നിവൃത്തി ഉണ്ട്. എങ്ങനെ? ശരി, പൊ.യു. (പൊതുയുഗം) 33-ലെ പെന്തെക്കോസ്തിൽ യേശുവിന്റെ അപ്പോസ്തലൻമാരിലും മററുള്ളവരിലും തുടങ്ങി യഹോവ ആത്മീയ ഇസ്രായേലുമായി ഇടപെട്ടുകൊണ്ടിരിക്കുകയാണ്. ഇവർ ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ അഭിഷിക്തരായ മനുഷ്യരാണ്, അവർ “ദൈവത്തിന്റെ യിസ്രായേൽ” എന്ന് അപ്പോസ്തലനായ പൗലോസ് വിളിക്കുന്നതിന്റെ ഭാഗമായിത്തീരുന്നു. (ഗലാത്യർ 6:16; റോമർ 8:15-17) 1 പത്രൊസ് 2:9-ൽ ഈ ക്രിസ്ത്യാനികൾ “തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയ പുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും” എന്നു വിളിക്കപ്പെടുന്നുവെന്നും ഓർക്കുക. “അന്ധകാരത്തിൽനിന്നു തന്റെ അത്ഭുതപ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം” എന്നു പറഞ്ഞുകൊണ്ടു പത്രോസ് ആത്മീയ ഇസ്രായേലിനു കൊടുക്കപ്പെട്ട നിയമനത്തെ തിരിച്ചറിയിക്കുന്നു.
നമ്മുടെ കാലത്ത് ഒരു നിവൃത്തി
3, 4. ആധുനിക കാലങ്ങളിൽ യെശയ്യാവു 34-ാം അധ്യായത്തിന് ഒരു നിവൃത്തി ഉണ്ടായ സാഹചര്യം എന്തായിരുന്നു?
3 ഭൂമിയിലെ ആത്മീയ ഇസ്രായേലിന്റെ ശേഷിപ്പ് അത്തരമൊരു സന്ദേശം ഘോഷിക്കുന്നതിൽ സ്ഥിരമായി സജീവരല്ലാതിരുന്ന ഒരു സമയം ഈ നൂററാണ്ടിന്റെ ആരംഭത്തിലുണ്ടായിരുന്നു. അവർ ദൈവത്തിന്റെ അത്ഭുതപ്രകാശത്തിൽ പൂർണമായി സന്തോഷിക്കുന്നില്ലായിരുന്നു. യഥാർഥത്തിൽ, അവർ ഗണ്യമായ ഇരുട്ടിലായിരുന്നു. അത് എപ്പോഴായിരുന്നു? അതുസംബന്ധിച്ചു യഹോവയാം ദൈവം എന്തു ചെയ്തു?
4 അതു ദൈവത്തിന്റെ മിശിഹൈകരാജ്യം 1914-ൽ സ്വർഗത്തിൽ സ്ഥാപിക്കപ്പെട്ടശേഷം താമസിയാതെ ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിലായിരുന്നു. വിവിധരാജ്യങ്ങളിലെ സഭാവൈദികൻമാരുടെ പിന്തുണയോടെ രാഷ്ട്രങ്ങൾ അന്യോന്യം കോപിച്ചു. (വെളിപ്പാടു 11:17, 18) തീർച്ചയായും ദൈവം ഗർവിഷ്ഠമായ ഏദോം ജനതയോട് എതിരായിരുന്നതുപോലെ, ഉന്നതരായ വൈദികവർഗത്തോടുകൂടിയ വിശ്വാസത്യാഗിയായ ക്രൈസ്തവലോകത്തോട് എതിരായിരുന്നു. അതുകൊണ്ടു പ്രതിമാതൃകയിലെ ഏദോമായ ക്രൈസ്തവലോകം യെശയ്യാവു 34-ാം അധ്യായത്തിന്റെ ആധുനികകാല നിവൃത്തി അനുഭവിക്കാൻ അർഹതയുള്ളതാണ്. ശാശ്വതനാശം മുഖേനയുള്ള ഈ നിവൃത്തി പുരാതന ഏദോമിനെതിരായ ആദ്യ നിവൃത്തിപോലെതന്നെ സുനിശ്ചിതമാണ്.—വെളിപ്പാടു 18:4-8, 19-21.
5. നമ്മുടെ കാലത്തു യെശയ്യാവു 35-ാം അധ്യായത്തിന് ഏതു തരം നിവൃത്തി ഉണ്ടായിരിക്കുന്നു?
5 സന്തോഷത്തിനു ദൃഢത കൊടുക്കുന്ന യെശയ്യായുടെ പ്രവചനത്തിന്റെ 35-ാം അധ്യായത്തെ സംബന്ധിച്ചെന്ത്? അതിനും നമ്മുടെ കാലത്തു നിവൃത്തി ഉണ്ടായിട്ടുണ്ട്. അതെങ്ങനെയാണ്? അത് ഒരുതരം അടിമത്തത്തിൽനിന്നുള്ള ആത്മീയ ഇസ്രായേലിന്റെ പുനഃസ്ഥാപനത്തിൽ നിവർത്തിച്ചിരിക്കുന്നു. ഇപ്പോഴും ജീവിച്ചിരിക്കുന്ന അനേകരുടെ ജീവിതകാലത്തു സംഭവിച്ചുകൊണ്ടിരിക്കുന്ന സമീപകാല ദിവ്യാധിപത്യ ചരിത്രവസ്തുതകൾ നമുക്കു പരിശോധിക്കാം.
6. ആത്മീയ ഇസ്രായേലിന്റെ ശേഷിപ്പ് ഒരു അടിമാവസ്ഥയിലേക്കു വന്നുവെന്നു പറയാവുന്നത് എന്തുകൊണ്ട്?
6 ഒന്നാം ലോകമഹായുദ്ധഘട്ടത്തിൽ താരതമ്യേന ചുരുങ്ങിയ ഒരു കാലത്ത് ആത്മീയ ഇസ്രായേലിന്റെ ശേഷിപ്പ് തികച്ചും ശുദ്ധരായും ദൈവേഷ്ടത്തോടു ചേർച്ചയിലും നിലനിന്നിരുന്നില്ല. അവരിൽ ചിലർ ഉപദേശപരമായി കളങ്കപ്പെട്ടവരായി, യുദ്ധത്തിലേർപ്പെട്ടിരുന്ന രാഷ്ട്രങ്ങളെ പിന്താങ്ങാൻ സമ്മർദം ചെലുത്തപ്പെട്ടപ്പോൾ യഹോവക്കുവേണ്ടി തികച്ചും നിഷ്പക്ഷമായ നില സ്വീകരിക്കാതെ അവർ വിട്ടുവീഴ്ചചെയ്തു. ആ യുദ്ധവർഷങ്ങളിൽ അവർ എല്ലാ രീതിയിലുമുള്ള പീഡനങ്ങളും അനുഭവിച്ചു. അവരുടെ ബൈബിൾസാഹിത്യങ്ങൾ പല സ്ഥലങ്ങളിലും നിരോധിക്കപ്പെടുകപോലും ചെയ്തു. ഒടുവിൽ, കൂടുതൽ പ്രമുഖരായ സഹോദരൻമാരിൽ ചിലർ വ്യാജകുററങ്ങൾ ആരോപിക്കപ്പെട്ടു തടവിലാക്കപ്പെട്ടു. പിന്തിരിഞ്ഞുനോക്കുമ്പോൾ, ഒരർഥത്തിൽ, ദൈവജനം സ്വതന്ത്രരായിരിക്കുന്നതിനു പകരം ഒരു അടിമത്താവസ്ഥയിലായിരുന്നുവെന്നു കാണാൻ പ്രയാസമില്ല. (യോഹന്നാൻ 8:31, 32 താരതമ്യം ചെയ്യുക.) അവർക്ക് ആത്മീയ ദർശനത്തിന്റെ ഗൗരവമായ കുറവുണ്ടായിരുന്നു. (എഫെസ്യർ 1:16-18) ദൈവത്തെ സ്തുതിക്കുന്നതുസംബന്ധിച്ച് അവർ ഒരു ആപേക്ഷിക മൂകത പ്രകടമാക്കി, അവർ ആത്മീയമായി നിഷ്ഫലരായിരുന്നുവെന്നതാണു ഫലം. (യെശയ്യാവു 32:3, 4; റോമർ 14:11; ഫിലിപ്പിയർ 2:11) ഇതു ബാബിലോനിൽ അടിമത്തത്തിലായിരുന്ന പുരാതന യഹൂദൻമാരുടെ അവസ്ഥക്കു സമാന്തരമായിരിക്കുന്നത് എങ്ങനെയെന്നു നിങ്ങൾ കാണുന്നുവോ?
7, 8. ആധുനികകാല ശേഷിപ്പിന് ഏതുതരം പുനഃസ്ഥാപനം അനുഭവപ്പെട്ടു?
7 എന്നാൽ ദൈവം തന്റെ ആധുനികകാല ദാസൻമാരെ ആ അവസ്ഥയിൽ വിടുമോ? ഇല്ല, യെശയ്യാവുമുഖേന മുൻകൂട്ടിപ്പറഞ്ഞതിനോടു ചേർച്ചയിൽ അവരെ പുനഃസ്ഥാപിക്കാൻ അവൻ തീരുമാനിച്ചിരുന്നു. അങ്ങനെ യെശയ്യാവു 35-ാം അധ്യായത്തിലെ ഇതേ പ്രവചനത്തിന് ഒരു ആത്മീയ പറുദീസയിലെ ഐശ്വര്യത്തിലും ആരോഗ്യത്തിലും ആത്മീയ ഇസ്രായേലിന്റെ ശേഷിപ്പിനു പുനഃസ്ഥാപനമുണ്ടായതോടെ നമ്മുടെ കാലത്തു വ്യക്തമായ ഒരു നിവൃത്തി ഉണ്ടാകുന്നു. യെശയ്യാപ്രവചനത്തിന്റെ ഈ ഭാഗത്തിനു നാം ഒരു ആത്മീയബാധകമാക്കൽ നടത്തുന്നതിന്റെ സാധുതയെ പിന്താങ്ങിക്കൊണ്ടു പൗലോസ് എബ്രായർ 12:12-ൽ ഒരു ആലങ്കാരികാർഥത്തിൽ യെശയ്യാവു 35:3 ബാധകമാക്കി.
8 യുദ്ധാനന്തര കാലഘട്ടത്തിൽ, ആത്മീയ ഇസ്രായേലിൽ ശേഷിച്ച അഭിഷിക്തർ, ആലങ്കാരികമായി പറഞ്ഞാൽ, അടിമത്തത്തിൽനിന്നു പുറത്തുവന്നു. അവരെ വിമോചിപ്പിക്കാൻ യഹോവയാം ദൈവം വലിപ്പമേറിയ കോരേശായ യേശുക്രിസ്തുവിനെ ഉപയോഗിച്ചു. അങ്ങനെ, യെരുശലേമിൽ അക്ഷരീയാലയം പുനർനിർമിക്കുന്നതിനു സ്വദേശത്തേക്കു മടങ്ങിപ്പോയ പുരാതന യഹൂദൻമാരുടെ ശേഷിപ്പിന്റെ വേലയോടു താരതമ്യപ്പെടുത്താവുന്ന ഒരു പുനർനിർമാണവേല ഈ ശേഷിപ്പിനു ചെയ്യാൻ കഴിഞ്ഞു. തന്നെയുമല്ല, ആധുനികകാലങ്ങളിലെ ഈ ആത്മീയ ഇസ്രായേല്യർക്കു തഴച്ചുവളരുന്ന ഒരു ആത്മീയ പറുദീസ, ഒരു ആലങ്കാരിക ഏദെൻതോട്ടം, നട്ടുപിടിപ്പിച്ചുതുടങ്ങാൻ കഴിഞ്ഞു.
9. യെശയ്യാവു 35:1, 2, 5-7-ൽ വർണിച്ചിരിക്കുന്നതുപോലെ ഒരു സംഗതി നമ്മുടെ കാലത്തു വികാസം പ്രാപിച്ചതെങ്ങനെ?
9 മേൽപ്രസ്താവിച്ചതു മനസ്സിൽ വെച്ചുകൊണ്ട്, നമുക്ക് ഒരിക്കൽകൂടെ യെശയ്യാവു 35-ാം അധ്യായം പരിചിന്തിക്കുകയും 1-ഉം 2-ഉം വാക്യങ്ങൾ ആദ്യംതന്നെ നോക്കുകയും ചെയ്യാം. വെള്ളമില്ലാത്തതായി തോന്നിയ ഒരു പ്രദേശം വാസ്തവമായി പുഷ്പിക്കാനും പുരാതന ശാരോൻസമതലങ്ങൾപോലെ ഫലവത്താകാനും തുടങ്ങി. ഇനി 5 മുതൽ 7 വരെയുള്ള വാക്യങ്ങൾ നോക്കുക. ശേഷിപ്പിന്റെ വിവേകക്കണ്ണുകൾ തുറന്നു, അവരിൽ പലരും ഇപ്പോഴും ജീവിച്ചിരിക്കുകയും യഹോവയുടെ സേവനത്തിൽ കർമനിരതരായിരിക്കയും ചെയ്യുന്നു. 1914-ലും പിന്നീടും സംഭവിച്ചിരുന്നതിന്റെ അർഥം അവർക്കു മെച്ചമായി കാണാൻ കഴിഞ്ഞു. അതിന് ഇപ്പോൾ ശേഷിപ്പിനോടൊത്തു സേവിക്കുന്ന “മഹാപുരുഷാര”മായിരിക്കുന്ന നമ്മിലനേകരുടെമേലും ഒരു സ്വാധീനമുണ്ടായിരുന്നിട്ടുണ്ട്.—വെളിപ്പാടു 7:9.
നിങ്ങൾ നിവൃത്തിയിൽ ഉൾപ്പെടുന്നുവോ?
10, 11. (എ) യെശയ്യാവു 35:5-7-ന്റെ നിവൃത്തിയിൽ നിങ്ങൾ ഉൾപ്പെട്ടിരിക്കുന്നത് എങ്ങനെ? (ബി) ഈ മാററങ്ങൾ സംബന്ധിച്ചു നിങ്ങൾ വ്യക്തിപരമായി എങ്ങനെ വിചാരിക്കുന്നു?
10 നിങ്ങളെത്തന്നെ ദൃഷ്ടാന്തമായി എടുക്കുക. നിങ്ങൾ യഹോവയുടെ സാക്ഷികളുമായി സമ്പർക്കത്തിൽ വരുന്നതിനുമുമ്പ്, ബൈബിൾ ക്രമമായി വായിച്ചിരുന്നുവോ? വായിച്ചിരുന്നെങ്കിൽതന്നെ നിങ്ങൾക്ക് എന്തുമാത്രം ഗ്രാഹ്യം ലഭിച്ചിരുന്നു? ഉദാഹരണത്തിന്, നിങ്ങൾക്ക് ഇപ്പോൾ മരിച്ചവരുടെ അവസ്ഥയെക്കുറിച്ചുള്ള സത്യം അറിയാം. സാധ്യതയനുസരിച്ച് ഈ സംഗതിയിൽ താത്പര്യമുള്ള ഒരാളെ ഉല്പത്തി അധ്യായം 2, സഭാപ്രസംഗി അധ്യായം 9, യെഹെസ്കേൽ അധ്യായം 18 എന്നിവിടങ്ങളിലെ പ്രസക്തവാക്യങ്ങളിലേക്കും മററനേകം തിരുവെഴുത്തുകളിലേക്കും നയിക്കാൻ നിങ്ങൾക്കു കഴിയും. അതെ, പല വിഷയങ്ങളോ പ്രശ്നങ്ങളോ സംബന്ധിച്ചു ബൈബിൾ പഠിപ്പിക്കുന്നതു നിങ്ങൾക്കു മനസ്സിലാകുന്നുണ്ടാകാം. ലളിതമായി പറഞ്ഞാൽ, ബൈബിൾ നിങ്ങൾക്ക് അർഥവത്താണ്, നിസ്സംശയമായി നിങ്ങൾ ചെയ്തിട്ടുള്ളതുപോലെ അതിൽ അധികവും മററുള്ളവർക്കു വിശദീകരിച്ചുകൊടുക്കാൻ നിങ്ങൾക്കു കഴിയും.
11 എന്നിരുന്നാലും, ‘ബൈബിൾസത്യം സംബന്ധിച്ച് എനിക്ക് അറിയാവുന്നതെല്ലാം ഞാൻ എങ്ങനെ പഠിച്ചു? യഹോവയുടെ ജനത്തോടുകൂടെ പഠിക്കുന്നതിനു മുമ്പ് ഇപ്പോൾ പറഞ്ഞ തിരുവെഴുത്തുകളെല്ലാം ഞാൻ കണ്ടുപിടിച്ചിരുന്നോ? അവയുടെ അർഥം എനിക്കു മനസ്സിലാകുകയും അവയുടെ പ്രാധാന്യം സംബന്ധിച്ചു ശരിയായ നിഗമനങ്ങളിലെത്തുകയും ചെയ്തിരുന്നോ?’ എന്നു നാമോരുത്തരും ചോദിക്കുന്നത് ഉചിതമാണ്. ഈ ചോദ്യങ്ങൾക്കുള്ള നിർവ്യാജമായ ഉത്തരം ഇല്ല എന്നായിരിക്കാനിടയുണ്ട്. ഇത്തരമൊരു പ്രസ്താവനയിൽ ആരും മുഷിയരുത്, എന്നാൽ ഈ വാക്യങ്ങളും അവയുടെ അർഥവും സംബന്ധിച്ചു നിങ്ങൾ അടിസ്ഥാനപരമായി, അന്ധരായിരുന്നു എന്നു പറയാവുന്നതാണ്. അങ്ങനെയല്ലേ? അവ ബൈബിളിലുണ്ടായിരുന്നു, എന്നാൽ നിങ്ങൾക്ക് അവയെ തിരിച്ചറിയാനോ അവയുടെ അർഥം ഗ്രഹിക്കാനോ കഴിഞ്ഞിരുന്നില്ല. അപ്പോൾ നിങ്ങളുടെ കണ്ണുകൾ ആത്മീയമായി എങ്ങനെ തുറക്കപ്പെട്ടു? അത് അഭിഷിക്ത ശേഷിപ്പിൻമേൽ യെശയ്യാവു 35:5 നിവർത്തിക്കുന്നതിൽ യഹോവ ചെയ്തിരിക്കുന്നതു മുഖേനയാണ്. ക്രമത്തിൽ, നിങ്ങളുടെ കണ്ണു തുറന്നുകിട്ടി. നിങ്ങൾ മേലാൽ ആത്മീയമായ ഇരുട്ടിലല്ല. നിങ്ങൾക്കു കാണാൻ കഴിയും.—വെളിപ്പാടു 3:17, 18 താരതമ്യം ചെയ്യുക.
12. (എ) ഇത് അത്ഭുതകരമായ ശാരീരികസൗഖ്യമാക്കലിനുള്ള സമയമല്ലെന്നു നമുക്കു പറയാനാവുന്നതെന്തുകൊണ്ട്? (ബി) എഫ്. ഡബ്ലിയൂ. ഫ്രാൻസ് സഹോദരന്റെ കാര്യം നമ്മുടെ കാലത്തു യെശയ്യാവു 35:5 നിവർത്തിക്കുന്നതിന്റെ വിധത്തെ ചിത്രീകരിക്കുന്നത് എങ്ങനെ?
12 ബൈബിളും നൂററാണ്ടുകളിലെ ദൈവത്തിന്റെ ഇടപെടലുകളും സൂക്ഷ്മമായി പഠിക്കുന്നവർക്ക് ഇതു ശാരീരികസൗഖ്യമാക്കലിന്റെ അത്ഭുതങ്ങൾക്കുള്ള ചരിത്രകാലഘട്ടമല്ലെന്ന് അറിയാം. (1 കൊരിന്ത്യർ 13:8-10) അതുകൊണ്ടു യേശുക്രിസ്തു താൻ ദൈവത്തിന്റെ പ്രവാചകനായ മിശിഹായാണെന്നു തെളിയിച്ചുകൊണ്ടു കുരുട്ടുകണ്ണുകൾ തുറക്കാൻ നാം പ്രതീക്ഷിക്കുന്നില്ല. (യോഹന്നാൻ 9:1-7, 30-33) വീണ്ടും കേൾക്കാൻ അവൻ സകല ബധിരരെയും പ്രാപ്തരാക്കുന്നുമില്ല. അഭിഷിക്തരിൽ ഒരാളും വാച്ച്ടവർ സൊസൈററിയുടെ പ്രസിഡണ്ടുമായിരുന്ന ഫ്രെഡറിക് ഡബ്ലിയൂ. ഫ്രാൻസ് 100 വയസ്സിനോടടുത്തപ്പോൾ നിയമപരമായി അന്ധനായിരുന്നു, ശ്രവണസഹായിയും ഉപയോഗിക്കേണ്ടിവന്നു. കുറേ വർഷത്തേക്കു വായിക്കുന്നതിനു മേലാൽ അദ്ദേഹത്തിനു കാണാൻ കഴിഞ്ഞിരുന്നില്ല; എന്നിരുന്നാലും യെശയ്യാവു 35:5-ലെ അർഥത്തിൽ അദ്ദേഹം അന്ധനോ ബധിരനോ ആയിരുന്നതായി ആർക്കു ചിന്തിക്കാൻ കഴിയുമായിരുന്നു? അദ്ദേഹത്തിന്റെ സൂക്ഷ്മമായ ആത്മീയ കാഴ്ച ഭൂവ്യാപകമായുള്ള ദൈവജനത്തിന് ഒരു അനുഗ്രഹമായിരുന്നു.
13. ദൈവത്തിന്റെ ആധുനികകാല ജനത്തിന് ഏതു മാററം അല്ലെങ്കിൽ പുനഃസ്ഥാപനം അനുഭവപ്പെട്ടു?
13 അല്ലെങ്കിൽ നിങ്ങളുടെ നാവിനെസംബന്ധിച്ചെന്ത്? ദൈവത്തിന്റെ അഭിഷിക്തർ തങ്ങളുടെ ആത്മീയ അടിമത്തത്തിന്റെ കാലത്ത് ഊമരാക്കപ്പെട്ടിരിക്കാം. എന്നാൽ ദൈവം ആ അവസ്ഥക്കു മാററംവരുത്തിയപ്പോൾ ദൈവത്തിന്റെ സ്ഥാപിതരാജ്യത്തെക്കുറിച്ചും ഭാവിയെസംബന്ധിച്ച വാഗ്ദത്തങ്ങളെക്കുറിച്ചും തങ്ങൾ അറിഞ്ഞതുസംബന്ധിച്ച് അവരുടെ നാവുകൾ സന്തോഷിച്ചാർക്കാൻ തുടങ്ങി. നിങ്ങളുടെ നാവിന്റെ കെട്ടഴിക്കാനും അവർ നിങ്ങളെ സഹായിച്ചിരിക്കാം. കഴിഞ്ഞ കാലത്തു നിങ്ങൾ മററുള്ളവരോട് എത്രത്തോളം ബൈബിൾ സത്യം സംസാരിച്ചിരുന്നു? ഏതെങ്കിലും ഘട്ടത്തിൽ, ‘പഠനം എനിക്കു രസമാണ്, എന്നാൽ ഞാൻ ഒരിക്കലും പോയി അപരിചിതരോടു സംസാരിക്കുകയില്ല’ എന്നു നിങ്ങൾ വിചാരിച്ചിരിക്കാം. എന്നാൽ ഇപ്പോൾ “ഊമന്റെ നാവു” ‘ഉല്ലസിച്ചു ഘോഷിക്കുന്നു’വെന്നതു സത്യമല്ലേ?—യെശയ്യാവു 35:6.
14, 15. അനേകർ നമ്മുടെ കാലത്ത് എങ്ങനെ “വിശുദ്ധവഴി”യിലൂടെ നടന്നിരിക്കുന്നു?
14 ബാബിലോനിൽനിന്നു വിമോചിതരായ പുരാതന യഹൂദൻമാർ തങ്ങളുടെ സ്വദേശത്തേക്കു ദീർഘയാത്ര നടത്തേണ്ടതുണ്ടായിരുന്നു. അതു നമ്മുടെ കാലത്ത് എന്തിനോട് ഒത്തുവരുന്നു? ശരി, യെശയ്യാവു 35:8-ൽ നോക്കുക: “അവിടെ ഒരു പെരുവഴിയും പാതയും ഉണ്ടാകും; അതിന്നു വിശുദ്ധവഴി എന്നു പേരാകും; ഒരു അശുദ്ധനും അതിൽകൂടി കടന്നുപോകയില്ല.”
15 ആത്മീയ അടിമത്തത്തിൽനിന്നുള്ള തങ്ങളുടെ വിമോചനത്തിനുശേഷം അഭിഷിക്തശേഷിപ്പ് ഇപ്പോൾ വേറെ ആടുകളിലെ ലക്ഷങ്ങളോടൊപ്പം ഒരുവനെ ആത്മീയ പറുദീസയിലേക്കു നയിക്കുന്ന ഒരു ആലങ്കാരികപെരുവഴിയിലേക്ക്, നിർമലമായ ഒരു വിശുദ്ധവഴിയിലേക്ക്, മഹാബാബിലോനിൽനിന്നു പുറത്തുവന്നിരിക്കുന്നു. വിശുദ്ധിയുടെ ഈ പെരുവഴിയിൽ കടക്കാൻ യോഗ്യത പ്രാപിക്കാനും അതിൽ നിലനിൽക്കാനും നാം സകല ശ്രമവും ചെയ്തുകൊണ്ടിരിക്കയാണ്. നിങ്ങളെക്കുറിച്ചുതന്നെ ചിന്തിക്കുക. ഇപ്പോൾ നിങ്ങളുടെ ധാർമികനിലവാരങ്ങളും നിങ്ങൾ പററിനിൽക്കുന്ന തത്ത്വങ്ങളും നിങ്ങൾ ലോകത്തിലായിരുന്നപ്പോഴത്തേതിനെക്കാൾ വളരെയധികം ഉയർന്നതല്ലേ? നിങ്ങളുടെ ചിന്തയും നടത്തയും ദൈവത്തിന്റേതിനോട് അനുരൂപപ്പെടുത്താൻ നിങ്ങൾ കൂടിയ ശ്രമം ചെലുത്തുന്നില്ലേ?—റോമർ 8:12, 13; എഫെസ്യർ 4:22-24.
16. നാം വിശുദ്ധവഴിയിലൂടെ നടക്കുമ്പോൾ ഏത് അവസ്ഥകൾ നമുക്ക് ആസ്വദിക്കാൻ കഴിയും?
16 ഈ വിശുദ്ധവഴിയിൽ നിങ്ങൾ യാത്ര തുടരുമ്പോൾ മൃഗതുല്യരായ മനുഷ്യരെ നിങ്ങൾക്ക് അടിസ്ഥാനപരമായി ഭയമില്ല. ലോകത്തിൽ അത്യാഗ്രഹികളോ വിദ്വേഷം നിറഞ്ഞവരോ ആയ ആളുകൾ നിങ്ങളെ ആലങ്കാരികമായി ജീവനോടെ വിഴുങ്ങാതിരിക്കാൻ സൂക്ഷിക്കേണ്ടതുണ്ട് എന്നതു സത്യം. മററുള്ളവരോട് ഇടപെടുന്നതിൽ അനേകർ അത്യാർത്തിയുള്ളവരാണ്. ദൈവജനത്തിന്റെ ഇടയിൽ എന്തൊരു അന്തരം! അവിടെ നിങ്ങൾ ഒരു സംരക്ഷിത ചുററുപാടിലാണ്. തീർച്ചയായും, നിങ്ങളുടെ സഹക്രിസ്ത്യാനികൾ പൂർണരല്ല; ചിലപ്പോൾ ചിലർ ഒരു തെററു ചെയ്യുകയോ ഇടർച്ചക്കിടയാക്കുകയോ ചെയ്യുന്നു. എന്നാൽ നിങ്ങളുടെ സഹോദരൻമാർ നിങ്ങളെ ഉപദ്രവിക്കാനോ വിഴുങ്ങിക്കളയാനോ മനഃപൂർവം ശ്രമിക്കുകയല്ലെന്നു നിങ്ങളറിയുന്നു. (സങ്കീർത്തനം 57:4; യെഹെസ്കേൽ 22:25; ലൂക്കൊസ് 20:45-47; പ്രവൃത്തികൾ 20:29; 2 കൊരിന്ത്യർ 11:19, 20; ഗലാത്യർ 5:15) പകരം, അവർ നിങ്ങളിൽ താത്പര്യം പ്രകടമാക്കുന്നു; അവർ നിങ്ങളെ സഹായിച്ചിരിക്കുന്നു; അവർ നിങ്ങളോടൊപ്പം സേവിക്കാനാഗ്രഹിക്കുന്നു.
17, 18. ഇപ്പോൾ ഏതർഥത്തിൽ ഒരു പറുദീസ സ്ഥിതിചെയ്യുന്നു, ഇതിനു നമ്മുടെമേലുള്ള ഫലമെന്ത്?
17 അതുകൊണ്ട്, 1 മുതൽ 8 വരെയുള്ള വാക്യങ്ങളുടെ ഇപ്പോഴത്തെ നിവൃത്തി മനസ്സിൽ പിടിച്ചുകൊണ്ടു നമുക്കു യെശയ്യാവു 35-ാം അധ്യായത്തിലേക്കു നോക്കാവുന്നതാണ്. ശരിയായിത്തന്നെ ആത്മീയ പറുദീസയെന്നു വിളിക്കുന്നതു നാം കണ്ടെത്തിയിരിക്കുന്നുവെന്നു വ്യക്തമല്ലേ? ശരി, അതു പൂർണമല്ല—ഇപ്പോഴും. എന്നാൽ അതു സത്യമായി ഒരു പറുദീസയാണ്, എന്തെന്നാൽ ഇവിടെ നമുക്ക്, 2-ാം വാക്യത്തിൽ പ്രസ്താവിച്ചതുപോലെ, ഇപ്പോൾത്തന്നെ “യഹോവയുടെ മഹത്വവും നമ്മുടെ ദൈവത്തിന്റെ തേജസ്സും” കാണാനാവും. ഫലമെന്താണ്? 10-ാം വാക്യം പറയുന്നു: “യഹോവയാൽ വീണ്ടെടുക്കപ്പെട്ടവർ മടങ്ങി ഉല്ലാസഘോഷത്തോടെ സീയോനിലേക്കു വരും; നിത്യാനന്ദം അവരുടെ തലമേൽ ഉണ്ടായിരിക്കും; അവർ ആനന്ദവും സന്തോഷവും പ്രാപിക്കും; ദുഃഖവും നെടുവീർപ്പും ഓടിപ്പോകും.” സത്യമായി, നാം വ്യാജമതത്തിൽനിന്നു പുറത്തുപോന്നിരിക്കുന്നതും ദൈവപ്രീതിയോടെ സത്യാരാധനയിൽ ഏർപ്പെടുന്നതും സന്തോഷപ്രചോദകമാണ്.
18 സത്യാരാധനയോടു ബന്ധപ്പെട്ട സന്തോഷം വർധിച്ചുകൊണ്ടേയിരിക്കയാണ്, അല്ലേ? പുതിയ താത്പര്യക്കാർ മാററങ്ങൾ വരുത്തുന്നതും ബൈബിൾ സത്യത്തിൽ ഉറച്ചവരായിത്തീരുന്നതും നിങ്ങൾ കാണുന്നു. യുവജനങ്ങൾ വളർന്നു സഭയിൽ ആത്മീയ പുരോഗതി നേടുന്നതു നിങ്ങൾ നിരീക്ഷിക്കുന്നു. സ്നാപനങ്ങൾ നടക്കുന്നു, അവിടെ നിങ്ങൾക്കറിയാവുന്നവർ സ്നാപനമേൽക്കുന്നതു നിങ്ങൾ കാണുന്നു. അവ ഇന്നു സന്തോഷത്തിന്, സമൃദ്ധമായ സന്തോഷത്തിന്, കാരണമല്ലേ? അതേ, നമ്മുടെ ആത്മീയ സ്വാതന്ത്ര്യത്തിലും പറുദീസായവസ്ഥകളിലും മററുള്ളവർ നമ്മോടു ചേരുന്നത് എന്തു സന്തോഷമാണ്!
ഭാവിയിൽ ഒരു നിവൃത്തി!
19. യെശയ്യാവു 35-ാം അധ്യായം ഏത് ആശാവഹമായ പ്രതീക്ഷ നമ്മിൽ നിറയ്ക്കുന്നു?
19 നാം ഇത്രത്തോളം പരിചിന്തിച്ചതു യഹൂദൻമാരുടെ മടങ്ങിപ്പോക്കോടെ നടന്ന യെശയ്യാവു 35-ാം അധ്യായത്തിന്റെ ആദ്യനിവൃത്തിയും ഇന്നു തുടർന്നുകൊണ്ടിരിക്കുന്ന ആത്മീയ നിവൃത്തിയുമാണ്. എന്നാൽ അവസാനം അതല്ല. വളരെയധികംകൂടെയുണ്ട്. അതു ഭൂമിയിൽ വരാനിരിക്കുന്ന അക്ഷരീയ പറുദീസായവസ്ഥകളുടെ പുനഃസ്ഥാപനം സംബന്ധിച്ച ബൈബിൾപരമായ ഉറപ്പിനോടു ബന്ധപ്പെട്ടിരിക്കുന്നു.—സങ്കീർത്തനം 37:10, 11; വെളിപ്പാടു 21:4, 5.
20, 21. യെശയ്യാവു 35-ാം അധ്യായത്തിന് ഇനി മറെറാരു നിവൃത്തി ഉണ്ടായിരിക്കുമെന്നു വിശ്വസിക്കുന്നതു യുക്തിയുക്തവും തിരുവചനാനുസൃതവുമായിരിക്കുന്നത് എന്തുകൊണ്ട്?
20 ഒരു പറുദീസയുടെ ഉജ്ജ്വലമായ വർണനകൾ നൽകിയിട്ട് അതിന്റെ നിവൃത്തികൾ ആത്മീയ കാര്യങ്ങൾക്കു പരിമിതപ്പെടുത്തുന്നതു യഹോവയെസംബന്ധിച്ചു പൊരുത്തപ്പെടുന്നതായിരിക്കയില്ല. തീർച്ചയായും, ആത്മീയ നിവൃത്തികൾ അപ്രധാനമാണെന്നല്ല ഈ പറയുന്നത്. ഒരു അക്ഷരീയ പറുദീസ സ്ഥാപിച്ചാലും മനോഹരമായ പ്രകൃതിദൃശ്യങ്ങളുടെയും ശാന്തതയുള്ള മൃ ഗങ്ങളുടെയും ഇടയിൽ നാം ആത്മീയമായി ദുഷിച്ച ആളുകളാൽ, കാട്ടുമൃഗങ്ങളെപ്പോലെ വർത്തിക്കുന്ന മനുഷ്യരാൽ, ചുററപ്പെടുന്നുവെങ്കിൽ അതു നമ്മെ തൃപ്തരാക്കുകയില്ല. (തീത്തൊസ് 1:12 താരതമ്യം ചെയ്യുക.) അതേ, ആത്മീയം ആദ്യം വരണം, കാരണം അതാണ് ഏററം പ്രധാനം.
21 എന്നിരുന്നാലും, വരാനിരിക്കുന്ന പറുദീസ നാം ഇപ്പോൾ ആസ്വദിക്കുന്നതും ഇനി ഭാവിയിൽ കൂടുതലായിപ്പോലും ആസ്വദിക്കാനിരിക്കുന്നതുമായ ആത്മീയവശങ്ങൾകൊണ്ട് അവസാനിക്കുന്നില്ല. യെശയ്യാവു 35-ാം അധ്യായം പോലുള്ള പ്രവചനങ്ങളുടെ ഒരു അക്ഷരീയ നിവൃത്തി പ്രതീക്ഷിക്കുന്നതിനു നമുക്കു നല്ല കാരണമുണ്ട്. എന്തുകൊണ്ട്? ശരി, 65-ാം അധ്യായത്തിൽ യെശയ്യാവ് “പുതിയ ആകാശവും പുതിയ ഭൂമിയും” മുൻകൂട്ടിപ്പറഞ്ഞു. യഹോവയുടെ ദിവസത്തെ തുടർന്നുവരുന്ന കാര്യങ്ങളെ വർണിച്ചപ്പോൾ അപ്പോസ്തലനായ പത്രോസ് ആ തിരുവെഴുത്തു ബാധകമാക്കി. (യെശയ്യാവു 65:17, 18; 2 പത്രൊസ് 3:10-13) “പുതിയ ഭൂമി” ഒരു യാഥാർഥ്യമായിത്തീരുമ്പോൾ യെശയ്യാവ് വർണിച്ച സവിശേഷതകൾ യഥാർഥത്തിൽ സ്ഥിതിചെയ്യുമെന്നു പത്രോസ് സൂചിപ്പിക്കുകയായിരുന്നു. അതിൽ നിങ്ങൾക്കു പരിചിതമായിരിക്കാവുന്ന വർണനകൾ ഉൾപ്പെടുന്നു—വീടുകൾ പണിത് അതിൽ പാർക്കുന്നത്; മുന്തിരിത്തോട്ടം നട്ടുണ്ടാക്കി ഫലം ഭക്ഷിക്കുന്നത്; ഒരുവന്റെ കൈകളുടെ പ്രവൃത്തി ദീർഘനാൾ ആസ്വദിക്കുന്നത്; ചെന്നായും കുഞ്ഞാടും ഒരുമിച്ചു വസിക്കുന്നത്; ഭൂവ്യാപകമായി യാതൊരു ദോഷവും ഭവിക്കാതിരിക്കുന്നത്. മററുവാക്കുകളിൽ പറഞ്ഞാൽ, ദീർഘായുസ്സ്, സുരക്ഷിതഭവനങ്ങൾ, സമൃദ്ധമായ ആഹാരം, സംതൃപ്തികരമായ ജോലി, മൃഗങ്ങളുടെ ഇടയിലും മൃഗങ്ങളും മനുഷ്യരും തമ്മിലുമുള്ള സമാധാനം.
22, 23. യെശയ്യാവു 35-ാം അധ്യായത്തിന്റെ ഭാവി നിവൃത്തിയിൽ സന്തോഷത്തിന് എന്തടിസ്ഥാനമുണ്ടായിരിക്കും?
22 ആ പ്രത്യാശ നിങ്ങളെ സന്തോഷംകൊണ്ടു നിറയ്ക്കുന്നില്ലേ? നിറയ്ക്കണം, കാരണം അങ്ങനെ ജീവിക്കാനാണു ദൈവം നമ്മെ സൃഷ്ടിച്ചത്. (ഉല്പത്തി 2:7-9) അതുകൊണ്ട്, നാം പരിചിന്തിക്കുന്ന യെശയ്യാവു 35-ാം അധ്യായത്തിലെ പ്രവചനം സംബന്ധിച്ച് അത് എന്തർഥമാക്കുന്നു? സന്തോഷത്താൽ ആർത്തുഘോഷിക്കുന്നതിനു നമുക്കു കൂടുതലായ കാരണമുണ്ടെന്ന് അതർഥമാക്കുന്നു. അക്ഷരീയ മരുഭൂമികളും വെള്ളമില്ലാത്ത പ്രദേശങ്ങളും നാം സന്തോഷിക്കാനിടയാക്കിക്കൊണ്ടു പൂവണിയും. അന്നു നീലയോ തവിട്ടുനിറമോ ഉല്ലാസപ്രദമായ മറേറതെങ്കിലും നിറമോ ഉള്ള കണ്ണുള്ളവർ, എന്നാൽ ഇപ്പോൾ കുരുടരായിരിക്കുന്നവർ, കാണാൻ പ്രാപ്തരാകും. ബധിരരായിരിക്കുന്ന നമ്മുടെ സഹക്രിസ്ത്യാനികളോ നമ്മിൽ കേൾവിക്കുറവുള്ളവർപോലുമോ വ്യക്തമായി കേൾക്കാൻ പ്രാപ്തരായിത്തീരും. ദൈവവചനം വായിക്കുന്നതും വിശദീകരിക്കുന്നതും കേൾക്കാനും വൃക്ഷങ്ങളിലെ കാററിന്റെ ശബ്ദങ്ങളും ഒരു കുട്ടിയുടെ ചിരിയും ഒരു പക്ഷിയുടെ പാട്ടും ശ്രദ്ധിക്കാനും ആ പ്രാപ്തി ഉപയോഗിക്കുന്നത് എന്തൊരു സന്തോഷമായിരിക്കും!
23 ഇപ്പോൾ സന്ധിവാതം ബാധിച്ചവർ ഉൾപ്പെടെ മുടന്തർ വേദനയില്ലാതെ സഞ്ചരിക്കുമെന്നും അതർഥമാക്കും. എന്തൊരാശ്വാസം! അന്നു മരുഭൂമിയിലൂടെ വെള്ളത്തിന്റെ അക്ഷരീയ കുത്തൊഴുക്കുകൾ പൊട്ടിപ്പുറപ്പെടും. നാം തിരയടിക്കുന്ന വെള്ളം കാണുകയും അതിന്റെ ഗുളുഗുളുശബ്ദം കേൾക്കുകയും ചെയ്യും. നമുക്ക് അവിടെ നടക്കാനും പച്ചപ്പുല്ലിലും ഞാങ്ങണച്ചെടിയിലും തൊടാനും കഴിയും. അതു വാസ്തവത്തിൽ പുനഃസ്ഥാപിക്കപ്പെട്ട പറുദീസയായിരിക്കും. ഭയലേശമെന്യേ ഒരു സിംഹത്തോടുകൂടെയോ അത്തരം മറ്റേതെങ്കിലും മൃഗത്തോടുകൂടെയോ ആയിരിക്കുന്നതിന്റെ സന്തോഷം സംബന്ധിച്ചെന്ത്? നാം അതു വർണിച്ചുതുടങ്ങേണ്ടതില്ല, കാരണം നമ്മളെല്ലാം ആ രംഗം ഇപ്പോൾത്തന്നെ സങ്കൽപ്പിച്ചാസ്വദിച്ചിട്ടുണ്ട്.
24. യെശയ്യാവു 35:10-ലെ പ്രസ്താവനയോടു നിങ്ങൾക്കു യോജിക്കാവുന്നത് എന്തുകൊണ്ട്?
24 യെശയ്യാവു നമുക്ക് ഇങ്ങനെ ഉറപ്പുനൽകുന്നു: “യഹോവയാൽ വീണ്ടെടുക്കപ്പെട്ടവർ മടങ്ങി ഉല്ലാസഘോഷത്തോടെ സീയോനിലേക്കു വരും; നിത്യാനന്ദം അവരുടെ തലമേൽ ഉണ്ടായിരിക്കും.” അതുകൊണ്ട് നമുക്കു സന്തോഷത്താൽ ആർത്തുഘോഷിക്കുന്നതിനു കാരണമുണ്ടെന്നു സമ്മതിക്കാം. നമ്മുടെ ആത്മീയ പറുദീസയിലെ തന്റെ ജനത്തിനുവേണ്ടി യഹോവ ഇപ്പോൾത്തന്നെ ചെയ്തുകൊണ്ടിരിക്കുന്നതിനെ പ്രതിയുള്ള സന്തോഷത്താലും സമീപിച്ചിരിക്കുന്ന അക്ഷരീയ പറുദീസയിൽ നമുക്കു പ്രതീക്ഷിക്കാവുന്നതിനെപ്രതിയുള്ള സന്തോഷത്താലും തന്നെ. സന്തോഷമുള്ളവരെക്കുറിച്ച്—നമ്മെക്കുറിച്ച്—യെശയ്യാവ് എഴുതുന്നു: “അവർ ആനന്ദവും സന്തോഷവും പ്രാപിക്കും; ദുഃഖവും നെടുവീർപ്പും ഓടിപ്പോകും.”—യെശയ്യാവു 35:10.
നിങ്ങൾ ശ്രദ്ധിച്ചോ?
◻ യെശയ്യാവു 35-ാം അധ്യായത്തിന് ഏതു രണ്ടാം നിവൃത്തി ഉണ്ടായിട്ടുണ്ട്?
◻ യെശയ്യാവു മുൻകൂട്ടിപ്പറഞ്ഞ അത്ഭുതകരമായ മാററങ്ങളോട് ആത്മീയമായി ഒത്തുവരുന്നത് എന്ത്?
◻ ഈ പ്രവചനത്തിന്റെ ഒരു നിവൃത്തിയിൽ നിങ്ങൾ പങ്കുപററിയിരിക്കുന്നത് എങ്ങനെ?
◻ യെശയ്യാവു 35-ാം അധ്യായം നമ്മിൽ ഭാവിപ്രത്യാശ നിറയ്ക്കുന്നുവെന്നു പറയാവുന്നത് എന്തുകൊണ്ട്?
[അധ്യയന ചോദ്യങ്ങൾ]
[15-ാം പേജിലെ ചിത്രം]
1918 ജൂണിൽ ഏഴു പ്രമുഖ സഹോദരൻമാർ തടവിലാക്കപ്പെട്ടിരുന്ന ന്യൂയോർക്കിലുള്ള ബ്രുക്ലിനിലെ റെയ്മണ്ട് സ്ട്രീററ് ജയിൽ
[16-ാം പേജിലേ ചിത്രം]
ഫ്രാൻസ് സഹോദരൻ തന്റെ പിൽക്കാല വർഷങ്ങളിൽ നിയമപരമായി അന്ധനായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ആത്മീയ കാഴ്ച ശക്തമായി നിലനിന്നു
[17-ാം പേജിലെ ചിത്രം]
ആത്മീയ വളർച്ചയും പുരോഗതിയും സന്തോഷത്തിനുള്ള കാരണങ്ങളാണ്