വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾക്കു നിലനിൽക്കുന്ന സുഹൃദ്‌ബന്ധങ്ങൾ ആസ്വദിക്കാം

നിങ്ങൾക്കു നിലനിൽക്കുന്ന സുഹൃദ്‌ബന്ധങ്ങൾ ആസ്വദിക്കാം

നിങ്ങൾക്കു നിലനിൽക്കുന്ന സുഹൃ​ദ്‌ബ​ന്ധങ്ങൾ ആസ്വദി​ക്കാം

സുഹൃ​ദ്‌ബ​ന്ധ​ങ്ങൾക്കു പ്രതി​ബ​ന്ധ​ങ്ങ​ളുണ്ട്‌. ഈ “അന്ത്യനാ​ളുക”ളിൽ സ്‌നേ​ഹ​വും സ്വാഭാ​വിക പ്രിയ​വും വിശ്വ​സ്‌ത​ത​യും ഇല്ലാതാ​കു​മെന്നു വാസ്‌ത​വ​ത്തിൽ ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു. (2 തിമോ​ത്തി 3:1-5, NW; മത്തായി 24:12) ഈ അവസ്ഥകൾ, അഭൂത​പൂർവ​മായ വിധത്തിൽ ഏകാന്തത ബാധി​ക്കാൻ ഇടയാ​ക്കി​യി​രി​ക്കു​ന്നു. ഒരു സ്‌ത്രീ ഇപ്രകാ​രം പറയു​ക​യു​ണ്ടാ​യി: “നോഹ​യു​ടെ പെട്ടകം പോ​ലെ​യാണ്‌ എന്റെ അയൽപക്കം. ദമ്പതി​ക​ള​ല്ലെ​ങ്കിൽ ഒഴിവാ​ക്കും.” ഇതിന്റെ മുഴുവൻ പഴിയും ഏകാന്ത​നായ ഓരോ വ്യക്തി​യി​ലും ചാരാൻ കഴിയില്ല. ലോക​ത്തി​ന്റെ ചില ഭാഗങ്ങ​ളിൽ നിലനിൽക്കുന്ന സുഹൃ​ദ്‌ബ​ന്ധ​ങ്ങൾക്കു വെല്ലു​വി​ളി​ക​ളാ​യി​രി​ക്കു​ന്നത്‌ ആളുക​ളു​ടെ കൂടുതൽ കൂടെ​ക്കൂ​ടെ​യുള്ള താമസം​മാ​റ്റം, കുടും​ബ​ത്ത​കർച്ചകൾ, മാനു​ഷിക വികാ​ര​ങ്ങ​ളി​ല്ലാത്ത അപകട​ക​ര​മായ നഗരങ്ങൾ, ഒഴിവു​വേ​ള​യു​ടെ ശ്രദ്ധേ​യ​മായ കുറവ്‌ എന്നിവ​യാണ്‌.

18-ാം നൂറ്റാ​ണ്ടി​ലെ ഒരു ഗ്രാമ​വാ​സി ഒരു വർഷത്തി​ലോ ഒരു ആയുഷ്‌കാ​ല​ത്തി​ലോ കണ്ടിരു​ന്ന​തി​നെ​ക്കാൾ അധികം ആളുക​ളു​മാ​യി ആധുനിക നാളിലെ ഒരു നഗരവാ​സി ഒരാഴ്‌ച​കൊ​ണ്ടു ബന്ധപ്പെ​ട്ടേ​ക്കാം! എന്നിട്ടും ഇന്നത്തെ ബന്ധങ്ങൾ പലപ്പോ​ഴും ഉപരി​പ്ല​വ​മാണ്‌. അനേക​രും നിരന്തര സാമൂ​ഹിക സഹവാ​സ​ത്തി​ലും ആസ്വാദന ശ്രമങ്ങ​ളി​ലും മുഴു​കു​ന്നു. എന്നിരു​ന്നാ​ലും, മോശ​മാ​യി തിര​ഞ്ഞെ​ടുത്ത കൂട്ടു​കാ​രു​മൊ​ത്തുള്ള നിരർഥ​ക​മായ ആഹ്ലാദി​ക്കൽ തീ കത്തിക്കാൻ മുള്ളുകൾ ഉപയോ​ഗി​ക്കു​ന്ന​തു​പോ​ലെ​യാ​ണെന്നു നാം സമ്മതിച്ചേ പറ്റൂ. സഭാ​പ്ര​സം​ഗി 7:5, 6 ഇപ്രകാ​രം പറയുന്നു: “മൂഢന്റെ ഗീതം കേൾക്കു​ന്ന​തി​നെ​ക്കാൾ ജ്ഞാനി​യു​ടെ ശാസന കേൾക്കു​ന്നതു മനുഷ്യ​ന്നു നല്ലതു. മൂഢന്റെ ചിരി കലത്തിന്റെ കീഴെ കത്തുന്ന മുള്ളിന്റെ പൊടു​പൊ​ടു​പ്പു​പോ​ലെ ആകുന്നു; അതും മായ അത്രേ.” മുള്ളുകൾ താത്‌കാ​ലി​ക​മാ​യി, കിരു​കി​ര​ശ​ബ്ദ​ത്തോ​ടെ ആളിക്ക​ത്തുന്ന തീ ഉണ്ടാക്കു​ന്നു. എന്നാൽ നമുക്കു ചൂടു​പ​ക​രു​ന്ന​തി​നു വേണ്ടത്ര പദാർഥം അതിലില്ല. അതു​പോ​ലെ​തന്നെ, ചിരിച്ചു ബഹളം വയ്‌ക്കുന്ന സുഹൃ​ത്തു​ക്കൾ നൈമി​ഷി​ക​മാ​യി നമ്മുടെ ശ്രദ്ധതി​രി​ച്ചേ​ക്കാം, എന്നാൽ അവർ ഏകാന്ത​തയെ പൂർണ​മാ​യി നീക്കം ചെയ്യു​ക​യോ യഥാർഥ സുഹൃ​ത്തു​ക്കൾക്കു​വേ​ണ്ടി​യുള്ള നമ്മുടെ ആവശ്യത്തെ തൃപ്‌തി​പ്പെ​ടു​ത്തു​ക​യോ ചെയ്യില്ല.

ഒറ്റയ്‌ക്കാ​യി​രി​ക്കു​ന്നത്‌ ഏകാന്ത​ത​യിൽനി​ന്നു വ്യത്യാ​സ​പ്പെ​ട്ടി​രി​ക്കു​ന്നു. നമുക്കു​തന്നെ നവോൻമേഷം ലഭിക്കു​ന്ന​തി​നും അതുവഴി ഒരു സുഹൃ​ത്തെ​ന്ന​നി​ല​യിൽ കൂടുതൽ സംഭാവന ചെയ്യാൻ ഉണ്ടായി​രി​ക്കു​ന്ന​തി​നും ഇടയ്‌ക്കൊ​ക്കെ ഒറ്റയ്‌ക്കാ​യി​രി​ക്കു​ന്നത്‌ അനിവാ​ര്യ​മാണ്‌. ഏകാന്തത അനുഭ​വ​പ്പെ​ടു​മ്പോൾ പലരും ഏതെങ്കി​ലും രൂപത്തി​ലുള്ള ഇല​ക്ട്രോ​ണിക്‌ വിനോ​ദ​ത്തി​ലേക്കു പെട്ടെന്നു തിരി​യു​ന്നു. ഏകാന്ത​രാ​യി​രി​ക്കു​മ്പോ​ഴുള്ള ഏറ്റവും സാധാ​ര​ണ​മായ പ്രതി​ക​ര​ണ​ങ്ങ​ളി​ലൊന്ന്‌ ടെലി​വി​ഷൻ വീക്ഷി​ക്ക​ലാ​ണെന്ന്‌ ഒരു പഠനം കണ്ടെത്തു​ക​യു​ണ്ടാ​യി. എന്നാൽ, ദീർഘ​നേ​രത്തെ ടെലി​വി​ഷൻ വീക്ഷണം ഏകാന്ത​രാ​യി​രി​ക്കു​മ്പോൾ നമുക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും മോശ​മായ സംഗതി​ക​ളി​ലൊ​ന്നാ​ണെന്നു ഗവേഷകർ നിഗമനം ചെയ്‌തു. അതു നിഷ്‌ക്രി​യ​ത്വം, വിരസത, സാങ്കൽപ്പിക ചിന്ത എന്നിവയെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. അങ്ങനെ, അതു മറ്റാളു​ക​ളു​മാ​യി നേരിട്ടു ബന്ധപ്പെ​ടു​ന്ന​തി​ന്റെ മോശ​മായ പകരക്കാ​ര​നാ​യി​ത്തീ​രു​ന്നു.

വാസ്‌ത​വ​ത്തിൽ, നാം നമ്മുടെ സമയം തനിയെ നിർമാ​ണാ​ത്മ​ക​മാ​യി ഉപയോ​ഗി​ക്കു​ന്നു​വെ​ങ്കിൽ ഒറ്റയ്‌ക്കാ​യി​രി​ക്കു​ന്നതു വളരെ മൂല്യ​വ​ത്താ​യി​രി​ക്കാൻ കഴിയും. വായന, കത്തുക​ളെ​ഴു​തൽ, വസ്‌തു​ക്കൾ നിർമി​ക്കൽ, വിശ്രമം എന്നിവ വഴി നാം ഇതു ചെയ്‌തേ​ക്കാം. ദൈവ​ത്തോ​ടു പ്രാർഥി​ക്കു​ന്ന​തും ബൈബിൾ പഠിക്കു​ന്ന​തും അതു സംബന്ധിച്ച്‌ ധ്യാനി​ക്കു​ന്ന​തും നിർമാ​ണാ​ത്മ​ക​മായ, ഒറ്റയ്‌ക്കാ​യി​രി​ക്കുന്ന അവസ്ഥയിൽ ഉൾപ്പെ​ടു​ന്നു. (സങ്കീർത്തനം 63:6) നിങ്ങളു​ടെ ഏറ്റവും വലിയ സുഹൃ​ത്താ​യി​രി​ക്കാ​വുന്ന യഹോ​വ​യാം ദൈവ​ത്തോട്‌ അടുത്തു ചെല്ലു​ന്ന​തി​നുള്ള മാർഗ​ങ്ങ​ളാണ്‌ ഇവ.

സുഹൃ​ദ്‌ബ​ന്ധ​ങ്ങ​ളു​ടെ ബൈബിൾ ദൃഷ്ടാ​ന്ത​ങ്ങൾ

പലരോ​ടു സൗഹൃ​ദ​മു​ള്ള​വ​രാ​യി​രി​ക്കു​ന്നതു നല്ലതാ​ണെ​ങ്കി​ലും “സഹോ​ദ​ര​നെ​ക്കാ​ളും പറ്റുള്ള സ്‌നേ​ഹി​ത​ന്മാ​രും ഉണ്ടു” എന്ന്‌ ബൈബിൾ നമ്മെ ഓർമി​പ്പി​ക്കു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 18:24) നമുക്കു​വേണ്ടി യഥാർഥ​ത്തിൽ കരുതുന്ന ഏതാനും ഉറ്റസു​ഹൃ​ത്തു​ക്കൾ നമു​ക്കെ​ല്ലാം ആവശ്യ​മാണ്‌. അവരുടെ സുഹൃ​ദ്‌ബ​ന്ധങ്ങൾ നമുക്ക്‌ ആനന്ദവും ശക്തിയും സമാധാ​ന​വും പ്രദാനം ചെയ്യുന്നു. അത്തരം യഥാർഥ സുഹൃ​ദ്‌ബ​ന്ധങ്ങൾ ഇന്നു സാധാ​ര​ണ​മ​ല്ലെ​ങ്കി​ലും ബൈബി​ളിൽ ചില പുരാതന ദൃഷ്ടാ​ന്തങ്ങൾ വിശേ​ഷി​ച്ചു രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ദാവീ​ദും യോനാ​ഥാ​നും തമ്മിൽ മികച്ച സൗഹൃദം ഉണ്ടായി​രു​ന്നു. അതിൽനി​ന്നു നമുക്ക്‌ എന്തു പഠിക്കാൻ കഴിയും? അവരുടെ സൗഹൃദം നിലനി​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

ഒരു സംഗതി, ദാവീ​ദി​ന്റെ​യും യോനാ​ഥാ​ന്റെ​യും പ്രധാന താത്‌പ​ര്യ​ങ്ങ​ളിൽ അന്തരമി​ല്ലാ​യി​രു​ന്നു എന്നതാണ്‌. സർവോ​പരി, അവരി​രു​വ​രും യഹോ​വ​യാം ദൈവ​ത്തോ​ടു ഹൃദയം​ഗ​മ​മായ ഭക്തി പ്രകട​മാ​ക്കി​യി​രു​ന്നു. ദൈവ​ത്തി​ലുള്ള ദാവീ​ദി​ന്റെ വിശ്വാ​സ​വും യഹോവയുടെ ജനത്തെ പരിര​ക്ഷി​ക്കു​ന്ന​തി​നുള്ള അവന്റെ പ്രവർത്ത​ന​ങ്ങ​ളും ശ്രദ്ധി​ച്ച​പ്പോൾ “യോനാ​ഥാ​ന്റെ മനസ്സു ദാവീ​ദി​ന്റെ മനസ്സോ​ടു പററി​ച്ചേർന്നു; യോനാ​ഥാൻ അവനെ സ്വന്ത​പ്രാ​ണ​നെ​പ്പോ​ലെ സ്‌നേ​ഹി​ച്ചു.” (1 ശമൂവേൽ 18:1) അപ്പോൾ, ദൈവ​ത്തോ​ടുള്ള പൊതു​വായ സ്‌നേഹം സുഹൃ​ത്തു​ക്കളെ അന്യോ​ന്യം അടുപ്പി​ക്കു​ന്നു.

ദൈവിക തത്ത്വങ്ങ​ള​നു​സ​രി​ച്ചു ജീവിച്ച ദൃഢചി​ത്ത​രായ വ്യക്തി​ക​ളാ​യി​രു​ന്നു യോനാ​ഥാ​നും ദാവീ​ദും. അതു​കൊണ്ട്‌ അവർക്കു പരസ്‌പരം ആദരി​ക്കാൻ കഴിഞ്ഞു. (1 ശമൂവേൽ 19:1-7; 20:9-14; 24:6) തിരു​വെ​ഴു​ത്തു​പ​ര​മായ തത്ത്വങ്ങ​ളാൽ ഭരിക്ക​പ്പെ​ടുന്ന ദൈവിക സുഹൃ​ത്തു​ക്കൾ നമുക്കു​ണ്ടെ​ങ്കിൽ നാം തീർച്ച​യാ​യും അനുഗൃ​ഹീ​ത​രാണ്‌.

ദാവീ​ദി​ന്റെ​യും യോനാ​ഥാ​ന്റെ​യും സുഹൃ​ദ്‌ബ​ന്ധ​ത്തി​നു സംഭാവന ചെയ്‌ത മറ്റു ഘടകങ്ങ​ളു​മുണ്ട്‌. അവരുടെ ബന്ധം സത്യസ​ന്ധ​വും നേരാം​വ​ണ്ണ​മു​ള്ള​തു​മാ​യി​രു​ന്നു. ഇരുവ​രും അന്യോ​ന്യം വിശ്വാ​സ​മർപ്പി​ച്ചു. യോനാ​ഥാൻ വിശ്വ​സ്‌ത​ത​യോ​ടെ ദാവീ​ദി​ന്റെ താത്‌പ​ര്യ​ങ്ങളെ തന്റെ സ്വന്തം താത്‌പ​ര്യ​ങ്ങൾക്കു മുന്നിൽ വെച്ചു. ദാവീ​ദി​നു രാജത്വം വാഗ്‌ദാ​നം ചെയ്‌തി​രു​ന്ന​തു​കൊണ്ട്‌ അവൻ അസൂയാ​ലു​വാ​യി​രു​ന്നില്ല; പകരം, യോനാ​ഥാൻ അവനെ വൈകാ​രി​ക​മാ​യും ആത്മീയ​മാ​യും പിന്തു​ണച്ചു. ദാവീദ്‌ അവന്റെ സഹായം സ്വീക​രി​ക്കു​ക​യും ചെയ്‌തു. (1 ശമൂവേൽ 23:16-18) തിരു​വെ​ഴു​ത്തു​പ​ര​മാ​യി ഉചിത​മായ വിധങ്ങ​ളിൽ, ദാവീ​ദും യോനാ​ഥാ​നും സുഹൃ​ദ്‌ബന്ധം സംബന്ധി​ച്ചുള്ള തങ്ങളുടെ വികാ​രങ്ങൾ പരസ്‌പരം വ്യക്തമാ​ക്കി. അവരുടെ ദൈവിക സുഹൃ​ദ്‌ബന്ധം യഥാർഥ വിലമ​തി​പ്പി​നെ​യും ആർദ്ര​പ്രി​യ​ത്തെ​യും അടിസ്ഥാ​ന​പ്പെ​ടു​ത്തി​യു​ള്ള​താ​യി​രു​ന്നു. (1 ശമൂവേൽ 20:41; 2 ശമൂവേൽ 1:26) രണ്ടു​പേ​രും ദൈവ​ത്തോ​ടു വിശ്വ​സ്‌ത​രാ​യി നിലനി​ന്ന​തി​നാൽ ആ സുഹൃ​ദ്‌ബന്ധം തകരാ​ത്ത​താ​യി​രു​ന്നു. അത്തരം തത്ത്വങ്ങൾ ബാധക​മാ​ക്കു​ന്നതു യഥാർഥ സുഹൃ​ദ്‌ബ​ന്ധങ്ങൾ കെട്ടു​പ​ണി​ചെ​യ്യാ​നും നിലനിർത്താ​നും നമ്മെ സഹായി​ക്കും.

സുഹൃ​ദ്‌ബ​ന്ധങ്ങൾ നട്ടുവ​ളർത്തുന്ന വിധം

നിങ്ങൾ യഥാർഥ സുഹൃ​ത്തു​ക്കൾക്കു​വേണ്ടി തിരയു​ക​യാ​ണോ? അതിനാ​യി നിങ്ങൾക്കു ബഹുദൂ​രം പോ​കേ​ണ്ടി​വ​രില്ല. നിങ്ങൾ പതിവാ​യി സഹവസി​ക്കു​ന്ന​വ​രിൽ ചിലർക്കു നിങ്ങളു​ടെ സുഹൃ​ത്തു​ക്കൾ ആയിരി​ക്കാൻ കഴിയും, അവർക്കു നിങ്ങളു​ടെ സുഹൃ​ദ്‌ബന്ധം ആവശ്യ​വു​മാ​യി​രു​ന്നേ​ക്കാം. സഹക്രി​സ്‌ത്യാ​നി​ക​ളു​ടെ കാര്യ​ത്തിൽ പ്രത്യേ​കിച്ച്‌, “വിശാ​ല​ത​യു​ള്ള​വ​രാ​യി​രി”ക്കാനുള്ള അപ്പോ​സ്‌ത​ല​നായ പൗലോ​സി​ന്റെ ബുദ്ധ്യു​പ​ദേശം ബാധക​മാ​ക്കു​ന്നതു ജ്ഞാനപൂർവ​ക​മാണ്‌. (2 കൊരി​ന്ത്യർ 6:11-13) എന്നിരു​ന്നാ​ലും, ഒരു സുഹൃ​ത്തി​നെ നേടാ​നുള്ള ഓരോ ശ്രമവും ഒരു ആഴമായ ബന്ധത്തിൽ കലാശി​ക്കു​ന്നി​ല്ലെ​ങ്കിൽ വിഷമി​ക്ക​രുത്‌. സാധാ​ര​ണ​ഗ​തി​യിൽ ഒരു സുഹൃ​ദ്‌ബന്ധം വളർന്നു​വ​രാൻ സമയ​മെ​ടു​ക്കും. എല്ലാ ബന്ധങ്ങളും ഒരു​പോ​ലെ ആഴമു​ള്ള​വ​യാ​യി​രി​ക്കു​ക​യു​മില്ല. (സഭാ​പ്ര​സം​ഗി 11:1, 2, 6) തീർച്ച​യാ​യും, യഥാർഥ സുഹൃ​ദ്‌ബ​ന്ധങ്ങൾ ആസ്വദി​ക്കു​ന്ന​തി​നു നാം നിസ്വാർഥ​രാ​യി​രി​ക്കു​ക​യും യേശു​വി​ന്റെ പിൻവ​രുന്ന ഉപദേശം അനുസ​രി​ക്കു​ക​യും വേണം: “മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കു​ന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്‌വിൻ.”—മത്തായി 7:12.

ആർക്കാണു നിങ്ങളു​ടെ സൗഹൃദം ആവശ്യ​മു​ള്ളത്‌? നിങ്ങളു​ടെ സമപ്രാ​യ​ക്കാ​രെ​ക്കൂ​ടാ​തെ, നിങ്ങ​ളെ​ക്കാൾ ഇളയവ​രെ​യോ മൂത്തവ​രെ​യോ സംബന്ധി​ച്ചെന്ത്‌? ദാവീ​ദി​ന്റെ​യും യോനാ​ഥാ​ന്റെ​യും, രൂത്തി​ന്റെ​യും നവോ​മി​യു​ടെ​യും, പൗലോ​സി​ന്റെ​യും തിമോ​ത്തി​യു​ടെ​യും എല്ലാം സുഹൃ​ദ്‌ബ​ന്ധ​ങ്ങ​ളിൽ കുറെ​യേറെ പ്രായ​വ്യ​ത്യാ​സം ഉൾപ്പെ​ട്ടി​രു​ന്നു. (രൂത്ത്‌ 1:16, 17; 1 കൊരി​ന്ത്യർ 4:17) വിധവ​മാ​രെ​യും അവിവാ​ഹി​ത​രായ മറ്റാളു​ക​ളെ​യും നിങ്ങൾക്കു നിങ്ങളു​ടെ സുഹൃ​ദ്‌ബ​ന്ധ​ത്തി​ന്റെ കുടക്കീ​ഴിൽ വരുത്താൻ കഴിയു​മോ? നിങ്ങളു​ടെ പ്രദേ​ശത്തെ പുതി​യ​വ​രെ​ക്കു​റി​ച്ചും ചിന്തി​ക്കുക. വീടു മാറ്റം​കൊ​ണ്ടോ ജീവി​ത​രീ​തി​യിൽ വരുത്തിയ മാറ്റം​കൊ​ണ്ടോ അവർ തങ്ങളുടെ സുഹൃ​ത്തു​ക്ക​ളിൽ മിക്കവ​രെ​യും അല്ലെങ്കിൽ എല്ലാവ​രെ​യും തന്നെ ഉപേക്ഷി​ച്ചി​രി​ക്കാം. മറ്റുള്ളവർ നിങ്ങളെ തേടി​പ്പി​ടി​ക്കാൻ കാത്തു​നിൽക്കാ​തി​രി​ക്കുക. നിങ്ങൾ ഒരു ക്രിസ്‌ത്യാ​നി​യാ​ണെ​ങ്കിൽ പൗലോ​സി​ന്റെ പിൻവ​രുന്ന ഉപദേശം ബാധക​മാ​ക്കി​ക്കൊ​ണ്ടു നിലനിൽക്കുന്ന സുഹൃ​ദ്‌ബ​ന്ധങ്ങൾ സൃഷ്ടി​ക്കുക: “സഹോ​ദ​ര​പ്രീ​തി​യിൽ തമ്മിൽ സ്ഥായി​പൂ​ണ്ടു ബഹുമാ​നി​ക്കു​ന്ന​തിൽ അന്യോ​ന്യം മുന്നി​ട്ടു​കൊൾവിൻ.”—റോമർ 12:10.

സുഹൃ​ദ്‌ബ​ന്ധ​ങ്ങ​ളെ കൊടു​ക്ക​ലി​ന്റെ ഒരു രൂപമാ​യി കരുതാൻ കഴിയും. നാം കൊടു​ക്കൽ ഒരു ശീലമാ​ക്കു​ന്നെ​ങ്കിൽ ആളുകൾ നമുക്കു നൽകു​മെന്നു യേശു പറഞ്ഞു. വാങ്ങു​ന്ന​തി​ല​ധി​കം സന്തോഷം കൊടു​ക്കു​ന്ന​തി​ലു​ണ്ടെ​ന്നും കൂടെ അവൻ ചൂണ്ടി​ക്കാ​ട്ടി. (ലൂക്കൊസ്‌ 6:38; പ്രവൃ​ത്തി​കൾ 20:35) വിവിധ പശ്ചാത്ത​ല​ങ്ങ​ളി​ലുള്ള ആളുകളെ നിങ്ങൾ കണ്ടുമു​ട്ടി​യി​ട്ടു​ണ്ടോ? ആരാധ​ന​യിൽ അന്തരമി​ല്ലാ​ത്ത​പ്പോൾ വ്യത്യസ്‌ത സംസ്‌കാ​ര​ങ്ങ​ളി​ലുള്ള ആളുകൾക്കു യഥാർഥ​വും നിലനിൽക്കു​ന്ന​തു​മായ സുഹൃ​ദ്‌ബ​ന്ധങ്ങൾ രൂപീ​ക​രി​ക്കാൻ കഴിയു​മെന്നു യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ അന്തർദേ​ശീയ കൺ​വെൻ​ഷ​നു​കൾ തെളി​യി​ച്ചി​രി​ക്കു​ന്നു.

സുഹൃ​ദ്‌ബ​ന്ധ​ങ്ങൾക്കു കേടു​ത​ട്ടാ​തെ സൂക്ഷിക്കൽ

ദുഃഖ​ക​ര​മെന്നു പറയട്ടെ, സുഹൃ​ത്തു​ക്കൾ എന്നു കരുതു​ന്നവർ ചിലസ​മ​യ​ങ്ങ​ളിൽ അന്യോ​ന്യം വേദന​യ്‌ക്കു കാരണ​മാ​യി​ത്തീ​രു​ന്നു. ഉപദ്ര​വ​ക​ര​മായ കുശു​കു​ശുപ്പ്‌, വിശ്വാ​സ​വഞ്ചന, വിലമ​തി​പ്പി​ല്ലായ്‌മ—എന്നിവ യഥാർഥ സുഹൃത്ത്‌ എന്നു നിങ്ങൾ കരുതിയ ആരി​ലെ​ങ്കി​ലും​നിന്ന്‌ ഉണ്ടാകു​മ്പോൾ അവ വളരെ വേദനാ​ക​ര​മായ സംഗതി​ക​ളാ​യി​രി​ക്കും. അത്തരം സാഹച​ര്യ​ങ്ങ​ളിൽ എന്തു ചെയ്യാൻ കഴിയും?

ഒരു നല്ല ദൃഷ്ടാന്തം വയ്‌ക്കുക. അനാവശ്യ വേദന​യ്‌ക്കി​ട​യാ​ക്കു​ന്നത്‌ ഒഴിവാ​ക്കാൻ നിങ്ങളാൽ കഴിയു​ന്ന​തെ​ല്ലാം ചെയ്യുക. ചില സ്ഥലങ്ങളിൽ, ദൗർബ​ല്യ​ങ്ങ​ളെ​ക്കു​റി​ച്ചു പരസ്‌പരം കളിയാ​ക്കു​ന്നതു സുഹൃ​ത്തു​ക്ക​ളു​ടെ​യി​ട​യിൽ സാധാ​ര​ണ​മാണ്‌. എന്നാൽ “കളി” ഉദ്ദേശി​ച്ചു​ള്ള​താ​ണെ​ങ്കി​ലും പരുഷ​മായ പെരു​മാ​റ്റ​മോ വഞ്ചനയോ സുഹൃ​ത്തു​ക്കളെ തമ്മിൽ അടുപ്പി​ക്കു​ക​യില്ല.—സദൃശ​വാ​ക്യ​ങ്ങൾ 26:18, 19.

സുഹൃ​ദ്‌ബ​ന്ധ​ങ്ങൾ നിലനിർത്തി​ക്കൊ​ണ്ടു​പോ​കാൻ കഠിന ശ്രമം ചെയ്യുക. സുഹൃ​ത്തു​ക്കൾ അന്യോ​ന്യം വളരെ​യ​ധി​കം പ്രതീ​ക്ഷി​ക്കു​മ്പോൾ ചില​പ്പോൾ തെറ്റി​ദ്ധാ​ര​ണകൾ തലപൊ​ക്കു​ന്നു. രോഗി​യോ ഗുരു​ത​ര​മായ ഒരു പ്രശ്‌നം നിമിത്തം വ്യാപൃ​ത​നോ ആയിരി​ക്കുന്ന ഒരു സുഹൃ​ത്തിന്‌ ഒരുപക്ഷേ സാധാരണ കാണി​ക്കു​ന്ന​യ​ത്ര​യും ഊഷ്‌മളത പ്രകടി​പ്പി​ക്കാൻ കഴി​ഞ്ഞെ​ന്നു​വ​രില്ല. അതു​കൊണ്ട്‌, അങ്ങനെ​യുള്ള സമയങ്ങ​ളിൽ മനസ്സി​ലാ​ക്കു​ന്ന​വ​രും പിന്തു​ണ​യ്‌ക്കു​ന്ന​വ​രും ആയിരി​ക്കുക.

പ്രശ്‌ന​ങ്ങൾ പെട്ടെ​ന്നും ദയാപൂർവ​വും പരിഹ​രി​ക്കുക. സാധി​ക്കു​മെ​ങ്കിൽ അതു രഹസ്യ​മാ​യി ചെയ്യുക. (മത്തായി 5:23, 24; 18:15) നിങ്ങൾ ഒരു നല്ല ബന്ധം നിലനിർത്താൻ ആഗ്രഹി​ക്കു​ന്നു​വെന്നു നിങ്ങളു​ടെ സുഹൃ​ത്തിന്‌ അറിയാ​മെന്ന്‌ ഉറപ്പു​വ​രു​ത്തുക. ആത്മാർഥ സുഹൃ​ത്തു​ക്കൾ പരസ്‌പരം ക്ഷമിക്കു​ന്നു. (കൊ​ലൊ​സ്സ്യർ 3:13) നിങ്ങൾ അത്തരത്തി​ലുള്ള—സഹോ​ദ​ര​നെ​ക്കാൾ പറ്റുള്ള—ഒരു സുഹൃ​ത്താ​യി​രി​ക്കു​മോ?

സുഹൃ​ദ്‌ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ചു വായി​ക്കു​ന്ന​തും ചിന്തി​ക്കു​ന്ന​തും തുടക്കം മാത്ര​മാണ്‌. നമുക്ക്‌ ഏകാന്തത അനുഭ​വ​പ്പെ​ടു​ന്നെ​ങ്കിൽ ഉചിത​മായ നടപടി​യെ​ടു​ക്കാം, നാം ദീർഘ​നേ​ര​ത്തേക്ക്‌ ഏകാന്ത​രാ​യി​രി​ക്കു​ക​യില്ല. പ്രയത്‌നി​ക്കു​ന്ന​പക്ഷം നമുക്കു യഥാർഥ സുഹൃ​ത്തു​ക്കളെ നേടാൻ കഴിയും. അവരിൽ ചിലരു​മാ​യി നാം ഒരു പ്രത്യേക ബന്ധം രൂപീ​ക​രി​ക്കും. എന്നാൽ ഏറ്റവും വലിയ സുഹൃ​ത്തായ ദൈവ​ത്തി​ന്റെ സ്ഥാനം ആർക്കും തട്ടി​യെ​ടു​ക്കാൻ കഴിയില്ല. യഹോ​വ​യ്‌ക്കു മാത്രമേ നമ്മെ പൂർണ​മാ​യി അറിയാ​നും മനസ്സി​ലാ​ക്കാ​നും പിന്തു​ണ​യ്‌ക്കാ​നും കഴിയൂ. (സങ്കീർത്തനം 139:1-4, 23, 24) കൂടാതെ, അവന്റെ വചനം അത്ഭുത​ക​ര​മായ ഒരു ഭാവി പ്രത്യാശ വച്ചുനീ​ട്ടു​ന്നു—എക്കാല​വും യഥാർഥ സുഹൃ​ത്തു​ക്കൾ ഉണ്ടായി​രി​ക്കുക സാധ്യ​മാ​യി​രി​ക്കുന്ന ഒരു പുതിയ ലോകം.—2 പത്രൊസ്‌ 3:13.

[5-ാം പേജിലെ ചിത്രങ്ങൾ]

ദാവീദും യോനാ​ഥാ​നും യഥാർഥ സുഹൃ​ദ്‌ബന്ധം ആസ്വദി​ച്ചു, അതു​കൊ​ണ്ടു നമുക്കും കഴിയും