രോഗികളുടെ അവകാശങ്ങൾ ആദരിക്കപ്പെട്ടു
രോഗികളുടെ അവകാശങ്ങൾ ആദരിക്കപ്പെട്ടു
‘രക്തം കൂടാതെ എനിക്ക് ഈ ശസ്ത്രക്രിയ നടത്താനാവില്ല. ശസ്ത്രക്രിയ വേണമെന്നുണ്ടെങ്കിൽ നിങ്ങൾ എന്റെ ചികിത്സാരീതിയ്ക്കു വഴങ്ങണം. അല്ലാത്തപക്ഷം വേറെ ഡോക്ടറെ കണ്ടുപിടിച്ചോളൂ.’
ഡോക്ടറുടെ വാക്കുകൾ ജങ്ങ് സേ ജൂവിന്റെ വിശ്വാസത്തെ ഉലച്ചില്ല. അവൾ തായ്ലൻഡിൽ താമസിക്കുന്ന ഒരു യഹോവയുടെ സാക്ഷിയാണ്. മെനിൻജിയോമ എന്നു പറയുന്ന ഒരു തരം മസ്തിഷ്ക ട്യൂമർ ഉള്ളതായി രോഗനിർണയം ചെയ്യപ്പെട്ട ജങ്ങിന് അടിയന്തിര ശസ്ത്രക്രിയ ആവശ്യമായിരുന്നു. എന്നാൽ “രക്തം . . . വർജ്ജിക്കു”ക എന്ന ബൈബിൾ കൽപ്പന അനുസരിക്കാൻ അവൾ തീരുമാനിച്ചുറച്ചിരുന്നു.—പ്രവൃത്തികൾ 15:28, 29.
സാധിക്കുന്നപക്ഷം തന്റെ സ്വന്തം രാജ്യത്തുവച്ചു ചികിത്സിക്കപ്പെടാൻ ഇഷ്ടപ്പെട്ടതുകൊണ്ടു ജങ്ങ് വേറെ രണ്ട് ആശുപത്രികൾ സന്ദർശിച്ചു. രക്തം കൂടാതെ ശസ്ത്രക്രിയ നടത്താൻ അവിടുത്തെ ഡോക്ടർമാരും വിസമ്മതിച്ചത് അവളെ നിരാശയാക്കി. ഒടുവിൽ, തായ്ലൻഡിലെ ഹോസ്പിറ്റൽ ഇൻഫർമേഷൻ സർവീസസ് (എച്ച്ഐഎസ്) മുഖാന്തരം ജങ്ങ് ടോക്കിയോ വിമെൻസ് മെഡിക്കൽ കോളജിലെ ന്യൂറോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ടു. ആ ആശുപത്രി, ഗാമാരശ്മികളുപയോഗിച്ച് 200-ലധികം മസ്തിഷ്ക ട്യൂമർ രോഗികളെ ചികിത്സിച്ചിരുന്നു. റേഡിയേഷൻ ചികിത്സയിലെ ഏറ്റവും പുതിയ വികാസങ്ങളിലൊന്നാണു ഗാമാരശ്മി ഉപയോഗിച്ചുള്ള ചികിത്സ.
ജങ്ങിന്, ആശുപത്രിയ്ക്കു സമീപം താമസിക്കുന്ന ജാപ്പനീസ് സാക്ഷികളുടെ കൂടെ താമസിക്കാനുള്ള ക്രമീകരണം ചെയ്യപ്പെട്ടു. തായ് ഭാഷ സംസാരിക്കുന്ന രണ്ടു യഹോവയുടെ സാക്ഷികളും ഒരു എച്ച്ഐഎസ് പ്രതിനിധിയും ഉൾപ്പെടെ സാക്ഷികളുടെ ഒരു സംഘം അവളെ വിമാനത്താവളത്തിൽ സ്വീകരിച്ചു. ഒരാഴ്ചത്തെ പരിശോധനകൾക്കുശേഷം ജങ്ങിനെ ആശുപത്രിയിലാക്കി. അവിടെ അവൾ ഗാമാരശ്മികൾ ഉപയോഗിച്ചുള്ള ചികിത്സയ്ക്കു വിധേയയായി. ആ നടപടിക്ക് ഏതാണ്ട് ഒരു മണിക്കൂർ മാത്രമേ വേണ്ടിവന്നുള്ളൂ. പിറ്റേ ദിവസം അവളെ ആശുപത്രിയിൽനിന്നു വിട്ടു. അതിന്റെ പിറ്റേന്നു ജങ്ങ് തായ്ലൻഡിലേക്കു മടങ്ങിപ്പോകുകയും ചെയ്തു.
“ഈ ക്രമീകരണത്തിലൂടെ ഇത്രയധികം സഹായം പ്രദാനം ചെയ്യാൻ കഴിയുമെന്നു ഞാൻ ഒരിക്കലും സങ്കൽപ്പിച്ചിരുന്നില്ല. എന്നോടു പ്രകടമാക്കിയ സ്നേഹവും അതുപോലെതന്നെ ഉൾപ്പെട്ടിരുന്ന പല വ്യക്തികൾക്കിടയിലെ സഹകരണവും യഥാർഥത്തിൽ എന്നിൽ മതിപ്പുളവാക്കി,” ജങ്ങ് പറഞ്ഞു.
ഈ വാർത്താ ഇനം റിപ്പോർട്ടു ചെയ്യവേ ജാപ്പനീസ് പത്രമായ മൈനിച്ചി ഷിംബൂൺ ഇപ്രകാരം അഭിപ്രായപ്പെട്ടു: “രക്തപ്പകർച്ചകളുടെ നിരസനത്തിനുള്ള മതപരമായ കാരണങ്ങളാണ് ഇന്നുവരെ പ്രദീപ്തമാക്കപ്പെട്ടിട്ടുള്ളത്. എന്നാൽ, എയ്ഡ്സ്, ഹെപ്പാറ്റൈറ്റിസ് സി പോലുള്ള വൈറസ് രോഗബാധകളുടെ അപകടസാധ്യത, അലർജികൾ എന്നിങ്ങനെയുള്ള പാർശ്വഫലങ്ങൾ രക്തപ്പകർച്ചകൾക്കുണ്ട്. ഇക്കാരണത്താൽ മതപരമായ വിശ്വാസം നിമിത്തമല്ലാതെ രക്തപ്പകർച്ചകൾ വേണ്ടെന്നു വയ്ക്കുന്ന രോഗികളുണ്ട്.”
പത്രം കൂടുതലായി ഇപ്രകാരം പ്രസ്താവിച്ചു: “രക്തപ്പകർച്ചകൾ നടത്താൻ വിസമ്മതിച്ച പല രോഗികളും ആശുപത്രികൾ മാറാൻ നിർബന്ധിതരായിട്ടുണ്ട്. എന്നാൽ രോഗിയുടെ ഹിതം ആദരിക്കുന്നതു സംബന്ധിച്ചു വൈദ്യ സ്ഥാപനങ്ങളുടെ ഭാഗത്തു മാറ്റം ആവശ്യമാണ്. കാര്യജ്ഞാനത്തോടെയുള്ള സമ്മതം (ഉൾപ്പെട്ടിരിക്കുന്ന സംഗതിയുടെ പൂർണ വിശദീകരണം ലഭിച്ചശേഷം രോഗി ചികിത്സയ്ക്കു സമ്മതിക്കുന്നത്) ആവശ്യമാണ്, രക്തപ്പകർച്ചാ കേസുകൾക്ക് ഇക്കാര്യത്തിൽ ഒഴികഴിവില്ല. ഒരു പ്രത്യേക മതം മാത്രം ഉൾപ്പെട്ടിരിക്കുന്ന സംഗതിയല്ല ഇതെന്നു തിരിച്ചറിയേണ്ടതുണ്ട്.”
ജങ്ങ് സേ ജൂവിനെപ്പോലെ രക്തരഹിത ചികിത്സ നടത്താൻ ആഗ്രഹിക്കുന്ന പലർക്കും മറ്റ് ആശുപത്രികളിലേക്കു മാറേണ്ടി വരുന്നു. എന്നിരുന്നാലും, രോഗികളുടെ അവകാശങ്ങളെ ആദരിക്കാൻ മനസ്സൊരുക്കം കാട്ടുന്ന ഡോക്ടർമാരുടെ ശ്രമങ്ങളെ അവർ വിലമതിക്കുന്നു.
തങ്ങളുടെ വിശ്വാസങ്ങളെ ആദരിക്കുന്ന ഡോക്ടർമാരുടെ സഹകരണം തേടുന്നതിനുവേണ്ടി യഹോവയുടെ സാക്ഷികൾ, വാച്ച് ടവർ സൊസൈറ്റിയുടെ ബ്രാഞ്ചുകളിൽ ഹോസ്പിറ്റൽ ഇൻഫർമേഷൻ സർവീസസ് സ്ഥാപിച്ചു. എച്ച്ഐഎസ്, ലോകമെമ്പാടുമായി ആശുപത്രികൾ, ഡോക്ടർമാർ, ആരോഗ്യ-പരിപാലന ജോലിക്കാർ, വക്കീലൻമാർ, ജഡ്ജിമാർ എന്നിവരുമായി സഹകരണാത്മകമായ ബന്ധങ്ങൾ പടുത്തുയർത്തുന്നു.