“എനിക്കായി കാത്തിരിപ്പിൻ”
“എനിക്കായി കാത്തിരിപ്പിൻ”
“അതുകൊണ്ടു . . . എനിക്കായി കാത്തിരിപ്പിൻ എന്നു യഹോവയുടെ അരുളപ്പാടു.”—സെഫന്യാവു 3:8.
1. പ്രവാചകനായ സെഫന്യാവ് എന്തു മുന്നറിയിപ്പാണു നൽകിയത്, ഇന്നു ജീവിക്കുന്നവർക്ക് ഇത് എത്ര താത്പര്യമുള്ളതാണ്?
“യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു.” പൊ.യു.മു. (പൊതുയുഗത്തിനുമുമ്പു) ഏഴാം നൂറ്റാണ്ടിന്റെ മധ്യത്തിൽ പ്രവാചകനായ സെഫന്യാവ് പ്രഖ്യാപിച്ച മുന്നറിയിപ്പിൻ ആഹ്വാനമായിരുന്നു അത്. (സെഫന്യാവു 1:14) 40-ഓ 50-ഓ വർഷത്തിനുള്ളിൽ, യെരുശലേമിന്റെമേലും യഹോവയുടെ ജനത്തോടു മോശമായി പെരുമാറുകവഴി അവന്റെ പരമാധികാരത്തെ വെല്ലുവിളിച്ച ജനതകളുടെമേലും യഹോവയുടെ ന്യായവിധികൾ നടപ്പാക്കാനുള്ള ദിവസം വന്നെത്തിയപ്പോൾ ആ പ്രവചനം നിവൃത്തിയേറി. 20-ാം നൂറ്റാണ്ടിന്റെ അവസാനകാലത്തു ജീവിക്കുന്നവർക്ക് ഇതു താത്പര്യമുള്ളതായിരിക്കുന്നത് എന്തുകൊണ്ടാണ്? യഹോവയുടെ അന്തിമ “മഹാദിവസം” വളരെ വേഗം അടുത്തുവന്നുകൊണ്ടിരിക്കുന്ന സമയത്താണു നമ്മൾ ജീവിക്കുന്നത്. സെഫന്യാവിന്റെ കാലത്തെപ്പോലെതന്നെ, യെരുശലേമിന്റെ ആധുനികകാല പതിപ്പായ ക്രൈസ്തവലോകത്തിനും യഹോവയുടെ ജനത്തോടു നിന്ദ്യമായി പെരുമാറുകയും അവന്റെ സാർവത്രിക പരമാധികാരത്തെ വെല്ലുവിളിക്കുകയും ചെയ്യുന്ന മുഴു ജനതകൾക്കുമെതിരെ യഹോവയുടെ ‘ഉഗ്രകോപം’ ജ്വലിക്കാറായിരിക്കുകയാണ്.—സെഫന്യാവു 1:4; 2:4, 8, 12, 13; 3:8; 2 പത്രൊസ് 3:12, 13.
സെഫന്യാവ്—ഒരു ധീര സാക്ഷി
2, 3. (എ) സെഫന്യാവിനെക്കുറിച്ചു നമുക്ക് എന്തറിയാം, അവൻ യഹോവയുടെ ഒരു ധീര സാക്ഷിയായിരുന്നുവെന്ന് എന്തു സൂചിപ്പിക്കുന്നു? (ബി) സെഫന്യാവ് പ്രവചിച്ച കാലവും സ്ഥലവും കണ്ടെത്താൻ ഏതു വസ്തുതകൾ നമ്മെ പ്രാപ്തരാക്കുന്നു?
2 പ്രവാചകനായ സെഫന്യാവിനെക്കുറിച്ചു കാര്യമായൊന്നും അറിവില്ല, അവന്റെ പേരിന്റെ (എബ്രായ, സെഫന്യാഹ്) അർഥം “യഹോവ മറച്ചിരിക്കുന്നു (നിക്ഷേപിച്ചിരിക്കുന്നു)” എന്നാണ്. എന്നാൽ മറ്റു പ്രവാചകന്മാരിൽനിന്നു ഭിന്നമായി, സെഫന്യാവ് നാലാം തലമുറവരെ തന്റെ വംശാവലിയെക്കുറിച്ചു പറയുന്നുണ്ട്, അതായത് ‘ഹിസ്കിയാവ്’ വരെ. (സെഫന്യാവു 1:1; യെശയ്യാവു 1:1-ഉം യിരെമ്യാവു 1:1-ഉം യെഹെസ്കേൽ 1:3-ഉം താരതമ്യം ചെയ്യുക.) ഇതു വളരെ അസാധാരണമായിരിക്കുന്നതുകൊണ്ട്, അവന്റെ പിതാമഹന്റെ പിതാമഹൻ വിശ്വസ്തനായ ഹിസ്കിയാവു രാജാവാണെന്നു മിക്ക ബൈബിൾ നിരൂപകരും തിരിച്ചറിയിക്കുന്നു. അവൻ അങ്ങനെയായിരുന്നെങ്കിൽ, സെഫന്യാവ് രാജകീയ വംശത്തിലുള്ളവനായിരുന്നുവെന്നു മാത്രമല്ല, യഹൂദാ പ്രഭുക്കന്മാരെക്കുറിച്ചുള്ള അവന്റെ കഠോരമായ കുറ്റവിധിക്ക് അത് ആക്കം കൂട്ടുകയും അവൻ ഒരു ധീര സാക്ഷിയും യഹോവയുടെ പ്രവാചകനുമാണെന്നു പ്രകടമാക്കുകയും ചെയ്തിരിക്കണം. യെരുശലേമിന്റെ ഭൂസ്ഥിതിയെക്കുറിച്ചും രാജകീയ സദസ്സിൽ നടന്നിരുന്ന കാര്യങ്ങളെക്കുറിച്ചുമുള്ള അവന്റെ സൂക്ഷ്മമായ അറിവ്, തലസ്ഥാനത്തുതന്നെ അവൻ യഹോവയുടെ ന്യായവിധികൾ പ്രഖ്യാപിച്ചിരുന്നിരിക്കാമെന്നു സൂചിപ്പിക്കുന്നു.—സെഫന്യാവു 1:8-11, NW അടിക്കുറിപ്പുകൾ കാണുക.
3 സെഫന്യാവ് യഹൂദയിലെ ലൗകിക ‘പ്രഭുക്കന്മാർ’ക്കെതിരെയും (കുലീനർ അഥവാ ഗോത്രപ്രമാണികൾ) ‘രാജകുമാരന്മാർ’ക്കെതിരെയും ദിവ്യ ന്യായവിധികൾ പ്രഘോഷിച്ചെങ്കിലും തന്റെ വിമർശനത്തിൽ അവൻ ഒരിക്കലും രാജാവിനെ ഉൾപ്പെടുത്തിയില്ല എന്നതു പ്രസക്തമായ ഒരു വസ്തുതയാണ്. a (സെഫന്യാവ് 1:8; 3:3, NW) വ്യക്തമായും യുവരാജാവായ യോശിയാവ് അതിനോടകംതന്നെ, സെഫന്യാവ് അപലപിച്ച സാഹചര്യം കണക്കിലെടുത്തു മതപരിഷ്കാരങ്ങൾ തുടങ്ങിയിരുന്നില്ലെങ്കിലും നിർമലാരാധനയോടുള്ള ഒരു താത്പര്യം കാട്ടിയിരുന്നതായി ഇതു സൂചിപ്പിക്കുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത്, പൊ.യു.മു. 659 മുതൽ 629 വരെ ഭരണം നടത്തിയ യോശിയാവിന്റെ ആദ്യ വർഷങ്ങളിലാണ് സെഫന്യാവ് യഹൂദയിൽ പ്രവചിച്ചിരുന്നത് എന്നാ ണ്. സെഫന്യാവിന്റെ ഊർജസ്വലമായ പ്രവചിക്കൽ അക്കാലത്തു യഹൂദയിൽ നിലവിലിരുന്ന വിഗ്രഹാരാധന, അക്രമം, അഴിമതി എന്നിവ സംബന്ധിച്ചു യുവാവായ യോശിയാവിനെ നിസ്സംശയമായും കൂടുതൽ ബോധവാനാക്കുകയും വിഗ്രഹാരാധനയ്ക്കെതിരെയുള്ള അവന്റെ പിൽക്കാലത്തെ പ്രചാരണപരിപാടിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.—2 ദിനവൃത്താന്തം 34:1-3.
യഹോവയുടെ ഉഗ്രകോപത്തിനുള്ള കാരണങ്ങൾ
4. യഹോവ യഹൂദയ്ക്കും യെരുശലേമിനുമെതിരെ തന്റെ കോപം ഏതു വാക്കുകളിലാണു പ്രകടിപ്പിച്ചത്?
4 യഹൂദയിലെയും അതിന്റെ തലസ്ഥാനനഗരിയായ യെരുശലേമിലെയും നേതാക്കന്മാരുടെയും നിവാസികളുടെയും നേർക്ക് കോപം തോന്നാൻ യഹോവയ്ക്കു തക്ക കാരണമുണ്ടായിരുന്നു. പ്രവാചകനായ സെഫന്യാവ് മുഖാന്തരം അവൻ ഇങ്ങനെ പ്രസ്താവിച്ചു: “ഞാൻ യെഹൂദയുടെ മേലും യെരുശലേമിലെ സകലനിവാസികളുടെ മേലും കൈ നീട്ടും; ഞാൻ ഈ സ്ഥലത്തുനിന്നു ബാലിന്റെ ശേഷിപ്പിനെയും പുരോഹിതന്മാരോടു കൂടെ പൂജാരികളുടെ പേരിനെയും മേൽപുരകളിൽ ആകാശത്തിലെ സൈന്യത്തെ നമസ്കരിക്കുന്നവരെയും യഹോവയെച്ചൊല്ലിയും മല്ക്കാമിനെച്ചൊല്ലിയും സത്യം ചെയ്തു നമസ്കരിക്കുന്നവരെയും . . . ഛേദിച്ചുകളയും.”—സെഫന്യാവു 1:4, 5.
5, 6. (എ) സെഫന്യാവിന്റെ കാലത്തു യഹൂദയിലെ മതസ്ഥിതിവിശേഷം എന്തായിരുന്നു? (ബി) യഹൂദയിലെ ജനനായകന്മാരുടെയും അവരുടെ കീഴാളരുടെയും അവസ്ഥ എന്തായിരുന്നു?
5 ബാൽ ആരാധനയുടെ അധമമായ സന്താനോത്പാദന ചടങ്ങുകളാലും ഭൂതസംബന്ധമായ ജ്യോതിഷത്താലും പുറജാതീയ ദൈവമായ മൽക്കാമിന്റെ ആരാധനയാലും യഹൂദയ്ക്കു കളങ്കമേറ്റിരുന്നു. ചിലർ സൂചിപ്പിക്കുന്നതുപോലെ മൽക്കാം തന്നെയാണു മോലേക്ക് എങ്കിൽ, യഹൂദയുടെ വ്യാജാരാധനയിൽ മ്ലേച്ഛമായ ശിശുബലിയും ഉൾപ്പെട്ടിരുന്നു. മതപരമായ അത്തരം ആചാരങ്ങൾ യഹോവയുടെ ദൃഷ്ടിയിൽ വെറുപ്പുളവാക്കുന്നതായിരുന്നു. (1 രാജാക്കന്മാർ 11:5, 7; 14:23, 24; 2 രാജാക്കന്മാർ 17:16, 17) വിഗ്രഹാരാധകർ അപ്പോഴും യഹോവയുടെ നാമത്തിൽ ശപഥം ചെയ്തിരുന്നതിനാൽ അവർ അവന്റെ കോപത്തിനു കൂടുതൽ പാത്രീഭൂതരായി. മതപരമായ അത്തരം അശുദ്ധി അവൻ മേലാൽ പൊറുക്കുമായിരുന്നില്ല, അവൻ പുറജാതീയരും വിശ്വാസത്യാഗികളുമായ പുരോഹിതന്മാരെ ഛേദിച്ചുകളയുമായിരുന്നു.
6 മാത്രമല്ല, യഹൂദയിലെ ജനനായകന്മാർ അഴിമതിക്കാരായിരുന്നു. അവളുടെ പ്രഭുക്കന്മാർ അത്യാർത്തിപൂണ്ട “ഗർജ്ജിക്കുന്ന സിംഹങ്ങ”ളെപ്പോലെയും അവളുടെ ന്യായാധിപന്മാർ കൊടിയ “ചെന്നായ്ക്കൾ”ക്കു സമവുമായിരുന്നു. (സെഫന്യാവു 3:3) അവരുടെ കീഴാളർ “സാഹസവും വഞ്ചനയുംകൊണ്ടു തങ്ങളുടെ യജമാനന്മാരുടെ വീടുകളെ നിറെക്കുന്ന”തായി ആരോപിക്കപ്പെട്ടു. (സെഫന്യാവു 1:9) ഭൗതികത്വചിന്താഗതി വ്യാപകമായിരുന്നു. പലരും സമ്പത്തു കുന്നുകൂട്ടാൻ ആ സാഹചര്യത്തെ മുതലെടുത്തു.—സെഫന്യാവു 1:13.
യഹോവയുടെ ദിവസത്തെക്കുറിച്ചുള്ള സംശയങ്ങൾ
7. “യഹോവയുടെ മഹാദിവസ”ത്തിന് എത്രകാലം മുമ്പാണു സെഫന്യാവ് പ്രവചിച്ചത്, പല യഹൂദരുടെയും ആത്മീയ അവസ്ഥ എന്തായിരുന്നു?
7 നാം ഇതിനോടകം കണ്ടുകഴിഞ്ഞതുപോലെ, സെഫന്യാവിന്റെ നാളിൽ സ്ഥിതിചെയ്തിരുന്ന വിപത്കരമായ മതസ്ഥിതിവിശേഷം, പൊ.യു.മു. 648-നോടടുത്തു യോശിയാവ് രാജാവ് വിഗ്രഹാരാധനയ്ക്കെതിരെ തന്റെ പ്രചരണപരിപാടി തുടങ്ങുന്നതിനു മുമ്പു സാക്ഷിയും പ്രവാചകനുമെന്ന നിലയിൽ സെഫന്യാവു തന്റെ വേല നിർവഹിച്ചുവെന്നു സൂചിപ്പിക്കുന്നു. (2 ദിനവൃത്താന്തം 34:4, 5) അപ്പോൾ, “യഹോവയുടെ മഹാദിവസം” യഹൂദാരാജ്യത്തിന്റെമേൽ വരുന്നതിനു ചുരുങ്ങിയത് 40 വർഷം മുമ്പ് സെഫന്യാവ് പ്രവചിച്ചിരിക്കാനാണു സാധ്യത. ഇടയ്ക്കുള്ള കാലത്തു യഹൂദന്മാരിൽ പലരും സംശയങ്ങൾ മനസ്സിൽ കൊണ്ടുനടക്കുകയും വിരക്തിയുള്ളവരായി യഹോവയെ സേവിക്കുന്നതിൽ നിന്നു ‘പിൻവാങ്ങു’കയും ചെയ്തു. “യഹോവയെ അന്വേഷിക്കയോ അവനെക്കുറിച്ചു ചോദിക്കയോ ചെയ്യാത്തവരെ”ക്കുറിച്ചു സെഫന്യാവ് പറയുന്നു. (സെഫന്യാവു 1:6) തെളിവനുസരിച്ചു യഹൂദയിലെ വ്യക്തികൾ ഉദാസീനരായിത്തീർന്നു, അവർ ദൈവത്തെക്കുറിച്ചു മെനക്കെട്ടില്ല.
8, 9. (എ) ‘മട്ടിന്മേൽ ഉറെച്ചുകിടക്കുന്ന പുരുഷന്മാ’രെ യഹോവ പരിശോധിക്കുമായിരുന്നത് എന്തുകൊണ്ട്? (ബി) യഹൂദാ നിവാസികളിലും അവരുടെ സാമുദായിക, മത നേതാക്കന്മാരിലും ഏതു വിധങ്ങളിലാണു യഹോവ ശ്രദ്ധ കേന്ദ്രീകരിക്കുമായിരുന്നത്?
8 തന്റെ ജനമെന്ന് അവകാശപ്പെടുന്നവരെ പരിശോധിക്കാനുള്ള തന്റെ ഉദ്ദേശ്യം യഹോവ വെളിപ്പെടുത്തി. തന്റെ ആരാധകരെന്ന് അവകാശപ്പെട്ടവരുടെ ഇടയിൽ, മനുഷ്യ കാര്യാദികളിൽ ഇടപെടാനുള്ള അവന്റെ പ്രാപ്തിയോ ഉദ്ദേശ്യമോ സംബന്ധിച്ചു ഹൃദയത്തിൽ സംശയങ്ങൾ കൊണ്ടുനടന്നവരെ, അവൻ അന്വേഷിക്കുമായിരുന്നു. അവൻ ഇങ്ങനെ പ്രസ്താവിച്ചു: “ആ കാലത്തു ഞാൻ യെരുശലേമിനെ വിളക്കു കത്തിച്ചു ശോധന കഴിക്കയും മട്ടിന്മേൽ ഉറെച്ചുകിടന്നു: യഹോവ ഗുണമോ ദോഷമോ ചെയ്കയില്ല എന്നു ഹൃദയത്തിൽ പറയുന്ന പുരുഷന്മാരെ സന്ദർശിക്കയും ചെയ്യും.” (സെഫന്യാവു 1:12) ‘മട്ടിന്മേൽ ഉറെച്ചുകിടക്കുന്ന പുരുഷന്മാർ’ (വീഞ്ഞു നിർമാണത്തെക്കുറിച്ചുള്ള ഒരു പരാമർശം) എന്ന പദപ്രയോഗം, ഒരു വലിയ പാത്രത്തിന്റെ അടിയിൽ ഉറഞ്ഞുകൂടിയ മട്ടുപോലെ സ്വസ്ഥമായി പാർത്തിരുന്നവരെ, മനുഷ്യവർഗത്തിന്റെ കാര്യാദികളിൽ ദിവ്യ ഇടപെടൽ അടുത്തിരിക്കുന്നു എന്ന ഏതെങ്കിലും തരത്തിലുള്ള പ്രഘോഷണത്താൽ അസ്വസ്ഥരാകാൻ ആഗ്രഹിക്കാതിരിക്കുന്നവരെ പരാമർശിക്കുന്നു.
9 യഹൂദയിലെയും യെരുശലേമിലെയും നിവാസികളിലും പുറജാതീയ ആരാധനയുമായി തന്റെ ആരാധനയെ കൂട്ടിക്കലർത്തിയ അവരുടെ പുരോഹിതന്മാരിലും യഹോവ ശ്രദ്ധ കേന്ദ്രീകരിക്കുമായിരുന്നു. യെരുശലേം മതിലുകൾക്കുള്ളിലെ രാത്രിയുടെ മറവിലെന്നപോലെ അവർക്കു സുരക്ഷിതത്വം തോന്നിയിരുന്നെങ്കിൽ, അവർ അഭയം തേടിയിരുന്ന ആത്മീയ അന്ധകാരത്തെ തുളച്ചുകടക്കുന്ന ശോഭയേറിയ ദീപങ്ങൾകൊണ്ടെന്നപോലെ അവൻ അവരെ അന്വേഷിക്കുമായിരുന്നു. അവരുടെ മതപരമായ ഉദാസീനതയിൽനിന്നും അവരെ കുലുക്കിയുണർത്തുമായിരുന്നു, ആദ്യം ഭയദ്യോതകമായ ന്യായവിധി സന്ദേശം നൽകുകയും പിന്നീട് ആ ന്യായവിധികൾ നടപ്പാക്കുകയും ചെയ്തുകൊണ്ട്.
“യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു”
10. സെഫന്യാവ് “യഹോവയുടെ മഹാദിവസ”ത്തെ എങ്ങനെയാണു വർണിച്ചത്?
10 “യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു. അതു അടുത്തു അത്യന്തം ബദ്ധപ്പെട്ടുവരുന്നു; കേട്ടോ, യഹോവയുടെ ദിവസം! [“യഹോവയുടെ ദിവസത്തിന്റെ ആരവം കയ്പുള്ളത്,” NW]” എന്നു പ്രഘോഷിക്കാൻ യഹോവ സെഫന്യാവിനെ നിശ്വസ്തനാക്കി. (സെഫന്യാവു 1:14) മുന്നറിയിപ്പു ചെവിക്കൊണ്ടു നിർമലാരാധനയിലേക്കു മടങ്ങിവരാൻ വിസമ്മതിച്ച ഏവരെയും—പുരോഹിതന്മാരെയും പ്രഭുക്കന്മാരെയും ജനങ്ങളെയും—കാത്തിരുന്നതു കയ്പേറിയ ദിവസങ്ങളായിരുന്നു. ആ ന്യായവിധിനിർവഹണ ദിവസത്തെക്കുറിച്ചു വർണിച്ചുകൊണ്ടു പ്രവചനം ഇങ്ങനെ തുടരുന്നു: “ആ ദിവസം ക്രോധദിവസം, കഷ്ടവും സങ്കടവും ഉള്ള ദിവസം, ശൂന്യതയും നാശവും ഉള്ള ദിവസം, ഇരുട്ടും അന്ധകാരവും ഉള്ള ദിവസം, മേഘവും മൂടലും ഉള്ള ദിവസം, ഉറപ്പുള്ള പട്ടണങ്ങൾക്കും ഉയരമുള്ള കൊത്തളങ്ങൾക്കും വിരോധമായി കാഹളനാദവും ആരവവും ഉള്ള ദിവസം തന്നേ.”—സെഫന്യാവു 1:15, 16.
11, 12. (എ) യെരുശലേമിനെതിരെ പ്രഖ്യാപിക്കപ്പെട്ട ന്യായവിധി സന്ദേശം എന്താണ്? (ബി) ഭൗതിക സമൃദ്ധി യഹൂദരെ രക്ഷിക്കുമായിരുന്നോ?
11 ഹ്രസ്വമായ ഏതാനും ദശകങ്ങൾക്കുള്ളിൽ ബാബിലോന്യ സൈന്യങ്ങൾ യഹൂദയെ ആക്രമിക്കുമായിരുന്നു. യെരുശലേം രക്ഷപ്പെടുമായിരുന്നില്ല. അതിൽ ആളുകൾ പാർത്തിരുന്നതും വ്യാപാരം നടന്നിരുന്നതുമായ സ്ഥലങ്ങൾ ശൂന്യമാക്കപ്പെടുമായിരുന്നു. “അന്നാളിൽ മത്സ്യഗോപുരത്തിൽനിന്നു ഉറക്കെയുള്ളോരു നിലവിളിയും രണ്ടാമത്തെ നഗരാംശത്തിൽനിന്നു ഒരു മുറവിളിയും കുന്നുകളിൽനിന്നു ഒരു ഝടഝടനാദവും ഉണ്ടാകും എന്നു യഹോവയുടെ അരുളപ്പാടു. മക്തേശ്നിവാസികളേ, മുറയിടുവിൻ; വ്യാപാരിജനം ഒക്കെയും നശിച്ചുപോയല്ലോ; സകല ദ്രവ്യവാഹകന്മാരും ഛേദിക്കപ്പെട്ടിരിക്കുന്നു.”—സെഫന്യാവു 1:10, 11, NW അടിക്കുറിപ്പ്.
12 യഹോവയുടെ ദിവസം അടുത്തിരിക്കുന്നു എന്നു വിശ്വസിക്കാൻ വിസമ്മതിച്ചുകൊണ്ടു പല യഹൂദന്മാരും ലാഭകരമായ ബിസിനസ് സംരംഭങ്ങളിൽ ആഴമായി ഉൾപ്പെട്ടു. എന്നാൽ, അവരുടെ സമ്പത്തു “കവർച്ചയും അവരുടെ വീടുകൾ ശൂന്യവും” ആയിത്തീരുമെന്നു തന്റെ വിശ്വസ്ത പ്രവാചകനായ സെഫന്യാവിലൂടെ യഹോവ മുൻകൂട്ടിപ്പറഞ്ഞു. അവർ തങ്ങൾ ഉത്പാദിപ്പിച്ച വീഞ്ഞു കുടിക്കുമായിരുന്നില്ല, മാത്രമല്ല “യഹോവയുടെ ക്രോധദിവസത്തിൽ അവരുടെ വെള്ളിക്കും പൊന്നിന്നും അവരെ രക്ഷിപ്പാൻ കഴി[യുമായിരുന്നില്ല].”—സെഫന്യാവു 1:13, 18.
മറ്റു ജനതകൾ ന്യായംവിധിക്കപ്പെടുന്നു
13. മോവാബ്, അമ്മോൻ, അസ്സീറിയ എന്നിവയ്ക്കെതിരെ സെഫന്യാവ് പ്രഖ്യാപിച്ച ന്യായവിധി സന്ദേശം എന്താണ്?
13 തന്റെ ജനത്തോടു മോശമായി പെരുമാറിയ ജനതകൾക്കെതിരെയുള്ള കോപവും യഹോവ പ്രവാചകനായ സെഫന്യാവ് മുഖാന്തരം പ്രകടമാക്കുകയുണ്ടായി. അവൻ ഇങ്ങനെ പ്രഖ്യാപിച്ചു: “മോവാബിന്റെ ധിക്കാരവും അമ്മോന്യർ എന്റെ ജനത്തെ നിന്ദിച്ചു അവരുടെ ദേശത്തിന്നു വിരോധമായി വമ്പു പറഞ്ഞ ശകാരങ്ങളും ഞാൻ കേട്ടിരിക്കുന്നു. അതുകൊണ്ടു യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടാവിതു: എന്നാണ, മോവാബ് സൊദോമെപ്പോലെയും അമ്മോന്യർ ഗൊമോറയെപ്പോലെയും തൂവക്കാടും ഉപ്പുപടനയും ശാശ്വതശൂന്യവും ആയിത്തീരും . . . അവൻ വടക്കോട്ടു കൈ നീട്ടി അശ്ശൂരിനെ നശിപ്പിക്കും; നീനെവേയെ ശൂന്യവും മരുഭൂമിയിലെ വരണ്ട നിലവും ആക്കും.”—സെഫന്യാവു 2:8, 9, 13.
14. വിദേശ രാഷ്ട്രങ്ങൾ ഇസ്രായേല്യർക്കെതിരെയും അവരുടെ ദൈവമായ യഹോവയ്ക്കെതിരെയും ‘വീമ്പു പറഞ്ഞു’ എന്നതിന് എന്തു തെളിവുണ്ട്?
14 മോവാബും അമ്മോനും ഇസ്രായേലിന്റെ പരമ്പരാഗത ശത്രുക്കളായിരുന്നു. (ന്യായാധിപന്മാർ 3:12-14 താരതമ്യം ചെയ്യുക.) മോവാബ്യ രാജാവായ മേശെയുടെ ഗർവിഷ്ഠമായ ഒരു പ്രസ്താവനയടങ്ങുന്ന ലിഖിതം പാരീസിലെ ലൗവ്റി മ്യൂസിയത്തിലുള്ള മോവാബ്യ ശിലയിൽ കാണാം. തന്റെ ദേവനായ കെമോശിന്റെ സഹായത്തോടെ അനേകം ഇസ്രായേല്യ പട്ടണങ്ങൾ താൻ പിടിച്ചെടുത്തതായി അവൻ അഹങ്കാരത്തോടെ വിവരിക്കുന്നു. (2 രാജാക്കന്മാർ 1:1) അമ്മോന്യർ തങ്ങളുടെ ദേവനായ മൽക്കാമിന്റെ നാമത്തിൽ ഗാദ് എന്ന ഇസ്രായേല്യപ്രദേശം കയ്യടക്കിയതിനെക്കുറിച്ചു സെഫന്യാവിന്റെ സമകാലികനായ യിരെമ്യാവ് പറയുകയുണ്ടായി. (യിരെമ്യാവു 49:1) അസ്സീറിയയുടെ കാര്യത്തിലാണെങ്കിൽ, സെഫന്യാവിന്റെ കാലത്തിന് ഏതാണ്ട് ഒരു നൂറ്റാണ്ടു മുമ്പ് ശൽമനേസെർ അഞ്ചാമൻ രാജാവു ശമര്യയെ ഉപരോധിച്ചു പിടിച്ചടക്കുകയുണ്ടായി. (2 രാജാക്കന്മാർ 17:1-6) കുറേക്കൂടെ കഴിഞ്ഞപ്പോൾ, രാജാവായ സൻഹേരീബ് യഹൂദയെ ആക്രമിക്കുകയും കോട്ടകെട്ടിയുറപ്പിച്ചിരുന്ന അതിന്റെ പല നഗരങ്ങളും പിടിച്ചടക്കുകയും യെരുശലേമിനെ ഭീഷണിപ്പെടുത്തുകയുംപോലും ചെയ്തു. (യെശയ്യാവു 36:1, 2) അസ്സീറിയൻ രാജാവിന്റെ വക്താവ്, യെരുശലേം അടിയറവു പറയണമെന്ന് ആവശ്യപ്പെട്ടപ്പോൾ യഹോവയ്ക്കെതിരെ തീർച്ചയായും വളരെയധികം വമ്പു പറഞ്ഞു.—യെശയ്യാവു 36:4-20.
15. തന്റെ ജനത്തിനെതിരെ വീമ്പിളക്കിയ രാഷ്ട്രങ്ങളിലെ ദേവന്മാരെ യഹോവ എങ്ങനെ ലജ്ജിപ്പിക്കുമായിരുന്നു?
15 “വരുവിൻ, യിസ്രായേൽ ഒരു ജാതിയായിരിക്കാതവണ്ണം നാം അവരെ മുടിച്ചുകളക. അവരുടെ പേർ ഇനി ആരും ഓർക്കരുതു” എന്ന് അഹങ്കാരപൂർവം പ്രസ്താവിച്ചുകൊണ്ട് ഇസ്രായേലിനെതിരെ വലിയ വീമ്പിളക്കിയ മോവാബ്, അമ്മോൻ, അസ്സീറിയ എന്നിവ ഉൾപ്പെട്ട അനേകം ജനതകളെക്കുറിച്ചു സങ്കീർത്തനം 83 പരാമർശിക്കുന്നു. (സങ്കീർത്തനം 83:4) ഈ സകല ഗർവിഷ്ഠരാഷ്ട്രങ്ങളും അവയുടെ ദേവന്മാരും സൈന്യങ്ങളുടെ യഹോവയാൽ അപമാനിതരായിത്തീരുമെന്നു പ്രവാചകനായ സെഫന്യാവ് ധൈര്യസമേതം അറിയിക്കുകയുണ്ടായി. “ഇതു അവരുടെ അഹങ്കാരംനിമിത്തം അവർക്കു ഭവിക്കും; അവർ സൈന്യങ്ങളുടെ യഹോവയുടെ ജനത്തോടു നിന്ദയും വമ്പും കാട്ടിയിരിക്കുന്നുവല്ലോ. യഹോവ അവരോടു ഭയങ്കരനായിരിക്കും; അവൻ ഭൂമിയിലെ സകലദേവന്മാരെയും ക്ഷയിപ്പിക്കും; ജാതികളുടെ സകല ദ്വീപുകളും അതതു സ്ഥലത്തുനിന്നു അവനെ നമസ്കരിക്കും.”—സെഫന്യാവു 2:10, 11.
“എനിക്കായി കാത്തിരിപ്പിൻ”
16. (എ) ആരെ സംബന്ധിച്ചാണു യഹോവയുടെ ദിവസം സമീപിച്ചു വന്നത് സന്തോഷത്തിന്റെ ഒരു ഉറവായിരുന്നത്, എന്തുകൊണ്ട്? (ബി) വിശ്വസ്ത ശേഷിപ്പിന് ഉത്തേജനാത്മകമായ എന്ത് ആഹ്വാനമാണു ലഭിച്ചത്?
16 യഹൂദയിലെയും യെരുശലേമിലേയും നേതാക്കന്മാരുടെ ഇടയിലും അനേകം നിവാസികളുടെ ഇടയിലും ആത്മീയ മാന്ദ്യവും സന്ദേഹവാദവും വിഗ്ര ഹാരാധനയും അഴിമതിയും ഭൗതികചിന്താഗതിയും വ്യാപകമായി നിലനിന്നിരുന്നുവെങ്കിലും, വിശ്വസ്തരായ ചില യഹൂദർ സെഫന്യാവിന്റെ മുന്നറിയിപ്പിൻ പ്രവചനങ്ങൾക്കു ശ്രദ്ധ കൊടുത്തു എന്നതു വ്യക്തമാണ്. യഹൂദയിലെ പ്രഭുക്കന്മാരുടെയും ന്യായാധിപന്മാരുടെയും പുരോഹിതന്മാരുടെയും നിന്ദ്യമായ നടപടികളാൽ അവർ ദുഃഖിച്ചു. വിശ്വസ്തരായ ഇവർക്കു സെഫന്യാവിന്റെ പ്രഖ്യാപനങ്ങൾ ആശ്വാസത്തിന്റെ ഒരു ഉറവായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം യഹോവയുടെ ദിവസം സമീപിച്ചുവന്നതു കൊടിയ വേദനയ്ക്കു കാരണമായിരിക്കുന്നതിനു പകരം, സന്തോഷത്തിന്റെ ഒരു ഉറവിടമായിരുന്നു. കാരണം, അത് മ്ലേച്ഛമായ അത്തരം നടപടികൾക്ക് അറുതി വരുത്തുമായിരുന്നു. ആ വിശ്വസ്ത ശേഷിപ്പ് യഹോവയുടെ ഉത്തേജകമായ ഈ ആഹ്വാനം ചെവിക്കൊണ്ടു: “അതുകൊണ്ടു ഞാൻ സാക്ഷിയായി എഴുന്നേല്ക്കുന്ന ദിവസംവരെ എനിക്കായി കാത്തിരിപ്പിൻ എന്നു യഹോവയുടെ അരുളപ്പാടു; എന്റെ ക്രോധവും എന്റെ ഉഗ്രകോപവും പകരേണ്ടതിന്നു ജാതികളെ ചേർക്കുവാനും രാജ്യങ്ങളെ കൂട്ടുവാനും ഞാൻ നിർണ്ണയിച്ചിരിക്കുന്നു.”—സെഫന്യാവു 3:8.
17. എപ്പോൾ, എങ്ങനെയാണു സെഫന്യാവിന്റെ ന്യായവിധി സന്ദേശങ്ങൾ ജനതകളുടെമേൽ നിവൃത്തിയേറാൻ തുടങ്ങിയത്?
17 ആ മുന്നറിയിപ്പു ചെവിക്കൊണ്ടവർ അമ്പരന്നുപോയില്ല. സെഫന്യാവിന്റെ പ്രവചനത്തിന്റെ നിവൃത്തി കാണാൻ പലരും ജീവിച്ചിരുന്നു. പൊ.യു.മു. 632-ൽ, ബാബിലോന്യരും മേദ്യരും സാധ്യതയനുസരിച്ചു വടക്കുനിന്നുള്ള സൈതിയന്മാരായ ഗോത്രസംഘങ്ങളും ചേർന്ന ഒരു കൂട്ടം നിനവേയെ പിടിച്ചടക്കി നശിപ്പിച്ചു. ചരിത്രകാരനായ വിൽ ഡൂറൻറ് ഇങ്ങനെ വിവരിക്കുന്നു: “നാബോപൊളാസറിന്റെ കീഴിലുള്ള ബാബിലോന്യ സൈന്യം സൈയാക്സറസിന്റെ കീഴിലുള്ള മേദ്യ സൈന്യത്തോടും കോക്കൗസിൽനിന്നുള്ള സൈതിയന്മാരുടെ സംഘത്തോടും ചേർന്ന് അതിശയകരമായ അനായാസത്തോടും വേഗത്തോടും കൂടെ വടക്കുള്ള കൊത്തളങ്ങൾ പിടിച്ചെടുത്തു. . . . ഒറ്റ പ്രഹരത്തിൽ അസ്സീറിയ ചരിത്രത്തിൽനിന്ന് അപ്രത്യക്ഷമായി.” കൃത്യമായും സെഫന്യാവ് പ്രവചിച്ചതും അതുതന്നെയായിരുന്നു.—സെഫന്യാവ് 2:13-15.
18. (എ) യെരുശേലേമിന്റെമേൽ എങ്ങനെയാണു ദിവ്യ ന്യായവിധി നടപ്പാക്കപ്പെട്ടത്, എന്തുകൊണ്ട്? (ബി) മോവാബിനെയും അമ്മോനെയും സംബന്ധിച്ച സെഫന്യാവിന്റെ പ്രവചനം എങ്ങനെ നിവൃത്തിയേറി?
18 യഹോവയ്ക്കായി കാത്തിരുന്ന പല യഹൂദരും യഹൂദയ്ക്കും യെരുശലേമിനുമെതിരെയുള്ള അവന്റെ ന്യായവിധികൾ നടപ്പാക്കപ്പെടുന്നതു കാണാൻ ജീവിച്ചിരുന്നു. യെരുശലേമിനെ സംബന്ധിച്ചു സെഫന്യാവ് ഇങ്ങനെ പ്രവചിച്ചിരുന്നു: “മത്സരവും മലിനതയും ഉള്ളതും പീഡിപ്പിക്കുന്നതും ആയ നഗരത്തിന്നു അയ്യോ കഷ്ടം! അവൾ വാക്കു കേട്ടനുസരിച്ചിട്ടില്ല പ്രബോധനം കൈക്കൊണ്ടിട്ടില്ല; യഹോവയിൽ ആശ്രയിച്ചിട്ടില്ല; തന്റെ ദൈവത്തോടു അടുത്തുവന്നിട്ടുമില്ല.” (സെഫന്യാവു 3:1, 2) യെരുശലേമിന്റെ അവിശ്വസ്തത നിമിത്തം അവൾ ബാബിലോന്യരാൽ രണ്ടു പ്രാവശ്യം ഉപരോധിക്കപ്പെടുകയും ഒടുവിൽ, പൊ.യു.മു. 607-ൽ പിടിക്കപ്പെട്ട് നശിപ്പിക്കപ്പെടുകയും ചെയ്തു. (2 ദിനവൃത്താന്തം 36:5, 6, 11-21) യഹൂദ ചരിത്രകാരനായ ജോസീഫസ് പറയുന്നതനുസരിച്ച്, മോവാബിനെയും അമ്മോനെയും സംബന്ധിച്ചാണെങ്കിൽ യെരുശലേമിന്റെ പതനത്തിന്റെ അഞ്ചാം വർഷം, ബാബിലോന്യർ അവർക്കെതിരെ യുദ്ധം ചെയ്ത് അവരെ കീഴടക്കി. പ്രവചിക്കപ്പെട്ടതുപോലെ, അവർ ക്രമേണ അസ്തിത്വത്തിൽനിന്ന് ഇല്ലായ്മ ചെയ്യപ്പെട്ടു.
19, 20. (എ) തനിക്കായി കാത്തിരുന്നവർക്കു യഹോവ എങ്ങനെയാണു പ്രതിഫലം നൽകിയത്? (ബി) ഈ സംഭവങ്ങൾ നമ്മെ സംബന്ധിച്ചിടത്തോളം താത്പര്യമുള്ളതായിരിക്കുന്നത് എന്തുകൊണ്ട്, പിൻവരുന്ന ലേഖനത്തിൽ എന്തു പരിചിന്തിക്കപ്പെടും?
19 സെഫന്യാവിന്റെ പ്രവചനത്തിന്റെ ഈ വിശദാംശങ്ങളുടെയും മറ്റു വിശദാംശങ്ങളുടെയും നിവൃത്തി, യഹോവയ്ക്കായി കാത്തിരുന്ന യഹൂദർക്കും യഹൂദേതരർക്കും വിശ്വാസത്തെ ബലപ്പെടുത്തുന്ന ഒരു അനുഭവമായിരുന്നു. യഹൂദയുടെയും യെരുശ ലേമിന്റെയും മേൽ ഭവിച്ച നാശത്തെ അതിജീവിച്ചവരുടെ കൂട്ടത്തിൽ യിരെമ്യാവും എത്യോപ്യനായ ഏബെദ്-മേലെക്കും രേഖാബ്യനായ യോനാദാബിന്റെ കുടുംബവും ഉണ്ടായിരുന്നു. (യിരെമ്യാവു 35:18, 19; 39:11, 12, 16-18) യഹോവയ്ക്കു വേണ്ടി കാത്തിരുന്ന, പ്രവാസത്തിലായിരുന്ന വിശ്വസ്ത യഹൂദരും അവരുടെ സന്തതികളും, പൊ.യു.മു. 537-ൽ ബാബിലോനിൽനിന്നു വിടുവിക്കപ്പെട്ട സന്തുഷ്ട ശേഷിപ്പിന്റെ ഭാഗമായിത്തീരുകയും സത്യാരാധന പുനഃസ്ഥാപിക്കാനായി യഹൂദയിലേക്കു മടങ്ങിവരികയും ചെയ്തു.—എസ്രാ 2:1; സെഫന്യാവു 3:14, 15, 20.
20 ഇതെല്ലാം നമ്മുടെ കാലത്തേക്ക് എന്താണ് അർഥമാക്കുന്നത്? സെഫന്യാവിന്റെ നാളിലെ അവസ്ഥ പല വിധങ്ങളിൽ ഇന്നു ക്രൈസ്തവലോകത്തിൽ നടമാടിക്കൊണ്ടിരിക്കുന്ന മ്ലേച്ഛ കാര്യങ്ങളുമായി പൊരുത്തപ്പെടുന്നു. മാത്രമല്ല, അക്കാലങ്ങളിൽ യഹൂദർക്കുണ്ടായിരുന്ന വ്യത്യസ്ത മനോഭാവങ്ങൾക്ക് ഇന്നു കാണാൻ കഴിയുന്ന മനോഭാവത്തോട്, ചിലപ്പോൾ യഹോവയുടെ ജനത്തിന്റെ ഇടയിലെ മനോഭാവത്തോടുപോലും സാമ്യമുണ്ട്. പിൻവരുന്ന ലേഖനത്തിൽ പരിചിന്തിക്കപ്പെടുന്ന കാര്യങ്ങളാണിവ.
[അടിക്കുറിപ്പ]
a ‘രാജകുമാരന്മാർ’ എന്ന പ്രയോഗം രാജകീയ പ്രഭുക്കന്മാരെയെല്ലാം പരാമർശിക്കുന്നതായി തോന്നുന്നു. കാരണം അക്കാലത്ത് യോശിയാവിന്റെ സ്വന്തം പുത്രന്മാർ തീരെ ചെറുപ്പമായിരുന്നു.
പുനരവലോകനം
◻ സെഫന്യാവിന്റെ നാളിൽ യഹൂദയിലുണ്ടായിരുന്ന മതസ്ഥിതിവിശേഷം എന്തായിരുന്നു?
◻ ജനനായകന്മാരുടെ ഇടയിൽ ഏതവസ്ഥകൾ നിലനിന്നിരുന്നു, പല ആളുകളുടെയും മനോഭാവം എന്തായിരുന്നു?
◻ യഹോവയുടെ ജനത്തിനെതിരെ ജനതകൾ വീമ്പിളക്കിയത് എങ്ങനെ?
◻ യഹൂദയ്ക്കും മറ്റു ജനതകൾക്കും സെഫന്യാവ് എന്തു മുന്നറിയിപ്പാണു നൽകിയത്?
◻ യഹോവയ്ക്കായി കാത്തിരുന്നവർക്ക് എങ്ങനെയാണു പ്രതിഫലം ലഭിച്ചത്?
[അധ്യയന ചോദ്യങ്ങൾ]
[9-ാം പേജിലെ ചിത്രം]
പുരാതന ഇസ്രായേലിനെതിരെ മോവാബ്യ രാജാവായ മേശെ നിന്ദിത വാക്കുകൾ സംസാരിച്ചതായി മോവാബ്യ ശില സ്ഥിരീകരിക്കുന്നു
[കടപ്പാട്]
Moabite Stone: Musée du Louvre, Paris
[10-ാം പേജിലെ ചിത്രം]
സെഫന്യാവിന്റെ പ്രവചനത്തെ പിന്താങ്ങിക്കൊണ്ട്, ബാബിലോന്യ വൃത്താന്തം എന്ന ക്യൂണിഫോം ഫലകം ഒരു സഖ്യസേന നിനവേയെ നശിപ്പിച്ചതിനെക്കുറിച്ചു രേഖപ്പെടുത്തുന്നു
[കടപ്പാട]
Cuneiform tablet: Courtesy of The British Museum