ശിഷ്യരാക്കലിൽ സന്തോഷം കണ്ടെത്തുന്ന വിധം
ശിഷ്യരാക്കലിൽ സന്തോഷം കണ്ടെത്തുന്ന വിധം
ഒരു വ്യക്തിക്കു സന്തോഷം കണ്ടെത്താനാവുന്ന ഉത്കൃഷ്ട വിധങ്ങളിലൊന്നു ദൈവത്തിന്റെ ഒരു സഹപ്രവർത്തകനായിരിക്കുന്നതാണ്. ഇന്ന്, ദൈവത്തിന്റെ വേലയിൽ നീതിപ്രകൃതമുള്ള ആളുകളെ ക്രിസ്തീയ സഭയിലേക്കു കൂട്ടിച്ചേർക്കുന്നതും ക്രിസ്ത്യാനികളായുള്ള ഇപ്പോഴത്തെ ജീവിതത്തിനുവേണ്ടിയും ഒരു പുതിയ ലോകത്തിലേക്കുള്ള അതിജീവനത്തിനുവേണ്ടിയും അവരെ പരിശീലിപ്പിക്കുന്നതും ഉൾപ്പെടുന്നു.—മീഖാ 4:1-4; മത്താ. 28:19, 20; 2 പത്രൊസ് 3:13.
1980 മുതൽ പത്തുലക്ഷം പേർ യേശുക്രിസ്തുവിന്റെ ശിഷ്യരായിത്തീരുന്നതു കണ്ടതു ലാററിനമേരിക്കയിലെ യഹോവയുടെ സാക്ഷികൾക്കു സന്തോഷത്തിന്റെ ഒരു ഉറവായിരുന്നിട്ടുണ്ട്. അനേകർ ബൈബിളിനെ ആദരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ഈ ഫലപൂർണമായ വയലിൽ യഹോവക്കു തങ്ങളുടെ ജീവനെ സമർപ്പിക്കാൻ ഡസൻകണക്കിനാളുകളെ സഹായിക്കുന്നതിനു ചില മുഴുസമയ ശുശ്രൂഷകർക്കു കഴിഞ്ഞിട്ടുണ്ട്. വളരെയധികം അനുഭവപരിചയമുള്ളതിനാൽ ഒരുപക്ഷേ അവർക്കു ശിഷ്യരാക്കലിന്റെ സന്തോഷത്തെക്കുറിച്ചു നമ്മോടു ചിലതു പറയാനാവും. അവരുടെ നിർദേശങ്ങളിൽ ചിലതു നിങ്ങൾ ജീവിക്കുന്നടത്തു ശിഷ്യരെ ഉളവാക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നതിനു നിങ്ങളെ സഹായിച്ചേക്കാം.
സാധ്യതയുള്ള “ആടുകളെ” തിരിച്ചറിയൽ
തന്റെ അപ്പോസ്തലൻമാരെ പ്രസംഗിക്കാനയച്ചപ്പോൾ “ഏതു പട്ടണത്തിലോ ഗ്രാമത്തിലോ കടക്കുമ്പോൾ അവിടെ യോഗ്യൻ ആർ എന്നു അന്വേഷിപ്പിൻ” എന്നു യേശു പറഞ്ഞു. (മത്തായി 10:11) നിങ്ങൾ ആളുകളെ സന്ദർശിക്കുമ്പോൾ ആത്മീയമായി സഹായിക്കാൻ കഴിയുന്നവരെ നിങ്ങൾക്ക് എങ്ങനെയാണു തിരിച്ചറിയാൻ സാധിക്കുന്നത്? 50-തിലധികം വർഷമായി ഒരു മുഴുസമയ ശുശ്രൂഷകനായിരിക്കുന്ന എഡ്വേർഡ് പറയുന്നു: “തങ്ങളുടെ ആത്മാർഥമായ ചോദ്യങ്ങളാലും തിരുവെഴുത്തുകളിൽനിന്ന് ഉത്തരം കൊടുക്കുമ്പോഴത്തെ അവരുടെ സംതൃപ്തിയാലും അവർ അതു പ്രകടമാക്കുന്നു.” കാരൾ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ഒരാൾ എന്നെ വിശ്വസിച്ചു വ്യക്തിപരമായ ഒരു പ്രശ്നമോ വ്യഥയോ പറയുമ്പോൾ അതു യഥാർഥത്തിൽ സഹായത്തിനുള്ള ഒരു അപേക്ഷയാണ്. ഞാൻ വാച്ച്ടവർ സൊസൈററിയുടെ പ്രസിദ്ധീകരണങ്ങളിൽ സഹായകമായ വിവരങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നു. അങ്ങനെയുള്ള വ്യക്തിപരമായ താത്പര്യം മിക്കപ്പോഴും ഒരു ബൈബിളധ്യയനത്തിലേക്കു നയിക്കുന്നു.” എന്നിരുന്നാലും, ആത്മാർഥതയുള്ളവരെ എല്ലായ്പോഴും അനായാസം തിരിച്ചറിയുന്നില്ല. ലൂയിസ് ഇങ്ങനെ വിവരിക്കുന്നു: “വളരെ താത്പര്യമുള്ളവരായി തോന്നിയ ചിലർ അശേഷം താത്പര്യമില്ലാത്തവരായി മാറി, എന്നാൽ ആദ്യം എതിർക്കുന്നവരായി തോന്നിയവർ ബൈബിൾ യഥാർഥമായി പറയുന്നത് എന്തെന്നു കേട്ടപ്പോൾ പരിവർത്തനം ചെയ്തു.” അനേകം ലാററിനമേരിക്കക്കാർ ബൈബിളിനെ ആദരിക്കുന്നതുകൊണ്ട്, അദ്ദേഹം കൂട്ടിച്ചേർക്കുന്നു, “ബൈബിൾ പഠിപ്പിക്കുന്നതു ഞാൻ അവരെ കാണിച്ചശേഷം അനായാസം അതു സ്വീകരിക്കുമ്പോൾ ആത്മീയമായി സഹായിക്കാനാവുന്നവരെ ഞാൻ തിരിച്ചറിയുന്നു.” അങ്ങനെയുള്ള ‘യോഗ്യരെ’ ആത്മീയമായി പുരോഗതി പ്രാപിക്കാൻ സഹായിക്കുന്നതു യഥാർഥ സന്തോഷവും സംതൃപ്തിയും കൈവരുത്തുന്നു. നിങ്ങൾക്ക് ഇത് എങ്ങനെ ചെയ്യാനാവും?
ബൈബിളധ്യയനങ്ങൾ തുടങ്ങുക
“വിശ്വസ്തനും വിവേകിയുമായ അടിമ” ഉളവാക്കിയിരിക്കുന്ന ബൈബിളധ്യയന സഹായികൾ ഉപയോഗിക്കുന്നതാണു സാധാരണമായി ബൈബിൾസത്യം ഗ്രഹിക്കാൻ ആളുകളെ സഹായിക്കുന്നതിനുള്ള ഏററം നല്ല മാർഗം. (മത്തായി 24:45, NW) അത്തരം ബൈബിളധ്യയന സഹായികളുടെ മൂല്യത്തെക്കുറിച്ചു നിങ്ങൾക്ക് എങ്ങനെ വിലമതിപ്പു വർധിപ്പിക്കാൻ കഴിയും? എഡ്വേർഡ് പറയുന്നു: “ആളുകളുടെ സാഹചര്യങ്ങളും വ്യക്തിത്വങ്ങളും വീക്ഷണഗതികളും വളരെയധികം വ്യത്യസ്തമാകയാൽ ബൈബിളധ്യയനങ്ങൾ തുടങ്ങുന്നതിൽ വഴക്കമുണ്ടായിരിക്കാൻ ഞാൻ ശ്രമിക്കുന്നു.” എല്ലാവർക്കും ഒരേ രീതി നിങ്ങൾക്ക് ഉപയോഗിക്കാനാവില്ല.
ചിലരുടെ കാര്യത്തിൽ ഒരു ബൈബിളധ്യയന പാഠപുസ്തകം അവതരിപ്പിക്കുന്നതിനു മുമ്പു തിരുവെഴുത്തുകളുടെ പല അനൗപചാരിക ചർച്ചകൾ ആവശ്യമായിവരാം. എന്നിരുന്നാലും, ഒരു മിഷനറിദമ്പതികൾ ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “ഞങ്ങൾ സാധാരണമായി ആദ്യസന്ദർശനത്തിൽ ഒരു ബൈബിളധ്യയനം വാഗ്ദാനം ചെയ്യുന്നു.” അതുപോലെ, സമർപ്പണഘട്ടത്തോളം 55 പേരെ സഹായിച്ചിട്ടുള്ള ഒരു സാക്ഷി പറയുന്നു: “ബൈബിളധ്യയനങ്ങൾ തുടങ്ങാനുള്ള എന്റെ മുഖ്യ രീതി നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകത്തിലേക്കു നേരിട്ടു കടക്കുന്നത് ആണ്.” എന്തെങ്കിലും പഠിക്കുന്ന ആശയം ചിലർ ഇഷ്ടപ്പെടുന്നില്ലെങ്കിലും മററു ചിലർ ജീവിതത്തിൽ തങ്ങളെ സഹായിക്കുന്നതായി വിശ്വസിക്കുന്ന എന്തും പഠിക്കാൻ ആകാംക്ഷയുള്ളവരാണ്. ഭവനത്തിൽ സൗജന്യ ബൈബിൾക്ലാസ് നടത്താമെന്നുള്ള വാഗ്ദാനം മിക്കപ്പോഴും ഇവർക്ക് ആകർഷകമായി തോന്നുന്നു. ചില മിഷനറിമാർ ഈ വാഗ്ദാനം വിശദീകരിച്ചിട്ടു പറയുന്നു: “ഞങ്ങൾ അതു ചെയ്യുന്നത് എങ്ങനെയാണെന്നു കാണിക്കാൻ ഞാനാഗ്രഹിക്കുന്നു. നിങ്ങൾക്ക് അതിഷ്ടപ്പെടുന്നുവെങ്കിൽ, തുടരാവുന്നതാണ്. ഇഷ്ടപ്പെടുന്നില്ലെങ്കിൽ, നിങ്ങളുടെ തീരുമാനത്തിനു വിടുന്നു.” അത് ആ വിധത്തിൽ വാഗ്ദാനം ചെയ്യുമ്പോൾ ആളുകൾക്കു സ്വീകരിക്കാൻ ഭയമില്ല.
സ്വത്തും വിദ്യാഭ്യാസവും തീരെ കുറവുള്ള അനേകരെ സഹായിച്ചിട്ടുള്ള മറെറാരു സാക്ഷി പറയുന്നു: “ബൈബിളധ്യയനങ്ങൾ തുടങ്ങുന്നതിനു വിശേഷാൽ ഉപയോഗപ്രദമാണു ലഘുലേഖകൾ എന്നു ഞാൻ കണ്ടെത്തിയിരിക്കുന്നു.” ഏതു പ്രസിദ്ധീകരണം ഉപയോഗിച്ചാലും മുഴുസമയ ഉപദേഷ്ടാക്കൾ മുഖ്യ ഊന്നൽ ബൈബിളിനു കൊടുക്കാൻ ശ്രമിക്കുന്നു. കരോളാ പറയുന്നു: “ആദ്യ അധ്യയനത്തിൽ ഞാൻ ചിത്രങ്ങളും അഞ്ചു തിരുവെഴുത്തുകളും മാത്രം ഉപയോഗിക്കുന്നു, തന്നിമിത്തം മുഖ്യ ആശയങ്ങൾ മുന്തിനിൽക്കുന്നു, ബൈബിൾ പ്രയാസമായി തോന്നുന്നുമില്ല.”
താത്പര്യത്തെ സജീവമാക്കിനിർത്തുക
പുരോഗമിക്കുന്നുണ്ടെന്നുള്ള തോന്നൽ ആളുകൾ ആസ്വദിക്കുന്നു, അതുകൊണ്ടു ജനിഫർ ഇങ്ങനെ ശുപാർശ ചെയ്യുന്നു: “അധ്യയനത്തെ ജീവത്താക്കിത്തീർക്കുക. പുരോഗമിക്കുക.” ആഴ്ചകൾ നഷ്ടപ്പെടുത്താതെ ക്രമമായി അധ്യയനം നടത്തുന്നതും തങ്ങൾ പുരോഗമിക്കുന്നുണ്ടെന്നു തോന്നാൻ ബൈബിൾവിദ്യാർഥികളെ സഹായിക്കുന്നു. ഗ്രാമപ്രദേശത്തു വളർന്ന ഒരു പ്രത്യേക പയനിയർ വളരെ കുറഞ്ഞ പഠിപ്പുള്ളവർക്കുപോലും പുരോഗമിക്കാൻ കഴിയത്തക്കവണ്ണം വിശദീകരണങ്ങൾ ലളിതമാക്കേണ്ടതിന്റെയും മുഖ്യ ആശയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെയും പ്രാധാന്യം വിശദമാക്കുന്നു. അദ്ദേഹം പറയുന്നു: “എന്റെ ഗ്രാമത്തിൽ വിത്തു വിതച്ചശേഷം നിലത്തു വെള്ളം തളിക്കേണ്ടിയിരുന്നു. ഞങ്ങൾ വയലുകളിലേക്കു വെള്ളം ഒഴുക്കിവിട്ടാൽ കിളിർക്കുന്ന വിത്തിനു തുളച്ചുകടക്കാൻ കഴിയാത്തവിധം മണ്ണു കട്ടിയുള്ള ഉപരിഭാഗം രൂപപ്പെടുത്തുന്നു, അവ മൃതിയടയുന്നു. അതുപോലെ, നിങ്ങൾ പുതിയ താത്പര്യക്കാരെ അനേകം ആശയങ്ങൾകൊണ്ടു മുക്കിക്കളഞ്ഞാൽ അതു വളരെ പ്രയാസമാണെന്നു തോന്നുകയും അവർ മടുത്തുപോകയും ചെയ്യും.” ജിജ്ഞാസയുള്ള ആളുകൾ പോലും ഗ്രാഹ്യത്തിൽ പുരോഗതി പ്രാപിക്കണമെങ്കിൽ ഒരു സമയത്ത് ഒരു വിഷയത്തിൽ കേന്ദ്രീകരിക്കാൻ പഠിക്കേണ്ടതാണ്. യേശു തന്റെ അപ്പോസ്തലൻമാരോട്: “ഇനിയും വളരെ നിങ്ങളോടു പറവാനുണ്ടു; എന്നാൽ നിങ്ങൾക്കു ഇപ്പോൾ വഹിപ്പാൻ കഴിവില്ല” എന്നു പറഞ്ഞു.—യോഹന്നാൻ 16:12.
താത്പര്യത്തെ സജീവമാക്കി നിർത്താനുള്ള മറെറാരു മാർഗം നിങ്ങൾ പോയിക്കഴിഞ്ഞും ദൈവവചനത്തെക്കുറിച്ചു തുടർന്നു ചിന്തിക്കാൻ നിങ്ങൾ സന്ദർശിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയാണ്. യോളാൻഡ ഇങ്ങനെ ശുപാർശചെയ്യുന്നു: “ഒരു ചോദ്യത്തിന് ഉത്തരം കൊടുക്കാതെ വിടുക. ബൈബിളിന്റെ ഒരു ഭാഗം വായിക്കുന്നതോ അല്ലെങ്കിൽ അവരെ ബാധിക്കുന്ന ഒരു വിഷയം പരിശോധിക്കുന്നതോപോലെ അവർക്കു കുറെ ഗൃഹപാഠം ചെയ്യാൻ കൊടുക്കുക.”
യഹോവയോടുള്ള സ്നേഹം വളർത്തൽ
നിങ്ങൾ നിങ്ങളുടെ വിദ്യാർഥികളെ ‘വചനം കേൾക്കമാത്രം ചെയ്യാതെ, ചെയ്യുന്നവർ’ ആയിരിക്കാൻ സഹായിക്കുയാക്കോബ് 1:22) നിങ്ങൾക്ക് അത് എങ്ങനെ ചെയ്യാനാവും? സത്യക്രിസ്ത്യാനികൾ യഹോവയോടുള്ള സ്നേഹത്താൽ പ്രേരിതരാകുന്നു. മെക്സിക്കോക്കാരനായ പെത്രോ ഇങ്ങനെ വിശദീകരിക്കുന്നു: “തങ്ങൾ അറിയാത്ത ഒരു വ്യക്തിയെ ആളുകൾക്കു സ്നേഹിക്കാനാവില്ല, അതുകൊണ്ട് അധ്യയനത്തിന്റെ തുടക്കംമുതൽ ഞാൻ ബൈബിളിൽനിന്ന് അവരെ ദൈവനാമം പഠിപ്പിക്കുന്നു, യഹോവയുടെ ഗുണങ്ങൾ ഊന്നിപ്പറയാനുള്ള അവസരങ്ങൾക്കുവേണ്ടി ഞാൻ അന്വേഷിക്കുന്നു.” സംഭാഷണത്തിൽ, യഹോവയോടുള്ള നിങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിച്ചുകൊണ്ട് അവനോടുള്ള വിലമതിപ്പു കെട്ടുപണിചെയ്യാൻ നിങ്ങൾക്കു കഴിയും. എലിസബത്ത് പറയുന്നു: “യഹോവയുടെ നൻമയെക്കുറിച്ചു പറയാൻ ഞാൻ എല്ലായ്പോഴും ശ്രമിക്കുന്നു. എന്റെ അധ്യയനസമയങ്ങളിൽ ഞാൻ മനോഹരമായ ഒരു പുഷ്പമോ ഭംഗിയുള്ള ഒരു പക്ഷിയെയോ കളിക്കുന്ന ഒരു പൂച്ചക്കുട്ടിയെയോ കാണുന്നുവെങ്കിൽ അതു യഹോവയുടെ സൃഷ്ടിയാണെന്ന് എല്ലായ്പോഴും പറയുന്നു.” “ദൈവത്തിന്റെ വാഗ്ദത്തം ചെയ്യപ്പെട്ട പുതിയ ലോകം ഒരു യാഥാർഥ്യമാണെന്നു നിങ്ങൾക്കറിയാവുന്നതുപോലെ അതിനെക്കുറിച്ചു സംസാരിക്കുക,” ജനിഫർ നിർദേശിക്കുന്നു. “പുതിയ ലോകത്തിൽ അവർ എന്തു ചെയ്യാനാഗ്രഹിക്കുന്നുവെന്നു ചോദിക്കുക.”
മ്പോൾ നിങ്ങളുടെ സന്തോഷം വർധിക്കും. (യഹോവയെക്കുറിച്ചു പഠിക്കുന്നതുസംബന്ധിച്ച് ഒരു വ്യക്തി വിലമതിപ്പോടെ ധ്യാനിക്കുമ്പോൾ അത് അയാളുടെ ഹൃദയത്തിലേക്ക് ആണ്ടിറങ്ങുകയും അയാളെ പ്രവർത്തനത്തിനു പ്രേരിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ ഓർത്തിരിക്കുന്നില്ലെങ്കിൽ അയാൾക്കു ധ്യാനിക്കാൻ കഴിയില്ല. ഓരോ അധ്യയനത്തിനുംശേഷം മൂന്നോ നാലോ ആശയങ്ങളുടെ ഒരു പുനരവലോകനം ഓർമക്കുള്ള ഒരു സഹായമാണ്. അനേകം ബൈബിളുപദേഷ്ടാക്കൾ പുതിയവരെക്കൊണ്ട് അവരുടെ ബൈബിളിന്റെ പിൻഭാഗത്ത് ഒരു കുറിപ്പോടെ മുഖ്യ തിരുവെഴുത്തുകൾ എഴുതിയിടീക്കുന്നു. ഇംഗ്ലണ്ടിൽനിന്നുള്ള ഒരു മിഷനറി പുനരവലോകനങ്ങളുടെ മറെറാരു പ്രയോജനം വിശദീകരിക്കുന്നു: “വിവരങ്ങൾ അവർക്ക് എങ്ങനെ പ്രയോജനം ചെയ്തിരിക്കുന്നുവെന്നു ഞാൻ അവരോടു ചോദിക്കുന്നു. ഇത് അവർ യഹോവയുടെ വഴികളും നിയമങ്ങളും സംബന്ധിച്ചു ധ്യാനിക്കാൻ ഇടയാക്കുന്നു.”
മൂന്നാമത്തെ ഗിലെയാദ് ക്ലാസിൽനിന്നു ബിരുദംനേടിയ ഒരു വിശ്വസ്ത സാക്ഷി പറയുന്നു: “നമ്മൾ ഉത്സാഹമുള്ളവരായിരിക്കണം. നാം പഠിപ്പിക്കുന്നതു നാം വിശ്വസിക്കുന്നുണ്ടെന്നു നമ്മുടെ വിദ്യാർഥികൾ തിരിച്ചറിയണം.” നിങ്ങളെ സന്തോഷത്തോടെ ‘വേല ചെയ്യുന്നവ’നാക്കിയിരിക്കുന്ന വിശ്വാസം നിങ്ങൾ പ്രകടമാക്കുന്നുവെങ്കിൽ അതിനു സാംക്രമികമായിരിക്കാൻ കഴിയും.—യാക്കോബ് 1:25.
“തങ്ങളുടെ പ്രാർഥനകളുടെ ഉത്തരങ്ങൾ തിരിച്ചറിയാൻ ഞാൻ സഹായിക്കുന്നുവെങ്കിൽ ആളുകൾക്കു ദൈവത്തോടു കൂടുതൽ അടുപ്പം തോന്നുന്നതായി ഞാൻ കണ്ടെത്തുന്നു”വെന്നു യഹോവയെ ആരാധിക്കാൻ അനേകരെ സഹായിച്ചിട്ടുള്ള ഒരു സാക്ഷി പറയുന്നു. “ഈ ഒന്നുപോലെ, എന്റെ അനുഭവങ്ങളിൽനിന്നുള്ള ദൃഷ്ടാന്തങ്ങൾ ഞാൻ അവരോടു പറയുന്നു: എന്റെ കൂട്ടുപ്രവർത്തകയും ഞാനും പയനിയർമാർ എന്നനിലയിൽ ഒരു പുതിയ നിയമനസ്ഥലത്തെത്തിയപ്പോൾ ഞങ്ങൾക്ക് അല്പം പച്ചക്കറികളും ഒരു പായ്ക്കററു കൃത്രിമ വെണ്ണയും (margarine) മാത്രമേ ഉണ്ടായിരുന്നുള്ളൂ, പണമുണ്ടായിരുന്നില്ല. ഞങ്ങൾ അത്താഴം കഴിച്ചുതീർത്തിട്ട് ‘ഇനി നമുക്കു നാളത്തേക്ക് ഒന്നുമില്ല’ എന്നു പറഞ്ഞു. ഞങ്ങൾ അതുസംബന്ധിച്ചു പ്രാർഥിച്ചിട്ടു കിടന്നുറങ്ങി. അടുത്ത ദിവസം അതിരാവിലെ സ്ഥലത്തെ ഒരു സാക്ഷി സന്ദർശിച്ചിട്ടു ‘പയനിയർമാരെ അയയ്ക്കേണമേ എന്നു ഞാൻ യഹോവയോടു പ്രാർഥിച്ചു, ഇനി ദിവസത്തിന്റെ അധികസമയത്തും എനിക്കു നിങ്ങളോടുകൂടെ പോരാൻ കഴിയും, എന്നാൽ ഞാൻ ഗ്രാമപ്രദേശത്തു മാറി പാർക്കുന്നതുകൊണ്ടു ഞാൻ നിങ്ങളോടുകൂടെ ഊണു കഴിക്കേണ്ടിയിരിക്കുന്നു, അതുകൊണ്ട് ഞാൻ നമുക്കെല്ലാവർക്കുംവേണ്ടി ഈ ആഹാരം കൊണ്ടുവന്നിരിക്കയാണ്’ എന്നു തന്നേത്തന്നെ പരിചയപ്പെടുത്തിക്കൊണ്ടു പറഞ്ഞു. ഏറെ മാട്ടിറച്ചിയും പച്ചക്കറികളും ഉണ്ടായിരുന്നു. നാം അവന്റെ രാജ്യം ഒന്നാമത് അന്വേഷിക്കുന്നുവെങ്കിൽ യഹോവ ഒരിക്കലും നമ്മെ ഉപേക്ഷിക്കയില്ല എന്നു ഞാൻ എല്ലായ്പോഴും എന്റെ വിദ്യാർഥികളോടു പറയുന്നു.”—മത്തായി 6:33.
പ്രായോഗിക സഹായം കൊടുക്കുക
ക്രിസ്തുവിന്റെ ശിഷ്യരെ ഉളവാക്കുന്നതിൽ ഒരു ബൈബിളധ്യയനം നടത്തുന്നതിനെക്കാൾ കൂടുതൽ അടങ്ങിയിരിക്കുന്നു. ഒരു സഞ്ചാര മേൽവിചാരകനായി അനേകം വർഷങ്ങളിൽ സേവിച്ച ഒരു മിഷനറി പറയുന്നു: “അവർക്കു സമയം കൊടുക്കുക. അധ്യയനം തീർന്നാൽ ധൃതിയിൽ പോകരുത്. ഉചിതമെങ്കിൽ കുറേനേരം ഇരുന്നു സംസാരിക്കുക.” എലിസബത്ത് പറയുന്നു: “ജീവൻ ഉൾപ്പെട്ടിരിക്കുന്നതുകൊണ്ടു ഞാൻ അവരിൽ താത്പര്യമെടുക്കുന്നു. അവർ എന്റെ മക്കളാണെന്നുള്ളതുപോലെ ഞാൻ പലപ്പോഴും അവരെക്കുറിച്ച് ഉത്കണ്ഠപ്പെടുന്നു.” മററു സാക്ഷികൾ ഈ നിർദേശങ്ങൾ നൽകി: “അവർക്കു സുഖമില്ലാത്തപ്പോൾ അവരെ സന്ദർശിക്കുക.” “നിങ്ങൾ അവരുടെ വീടിനോടടുത്തായിരിക്കുമ്പോൾ—ദൃഷ്ടാന്തത്തിനു വയൽശുശ്രൂഷയിൽ—മററു സാക്ഷികളെ അവർക്കു പരിചയപ്പെടുത്താൻ അവരെ ചുരുങ്ങിയ സമയത്തേക്കു സന്ദർശിക്കുക.” ഈവാ പറയുന്നു: “വ്യക്തിയുടെ പശ്ചാത്തലവും ജീവിതസാഹചര്യവും മനസ്സിലാക്കാൻ അവധാനപൂർവം ശ്രദ്ധിക്കുക. ഇവ സത്യത്തോട് ആളുകൾ പ്രതികരിക്കുന്ന വിധത്തെ ബാധിക്കുന്നു, അവരുടെ പുരോഗതിക്കു പ്രതിബന്ധമുണ്ടാക്കാനും കഴിയും. അവരുടെ സുഹൃത്തായിരിക്കുക, അപ്പോൾ തങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ചു സംസാരിക്കാൻ അവർക്ക് ആത്മവിശ്വാസമുണ്ടായിരിക്കും.” കാരൾ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “വ്യക്തിയുടെ ജീവിതത്തിൽ സത്യം വരുത്തുന്ന മാററങ്ങൾ ചിലപ്പോൾ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും നഷ്ടം കൈവരുത്തുന്നതുകൊണ്ട് അയാളിലുള്ള യഥാർഥ താത്പര്യം പ്രധാനമാണ്. നാം എവിടെ പാർക്കുന്നുവെന്നു വിദ്യാർഥി അറിയുന്നതും ഏതു സമയത്തും നമ്മുടെ അടുക്കൽ മത്തായി 10:35; മർക്കൊസ് 10:29, 30.
വരാൻ ആത്മവിശ്വാസമുണ്ടായിരിക്കുന്നതും പൊതുവേ നല്ലതാണ്.” സഭയെ തന്റെ പുതിയ കുടുംബമായി വീക്ഷിക്കാൻ അയാളെ സഹായിക്കുക.—“പ്രായോഗിക സഹായം കൊടുക്കാൻ ജാഗ്രതയുള്ളവാരായിരിക്കുക. യോഗങ്ങളിൽ അവരോടുകൂടെ ഇരിക്കയും അവരുടെ കുട്ടികളുടെ കാര്യത്തിൽ സഹായിക്കയും ചെയ്യുക,” യോളാണ്ട പറയുന്നു. പുതിയവരുടെ മക്കളെ എങ്ങനെ പരിശീലിപ്പിക്കാമെന്നും അവരുടെ ശുചിത്വനിലവാരങ്ങൾ എങ്ങനെ മെച്ചപ്പെടുത്താമെന്നും യോഗങ്ങൾക്ക് അഭിപ്രായങ്ങൾ എങ്ങനെ തയ്യാറാകാമെന്നും ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ എങ്ങനെ പ്രസംഗങ്ങൾ നടത്താമെന്നും കാണിച്ചുകൊടുക്കുന്നതുമെല്ലാം ശിഷ്യരാക്കൽവേലയുടെ ഭാഗമാണ്. മറെറാരു സഹോദരി ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “പുതിയവരെ ശുശ്രൂഷക്കു പരിശീലിപ്പിക്കുന്നതു പ്രധാനമാണ്. പരിശീലനത്തിന്റെ ഈ വശം അവഗണിക്കുമ്പോൾ ചിലർ പ്രസംഗവേലയെക്കുറിച്ചു ഭയത്തിൽ കഴിയുകയും യഹോവയെ സേവിക്കുന്നതിലുള്ള സന്തോഷം നഷ്ടപ്പെടുത്തുകയും സഹിച്ചുനിൽക്കുന്നതിൽ പരാജയപ്പെടുകയും ചെയ്യുന്നു.” അതുകൊണ്ടു വീടുതോറുമുള്ള വേലയിലും മടക്കസന്ദർശനങ്ങൾ നടത്തുന്നതിലും ബൈബിളധ്യയനങ്ങൾ തുടങ്ങുന്നതിലും ശ്രദ്ധാപൂർവമായ പരിശീലനം കൊടുക്കുക. നിങ്ങളുടെ വിദ്യാർഥി നിങ്ങളുടെ സഹായത്താലും മാർഗനിർദേശത്താലും പുരോഗമിക്കുന്നതു കാണുമ്പോൾ നിങ്ങളുടെ സന്തോഷം വലുതായിരിക്കും.
സഹിച്ചുനിൽക്കാൻ അവരെ ബലപ്പെടുത്തുക
“വിദ്യാർഥി സ്നാപനമേററു കഴിഞ്ഞാൽ അധ്യയനത്തെ അവഗണിക്കാനുള്ള പ്രവണതയുണ്ട്,” പരിചയസമ്പന്നയായ ഒരു ശിഷ്യരാക്കൽവിദഗ്ധ മുന്നറിയിപ്പുനൽകുന്നു. പുതുതായി സ്നാപനമേററ ഒരു ക്രിസ്ത്യാനി ആത്മീയമായി അശേഷം പക്വതയുള്ളയാളല്ല എന്ന് ഉപദേഷ്ടാവും വിദ്യാർഥിയും ഓർത്തിരിക്കണം. അയാൾ തന്റെ വിശ്വാസത്തിലും ദൈവനിയമങ്ങളോടുള്ള വിലമതിപ്പിലും യഹോവയോടുള്ള സ്നേഹത്തിലും വളരെയധികം വളരേണ്ടതുണ്ട്. അയാൾ തുടർന്നു പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കത്തക്കവണ്ണം വ്യക്തിപരമായ നല്ല പഠനശീലങ്ങൾ വളർത്തിയെടുക്കാൻ അയാളെ പ്രോത്സാഹിപ്പിക്കുന്നതു മർമപ്രധാനമാണ്.—1 തിമൊഥെയൊസ് 4:15.
പുതിയ ആൾ പുരോഗതിപ്രാപിച്ച് സഹോദരസമൂഹത്തിലെ സംസർഗപ്രിയനായ ഒരു അംഗമായിത്തീരുന്നതിനു സഹായമാവശ്യമായിരിക്കാം. അയാൾ സഹോദരങ്ങളോടു കൂടുതൽ അടുക്കുമ്പോൾ അവരുടെ അപൂർണതകൾ കൈകാര്യം ചെയ്യുന്നതിൽ അയാൾക്കു മാർഗനിർദേശം ആവശ്യമായിരിക്കാം. (മത്തായി 18:15-35) സ്വന്തമായി ഗവേഷണം നടത്താൻ പ്രാപ്തിയുള്ള ഒരു വിദഗ്ധ ഉപദേഷ്ടാവായിത്തീരാൻ അയാൾക്കു സഹായം ആവശ്യമായിരിക്കാം. ഒരു മിഷനറി ഇങ്ങനെ വിവരിക്കുന്നു: “സ്നാപനത്തിനുശേഷം ഒരു ഉപദേഷ്ടാവെന്ന നിലയിലുള്ള തന്റെ പ്രാപ്തി മെച്ചപ്പെടുത്താൻ ഒരു വിദ്യാർഥിനി ആഗ്രഹിച്ചു. അതുകൊണ്ട് അവൾ എന്നോട്, ‘എനിക്ക് അടുത്ത ആഴ്ചയിൽ ഒരു പുതിയ അധ്യയനം നടത്താനുണ്ട്, എന്നാൽ ഞാൻ പഠിച്ച മുൻ അധ്യായങ്ങൾ സംബന്ധിച്ച് എന്റെ ഓർമ പുതുക്കേണ്ട ആവശ്യമുണ്ട്. ദയവായി നിങ്ങൾക്ക് ഈ അധ്യായങ്ങൾ ഓരോന്നായി വീണ്ടും പഠിപ്പിക്കാമോ?’ എന്ന് അവൾ എന്നോടു ചോദിച്ചു. ‘അങ്ങനെയെങ്കിൽ തിരുവെഴുത്തുകളുടെയും ദൃഷ്ടാന്തങ്ങളുടെയും വിശദീകരണങ്ങൾ കുറിക്കൊള്ളുകയും പിന്നീട് എന്റെ അധ്യയനത്തിനു പോകുമ്പോൾ എനിക്ക് ഉപയോഗിക്കുകയും ചെയ്യാമല്ലോ?’ അവൾ പ്രഗത്ഭയായ ഒരു ഉപദേഷ്ടാവായിത്തീർന്നിരിക്കുന്നു, അവളുടെ അധ്യേതാക്കളിൽ നാലുപേർ ഒരു സമ്മേളനത്തിൽ സ്നാപനമേൽക്കുകയുണ്ടായി.”
ശിഷ്യരാക്കൽ ശ്രമത്തിനു തക്ക മൂല്യമുള്ളതായിരിക്കുന്നതിന്റെ കാരണം
“ശിഷ്യരാക്കലിന്റെ അർഥം യഹോവയുടെ കൂടുതൽ സ്തുതിപാഠകർ ഉണ്ടാകുന്നു എന്നാണ്. സത്യം സ്വീകരിക്കുന്നവർക്ക് അതു ജീവനെ അർഥമാക്കുന്നു,” പാമെല പറയുന്നു. “മററുള്ളവരെ സത്യം പഠിപ്പിക്കുന്നത് എനിക്കു കേവലം ഇഷ്ടമാണ്—അതു വളരെ മനോഹരമാണ്! അൽപ്പാൽപ്പമായി അധ്യേതാക്കൾ വളർന്നുവരുന്നതും തങ്ങളുടെ ജീവിതത്തിൽ മാററങ്ങൾ വരുത്തുന്നതും യഹോവയുടെ ആത്മാവിന്റെ സഹായമില്ലായിരുന്നെങ്കിൽ തരണംചെയ്യാനാവാത്തതായി തോന്നുമായിരുന്ന പ്രതിബന്ധങ്ങളെ അതിജീവിക്കുന്നതും ഒരുവൻ കാണുന്നു. യഹോവയെ സ്നേഹിക്കാൻ ഇടയായിട്ടുള്ളവരിൽ അനേകർ എന്റെ വളരെ പ്രിയപ്പെട്ട സുഹൃത്തുക്കളായിത്തീർന്നിട്ടുണ്ട്.”
“ശിഷ്യരായിത്തീരാൻ ഞാൻ സഹായിച്ചിട്ടുള്ളവരെക്കുറിച്ചു വിചിന്തനം ചെയ്യുമ്പോൾ, എനിക്ക് അശേഷം വിശ്വസിക്കാൻ കഴിയാത്തവിധം ദൈവത്തിന്റെ ശുശ്രൂഷകരെന്ന നിലയിൽ വളരെയധികം പുരോഗതി നേടിയ വളരെ ഭയമുണ്ടായിരുന്ന ചിലരെ ഞാൻ കാണുന്നു. സ്പഷ്ടമായും യഹോവയുടെ സഹായത്താൽ ഭയങ്കര പ്രതിബന്ധങ്ങളെ തരണംചെയ്ത ആളുകളെ ഞാൻ കാണുന്നു. പണ്ടു വേർപെട്ടുനിന്നിരുന്നെങ്കിലും ഇപ്പോൾ ഐക്യപ്പെട്ടിരിക്കുന്ന കുടുംബങ്ങളെ ഞാൻ കാണുന്നു—ഉത്തരവാദിത്വം വഹിക്കുന്ന മാതാപിതാക്കളുള്ള സന്തുഷ്ടരായ കുട്ടികൾ. യഹോവയെ സ്തുതിച്ചുകൊണ്ട് അർഥവത്തായ ജീവിതം ആസ്വദിക്കുന്ന ആളുകളെ ഞാൻ കാണുന്നു. ഇതാണു ശിഷ്യരെ ഉളവാക്കുന്നതിന്റെ സന്തോഷം,” ജർമനിയിൽനിന്നുള്ള ഒരു മിഷനറി വിവരിക്കുന്നു.
അതേ, ശിഷ്യരാക്കൽവേലയിൽ യഹോവയാം ദൈവത്തിന്റെ ഒരു സഹപ്രവർത്തകനായിരിക്കുന്നത് അതുല്യമായ സന്തോഷത്തിന്റെ ഒരു ഉറവാണ്. മിഷനറിമാരുടെയും പയനിയർമാരുടെയും അനുഭവങ്ങൾ അതു തെളിയിച്ചിരിക്കുന്നു. ഈ നിർദേശങ്ങൾ ബാധകമാക്കുകയും അതിൽ മുഴുദേഹിയോടെ പ്രവർത്തിക്കുകയും ചെയ്യുന്നുവെങ്കിൽ നിങ്ങൾക്ക് ഇതേ സന്തോഷവും സംതൃപ്തിയും കണ്ടെത്താൻ കഴിയും. യഹോവയുടെ അനുഗ്രഹത്താൽ നിങ്ങളുടെ സന്തോഷം പൂർണമായിരിക്കും.—സദൃശവാക്യങ്ങൾ 10:22; 1 കൊരിന്ത്യർ 15:58.