വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ കാണുന്ന കാര്യങ്ങൾക്ക്‌ അതീതമായി നോക്കുക!

നിങ്ങൾ കാണുന്ന കാര്യങ്ങൾക്ക്‌ അതീതമായി നോക്കുക!

നിങ്ങൾ കാണുന്ന കാര്യ​ങ്ങൾക്ക്‌ അതീത​മാ​യി നോക്കുക!

നല്ല ഭൗതിക കാഴ്‌ച ഒരു അനു​ഗ്ര​ഹ​മാണ്‌. യഥാർഥ​ത്തിൽ തങ്ങൾക്കുള്ള അധികം കാര്യങ്ങൾ അതി​നെ​ക്കാൾ വിലയു​ള്ള​താ​യി​രി​ക്കു​ന്നി​ല്ലെന്നു മിക്കയാ​ളു​ക​ളും പറയും. എന്നിരു​ന്നാ​ലും, ക്രിസ്‌ത്യാ​നി​കൾക്കു നല്ല ഭൗതിക കാഴ്‌ച​യെ​ക്കാൾ പോലും വില​യേ​റി​യ​താ​യി അപ്പോ​സ്‌ത​ല​നായ പൗലോസ്‌ പറഞ്ഞ ഒരുതരം കാഴ്‌ച​യുണ്ട്‌. “കാണു​ന്ന​തി​നെയല്ല, കാണാ​ത്ത​തി​നെ അത്രേ ഞങ്ങൾ നോക്കി​ക്കൊ​ണ്ടി​രി​ക്കു​ന്നു,” അപ്പോ​സ്‌ത​ല​നായ പൗലോസ്‌ എഴുതി. (2 കൊരി​ന്ത്യർ 4:18) കാണ​പ്പെ​ടാത്ത കാര്യങ്ങൾ കാണാൻ ഒരുവനെ പ്രാപ്‌ത​നാ​ക്കു​ന്നതു തീർച്ച​യാ​യും ഒരു പ്രത്യേ​ക​തരം കാഴ്‌ച​യാ​യി​രി​ക്കണം! നമുക്ക​തി​നെ ഒരു ആത്മീയ തരത്തി​ലുള്ള ഉത്‌കൃഷ്ട കാഴ്‌ച എന്നു വിളി​ക്കാ​വു​ന്ന​താണ്‌.

ആവശ്യം എന്തു​കൊണ്ട്‌?

ഒന്നാം നൂററാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾക്ക്‌ ഇത്തരം ആത്മീയ കാഴ്‌ച ഉണ്ടായി​രി​ക്കേ​ണ്ട​തി​ന്റെ യഥാർഥ ആവശ്യം ഉണ്ടായി​രു​ന്നു. അവർ വളരെ പ്രയാ​സ​ത്തിൻ കീഴി​ലാ​യി​രു​ന്നു തങ്ങളുടെ ക്രിസ്‌തീയ ശുശ്രൂഷ ചെയ്‌തു​കൊ​ണ്ടി​രു​ന്നത്‌. പൗലോസ്‌ അതിങ്ങനെ പ്രസ്‌താ​വി​ച്ചു: “ഞങ്ങൾ സകലവി​ധ​ത്തി​ലും കഷ്ടം സഹിക്കു​ന്നവർ എങ്കിലും ഇടുങ്ങി​യി​രി​ക്കു​ന്നില്ല; ബുദ്ധി​മു​ട്ടു​ന്നവർ എങ്കിലും നിരാ​ശ​പ്പെ​ടു​ന്നില്ല; ഉപദ്രവം അനുഭ​വി​ക്കു​ന്നവർ എങ്കിലും ഉപേക്ഷി​ക്ക​പ്പെ​ടു​ന്നില്ല; വീണു​കി​ട​ക്കു​ന്നവർ എങ്കിലും നശിച്ചു​പോ​കു​ന്നില്ല.”—2 കൊരി​ന്ത്യർ 4:8, 9.

അങ്ങനെ​യു​ള്ള സാഹച​ര്യ​ങ്ങൾ ഗണ്യമാ​ക്കാ​തെ വിശ്വസ്‌ത ശിഷ്യർ ഉറച്ചു​നി​ന്നു. ദൈവ​ത്തി​ലുള്ള ശക്തമായ വിശ്വാ​സ​ത്തോ​ടെ, അവർക്കു പൗലോ​സി​നെ​പ്പോ​ലെ പറയാൻ കഴിഞ്ഞു: “ഞങ്ങൾ അധൈ​ര്യ​പ്പെ​ടാ​തെ ഞങ്ങളുടെ പുറ​മെ​യുള്ള മനുഷ്യൻ ക്ഷയിച്ചു​പോ​കു​ന്നു എങ്കിലും ഞങ്ങളുടെ അകമേ​യു​ള്ളവൻ നാൾക്കു​നാൾ പുതുക്കം പ്രാപി​ക്കു​ന്നു.” ഈ അനുദിന പുതുക്കം കൈവ​രു​ത്തി​യത്‌ എന്താണ്‌? പൗലോസ്‌ ഇങ്ങനെ തുടർന്നു പറഞ്ഞു: “നൊടി​നേ​ര​ത്തേ​ക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടം അത്യന്തം അനവധി​യാ​യി തേജസ്സി​ന്റെ നിത്യ​ഘനം ഞങ്ങൾക്കു കിട്ടു​വാൻ ഹേതു​വാ​കു​ന്നു. കാണു​ന്ന​തി​നെ അല്ല, കാണാ​ത്ത​തി​നെ അത്രേ ഞങ്ങൾ നോക്കി​ക്കൊ​ണ്ടി​രി​ക്കു​ന്നു; കാണു​ന്നതു താല്‌ക്കാ​ലി​കം, കാണാ​ത്ത​തോ നിത്യം.”—2 കൊരി​ന്ത്യർ 4:16-18.

തന്റെ ആത്മീയ സഹോ​ദ​രൻമാ​രു​ടെ മുമ്പാകെ വെച്ചി​രുന്ന മഹത്തായ പ്രതി​ഫ​ല​ത്തി​ന്റെ കാഴ്‌ച​പ്പാ​ടി​നെ മറയ്‌ക്കാൻ പ്രശ്‌ന​ങ്ങളെ, പ്രയാ​സ​ങ്ങളെ, പീഡന​ങ്ങളെ—ഏതുത​ര​ത്തി​ലു​മുള്ള ക്ലേശങ്ങളെ—അനുവ​ദി​ക്കാ​തി​രി​ക്കാൻ പൗലോസ്‌ അവരെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അവർ ക്രിസ്‌തീയ ഗതിയു​ടെ സന്തുഷ്ട​ഫ​ല​ത്തിൽ തങ്ങളുടെ ദൃഷ്ടി പതിപ്പി​ച്ചു​കൊ​ണ്ടു തങ്ങളുടെ ഇപ്പോ​ഴത്തെ സാഹച​ര്യ​ങ്ങൾക്ക​തീ​ത​മാ​യി നോക്കണം. അതാണ്‌ ഒരു അനുദിന അടിസ്ഥാ​ന​ത്തിൽ യുദ്ധത്തിൽ മുന്നേ​റാ​നുള്ള അവരുടെ തീരു​മാ​നത്തെ പുതു​ക്കാൻ അവരെ സഹായി​ച്ചത്‌. ഇന്നത്തെ ക്രിസ്‌ത്യാ​നി​കൾക്ക്‌ അത്തരം നല്ല ആത്മീയ കാഴ്‌ച ഉണ്ടായി​രി​ക്കേ​ണ്ട​തി​ന്റെ സമാന​മായ ആവശ്യ​മുണ്ട്‌.

ഇപ്പോ​ഴത്തെ ക്ലേശങ്ങളെ ക്ഷണിക​മെന്നു വീക്ഷി​ക്കുക!

നമ്മൾ കാണാ​നി​ഷ്ട​പ്പെ​ടാത്ത കാര്യങ്ങൾ നാം അനിവാ​ര്യ​മാ​യി അനുദി​നം കാണു​ന്നുണ്ട്‌. കണ്ണാടി​യി​ലേക്ക്‌ ഒന്ന്‌ എത്തി​നോ​ക്കി​യാൽ ശാരീ​രി​കാ​പൂർണ​ത​യു​ടെ സൂചന​ക​ളായ ജഡിക​ശ​രീ​ര​ത്തി​ലെ അനഭി​ല​ഷ​ണീ​യ​മായ കറകളും കളങ്കങ്ങ​ളും കാണാ​തി​രി​ക്കാൻ നിർവാ​ഹ​മില്ല. നാം ദൈവ​വ​ച​ന​മാ​കുന്ന കണ്ണാടി​യി​ലേക്ക്‌ ഉററു​നോ​ക്കു​മ്പോൾ നാം നമ്മിൽത്ത​ന്നെ​യും മററു​ള്ള​വ​രി​ലു​മുള്ള ആത്മീയ ന്യൂന​ത​ക​ളും കളങ്കങ്ങ​ളും കാണുന്നു. (യാക്കോബ്‌ 1:22-25) നാം ദിനപ​ത്ര​ങ്ങ​ളി​ലോ ടെലി​വി​ഷൻസ്‌ക്രീ​നി​ലോ നോക്കു​മ്പോൾ അനീതി​യു​ടെ​യും ക്രൂര​ത​യു​ടെ​യും ദുരന്ത​ത്തി​ന്റെ​യും വിവര​ണങ്ങൾ പെട്ടെന്നു നമ്മുടെ ശ്രദ്ധയി​ലേക്കു വരുത്ത​പ്പെ​ടു​ക​യും നമുക്കു ദുഃഖം​വ​രു​ത്തു​ക​യും ചെയ്യുന്നു.

നാം കാണുന്ന കാര്യങ്ങൾ നിമിത്തം നിരാ​ശ​പ്പെ​ടാ​നോ വ്യതി​ച​ലി​ച്ചു വിശ്വാ​സ​ത്തിൽ ചഞ്ചലി​ച്ചു​തു​ട​ങ്ങാ​നോ സാത്താൻ ആഗ്രഹി​ക്കും. ഇതു സംഭവി​ക്കു​ന്ന​തി​നെ നമുക്ക്‌ എങ്ങനെ തടയാൻ കഴിയും? “അതിന്നാ​യി​ട്ട​ല്ലോ നിങ്ങളെ വിളി​ച്ചി​രി​ക്കു​ന്നതു. ക്രിസ്‌തു​വും നിങ്ങൾക്കു വേണ്ടി കഷ്ടം അനുഭ​വി​ച്ചു, നിങ്ങൾ അവന്റെ കാൽച്ചു​വടു പിന്തു​ട​രു​വാൻ ഒരു മാതൃക വെച്ചേച്ചു പോയി​രി​ക്കു​ന്നു” എന്നു പറഞ്ഞ​പ്പോൾ അപ്പോ​സ്‌ത​ല​നായ പത്രോസ്‌ ശുപാർശ ചെയ്‌ത യേശു​ക്രി​സ്‌തു​വി​ന്റെ ദൃഷ്ടാന്തം നാം പിന്തു​ട​രണം. (1 പത്രൊസ്‌ 2:21) ക്രിസ്‌തീയ ജീവി​ത​ത്തി​ന്റെ സകല വശങ്ങളി​ലും യേശു പൂർണ​ത​യുള്ള മാതൃ​ക​യാ​യി​രു​ന്നു.

നമ്മുടെ മാതൃ​ക​യെന്ന നിലയിൽ യേശു​വി​ലേക്കു വിരൽചൂ​ണ്ടി​യ​പ്പോൾ യേശു കഷ്ടം അനുഭ​വി​ച്ചു​വെന്നു പത്രോസ്‌ വിശേ​ഷാൽ പറയു​ക​യു​ണ്ടാ​യി. തീർച്ച​യാ​യും, യേശു ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ വളരെ​യ​ധി​കം കഷ്ടപ്പെട്ടു. മനുഷ്യ​വർഗ​ത്തി​ന്റെ സൃഷ്ടി​പ്പി​ന്റെ സമയത്ത്‌ ഉണ്ടായി​രുന്ന ‘വിദഗ്‌ധ​ശി​ല്‌പി’ എന്നനി​ല​യിൽ അവനു മനുഷ്യർ എന്തായി​രി​ക്ക​ണ​മെ​ന്നുള്ള ദൈവ​ത്തി​ന്റെ ഉദ്ദേശ്യം കൃത്യ​മാ​യി അറിയാ​മാ​യി​രു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 8:30, 31) എന്നാൽ ഇപ്പോൾ പാപവും മരണവും അവർ എന്തായി​ത്തീ​രാ​നി​ട​യാ​ക്കി​യി​രി​ക്കു​ന്നു​വെന്ന്‌ അവൻ നേരിട്ടു കണ്ടു. ദിവസ​വും അവൻ മനുഷ്യ​രു​ടെ അപൂർണ​തകൾ കണ്ടു, അവ കൈകാ​ര്യം ചെയ്യേ​ണ്ടി​വ​രു​ക​യും ചെയ്‌തു. അത്‌ അവനു പീഡാ​ക​ര​മാ​യി​രു​ന്നി​രി​ക്കണം.—മത്തായി 9:36; മർക്കൊസ്‌ 6:34.

മററു​ള്ള​വ​രു​ടെ ക്ലേശങ്ങൾക്കു പുറമേ, സ്വന്തം ക്ലേശവും യേശു​വിന്‌ അനുഭ​വ​പ്പെട്ടു. (എബ്രായർ 5:7, 8) എന്നാൽ പൂർണ​ത​യുള്ള ആത്മീയ കാഴ്‌ച​യാൽ തന്റെ നിർമ​ല​താ​ഗതി നിമിത്തം അമർത്ത്യ​ജീ​വ​നി​ലേക്ക്‌ ഉയർത്ത​പ്പെ​ടു​ന്ന​തി​ന്റെ പ്രതി​ഫലം കാണാൻ അവൻ അവയ്‌ക്ക​തീ​ത​മാ​യി നോക്കി. പിന്നീട്‌, മിശി​ഹൈ​ക​രാ​ജാ​വെന്ന നിലയിൽ പീഡിത മനുഷ്യ​വർഗത്തെ അതിന്റെ അധമനി​ല​യിൽനി​ന്നു യഹോവ ആദിയിൽ ഉദ്ദേശി​ച്ചി​രുന്ന പൂർണ​ത​യി​ലേക്ക്‌ ഉയർത്തുന്ന പദവി തനിക്കു ലഭിക്കും. ഈ അദൃശ്യ ഭാവി​പ്ര​തീ​ക്ഷ​ക​ളിൽ തന്റെ ദൃഷ്ടി കേന്ദ്രീ​ക​രി​ച്ചത്‌, താൻ ദൈനം​ദി​നം കണ്ട ക്ലേശങ്ങൾ ഗണ്യമാ​ക്കാ​തെ ദൈവി​ക​സേ​വ​ന​ത്തിൽ സന്തോഷം നിലനിർത്താൻ അവനെ സഹായി​ച്ചു. പൗലോസ്‌ പിൽക്കാ​ലത്ത്‌ ഇങ്ങനെ എഴുതി: “തന്റെ മുമ്പിൽ വെച്ചി​രുന്ന സന്തോഷം ഓർത്തു അവൻ അപമാനം അലക്ഷ്യ​മാ​ക്കി ക്രൂശി​നെ സഹിക്ക​യും ദൈവ​സിം​ഹാ​സ​ന​ത്തി​ന്റെ വലത്തു​ഭാ​ഗത്തു ഇരിക്ക​യും ചെയ്‌തു.”—എബ്രായർ 12:2.

തന്റെ ക്ലേശങ്ങ​ളും പീഡാ​ക​ര​മായ സാഹച​ര്യ​ങ്ങ​ളും തന്നെ നിരാ​ശ​പ്പെ​ടു​ത്താൻ, താൻ വ്യതി​ച​ലി​ക്കാൻ, വിശ്വാ​സ​ത്തിൽ ചഞ്ചലി​ക്കാൻ, ഇടയാ​ക്കു​ന്ന​തിന്‌ ഒരിക്ക​ലും അവൻ അനുവ​ദി​ച്ചില്ല. അവന്റെ ശിഷ്യ​രെന്ന നിലയിൽ നാം അവന്റെ തിളക്ക​മുള്ള മാതൃ​കയെ അടുത്തു പിന്തു​ട​രേ​ണ്ട​താണ്‌.—മത്തായി 16:24.

അദൃശ്യ നിത്യ​കാ​ര്യ​ങ്ങ​ളിൽ കേന്ദ്രീ​ക​രി​ക്കുക!

സഹിച്ചു​നിൽക്കാൻ യേശു​വി​നെ പ്രാപ്‌ത​നാ​ക്കിയ സംഗതി സംബന്ധി​ച്ചു സംസാ​രി​ക്കവേ, പിൻവ​രുന്ന പ്രകാരം എഴുതി​യ​പ്പോൾ പൗലോസ്‌ നമുക്കാ​യി വെച്ചി​രി​ക്കുന്ന ഗതി ചൂണ്ടി​ക്കാ​ട്ടു​ക​യും ചെയ്‌തു: “നമുക്കു മുമ്പിൽ വെച്ചി​രി​ക്കുന്ന ഓട്ടം സ്ഥിരത​യോ​ടെ ഓടുക. വിശ്വാ​സ​ത്തി​ന്റെ നായക​നും പൂർത്തി വരുത്തു​ന്ന​വ​നു​മായ യേശു​വി​നെ നോക്കുക (“ഏകാ​ഗ്ര​മാ​യി നോക്കുക,” NW).” (എബ്രായർ 12:1, 2) അതെ, വിജയ​പ്ര​ദ​മാ​യും സന്തോ​ഷ​ത്തോ​ടെ​യും ക്രിസ്‌തീയ ഓട്ടം ഓടു​ന്ന​തി​നു നാം നമ്മുടെ തൊട്ടു​മു​മ്പി​ലുള്ള കാര്യ​ങ്ങൾക്ക​തീ​ത​മാ​യി നോക്കണം. എന്നാൽ നാം യേശു​വി​നെ ‘ഏകാ​ഗ്ര​മാ​യി നോക്കു​ന്നത്‌’ എങ്ങനെ​യാണ്‌, അതു നമുക്ക്‌ എന്തു ഗുണം ചെയ്യും?

ഒരു ദൃഷ്ടാ​ന്ത​മെന്ന നിലയിൽ, 1914-ൽ യേശു ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വാ​യി അവരോ​ധി​ക്ക​പ്പെട്ടു, അവൻ സ്വർഗ​ത്തിൽനി​ന്നു ഭരിക്കു​ന്നു. തീർച്ച​യാ​യും ഇതെല്ലാം നമ്മുടെ ഭൗതിക കണ്ണുകൾക്ക്‌ അദൃശ്യ​മാണ്‌. എന്നിരു​ന്നാ​ലും നാം യേശു​വി​നെ ‘എകാ​ഗ്ര​മാ​യി നോക്കു​ന്നു’വെങ്കിൽ, അവൻ ഇപ്പോ​ഴത്തെ ദുഷ്ടവ്യ​വ​സ്ഥി​തി​യു​ടെ അവസാ​ന​വും സാത്താ​ന്റെ​യും അവന്റെ ഭൂത​സൈ​ന്യ​ങ്ങ​ളു​ടെ​യും നിഷ്‌ക്രി​യ​ത്വ​ത്തി​ന്റെ ബന്ധനങ്ങ​ളി​ലേ​ക്കുള്ള നിഷ്‌കാ​സ​ന​വും കൈവ​രു​ത്താൻ തയ്യാറാ​യി നില​കൊ​ള്ളു​ക​യാ​ണെന്നു കാണാൻ നമ്മുടെ ആത്മീയ കാഴ്‌ച​ശക്തി നമ്മെ സഹായി​ക്കും. കൂറേ​ക്കൂ​ടെ ദൂരേക്കു നോക്കു​മ്പോൾ, നമ്മുടെ ആത്മീയ കാഴ്‌ച അത്ഭുത​ക​ര​മായ പുതിയ ലോകം വെളി​പ്പെ​ടു​ത്തും, അതിൽ “ഇനി മരണം ഉണ്ടാക​യില്ല; ദുഃഖ​വും മുറവി​ളി​യും കഷ്ടതയും ഇനി ഉണ്ടാക​യില്ല; ഒന്നാമ​ത്തേതു കഴിഞ്ഞു​പോ​യി.”—വെളി​പ്പാ​ടു 19:11-16; 20:1-3; 21:5.

അതു​കൊണ്ട്‌, നാം ഓരോ ദിവസ​വും അഭിമു​ഖീ​ക​രി​ക്കേ​ണ്ടി​വ​ന്നേ​ക്കാ​വുന്ന താത്‌കാ​ലിക ക്ലേശങ്ങ​ളാൽ ഭാര​പ്പെ​ടു​ന്ന​തി​നു പകരം നമുക്കു നമ്മുടെ നോട്ടം നിത്യ​മായ കാര്യ​ങ്ങ​ളിൽ എന്തു​കൊ​ണ്ടു കേന്ദ്രീ​ക​രി​ച്ചു​കൂ​ടാ? ആരോ​ഗ്യ​വും സന്തുഷ്ടി​യും കരുത​ലു​മുള്ള ആളുക​ളെ​ക്കൊ​ണ്ടു നിറഞ്ഞി​രി​ക്കുന്ന ഒരു പറുദീസ വിശ്വാ​സ​നേ​ത്ര​ങ്ങ​ളാൽ കാണാൻ ഈ മലിനീ​കൃത ഭൂമി​യി​ലെ രോഗ​ത്തി​നും അത്യാ​ഗ്ര​ഹ​ത്തി​നു​മ​തീ​ത​മാ​യി നോക്കാൻ പാടില്ലേ? നമ്മുടെ ശാരീ​രി​ക​വും ആത്മീയ​വു​മായ കളങ്കങ്ങൾക്ക​തീ​ത​മാ​യി നോക്കി എന്തു​കൊ​ണ്ടു ക്രിസ്‌തു​വി​ന്റെ മറുവി​ല​യാ​ഗ​ത്തി​ന്റെ പുണ്യ​ത്താൽ എന്നേക്കു​മാ​യി നാം അവയിൽനി​ന്നു വിമു​ക്ത​രാ​കു​ന്നതു കാണാൻ പാടില്ല? എന്തു​കൊ​ണ്ടു യുദ്ധവും കുററ​കൃ​ത്യ​വും അക്രമ​വും അവശേ​ഷി​പ്പിച്ച സംഹാ​ര​ത്തി​ന​തീ​ത​മാ​യി നോക്കി പുതു​താ​യി പുനരു​ത്ഥാ​നം പ്രാപി​ച്ചവർ യഹോ​വ​യു​ടെ സമാധാ​ന​ത്തി​ലും നീതി​യി​ലും പ്രബോ​ധനം സ്വീക​രി​ക്കു​ന്നതു കണ്ടുകൂ​ടാ?

അതിനു പുറമേ, യേശു​വി​നെ ‘ഏകാ​ഗ്ര​മാ​യി നോക്കു​ന്ന​തിൽ’ അദൃശ്യ​മെ​ങ്കി​ലും രാജ്യം ഭൂമി​യി​ലെ ദൈവ​ജ​ന​ത്തി​ന്റെ ഇടയിൽ ഇപ്പോൾത്തന്നെ സാധി​ച്ചി​രി​ക്കു​ന്ന​തിൻമേൽ—ഐക്യം, സമാധാ​നം, സ്‌നേഹം, സഹോ​ദ​ര​പ്രീ​തി, ആത്മീയ​ക്ഷേമം എന്നിവ​യിൽത്തന്നെ—നമ്മുടെ ആത്മീയ കാഴ്‌ച​ശക്തി കേന്ദ്രീ​ക​രി​ക്കു​ന്നത്‌ ഉൾപ്പെ​ടും. ദിവ്യ​ബോ​ധ​ന​ത്താൽ ഏകീകൃ​തർ (ഇംഗ്ലീഷ്‌) എന്ന വീഡി​യോ കണ്ടശേഷം ജർമനി​യി​ലെ ഒരു ക്രിസ്‌തീയ സ്‌ത്രീ ഇങ്ങനെ എഴുതി: “ലോക​ത്തി​ലു​ട​നീ​ള​മുള്ള വളരെ​യേറെ ക്രിസ്‌തീയ സഹോ​ദ​രീ​സ​ഹോ​ദ​രൻമാർ ഈ നിമി​ഷ​ത്തിൽത്തന്നെ വിശ്വ​സ്‌ത​മാ​യി യഹോ​വയെ സേവി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു​വെ​ന്നും പൊതു​ജ​ന​ങ്ങ​ളു​ടെ എതിർപ്പു ഗണ്യമാ​ക്കാ​തെ അങ്ങനെ ചെയ്യു​ന്നു​വെ​ന്നും മനസ്സിൽ പിടി​ക്കാൻ ഈ വീഡി​യോ എന്നെ വളരെ​യ​ധി​കം സഹായി​ക്കും. അക്രമ​ത്തി​ന്റെ​യും വിദ്വേ​ഷ​ത്തി​ന്റെ​യും ഒരു ലോക​ത്തിൽ നമ്മുടെ സഹോ​ദ​ര​നിർവി​ശേ​ഷ​മായ ഐക്യം എത്ര വില​പ്പെ​ട്ട​താണ്‌!”

നിങ്ങളും നിങ്ങളു​ടെ പക്ഷത്തു നില​കൊ​ള്ളുന്ന യഹോ​വ​യെ​യും യേശു​വി​നെ​യും വിശ്വ​സ്‌ത​ദൂ​തൻമാ​രെ​യും ലക്ഷക്കണ​ക്കി​നു സഹക്രി​സ്‌ത്യാ​നി​ക​ളെ​യും ‘കാണുന്നു’ണ്ടോ? ഉണ്ടെങ്കിൽ, നിങ്ങളെ നിരു​ത്സാ​ഹ​ത്തിൽ നിശ്ചല​രാ​ക്കാ​നും ക്രിസ്‌തീയ സേവന​ത്തിൽ “നിഷ്‌ഫല”രായി​ത്തീ​രാ​നി​ട​യാ​ക്കാ​നും കഴിയുന്ന ‘ഈ ലോക​ത്തി​ന്റെ ചിന്തയാൽ’ നിങ്ങൾ അമിത​മാ​യി വ്യാകു​ല​പ്പെ​ടു​ക​യില്ല. (മത്തായി 13:22) ആകയാൽ ദൈവ​ത്തി​ന്റെ സ്ഥാപി​ത​രാ​ജ്യ​ത്തിൻമേ​ലും അതിന്റെ ഇപ്പോ​ഴ​ത്തെ​യും ഭാവി​യി​ലെ​യും അനു​ഗ്ര​ഹ​ങ്ങ​ളിൻമേ​ലും നിങ്ങളു​ടെ ആത്മീയ ദൃഷ്ടികൾ പതിപ്പി​ച്ചു​കൊ​ണ്ടു യേശു​വി​നെ ‘ഏകാ​ഗ്ര​മാ​യി നോക്കുക.’

അദൃശ്യ​മാ​യതു കാണാൻ ജീവി​ക്കുക!

ദൈവ​ത്തി​ന്റെ നിത്യ​മായ പുതിയ ലോക​വും തകർന്നു​കൊ​ണ്ടി​രി​ക്കുന്ന ഇന്നത്തെ പഴയ ലോക​വും തമ്മിലുള്ള രൂക്ഷമായ വ്യത്യാ​സം കാണു​മ്പോൾ, ഇന്നു വിശ്വാ​സ​നേ​ത്ര​ങ്ങ​ളാൽ മാത്രം കാണാ​നാ​വുന്ന കാര്യങ്ങൾ അക്ഷരീ​യ​മാ​യി കാണാൻ യോഗ്യ​രാ​യി എണ്ണപ്പെ​ട​ത്ത​ക്ക​വണ്ണം നടക്കാൻ നാം പ്രേരി​ത​രാ​കണം. പുനരു​ത്ഥാ​നം പ്രാപി​ക്കുന്ന പുരു​ഷാ​രങ്ങൾ തങ്ങൾ മരിക്കു​ന്ന​തി​നു മുമ്പു കണ്ട ലോക​ത്തിൽനി​ന്നു വളരെ വ്യത്യ​സ്‌ത​മായ നീതി​യുള്ള ഒരു പറുദീ​സാ​ഭൂ​മി കാണാൻ ഉണരു​മ്പോൾ തങ്ങൾ കാണു​ന്നതു വിശ്വ​സി​ക്കാൻ അവർ പ്രയാ​സ​പ്പെ​ടും. അവരെ സ്വാഗ​തം​ചെ​യ്യാ​നും ദൈവം ചെയ്‌തി​രി​ക്കു​ന്ന​തി​നെ അവരോ​ടു വിശദീ​ക​രി​ക്കാ​നും ജീവ​നോ​ടി​രി​ക്കു​ന്ന​തിൽ നമുക്കുള്ള സന്തോ​ഷ​മൊ​ന്നു വിഭാ​വ​ന​ചെ​യ്യുക!—യോവേൽ 2:21-27 താരത​മ്യം ചെയ്യുക.

അതേ, നല്ല ആത്മീയ കാഴ്‌ച​ശക്തി എത്ര മൂല്യ​വ​ത്താണ്‌, അതിനെ കൂർമ​ത​യു​ള്ള​താ​യി നിലനിർത്തു​ന്നത്‌ എത്ര മർമ​പ്ര​ധാ​നം! ക്രമമാ​യി വ്യക്തി​പ​ര​മായ ബൈബിൾ പഠനത്തിൽ ഏർപ്പെ​ടു​ന്ന​തി​നാ​ലും ക്രിസ്‌തീയ യോഗ​ങ്ങൾക്കു ഹാജരാ​കു​ന്ന​തി​നാ​ലും നമ്മുടെ ബൈബി​ള​ധി​ഷ്‌ഠിത പ്രത്യാ​ശ​യെ​ക്കു​റി​ച്ചു മററു​ള്ള​വ​രോ​ടു സംസാ​രി​ക്കു​ന്ന​തി​നാ​ലും, എല്ലാറ​റി​ലു​മു​പരി, ദിവ്യ​മാർഗ​നിർദേ​ശ​ത്തി​നാ​യി പ്രാർഥി​ക്കു​ന്ന​തി​നാ​ലും നമുക്കി​തു ചെയ്യാ​നാ​വും. ഇതു നമ്മുടെ ആത്മീയ കാഴ്‌ചയെ കൂർമ​ത​യും വ്യക്തത​യു​മു​ള്ള​താ​യി നിലനിർത്തു​ക​യും നാം കാണു​ന്ന​തി​ന​തീ​ത​മാ​യി നോക്കാൻ നമ്മെ പ്രാപ്‌ത​രാ​ക്കു​ക​യും ചെയ്യും!