നല്ലതും മോശവുമായ സമയങ്ങളിൽ യഹോവയുടെ സേവനത്തിൽ ഏകീകൃതർ
നല്ലതും മോശവുമായ സമയങ്ങളിൽ യഹോവയുടെ സേവനത്തിൽ ഏകീകൃതർ
മിഷെൽ മ്യൂളറും ബാബെറ്റ് മ്യൂളറും പറഞ്ഞപ്രകാരം
“എനിക്കു നിങ്ങളോട് ഒരു അശുഭ വാർത്ത പറയാനുണ്ട്. ആഫ്രിക്കയിലെ മിഷനറി ജീവിതത്തെക്കുറിച്ച് മറന്നേക്കൂ,” ഡോക്ടർ പറഞ്ഞു. എന്റെ ഭാര്യ ബാബെറ്റിനെ നോക്കി അദ്ദേഹം പറഞ്ഞു: “നിങ്ങൾക്കു സ്തനാർബുദമാണ്.”
ഞങ്ങൾക്കുണ്ടായ ഞെട്ടൽ വാക്കുകളിൽ വർണിക്കാനാവില്ല. ഒത്തിരി ഒത്തിരി കാര്യങ്ങൾ ഞങ്ങളുടെ മനസ്സിലൂടെ മിന്നിമറഞ്ഞു. ഡോക്ടറുടെ അടുത്തേക്കുള്ള ഈ സന്ദർശനം കേവലം അവസാനത്തെ പരിശോധനയായിരിക്കുമെന്നാണു ഞങ്ങൾ വിചാരിച്ചത്. പശ്ചിമാഫ്രിക്കയിലെ ബെനിനിലേക്കുള്ള ഞങ്ങളുടെ മടക്കയാത്രാ ടിക്കറ്റുകൾ വാങ്ങിക്കഴിഞ്ഞിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ അവിടെ മടങ്ങിയെത്താൻ ഞങ്ങൾ പ്രതീക്ഷിച്ചു. 23 വർഷത്തെ വിവാഹജീവിതത്തിൽ ഞങ്ങൾ നല്ല സമയങ്ങളും മോശമായ സമയങ്ങളും അനുഭവിച്ചിട്ടുണ്ട്. പരിഭ്രാന്തരും ഭയാകുലരുമായ ഞങ്ങൾ ഇപ്പോൾ കാൻസറിനെതിരെയുള്ള ഒരു പോരാട്ടത്തിനുവേണ്ടി സ്വയം തയ്യാറെടുത്തു.
ഞങ്ങൾ ആദ്യംമുതൽ തുടങ്ങട്ടെ. മിഷെൽ 1947 സെപ്റ്റംബറിലാണ് ജനിച്ചത്. ബാബെറ്റ് 1945 ആഗസ്റ്റിലും. ഫ്രാൻസിൽ വളർന്നുവന്ന ഞങ്ങൾ 1967-ൽ വിവാഹിതരായി. ഞങ്ങൾ പാരീസിൽ താമസമാക്കി. 1968-ന്റെ ആരംഭം. ഒരു ദിവസം രാവിലെ ബാബെറ്റ് ജോലിക്കു പോകാൻ വൈകി. മാന്യയായ ഒരു സ്ത്രീ വാതിൽക്കൽ വന്നു മതപരമായ ഒരു ലഘുപത്രിക അവൾക്കു വാഗ്ദാനം ചെയ്തു; അവൾ അതു സ്വീകരിച്ചു. അപ്പോൾ ആ സ്ത്രീ ഇപ്രകാരം പറഞ്ഞു: “നിങ്ങളോടും ഭർത്താവിനോടും സംസാരിക്കാനായി ഞാൻ എന്റെ ഭർത്താവിനെയുംകൂട്ടി മടങ്ങിവരട്ടെ?”
ബാബെറ്റിന് അവളുടെ ജോലിയെക്കുറിച്ചുള്ള ചിന്തയായിരുന്നു. ആ സ്ത്രീയൊന്നു പോയിക്കിട്ടാൻ അവൾ ആഗ്രഹിച്ചു. അതുകൊണ്ട് അവൾ പറഞ്ഞു: “ആട്ടെ, ആട്ടെ.”
മിഷെൽ ഇപ്രകാരം വിവരിക്കുന്നു: “എനിക്കു മതത്തിൽ ഒരു താത്പര്യവുമില്ലായിരുന്നു, എന്നാൽ ആ ലഘുപത്രിക എന്റെ ശ്രദ്ധ ആകർഷിക്കുകയും ഞാൻ അതു വായിക്കുകയും ചെയ്തു. ഏതാനും ദിവസം കഴിഞ്ഞപ്പോൾ ജോസ്ലൻ ലംമ്വാൻ എന്ന ആ സ്ത്രീ ഭർത്താവ് ക്ലോഡിനെയുംകൂട്ടി മടങ്ങിയെത്തി. അദ്ദേഹം ബൈബിൾ ഉപയോഗിക്കുന്നതിൽ വളരെ വിദഗ്ധനായിരുന്നു. എന്റെ എല്ലാ ചോദ്യങ്ങൾക്കും അദ്ദേഹത്തിന്റെ പക്കൽ ഉത്തരങ്ങളുണ്ടായിരുന്നു. എനിക്കു മതിപ്പു തോന്നി.
“ബാബെറ്റ് ഒരു നല്ല കത്തോലിക്കയായിരുന്നു. എന്നാൽ അവൾക്കു ബൈബിളുണ്ടായിരുന്നില്ല, അതു കത്തോലിക്കരെ സംബന്ധിച്ചിടത്തോളം അസാധാരണമല്ലായിരുന്നു. ദൈവവചനം കാണാനും വായിക്കാനും അവൾ വളരെ ആവേശഭരിതയായിരുന്നു. ഞങ്ങളെ പഠിപ്പിച്ചിരുന്ന പല മതാശയങ്ങളും തെറ്റായിരുന്നെന്നു ഞങ്ങളുടെ പഠനത്തിൽനിന്നു ഞങ്ങൾക്കു മനസ്സിലായി. പഠിച്ചുകൊണ്ടിരുന്ന കാര്യങ്ങളെക്കുറിച്ചു ഞങ്ങൾ ബന്ധുമിത്രാദികളോടു പറയാൻ തുടങ്ങി. 1969
ജനുവരിയിൽ ഞങ്ങൾ യഹോവയുടെ സ്നാപനമേറ്റ സാക്ഷികളായിത്തീർന്നു. അതുകഴിഞ്ഞ് ഉടൻതന്നെ ഞങ്ങളുടെ ബന്ധുമിത്രാദികളിൽ ഒൻപതു പേർ സ്നാപനമേറ്റു.”പ്രസംഗകർ ആവശ്യമുള്ളിടത്തു സേവിക്കുന്നു
‘നമുക്ക് കുട്ടികളില്ല. അങ്ങനെയെങ്കിൽ മുഴുസമയ ശുശ്രൂഷ ഏറ്റെടുത്താലെന്താണ്?’ എന്ന് സ്നാപനം കഴിഞ്ഞയുടനെ ഞങ്ങൾ ചിന്തിച്ചു. അതുകൊണ്ട് 1970-ൽ ഞങ്ങൾ ജോലികൾ ഉപേക്ഷിക്കുകയും നിരന്തര പയനിയർമാരായി പേർചാർത്തുകയും ചെയ്തു. ഫ്രാൻസിന്റെ മധ്യഭാഗത്തായി, നെവെയറിനടുത്തുള്ള മാൻയി-ലോം എന്ന ചെറു പട്ടണത്തിലേക്കു ഞങ്ങൾ താമസംമാറി.
അതു വിഷമകരമായ ഒരു നിയമനമായിരുന്നു. ബൈബിൾ പഠിക്കാൻ ആഗ്രഹമുള്ള ആളുകളെ കണ്ടെത്തുക ദുഷ്കരമായിരുന്നു. ഞങ്ങൾക്കു ലൗകിക തൊഴിൽ കണ്ടെത്താൻ കഴിഞ്ഞില്ല, അതുകൊണ്ടു വളരെ കുറച്ചു പണമേ ഉണ്ടായിരുന്നുള്ളൂ. ചിലസമയങ്ങളിൽ ഞങ്ങൾക്കു കഴിക്കാൻ ഉരുളക്കിഴങ്ങു മാത്രമാണ് ഉണ്ടായിരുന്നത്. മഞ്ഞുകാലത്ത് താപനില പൂജ്യം സെൽഷ്യസിൽനിന്നു 22 ഡിഗ്രി താഴുമായിരുന്നു. അവിടെ ചെലവഴിച്ച സമയത്തെ ഞങ്ങൾ മെലിഞ്ഞ ഏഴു പശുക്കളുടെ കാലം എന്നു വിളിച്ചു.—ഉല്പത്തി 41:3.
എന്നാൽ യഹോവ ഞങ്ങളെ താങ്ങി. ഒരു ദിവസം ഞങ്ങൾക്ക് ഒട്ടുംതന്നെ ആഹാരമില്ലായിരുന്നു. അപ്പോഴാണു തപാൽക്കാരൻ, ബാബെറ്റിന്റെ സഹോദരി അയച്ച ഒരു വലിയ പെട്ടി പാൽക്കട്ടിയുമായി എത്തിയത്. മറ്റൊരു ദിവസം ഞങ്ങൾ പ്രസംഗവേല കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ, ഞങ്ങളെ കാണാനായി 500 കിലോമീറ്റർ ദൂരം വണ്ടിയോടിച്ചുവന്ന ചില സുഹൃത്തുക്കളെ കണ്ടെത്തി. ഞങ്ങളുടെ ബുദ്ധിമുട്ടു കേട്ടറിഞ്ഞ ഈ സഹോദരൻമാർ അവരുടെ രണ്ടു കാറുകൾ നിറയെ ആഹാരവുമായി വന്നതായിരുന്നു.
ഒന്നര വർഷം കഴിഞ്ഞപ്പോൾ സൊസൈറ്റി ഞങ്ങളെ പ്രത്യേക പയനിയർമാരായി നിയമിച്ചു. അടുത്ത നാലു വർഷം ഞങ്ങൾ നെവെയറിലും ട്രൊവായിലും അവസാനം മോൻറിന്യേ ലേമെറ്റ്സിലും സേവനമനുഷ്ഠിച്ചു. 1976-ൽ മിഷെലിന് ഫ്രാൻസിന്റെ തെക്കുപടിഞ്ഞാറു ഭാഗത്തു സർക്കിട്ട് മേൽവിചാരകനായി നിയമനം ലഭിച്ചു.
രണ്ടു വർഷത്തിനുശേഷം, സർക്കിട്ട് മേൽവിചാരകൻമാർക്കുവേണ്ടിയുള്ള ഒരു സ്കൂൾ നടന്നുകൊണ്ടിരിക്കുമ്പോൾ, മിഷനറിമാരായി വിദേശത്തു പോകാൻ ഞങ്ങളെ ക്ഷണിച്ചുകൊണ്ടുള്ള ഒരു കത്ത് വാച്ച് ടവർ സൊസൈറ്റിയിൽനിന്നു ഞങ്ങൾക്കു ലഭിച്ചു; ഞങ്ങൾക്ക് ഛാഡ് അല്ലെങ്കിൽ ബുർക്കീന ഫാസോ (അന്നത്തെ അപ്പർ വോൾട്ടാ), ഇതിലൊന്നു തിരഞ്ഞെടുക്കാമെന്നു കത്തിൽ പറഞ്ഞിരുന്നു. ഞങ്ങൾ ഛാഡ് തിരഞ്ഞെടുത്തു. എന്നാൽ തഹീതി ബ്രാഞ്ചിന്റെ കീഴിൽ പ്രവർത്തിക്കുന്നതിനു നിയമിച്ചുകൊണ്ടുള്ള മറ്റൊരു കത്ത് പെട്ടെന്നുതന്നെ ഞങ്ങൾക്കു ലഭിച്ചു. ഞങ്ങൾ ഒരു വൻ ഭൂഖണ്ഡമായ ആഫ്രിക്കയിലെ സേവനത്തിനുവേണ്ടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരു കൊച്ചു ദ്വീപിലായിരിക്കുന്നതായി പെട്ടെന്നുതന്നെ കണ്ടെത്തി!
ദക്ഷിണ പസഫിക്കിൽ സേവിക്കുന്നു
തഹീതി ദക്ഷിണ പസഫിക്കിലെ മനോഹരമായ ഒരു ഉഷ്ണമേഖലാ ദ്വീപാണ്. ഞങ്ങൾ അവിടെ എത്തിയപ്പോൾ ഞങ്ങളെ സ്വീകരിക്കുന്നതിനായി നൂറോളം സഹോദരങ്ങൾ വിമാനത്താവളത്തിൽ ഉണ്ടായിരുന്നു. അവർ പൂമാല ചാർത്തി ഞങ്ങൾക്കു സ്വാഗതമരുളി. ഫ്രാൻസിൽനിന്നുള്ള ദീർഘയാത്രയ്ക്കുശേഷം ക്ഷീണിതരായിരുന്നെങ്കിലും ഞങ്ങൾ വളരെ സന്തുഷ്ടരായിരുന്നു.
തഹീതിയിൽ എത്തി നാലു മാസം കഴിഞ്ഞപ്പോൾ ഉണക്കത്തേങ്ങാ നിറച്ച ഒരു ചെറിയ പായ്വള്ളത്തിൽ ഞങ്ങൾ യാത്രതിരിച്ചു. അഞ്ചു ദിവസത്തിനുശേഷം ഞങ്ങൾ പുതിയ നിയമനസ്ഥലത്ത് എത്തിച്ചേർന്നു—മാർക്കേസസ് ദ്വീപുകളിലെ നൂകു ഹിവ ദ്വീപ്. ആ ദ്വീപിൽ ഏതാണ്ട് 1,500 പേർ പാർത്തിരുന്നു. എന്നാൽ അവിടെ സഹോദരങ്ങളാരും ഉണ്ടായിരുന്നില്ല. ഞങ്ങൾ മാത്രം.
അന്നൊക്കെ തീരെ ലളിതമായ ചുറ്റുപാടുകളായിരുന്നു ഉണ്ടായിരുന്നത്. കോൺക്രീറ്റും മുളയുംകൊണ്ടു നിർമിച്ച ഒരു കൊച്ചു വീട്ടിലാണു ഞങ്ങൾ പാർത്തത്. അവിടെ വൈദ്യുതി ഉണ്ടായിരുന്നില്ല. ഞങ്ങൾക്കു ചിലസമയത്തു മാത്രം വെള്ളംവരുന്ന ഒരു ടാപ്പ് ഉണ്ടായിരുന്നു. എന്നാൽ ചെളിവെള്ളമാണു വന്നിരുന്നത്. ഒരു ജലസംഭരണിയിൽ ശേഖരിക്കപ്പെട്ടിരുന്ന മഴവെള്ളമായിരുന്നു ഞങ്ങൾ മിക്ക സമയത്തും ഉപയോഗിച്ചിരുന്നത്. അവിടെ വെട്ടിത്തെളിച്ച റോഡുകൾ ഉണ്ടായിരുന്നില്ല, പൊടിനിറഞ്ഞ നടപ്പാതകൾ മാത്രം.
ദ്വീപിന്റെ വിദൂരഭാഗങ്ങളിൽ എത്തിപ്പെടുന്നതിനു ഞങ്ങൾക്കു കുതിരകളെ വാടകയ്ക്കെടുക്കേണ്ടിവന്നു. തടികൊണ്ടുണ്ടാക്കിയ കുതിരക്കോപ്പുകൾ വളരെ അസ്വാസ്ഥ്യം ജനിപ്പിച്ചു. പ്രത്യേകിച്ച്, മുമ്പൊരിക്കലും കുതിരപ്പുറത്തു സവാരി ചെയ്തിട്ടില്ലായിരുന്ന ബാബെറ്റിന്. നടപ്പാതയ്ക്കു കുറുകെ വീണുകിടന്നിരുന്ന മുള വെട്ടിമാറ്റുന്നതിനു ഞങ്ങൾ വാക്കത്തി കൊണ്ടുപോയിരുന്നു. ഫ്രാൻസിലെ ജീവിതത്തിൽനിന്നു വളരെയധികം വ്യത്യസ്തമായിരുന്നു അത്.
ഞങ്ങൾ ഞായറാഴ്ചകളിൽ യോഗങ്ങൾ നടത്തി, ഞങ്ങൾ രണ്ടുപേർമാത്രമേ പങ്കെടുത്തുള്ളുവെങ്കിൽപ്പോലും. ഞങ്ങൾ രണ്ടുപേർമാത്രം ഉണ്ടായിരുന്നതിനാൽ തുടക്കത്തിൽ ഞങ്ങൾക്കു മറ്റു യോഗങ്ങൾ ഇല്ലായിരുന്നു. പകരം ഞങ്ങൾ യോഗ വിഷയങ്ങൾ ഒരുമിച്ചിരുന്നു വായിച്ചു.
ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ, ആ രീതി തുടരുന്നതു നല്ലതല്ലെന്നു ഞങ്ങൾ ഉറച്ചു. മിഷെൽ ഇപ്രകാരം വിവരിക്കുന്നു: “ഞാൻ ബാബെറ്റിനോട് ഇങ്ങനെ പറഞ്ഞു, ‘നാം ഉചിതമായി വസ്ത്രം ധരിക്കണം. നീ
അവിടെയും ഞാൻ ഇവിടെയും ഇരിക്കും. ഞാൻ പ്രാർഥനയോടെ ആരംഭിക്കും, പിന്നെ നാം ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളും സേവന യോഗവും നടത്തും. മുറിയിൽ എന്നെ കൂടാതെ നീ മാത്രമേ ഉള്ളൂവെങ്കിലും ഞാൻ ചോദ്യങ്ങൾ ചോദിക്കും, നീ ഉത്തരം പറയും.’ ഞങ്ങൾ അതു ചെയ്തതു നന്നായി, എന്തുകൊണ്ടെന്നാൽ സഭയില്ലാത്തപ്പോൾ ആത്മീയമായി മന്ദീഭവിക്കാൻ എളുപ്പമാണ്.”ക്രിസ്തീയ യോഗങ്ങൾക്ക് ആളുകൾ വരാൻ സമയമെടുത്തു. ആദ്യത്തെ എട്ടു മാസത്തേക്ക് ഞങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട്, ഒന്നോ രണ്ടോ ചിലപ്പോൾ മൂന്നോ പേർ വരെ ഞങ്ങളോടു ചേർന്നു. ഒരു വർഷം, ഞങ്ങൾ രണ്ടു പേർ മാത്രമായി കർത്താവിന്റെ സന്ധ്യാ ഭക്ഷണത്തിന്റെ വാർഷികാചരണം ആരംഭിച്ചു. പത്തു മിനിറ്റു കഴിഞ്ഞപ്പോൾ ചിലർ വന്നു, അതുകൊണ്ടു ഞാൻ പ്രസംഗം നിർത്തിയിട്ടു വീണ്ടും ആരംഭിച്ചു.
ഇന്ന്, മാർക്കേസസ് ദ്വീപുകളിൽ 42 പ്രസാധകരും 3 സഭകളുമുണ്ട്. വേലയുടെ അധിക ഭാഗവും ചെയ്തത് ഞങ്ങൾക്കു ശേഷം വന്നവരാണെങ്കിലും അന്നു ഞങ്ങൾ കണ്ടുമുട്ടിയ ചിലയാളുകൾ ഇപ്പോൾ സ്നാപനമേറ്റവരാണ്.
നമ്മുടെ സഹോദരങ്ങൾ വിലപ്പെട്ടവരാണ്
ഞങ്ങൾ നൂകു ഹിവയിൽവെച്ച് ക്ഷമ പഠിച്ചു. ഏറ്റവും അടിസ്ഥാന ആവശ്യങ്ങളൊഴിച്ച് മറ്റെല്ലാറ്റിനുംവേണ്ടി ഞങ്ങൾക്കു കാത്തിരിക്കേണ്ടി വന്നു. ഉദാഹരണത്തിന്, ഒരു പുസ്തകം വേണമെങ്കിൽ അതിനുവേണ്ടി എഴുതണമായിരുന്നു, പിന്നെ അതു വരുന്നതിനുവേണ്ടി രണ്ടോ മൂന്നോ മാസം കാത്തിരിക്കണം.
ഞങ്ങൾ പഠിച്ച മറ്റൊരു പാഠം നമ്മുടെ സഹോദരങ്ങൾ വിലപ്പെട്ടവരാണെന്നുള്ളതാണ്. ഞങ്ങൾ തഹീതി സന്ദർശിച്ചു യോഗങ്ങളിൽ പങ്കെടുത്തപ്പോൾ അവിടെ സഹോദരങ്ങൾ പാടുന്നതു കേട്ടു ഞങ്ങൾ കരഞ്ഞുപോയി. ചില സഹോദരങ്ങളുമായി ഒത്തുപോകാൻ പ്രയാസമാണെന്നതു സത്യമായിരിക്കാം, എന്നാൽ സഹോദരവർഗത്തോടൊപ്പമായിരിക്കുന്നത് എത്ര നല്ലതാണെന്ന് ഒറ്റയ്ക്കായിരിക്കുമ്പോഴാണു മനസ്സിലാകുന്നത്. ഞങ്ങൾ തഹീതിയിലേക്കു മടങ്ങിച്ചെന്ന് സർക്കിട്ട് വേലയിൽ സേവിക്കണമെന്ന് 1980-ൽ സൊസൈറ്റി തീരുമാനിച്ചു. അവിടെ സഹോദരങ്ങളുടെ ഊഷ്മള ആതിഥ്യവും പ്രസംഗവേലയോടുള്ള അവരുടെ സ്നേഹവും ഞങ്ങൾക്ക് വളരെയധികം പ്രോത്സാഹനം പകർന്നു. ഞങ്ങൾ മൂന്നു വർഷം തഹീതിയിൽ സർക്കിട്ട് വേലയിൽ ചെലവഴിച്ചു.
ദ്വീപുതോറും
അടുത്തതായി ഞങ്ങളെ മറ്റൊരു പസഫിക് ദ്വീപായ റയാറ്റേയയിലെ ഒരു മിഷനറി ഭവനത്തിലേക്കു നിയമിച്ചു. ഞങ്ങൾ ഏകദേശം രണ്ടു വർഷം അവിടെ താമസിച്ചു. റയാറ്റേയയിലെ നിയമനത്തിനു ശേഷം ഞങ്ങളെ റ്റൂവാമോട്ടൂ ദ്വീപസമൂഹത്തിൽ സർക്കിട്ട് വേലയിൽ നിയമിച്ചു. 80 ദ്വീപുകളിൽ 25 എണ്ണം ഞങ്ങൾ ബോട്ടിൽ
സന്ദർശിച്ചു. ബാബെറ്റിന് ഇതു പ്രയാസകരമായിരുന്നു. ബോട്ടിൽ യാത്ര ചെയ്ത എല്ലാസമയത്തും അവൾക്കു കടൽച്ചൊരുക്കുണ്ടായി.ബാബെറ്റ് ഇപ്രകാരം പറയുന്നു: “അത് ഭയങ്കരമായിരുന്നു! ഞങ്ങൾ ബോട്ടിൽ ചെലവഴിച്ച എല്ലാ സമയത്തും എനിക്ക് അസുഖമായിരുന്നു. ഞങ്ങൾ അഞ്ചു ദിവസം കടലിലായിരുന്നെങ്കിൽ അഞ്ചു ദിവസവും എനിക്ക് അസുഖമായിരുന്നു. ഒരു മരുന്നും എനിക്കു ഫലിച്ചില്ല. എന്നാൽ, എനിക്ക് അസുഖമായിരുന്നിട്ടും സമുദ്രം എത്ര മനോഹരമാണെന്നു ഞാൻ വിചാരിച്ചു. അത് അത്ഭുതകരമായ ഒരു കാഴ്ചയായിരുന്നു. ഡോൾഫിനുകൾ ബോട്ടിനോടു മത്സരിച്ചു. കൈ കൊട്ടുമ്പോൾ അവ പലപ്പോഴും വെള്ളത്തിൽനിന്നു പൊങ്ങി ചാടി!”
സർക്കിട്ട് വേലയിൽ അഞ്ചുവർഷം ചെലവഴിച്ചുകഴിഞ്ഞപ്പോൾ ഞങ്ങളെ തഹീതിയിൽ രണ്ടു വർഷത്തേക്കു വീണ്ടും നിയമിച്ചു. അങ്ങനെ പ്രസംഗ വേലയിൽ വീണ്ടും ഒരു നല്ല സമയം ആസ്വദിച്ചു. ഒന്നര വർഷം കൊണ്ട് ഞങ്ങളുടെ സഭയിലെ പ്രസാധകരുടെ എണ്ണം 35-ൽനിന്ന് 70 ആയി ഇരട്ടിച്ചു. ഞങ്ങളോടൊപ്പം ബൈബിൾ പഠിച്ചവരിൽ പന്ത്രണ്ടു പേർ ഞങ്ങൾ അവിടുന്നു പോരുന്നതിനു തൊട്ടുമുമ്പു സ്നാപനമേറ്റു. അവരിൽ ചിലർ ഇപ്പോൾ സഭയിലെ മൂപ്പൻമാരാണ്.
ഞങ്ങൾ ദക്ഷിണ പസഫിക്കിൽ ആകെക്കൂടി 12 വർഷം ചെലവഴിച്ചു. സഭകൾ സുസ്ഥാപിതമായിരിക്കുന്നതിനാൽ ദ്വീപുകളിൽ മേലാൽ മിഷനറിമാരെ ആവശ്യമില്ല എന്നു പറഞ്ഞുകൊണ്ടുള്ള ഒരു കത്ത് ഞങ്ങൾക്കപ്പോൾ സൊസൈറ്റിയിൽനിന്നു ലഭിച്ചു. ഞങ്ങൾ തഹീതിയിൽ എത്തിയ സമയത്ത് അവിടെ ഏകദേശം 450 പ്രസാധകരുണ്ടായിരുന്നു, ഞങ്ങൾ പോരുമ്പോൾ 1,000-ത്തിലധികവും.
ഒടുവിൽ ആഫ്രിക്ക!
ഞങ്ങൾ ഫ്രാൻസിലേക്കു മടങ്ങിപ്പോയി, ഒന്നരമാസം കഴിഞ്ഞപ്പോൾ സൊസൈറ്റി ഞങ്ങൾക്കൊരു പുതിയ നിയമനം നൽകി—പശ്ചിമാഫ്രിക്കയിലെ ബെനിൻ. ഞങ്ങൾ 13 വർഷം മുമ്പ് ആഫ്രിക്കയിലേക്കു പോകാൻ ആഗ്രഹിച്ചതാണ്, അതുകൊണ്ടു ഞങ്ങൾ വളരെ സന്തോഷമുള്ളവരായിരുന്നു.
ഞങ്ങൾ 1990 നവംബർ 3-ന് ബെനിനിൽ എത്തിച്ചേർന്നു. രാജ്യ പ്രസംഗ പ്രവർത്തനത്തിന്റെ 14 വർഷത്തെ നിരോധനം നീക്കിയതിൽപ്പിന്നെ അവിടെ എത്തിച്ചേർന്ന ആദ്യത്തെ മിഷനറിമാരിൽ ഞങ്ങളുമുണ്ടായിരുന്നു. അതു വളരെ ആവേശഭരിതമായിരുന്നു. ജീവിതം പസഫിക് ദ്വീപുകളിലേതിനോടു സമാനമായിരിക്കുന്നതിനാൽ താമസമുറപ്പിക്കുന്നതിനു ഞങ്ങൾക്കു പ്രശ്നമില്ലായിരുന്നു. ആളുകൾ വളരെ സൗഹൃദമനസ്കരും അതിഥി സൽക്കാരപ്രിയരുമാണ്. നിങ്ങൾക്കു തെരുവിൽ നിന്ന് ആരോടുവേണമെങ്കിലും സംസാരിക്കാൻ കഴിയും.
ഞങ്ങൾ ബെനിനിൽ എത്തിച്ചേർന്നു വെറും ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ ബാബെറ്റ് അവളുടെ സ്തനത്തിൽ ഒരു മുഴയുള്ളതായി ശ്രദ്ധിച്ചു. അതുകൊണ്ടു ഞങ്ങൾ പുതുതായി സ്ഥാപിതമായ ബ്രാഞ്ച് ഓഫീസിനു സമീപത്തുള്ള ഒരു ചെറിയ ക്ലിനിക്കിൽ പോയി. ഡോക്ടർ അവളെ പരിശോധിക്കുകയും വളരെ പെട്ടെന്നുതന്നെ ശസ്ത്രക്രിയ നടത്തേണ്ടതുണ്ടെന്നു പറയുകയും ചെയ്തു. പിറ്റേന്നു ഞങ്ങൾ മറ്റൊരു ക്ലിനിക്കിൽ പോയി. അവിടെവച്ച് ഞങ്ങൾ ഫ്രാൻസിൽനിന്നുള്ള ഒരു ഗൈനക്കോളജിസ്റ്റായ യൂറോപ്പുകാരിയായ ഒരു ഡോക്ടറെ കണ്ടു. ബാബെറ്റിനു ശസ്ത്രക്രിയ നടത്തത്തക്കവണ്ണം ഉടൻതന്നെ ഞങ്ങൾ ഫ്രാൻസിലേക്കു പോകേണ്ടതുണ്ടെന്ന് അവരും പറഞ്ഞു. രണ്ടു ദിവസത്തിനു ശേഷം ഞങ്ങൾ ഫ്രാൻസിലേക്കു വിമാനം കയറി.
ബെനിനിൽനിന്നു പോകാൻ ഞങ്ങൾക്കു സങ്കടമായിരുന്നു. മതസ്വാതന്ത്ര്യം പുതുക്കപ്പെട്ട ആ രാജ്യത്ത്, പുതിയ മിഷനറിമാർ ഉണ്ടായിരിക്കുന്നതിൽ സഹോദരങ്ങൾ പുളകപ്രദരായിരുന്നു, അവിടെയായിരിക്കുന്നതിൽ ഞങ്ങളും ആഹ്ലാദമുള്ളവരായിരുന്നു. അതുകൊണ്ട്, ഏതാനും ആഴ്ചകൾ മാത്രം ആ രാജ്യത്തു നിന്നിട്ട് അവിടുന്നു പോകേണ്ടിവന്നതിൽ ഞങ്ങൾക്കു വിഷമം തോന്നി.
ഞങ്ങൾ ഫ്രാൻസിൽ എത്തിയപ്പോൾ ശസ്ത്രക്രിയാ വിദഗ്ധൻ ബാബെറ്റിനെ പരിശോധിക്കുകയും അവൾക്കു ശസ്ത്രക്രിയയുടെ ആവശ്യമുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്തു. ഡോക്ടർമാർ പെട്ടെന്നു പ്രവർത്തിച്ചു, അവർ ഒരു ചെറിയ ശസ്ത്രക്രിയ നടത്തി. ബാബെറ്റിനെ പിറ്റേന്ന് ആശുപത്രിയിൽനിന്നു വിടുകയും ചെയ്തു. സംഗതി അതോടെ അവസാനിച്ചെന്നു ഞങ്ങൾ വിചാരിച്ചു.
എട്ടു ദിവസം കഴിഞ്ഞു ഞങ്ങൾ ശസ്ത്രക്രിയാ വിദഗ്ധനെ കണ്ടു. അദ്ദേഹം അപ്പോഴാണു ബാബെറ്റിനു സ്തനാർബുദം ഉണ്ടെന്നുള്ള വാർത്ത പൊട്ടിച്ചത്.
ആ സമയത്തെ തന്റെ അനുഭവത്തെക്കുറിച്ച് ഓർമിച്ചുകൊണ്ടു ബാബെറ്റ് ഇപ്രകാരം പറയുന്നു: “ആദ്യം എനിക്കു മിഷെലിന്റെയത്രയും വിഷമം തോന്നിയില്ല. എന്നാൽ ആ അശുഭ വാർത്ത കേട്ടതിന്റെ പിറ്റേന്നു ഞാൻ നിർവികാരയായിരുന്നു. എനിക്കു യാതൊരു വികാരവുമില്ലായിരുന്നു. എനിക്കു കരയാൻ കഴിഞ്ഞില്ല. ചിരിക്കാൻ കഴിഞ്ഞില്ല. മരിക്കാൻ പോകുകയാണെന്നു ഞാൻ വിചാരിച്ചു. എന്നെ സംബന്ധിച്ചിടത്തോളം കാൻസർ മരണത്തിനു തുല്യമായിരുന്നു. ഞങ്ങൾ ചെയ്യേണ്ടതു ചെയ്തേപറ്റൂ എന്നായിരുന്നു എന്റെ ചിന്താഗതി.”
കാൻസറുമായുള്ള പോരാട്ടം
ഞങ്ങൾ ആ അശുഭ വാർത്ത കേട്ടത് വെള്ളിയാഴ്ചയാണ്, ചൊവ്വാഴ്ച ബാബെറ്റിനു രണ്ടാമതൊരു ശസ്ത്രക്രിയ നടത്താൻ നിശ്ചയിച്ചിരുന്നു. ഞങ്ങൾ ബാബെറ്റിന്റെ സഹോദരിയുടെ കൂടെയായിരുന്നു താമസിച്ചത്.
എന്നാൽ അവരും രോഗിയായിരുന്നു, അതുകൊണ്ട് അവരുടെ ചെറിയ അപ്പാർട്ട്മെൻറിൽ ഞങ്ങൾക്കു താമസം തുടരാൻ കഴിഞ്ഞില്ല.എവിടെ പോകുമെന്നായി ഞങ്ങൾ. അപ്പോഴാണ് ഇവ് മെർഡയുടെയും ബ്രിഷിറ്റ് മെർഡയുടെയും കാര്യം ഓർമ വന്നത്. ഞങ്ങൾ ആ ദമ്പതികളോടൊപ്പം മുമ്പു താമസിച്ചിട്ടുണ്ട്. ഈ ദമ്പതികൾ ഞങ്ങളോടു വളരെ ആതിഥ്യപൂർവം പെരുമാറിയിരുന്നു. അതുകൊണ്ടു ഞങ്ങൾ ഇവിനെ ഫോണിൽ വിളിച്ച്, ബാബെറ്റിനു ശസ്ത്രക്രിയ ആവശ്യമായിരിക്കുകയാണെന്നും എവിടെ താമസിക്കണമെന്നു ഞങ്ങൾക്ക് അറിയാൻ പാടില്ലെന്നും പറഞ്ഞു. മിഷെലിന് ഒരു ജോലി വേണമെന്നും ഞങ്ങൾ അദ്ദേഹത്തോടു പറഞ്ഞു.
ഇവ്, മിഷെലിന് ഒരു ജോലി തരപ്പെടുത്തിക്കൊടുത്തു. അദ്ദേഹത്തിന്റെ വീടിന് അകത്തും പുറത്തുമൊക്കെയായി ജോലിചെയ്യാൻ. അനേകം ദയാപ്രവൃത്തികൾക്കൊണ്ടു സഹോദരങ്ങൾ ഞങ്ങളെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അവർ ഞങ്ങളെ സാമ്പത്തികമായും സഹായിച്ചു. ബാബെറ്റിന്റെ ചികിത്സയ്ക്കുള്ള തുക സൊസൈറ്റി അടച്ചു.
ശസ്ത്രക്രിയ ഗുരുതരമായിരുന്നു. ഡോക്ടർമാർക്ക് ലസികാ ഗ്രന്ഥികളും (lymph nodes) സ്തനവും നീക്കംചെയ്യേണ്ടിവന്നു. അവർ പെട്ടെന്നുതന്നെ രാസചികിത്സ (chemotherapy) തുടങ്ങി. ഒരാഴ്ച കഴിഞ്ഞപ്പോൾ ബാബെറ്റിന് ആശുപത്രിയിൽനിന്നും പോകാൻ കഴിഞ്ഞു. എന്നാൽ തുടർച്ചയായ ചികിത്സയ്ക്കുവേണ്ടി അവൾക്ക് ഓരോ മൂന്നാഴ്ച കൂടുമ്പോഴും മടങ്ങിപ്പോകണമായിരുന്നു.
ബാബെറ്റ് ചികിത്സയിലായിരുന്ന സമയത്തു സഭയിലെ സഹോദരങ്ങൾ വളരെ സഹായമായിരുന്നു. സ്തനാർബുദമുണ്ടായിരുന്ന ഒരു സഹോദരി വലിയ ഒരു പ്രോത്സാഹനമായിരുന്നു. എന്തു പ്രതീക്ഷിക്കണമെന്ന് അവർ ബാബെറ്റിന് പറഞ്ഞുകൊടുക്കുകയും വളരെയധികം ആശ്വാസം പകരുകയും ചെയ്തു.
എങ്കിലും ഞങ്ങൾ ഭാവിയെക്കുറിച്ച് ആശങ്കാകുലരായിരുന്നു. ഇതു തിരിച്ചറിഞ്ഞുകൊണ്ട് മിഷെൽ സെലെറിയും ഷാനെറ്റ് സെലെറിയും ഞങ്ങളെ ഭക്ഷണത്തിനായി ഒരു റെസ്റ്റൊറൻറിലേക്കു കൂട്ടിക്കൊണ്ടുപോയി.
ഞങ്ങൾക്കു മിഷനറി സേവനം ഉപേക്ഷിക്കേണ്ടിയിരിക്കുന്നുവെന്നും ആഫ്രിക്കയിലേക്ക് ഒരിക്കലും മടങ്ങിപ്പോകാൻ കഴിയില്ലെന്നും ഞങ്ങൾ അവരോടു പറഞ്ഞു. എന്നാൽ സെലെറി സഹോദരൻ ചോദിച്ചു: “എന്ത്? നിങ്ങൾ അത് ഉപേക്ഷിക്കേണ്ടിവരുമെന്ന് ആരു പറഞ്ഞു? ഭരണസംഘമോ? ഫ്രാൻസിലെ സഹോദരങ്ങളോ? ആരാണു പറഞ്ഞത്?”
“ആരും പറഞ്ഞില്ല, ഞാൻ പറയുകയാണ്,” ഞാൻ മറുപടി നൽകി.
“ഇല്ല, ഇല്ല! നിങ്ങൾ മടങ്ങിപ്പോകും!” സെലെറി സഹോദരൻ പറഞ്ഞു.
രാസചികിത്സയെ തുടർന്നുണ്ടായിരുന്ന റേഡിയേഷൻ ചികിത്സ 1991 ആഗസ്റ്റ് ഒടുവിൽ അവസാനിച്ചു. ക്രമമായ പരിശോധകൾക്കുവേണ്ടി ബാബെറ്റ് ഫ്രാൻസിലേക്കു മടങ്ങിവരുന്നപക്ഷം ഞങ്ങൾ ആഫ്രിക്കയിലേക്കു തിരിച്ചുപോകുന്നതിൽ തങ്ങൾ ഒരു പ്രശ്നവും കാണുന്നില്ലെന്നു ഡോക്ടർമാർ പറഞ്ഞു.
തിരിച്ചു ബെനിനിലേക്ക്
അതുകൊണ്ടു വീണ്ടും മിഷനറി സേവനത്തിലേർപ്പെടുന്നതിന് അനുവാദം ചോദിച്ചുകൊണ്ടു ഞങ്ങൾ ബ്രുക്ക്ളിനിലെ ആസ്ഥാനത്തേക്ക് എഴുതി. അവരുടെ മറുപടി അറിയാൻ ഞങ്ങൾ ആകാംക്ഷയുള്ളവരായിരുന്നു. ദിവസങ്ങൾ ഇഴഞ്ഞു നീങ്ങി. ഒടുവിൽ മിഷെലിനു ക്ഷമകെട്ടു. അതുകൊണ്ടു ഞങ്ങളുടെ കത്തു കിട്ടിയോയെന്ന് അദ്ദേഹം ബ്രുക്ക്ളിനിലേക്കു ഫോൺ വിളിച്ചു ചോദിച്ചു. അത് പരിഗണിക്കുകയുണ്ടായെന്ന് അവർ പറഞ്ഞു—ഞങ്ങൾക്ക് ബെനിനിലേക്കു മടങ്ങിപ്പോകാൻ കഴിയും! ഞങ്ങൾ യഹോവയോട് എത്ര നന്ദിയുള്ളവരായിരുന്നു!
ആ വാർത്ത ആഘോഷിക്കുന്നതിനുവേണ്ടി മെർഡ കുടുംബം ഒരു വലിയ കൂടിവരവ് സംഘടിപ്പിച്ചു. 1991 നവംബറിൽ ഞങ്ങൾ ബെനിനിലേക്കു തിരിച്ചു, സഹോദരങ്ങൾ ഞങ്ങൾക്ക് ഒരു വിരുന്നൊരുക്കി സ്വാഗതമരുളി!
ബാബെറ്റിന് ഇപ്പോൾ സുഖമുള്ളതായി തോന്നുന്നു. പൂർണ വൈദ്യ പരിശോധനകൾക്കുവേണ്ടി ഞങ്ങൾ ഇടയ്ക്കിടയ്ക്കു ഫ്രാൻസിലേക്കു പോയിരുന്നു. ഡോക്ടർമാർ കാൻസറിന്റെ യാതൊരു സൂചനയും കാണുന്നില്ല. വീണ്ടും മിഷനറി സേവനത്തിൽ ആയിരിക്കുന്നതിൽ ഞങ്ങൾ ആഹ്ലാദിക്കുന്നു. ബെനിനിൽ ഞങ്ങൾ വേണ്ടപ്പെട്ടവരായി തോന്നുന്നു. യഹോവ ഞങ്ങളുടെ വേലയെ അനുഗ്രഹിച്ചുമിരിക്കുന്നു. മടങ്ങിപ്പോയതിൽപ്പിന്നെ ഞങ്ങൾ 14 പേരെ സ്നാപനത്തിന് സഹായിച്ചിട്ടുണ്ട്. അവരിൽ അഞ്ചു പേർ ഇപ്പോൾ നിരന്തര പയനിയർമാരാണ്, ഒരാൾക്ക് ശുശ്രൂഷാദാസനായി നിയമനം ലഭിച്ചിരിക്കുന്നു. ഞങ്ങളുടെ ചെറിയ സഭ വളർന്ന് രണ്ടു സഭകളായി വിഭജിക്കുന്നതും ഞങ്ങൾ കണ്ടിരിക്കുന്നു.
ഈ വർഷങ്ങളിലുടനീളം ഭാര്യാഭർത്താക്കൻമാരെന്ന നിലയിൽ ഞങ്ങൾ യഹോവയെ സേവിക്കുകയും അനേകം അനുഗ്രഹങ്ങൾ ആസ്വദിക്കുകയും വളരെ നല്ല അനേകമാളുകളെ അറിയാൻ ഇടവരുകയും ചെയ്തിരിക്കുന്നു. എന്നാൽ കഷ്ടപ്പാടുകൾ വിജയകരമായി സഹിച്ചുനിൽക്കുന്നതിന് യഹോവയാൽ ഞങ്ങൾ പരിശീലിപ്പിക്കപ്പെടുകയും ശക്തരാക്കപ്പെടുകയും ചെയ്തു. ഇയ്യോബിനെപ്പോലെ, കാര്യങ്ങൾ അങ്ങനെ സംഭവിച്ചതെന്തുകൊണ്ടെന്നു ഞങ്ങൾക്ക് എല്ലായ്പോഴും മനസ്സിലായില്ല. എന്നാൽ ഞങ്ങളെ സഹായിക്കാൻ യഹോവ എല്ലായ്പോഴുമുണ്ടെന്നു ഞങ്ങൾക്കറിയാമായിരുന്നു. അതു ദൈവവചനം പറയുന്നതുപോലെയാണ്: “രക്ഷിപ്പാൻ കഴിയാതവണ്ണം യഹോവയുടെ കൈ കുറുകീട്ടില്ല; കേൾപ്പാൻ കഴിയാതവണ്ണം അവന്റെ ചെവി മന്ദമായിട്ടുമില്ല.”—യെശയ്യാവു 59:1.
[23-ാം പേജിലെ ചിത്രം]
മിഷെൽ മ്യൂളറും ബാബെറ്റ് മ്യൂളറും ബനിനിലെ പരമ്പരാഗത വേഷം ധരിച്ച്
[25-ാം പേജിലെ ചിത്രം]
ഉഷ്ണമേഖലാ തഹീതിയിലെ പോളിനേഷ്യക്കാരുടെയിടയിലെ മിഷനറി വേല