രാജ്യവാർത്തയുമായി വിജയകരമായ ഒരു പ്രചരണപരിപാടി
രാജ്യവാർത്തയുമായി വിജയകരമായ ഒരു പ്രചരണപരിപാടി
“ജീവിതം ഇത്ര പ്രശ്നപൂരിതമായിരിക്കുന്നത് എന്തുകൊണ്ട്?—പ്രശ്നരഹിതമായ ഒരു പറുദീസ സാധ്യമോ?” കഴിഞ്ഞ വർഷം ഏപ്രിലിലും മേയിലുമായി 139 ഭാഷകളിൽ ലോകവ്യാപകമായി വിതരണം ചെയ്യപ്പെട്ട നാലു പേജുള്ള ലഘുലേഖയായ രാജ്യവാർത്ത നമ്പ. 34-ന്റെ ശീർഷകം അതായിരുന്നു. ജമെയ്ക്കയിലെ സാക്ഷികൾ ഈ സേവന പ്രചരണപരിപാടിയെ വർണിച്ചത് “ഈ വർഷത്തെ വിശേഷാശയങ്ങളിൽ ഒന്ന്” എന്നാണ്. “സഹോദരങ്ങളെ സംബന്ധിച്ചിടത്തോളം ആനന്ദത്തിന്റെ ഒരു വമ്പിച്ച ഉറവിടം” എന്ന് ബൽജിയത്തിലെ സാക്ഷികൾ അതിനെ വിളിച്ചു. ചെക്ക് റിപ്പബ്ലിക്കിൽ, യഹോവയുടെ സാക്ഷികൾക്ക് ഒരു രാജ്യവാർത്ത വിതരണത്തിൽ പങ്കെടുക്കാൻ കഴിഞ്ഞ ആദ്യ അവസരമായിരുന്നു അത്. ബ്രാഞ്ച് ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “പ്രചരണപരിപാടി തീക്ഷ്ണതയുടെയും ഉത്സാഹത്തിന്റെയും ഒരു ആത്മാവു കൈവരുത്തി.” സമാനമായ അഭിപ്രായങ്ങൾ മറ്റു പല രാജ്യങ്ങളിൽനിന്നും കേൾക്കുകയുണ്ടായി.
മതത്തിന്റെ പേരിൽ ചെയ്യുന്ന നിന്ദാപ്രവൃത്തികൾ നിമിത്തം നെടുവീർപ്പിടുകയും ഞരങ്ങുകയും ചെയ്യുന്നവർക്കുവേണ്ടി രാജ്യവാർത്ത നമ്പ. 34-ൽ ഒരു പ്രത്യേക സന്ദേശമുണ്ടായിരുന്നു. (യെഹെസ്കേൽ 9:4) തങ്ങൾക്കു നിയന്ത്രിക്കാൻ കഴിയാത്ത “ഇടപെടാൻ പ്രയാസമേറിയ സമയങ്ങൾ” നിമിത്തം ജീവിതം ദുരിതമയമായിരിക്കുന്നവർക്കു വേണ്ടിയുള്ള ആശ്വാസം അതിലുണ്ടായിരുന്നു. (2 തിമോത്തി 3:1, NW) ബൈബിളിലേക്കു വിരൽചൂണ്ടിക്കൊണ്ട്, ജീവിത പ്രശ്നങ്ങൾ വളരെ വേഗം പരിഹരിക്കപ്പെടുമെന്നു ലഘുലേഖ കാണിച്ചുതന്നു. പ്രശ്നരഹിതമായ ഒരു പറുദീസ സുനിശ്ചിതമാണ്. (ലൂക്കൊസ് 23:43) രാജ്യവാർത്ത വായിച്ച പലരും അതിന്റെ സന്ദേശത്താൽ സ്വാധീനിക്കപ്പെട്ടു. ടോഗോയിലെ ഒരു മനുഷ്യൻ ഒരു സാക്ഷിയോട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ പ്രസ്താവിച്ചത് അവിതർക്കിതമാണ്.”
ഈ രാജ്യവാർത്തയുടെ വിതരണം അസാധാരണമായ ശ്രദ്ധ പിടിച്ചുപറ്റിയെന്നുള്ളത് അനിഷേധ്യമാണ്. ഡെൻമാർക്കിലെ ഒരു വീട്ടുകാരൻ ലഘുലേഖ കൊടുക്കുകയായിരുന്ന ഒരു സാക്ഷിയോട് ഇങ്ങനെ പ്രതികരിച്ചു: “ഞാൻ ഇപ്പോൾ ഐക്യനാടുകളിൽനിന്നു മടങ്ങിയെത്തിയതേയുള്ളൂ. ഞാൻ അവിടുന്നു പോരുന്നതിനു തൊട്ടുമുമ്പ് ഒരാൾ നിങ്ങളുടെ ലഘുലേഖ എനിക്കു തന്നു. ഇപ്പോൾ ഞാൻ ഇങ്ങു വന്നു കയറിയതേയുള്ളൂ. പെട്ടെന്നുതന്നെ അതേ ലഘുലേഖ ഡാനിഷ് ഭാഷയിൽ നൽകിയിരിക്കുന്നു!”
പ്രചരണപരിപാടിക്കുവേണ്ടിയുള്ള ഉത്സാഹഭരിതമായ പിന്തുണ
ലോകത്തിനു ചുറ്റുമുള്ള യഹോവയുടെ സാക്ഷികൾ ലഘുലേഖയുടെ വിതരണ വേലയിൽ ഉത്സാഹത്തോടെ ചേർന്നു. ഓസ്ട്രിയ, എൽ സാൽവഡോർ, ഹെയ്റ്റി, ഹംഗറി, ഇറ്റലി, ന്യൂകലഡോണിയ എന്നിവ, രാജ്യവാർത്ത വിതരണം ചെയ്ത മാസങ്ങളിൽ പ്രസാധകരുടെ സർവകാല അത്യുച്ചങ്ങൾ റിപ്പോർട്ടു ചെയ്ത പല രാജ്യങ്ങളിൽ ചിലതു മാത്രമാണ്.
സാംബിയയിൽ ഒരു സർക്കിട്ട് മേൽവിചാരകൻ തന്റെ മൂന്നു വയസ്സുള്ള പുത്രി ഡെബ്രയെ വീടുതോറും സാഹിത്യം സമർപ്പിക്കുന്നതിനു പരിശീലിപ്പിച്ചിരുന്നു. രാജ്യവാർത്ത നമ്പ. 34-ന്റെ പ്രചരണപരിപാടിയുടെ സമയത്ത് ഡെബ്ര ലഘുലേഖയുടെ 45 പ്രതികളിലധികം സമർപ്പിച്ചു. ഡെബ്രയിൽനിന്നു രാജ്യവാർത്ത സ്വീകരിച്ച ചിലരുമൊത്ത് അവളുടെ മാതാവ് ബൈബിളധ്യയനങ്ങൾ ആരംഭിച്ചു.
ദക്ഷിണാഫ്രിക്കയിലെ ഒരു കൗമാരപ്രായക്കാരി കഷ്യാ എന്നു പേരുള്ള ഒരു സഹപാഠിക്ക് ലഘുലേഖ സമർപ്പിച്ചു. കഷ്യാ ലഘുലേഖ വായിച്ചിട്ട് ഇപ്രകാരം പറഞ്ഞു: “ഒരു പറുദീസാ ഭൂമിയിൽ എന്നേക്കും ജീവിക്കുക—ഇതു തികച്ചും അത്ഭുതകരമായിരിക്കുന്നു! അതേക്കുറിച്ച് എന്നോടു നേരത്തെ പറയാതിരുന്നത് എന്തുകൊണ്ടാണ്?” ഒരു ബൈബിളധ്യയനം ആരംഭിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ കഷ്യാ മറ്റൊരു ലഘുലേഖ സ്വീകരിച്ചു. രണ്ടാമത്തേത് സൈപ്രസിൽ താമസിക്കുന്ന റോമൻ കത്തോലിക്കാ വിശ്വാസിയായ അവളുടെ തൂലികാ സുഹൃത്തിൽനിന്നാണു വന്നത്. റോമൻ കത്തോലിക്കാ സഭയുടെ പഠിപ്പിക്കലുകൾ തെറ്റായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ആ തൂലികാ സുഹൃത്തു വിശദീകരിക്കുകയും അവൾ യഹോവയുടെ സാക്ഷികളോടൊത്ത് ബൈബിൾ പഠിക്കാൻ ഉദ്ദേശിക്കുന്നുവെന്ന് അവളോടു പറയുകയും ചെയ്തു. തീർച്ചയായും, തന്റെ പഠനം തുടരാനുള്ള കഷ്യായുടെ തീരുമാനത്തെ അതു വളരെയധികം ശക്തീകരിച്ചു.
സ്വിറ്റ്സർലൻഡിൽ പത്തു വയസ്സുള്ള ഒരു
ആൺകുട്ടി ലഘുലേഖയുടെ വിതരണത്തിൽ അമ്മയോടൊപ്പം പങ്കെടുത്തു. ഒരു ചെറുപ്പക്കാരിക്ക് അവൻ ഒരു പ്രതി കൊടുക്കുകയും അതു ശ്രദ്ധാപൂർവം വായിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അതിന്റെ പുറംപേജിലെ ചിത്രം വിശദീകരിക്കുന്നത്—ഭൂമിയിലെ അനന്ത ജീവനെക്കുറിച്ച്—യഥാർഥത്തിൽ വിശ്വസിക്കുന്നുണ്ടോയെന്ന് ആ ചെറുപ്പക്കാരി ആൺകുട്ടിയോടു ചോദിച്ചു. ആൺകുട്ടിയുടെ ഉത്തരമെന്തായിരുന്നു? “ഓ, ഉണ്ട്, എനിക്കു നല്ല ഉറപ്പുണ്ട്.” തന്റെ മതത്തിൽ വളരെയധികം വൈരുദ്ധ്യങ്ങളുള്ളതുകൊണ്ട് സത്യ വിശ്വാസത്തിനുവേണ്ടി തിരയുകയായിരുന്നുവെന്ന് ആ സ്ത്രീ അപ്പോൾ വെളിപ്പെടുത്തി. മടക്കസന്ദർശനത്തിൽ ഒരു ബൈബിളധ്യയനം ആരംഭിച്ചു.തൽക്ഷണമുള്ള പ്രതികരണങ്ങൾ
ചിലസമയങ്ങളിൽ രാജ്യവാർത്ത അതു വായിച്ചവരിൽ തൽക്ഷണമുള്ള പ്രതികരണമുളവാക്കി. ആ ലഘുലേഖ വായിച്ചു കഴിഞ്ഞപ്പോൾ ബെൽജിയത്തിലുള്ള ഒരു 11 വയസ്സുകാരി പെൺകുട്ടി താൻ പീടികമോഷണം നടത്തിയ കാര്യം യഹോവയുടെ സാക്ഷികളിലൊരാളോടു സമ്മതിച്ചു പറഞ്ഞു. ആ പെൺകുട്ടിയുടെ അമ്മ ആ സംഗതിയെക്കുറിച്ചു മിണ്ടാതിരിക്കാൻ ആഗ്രഹിച്ചു. എന്നാൽ വായിച്ച സംഗതി ആ കൊച്ചു പെൺകുട്ടിയുടെ മനഃസാക്ഷിയെ സ്പർശിച്ചു. ആ ഷോപ്പിങ് സെന്ററിന്റെ മാനേജരെ പോയി കാണാൻ അവൾ നിർബന്ധം പിടിച്ചു. ഒടുവിൽ സാക്ഷിയോടൊപ്പം ഷോപ്പിങ് സെന്ററിലേക്കു മടങ്ങിപ്പോകാൻ അമ്മ പുത്രിയെ അനുവദിച്ചു. അവളുടെ കുറ്റസമ്മതത്തിൽ മാനേജർക്കു വിസ്മയം തോന്നി. ഈ രീതിയിൽ പ്രവർത്തിക്കാൻ അവളെ പ്രേരിപ്പിച്ചത് രാജ്യവാർത്തയാണെന്നു മനസ്സിലാക്കിയപ്പോൾ അത്ര ശക്തയേറിയതായിട്ടെന്താണ് അതിലുള്ളതെന്നു കാണാനായി അദ്ദേഹം തനിക്കുവേണ്ടി ഒരു പ്രതിയെടുത്തു. ആ പെൺകുട്ടിയുടെ ബൈബിളധ്യയനം ഇപ്പോൾ പുരോഗതിപ്രാപിച്ചുകൊണ്ടിരിക്കുകയാണ്.
കാമറൂണിലെ ഒരു സാക്ഷി രാജ്യവാർത്തയുടെ ഒരു പ്രതി ഒരു മനുഷ്യനു കൊടുത്തു. അതേക്കുറിച്ച് ഇങ്ങനെ വിവരിക്കുന്നു: “ഞങ്ങൾ മടങ്ങിച്ചെന്നപ്പോൾ അദ്ദേഹം അതിനോടകം അതിൽ അടിവരയിട്ടിരിക്കുന്നതായും അദ്ദേഹത്തിന് അനേകം ചോദ്യങ്ങളുള്ളതായും ഞങ്ങൾ കണ്ടെത്തി. സംതൃപ്തികരമായ ഉത്തരങ്ങൾ ലഭിച്ചപ്പോൾ അദ്ദേഹം ഇങ്ങനെ പ്രഖ്യാപിച്ചു: ‘മതം മനുഷ്യന്റെ അസന്തുഷ്ടിക്കു സംഭാവന ചെയ്തിരിക്കുന്നു എന്നുള്ളതു തികച്ചും സത്യമാണ്. നിങ്ങളുടെ ലഘുലേഖ വളരെയധികം കാര്യങ്ങൾ മനസ്സിലാക്കുന്നതിന് എന്നെ സഹായിച്ചു. എന്നാൽ കൂടുതലറിയാൻ ഞാൻ ആഗ്രഹിക്കുന്നു.’” അദ്ദേഹത്തിന് ഇപ്പോൾ ക്രമമായ ഒരു ബൈബിളധ്യയനമുണ്ട്.
ഉറുഗ്വെയിൽ വീടുതോറും സന്ദർശനം നടത്തുകയായിരുന്ന ഒരു സാക്ഷി ഒരു മനുഷ്യന് ഒരു ലഘുലേഖ സമർപ്പിച്ചു. ആ സാക്ഷി വീടുതോറുമുള്ള തന്റെ പ്രസംഗവേല തുടർന്നു. അദ്ദേഹം ആ ബ്ലോക്കിനു ചുറ്റും പ്രവർത്തിച്ച് ഒടുവിൽ ആ മനുഷ്യന്റെ വീടിന്റെ പുറകിലത്തെ വാതിൽക്കൽ ചെന്നു. ലഘുലേഖ കയ്യിൽപ്പിടിച്ചുകൊണ്ട് ആ മനുഷ്യൻ തനിക്കായി കാത്തിരിക്കുന്നതു കണ്ടത് അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. അദ്ദേഹം അതിനോടകം അതു വായിച്ചുകഴിഞ്ഞിരുന്നു, കൂടുതൽ വിവരങ്ങളറിയാൻ ആഗ്രഹിക്കുകയും ചെയ്തു. അവിടെവെച്ചുതന്നെ ഒരു അധ്യയനം ആരംഭിച്ചു.
പൊതുജനം വിതരണത്തിൽ സഹായിക്കുന്നു
ജപ്പാനിലെ ഒരു യുവ സാക്ഷി 50-കളിലായിരിക്കുന്ന ഒരു മനുഷ്യനെ സമീപിക്കുകയും ലഘുലേഖ അദ്ദേഹത്തിനു പരിചയപ്പെടുത്തുകയും ചെയ്തു. ആ മനുഷ്യൻ ഇപ്രകാരം ചോദിച്ചു: “കണ്ണു കാണാൻ വയ്യാത്ത ആളുകളെ കണ്ടുമുട്ടുമ്പോൾ നിങ്ങൾ ആ ലഘുലേഖ കൊണ്ട് എന്തു ചെയ്യും?” തനിക്ക് അറിഞ്ഞുകൂടെന്ന് ആ സാക്ഷി സമ്മതിച്ചു. ഒരു നിമിഷം നിൽക്കാൻ പറഞ്ഞിട്ട് ആ മനുഷ്യൻ തന്റെ വീട്ടിലേക്കു കയറിപ്പോയി. അദ്ദേഹം രാജ്യവാർത്തയുടെ ഒരു പ്രതിയുമായി മടങ്ങിയെത്തിയിട്ടു പറഞ്ഞു: “എനിക്ക് ആ ലഘുലേഖ നേരത്തെതന്നെ ലഭിച്ചിരുന്നു. അതിൽ വളരെ രസകരവും പ്രാധാന്യമർഹിക്കുന്നതുമായ വിവരം അടങ്ങിയിരിക്കുന്നതായി എനിക്കു തോന്നി. അതുകൊണ്ടു ഞാൻ അത് അന്ധലിപിയിലേക്കു പകർത്തി. അന്ധരായിരിക്കുന്നവർക്കുവേണ്ടി ദയവായി ഇത് ഉപയോഗിക്കുക.” രാജ്യവാർത്തയിൽ അടങ്ങിയിരിക്കുന്നത് അന്ധരായിരിക്കുന്നവർക്കു നഷ്ടമാകാതിരിക്കാൻ തക്കവണ്ണം അത് അന്ധലിപിയിലേക്കു പകർത്താൻ ആ മനുഷ്യൻ അനേക മണിക്കൂറുകൾ ചെലവഴിച്ചു.
സ്ലോവാക്യയിലെ ഒരു മനുഷ്യനു ലഘുലേഖ വളരെയധികം ഇഷ്ടമായി. അദ്ദേഹം അതിന്റെ 20 പ്രതികൾ ഉണ്ടാക്കുകയും ആ ഫോട്ടോകോപ്പികൾ സ്വയം വിതരണം ചെയ്യുകയും ചെയ്തു. സ്വിറ്റ്സർലൻഡിലെ ഒരു പ്രസാധകൻ ഒരു കുടുംബത്തിനു രാജ്യവാർത്ത കൊടുത്തിട്ട് ആ കുടുംബം താമസിച്ച കെട്ടിടത്തിന്റെ മുകളിലത്തെ നിലകളിൽ പ്രവർത്തനം തുടർന്നു. തിരിച്ചിറങ്ങിവരുമ്പോൾ അദ്ദേഹം ആ കുടുംബത്തിലെ ഒരു ആൺകുട്ടിയെ കണ്ടുമുട്ടി. അവൻ ലഘുലേഖയുടെ കൂടുതലായ 19 കോപ്പികൾ ആവശ്യപ്പെട്ടു. പ്രശ്നങ്ങളെക്കുറിച്ചും പരിഹാരങ്ങൾക്കുവേണ്ടിയുള്ള അന്വേഷണത്തെക്കുറിച്ചും എഴുതാൻ ആ കുട്ടിയുടെ സ്കൂളിലെ വിദ്യാർഥികൾക്കു നിയമനം ലഭിച്ചിട്ടുണ്ടായിരുന്നു. തന്റെ സഹപാഠികളിലോരോരുത്തർക്കും രാജ്യവാർത്തയുടെ ഒരു പ്രതിയുണ്ടായിരിക്കാൻ അവൻ ആഗ്രഹിച്ചു.
ആരെയും വിട്ടുകളഞ്ഞില്ല
പ്രചരണപരിപാടിയിൽ പങ്കെടുത്തവർ ആരെയും വിട്ടുകളഞ്ഞിട്ടില്ല എന്ന് ഉറപ്പുവരുത്തുന്നതിനുവേണ്ടി ഊർജിത ശ്രമം നടത്തി. രാജ്യവാർത്ത വിതരണം ചെയ്യുന്നതിനുവേണ്ടി ന്യൂകലഡോണിയയിലെ രണ്ടു സാക്ഷികൾ വിദൂരത്തിലുള്ള ഒരു ഗോത്ര പ്രദേശത്തേക്കു യാത്രചെയ്യുകയായിരുന്നു. പോകുന്ന വഴിക്ക് അവർ ആരും യാത്രചെയ്യാത്തതായി കാണപ്പെട്ട ഒരു വഴി ശ്രദ്ധിച്ചു. എന്നിരുന്നാലും ആ വഴി അവസാനിക്കുന്നിടത്ത് ആരെങ്കിലും താമസിക്കുന്നുണ്ടോയെന്നു നോക്കാൻ അവർ തീരുമാനിച്ചു. കാറവിടെ ഇട്ടിട്ട് അവർ വഴിയിലൂടെയും അരുവികളിലൂടെയും കഷ്ടപ്പെട്ടു നടന്നുകൊണ്ടു സഞ്ചാരം തുടർന്നു. ഒടുവിൽ അവർ ഒരു വീടു കണ്ടെത്തി. യഹോവയുടെ സാക്ഷികളെക്കുറിച്ച് ഒരിക്കലും കേട്ടിട്ടില്ലാത്ത ഒരു ദമ്പതികളായിരുന്നു അവിടെ താമസിച്ചിരുന്നത്. അവർ രാജ്യവാർത്തയുടെ ഒരു പ്രതി സ്വീകരിച്ചു. പിന്നീട് പ്രസാധകർ മടക്കസന്ദർശനം നടത്തിയപ്പോൾ, സാക്ഷികൾക്കു വീടുവരെ കാറോടിച്ചു ചെല്ലത്തക്കവണ്ണം ആ ദമ്പതികൾ റോഡും അനേകം ചെറു പാലങ്ങളും നന്നാക്കിയിരിക്കുന്നതു കണ്ടത് അവരെ അത്ഭുതപ്പെടുത്തി. ഒരു ക്രമമായ ബൈബിളധ്യയനം ആരംഭിച്ചു.
ഒരു വീട്ടുകാരന് രാജ്യവാർത്തയുടെ ഒരു പ്രതി കൊടുക്കാൻ പോളണ്ടിലെ ഒരു സാക്ഷിക്ക് ഒരു നിർമാണ സ്ഥലം കടന്നു പോകണമായിരുന്നു. അദ്ദേഹം തിരിച്ചുപോകുമ്പോൾ കെട്ടിടംപണി നടക്കുന്ന സ്ഥലം കടന്നു പോകുന്നതു പണിക്കാർ നിരീക്ഷിച്ചു. അവസാനം പണിക്കാരിൽ ഒരാൾ അദ്ദേഹത്തെ വിളിച്ചു, തങ്ങളെ മറക്കരുതെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അദ്ദേഹം അവരെ സമീപിച്ചപ്പോൾ അവർ പണിയെല്ലാം നിർത്തി ലഘുലേഖയുടെ അവതരണം ശ്രദ്ധാപൂർവം കേട്ടു. അവർ രാജ്യവാർത്തയും മാസികകളും പിന്നീട്, ഒരു മടക്കസന്ദർശനത്തിൽ പുസ്തകങ്ങളും സ്വീകരിച്ചു.
രാജ്യവാർത്ത നമ്പ. 34-ന്റെ കോടിക്കണക്കിനു പ്രതികൾ അനേകം ഭാഷകളിൽ വിതരണം ചെയ്യപ്പെട്ടു. അതിന്റെ സന്ദേശത്തിന് ഇപ്പോൾത്തന്നെ ഒരു ശക്തമായ ഫലം ഉണ്ടായിരുന്നിട്ടുണ്ട്. പ്രശ്നരഹിതമായ ഒരു പറുദീസ സാധ്യമാണെന്ന് അനേകർ മനസ്സിലാക്കിയിരിക്കുന്നു. പരമാർഥഹൃദയരായവർ തുടർന്നും പ്രതികരിക്കാനും ഒടുവിൽ അവർ, “ഭൂമിയെ കൈവശമാക്കു”കയും “സമാധാനസമൃദ്ധിയിൽ . . . ആനന്ദിക്കു”കയും ചെയ്യുന്ന “സൌമ്യതയുള്ളവ”രുടെ കൂട്ടത്തിൽ ഉൾപ്പെടാനുമാണു നമ്മുടെ പ്രാർഥന.—സങ്കീർത്തനം 37:11.
[31-ാം പേജിലെ ചതുരം]
മാസികാ വിതരണം നടത്തുന്നതിൽ തുടരുക!
ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറ്റഞ്ച് ഏപ്രിൽ, മേയ് മാസങ്ങൾ രാജ്യവാർത്ത നമ്പ. 34-ന്റെ വിതരണത്തിൽ ഉയർന്ന അളവിൽ വിജയകരമായ ഒരു പ്രചരണപരിപാടിക്കു സാക്ഷ്യം വഹിച്ചു. ആ രണ്ടു മാസങ്ങളിൽ വീക്ഷാഗോപുരം, ഉണരുക! മാസികകളുടെ ശ്രദ്ധേയമായ ഒരു വിതരണവും ഉണ്ടായിരുന്നു. ഉദാഹരണത്തിന്, ഏപ്രിലിൽ രാജ്യവാർത്തയുടെ 250 പ്രതികളും 750 മാസികകളും സമർപ്പിച്ചതായി ചെക്ക് റിപ്പബ്ലിക്കിലെ ഒരു സഹോദരൻ റിപ്പോർട്ടു ചെയ്യുന്നു. ഗ്വാഡലൂപ്പിൽ ഏപ്രിൽ 15 ശനിയാഴ്ച ഒരു പ്രത്യേക മാസികാദിനമായി തിരഞ്ഞെടുത്തു. രാജ്യത്തെ മിക്കവാറും എല്ലാ പ്രസാധകരും ആ ദിവസം ശുശ്രൂഷയിൽ പങ്കെടുത്തു! സ്ലോവാക്യയ്ക്ക് ഏപ്രിലിൽ മാസികാ വിതരണത്തിൽ ഒരു പുതിയ അത്യുച്ചം ഉണ്ടായിരുന്നു. മറ്റു പല രാജ്യങ്ങളിൽനിന്നും സമാനമായ റിപ്പോർട്ടുകൾ ലഭിച്ചു.
അതുകൊണ്ട് 1996 ഏപ്രിൽ, മേയ് മാസങ്ങളെ മാസികാ വിതരണത്തിനുള്ള പ്രമുഖ മാസങ്ങളാക്കരുതോ? സഭകൾക്കു പ്രത്യേക മാസികാദിനങ്ങൾ സംഘടിപ്പിക്കാൻ കഴിയും. വ്യക്തികൾക്കു സഹായ പയനിയറിങ്ങിൽ പങ്കെടുക്കാൻ കഴിയും. ഇവയും മറ്റു മാർഗങ്ങളും വഴി മാസികാ വിതരണത്തെ പ്രോത്സാഹിപ്പിക്കാനും രാജ്യവാർത്ത നമ്പ. 34-ൽ പ്രഖ്യാപിച്ചിരിക്കുന്ന ജീവത്പ്രധാനമായ സന്ദേശം വ്യാപിപ്പിക്കുന്നതിൽ തുടരാനും കഴിയും. അപ്പോൾ, കഴിഞ്ഞ വർഷത്തെപ്പോലെ, നാം പ്രകടിപ്പിക്കുന്ന തീക്ഷ്ണതാ മനോഭാവത്തെ യഹോവ തീർച്ചയായും അനുഗ്രഹിക്കും.—2 തിമൊഥെയൊസ് 4:22.