അവരുടെ ഏറ്റവും വലിയ സുഹൃത്ത് അവർക്കു തുണയേകി
അവരുടെ ഏറ്റവും വലിയ സുഹൃത്ത് അവർക്കു തുണയേകി
യഹോവയുടെ സാക്ഷികൾക്കു പ്രത്യേകിച്ചു തുണയേകുന്ന ഒരു സുഹൃദ്ബന്ധമുണ്ട്. അത് അവരുടെ ഏറ്റവും വലിയ സുഹൃത്തായ യഹോവയാം ദൈവവുമായുള്ള അമൂല്യമായ ബന്ധമാണ്. (യാക്കോബ് 2:23 താരതമ്യം ചെയ്യുക.) അവൻ അവരെ വിശ്വാസത്തിന്റെ വൻ പരീക്ഷകളുടെ സമയത്തു പിന്തുണയ്ക്കുന്നു.
സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുടെ കീഴിൽ സാക്ഷികൾ പ്രകടമാക്കിയ നിർമലതയുടെ ചരിത്രത്തെ അനേകം നിരീക്ഷകർ സ്തുതിച്ചിട്ടുണ്ട്. അവരിലൊരാൾ യിർഷി ക്രുപിച്ച്കാ ആണ്. കമ്മ്യുണിസ്റ്റ് തടങ്കൽ പാളയങ്ങളിൽ അനേകം വർഷങ്ങൾ ചെലവഴിച്ചശേഷം 1968-ൽ ചെക്കോസ്ലോവാക്യയിൽനിന്ന് കുടിയേറിപ്പാർത്ത, തത്ത്വചിന്തയുടെയും പ്രകൃതി ശാസ്ത്രങ്ങളുടെയും ഒരു ഡോക്ടറാണ് അദ്ദേഹം. നിഷ്പക്ഷത നിമിത്തം തടവിലാക്കപ്പെട്ട സാക്ഷികളുടെ കഷ്ടപ്പാടിനെയും അചഞ്ചലതയെയുംകുറിച്ച്, റെനെസാൻസ് റോസൂമൂ (ബൗദ്ധിക നവോത്ഥാനം) എന്ന തന്റെ പുസ്തകത്തിൽ അദ്ദേഹം അഭിപ്രായപ്പെടുന്നു.
വിശ്വാസം നിമിത്തം അനേകം സാക്ഷികൾക്കു കമ്മ്യുണിസ്റ്റ് ഗവൺമെൻറിൻകീഴിൽ തടവുശിക്ഷ വിധിക്കപ്പെട്ടു. തടവിലാക്കപ്പെട്ടിരുന്നെങ്കിലും യുദ്ധാവശ്യങ്ങൾക്കുവേണ്ടി യുറേനിയം അയിരു ഖനനം ചെയ്യാൻ അവർ വിസമ്മതിച്ചു. (യെശയ്യാവു 2:4) 1952-ൽ ആ ഖനികളിലൊന്നിൽവെച്ചു താൻ കണ്ട കാഴ്ച ക്രുപിച്ച്കാ വർണിക്കുന്നു. കൊടും ശൈത്യ കാലാവസ്ഥയിൽ രണ്ടു മനുഷ്യരൂപങ്ങൾ ഹിമ പ്രതിമകളെപ്പോലെ നിൽക്കുന്നത് അദ്ദേഹം കണ്ടു. ലോഹ വീപ്പകൾ അവരുടെ ശിരസ്സുകളെയും ശരീരത്തിന്റെ മേൽഭാഗത്തെയും മൂടിയിരുന്നു.
ക്രുപിച്ച്കാ ഇപ്രകാരം എഴുതുന്നു: “കീറിപ്പറിഞ്ഞ തടവുവസ്ത്രം ധരിച്ച് അവർ അതിരാവിലെമുതൽ വെളിയിൽ നിൽക്കുകയായിരുന്നു. തണുത്തുറഞ്ഞ പാദങ്ങളിൽ അവർക്ക് അത്രയും നേരം എങ്ങനെ നിൽക്കാൻ കഴിഞ്ഞു? വിശ്വാസത്തിന്റെ ശക്തി നിമിത്തം. ആ വീപ്പകൾ പഴയതും തുരുമ്പിച്ചവയുമായിരുന്നു. ഒരു ക്രൂര ഹസ്തം ആ വീപ്പകളെ അവരുടെ ശിരസ്സുകളിലും തോളുകളിലും വളരെയേറെ ശക്തിയോടെ അടിച്ചമർത്തി. വീപ്പയുടെ കൂർത്ത അരിക് അവരിലൊരാളുടെ ജാക്കറ്റിലൂടെ തുളച്ചുകടന്ന് ത്വക്കിൽചെന്നു തറയുകയും അദ്ദേഹത്തിന്റെ കയ്യിൽനിന്നു രക്തം ഇറ്റിറ്റു വീഴുകയും ചെയ്തു.
“ഗാർഡ് ഞങ്ങളുടെ സൈന്യനിരയെ അവരുടെ മുമ്പിൽ കൊണ്ടു നിർത്തി. കമാൻഡർ ഞങ്ങളോടായി ഒരു ചെറിയ പ്രസംഗം നടത്തി. ജോലിചെയ്യാൻ വിസമ്മതിക്കുന്നത് മത്സരിക്കലായതിനാൽ അതിനു തക്കതായ ശിക്ഷയും കൊടുക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധവും കൊലയും സംബന്ധിച്ച വികാരവിവശമായ അസംബന്ധപ്രലാപമൊന്നും സോഷ്യലിസത്തിന്റെ ശത്രുക്കളായ ഈ എതിരാളികളെ സഹായിക്കില്ല.”
കമാൻഡർ ഒരു ലോഹവടിയെടുത്തു വീപ്പകളിലൊന്നിൽ അടിച്ചു. അതിനുള്ളിലെ മനുഷ്യൻ നിലംപതിച്ചു. വീപ്പ അദ്ദേഹത്തിന്റെ ശിരസ്സിനെ അപ്പോഴും ആവരണം ചെയ്തിരുന്നു. അടുത്തതായി സംഭവിച്ചത് ക്രുപിച്ച്കായുടെ സ്മരണയിൽ ആഴത്തിൽ പതിഞ്ഞിരിക്കുന്നു.
അദ്ദേഹം പ്രസ്താവിക്കുന്നു: “ആ വീപ്പകളുടെ ഉള്ളിൽനിന്നു ഗാനം ഉയരുന്നുണ്ടായിരുന്നു. മന്ദ സ്വരങ്ങൾ, എന്തും എവിടെനിന്നും കേൾക്കാൻ കഴിയുന്ന ദൈവത്തോടു മന്ത്രിക്കുന്ന പ്രാർഥന—എന്തിന്, പഴയ, തുരുമ്പിച്ച യുറേനിയം വീപ്പകളുടെ അകത്തുനിന്നു പാടാനുള്ള ശ്രമം പോലും. ഒരു വലിയ കത്തീഡ്രലിൽ ഗായകസംഘം ആലപിക്കുന്ന സ്തുതിഗീതത്തെക്കാളും ഉച്ചത്തിൽ അവൻ അതു കേൾക്കുന്നു.”
ചെക്ക് റിപ്പബ്ലിക്കിലെ യഹോവയുടെ സാക്ഷികളുടെ വേലയ്ക്ക് 1993, സെപ്റ്റംബർ 1-ന് ഔദ്യോഗികമായ നിയമാംഗീകാരം ലഭിച്ചു. ക്രിസ്തീയ വിദ്യാഭ്യാസ വേല സ്വാതന്ത്ര്യത്തോടെ നിർവഹിക്കുന്നതിൽ ചെക്ക് സാക്ഷികൾ ഇപ്പോൾ ആഹ്ലാദിക്കുന്നു. അതെ, തങ്ങളുടെ ഏറ്റവും വലിയ സൂഹൃത്തായ യഹോവയെക്കുറിച്ച് മറ്റുള്ളവരോടു പറയാൻ അവർ ആമോദമുള്ളവരാണ്.
[7-ാം പേജിലെ ചിത്രം]
ചെക്ക് റിപ്പബ്ലിക്കിലെ സമ്മേളിതർ