വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ വിവാഹപ്രതിജ്ഞയ്‌ക്കു ചേർച്ചയിൽ ജീവിക്കൽ!

നിങ്ങളുടെ വിവാഹപ്രതിജ്ഞയ്‌ക്കു ചേർച്ചയിൽ ജീവിക്കൽ!

നിങ്ങളു​ടെ വിവാ​ഹ​പ്ര​തി​ജ്ഞ​യ്‌ക്കു ചേർച്ച​യിൽ ജീവിക്കൽ!

വിവാ​ഹ​ദി​വസം സന്തോ​ഷ​ക​ര​മായ ഒരു ദിവസ​മാണ്‌. അതു വളരെ ഗൗരവാ​വ​ഹ​മായ ഒരു അവസരം കൂടി​യാണ്‌. തങ്ങളുടെ ശിഷ്ട ജീവകാ​ലത്തെ മുഴുവൻ ബാധി​ക്കുന്ന ഗൗരവാ​വ​ഹ​മായ ഒരു വാഗ്‌ദാ​ന​മാ​ണു വധൂവ​ര​ന്മാർ നടത്തു​ന്നത്‌. അതിഥി​കൾ എന്നനി​ല​യിൽ വിവാ​ഹ​ത്തിൽ സംബന്ധി​ക്കാൻ എത്തിയി​രി​ക്കു​ന്നവർ ഈ ഗൗരവാ​വ​ഹ​മായ വാഗ്‌ദാ​ന​ത്തി​ന്റെ സാക്ഷി​ക​ളാണ്‌, എന്നാൽ മുഖ്യ സാക്ഷി യഹോ​വ​യാം ദൈവ​മാണ്‌.

പ്രത്യേക തരത്തി​ലുള്ള നടപടി​ക്ര​മ​ങ്ങ​ളോ വിവാ​ഹ​ച്ച​ട​ങ്ങോ ബൈബിൾ നിഷ്‌കർഷി​ക്കു​ന്നില്ല. എന്നിരു​ന്നാ​ലും, അതിന്റെ ദിവ്യ ഉത്ഭവത്തെ അംഗീ​ക​രി​ച്ചു​കൊണ്ട്‌, ഒരു മതചട​ങ്ങിൽവെ​ച്ചുള്ള വിവാ​ഹ​പ്ര​തി​ജ്ഞ​ക​ളു​ടെ ഉപയോ​ഗ​ത്തി​ലൂ​ടെ​യാ​ണു വിവാഹം സാധാ​ര​ണ​മാ​യി നടത്തു​ന്നത്‌. കുറെ വർഷങ്ങ​ളാ​യി യഹോ​വ​യു​ടെ സാക്ഷികൾ പിൻവ​രുന്ന വിവാ​ഹ​പ്ര​തി​ജ്ഞ​യാണ്‌ ഉപയോ​ഗി​ച്ചു​വ​രു​ന്നത്‌: “—— എന്ന ഞാൻ—— എന്ന നിങ്ങളെ, ക്രിസ്‌തീയ (ഭാര്യ​മാർക്കാ​യി/ഭർത്താ​ക്ക​ന്മാർക്കാ​യി) വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളിൽ വിവരി​ച്ചി​രി​ക്കുന്ന ദിവ്യ നിയമ​ത്തിന്‌ അനുസൃ​ത​മാ​യി, ദൈവ​ത്തി​ന്റെ ദാമ്പത്യ ക്രമീ​ക​ര​ണ​പ്ര​കാ​രം, നമ്മൾ ഇരുവ​രും ഭൂമി​യിൽ ജീവി​ച്ചി​രി​ക്കു​ന്നി​ട​ത്തോ​ളം കാലം, സ്‌നേ​ഹി​ക്കു​ന്ന​തി​നും വാത്സല്യ​പൂർവം പരിപാ​ലി​ക്കു​ന്ന​തി​നും (വധു: ആഴമായി ബഹുമാ​നി​ക്കു​ന്ന​തി​നും) എന്റെ വിവാ​ഹിത (ഭാര്യ​യാ​യി/ഭർത്താ​വാ​യി) സ്വീക​രി​ച്ചു​കൊ​ള്ളു​ന്നു.” a

ചിന്തി​ക്കാ​നു​ള്ളവ

നിങ്ങൾ വിവാ​ഹ​ത്തെ​ക്കു​റി​ച്ചു ചിന്തി​ക്കു​ക​യാ​ണെ​ങ്കിൽ, വിവാ​ഹ​ദി​വ​സ​ത്തി​നു മുമ്പ്‌ ഈ പ്രതി​ജ്ഞ​യു​ടെ ആഴത്തെ​യും അർഥ​ത്തെ​യും കുറിച്ചു ചിന്തി​ക്കു​ന്നതു വളരെ മൂല്യ​വ​ത്താ​യി​രി​ക്കും. ശലോ​മോൻ ഇങ്ങനെ പറഞ്ഞു: “അതി​വേ​ഗ​ത്തിൽ ഒന്നും പറയരു​തു; ദൈവ​സ​ന്നി​ധി​യിൽ ഒരു വാക്കു ഉച്ചരി​പ്പാൻ നിന്റെ ഹൃദയം ബദ്ധപ്പെ​ട​രു​തു.” (സഭാ​പ്ര​സം​ഗി 5:2) നിങ്ങൾ ഇതി​നോ​ടകം വിവാ​ഹി​ത​രാ​ണെ​ങ്കി​ലോ? അങ്ങനെ​യെ​ങ്കിൽ, നിങ്ങൾ യഹോ​വ​യു​ടെ മുമ്പാകെ നടത്തിയ ഗൗരവാ​വ​ഹ​മായ വാഗ്‌ദാ​ന​ത്തി​ന്റെ പ്രാധാ​ന്യ​ത്തെ​ക്കു​റി​ച്ചു ധ്യാനി​ക്കു​ന്നതു നിങ്ങൾക്കു പ്രയോ​ജനം ചെയ്യും. നിങ്ങൾ അതിനു ചേർച്ച​യി​ലാ​ണോ ജീവി​ക്കു​ന്നത്‌? ക്രിസ്‌ത്യാ​നി​കൾ തങ്ങളുടെ വാഗ്‌ദാ​നങ്ങൾ ഗൗരവ​മാ​യെ​ടു​ക്കു​ന്നു. ശലോ​മോൻ ഇങ്ങനെ തുടർന്നു: “നീ നേർന്നതു കഴിക്ക. നേർന്നി​ട്ടു കഴിക്കാ​തെ​യി​രി​ക്കു​ന്ന​തി​നെ​ക്കാൾ നേരാ​തെ​യി​രി​ക്കു​ന്നതു നല്ലതു. നിന്റെ വായ്‌ നിന്റെ ദേഹത്തി​ന്നു പാപകാ​ര​ണ​മാ​ക​രു​തു; അബദ്ധവ​ശാൽ വന്നു​പോ​യി എന്നു നീ ദൂതന്റെ സന്നിധി​യിൽ പറകയും അരുതു.”—സഭാ​പ്ര​സം​ഗി 5:4-6.

ഈ വിവാ​ഹ​പ്ര​തി​ജ്ഞ​യു​ടെ ഒരു വാക്യാം​ശ പരിചി​ന്തനം ഗൗരവ​മായ ആ വാഗ്‌ദാ​ന​ത്തെ​ക്കു​റി​ച്ചുള്ള നിങ്ങളു​ടെ ഗ്രാഹ്യ​ത്തെ സമ്പന്നമാ​ക്കും എന്നതിനു സംശയ​മില്ല.

“വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളിൽ വിവരി​ച്ചി​രി​ക്കുന്ന ദിവ്യ നിയമ​ത്തിന്‌ അനുസൃ​ത​മാ​യി”: നാം തിര​ഞ്ഞെ​ടു​ക്കു​ന്ന​തി​നും പ്രവർത്തി​ക്കു​ന്ന​തി​നു​മുള്ള സ്വാത​ന്ത്ര്യം ആസ്വദി​ക്കാൻ ദൈവ​മാ​ഗ്ര​ഹി​ക്കു​ന്നു. ദാമ്പത്യ​ജീ​വി​തത്തെ നിയ​ന്ത്രി​ക്കുന്ന നിയമ​ങ്ങ​ളു​ടെ മടുപ്പു​ള​വാ​ക്കുന്ന ഒരു പട്ടിക​കൊണ്ട്‌ അവൻ നമ്മെ ഭാര​പ്പെ​ടു​ത്തു​ന്നില്ല. എന്നാൽ നമ്മുടെ സ്വന്തം പ്രയോ​ജ​ന​ത്തി​നാ​യി അവൻ ചില മാർഗ​നിർദേ​ശങ്ങൾ പ്രദാനം ചെയ്‌തി​ട്ടുണ്ട്‌.

ഇന്നു വിവാ​ഹ​ബ​ന്ധ​ത്തെ​ക്കു​റി​ച്ചു വൈവി​ധ്യ​മാർന്ന പുസ്‌ത​കങ്ങൾ ധാരാ​ള​മുണ്ട്‌. പല ആളുകൾക്കും അവരു​ടേ​തായ തത്ത്വശാ​സ്‌ത്ര​ങ്ങ​ളു​മുണ്ട്‌. എന്നാൽ ജാഗ്രത പുലർത്തുക! വിവാഹം എന്ന വിഷയ​ത്തെ​ക്കു​റി​ച്ചു പ്രചരി​ക്കുന്ന വിവര​ങ്ങ​ളി​ല​ധി​ക​വും ബൈബി​ളു​മാ​യി കടകവി​രു​ദ്ധ​മാണ്‌.

ഓരോ ദമ്പതി​മാ​രു​ടെ​യും കാര്യ​ത്തിൽ ചുറ്റു​പാ​ടു​കൾ വ്യത്യാ​സ​പ്പെ​ട്ടി​രി​ക്കു​ന്നു എന്ന കാര്യ​വും മനസ്സി​ലാ​ക്കുക. ഒരു വിധത്തിൽ പറഞ്ഞാൽ, വിവാ​ഹ​ദ​മ്പ​തി​കൾ ഹിമഫ​ല​കങ്ങൾ പോ​ലെ​യാണ്‌; അകലെ​നി​ന്നു നോക്കു​മ്പോൾ സമാന​ത​യു​ള്ള​താ​യി തോന്നി​യേ​ക്കാം, എന്നാൽ വാസ്‌ത​വ​ത്തിൽ ഓരോ​രു​ത്ത​രും അനുപ​മ​രാണ്‌, മറ്റെല്ലാ​വ​രിൽനി​ന്നും വിഭി​ന്ന​രാണ്‌. നിങ്ങളു​ടെ ഇണയു​ടേ​തു​മാ​യി ഇണങ്ങി​ച്ചേ​രുന്ന നിങ്ങളു​ടെ വ്യക്തി​ത്വ​പൊ​രു​ത്തം ലോക​ത്തിൽ മറ്റേ​തൊ​രു വിവാ​ഹിത ദമ്പതി​ക​ളു​ടെ​യും കാര്യ​ത്തിൽ ആവർത്തി​ക്കു​ന്നില്ല. അതു​കൊണ്ട്‌ മറ്റുള്ള​വ​രു​ടെ വ്യക്തി​പ​ര​മായ വീക്ഷണ​ഗ​തി​കൾ സ്വീക​രി​ക്കാൻ തിടുക്കം കാട്ടാ​തി​രി​ക്കുക. എല്ലാ വിവാ​ഹ​ജീ​വി​ത​ത്തി​നും ബാധക​മാ​കുന്ന മനുഷ്യ​നിർമി​ത​മായ യാതൊ​രു സൂത്ര​വാ​ക്യ​വു​മില്ല!

അതിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി ബൈബി​ളി​ലെ എല്ലാ കൽപ്പന​ക​ളും സത്യവും പ്രാ​യോ​ഗി​ക​വു​മാണ്‌. അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഇങ്ങനെ എഴുതി: ‘എല്ലാ തിരു​വെ​ഴു​ത്തും ദൈവ​നി​ശ്വ​സ്‌ത​വും പഠിപ്പി​ക്കു​ന്ന​തി​നും ശാസി​ക്കു​ന്ന​തി​നും കാര്യങ്ങൾ നേരെ ആക്കുന്ന​തി​നും പ്രയോ​ജ​ന​പ്ര​ദ​വു​മാ​കു​ന്നു.’ (2 തിമോ​ത്തി 3:16, NW; സങ്കീർത്തനം 119:151) ബൈബിൾ വായി​ക്കു​ക​യും അതിന്റെ പഠിപ്പി​ക്ക​ലു​കൾ ദൈനം​ദിന ജീവി​ത​ത്തി​ന്റെ ഒരു വഴികാ​ട്ടി​യാ​യി സ്വീക​രി​ക്കു​ക​യും ചെയ്‌താൽ, നിങ്ങളു​ടെ വിവാ​ഹ​പ്ര​തി​ജ്ഞ​യ്‌ക്കു ചേർച്ച​യിൽ ജീവി​ക്കാൻ നിങ്ങൾക്കാ​കും.—സങ്കീർത്തനം 119:105.

“ദൈവ​ത്തി​ന്റെ ദാമ്പത്യ ക്രമീ​ക​ര​ണ​പ്ര​കാ​രം”: വിവാഹ ക്രമീ​ക​രണം സ്ഥാപിച്ച യഹോ​വ​യാം ദൈവ​ത്തിൽനി​ന്നുള്ള ഒരു സമ്മാന​മാ​ണു വിവാഹം. (സദൃശ​വാ​ക്യ​ങ്ങൾ 19:14) അവന്റെ ക്രമീ​ക​രണം പിൻപ​റ്റു​ന്ന​തി​ലുള്ള പരാജയം നിങ്ങളു​ടെ വൈവാ​ഹിക സന്തുഷ്ടി​യെ മാത്രമല്ല, സ്രഷ്ടാ​വു​മാ​യുള്ള നിങ്ങളു​ടെ ബന്ധത്തെ​പ്പോ​ലും ഭീഷണി​പ്പെ​ടു​ത്തും. നേരേ​മ​റിച്ച്‌, ഭർത്താ​വും ഭാര്യ​യും യഹോ​വ​യു​ടെ ക്രമീ​ക​ര​ണ​ങ്ങ​ളോ​ടുള്ള അനുസ​ര​ണ​ത്താൽ പ്രകട​മാ​ക്ക​പ്പെ​ടുന്ന ഒരു നല്ല ബന്ധം അവനു​മാ​യി നട്ടുവ​ളർത്തു​മ്പോൾ അവർക്കു മറ്റുള്ള​വ​രോ​ടും തങ്ങളോ​ടു​ത​ന്നെ​യും സമാധാ​ന​പൂർണ​മായ ബന്ധങ്ങൾ ഉണ്ടായി​രി​ക്കും.—സദൃശ​വാ​ക്യ​ങ്ങൾ 16:7.

“നമ്മൾ ഇരുവ​രും ഭൂമി​യിൽ ജീവി​ച്ചി​രി​ക്കു​ന്നി​ട​ത്തോ​ളം കാലം”: അതു ദീർഘ​കാ​ലം ഒന്നിച്ചാ​യി​രി​ക്കു​ന്ന​തി​ലേക്കു വിരൽ ചൂണ്ടുന്നു. “പുരുഷൻ അപ്പനെ​യും അമ്മയെ​യും വിട്ടു​പി​രി​ഞ്ഞു ഭാര്യ​യോ​ടു പറ്റി​ച്ചേ​രും” എന്നു ദൈവം കൽപ്പി​ക്കു​ന്നു. (ഉല്‌പത്തി 2:24) നിങ്ങൾ ഒരുമി​ച്ചാ​യി​രി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു. ദൈവത്തെ ഒരുമി​ച്ചു സേവി​ക്കുക. അവന്റെ വചനം ഒരുമി​ച്ചു പഠിക്കുക. ഒരുമി​ച്ചു നടക്കാ​നും ഒരുമി​ച്ചി​രി​ക്കാ​നും ഒരുമി​ച്ചു ഭക്ഷിക്കാ​നും സമയ​മെ​ടു​ക്കുക. ഒരുമി​ച്ചു ജീവിതം ആസ്വദി​ക്കുക!

പരസ്‌പ​രം സംസാ​രി​ക്കാ​നാ​യി മാത്രം ചില ദമ്പതികൾ ഓരോ ദിവസ​വും സമയം മാറ്റി​വെ​ക്കാൻ ശ്രമം ചെലു​ത്താ​റുണ്ട്‌. അനേക വർഷത്തെ ദാമ്പത്യ​ജീ​വി​ത​ത്തി​നു ശേഷം പോലും ഈ ഒരുമ വൈവാ​ഹിക സന്തുഷ്ടി​ക്കു മർമ​പ്ര​ധാ​ന​മാണ്‌.

“സ്‌നേ​ഹി​ക്കു​ന്ന​തി​നും”: ഭർത്താ​വാ​കാ​നു​ള്ള​യാൾ തന്റെ വധുവി​നെ “സ്‌നേ​ഹി​ക്കു​ന്ന​തി​നും വാത്സല്യ​പൂർവം പരിപാ​ലി​ക്കു​ന്ന​തി​നും” പ്രതി​ജ്ഞ​യെ​ടു​ക്കു​ന്നു. ഈ സ്‌നേ​ഹ​ത്തിൽ, ഒരുപക്ഷേ അവരെ തമ്മില​ടു​പ്പിച്ച പ്രേമ​വും ഉൾപ്പെ​ടു​ന്നു. എന്നാൽ പ്രേമം മാത്രം പോരാ. തന്റെ ഇണയെ​പ്രതി ഒരു ക്രിസ്‌ത്യാ​നി പ്രതി​ജ്ഞ​യെ​ടു​ക്കുന്ന സ്‌നേഹം അതി​നെ​ക്കാൾ ആഴമു​ള്ള​തും വിശാ​ല​വു​മാണ്‌.

എഫെസ്യർ 5:25 ഇങ്ങനെ പറയുന്നു: “ഭർത്താ​ക്ക​ന്മാ​രേ, ക്രിസ്‌തു​വും സഭയെ സ്‌നേ​ഹി​ച്ച​തു​പോ​ലെ നിങ്ങളു​ടെ ഭാര്യ​മാ​രെ സ്‌നേ​ഹി​പ്പിൻ.” യേശു​വി​നു സഭയോ​ടു​ണ്ടാ​യി​രുന്ന സ്‌നേഹം ഒരിക്ക​ലും എതിർലിം​ഗ​വർഗ​ത്തിൽ പെട്ടവർ തമ്മിലുള്ള പ്രേമ​ത്തി​ന്റേ​തായ വിഭാ​ഗ​ത്തിൽ പെടു​ന്നില്ല. ആ വാക്യ​ത്തിൽ കാണുന്ന “സ്‌നേ​ഹി​ച്ച​തു​പോ​ലെ,” “സ്‌നേ​ഹി​പ്പിൻ” എന്നീ പദപ്ര​യോ​ഗങ്ങൾ അഗാപെ എന്ന പദത്തിൽനി​ന്നു വരുന്ന​താണ്‌, തത്ത്വത്താൽ നയിക്ക​പ്പെ​ടുന്ന സ്‌നേ​ഹ​ത്തെ​യാണ്‌ അതു പരാമർശി​ക്കു​ന്നത്‌. നിരന്ത​ര​മായ, അചഞ്ചല​മായ, നിലനിൽക്കു​ന്ന​തരം സ്‌നേഹം ഭാര്യ​മാ​രോ​ടു പ്രകട​മാ​ക്കാ​നാ​ണു ബൈബിൾ ഇവിടെ ഭർത്താ​ക്ക​ന്മാ​രോ​ടു കൽപ്പി​ക്കു​ന്നത്‌.

അതു കേവലം “നീ എന്നെ സ്‌നേ​ഹി​ക്കു​ന്ന​തു​കൊണ്ട്‌ ഞാൻ നിന്നെ സ്‌നേ​ഹി​ക്കു​ന്നു” എന്നതു പോലുള്ള ഒന്നല്ല. ഒരു ഭർത്താവു തന്റെ താത്‌പ​ര്യ​ങ്ങൾക്കു​മു​പ​രി​യാ​യി ഭാര്യ​യു​ടെ ക്ഷേമം കണക്കി​ലെ​ടു​ക്കു​ന്നു, അങ്ങനെ​തന്നെ ഭാര്യ തന്റെ ഭർത്താ​വി​നെ​യും സ്‌നേ​ഹി​ക്കു​ന്നു. (ഫിലി​പ്പി​യർ 2:4) നിങ്ങളു​ടെ പങ്കാളി​യോട്‌ ആഴമായ സ്‌നേഹം നട്ടുവ​ളർത്തു​ന്നതു വിവാ​ഹ​പ്ര​തി​ജ്ഞ​യ്‌ക്കു ചേർച്ച​യിൽ ജീവി​ക്കാൻ നിങ്ങളെ സഹായി​ക്കും.

“വാത്സല്യ​പൂർവം പരിപാ​ലി​ക്കു​ന്ന​തി​നും”: ഒരു നിഘണ്ടു പറയു​ന്ന​ത​നു​സ​രിച്ച്‌, ‘വാത്സല്യ​പൂർവം പരിപാ​ലി​ക്കുക’ എന്നതിന്റെ അർഥം ‘പ്രിയ​മാ​യി കരുതുക, പ്രിയം തോന്നു​ക​യോ അതു കാട്ടു​ക​യോ ചെയ്യുക’ എന്നാണ്‌. നിങ്ങൾ വാക്കി​ലും പ്രവൃ​ത്തി​യി​ലും നിങ്ങളു​ടെ സ്‌നേഹം കാണി​ക്കേ​ണ്ട​തുണ്ട്‌! ഒരു ഭാര്യ​യ്‌ക്കു പ്രത്യേ​കി​ച്ചും ഭർത്താ​വി​ന്റെ നിരന്തര സ്‌നേ​ഹ​പ്ര​ക​ട​നങ്ങൾ ആവശ്യ​മാണ്‌. ഭർത്താവ്‌ അവളുടെ ശാരീ​രിക ആവശ്യ​ങ്ങൾക്കു നല്ല ശ്രദ്ധ കൊടു​ത്തേ​ക്കാം, എന്നാൽ അതു മാത്രം പോരാ. വേണ്ടു​വോ​ളം ഭക്ഷണവും സൗകര്യ​പ്ര​ദ​മായ വീടും ഉണ്ടായി​രു​ന്നി​ട്ടും, തങ്ങളുടെ വിവാഹ പങ്കാളി​യാൽ അവഗണി​ക്ക​പ്പെ​ടു​ക​യോ പുറന്ത​ള്ള​പ്പെ​ടു​ക​യോ ചെയ്യു​ന്നതു നിമിത്തം വളരെ അസന്തു​ഷ്ട​രാ​യി​രി​ക്കുന്ന ഭാര്യ​മാ​രുണ്ട്‌.

നേരേ​മ​റിച്ച്‌, താൻ സ്‌നേ​ഹി​ക്ക​പ്പെ​ടു​ക​യും വാത്സല്യ​പൂർവം പരിപാ​ലി​ക്ക​പ്പെ​ടു​ക​യും ചെയ്യു​ന്നു​ണ്ടെന്നു മനസ്സി​ലാ​ക്കുന്ന ഒരു ഭാര്യ​യ്‌ക്കു സന്തുഷ്ട​യാ​യി​രി​ക്കു​ന്ന​തിന്‌ എല്ലാ കാരണ​ങ്ങ​ളു​മുണ്ട്‌. തീർച്ച​യാ​യും, അതുതന്നെ ഭർത്താ​വി​ന്റെ കാര്യ​ത്തി​ലും പറയാ​വു​ന്ന​താണ്‌. യഥാർഥ പ്രേമ​പ്ര​ക​ട​ന​ങ്ങ​ളാൽ സ്‌നേഹം വളരെ​യ​ധി​കം വർധി​ക്കു​ന്നു. ഉത്തമഗീ​ത​ത്തിൽ ആട്ടിട​യ​നായ കാമുകൻ ഇങ്ങനെ ഉദ്‌ഘോ​ഷി​ക്കു​ന്നു: “എന്റെ സഹോ​ദരീ, എന്റെ കാന്തേ, നിന്റെ പ്രേമം എത്ര മനോ​ഹരം! വീഞ്ഞി​നെ​ക്കാൾ നിന്റെ പ്രേമ​വും സകലവിധ സുഗന്ധ​വർഗ്ഗ​ത്തെ​ക്കാൾ നിന്റെ തൈല​ത്തി​ന്റെ പരിമ​ള​വും എത്ര രസകരം!”—ഉത്തമഗീ​തം 4:10.

“ആഴമായി ബഹുമാ​നി​ക്കു​ന്ന​തി​നും”: നൂറ്റാ​ണ്ടു​ക​ളി​ലു​ട​നീ​ളം സ്‌ത്രീ​കളെ ദ്രോ​ഹി​ക്കു​ക​യും അവമതി​ക്കു​ക​യും ചെയ്‌തി​ട്ടുള്ള പുരു​ഷ​ന്മാർ ഉണ്ടായി​രു​ന്നി​ട്ടുണ്ട്‌. വേൾഡ്‌ ഹെൽത്ത്‌ മാഗസിൻ പറയു​ന്ന​ത​നു​സ​രിച്ച്‌, ഇന്നു പോലും “എല്ലാ രാജ്യ​ത്തും എല്ലാ സാമൂ​ഹിക, സാമ്പത്തിക വർഗത്തി​ലും സ്‌ത്രീ​കൾക്കെ​തി​രെ​യുള്ള അക്രമം നടമാ​ടു​ന്നു. പല സംസ്‌കാ​ര​ങ്ങ​ളി​ലും ഭാര്യാ​മർദനം പുരു​ഷന്റെ അവകാ​ശ​മാ​യാ​ണു കരുതു​ന്നത്‌.” മിക്ക പുരു​ഷ​ന്മാ​രും അത്തരക്കാ​ര​ല്ലാ​യി​രി​ക്കാം. എന്നാൽ, സ്‌ത്രീ​കളെ ബാധി​ക്കുന്ന പ്രശ്‌ന​ങ്ങ​ളിൽ യഥാർഥ​മായ താത്‌പ​ര്യം കാണി​ക്കാൻ പല പുരു​ഷ​ന്മാ​രും പരാജ​യ​പ്പെ​ടു​ന്ന​താ​യി​ത്തന്നെ തോന്നു​ന്നു. തത്‌ഫ​ല​മാ​യി, പുരു​ഷ​ന്മാ​രെ സംബന്ധി​ച്ചു പല സ്‌ത്രീ​ക​ളും നിഷേ​ധാ​ത്മ​ക​മായ ഒരു മനോ​ഭാ​വം വളർത്തി​യെ​ടു​ത്തി​ട്ടുണ്ട്‌. “ഞാൻ എന്റെ ഭർത്താ​വി​നെ സ്‌നേ​ഹി​ക്കു​ന്നു, എന്നാൽ എനിക്ക്‌ അദ്ദേഹത്തെ ആദരി​ക്കാ​നാ​വു​ന്നില്ല!” എന്നു പല ഭാര്യ​മാ​രും പറയു​ന്നതു കേട്ടി​ട്ടുണ്ട്‌.

എന്നുവ​രി​കി​ലും, ഭർത്താവു ഭാര്യ​യു​ടെ പ്രതീ​ക്ഷ​കൾക്കൊത്ത്‌ ഉയരാൻ ഇടയ്‌ക്കി​ട​യ്‌ക്ക്‌ പരാജ​യ​പ്പെ​ടു​ന്നെ​ങ്കിൽ പോലും അദ്ദേഹത്തെ ബഹുമാ​നി​ക്കാൻ ശ്രമി​ക്കുന്ന സ്‌ത്രീ​യെ യഹോ​വ​യാം ദൈവം വിലമ​തി​ക്കു​ന്നു. അദ്ദേഹ​ത്തി​നു ദൈവ​ദ​ത്ത​മായ ഒരു നിയമനം അഥവാ സ്ഥാനമു​ണ്ടെന്ന്‌ അവൾ തിരി​ച്ച​റി​യു​ന്നു. (1 കൊരി​ന്ത്യർ 11:3; എഫെസ്യർ 5:23) ഭർത്താ​വി​നോ​ടുള്ള ആഴമായ ബഹുമാ​നം, അവളുടെ ആരാധ​ന​യു​ടെ​യും യഹോ​വ​യോ​ടുള്ള അനുസ​ര​ണ​ത്തി​ന്റെ​യും ഭാഗമാണ്‌. ദൈവി​ക​ഭ​ക്തി​യുള്ള സ്‌ത്രീ​ക​ളു​ടെ അനുസ​ര​ണത്തെ ദൈവം മറന്നു​ക​ള​യു​ന്നില്ല.—എഫെസ്യർ 5:33; 1 പത്രൊസ്‌ 3:1-6; എബ്രായർ 6:10 താരത​മ്യം ചെയ്യുക.

വിവാ​ഹ​ബ​ന്ധ​ത്തിൽ പരസ്‌പരം ആദരവ്‌ കാട്ടണം. കേവലം പ്രതീ​ക്ഷി​ക്കു​ക​യോ ആവശ്യ​പ്പെ​ടു​ക​യോ ചെയ്യു​ന്ന​തി​ലു​പരി അതു നേടി​യെ​ടു​ക്കേ​ണ്ട​താണ്‌. ഉദാഹ​ര​ണ​ത്തിന്‌, വെട്ടി​മു​റി​ച്ച​പോ​ലത്തെ അല്ലെങ്കിൽ മുറി​പ്പെ​ടു​ത്തു​ന്ന​ത​ര​ത്തി​ലുള്ള സംസാ​ര​ത്തി​നു ദാമ്പത്യ ക്രമീ​ക​ര​ണ​ത്തിൽ യാതൊ​രു സ്ഥാനവു​മില്ല. ഭർത്താ​വി​നെ​യോ ഭാര്യ​യെ​യോ സംബന്ധി​ച്ചു വിലകെട്ട തരത്തിൽ അഭി​പ്രാ​യങ്ങൾ പറയു​ന്നതു സ്‌നേ​ഹ​പൂർവ​ക​മോ ആദരണീ​യ​മോ ആയിരി​ക്കില്ല. നിങ്ങളു​ടെ ഇണയുടെ തെറ്റുകൾ മറ്റുള്ള​വർക്കു വെളി​പ്പെ​ടു​ത്തു​ന്ന​തോ അവയെ​ക്കു​റി​ച്ചു പരസ്യ​മാ​യി സംസാ​രി​ക്കു​ന്ന​തോ യാതൊ​രു നന്മയും ചെയ്യു​ക​യില്ല. തമാശ പറയു​മ്പോൾ പോലും ഈ മണ്ഡലത്തിൽ ഒരു വ്യക്തിക്കു കടുത്ത ആദരവി​ല്ലായ്‌മ കാണി​ക്കാൻ സാധി​ക്കും. എഫെസ്യർ 4:29, 32-ലെ വാക്കുകൾ ഭർത്താ​വി​നും ഭാര്യ​ക്കും ബാധക​മാ​കു​ന്നു. അവിടെ ബൈബിൾ ഇങ്ങനെ പറയുന്നു: “ആവശ്യം​പോ​ലെ ആത്മിക​വർദ്ധ​നെ​ക്കാ​യി നല്ല വാക്കല്ലാ​തെ ആകാത്തതു ഒന്നും നിങ്ങളു​ടെ വായിൽനി​ന്നു പുറ​പ്പെ​ട​രു​തു. . . . തമ്മിൽ ദയയും മനസ്സലി​വു​മു​ള്ള​വ​രാ​യി . . . ക്ഷമിപ്പിൻ.”

“എന്റെ വിവാ​ഹിത (ഭാര്യ​യാ​യി/ഭർത്താ​വാ​യി)”: ആദ്യ വിവാ​ഹ​ത്തിൽ, ഹവ്വായെ ആദാമി​നു വിവാ​ഹ​ത്തിൽ കൊടു​ത്ത​പ്പോൾ, ‘അവർ ഒരു ജഡമാ​യി​ത്തീ​രും’ എന്നു യഹോ​വ​യാം ദൈവം പറഞ്ഞു. (ഉല്‌പത്തി 2:24; മത്തായി 19:4-6) അതു​കൊണ്ട്‌ രണ്ടു മനുഷ്യർ തമ്മിൽ ഉണ്ടായി​രി​ക്കാൻ കഴിയുന്ന ഏറ്റവും അടുത്ത ബന്ധമാണു വിവാ​ഹ​ബന്ധം. വിവാഹം നിങ്ങളെ ഒരു പുതിയ ബന്ധുത്വ​ത്തി​ലേക്കു കൊണ്ടു​വ​രു​ന്നു. നിങ്ങൾ ഒരാളെ നിങ്ങളു​ടെ “വിവാ​ഹിത ഭാര്യ​യാ​യി” അല്ലെങ്കിൽ “വിവാ​ഹിത ഭർത്താ​വാ​യി” സ്വീക​രി​ക്കു​ന്നു. അതു മറ്റേ​തെ​ങ്കി​ലും​തരം ബന്ധം പോ​ലെയല്ല. മറ്റുള്ള ബന്ധങ്ങളിൽ ഹാനി​യൊ​ന്നും വരുത്താത്ത പ്രവൃ​ത്തി​കൾ ദാമ്പത്യ ക്രമീ​ക​ര​ണ​ത്തി​നു​ള്ളിൽ ആഴമായ മുറിവു വരുത്തി​വെ​ച്ചേ​ക്കാം.

ഉദാഹ​ര​ണ​ത്തിന്‌, എഫെസ്യർ 4:26-ൽ കാണുന്ന തിരു​വെ​ഴു​ത്തു ബുദ്ധ്യു​പ​ദേശം പരിഗ​ണി​ക്കുക. അവിടെ ബൈബിൾ ഇങ്ങനെ പറയുന്നു: “കോപി​ച്ചാൽ പാപം ചെയ്യാ​തി​രി​പ്പിൻ. സൂര്യൻ അസ്‌ത​മി​ക്കു​വോ​ളം നിങ്ങൾ കോപം വെച്ചു​കൊ​ണ്ടി​രി​ക്ക​രു​തു.” ബന്ധുക്ക​ളും സ്‌നേ​ഹി​ത​രു​മാ​യുള്ള പ്രശ്‌നങ്ങൾ എത്ര വേഗത്തിൽ പരിഹ​രി​ക്ക​ണ​മോ അത്രയും പെട്ടെന്നു നിങ്ങൾ അവ എല്ലായ്‌പോ​ഴും പരിഹ​രി​ച്ചി​ട്ടു​ണ്ടാ​വില്ല. എന്നാൽ ഏതെങ്കി​ലും ബന്ധുവി​നെ​ക്കാ​ളോ സുഹൃ​ത്തി​നെ​ക്കാ​ളോ നിങ്ങ​ളോ​ടു കൂടുതൽ അടുത്താ​യി​രി​ക്കു​ന്നതു നിങ്ങളു​ടെ ഇണയാണ്‌. നിങ്ങളു​ടെ ഇണയു​മാ​യി കഴിവ​തും നേരത്തെ കാര്യങ്ങൾ നേരെ​യാ​ക്കാൻ പരാജ​യ​പ്പെ​ട്ടാൽ അതിനു നിങ്ങൾ തമ്മിലുള്ള പ്രത്യേക ബന്ധുത്വ​ത്തെ അപകട​പ്പെ​ടു​ത്താ​നാ​വും.

നിങ്ങളും നിങ്ങളു​ടെ ഇണയും തമ്മിലുള്ള ഒരു വിയോ​ജിപ്പ്‌, അസ്വസ്ഥ​ത​യു​ടെ​യോ അസ്വാ​ര​സ്യ​ത്തി​ന്റെ​യോ ഒരു നിരന്തര ഉറവായി വളർന്നു​വ​രാൻ നിങ്ങൾ അനുവ​ദി​ക്കു​ന്നു​വോ? തെറ്റി​ദ്ധാ​ര​ണ​ക​ളും അസ്വസ്ഥ​ത​യു​ള​വാ​ക്കുന്ന സാഹച​ര്യ​ങ്ങ​ളും ദിവസ​ങ്ങ​ളോ​ളം നീണ്ടു​നിൽക്കു​ന്നു​വോ? നിങ്ങളു​ടെ പ്രതി​ജ്ഞ​യ്‌ക്കു ചേർച്ച​യിൽ ജീവി​ക്കു​ന്ന​തിന്‌, പ്രയാ​സ​സാ​ഹ​ച​ര്യ​ങ്ങൾ ഉയർന്നു​വ​രു​മ്പോൾ ഇണയു​മാ​യി സമാധാ​ന​ത്തി​ലാ​കാ​തെ ഒരു ദിവസം കടന്നു​പോ​കാൻ അനുവ​ദി​ക്ക​രുത്‌. ക്ഷമിക്കു​ക​യെ​ന്ന​തും മറക്കു​ക​യെ​ന്ന​തും അതു​പോ​ലെ​തന്നെ നിങ്ങളു​ടെ സ്വന്തം തെറ്റു​ക​ളും കുറ്റങ്ങ​ളും അംഗീ​ക​രി​ക്കു​ക​യെ​ന്ന​തു​മാണ്‌ അതിന്റെ അർഥം.—സങ്കീർത്തനം 51:5; ലൂക്കൊസ്‌ 17:3, 4.

“ഞാൻ . . . സ്വീക​രി​ച്ചു​കൊ​ള്ളു​ന്നു”: പ്രതി​ജ്ഞ​യി​ലെ ഈ വാക്കുകൾ, വിവാഹം കഴിക്കാ​നുള്ള നിങ്ങളു​ടെ തീരു​മാ​ന​ത്തി​ന്റെ വ്യക്തി​പ​ര​മായ ഉത്തരവാ​ദി​ത്വം നിങ്ങൾ എറ്റെടു​ത്തി​രി​ക്കു​ന്ന​താ​യി എടുത്തു​കാ​ട്ടു​ന്നു.

ക്രിസ്‌തീ​യ ക്രമീ​ക​ര​ണ​ത്തിൻ കീഴിൽ വിവാഹം കഴിക്കാൻ തിരു​വെ​ഴു​ത്തു​പ​ര​മായ യാതൊ​രു കടപ്പാ​ടു​മില്ല. യേശു​തന്നെ അവിവാ​ഹി​ത​നാ​യി നില​കൊ​ള്ളു​ക​യും ഏകാകി​ത്വ​ത്തിന്‌ “അവസര​മു​ണ്ടാ​ക്കു​ന്നവർ”ക്ക്‌ അതു ശുപാർശ ചെയ്യു​ക​യു​മു​ണ്ടാ​യി. (മത്തായി 19:10-12, NW) നേരേ​മ​റിച്ച്‌, യേശു​വി​ന്റെ അപ്പോ​സ്‌ത​ല​ന്മാ​രിൽ മിക്കവ​രും വിവാ​ഹി​ത​രാ​യി​രു​ന്നു. (ലൂക്കൊസ്‌ 4:38; 1 കൊരി​ന്ത്യർ 9:5) വിവാഹം കഴിക്കാ​നുള്ള തീരു​മാ​നം വ്യക്തി​ഗ​ത​മായ ഒന്നാ​ണെ​ന്നതു വ്യക്തമാണ്‌. വിവാഹം കഴിക്കാൻ മറ്റൊ​രാ​ളെ നിർബ​ന്ധി​ക്കു​ന്ന​തി​നുള്ള തിരു​വെ​ഴു​ത്തു​പ​ര​മായ അധികാ​രം ഒരു മനുഷ്യ​നു​മില്ല.

അതു​കൊണ്ട്‌, വിവാഹം കഴിക്കാ​നുള്ള തീരു​മാ​ന​ത്തി​ന്റെ ഉത്തരവാ​ദി നിങ്ങൾ തന്നെയാണ്‌. വിവാഹം കഴിക്കാൻ പോകുന്ന ആളെ നിങ്ങൾ തിര​ഞ്ഞെ​ടു​ത്തി​രി​ക്കാ​നാ​ണു സാധ്യത. “ഞാൻ—— എന്ന നിങ്ങളെ . . . സ്വീക​രി​ച്ചു​കൊ​ള്ളു​ന്നു” എന്നു പറഞ്ഞു​കൊ​ണ്ടു നിങ്ങൾ വിവാ​ഹ​പ്ര​തിജ്ഞ നടത്തു​മ്പോൾ, ആ വ്യക്തി​യു​ടെ ഗുണാ​ഗു​ണങ്ങൾ സഹിത​മാ​ണു നിങ്ങൾ ആ വ്യക്തിയെ സ്വീക​രി​ക്കു​ന്നത്‌.

നിങ്ങളു​ടെ ഇണയുടെ വ്യക്തി​ത്വ​ത്തിൽ കാണാ​തി​രുന്ന വശങ്ങൾ നിങ്ങൾ കാല​ക്ര​മേണ കണ്ടെത്താൻ തുടങ്ങി​യേ​ക്കും. ഇടയ്‌ക്കി​ട​യ്‌ക്കൊ​ക്കെ നൈരാ​ശ്യം തോന്നാം. “എല്ലാവ​രും പാപം ചെയ്‌തു ദൈവ​തേ​ജസ്സു ഇല്ലാത്ത​വ​രാ​യി​ത്തീർന്നു” എന്നു ബൈബിൾ പറയുന്നു. (റോമർ 3:23) നിങ്ങളു​ടെ ഇണയു​മാ​യി ഒത്തു​പോ​കു​ന്ന​തി​നു പൊരു​ത്ത​പ്പെ​ടു​ത്ത​ലു​കൾ വരു​ത്തേ​ണ്ടത്‌ ആവശ്യ​മാ​യി​രി​ക്കാം. അതു ദുഷ്‌ക​ര​മാ​യി​രി​ക്കാം, ചില​പ്പോ​ഴൊ​ക്കെ പിൻമാ​റു​ന്ന​തു​പോ​ലെ തോന്നു​ക​യും ചെയ്‌തേ​ക്കാം. എന്നാൽ ഓർമി​ക്കുക, നിങ്ങൾ വിവാ​ഹ​പ്ര​തിജ്ഞ എടുത്തത്‌ യഹോ​വ​യു​ടെ സന്നിധി​യിൽ വെച്ചാണ്‌. വിജയി​ക്കാൻ അവനു നിങ്ങളെ സഹായി​ക്കാ​നാ​വും.

നിങ്ങളു​ടെ വിവാ​ഹ​പ്ര​തി​ജ്ഞ​യു​ടെ മുഖ്യ സാക്ഷി യഹോ​വ​യാ​ണെ​ന്നത്‌ ഒരിക്ക​ലും മറക്കാ​തി​രി​ക്കുക. ഈ ഗൗരവ​മായ വാഗ്‌ദാ​ന​ത്തോ​ടു ചേർച്ച​യിൽ തുടർന്നും ജീവി​ക്കുക, അപ്പോൾ നിങ്ങളു​ടെ വിവാ​ഹ​ജീ​വി​തം യഹോ​വ​യാം ദൈവ​ത്തി​നു സ്‌തു​തി​യു​ടെ​യും മഹത്വ​ത്തി​ന്റെ​യും ഒരു ഉറവാ​യി​രി​ക്കും!

[അടിക്കു​റിപ്പ]

a ചില സ്ഥലങ്ങളിൽ, പ്രാ​ദേ​ശിക നിയമ​ങ്ങ​ളു​മാ​യി പൊരു​ത്ത​പ്പെ​ടു​ന്ന​തിന്‌ ഈ പ്രതി​ജ്ഞ​യു​ടെ ഒരു പരിഷ്‌കൃത രൂപം ഉപയോ​ഗി​ക്കേ​ണ്ടത്‌ ആവശ്യ​മാ​യി വന്നേക്കാം. (മത്തായി 22:21) എന്നിരു​ന്നാ​ലും, മിക്ക രാജ്യ​ങ്ങ​ളി​ലും ക്രിസ്‌തീയ ഇണകൾ മേൽപ്പറഞ്ഞ പ്രതി​ജ്ഞ​യാണ്‌ ഉപയോ​ഗി​ക്കു​ന്നത്‌.

[22-ാം പേജിലെ ചിത്രം]

ഒരു വിധത്തിൽ പറഞ്ഞാൽ, വിവാ​ഹ​ദ​മ്പ​തി​കൾ ഹിമഫ​ല​കങ്ങൾ പോ​ലെ​യാണ്‌. അകലെ​നി​ന്നു നോക്കു​മ്പോൾ അവയെ​ല്ലാം സമാന​ത​യു​ള്ള​താ​യി തോന്നി​യേ​ക്കാം, എന്നാൽ ഓരോ ദമ്പതി​ക​ളും വാസ്‌ത​വ​ത്തിൽ അനുപ​മ​മായ വിധത്തിൽ വിഭി​ന്ന​രാണ്‌

[കടപ്പാട]

Snow Crystals/Dover