ഈസ്റററോ സ്മാരകമോ—നിങ്ങൾ ഏത് ആചരിക്കണം?
ഈസ്റററോ സ്മാരകമോ—നിങ്ങൾ ഏത് ആചരിക്കണം?
ഏപ്രിൽ 7-ാം തീയതി പ്രഭാതം ചക്രവാളത്തിൽ അതിന്റെ പ്രകാശം പരത്തവേ കോടിക്കണക്കിനാളുകൾ വർഷത്തിലെ തങ്ങളുടെ അതിവിശുദ്ധ ദിനത്തെ—ഈസ്റററിനെ—സ്വാഗതം ചെയ്യും. ഒരു കാലത്ത് ഈ പേർ സെപ്ററ്വജസിമ എന്നു വിളിക്കപ്പെട്ടിരുന്ന ഒരു വിശേഷദിവസത്തിൽ തുടങ്ങി ത്രിത്വദിവസം എന്നു വിളിക്കപ്പെടുന്നതുവരെയുള്ള 120 ദിവസത്തെ ഉത്സവങ്ങളുടെയും ഉപവാസങ്ങളുടെയും കാലഘട്ടത്തിനു ബാധകമായിരുന്നു. ഇന്ന് ഈ പേർ യേശുവിന്റെ പുനരുത്ഥാനത്തിന്റെ സ്മാരകമായി ആഘോഷിക്കുന്ന ഒരൊററ ദിവസത്തിന്—ഈസ്ററർ ഞായറാഴ്ചക്ക്—ബാധകമാക്കപ്പെടുന്നു.
എന്നിരുന്നാലും, ഇതേ വാരത്തിന്റെ തുടക്കത്തിലെ ഒരു സന്ധ്യാസമയത്ത് ദശലക്ഷക്കണക്കിനു മററാളുകൾ ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകമാഘോഷിക്കുന്നതിനു കൂടിവരും, അതു കർത്താവിന്റെ സന്ധ്യാഭക്ഷണം എന്നും അറിയപ്പെടുന്നു. അതു യേശുതന്നെ ഭൂമിയിലെ തന്റെ അവസാനത്തെ രാത്രിയിൽ ഏർപ്പെടുത്തിയ ഒരു ആചരണമാണ്. അന്ന് അവൻ തന്റെ ശിഷ്യൻമാരോട്: “എന്റെ ഓർമ്മെക്കായി ഇതു ചെയ്വിൻ” എന്നു പറഞ്ഞു.—ലൂക്കൊസ് 22:19.
നിങ്ങൾ എത് ആചരിക്കണം?
ഈസ്റററിന്റെ ഉത്ഭവം
അനേകം രാജ്യങ്ങളിൽ ഉപയോഗിക്കപ്പെടുന്ന ഈസ്ററർ എന്ന
പേര് ബൈബിളിൽ കാണപ്പെടുന്നില്ല. മധ്യകാല വിശേഷദിവസങ്ങളും ഉത്സവങ്ങളും (ഇംഗ്ലീഷ്) എന്ന പുസ്തകം “പ്രഭാതത്തിന്റെയും വസന്തത്തിന്റെയും പുറജാതിദേവിയായ ഈസ്ട്രയുടെ പേരാണ് ഈ വിശേഷദിവസത്തിന് ഇട്ടിരിക്കുന്നത്” എന്നു നമ്മോടു പറയുന്നു. ഈ ദേവി ആരായിരുന്നു? “ഐതിഹ്യപ്രകാരം, തന്റെ നിർമലത നിമിത്തം ധവളദൈവം എന്നും തന്റെ നെററി മനുഷ്യവർഗത്തിനു വെളിച്ചം കൊടുത്തതുകൊണ്ടു സൂര്യദൈവം എന്നും വിളിക്കപ്പെടുന്ന ബാൾഡറിനെ സ്വീകരിക്കാൻ വീരസ്വർഗത്തിന്റെ കവാടങ്ങൾ തുറന്നത് ഈസ്ട്രാ ആയിരുന്നു,” ദിവസങ്ങളെ സംബന്ധിച്ച അമേരിക്കൻ പുസ്തകം (ഇംഗ്ലീഷ്) ഉത്തരം നൽകുന്നു. അത് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “സഭ അതിന്റെ ആദിമനാളുകളിൽ പുരാതന പുറജാതീയാചാരങ്ങൾ സ്വീകരിക്കുകയും അവയ്ക്ക് ഒരു ക്രിസ്തീയ അർഥം കൊടുക്കുകയും ചെയ്തുവെന്നതിനു സംശയമില്ല. ഈസ്ട്ര ഉത്സവം വസന്തത്തിലെ ജീവന്റെ പുതുക്കലിന്റെ ആഘോഷമായിരുന്നതിനാൽ അതിനെ മരിച്ചവരിൽനിന്നുള്ള യേശുവിന്റെ പുനരുത്ഥാനത്തിന്റെ ഒരു ആഘോഷമാക്കുന്നത് എളുപ്പമായിരുന്നു, അവന്റെ സുവിശേഷമായിരുന്നല്ലോ അവർ പ്രസംഗിച്ചത്.”പുറജാതീയാചാരങ്ങളുടെ ഈ സ്വീകരണം ചില ദേശങ്ങളിൽ ഈസ്ററർ മുട്ടകൾ, ഈസ്ററർ മുയൽ, ചൂടു കുരിശുബണ്ണുകൾ എന്നിവയുടെ ആചാരങ്ങൾ എങ്ങനെ ഉത്ഭവിച്ചുവെന്നു വിശദമാക്കുന്നു. “ഒരു . . . കുരിശടയാളത്തോടെ തവിട്ടുനിറമുള്ള മേൽഭാഗം സഹിതം ചൂടുള്ള കുരിശുബണ്ണുകൾ” ഉണ്ടാക്കുന്ന ആചാരത്തെക്കുറിച്ച് ഈസ്റററും അതിന്റെ ആചാരങ്ങളും (ഇംഗ്ലീഷ്) എന്ന പുസ്തകം ഇങ്ങനെ പ്രസ്താവിക്കുന്നു: “കുരിശ് ആദ്യ ദുഃഖവെള്ളിയാഴ്ചയിലെ സംഭവങ്ങളിൽനിന്ന് നിത്യ പ്രാധാന്യം ആർജിക്കുന്നതിനു ദീർഘനാൾ മുമ്പുതന്നെ ഒരു പുറജാതി പ്രതീകമായിരുന്നു, അപ്പത്തിനും കേക്കുകൾക്കും ക്രിസ്തീയ പൂർവ കാലങ്ങളിൽ ചിലപ്പോൾ കുരിശടയാളം കൊടുത്തിരുന്നു.”
തിരുവെഴുത്തുകളിൽ ഒരിടത്തും ഈ കാര്യങ്ങളെക്കുറിച്ചുള്ള പ്രസ്താവന നാം കാണുന്നില്ല, യേശുവിന്റെ ആദിമ ശിഷ്യൻമാർ അവയിൽ വിശ്വസിച്ചിരുന്നതായി യാതൊരു തെളിവുമില്ല. യഥാർഥത്തിൽ, “രക്ഷെക്കായി വളരുവാൻ വചനം എന്ന മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ഛിപ്പിൻ” എന്നു അപ്പോസ്തലനായ പത്രോസ് നമ്മോടു പറയുന്നു. (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (1 പത്രൊസ് 2:2) അതുകൊണ്ട്, ക്രൈസ്തവലോകത്തിലെ സഭകൾ സ്പഷ്ടമായും പുറജാതീയമായ ഇത്തരം പ്രതീകങ്ങളെ തങ്ങളുടെ വിശ്വാസങ്ങളിലേക്കും ആചാരങ്ങളിലേക്കും സ്വീകരിച്ചത് എന്തുകൊണ്ട്?
ജനസമ്മതിയുള്ള ആചാരങ്ങളിലെ ജിജ്ഞാസകൾ (ഇംഗ്ലീഷ്) എന്ന പുസ്തകം ഉത്തരം നൽകുന്നു: “പിഴുതുമാററാൻ കഴിയാത്ത തരത്തിൽ നിലവിലുള്ള പുരാതന പുറജാതിചടങ്ങുകൾക്ക് ഒരു ക്രൈസ്തവ സാർഥകത കൊടുക്കുകയെന്നത് ആദിമസഭയുടെ മാററമില്ലാത്ത നയമായിരുന്നു. ഈസ്റററിന്റെ കാര്യത്തിൽ പരിവർത്തനം വിശേഷാൽ എളുപ്പമായിരുന്നു. പ്രകൃതിയിലെ സൂര്യന്റെ ഉദയത്തിങ്കലെയും ശൈത്യകാല മരണത്തിൽനിന്നുള്ള പ്രകൃതിയുടെ ഉണർച്ചയിങ്കലെയും സന്തോഷം നീതിസൂര്യന്റെ ഉദയത്തിങ്കലെ, ശവക്കുഴിയിൽനിന്നുള്ള ക്രിസ്തുവിന്റെ പുനരുത്ഥാനത്തിങ്കലെ, സന്തോഷമായിത്തീർന്നു. മേയ് 1-ാം തീയതിയോടടുത്തു നടന്ന പുറജാതി അനുഷ്ഠാനങ്ങളിൽ ചിലതിനും ഈസ്റററിന്റെ ആഘോഷത്തോട് ഒത്തുവരാൻ മാററം വരുത്തി.” പ്രചാരത്തിലിരുന്ന പുറജാതീയാചാരങ്ങളെയും മന്ത്രാനുഷ്ഠാനങ്ങളെയും ഒഴിവാക്കുന്നതിനു പകരം മതനേതാക്കൾ അവയെ വെച്ചുപൊറുപ്പിക്കുകയും അവയ്ക്കു “ക്രിസ്തീയ സാർഥകത” കൊടുക്കുകയും ചെയ്തു.
‘എന്നാൽ അതിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ?’ നിങ്ങൾ സംശയിച്ചേക്കാം. ഇല്ലെന്നു ചിലർ വിചാരിക്കുന്നു. “ക്രിസ്ത്യാനിത്വം പോലെയുള്ള ഒരു മതം പുറമേനിന്ന് ഒരു ജനത്തിന് അവതരിപ്പിക്കപ്പെടുമ്പോൾ അതു പഴക്കമേറിയ മതങ്ങളിൽനിന്ന് ഉത്ഭവിക്കുന്ന ചില നാടോടിയാചാരങ്ങളെ സ്വീകരിക്കുകയും ‘ജ്ഞാനസ്നാനപ്പെടുത്തുകയും’ ചെയ്യുന്നു” എന്ന് ഒരു എപ്പിസ്കോപ്പൽ പുരോഹിതനായ അലൻ ഡബ്ലിയൂ. വാട്ട്സ് ഈസ്ററർ—അതിന്റെ ചരിത്രവും അർഥവും (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ പറയുന്നു. “അതു സഭ പഠിപ്പിക്കുന്ന അതേ നിത്യ തത്ത്വങ്ങളെ സൂചിപ്പിക്കുന്നതായി തോന്നുന്ന നാടോടി അനുഷ്ഠാനങ്ങളെ തിരഞ്ഞെടുക്കുകയും ആരാധനക്രമത്തിൽ അവതരിപ്പിക്കുകയും ചെയ്യുന്നു.” തങ്ങളുടെ സഭ ഈ അനുഷ്ഠാനങ്ങളെ അനുവദിക്കുകയും വിശുദ്ധമായി കരുതുകയും ചെയ്തു എന്ന വസ്തുത അനേകർക്ക് അതു സ്വീകരിക്കുന്നതിനു മതിയായ കാരണമാണ്. എന്നാൽ പ്രധാനപ്പെട്ട ചോദ്യങ്ങൾ അവഗണിക്കപ്പെടുകയാണ്. ഈ ആചാരങ്ങളെക്കുറിച്ചു ദൈവം എങ്ങനെ വിചാരിക്കുന്നു? ഈ കാര്യത്തിൽ അനുസരിക്കാനുള്ള എന്തെങ്കിലും മാർഗരേഖകൾ അവൻ നമുക്കു നൽകിയിട്ടുണ്ടോ?
ദൈവത്തിന്റെ വീക്ഷണഗതി സ്വീകരിക്കൽ
“നമ്മുടെ കർത്താവിന്റെ പുനരുത്ഥാനോത്സവമായ ഈസ്ററർ ദിനം ക്രിസ്തീയ സഭയുടെ എല്ലാ ഉത്സവങ്ങളിലും വച്ച് ഏററവും മഹത്താണ്” എന്നു ക്രിസ്ററീനാ ഹോൾ ഈസ്റററും അതിന്റെ ആചാരങ്ങളും (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ പറയുകയുണ്ടായി. മററ് എഴുത്തുകാർ ഇതിനോടു യോജിക്കുന്നു. “ക്രിസ്തീയ സംവത്സരത്തിലെ യാതൊരു വിശേഷദിവസവും അഥവാ ഉത്സവവും പ്രാധാന്യത്തിൽ ഈസ്ററർ ഞായറാഴ്ചയോട് ഒത്തുവരുന്നില്ല” എന്ന് റോബർട്ട് ജെ. മയേഴ്സ് ആഘോഷങ്ങൾ (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ
എഴുതുന്നു. ഏതായാലും അതു ചില ചോദ്യങ്ങൾ ഉദിക്കാനിടയാക്കുന്നു. ഈസ്ററർ ആഘോഷിക്കുന്നതു വളരെ പ്രധാനമാണെങ്കിൽ അങ്ങനെ ചെയ്യാൻ ബൈബിളിൽ പ്രത്യേക കൽപ്പന ഇല്ലാത്തത് എന്തുകൊണ്ട്? യേശുവിന്റെ ആദിമശിഷ്യൻമാർ ഈസ്ററർ ഞായറാഴ്ച ആഘോഷിച്ചതായി എന്തെങ്കിലും രേഖയുണ്ടോ?എന്ത് ആചരിക്കണം, അല്ലെങ്കിൽ എന്ത് ആചരിക്കരുത് എന്നതു സംബന്ധിച്ചു ബൈബിൾ മാർഗരേഖകൾ നൽകാതിരിക്കുന്നില്ല. പുരാതന ഇസ്രായേൽജനതയോട് ഇതു പ്രസ്താവിക്കുന്നതിൽ ദൈവം വളരെ നിഷ്കർഷ പാലിച്ചിരുന്നു. മുന്നമേ കണ്ടുകഴിഞ്ഞതുപോലെ, ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകം തുടർന്ന് ആഘോഷിക്കാൻ ക്രിസ്ത്യാനികൾക്കു വ്യക്തമായ നിർദേശങ്ങൾ കൊടുക്കപ്പെട്ടു. (1 കൊരിന്ത്യർ 11:23-26; കൊലൊസ്സ്യർ 2:16, 17) എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കായുടെ ഒരു ആദിമ പതിപ്പ് നമ്മോട് ഇങ്ങനെ പറയുന്നു: “പുതിയ നിയമത്തിലോ അപ്പോസ്തലിക പിതാക്കൻമാരുടെ എഴുത്തുകളിലോ ഈസ്ററർ ഉത്സവാചരണത്തിന്റെ സൂചനയില്ല. പ്രത്യേക സമയങ്ങളുടെ പവിത്രത ആദ്യക്രിസ്ത്യാനികളുടെ മനസ്സുകളിൽ ഇല്ലാഞ്ഞ ഒരു ആശയമായിരുന്നു. . . . കർത്താവോ അവന്റെ അപ്പോസ്തലൻമാരോ ഈ ഉത്സവത്തിന്റെയോ മറേറതിന്റെയെങ്കിലുമോ ആചരണം ഏർപ്പെടുത്തിയില്ല.”
അത്തരം ഉത്സവങ്ങളിലെ സന്തോഷവും അവ കൈവരുത്തുന്ന സന്തുഷ്ടിയും അവയുടെ ആചരണത്തിനു മതിയായ ന്യായീകരണമാണെന്നു ചിലർ വിചാരിക്കുന്നു. എന്നിരുന്നാലും, ഇസ്രായേല്യർ ഒരു ഈജിപ്ഷ്യൻ മതാചാരം സ്വീകരിക്കയും “യഹോവെക്കു ഒരു ഉത്സവം” എന്ന് അതിനെ പുനർനാമകരണം ചെയ്യുകയും ചെയ്ത സന്ദർഭത്തിൽനിന്നു നമുക്കു പഠിക്കാൻ കഴിയും. അവരും “ഭക്ഷിപ്പാനും കുടിപ്പാനും ഇരുന്നു കളിപ്പാൻ എഴുന്നേററു.” എന്നാൽ അവരുടെ പ്രവർത്തനങ്ങൾ യഹോവയാം ദൈവത്തെ അതിയായി കോപിപ്പിച്ചു, അവൻ അവരെ കഠിനമായി ശിക്ഷിച്ചു.—പുറപ്പാടു 32:1-10, 25-28, 35.
ദൈവത്തിന്റെ വചനം സുവ്യക്തമാണ്. സത്യവിശ്വാസങ്ങളുടെ “വെളിച്ച”വും സാത്താന്റെ ലോകത്തിലെ ‘ഇരുട്ടും’ തമ്മിൽ പങ്കാളിത്വം ഉണ്ടായിരിക്കാവുന്നതല്ല; ക്രിസ്തുവും പുറജാതിയാരാധനയും തമ്മിൽ “യോജിപ്പു” ഉണ്ടായിരിക്കാവുന്നതല്ല. നമ്മോട് ഇങ്ങനെ പറയപ്പെടുന്നു: ‘അതുകൊണ്ടു “അവരുടെ നടുവിൽനിന്നു പുറപ്പെട്ടു വേർപെട്ടിരിപ്പിൻ എന്നു കർത്താവു അരുളിച്ചെയ്യുന്നു; അശുദ്ധമായതു ഒന്നും തൊടരുതു; എന്നാൽ ഞാൻ നിങ്ങളെ കൈക്കൊള്ളും.”’—2 കൊരിന്ത്യർ 6:14-18.
ക്രിസ്ത്യാനികൾക്കുവേണ്ടി ബൈബിളിൽ ഈസ്റ്ററല്ല, സ്മാരകാഘോഷം മാത്രമേ കൽപ്പിച്ചിട്ടുള്ളു എന്നതുകൊണ്ട് അത് ആചരിക്കണം. തന്നിമിത്തം നമുക്ക് അത് എങ്ങനെ യോഗ്യമായി ആഘോഷിക്കാൻ കഴിയും?
[5-ാം പേജിലെ ചിത്രം]
ഇസ്രായേല്യരുടെ “യഹോവെക്കു ഉത്സവം” ദൈവത്തെ അതിയായി പ്രകോപിപ്പിച്ചു
[2-ാം പേജിലെ ചിത്രത്തിന് (ങ്ങൾക്ക്) കടപ്പാട]
Cover: M. Thonig/H. Armstrong Roberts