പോർച്ചുഗലിൽ ബൈബിൾസത്യം പ്രചരിപ്പിക്കൽ
പോർച്ചുഗലിൽ ബൈബിൾസത്യം പ്രചരിപ്പിക്കൽ
വടക്കു കാമിന്യാ മുതൽ തെക്ക് വിലാ റിയൽ ഡെ സാൻറൂ ആന്റോണിയൂ വരെ 800 കിലോമീററർ വരുന്ന പോർച്ചുഗലിന്റെ അററ്ലാൻറിക്ക് സമുദ്രതീരത്തു വർണപ്പകിട്ടുള്ള ആയിരക്കണക്കിനു മത്സ്യബന്ധന വള്ളങ്ങൾ നിരന്നുകിടക്കുന്നു. മീൻപിടുത്തക്കാർ നൂററാണ്ടുകളിൽ ‘തങ്ങളുടെ കപ്പലുകളിൽ സമുദ്രത്തിലേക്കു പോയി’ ഒട്ടനവധി പോർച്ചുഗീസ് തീൻമേശകളിൽ മത്സ്യത്തെ മുഖ്യ വിഭവമാക്കിയിട്ടുണ്ട്.—സങ്കീർത്തനം 107:23.
കഴിഞ്ഞ 70 വർഷക്കാലം, പോർച്ചുഗലിൽ മറെറാരുതരം മത്സ്യബന്ധനം നടന്നുകൊണ്ടാണിരിക്കുന്നത്. യഹോവയുടെ സാക്ഷികൾ പതിനായിരക്കണക്കിനു പ്രതീകാത്മക മത്സ്യങ്ങളിലേക്കു സുവാർത്ത എത്തിക്കുന്നതിൽ തിരക്കുള്ളവരായിരിക്കുന്നു. (മത്തായി 4:19) 1995 മേയിൽ 44,650 രാജ്യപ്രസാധകരുടെ ഒരു അത്യുച്ചമുണ്ടായിരുന്നു—ഏതാണ്ട് 210 നിവാസികൾക്ക് ഒരു പ്രസാധകൻ എന്ന അനുപാതം. ചില നഗരങ്ങളിൽ അനുപാതം അതിന്റെ പകുതിയാണ്.
ഇത്രയധികം പ്രവർത്തകരുള്ളതിനാൽ, അനേകം സ്ഥലങ്ങളിൽ സാക്ഷീകരണപ്രദേശം ഓരോ ആഴ്ചയിലോ മറേറാ പ്രവർത്തിച്ചുതീർക്കുന്നു. അങ്ങനെ പോർച്ചുഗീസ് സാക്ഷികൾ തങ്ങളുടെ ബൈബിൾപ്രത്യാശ മററുള്ളവർക്കു പങ്കുവെക്കുന്നതിനു വ്യത്യസ്ത സമീപനങ്ങൾ ഉപയോഗിക്കുന്നതിൽ വളരെ ശ്രദ്ധാലുക്കളാണ്. അതേ, അവർ സാധ്യമാകുന്ന ഏതു വിധത്തിലും ബൈബിൾസത്യം അറിയിക്കുന്നതിന്റെ പ്രാധാന്യത്തെ വിലമതിക്കുന്നു.—1 കൊരിന്ത്യർ 9:20-23.
മതപരമായ ചായ്വുള്ളവരെ സഹായിക്കൽ
1991-ലെ കാനേഷുമാരിപ്രകാരം, പോർച്ചുഗലിൽ 18-ഓ അധികമോ വയസ്സുള്ളവരുടെ 70 ശതമാനം റോമൻകത്തോലിക്കരാണെന്ന് അവകാശപ്പെടുന്നു. അങ്ങനെയായിരുന്നിട്ടും, ജനങ്ങളുടെ ഇടയിൽ ബൈബിൾപരിജ്ഞാനം തീരെ കുറവാണ്. ജോണാൽ ഡെ നോട്ടിഷ്യാസ് എന്ന വർത്തമാനപത്രം ഇങ്ങനെ എഴുതി: “കത്തോലിക്കാലോകത്തിലെ ഏററവും വലിയ വിപത്തുകളിലൊന്നാണിത്: ബൈബിൾ അജ്ഞത!” ഇതു വാസ്തവമായിരിക്കുന്നത് എന്തുകൊണ്ട്? എക്സ്പ്രസ്സോ എന്ന പോർച്ചുഗീസ് വർത്തമാനപത്രം ഉത്തരത്തിലേക്കു വിരൽചൂണ്ടുന്നു. ഫാത്തിമായിലെ 500 പുരോഹിതൻമാരുടെ ഒരു യോഗത്തെക്കുറിച്ചു റിപ്പോർട്ടു ചെയ്തുകൊണ്ട് ഈ വർത്തമാനപത്രം ഇങ്ങനെ പറയുന്നു:
“മുഖ്യപുരോഹിതൻ പറയുന്ന പ്രകാരം, ‘ഘോഷകൻ’ എന്നനിലയിലുള്ള തന്റെ സ്ഥാനം മറെറല്ലാററിനുമുപരിയായി സ്ഥാപിക്കാൻ കഴിയത്തക്കവണ്ണം പുരോഹിതൻ അനന്തമായ പ്രവർത്തനങ്ങളിൽനിന്നു സ്വതന്ത്രനാകേണ്ടതാവശ്യമാണ്. . . . പുരോഹിതൻ സുവിശേഷപ്രസംഗത്തിൽ സർവാത്മനാ ഏർപ്പെടുന്നുവെങ്കിൽ, അയാൾക്കു മററു പ്രവർത്തനങ്ങൾക്കൊന്നും സമയമുണ്ടായിരിക്കയില്ല.”ഇതിനു വിപരീതമായി, പോർച്ചുഗലിലുള്ള യഹോവയുടെ സാക്ഷികൾ സാധ്യമാകുന്ന ഏതു വിധത്തിലും ബൈബിൾസത്യം അറിയിക്കുന്നതിൽ തിരക്കുള്ളവരാണ്. തത്ഫലമായി, ആത്മാർഥതയുള്ള അനേകം കത്തോലിക്കർ ബൈബിൾ പരിജ്ഞാനം നേടിക്കൊണ്ടിരിക്കുകയാണ്.
കാർലോട്ട ഒരു ഭക്തകത്തോലിക്കയും ഒരു മതാത്മകസഭയുടെ യുവജനവിഭാഗത്തിലെ അംഗവുമായിരുന്നു. അവൾ ഒരു യഹോവയുടെ സാക്ഷിയായ ആന്റോണിയൂ ജോലിചെയ്തിരുന്ന കിൻറർഗാർട്ടനിലെ ഒരു അധ്യാപികയുമായിരുന്നു. ഒരു നിരന്തരപയനിയർ അഥവാ മുഴുസമയശുശ്രൂഷകൻ എന്നനിലയിൽ ആന്റോണിയൂ ഉച്ചഭക്ഷണ ഇടവേളയിൽ കൂട്ടുജോലിക്കാരോടു ബൈബിളിനെക്കുറിച്ചു സംസാരിക്കാൻ എല്ലായ്പോഴും ശ്രമിച്ചിരുന്നു. ഒരു ദിവസം കാർലോട്ട നരകാഗ്നിവിശ്വാസത്തെക്കുറിച്ചും മറിയാരാധനയെക്കുറിച്ചും അയാളോടു ചോദിച്ചു. ഈ വിഷയങ്ങൾ സംബന്ധിച്ചു ബൈബിൾ പഠിപ്പിക്കുന്നത് ആൻറോണിയൂ അവളെ കാണിച്ചുകൊടുത്തു. അത് അനേകം ബൈബിൾചർച്ചകളുടെ തുടക്കമായിരുന്നു. കാർലോട്ട രാജ്യഹാളിൽ ആദ്യമായി യോഗത്തിൽ സംബന്ധിച്ചപ്പോൾ അവൾക്കു വളരെ മതിപ്പുളവായി. എന്നിരുന്നാലും, യോഗസമയങ്ങൾ അവൾ ഉൾപ്പെട്ടുനിന്ന മതസഭയുടെ യോഗസമയങ്ങളുമായി ചേരാതെവന്നു. താൻ ഒരു തീരുമാനം ചെയ്യേണ്ടതുണ്ടെന്ന് അവൾ തിരിച്ചറിഞ്ഞു. അവൾ എന്തു ചെയ്യും?
കാർലോട്ട മുഴു യുവജനസമൂഹത്തെയും കൂട്ടിവരുത്തിയിട്ട് താൻ എന്തുകൊണ്ടാണു രാജിവെക്കുന്നതെന്നു ബൈബിളിൽനിന്നു വിശദീകരിച്ചു. സ്റെറല എന്നു പേരുള്ള ഒരു പെൺകുട്ടി ഒഴികെ എല്ലാവരും അവളുടെ തീരുമാനത്തെ വിമർശിച്ചു, സ്റെറല വളരെ ശ്രദ്ധാപൂർവം കേട്ടു. കാർലോട്ട സ്റെറലയോടു പിന്നീടു സംസാരിച്ചപ്പോൾ ജീവന്റെ ഉത്ഭവത്തെയും ഉദ്ദേശ്യത്തെയും കുറിച്ച് അവൾ അനേകം ചോദ്യങ്ങൾ ചോദിച്ചു. കാർലോട്ട ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? a എന്ന പുസ്തകം അവൾക്കു കൊടുക്കുകയും അവളുമായി ഒരു ബൈബിളധ്യയനം തുടങ്ങുകയും ചെയ്തു.
ഇതിനിടയിൽ കാർലോട്ട നല്ല ആത്മീയ പുരോഗതി നേടി 1991 ജൂണിൽ സ്നാപനമേൽക്കുകയും ആറുമാസം കഴിഞ്ഞ് ഒരു നിരന്തരപയനിയറായി സേവിച്ചുതുടങ്ങുകയും ചെയ്തു. 1992 മേയിൽ അവളും ആന്റോണിയൂവും വിവാഹിതരാകയും ആവശ്യം കൂടുതലുണ്ടായിരുന്ന അടുത്തുള്ള ഒരു സഭയിൽ ഒരുമിച്ചു പയനിയർസേവനം തുടരുകയും ചെയ്തു. സ്റെറലയെ സംബന്ധിച്ചോ? അവൾ 1993 മേയിൽ സ്നാപനമേററു, ഇപ്പോൾ ഒരു നിരന്തരപയനിയറായി സേവിക്കുന്നു.
യുവാവായ ഫ്രാൻസിസ്കൂ വളരെ മതഭക്തൻ ആയിരുന്നു. അയാൾ എല്ലാ ഞായറാഴ്ചകളിലും രാവിലെ കുറുബാനയ്ക്കും ഉച്ചതിരിഞ്ഞു കൊന്തനമസ്കാരങ്ങൾക്കും സംബന്ധിച്ചിരുന്നു. കുറുബാനവേളയിൽ പുരോഹിതനെ സഹായിച്ചുകൊണ്ട് അയാൾ ശുശ്രൂഷകനായും സേവിച്ചു. ഒരുനാൾ തന്നെ ഒരു “വിശുദ്ധൻ” ആക്കേണമേ എന്നുപോലും അയാൾ പ്രാർഥിച്ചു!
ഫ്രാൻസിസ്കൂ യഥാർഥത്തിൽ ഒരു ബൈബിൾ കിട്ടാൻ ആഗ്രഹിച്ചു. ഒരു ദിവസം ഒരു സുഹൃത്ത് അയാൾക്കൊരു ബൈബിൾ കൊടുത്തു. ദൈവത്തിനു യഹോവ എന്ന ഒരു പേര് ഉണ്ടെന്നു കണ്ടതിൽ അയാൾ അതിശയിച്ചുപോയി. (പുറപ്പാടു 6:3; സങ്കീർത്തനം 83:18) ആരാധനയിൽ പ്രതിമകളുടെ ഉപയോഗത്തെ ദൈവം വിലക്കുന്നതായി പുറപ്പാടു 20:4, 5-ൽ അയാൾ വായിച്ചപ്പോൾ അയാൾ അതിലേറെ അതിശയിച്ചു! പള്ളിയിൽ പ്രതിമകൾ നിറഞ്ഞിരിക്കുന്നതു കാണുകയാൽ ഈ സമ്മിശ്ര തയെല്ലാം മനസ്സിലാക്കാൻ സഹായിക്കുന്നതിന് അയാൾ ദൈവത്തോട് ആത്മാർഥമായി പ്രാർഥിച്ചു. പല ദിവസം കഴിഞ്ഞ് ഒരു മുൻ സഹപാഠിയെ കണ്ടപ്പോൾ അയാൾ നിശാവിദ്യാലയത്തിൽ വരാതിരിക്കുന്നത് എന്തുകൊണ്ടാണെന്നു ചോദിച്ചു.
“ഇപ്പോൾ ഞാൻ മെച്ചപ്പെട്ട ഒരു നിശാവിദ്യാലയത്തിൽ സംബന്ധിക്കുകയാണ്,” അയാളുടെ സുഹൃത്തു പറഞ്ഞു.
“അത് ഏതു വിദ്യാലയമാണ്, നീ എന്താണു പഠിക്കുന്നത്?” ഫ്രാൻസിസ്കൂ ചോദിച്ചു. സുഹൃത്തിന്റെ ഉത്തരത്തിൽ അയാൾ തികച്ചും വിസ്മയാധീനനായി.
“ഞാൻ യഹോവയുടെ സാക്ഷികളുടെ രാജ്യഹാളിൽ ബൈബിൾ പഠിക്കുകയാണ്,” സുഹൃത്ത് അയാളോടു പറഞ്ഞു. “നിങ്ങൾ വരാൻ ആഗ്രഹിക്കുന്നുവോ?”
തന്റെ ആദ്യയോഗത്തിൽ ഫ്രാൻസിസ്കൂ കണ്ടത് അയാൾക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല—പുഞ്ചിരിക്കുന്ന സന്തുഷ്ടമുഖങ്ങൾ; ആളുകൾ ഊഷ്മളമായ സൗഹൃദരീതിയിൽ അന്യോന്യം സംസാരിക്കുന്നു; കുട്ടികൾ തങ്ങളുടെ മാതാപിതാക്കളോടുകൂടെ ഇരിക്കയും പറയുന്നതിനു ശ്രദ്ധ കൊടുക്കുകയും ചെയ്യുന്നു.
“ഇവിടെ ഞാൻ തികച്ചും അപരിചിതനായിരുന്നു, എന്നിട്ടും ഞാൻ കുടുംബത്തിന്റെ ഭാഗമായിരിക്കുന്നതുപോലെ എനിക്കു തോന്നി!” ഫ്രാൻസിസ്കൂ ഉദ്ഘോഷിച്ചു. അതിനുശേഷം അയാൾ എന്നും ക്രമമായി യോഗങ്ങൾക്കു ഹാജരായിക്കൊണ്ടാണിരിക്കുന്നത്. ഇപ്പോൾ ഫ്രാൻസിസ്കൂ സഭയിലെ ഒരു മൂപ്പനായി സേവിക്കുന്നു, അദ്ദേഹത്തിന്റെ ഭാര്യയോടും രണ്ടു മക്കളോടുമൊപ്പം ദൈവവചനത്തിലെ മഹത്തായ രാജ്യവാഗ്ദത്തങ്ങളിൽ സന്തോഷിക്കയും ചെയ്യുന്നു.
ബന്ധുക്കളുമായി സത്യം പങ്കുവെക്കൽ
ലിസ്ബൻ പ്രദേശത്തെ ഒരു നിരന്തരപയനിയറായ മന്വേലയ്ക്ക് ബന്ധുക്കൾ ഉൾപ്പെടെ എല്ലാവരോടും ദയാപൂർവം സാക്ഷീകരിക്കുന്നതിൽ ഉററിരുന്നതുകൊണ്ട് ധാരാളം ആത്മീയ മത്സ്യം കിട്ടിയിരിക്കുന്നു. അവരിൽ അവളുടെ ജഡികസഹോദരനായ ഴൂസ് ഇത്വാർഡൂ ഉൾപ്പെട്ടിരുന്നു, അയാൾക്ക് ആയോധനകലയിലും ആയുധങ്ങളുടെ ഉപയോഗത്തിലും പരിശീലനം ലഭിച്ചിരുന്നു. അയാൾ വളരെയേറെ പ്രാവശ്യം നിയമങ്ങൾ ലംഘിച്ചിരുന്നതുകൊണ്ട് ഒടുവിൽ 22 കുററാരോപണങ്ങൾ ചുമത്തി വിചാരണ ചെയ്ത് 20 വർഷത്തെ തടവിനു വിധിച്ചു. അയാൾ വളരെ അക്രമാസക്തനായിരുന്നതുകൊണ്ടു സഹ അന്തേവാസികൾക്കുപോലും അയാളെ ഭയമായിരുന്നു. ഉയർന്ന സുരക്ഷിതത്വമുള്ള ഒരു ജയിലറയിലായിരുന്നു അയാളെ സൂക്ഷിച്ചത്.
മന്വേല ഏഴുവർഷം ക്ഷമാപൂർവം ഴൂസ് ഇത്വാർഡൂവിനെ സന്ദർശിച്ചു, എന്നാൽ അയാൾ എല്ലായ്പോഴും അവളുടെ ബൈബിൾസന്ദേശം നിരസിച്ചിരുന്നു. ഒടുവിൽ ജീവൻ—അതിവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? എന്ന പുസ്തകം പ്രസിദ്ധീകരിച്ചപ്പോൾ അയാൾ അതു സ്വീകരിച്ചു, ഒരു ബൈബിളധ്യയനം തുടങ്ങുകയും ചെയ്തു. ഉടൻതന്നെ അയാൾ തന്റെ നടത്തയിൽ വലിയ മാററങ്ങൾ വരുത്തി. ഒരാഴ്ചക്കുശേഷം അയാൾ 200 തടവുപുള്ളികൾക്കു വ്യക്തിപരമായ ഒരു സാക്ഷ്യം കൊടുത്തു, അതിനടുത്ത ആഴ്ചയിൽ 600 പേർക്കുകൂടെ. അയാൾ മററു ജയിൽ കെട്ടിടങ്ങളിലെ അന്തേവാസികളെ സന്ദർശിക്കാനുള്ള അനുവാദം പോലും വാങ്ങി. അയാളുടെ പെരുമാററത്തിലെ ശ്രദ്ധേയമായ മാററം നിമിത്തം ശിക്ഷ 15 വർഷമായി കുറച്ചു. 10 വർഷം ശിക്ഷയനുഭവിച്ചശേഷം അയാളെ നിരീക്ഷണത്തിൻകീഴിൽ വിട്ടു. അതിനുശേഷം അഞ്ചുവർഷം കടന്നുപോയി. ഇപ്പോൾ ഴൂസ് ഇത്വാർഡൂ സ്നാപനമേററ യഹോവയുടെ ഒരു സാക്ഷിയാണ്, പ്രാദേശികസഭയിൽ ഒരു ശുശ്രൂഷാദാസനായി സേവിക്കയും ചെയ്യുന്നു. സത്യമായി ‘ചെന്നായ് കുഞ്ഞാടിനോടുകൂടെ പാർക്കുന്ന’ ഒരു ദൃഷ്ടാന്തം!—യെശയ്യാവു 11:6.
തന്റെ കുടുംബത്തോടു സാക്ഷീകരിക്കുന്നതിലുള്ള തുടർച്ചയായ ശ്രമം നിമിത്തം തന്റെ ഭർത്താവിനെയും വേറെ നാലു കുടുംബാംഗങ്ങളെയും യഹോവയുടെ സേവനത്തിൽ പ്രവർത്തനനിരതരാക്കുന്നതിന്റെ
സന്തോഷം മന്വേലയ്ക്കു ലഭിച്ചു. അവളുടെ ഭർത്താവ് ഇപ്പോൾ ഒരു ശുശ്രൂഷാദാസനാണ്.“ഞാൻ അവരെ തൊഴിച്ചും അടിച്ചും ഓടിക്കും”
മറിയാ ഡൂ കാർമോ സാക്ഷികൾ അവളെ സന്ദർശിക്കുമ്പോൾ ലിസ്ബനിന്റെ പ്രാന്തപ്രദേശത്തായിരുന്നു താമസിച്ചിരുന്നത്. അവൾക്കു താൻ കേട്ടത് ഇഷ്ടപ്പെട്ടു, വീട്ടിൽ ഒരു ബൈബിളധ്യയനം നടത്തിക്കൊള്ളട്ടേയെന്ന് അവൾ ഭർത്താവായ അന്റോണിയോയോടു ചോദിച്ചു. “അതിനെക്കുറിച്ചു ചിന്തിക്കുകയേ വേണ്ട!” അയാൾ മറുപടി പറഞ്ഞു. “നമ്മുടെ വീട്ടിൽ എന്നെങ്കിലും യഹോവയുടെ സാക്ഷികളെ കണ്ടാൽ ഞാൻ അവരെ തൊഴിച്ചും അടിച്ചും ഓടിക്കും.” സന്ദർഭവശാൽ, അന്റോണിയോ ഒരു കരാട്ടേ അധ്യാപകനും മൂന്നാം ഡിഗ്രി ബ്ലാക്ക് ബെൽററുകാരനും ആയിരുന്നു. അതുകൊണ്ടു മറിയ ഡൂ കാർമോ വേറെ എവിടെയെങ്കിലുംവെച്ച് അധ്യയനം നടത്താൻ തീരുമാനിച്ചു.
പിന്നീട്, കരാട്ടേയിലെ ഒരു അഷ്ടദിന പഠനപദ്ധതിക്കായി അന്റോണിയോയ്ക്ക് ഇംഗ്ലണ്ടിലേക്കു പോകേണ്ടിവന്നു. മറിയ ഡൂ കാർമോ ശ്രദ്ധാപൂർവം അദ്ദേഹത്തിന്റെ സ്യൂട്ട്കേസിൽ എന്റെ ബൈബിൾ കഥാപുസ്തകം b എടുത്തുവെച്ചു. അന്റോണിയോയ്ക്കു യാത്രാവേളയിൽ ധാരാളം സമയമുണ്ടായിരുന്നതുകൊണ്ട് അദ്ദേഹം അതു വായിച്ചു. മടക്കയാത്രയിൽ ഒരു കൊടുങ്കാററ് വിമാനത്തെ ഉഗ്രമായി കുലുക്കി, അതിന് താഴെ ഇറങ്ങാൻ പ്രയാസമായി. തന്റെ ജീവിതത്തിൽ ആദ്യമായി അന്റോണിയോ യഹോവയോടു പ്രാർഥിച്ചു.
അന്റോണിയോ വീട്ടിലെത്തിയപ്പോൾ, ഭാര്യക്ക് അധ്യയനം നടത്തിക്കൊണ്ടിരുന്ന സാക്ഷി അദ്ദേഹത്തെ ഒരു യോഗത്തിനു ക്ഷണിച്ചു. അദ്ദേഹം ക്ഷണം സ്വീകരിച്ചു, എല്ലാവരും വളരെ സൗഹൃദമുള്ളവരാണെന്നു കണ്ടെത്തുകയും ചെയ്തു. ഒരു ബൈബിളധ്യയനത്തിനു ക്രമീകരണം ചെയ്തു. കുറഞ്ഞ സമയംകൊണ്ട് താൻ ഒരു തീരുമാനം ചെയ്യേണ്ടതുണ്ടെന്ന് അന്റോണിയോയ്ക്കു മനസ്സിലായി. അദ്ദേഹം കരാട്ടെ പഠിപ്പിക്കൽ നിർത്തുകയും ഇപ്പോഴും എന്നേക്കും എങ്ങനെ സമാധാനപൂർണമായ ജീവിതം നയിക്കാമെന്ന് അദ്ദേഹത്തിന്റെ വിദ്യാർഥികളെ പഠിപ്പിച്ചുതുടങ്ങുകയും ചെയ്തു എന്നതായിരുന്നു ഫലം. ഒരു ബ്ലാക്ക്ബെൽററുകാരൻതന്നെയായിരുന്ന അവരിൽപ്പെട്ട മറെറാരാളും ഇപ്പോൾ സ്നാപനമേററ ഒരു ക്രിസ്ത്യാനിയാണ്.
അന്റോണിയോയെ സംബന്ധിച്ചാണെങ്കിൽ, അദ്ദേഹം 1991 ഏപ്രിലിൽ സ്നാപനമേററു. അദ്ദേഹത്തിന്റെ സ്നാപനത്തിന്റെ പിറേറന്ന് അദ്ദേഹം ഒരു സഹായപയനിയറായി സേവനം തുടങ്ങി. ആറുമാസം കഴിഞ്ഞ്, അദ്ദേഹം ഒരു നിരന്തരപയനിയറായി സേവിച്ചുതുടങ്ങി. പെട്ടെന്നുതന്നെ അദ്ദേഹം 12 ഭവന ബൈബിളധ്യയനം നടത്തിക്കൊണ്ടിരുന്നു. 1993 ജൂലൈയിൽ അദ്ദേഹം സഭയിൽ ഒരു ശുശ്രൂഷാദാസനായി നിയമിതനായി.
കൂടെക്കൂടെ പ്രവർത്തിക്കുന്ന പ്രദേശത്ത്
രാജ്യത്തിന്റെ പലഭാഗങ്ങളിൽ, ഓരോ ആഴ്ചയിലും മററും പ്രദേശം പ്രവർത്തിച്ചുതീരുന്നുണ്ട്. സാക്ഷികൾ തങ്ങളുടെ “മത്സ്യബന്ധന” പ്രവർത്തനങ്ങൾ ഫലകരമായി നടത്തുന്നത് എങ്ങനെയാണ്?
ജൗ ഓരോ വീട്ടിലെയും ഓരോരുത്തരുമായും സമ്പർക്കം പുലർത്താൻ ശ്രമിക്കുന്നു. ഒരു സ്ത്രീയെ സന്ദർശിച്ചപ്പോൾ വീട്ടിൽ മററു വല്ലവരും താമസിക്കുന്നുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ഭർത്താവും രണ്ടു പുത്രൻമാരും ഉണ്ടെന്നും എന്നാൽ അവർ ജോലിക്കു പോയിട്ടു വൈകുന്നേരം മാത്രം വീട്ടിൽ തിരിച്ചെത്തുന്നതുകൊണ്ട് അവരെ കണ്ടുമുട്ടുക പ്രയാസമാണെന്നും സ്ത്രീ ഉത്തരം പറഞ്ഞു. അതുകൊണ്ട് ജൗ സാക്ഷീകരണം തുടരുകയും ആ പ്രദേശത്തെ മററുള്ളവരെ സന്ദർശിക്കുകയും ചെയ്തു. ഏതാണ്ട് ഒന്നര മണിക്കൂർ കഴിഞ്ഞ് ഒരു മനുഷ്യൻ അദ്ദേഹത്തെ സമീപിച്ചു.
“നിങ്ങൾ എന്നോടു സംസാരിക്കാനാഗ്രഹിക്കുന്നുവെന്നു പറഞ്ഞല്ലോ” എന്ന് ആ മനുഷ്യൻ ജൗവിനോടു പറഞ്ഞു. “എന്താ വേണ്ടതെന്ന് ദയവായി എന്നോടു പറയൂ.”
“ക്ഷമിക്കണം, ഞാൻ നിങ്ങളെ അറിയില്ലല്ലോ,” ജൗ അതിശയം പൂണ്ടു മറുപടി പറഞ്ഞു. “നിങ്ങൾ ആരാണ്?”
“ഞാൻ അന്റോണിയോ ആണ്, താമസിക്കുന്നത് ഈ തെരുവിൽത്തന്നെയാണ്. കുടുംബത്തിൽ ശേഷിച്ചവരോടു സംസാരിക്കാൻ നിങ്ങളാഗ്രഹിക്കുന്നുവെന്നു നിങ്ങൾ എന്റെ അമ്മയോടു പറഞ്ഞു, അതുകൊണ്ടാണു ഞാൻ നിങ്ങൾക്കെന്താണു വേണ്ടതെന്നറിയാൻ വന്നിരിക്കുന്നത്.”
ജൗ അന്റോണിയോയ്ക്ക് ഒരു പൂർണസാക്ഷ്യം കൊടുക്കുകയും അയാളുമായി ഒരു ബൈബിളധ്യയനം തുടങ്ങുകയും ചെയ്തു. രണ്ടാമത്തെ അധ്യയനത്തിനുശേഷം, ആഴ്ചയിൽ രണ്ടു പ്രാവശ്യം അധ്യയനം നടത്താമോയെന്ന് അന്റോണിയോ ചോദിച്ചു. വെറും നാലു മാസംകൊണ്ട് അദ്ദേഹം ജൗവിനോടു ചേർന്നു സ്വന്തം തെരുവിൽ സുവാർത്ത പ്രസംഗിച്ചുതുടങ്ങി. മൂന്നു മാസംകഴിഞ്ഞ്, അദ്ദേഹം സ്നാപനമേററു. അടുത്ത കാലത്ത് അയാളുടെ അമ്മയും ബൈബിൾ പഠിക്കാൻ തുടങ്ങി. ശുശ്രൂഷയിൽ കുടുംബത്തിലെ എല്ലാവരോടും സംസാരിക്കാൻ ശ്രമിക്കുന്നത് എത്ര മൂല്യവത്താണ്!
ആവേശജനകമായ ഇത്തരം അനുഭവങ്ങൾ പോർച്ചുഗലിലെ വെള്ളങ്ങളിൽ ഇനിയും കൂടുതലായി ആത്മീയ മത്സ്യബന്ധനം നടത്തേണ്ടതുണ്ടെന്നു പ്രകടമാക്കുന്നു. പുരോഗമനാത്മകമായ ആയിരക്കണക്കിനു ബൈബിളധ്യയനങ്ങൾ കൊണ്ടു യഹോവ അവിടത്തെ കഠിനാധ്വാനികളായ സാക്ഷികളെ അനുഗ്രഹിച്ചിരിക്കുകയാണ്. എല്ലാവരോടും ബൈബിൾസത്യം അറിയിക്കാൻ കൂടുതൽ കൂടുതൽ മാർഗങ്ങൾ ആരായുന്നതിൽ തുടരവേ, ഫിലിപ്പിയിലെ ക്രിസ്ത്യാനികളോടുള്ള അപ്പോസ്തലനായ പൗലോസിന്റെ വാക്കുകൾ വാസ്തവമായി ഇന്ന് പോർച്ചുഗലിൽ നിവൃത്തിയേറിക്കൊണ്ടിരിക്കയാണ്: “ഏതുവിധത്തിലും ക്രിസ്തു പ്രസിദ്ധമാക്കപ്പെടുന്നു.”—ഫിലിപ്യർ 1:18, NW.
[അടിക്കുറിപ്പുകൾ]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധപ്പെടുത്തിയത്.
b വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധപ്പെടുത്തിയത്.
[23-ാം പേജിലെ ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക)
സ്പെയിൻ
പോർച്ചുഗൽ
[24, 25 പേജുകളിലെ ചിത്രങ്ങൾ]
പോർച്ചുഗലിലെ സാക്ഷികൾ ബൈബിൾസത്യം അറിയിക്കാൻ എല്ലാ അവസരങ്ങളും ഉപയോഗപ്പെടുത്തുന്നു