വിശ്വസ്തത പാലിക്കുക എന്ന വെല്ലുവിളിയെ നേരിടൽ
വിശ്വസ്തത പാലിക്കുക എന്ന വെല്ലുവിളിയെ നേരിടൽ
“സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ [“പുതിയ വ്യക്തിത്വം,” NW] ധരിച്ചുകൊൾവിൻ.”—എഫെസ്യർ 4:24.
1. നാം യഹോവയ്ക്കു വിശ്വസ്തത കടപ്പെട്ടിരിക്കുന്നത് എന്തുകൊണ്ട്?
വിശ്വസ്തത പാലിക്കുക എന്ന വെല്ലുവിളി നേരിടുന്നതിൽ അനേകം വശങ്ങളുണ്ട്. ഏറ്റവും പ്രധാനം യഹോവയാം ദൈവത്തോടുള്ള വിശ്വസ്തത എന്ന വെല്ലുവിളിയെ നേരിടുന്നതാണ്. സത്യമായും, യഹോവ ആരാണ് എന്നതിന്റെയും അവൻ നമുക്കു വേണ്ടി ചെയ്തിരിക്കുന്ന കാര്യങ്ങളുടെയും വെളിച്ചത്തിലും നമുക്ക് അവനോടുള്ള സമർപ്പണം ഹേതുവായും നാം അവനോടു വിശ്വസ്തത പാലിക്കാൻ കടപ്പെട്ടിരിക്കുന്നു. നാം യഹോവയാം ദൈവത്തോടുള്ള വിശ്വസ്തത പ്രകടമാക്കുന്നത് എങ്ങനെയാണ്? യഹോവയുടെ നീതിയുള്ള തത്ത്വങ്ങളോടു വിശ്വസ്തരായിരിക്കുന്നതാണ് ഒരു പ്രാഥമിക വിധം.
2, 3. വിശ്വസ്തതയും നീതിയും തമ്മിൽ എന്തു ബന്ധമുണ്ട്?
2 ആ വെല്ലുവിളിയെ നേരിടുന്നതിന്, 1 പത്രൊസ് 1:15, 16-ൽ കാണുന്ന വാക്കുകൾ നാം ചെവിക്കൊള്ളണം: ‘നിങ്ങളെ വിളിച്ച വിശുദ്ധന്നു ഒത്തവണ്ണം അനുസരണമുള്ള മക്കളായി എല്ലാനടപ്പിലും വിശുദ്ധരാകുവിൻ. “ഞാൻ വിശുദ്ധൻ ആകയാൽ നിങ്ങളും വിശുദ്ധരാകുവിൻ.”’ യഹോവയാം ദൈവത്തോടുള്ള വിശ്വസ്തത, നമ്മുടെ ചിന്തകളെയും വാക്കുകളെയും പ്രവർത്തനങ്ങളെയും അവന്റെ വിശുദ്ധ ഹിതത്തിനു ചേർച്ചയിൽ കൊണ്ടുവന്നുകൊണ്ടു സദാ അവനെ അനുസരിക്കാൻ നമ്മെ പ്രേരിപ്പിക്കും. അതിന്റെ അർഥം 1 തിമൊഥെയൊസ് 1:3-5-ൽ നമ്മോടു കൽപ്പിച്ചിരിക്കുന്നതുപോലെ, ഒരു നല്ല മനസ്സാക്ഷി കാത്തുസൂക്ഷിക്കുകയെന്നതാണ്: “ആജ്ഞയുടെ ഉദ്ദേശമോ: [വ്യത്യസ്തമായ ഉപദേശം പഠിപ്പിക്കാനോ വ്യാജ കഥകൾക്കു ശ്രദ്ധ കൊടുക്കാനോ അല്ല] ശുദ്ധഹൃദയം, നല്ല മനസ്സാക്ഷി, നിർവ്യാജവിശ്വാസം എന്നിവയാൽ ഉളവാകുന്ന സ്നേഹം തന്നേ.” നമ്മിലാരും പൂർണരല്ലെന്നതു ശരിതന്നെ. എന്നാൽ, നമ്മുടെ പരമാവധി ചെയ്യാൻ നാം ശ്രമിക്കണം, അല്ലേ?
3 യഹോവയോടുള്ള വിശ്വസ്തത, നീതിനിഷ്ഠമായ തത്ത്വങ്ങളെ സ്വാർഥപൂർവം അനുരഞ്ജനപ്പെടുത്തുന്നതിൽനിന്നു നമ്മെ അകറ്റിനിർത്തും. ഉള്ളിൽ ഒന്നും പുറത്തു മറ്റൊന്നുമായിരിക്കുന്നതിൽനിന്നു തീർച്ചയായും വിശ്വസ്തത നമ്മെ സംരക്ഷിക്കും. “യഹോവേ, നിന്റെ വഴി എനിക്കു കാണിച്ചുതരേണമേ; എന്നാൽ ഞാൻ നിന്റെ സത്യത്തിൽ നടക്കും; നിന്റെ നാമത്തെ ഭയപ്പെടുവാൻ എന്റെ ഹൃദയത്തെ ഏകാഗ്രമാക്കേണമേ” എന്നു പാടിയപ്പോൾ സങ്കീർത്തനക്കാരനു മനസ്സിലുണ്ടായിരുന്നതു വിശ്വസ്തതയായിരുന്നു. (സങ്കീർത്തനം 86:11) “പ്രാബല്യത്തിൽ വരുത്താനാവാത്തതിനോടുള്ള അനുസരണം” എന്നു വർണിക്കപ്പെട്ടിരിക്കുന്നതു വിശ്വസ്തതയ്ക്ക് ആവശ്യമാണ്.
4, 5. ഏതു തെറ്റായ നടപടി സ്വീകരിക്കുന്നതിൽനിന്നു വിശ്വസ്തത നമ്മെ തടയും?
4 യഹോവയാം ദൈവത്തോടുള്ള വിശ്വസ്തത, അവന്റെ നാമത്തിന്മേലും രാജ്യത്തിന്മേലും നിന്ദ വരുത്തിവെക്കുന്ന ഏതെങ്കിലും കാര്യം പ്രവർത്തിക്കുന്നതിൽനിന്നു നമ്മെ അകറ്റിനിർത്തുകയും ചെയ്യും. ഉദാഹരണത്തിന്, രണ്ടു ക്രിസ്ത്യാനികൾ തമ്മിൽ ഒരു പ്രശ്നമുണ്ടായി, അവർ ഒരു ലൗകിക നിയമകോടതിയെ അനുചിതമായി ശരണം പ്രാപിക്കത്തക്കവണ്ണം പ്രശ്നം അത്രകണ്ടു വഷളായി. ‘നിങ്ങൾ രണ്ടു പേരും യഹോവയുടെ സാക്ഷികളാണോ?’ എന്നു ജഡ്ജി ചോദിച്ചു. അവർക്കു കോടതിയുമായി എന്താണു കാര്യം എന്ന് അദ്ദേഹത്തിനു മനസ്സിലായില്ല എന്നതു വ്യക്തം. അത് എന്തൊരു നിന്ദയായിരുന്നു! അപ്പോസ്തലനായ പൗലോസിന്റെ പിൻവരുന്ന ബുദ്ധ്യുപദേശം ചെവിക്കൊള്ളാൻ യഹോവയാം ദൈവത്തോടുള്ള വിശ്വസ്തത അവരെ പ്രേരിപ്പിക്കേണ്ടതായിരുന്നു: “നിങ്ങൾക്കു തമ്മിൽ വ്യവഹാരം ഉണ്ടാകുന്നതു തന്നേ കേവലം പോരായ്മയാകുന്നു; അതിന്നു പകരം നിങ്ങൾ അന്യായം സഹിച്ചുകൊള്ളാത്തതു എന്തു? നഷ്ടം ഏററുകൊള്ളാത്തതു എന്തു?” (1 കൊരിന്ത്യർ 6:7) തീർച്ചയായും, യഹോവയാം ദൈവത്തോടുള്ള വിശ്വസ്തതയുടെ ഗതി, യഹോവയ്ക്കും അവന്റെ സ്ഥാപനത്തിനും നിന്ദ കൈവരുത്തുന്നതിനു പകരം വ്യക്തിപരമായ നഷ്ടം സഹിക്കുകയെന്നതാണ്.
5 യഹോവയാം ദൈവത്തോടുള്ള വിശ്വസ്തതയിൽ മനുഷ്യഭയത്തിനു വഴങ്ങിക്കൊടുക്കാതിരിക്കുന്നതും ഉൾപ്പെടുന്നു. “മാനുഷഭയം ഒരു കെണി ആകുന്നു; യഹോവയിൽ ആശ്രയിക്കുന്നവനോ രക്ഷ പ്രാപിക്കും.” (സദൃശവാക്യങ്ങൾ 29:25, ദാനീയേൽ ബൈബിൾ) അതുകൊണ്ട്, പീഡനത്തെ നേരിടുമ്പോൾ നാം അനുരഞ്ജനപ്പെടാറില്ല, പിന്നെയോ യഹോവയുടെ സാക്ഷികൾ മുൻ സോവിയറ്റ് യൂണിയനിലും മലാവിയിലും എത്യോപ്യയിലും മറ്റനേകം ദേശങ്ങളിലും വെച്ച മാതൃക നാം പിൻപറ്റുന്നു.
6. ആരുമായി സഹവസിക്കുന്നതിൽനിന്നു വിശ്വസ്തത നമ്മെ അകറ്റിനിർത്തും?
6 നാം യഹോവയാം ദൈവത്തോടു വിശ്വസ്തരാണെങ്കിൽ, അവന്റെ ശത്രുക്കളുമായി സുഹൃദ്ബന്ധത്തിൽ ഏർപ്പെടുകയില്ല. അതുകൊണ്ടാണു ശിഷ്യനായ യാക്കോബ് ഇങ്ങനെ എഴുതിയത്: “വ്യഭിചാരിണികളായുള്ളോരേ, ലോകസ്നേഹം ദൈവത്തോടു ശത്രുത്വം ആകുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? ആകയാൽ ലോകത്തിന്റെ സ്നേഹിതൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം ദൈവത്തിന്റെ ശത്രുവായിത്തീരുന്നു.” (യാക്കോബ് 4:4) “യഹോവേ, നിന്നെ പകെക്കുന്നവരെ ഞാൻ പകക്കേണ്ടതല്ലയോ? നിന്നോടു എതിർത്തുനില്ക്കുന്നവരെ ഞാൻ വെറുക്കേണ്ടതല്ലയോ? ഞാൻ പൂർണ്ണദ്വേഷത്തോടെ അവരെ ദ്വേഷിക്കുന്നു; അവരെ എന്റെ ശത്രുക്കളായി എണ്ണുന്നു” എന്നു പറഞ്ഞപ്പോൾ ദാവീദ് രാജാവു തെളിവു നൽകിയ വിശ്വസ്തത ഉണ്ടായിരിക്കാൻ നാമാഗ്രഹിക്കുന്നു. (സങ്കീർത്തനം 139:21, 22) മനഃപൂർവ പാപികളോടു കൂട്ടുചേരാൻ നാമാഗ്രഹിക്കുന്നില്ല, കാരണം നമുക്ക് അവരുമായി യാതൊരു കാര്യവുമില്ല. യഹോവയുടെ അത്തരം ശത്രുക്കളുമായി നേരിട്ടോ ടെലിവിഷൻ മാധ്യമം മുഖേനയോ സഹവസിക്കുന്നതിൽനിന്നു ദൈവത്തോടുള്ള വിശ്വസ്തത നമ്മെ അകറ്റിനിർത്തുകയില്ലേ?
യഹോവയ്ക്കായി വാദിക്കൽ
7. യഹോവയോടുള്ള ബന്ധത്തിൽ എന്തു ചെയ്യാൻ വിശ്വസ്തത നമ്മെ സഹായിക്കും, എലീഹൂ അത് എങ്ങനെ ചെയ്തു?
7 യഹോവയാം ദൈവത്തിനു വേണ്ടി വാദിക്കാൻ വിശ്വസ്തത നമ്മെ പ്രചോദിപ്പിക്കും. അക്കാര്യത്തിൽ എലീഹൂ നമുക്ക് എത്ര നല്ല ദൃഷ്ടാന്തമാണ്! ഇയ്യോബ് 32:2, 3 നമ്മോട് ഇങ്ങനെ പറയുന്നു: “എലീഹൂവിന്റെ കോപം ജ്വലിച്ചു; ദൈവത്തെക്കാൾ തന്നെത്താൻ നീതീകരിച്ചതുകൊണ്ടു ഇയ്യോബിന്റെ നേരെ അവന്റെ കോപം ജ്വലിച്ചു. അവന്റെ മൂന്നു സ്നേഹിതന്മാർ ഇയ്യോബിന്റെ കുറ്റം തെളിയിപ്പാൻ തക്ക ഉത്തരം കാണായ്കകൊണ്ടു അവരുടെ നേരെയും അവന്റെ കോപം ജ്വലിച്ചു.” ഇയ്യോബ് 32 മുതൽ 37 വരെയുള്ള അധ്യായങ്ങളിൽ യഹോവയ്ക്കു വേണ്ടി വാദിക്കാൻ എലീഹൂ മുന്നോട്ടു വരുന്നു. ഉദാഹരണത്തിന്, അവൻ ഇങ്ങനെ പറഞ്ഞു: “അല്പം ക്ഷമിക്ക, ഞാൻ അറിയിച്ചുതരാം; ദൈവത്തിന്നു വേണ്ടി ഇനിയും ചില വാക്കു പറവാനുണ്ടു. ഞാൻ . . . എന്റെ സ്രഷ്ടാവിന്നു നീതിയെ ആരോപിക്കും. . . . അവൻ നീതിമാന്മാരിൽനിന്നു തന്റെ കടാക്ഷം മാറ്റുന്നില്ല.”—ഇയ്യോബ് 36:2-7.
8. നാം യഹോവയ്ക്കു വേണ്ടി വാദിക്കേണ്ടത് എന്തുകൊണ്ട്?
8 യഹോവയ്ക്കു വേണ്ടി വാദിക്കാൻ മുന്നോട്ടു വരേണ്ട എന്താവശ്യമാണുള്ളത്? ഇന്ന്, നമ്മുടെ ദൈവമായ യഹോവയ്ക്കെതിരെ അനേകം വിധങ്ങളിൽ ദൂഷണം പറയപ്പെടുന്നുണ്ട്. അവൻ സ്ഥിതി ചെയ്യുന്നില്ലെന്ന്, ഒരു ത്രിത്വത്തിന്റെ ഭാഗമാണെന്ന്, ചുട്ടെരിയുന്ന നരകത്തിൽ ആളുകളെ എന്നേക്കും ദണ്ഡിപ്പിക്കുന്നുവെന്ന്, ലോകത്തിനു മാറ്റം വരുത്താൻ ദുർബല ശ്രമം നടത്തുന്നുവെന്ന്, മനുഷ്യവർഗത്തെക്കുറിച്ചു കരുതുന്നില്ലെന്ന്, അങ്ങനെ പല വിധങ്ങളിലും അവനെതിരെ ആരോപണം നടത്തുന്നു. യഹോവയ്ക്കു വേണ്ടി വാദിക്കാൻ മുന്നോട്ടു വന്നുകൊണ്ടും അവൻ സ്ഥിതി ചെയ്യുന്നുണ്ട്, അവൻ ജ്ഞാനിയും നീതിമാനും സർവശക്തനും സ്നേഹവാനുമായ ദൈവമാണ്, അവന് എല്ലാറ്റിനും ഒരു നിർദിഷ്ട സമയമുണ്ട്, തന്റെ നിയമിത സമയം വരുമ്പോൾ അവൻ തിന്മ അവസാനിപ്പിക്കുകയും മുഴു ഭൂമിയെയും ഒരു പറുദീസയാക്കി മാറ്റുകയും ചെയ്യും എന്നിങ്ങനെ തെളിയിച്ചുകൊണ്ടും നാം അവനോടുള്ള നമ്മുടെ വിശ്വസ്തത പ്രകടമാക്കുന്നു. (സഭാപ്രസംഗി 3:1) യഹോവയുടെ നാമത്തിനും രാജ്യത്തിനും സാക്ഷ്യം വഹിക്കാൻ എല്ലാ അവസരവും നാം ഉപയോഗപ്പെടുത്തേണ്ടത് ഇത് ആവശ്യമാക്കിത്തീർക്കുന്നു.
യഹോവയുടെ സ്ഥാപനത്തോടുള്ള വിശ്വസ്തത
9. ഏതു കാര്യങ്ങൾ സംബന്ധിച്ചാണു ചിലർ അവിശ്വസ്തത കാട്ടിയിരിക്കുന്നത്?
9 ഇനി, യഹോവയുടെ ദൃശ്യ സ്ഥാപനത്തോടു വിശ്വസ്തരായിരിക്കുക എന്ന കാര്യമാണു നാം പരിചിന്തിക്കാൻ പോകുന്നത്. ക്രിസ്തീയ സഭ ആത്മീയമായി പോഷിപ്പിക്കപ്പെടുന്ന സരണിയായ “വിശ്വസ്തനും വിവേകിയുമായ അടിമ” ഉൾപ്പെടുന്ന ദൈവസ്ഥാപനത്തോടു നാം തീർച്ചയായും വിശ്വസ്തത കടപ്പെട്ടിരിക്കുന്നു. (മത്തായി 24:45-47) തത്സമയം നമുക്കു മനസ്സിലാകാത്തതോ നാം യോജിക്കാത്തതോ ആയ ഒരു കാര്യം വാച്ച് ടവർ പ്രസിദ്ധീകരണങ്ങളിൽ വരുന്നുവെന്നു കരുതുക. നാം എന്തു ചെയ്യും? വ്രണിതരായി സ്ഥാപനം വിട്ടു പോകുമോ? അനേകം വർഷങ്ങൾക്കു മുമ്പ് വീക്ഷാഗോപുരം പുതിയ ഉടമ്പടിയെ സഹസ്രാബ്ദത്തിനു ബാധകമാക്കിയപ്പോൾ ചിലർ ചെയ്തത് അതാണ്. നിഷ്പക്ഷത എന്ന വാദവിഷയം സംബന്ധിച്ചു വീക്ഷാഗോപുരം ഒരിക്കൽ വ്യക്തമാക്കിയ അഭിപ്രായത്തിൽ ചിലർ വ്രണിതരായി. ഈ കാര്യങ്ങൾ സംബന്ധിച്ച് ഇടറിപ്പോയവർ സ്ഥാപനത്തോടും തങ്ങളുടെ സഹോദരങ്ങളോടും വിശ്വസ്തരായിരുന്നുവെങ്കിൽ, യഹോവ കാര്യങ്ങൾ വ്യക്തമാക്കുന്നതുവരെ അവർ കാത്തിരിക്കുമായിരുന്നു. അതാണു തക്കസമയത്ത് അവൻ ചെയ്തതും. അതിനാൽ, വിശ്വസ്തനും വിവേകിയുമായ അടിമ കൂടുതലായ ഗ്രാഹ്യം പ്രസിദ്ധീകരിക്കുന്നതുവരെ ക്ഷമാപൂർവം കാത്തിരിക്കുന്നതു വിശ്വസ്തതയിൽ ഉൾപ്പെടുന്നു.
10. എന്തു സംബന്ധിച്ചു ജിജ്ഞാസുവാകാതിരിക്കാൻ വിശ്വസ്തത നമ്മെ സഹായിക്കും?
10 വിശ്വാസത്യാഗികളുമായി യാതൊരു ബന്ധവുമില്ലാതിരിക്കുന്നതു യഹോവയുടെ ദൃശ്യ സ്ഥാപനത്തോടുള്ള വിശ്വസ്തതയിൽ ഉൾപ്പെടുന്നു. അത്തരക്കാർക്ക് എന്താണു പറയാനുള്ളത് എന്നറിയാൻ വിശ്വസ്തരായ ക്രിസ്ത്യാനികൾ ജിജ്ഞാസുക്കളായിരിക്കില്ല. ഭൂമിയിൽ തന്റെ വേല നിറവേറ്റാൻ യഹോവയാം ദൈവം ഉപയോഗിക്കുന്നവർ പൂർണരല്ല എന്നതു സത്യംതന്നെ. എന്നാൽ എന്തു ചെയ്യാനാണു ദൈവവചനം നമ്മോടു പറയുന്നത്? ദൈവസ്ഥാപനം വിട്ടുപോകാനോ? അല്ല. അതിനോടു വിശ്വസ്തരായിരിക്കാൻ സഹോദരപ്രീതി നമ്മെ പ്രേരിപ്പിക്കേണ്ടതാണ്, “ഹൃദയപൂർവ്വം അന്യോന്യം ഉറ്റു സ്നേഹി”ക്കുന്നതിൽ നാം തുടരുകയും വേണം.—1 പത്രൊസ് 1:22.
വിശ്വസ്ത മൂപ്പന്മാരോടുള്ള വിശ്വസ്തത
11. ഏതു നിഷേധാത്മക ചിന്തയ്ക്കെതിരെ ജാഗ്രത പുലർത്താൻ വിശ്വസ്തത നമ്മെ സഹായിക്കും?
11 നമുക്കു ഗ്രഹിക്കാൻ ബുദ്ധിമുട്ടുള്ള എന്തെങ്കിലും സഭയിൽ പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുമ്പോൾ, ആന്തരങ്ങളെ കുറ്റം വിധിക്കുന്നതിൽനിന്നു വിശ്വസ്തത നമ്മെ അകറ്റിനിർത്തും. കൂടാതെ, ഒരുപക്ഷേ വിവേചന ആവശ്യമായിരിക്കുന്ന ഒരു കാര്യമാണ് അത് എന്ന നിലപാടെടുക്കാനും അതു നമ്മെ സഹായിക്കും. നിയമിത മൂപ്പന്മാരുടെയും മറ്റു സഹവിശ്വാസികളുടെയും പോരായ്മകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെക്കാൾ വളരെയേറെ നല്ലതല്ലേ അവരുടെ നല്ല ഗുണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്? അതേ, അത്തരം നിഷേധാത്മക ചിന്തകൾക്കെതിരെയെല്ലാം ജാഗ്രതയുള്ളവരായിരിക്കാൻ നാമാഗ്രഹിക്കുന്നു, കാരണം അത് അവിശ്വസ്തരായിരിക്കുന്നതിനോടു ബന്ധപ്പെട്ടിരിക്കുന്നു! ‘ആരെക്കുറിച്ചും ഹാനികരമായി സംസാരി’ക്കാതിരിക്കാനുള്ള പൗലോസിന്റെ മാർഗനിർദേശം അനുസരിക്കാൻ വിശ്വസ്തത നമ്മെ സഹായിക്കും.—തീത്തോസ് 3:1, 2, NW.
12, 13. മൂപ്പന്മാർ പ്രത്യേകിച്ച് ഏതു വെല്ലുവിളികളെ നേരിടേണ്ടതുണ്ട്?
12 മൂപ്പന്മാരെ സംബന്ധിച്ചിടത്തോളം വിശ്വസ്തത പ്രത്യേക വെല്ലുവിളികൾ ഉയർത്തുന്നു. അവയിൽ ഒന്നാണു രഹസ്യം സൂക്ഷിക്കൽ. സഭയിലെ ഒരംഗം ഒരു മൂപ്പനോടു രഹസ്യങ്ങൾ തുറന്നു പറഞ്ഞേക്കാം. ആ വ്യക്തിയോടുള്ള വിശ്വസ്തത രഹസ്യം സൂക്ഷിക്കുകയെന്ന തത്ത്വം ലംഘിക്കുന്നതിൽനിന്ന് ആ മൂപ്പനെ തടയും. സദൃശവാക്യങ്ങൾ 25:9-ലെ ബുദ്ധ്യുപദേശം അദ്ദേഹം ചെവിക്കൊള്ളും: “മറ്റൊരുത്തന്റെ രഹസ്യം വെളിപ്പെടുത്തരുതു.” അതിന്റെ അർഥം ഭാര്യയോടു പോലും അത്തരം രഹസ്യങ്ങൾ അദ്ദേഹം പറയാൻ പാടില്ല എന്നാണ്!
13 വിശ്വസ്തതയുടെ കാര്യത്തിൽ മൂപ്പന്മാർ നേരിടേണ്ട മറ്റു പരിശോധനകളുമുണ്ട്. അവർ മനുഷ്യരെ പ്രസാദിപ്പിക്കുന്നവരായിരിക്കുമോ, അതോ രക്തബന്ധമുള്ളവരോ അടുത്ത സ്നേഹിതരോ ആയിരുന്നാൽപ്പോലും തിരുത്തൽ ആവശ്യമുള്ളവരെ അവർ ധൈര്യപൂർവം, എന്നാൽ സൗമ്യമായി, സഹായിക്കുമോ? യഹോവയുടെ സ്ഥാപനത്തോടുള്ള വിശ്വസ്തത, ആത്മീയ സഹായം ആവശ്യമുള്ള ആരെയും സഹായിക്കാൻ നമ്മിൽ മൂപ്പന്മാരായിരിക്കുന്നവരെ പ്രേ രിപ്പിക്കും. (ഗലാത്യർ 6:1, 2) നാം ദയയുള്ളവരായിരിക്കുമെങ്കിലും, പൗലോസ് അപ്പോസ്തലനായ പത്രോസിനോടു തുറന്നു സംസാരിച്ചതുപോലെതന്നെ, നമ്മുടെ സഹമൂപ്പനോടു തുറന്നു സംസാരിക്കാൻ വിശ്വസ്തത നമ്മെ പ്രേരിപ്പിക്കും. (ഗലാത്യർ 2:11-14) നേരേമറിച്ച്, മേൽവിചാരകന്മാർ ശ്രദ്ധയുള്ളവരായിരിക്കാൻ ആഗ്രഹിക്കുന്നു. അല്ലാതെ, അവർ ജ്ഞാനരഹിതമായി പ്രവർത്തിക്കുകയോ മുഖപക്ഷം കാട്ടുകയോ മറ്റേതെങ്കിലും വിധത്തിൽ തങ്ങളുടെ അധികാരം ദുർവിനിയോഗം ചെയ്യുകയോ ആണെങ്കിൽ, തങ്ങളുടെ ചുമതലയിലുള്ളവർ ദൈവസ്ഥാപനത്തോടു വിശ്വസ്തത കാട്ടുന്നതു ദുഷ്കരമാക്കിത്തീർക്കുകയായിരിക്കും ചെയ്യുന്നത്.—ഫിലിപ്പിയർ 4:5.
14, 15. ഏതെല്ലാം ഘടകങ്ങൾ സഭാംഗങ്ങളുടെ വിശ്വസ്തതയെ പരിശോധിച്ചേക്കാം?
14 സഭയോടും മൂപ്പന്മാരോടും വിശ്വസ്തത പാലിക്കുന്നതിനോടു ബന്ധപ്പെട്ട മറ്റു വശങ്ങളുമുണ്ട്. സഭയിൽ ഏതാണ്ടു കുഴപ്പം പിടിച്ച അവസ്ഥകൾ ഉണ്ടെങ്കിൽ, യഹോവയോടും അവനെ പ്രതിനിധാനം ചെയ്യുന്നവരോടും വിശ്വസ്തത കാണിക്കാനുള്ള അവസരം അതു നമുക്കു പ്രദാനം ചെയ്യുന്നു. (1987 ജൂൺ 15 വീക്ഷാഗോപുരത്തിന്റെ [ഇംഗ്ലീഷ്] 15-17 പേജുകൾ കാണുക.) ഒരു പുറത്താക്കൽ നടക്കുമ്പോൾ, സ്വീകരിച്ച നടപടി കാര്യകാരണ സഹിതമായിരുന്നോ എന്ന് ഊഹാപോഹങ്ങൾ നടത്താതെ മൂപ്പന്മാരെ പിന്താങ്ങാൻ വിശ്വസ്തത നിഷ്കർഷിക്കുന്നു.
15 സാഹചര്യങ്ങളും പ്രാപ്തിയും അനുവദിക്കുന്നിടത്തോളം അഞ്ചു പ്രതിവാരയോഗങ്ങളെയും നാം പിന്താങ്ങാൻ സഭയോടുള്ള വിശ്വസ്തത നിഷ്കർഷിക്കുന്നു. നാം അവയിൽ പതിവായി സംബന്ധിക്കണമെന്നു മാത്രമല്ല, അവയ്ക്കായി നന്നായി തയ്യാറാകാനും അവസരമുള്ളതുപോലെ പരിപുഷ്ടിപ്പെടുത്തുന്ന അഭിപ്രായങ്ങൾ നൽകാനും വിശ്വസ്തത നമ്മിൽനിന്ന് ആവശ്യപ്പെടുന്നു.—എബ്രായർ 10:24, 25.
വൈവാഹിക വിശ്വസ്തത
16, 17. വിശ്വസ്തത സംബന്ധിച്ചു വിവാഹിത ക്രിസ്ത്യാനികൾ എന്തു വെല്ലുവിളികൾ നേരിടുന്നു?
16 നാം വേറെ ആരോടാണു വിശ്വസ്തത കാണിക്കേണ്ടത്? നാം വിവാഹിതരെങ്കിൽ, വിവാഹപ്രതിജ്ഞകളുടെ വീക്ഷണത്തിൽ, വിവാഹ ഇണയോടു കൂറുള്ളവരായിരിക്കുകയെന്ന വെല്ലുവിളി നാം നേരിടേണ്ടിയിരിക്കുന്നു. നമ്മുടെ ഇണയോടുള്ള വിശ്വസ്തത, നമ്മുടെ സ്വന്തം ഭാര്യയോടോ ഭർത്താവിനോടോ ഉള്ളതിനെക്കാൾ പ്രിയം മറ്റു സ്ത്രീകളോടോ പുരുഷന്മാരോടോ കാണിക്കുന്നതിൽനിന്നു നമ്മെ തടയും. നമ്മുടെ ഇണയുടെ ബലഹീനതകളും പോരായ്മകളും മറ്റുള്ളവർക്കു വെളിപ്പെടുത്താതിരിക്കുന്നതും ഇണയോടുള്ള വിശ്വസ്തതയ്ക്ക് അനുപേക്ഷണീയമാണ്. സുവർണ വാക്യത്തോടുള്ള ചേർച്ചയിൽ ചെയ്യേണ്ട ഒന്നായ, നമ്മുടെ ഇണയുമായി ആശയവിനിമയ മാർഗങ്ങൾ തുറന്നിടുക എന്ന കാര്യം ചെയ്യാൻ കഠിനമായി പ്രയത്നിക്കുന്നതിനെക്കാൾ എളുപ്പമാണു മറ്റുള്ളവരോടു പരാതിപ്പെടുക. (മത്തായി 7:12) വാസ്തവത്തിൽ, വിവാഹിതാവസ്ഥ നമ്മുടെ ക്രിസ്തീയ വിശ്വസ്തതയ്ക്ക് ഒരു യഥാർഥ വെല്ലുവിളി ഉയർത്തുന്നു.
17 വിശ്വസ്തത എന്ന ഈ വെല്ലുവിളി നേരിടുന്നതിന്, കടുത്ത ദുർന്നടത്ത സംബന്ധിച്ചു നാം കുറ്റക്കാരായിരിക്കുന്നത് ഒഴിവാക്കുക മാത്രമല്ല, നമ്മുടെ ചിന്തകളെയും വികാരങ്ങളെയും കാവൽ ചെയ്യേണ്ടതുമാവശ്യമാണ്. (സങ്കീർത്തനം 19:14) ഉദാഹരണത്തിന്, നമ്മുടെ വഞ്ചക ഹൃദയങ്ങൾ ഉല്ലാസത്തിനും ആവേശത്തിമർപ്പിനും വേണ്ടി വാഞ്ഛിക്കുന്നുവെങ്കിൽ, വിലമതിപ്പ് സ്വാർഥ മോഹമായി പരിണമിക്കുക വളരെ എളുപ്പമാണ്. ദാമ്പത്യ വിശ്വസ്തതയെ പ്രോത്സാഹിപ്പിച്ചുകൊണ്ടു പ്രതീകാത്മകമായി ‘സ്വന്തജലാശയത്തിലെ വെള്ളം കുടി’ക്കാൻ ശലോമോൻ ഭർത്താക്കന്മാർക്കു ബുദ്ധ്യുപദേശം നൽകുന്നു. (സദൃശവാക്യങ്ങൾ 5:15) കൂടാതെ, യേശു ഇങ്ങനെ പറഞ്ഞു: “സ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി.” (മത്തായി 5:28) അശ്ലീലസാഹിത്യത്തിൽ മുഴുകിയിരിക്കുന്ന ഭർത്താക്കന്മാർ വ്യഭിചാരത്തിൽ ഏർപ്പെടാനുള്ള പ്രലോഭനത്തിന്റെ അപകടസാധ്യത വിളിച്ചുവരുത്തുന്നു. അങ്ങനെ അവർ തങ്ങളുടെ ഭാര്യമാരെ വഞ്ചിക്കുകയും അവരോട് അവിശ്വസ്തരായിരിക്കുകയും ചെയ്യുന്നു. അതേ കാരണത്താൽതന്നെ, വ്യഭിചാരസംബന്ധമായ ഇനങ്ങൾ അവതരിപ്പിക്കുന്ന ടിവി സീരിയലുകൾ അധികനേരം കണ്ടിരുന്നാൽ തന്റെ ഭർത്താവിനോട് അവിശ്വസ്തത കാണിക്കാൻ ഒരു ഭാര്യ പ്രലോഭിപ്പിക്കപ്പെടാവുന്നതാണ്. എന്നിരുന്നാലും, നമ്മുടെ ഇണയോടു സത്യമായും വിശ്വസ്തരായിരിക്കുകവഴി നാം ദാമ്പത്യബന്ധത്തെ ശക്തിപ്പെടുത്തുന്നു. അങ്ങനെ യഹോവയാം ദൈവത്തെ പ്രസാദിപ്പിക്കാനുള്ള ശ്രമങ്ങളിൽ നാം അന്യോന്യം സഹായിക്കുകയും ചെയ്യുന്നു.
വിശ്വസ്തരായി നിലനിൽക്കാനുള്ള സഹായികൾ
18. എന്തിനോടുള്ള വിലമതിപ്പു വിശ്വസ്തരായിരിക്കാൻ നമ്മെ സഹായിക്കും?
18 യഹോവ, അവന്റെ സ്ഥാപനം, സഭ, നമ്മുടെ വിവാഹ ഇണ, എന്നീ നാലു മണ്ഡലങ്ങളിൽ വിശ്വസ്തത പാലിക്കുകയെന്ന വെല്ലുവിളി നേരിടുന്നതിന് എന്തു നമ്മെ സഹായിക്കും? വിശ്വസ്തത പാലിക്കുക എന്ന വെല്ലുവിളിയെ നേരിടുന്നതു യഹോവയുടെ പരമാധികാരത്തിന്റെ സംസ്ഥാപനത്തോടു ബന്ധപ്പെട്ടിരിക്കുന്നു എന്നു വിലമതിക്കുന്നതാണ് ഒരു സഹായം. അതേ, വിശ്വസ്തരായി നിലകൊള്ളുന്നതിനാൽ, നാം യഹോവയെ സാർവത്രിക പരമാധികാരി എന്നനിലയിൽ കാണുന്നു എന്നു പ്രകടമാക്കുന്നു. അങ്ങനെ നമുക്ക് ആത്മാഭിമാനവും യഹോവയുടെ പുതിയ ലോകത്തിലെ നിത്യജീവന്റെ പ്രത്യാശയും ഉണ്ടായിരിക്കാൻ കഴിയും. യഹോവയുടെയും അതുപോലെതന്നെ ബൈബിളിലും വാർഷികപുസ്തകത്തിലെ വിവരണങ്ങൾ ഉൾപ്പെടെ വാച്ച് ടവർ പ്രസിദ്ധീകരണങ്ങളിലും പരാമർശിച്ചിരിക്കുന്നവരുടെയും വിശ്വസ്തതയുടെ ഉത്തമ ദൃഷ്ടാന്തങ്ങൾ പരിചിന്തിക്കുകവഴി വിശ്വസ്തരായി നിൽക്കാൻ നമുക്കു സ്വയം സഹായമേകാൻ കഴിയും.
19. വിശ്വസ്തരായിരിക്കുന്നതിൽ വിശ്വാസം വഹിക്കുന്ന പങ്കെന്ത്?
19 യഹോവയാം ദൈവത്തിലുള്ള ശക്തമായ വിശ്വാസവും അവനെ അപ്രീതിപ്പെടുത്തുന്നതിലുള്ള ഭയവും വിശ്വസ്തത പാലിക്കുക എന്ന വെല്ലുവിളിയെ നേരിടാൻ നമ്മെ സഹായിക്കും. ദൈവവചനം ഉത്സാഹപൂർവം പഠിച്ചുകൊണ്ടും ക്രിസ്തീയ ശുശ്രൂഷയിൽ ഏർപ്പെട്ടുകൊണ്ടും യഹോവയിലുള്ള വിശ്വാസവും അവനോടുള്ള ഭയവും നമുക്കു ശക്തിപ്പെടുത്താനാകും. എഫെസ്യർ 4:23, 24-ൽ രേഖപ്പെടുത്തിയിരിക്കുന്ന പൗലോസിന്റെ ബുദ്ധ്യുപദേശത്തിനു ചേർച്ചയിൽ പ്രവർത്തിക്കാൻ അതു നമ്മെ സഹായിക്കും: “നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിച്ചു സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ [“പുതിയ വ്യക്തിത്വം,” NW] ധരിച്ചുകൊൾവിൻ.”
20. സർവോപരി, യഹോവയോടും നാം വിശ്വസ്തത കടപ്പെട്ടിരിക്കുന്ന മറ്റു സകലരോടും വിശ്വസ്തരായിരിക്കാൻ ഏതു ഗുണം നമ്മെ സഹായിക്കും?
20 യഹോവയുടെ ഗുണങ്ങളോടുള്ള വിലമതിപ്പു വിശ്വസ്തരായിരിക്കാൻ നമ്മെ സഹായിക്കുന്നു. എല്ലാറ്റിനുമുപരി, നമ്മുടെ സ്വർഗീയ പിതാവിനോടുള്ള നിസ്വാർഥ സ്നേഹവും അവൻ നമുക്കു വേണ്ടി ചെയ്തിരിക്കുന്ന എല്ലാ കാര്യങ്ങളോടുമുള്ള കൃതജ്ഞതയും അവനെ നമ്മുടെ മുഴു ഹൃദയത്തോടും ദേഹിയോടും മനസ്സോടും ശക്തിയോടും കൂടെ സ്നേഹിക്കുന്നതും അവനോടു വിശ്വസ്തരായിരിക്കാൻ നമ്മെ സഹായിക്കും. മാത്രമല്ല, തന്റെ അനുഗാമികളെ തിരിച്ചറിയിക്കുമെന്നു യേശു പറഞ്ഞ സ്നേഹം ഉണ്ടായിരിക്കുന്നതു സഭയിലും നമ്മുടെ കുടുംബത്തിലുമുള്ള ക്രിസ്ത്യാനികളോടു വിശ്വസ്തരായിരിക്കാൻ നമ്മെ സഹായിക്കും. മറ്റു വാക്കുകളിൽ പറഞ്ഞാൽ, അത് ഒന്നുകിൽ സ്വാർഥമതിയായിരിക്കുന്ന അല്ലെങ്കിൽ നിസ്വാർഥമതിയായിരിക്കുന്ന ഒരു കാര്യമാണ്. അവിശ്വസ്തതയുടെ അർഥം സ്വാർഥമതിയായിരിക്കുക എന്നാണ്. വിശ്വസ്തനായിരിക്കുക എന്നതിന്റെ അർഥം നിസ്വാർഥമതിയായിരിക്കുക എന്നും.—മർക്കൊസ് 12:30, 31; യോഹന്നാൻ 13:34, 35.
21. വിശ്വസ്തത പാലിക്കുക എന്ന വെല്ലുവിളിയെ നേരിടുന്ന കാര്യം എങ്ങനെ സംഗ്രഹിക്കാം?
21 ചുരുക്കിപ്പറഞ്ഞാൽ: യഹോവയാം ദൈവവും യേശുക്രിസ്തുവും യഹോവയുടെ യഥാർഥ ദാസന്മാരെല്ലാവരും പ്രകടമാക്കിയ ഉദാത്തമായ ഒരു ഗുണമാണു വിശ്വസ്തത. യഹോവയാം ദൈവവുമായി ഒരു നല്ല ബന്ധമുണ്ടായിരിക്കുന്നതിന്, അവന്റെ നീതിനിഷ്ഠമായ നിലവാരങ്ങൾ അനുസരിച്ചു ജീവിച്ചുകൊണ്ടും അവന്റെ ശത്രുക്കളുമായി യാതൊരു ബന്ധവുമില്ലാതിരുന്നുകൊണ്ടും ഔപചാരികമായും അനൗപചാരികമായും ഉള്ള സാക്ഷീകരണത്തിൽ അവനു വേണ്ടി വാദിച്ചുകൊണ്ടും അവനോടു വിശ്വസ്തത പാലിക്കുക എന്ന വെല്ലുവിളിയെ നാം നേരിടണം. യഹോവയുടെ ദൃശ്യ സ്ഥാപനത്തോടു വിശ്വസ്തരായിരിക്കുക എന്ന വെല്ലുവിളിയും നാം നേരിടണം. നമ്മുടെ സഭകളോടും നമ്മുടെ വിവാഹ ഇണകളോടും നാം വിശ്വസ്തരായിരിക്കണം. വിശ്വസ്തത പാലിക്കുക എന്ന വെല്ലുവിളിയെ വിജയപ്രദമായി നേരിടുകവഴി, നാം യഹോവയുടെ പരമാധികാരത്തിന്റെ സംസ്ഥാപനത്തിൽ പങ്കുകൊള്ളുകയായിരിക്കും ചെയ്യുന്നത്, കൂടാതെ വിവാദവിഷയത്തിൽ അവന്റെ പക്ഷത്തു നിലയുറപ്പിക്കുകയുമായിരിക്കും നാം ചെയ്യുന്നത്. അങ്ങനെ നാം അവന്റെ പ്രീതി നേടുകയും നിത്യജീവൻ എന്ന സമ്മാനം കൈപ്പറ്റുകയും ചെയ്യും. അപ്പോസ്തലനായ പൗലോസ് ദൈവിക ഭക്തിയെക്കുറിച്ചു പറഞ്ഞതു വിശ്വസ്തത പാലിക്കുക എന്ന വെല്ലുവിളി നേരിടുന്നതു സംബന്ധിച്ചും പറയാവുന്നതാണ്. അത് ഇപ്പോഴുള്ള ജീവനും വരുവാനുള്ള ജീവനും പ്രയോജനപ്രദമാണ്.—സങ്കീർത്തനം 18:25; 1 തിമൊഥെയൊസ് 4:8.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ ഏതെല്ലാം വിധങ്ങളിൽ ദൈവത്തോടുള്ള വിശ്വസ്തത പാലിക്കുക എന്ന വെല്ലുവിളി നമുക്കു നേരിടാൻ കഴിയും?
◻ യഹോവയുടെ സ്ഥാപനത്തോടുള്ള വിശ്വസ്തത നമ്മിൽനിന്ന് എന്താവശ്യപ്പെടുന്നു?
◻ വിശ്വസ്തത പാലിക്കുക എന്ന വെല്ലുവിളിയെ മൂപ്പന്മാർക്ക് എങ്ങനെ നേരിടാൻ കഴിയും?
◻ വിവാഹിത ക്രിസ്ത്യാനികൾ വിശ്വസ്തത ഉൾപ്പെടുന്ന എന്തു വെല്ലുവിളി നേരിടണം?
◻ വിശ്വസ്തത പാലിക്കുക എന്ന വെല്ലുവിളിയെ നേരിടാൻ ഏതു ഗുണങ്ങൾ നമ്മെ സഹായിക്കും?
[അധ്യയന ചോദ്യങ്ങൾ]
[17-ാം പേജിലെ ചിത്രം]
സഭാംഗങ്ങളോടുള്ള വിശ്വസ്തത രഹസ്യങ്ങൾ വെളിപ്പെടുത്തുന്നതിൽനിന്നു മൂപ്പന്മാരെ തടയും
[18-ാം പേജിലെ ചിത്രം]
ഒരുവന്റെ ഇണയോടുള്ള വിശ്വസ്തത ദാമ്പത്യബന്ധത്തെ ബലിഷ്ഠമാക്കുന്നു