മുൻ ശത്രുക്കൾ യഹോവയുടെ സേവനത്തിൽ ഏകീകൃതർ
രാജ്യപ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
മുൻ ശത്രുക്കൾ യഹോവയുടെ സേവനത്തിൽ ഏകീകൃതർ
“യഹോവയുടെ സാക്ഷികളെക്കുറിച്ചു ഞാൻ ആദ്യമായിട്ട് എന്തെങ്കിലും കേട്ടത് ഒരു സായുധ കാവൽക്കാരനായി ഞാൻ ബോസ്നിയയിൽ സേവിക്കുമ്പോഴായിരുന്നു,” ബ്രാങ്കോ വിശദീകരിക്കുന്നു. a
മുറിവേറ്റവരെ ചികിത്സിക്കുന്ന ഒരു ആശുപത്രിയിൽ കാവൽക്കാരനായി ജോലി ചെയ്യുകയായിരുന്നു ബ്രാങ്കോ. ഡോക്ടർമാരിലൊരാൾ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കുന്നുണ്ടായിരുന്നു. ബൈബിളിൽനിന്നു താൻ പഠിച്ച വളരെയധികം കാര്യങ്ങൾ അദ്ദേഹം ഒരു രാത്രി ഷിഫ്റ്റിന്റെ സമയത്ത് ബ്രാങ്കോയ്ക്ക് വിശദീകരിച്ചു കൊടുത്തു.
ബ്രാങ്കോ ഉടൻതന്നെ ആയുധങ്ങളെല്ലാം ഉപേക്ഷിക്കത്തക്കവണ്ണം ആ രാത്രിയിൽ കേട്ട കാര്യങ്ങൾ അദ്ദേഹത്തെ അത്രകണ്ടു സ്പർശിച്ചു. കൂടുതൽ പഠിക്കാൻ ആഗ്രഹിച്ചുകൊണ്ട് അദ്ദേഹം യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെട്ടു. കുറേനാൾ കഴിഞ്ഞ്, മറ്റൊരു യൂറോപ്യൻ രാജ്യത്തിലേക്കു മാറിത്താമസിച്ചശേഷം ബ്രാങ്കോ ഒരു രാജ്യഹാൾ തേടിപ്പിടിക്കുകയും യഹോവയുടെ സാക്ഷികളുടെ യുഗോസ്ലാവിയൻ സഭയുടെ യോഗത്തിൽ പങ്കെടുക്കുകയും ചെയ്തു. അവിടെവെച്ചാണ് ബ്രാങ്കോ സ്ലോബോഡാനെ കണ്ടുമുട്ടുന്നത്.
സ്ലോബോഡാനും ബോസ്നിയയിൽനിന്നുള്ളയാളായിരുന്നു. അദ്ദേഹവും ബ്രാങ്കോ ഏർപ്പെട്ടിരുന്ന അതേ യുദ്ധത്തിൽ സ്വമേധയാസേവകനായി സേവിച്ചിരുന്നു—മറുപക്ഷത്തിന്റെ ക്യാമ്പിലായിരുന്നുവെന്നു മാത്രം. സ്ലോബോഡാൻ സെർബിയർക്കുവേണ്ടി ക്രൊയേഷ്യർക്കെതിരെ യുദ്ധം ചെയ്തു. എന്നാൽ രണ്ടുപേരും തമ്മിൽ കണ്ടുമുട്ടിയപ്പോഴേക്കും സ്ലോബോഡാൻ യഹോവയുടെ ഒരു സ്നാപനമേറ്റ സാക്ഷിയായിക്കഴിഞ്ഞിരുന്നു. തന്റെ മുൻ ശത്രുവായിരുന്ന ബ്രാങ്കോയോടൊപ്പം അദ്ദേഹം ബൈബിൾ പഠിക്കാൻ വാഗ്ദാനം ചെയ്തു. പഠനം പുരോഗമിച്ചപ്പോൾ ബ്രാങ്കോ യഹോവയെക്കുറിച്ചു കൂടുതൽ പഠിക്കുകയും ദൈവത്തോടുള്ള അദ്ദേഹത്തിന്റെ സ്നേഹം വളരുകയും ചെയ്തു. തന്റെ ജീവിതം സ്രഷ്ടാവിനു സമർപ്പിക്കുന്നതിന് ഇതു ബ്രാങ്കോയെ പ്രേരിപ്പിച്ചു. 1993 ഒക്ടോബറിൽ അദ്ദേഹം തന്റെ സമർപ്പണം ജലസ്നാപനത്താൽ പ്രതീകപ്പെടുത്തി.
സ്ലോബോഡാൻ യഹോവയുടെ സാക്ഷികളിലൊരാളായിത്തീർന്നത് എങ്ങനെയാണ്? അദ്ദേഹം കുറേനാൾമുമ്പ് ബോസ്നിയയിലെ യുദ്ധ മേഖല ഉപേക്ഷിച്ചു പോന്നിരുന്നു. അദ്ദേഹം സാക്ഷികളുടെ ചില പ്രസിദ്ധീകരണങ്ങൾ വായിച്ചിട്ടുണ്ടായിരുന്നെങ്കിലും ദൈവവചനത്തിലുള്ള അദ്ദേഹത്തിന്റെ താത്പര്യം വളർന്നത് 1992-ന്റെ ആരംഭത്തിൽ രണ്ടു സാക്ഷികൾ അദ്ദേഹത്തിന്റെ ഭവനം സന്ദർശിച്ചപ്പോൾമാത്രമാണ്. സ്ലോബോഡാന് ബൈബിളധ്യയനം വാഗ്ദാനം ചെയ്തുകൊണ്ട് ആരാണ് അദ്ദേഹത്തെ സന്ദർശിച്ചത്? അത് മൂയോ ആയിരുന്നു. ഒരു മുസ്ലീമായി വളർന്നുവന്ന അദ്ദേഹവും ബോസ്നിയയിൽനിന്നുള്ളയാളായിരുന്നു. ബൈബിൾ പഠനം പുരോഗമിച്ചതോടെ ഒരിക്കൽ ശത്രുക്കളായിരുന്ന മൂയോയും സ്ലോബോഡാനും പരസ്പരം വിശ്വാസം ശക്തിപ്പെടുത്തുന്നതിന് ഓരോ ദിവസവും കുറച്ചു സമയം ഒന്നിച്ചു ചെലവഴിച്ചു.
മുൻ യുഗോസ്ലാവിയയിലെ യുദ്ധം ലക്ഷക്കണക്കിന് ആളുകളുടെ ജീവനൊടുക്കി. എന്നാൽ ബ്രാങ്കോയും സ്ലോബോഡാനും മൂയോയും ഇപ്പോൾ യഹോവയുടെ സാക്ഷികളുടെ ഒരേ സഭയിൽത്തന്നെ മുഴുസമയ പ്രസംഗകരായി സേവിക്കുന്നു. വംശീയവും വർഗീയവുമായ പോരാട്ടത്തെ അവർ തരണംചെയ്തിരിക്കുന്നു. ഇപ്പോൾ അവർ സ്രഷ്ടാവായ യഹോവയ്ക്കു കീഴ്പ്പെട്ടുകൊണ്ട് സമാധാനം അന്വേഷിക്കുന്നു.
എന്നാൽ ആ മാറ്റങ്ങൾക്ക് ഇടയാക്കിയത് എന്താണ്? അത് യഹോവയോടുള്ള അവരുടെ സ്നേഹവും ബൈബിളിനോടുള്ള ആദരവും തങ്ങളുടെ ജീവിതത്തിൽ ബൈബിൾ സത്യം ബാധകമാക്കാനുള്ള ഉത്സുകതയുമായിരുന്നു. വിശുദ്ധ തിരുവെഴുത്തുകൾ പറയുന്നതുപോലെ, “ദൈവത്തിന്റെ വചനം ജീവനുള്ളതും ശക്തി ചെലുത്തുന്നതും . . . ഹൃദയത്തിലെ ചിന്തകളെയും ഉദ്ദേശ്യങ്ങളെയും വിവേചിക്കാൻ പ്രാപ്തിയുള്ളതുമാകുന്നു.”—എബ്രായർ 4:12, NW.
[അടിക്കുറിപ്പ]
a കൃത്രിമ പേരുകളാണ് ഉപയോഗിച്ചിരിക്കുന്നത്.