“നശിച്ചുപോകുന്ന ആഹാരത്തിനുവേണ്ടിയല്ല പ്രവർത്തിക്കേണ്ടത്”
“നശിച്ചുപോകുന്ന ആഹാരത്തിനുവേണ്ടിയല്ല പ്രവർത്തിക്കേണ്ടത്”
ഡേവിഡ് ലൻസ്ട്രം പറഞ്ഞപ്രകാരം
എന്റെ അനുജൻ എൽവുഡും ഞാനും ഒൻപതിൽപ്പരം മീററർ ഉയരത്തിൽനിന്ന് വാച്ച്ടവർ ഫാക്ടറിക്കെട്ടിടത്തിൽ ഒരു പുതിയ സൈൻബോർഡ് എഴുതുകയായിരുന്നു. 40-ലധികം വർഷത്തിനുശേഷം ഇപ്പോഴും അതു “ദൈവവചനമായ വിശുദ്ധബൈബിൾ ദിവസവും വായിക്കുക” എന്ന് ശക്തമായി ഉപദേശിച്ചുകൊണ്ട് അവിടെ നിലകൊള്ളുന്നു. സുപ്രസിദ്ധ ബ്രുക്ലിൻ പാലം കുറുകെ കടക്കുമ്പോൾ ഓരോ വാരത്തിലും ആയിരക്കണക്കിനാളുകൾ ഈ ബോർഡു കാണുന്നു.
എന്റെ കുട്ടിക്കാല സ്മരണകളിൽ കുടുംബ വസ്ത്രമലക്കൽ ദിവസം തെളിഞ്ഞുനിൽക്കുന്നു. രാവിലെ 5:00 മണിയാകുമ്പോഴേക്ക് അമ്മ എഴുന്നേററു ഞങ്ങളുടെ വലിയ കുടുംബത്തിന്റെ വസ്ത്രങ്ങൾ അലക്കും, ഡാഡി ജോലിക്കു പോകാൻ ഒരുങ്ങുകയായിരിക്കും. അവർ തമ്മിൽ ചൂടുപിടിച്ച മറെറാരു വാദം നടക്കും, മനുഷ്യൻ കോടിക്കണക്കിനു വർഷങ്ങൾകൊണ്ട് എങ്ങനെയോ പരിണമിച്ചുവെന്നു ഡാഡി വാദിക്കും, മനുഷ്യർ ദൈവത്തിന്റെ നേരിട്ടുള്ള സൃഷ്ടികളാണെന്നു തെളിയിക്കാൻ മമ്മി ബൈബിളിൽനിന്ന് ഉദ്ധരിക്കും.
എനിക്കു വെറും ഏഴുവയസ്സായിരുന്നപ്പോൾ പോലും അമ്മക്കാണു സത്യമുണ്ടായിരുന്നതെന്നു ഞാൻ തിരിച്ചറിഞ്ഞു. ഞാൻ ഡാഡിയെ സ്നേഹിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ വിശ്വാസങ്ങൾ ഭാവിക്കുവേണ്ടി പ്രത്യാശ നൽകിയില്ലെന്നു കാണാൻ എനിക്കു കഴിഞ്ഞു. അനേകം വർഷങ്ങൾക്കുശേഷം തന്റെ പുത്രൻമാരിൽ രണ്ടുപേർ അമ്മ വളരെയധികം ഇഷ്ടപ്പെട്ട ഒരു പുസ്തകമായ ബൈബിൾ വായിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന ഒരു ബോർഡ് എഴുതിയതായി അറിഞ്ഞതിൽ എത്ര സന്തോഷിച്ചിരിക്കണം!
എന്നാൽ ഞാൻ എന്റെ കഥ ക്രമത്തിലല്ല പറയുന്നത്. ഇത്ര അനുഗൃഹീതമായ ഒരു ജോലി എനിക്കു കിട്ടിയത് എങ്ങനെയായിരുന്നു? ഞാൻ ജനിക്കുന്നതിനു മൂന്നു വർഷം മുമ്പ്, 1906-ലേക്കു ഞാൻ പോകേണ്ടിയിരിക്കുന്നു.
അമ്മയുടെ വിശ്വസ്തമാതൃക
ആ കാലത്ത് മമ്മിയും ഡാഡിയും വിവാഹിതരായശേഷം താമസിയാതെ അരിസോണയിലെ ഒരു കൂടാരത്തിൽ വസിക്കയായിരുന്നു. ഒരു വേദവിദ്യാർഥി—അന്നു യഹോവയുടെ സാക്ഷികൾ അറിയപ്പെട്ടിരുന്നത് അങ്ങനെയായിരുന്നു—വേദാദ്ധ്യയനപത്രികകൾ എന്ന പേരിൽ ചാൾസ് റെറയ്സ് റസ്സൽ എഴുതിയിരുന്ന പുസ്തകങ്ങളുടെ ഒരു പരമ്പര മമ്മിക്കു സമർപ്പിച്ചു. മമ്മി അവ രാത്രി മുഴുവൻ ഇരുന്നു വായിച്ചു, താൻ അന്വേഷിച്ചുകൊണ്ടിരുന്ന സത്യം ഇതാണെന്നു ബോധ്യപ്പെടുകയും ചെയ്തു. ഡാഡി തൊഴിലന്വേഷണം കഴിഞ്ഞു മടങ്ങിവരുന്നതുവരെ മമ്മിക്കു കാത്തിരിക്കാൻ കഴിഞ്ഞില്ല.
സഭകൾ പഠിപ്പിച്ചുകൊണ്ടിരുന്ന കാര്യങ്ങളിൽ ഡാഡിക്കും തൃപ്തിയില്ലായിരുന്നു, തന്നിമിത്തം അദ്ദേഹം ഈ ബൈബിൾസത്യങ്ങൾ കുറേ കാലത്തേക്കു സ്വീകരിച്ചു. പിന്നീട് അദ്ദേഹം മതപരമായി സ്വന്തവഴിക്കു തിരിഞ്ഞുവെന്നു മാത്രമല്ല അത് അമ്മയ്ക്കു ദുഷ്കരമാക്കുകപോലും ചെയ്തു. എന്നാൽ അമ്മ തന്റെ മക്കളുടെ ശാരീരികവും ആത്മീയവുമായ ആവശ്യങ്ങളിൽ ശ്രദ്ധിക്കുന്നത് ഒരിക്കലും നിർത്തിയില്ല.
ദിവസംമുഴുവൻ കഠിനജോലി ചെയ്തശേഷം ബൈബിളിന്റെ ഒരു ഭാഗം ഞങ്ങളെ വായിച്ചുകേൾപ്പിക്കുന്നതിന് അല്ലെങ്കിൽ എന്തെങ്കിലും വിലപ്പെട്ട ആശയം ഞങ്ങൾക്കു പങ്കുവെക്കുന്നതിന് അമ്മ ഓരോ രാത്രിയിലും താഴത്തെ നിലയിലേക്കു വരുന്നതു ഞാൻ ഒരിക്കലും മറക്കുകയില്ല. ഡാഡിയും ഒരു കഠിനാധ്വാനിയായിരുന്നു. ഞാൻ വളർന്നു പ്രായമായപ്പോൾ അദ്ദേഹം എന്നെ പെയിൻറിങ്ജോലി പഠിപ്പിച്ചു. അതേ, ഡാഡി എന്നെ ജോലി ചെയ്യാൻ പഠിപ്പിച്ചു, എന്നാൽ യേശു നിർദേശിച്ചതുപോലെ എന്തിനുവേണ്ടി ജോലിചെയ്യണമെന്ന് അമ്മ എന്നെ പഠിപ്പിച്ചു, ‘നശിച്ചുപോകാത്ത ആഹാരത്തിനുവേണ്ടി.’—യോഹന്നാൻ 6:27.
ഞങ്ങളുടെ കുടുംബം ഒടുവിൽ സിയാററിലിൽനിന്ന് 180 കിലോമീററർ കിഴക്കു വാഷിങ്ടൺ സംസ്ഥാനത്ത് എലൻസ്ബർഗ് എന്ന ചെറിയ പട്ടണത്തിൽ പാർപ്പുറപ്പിച്ചു. കുട്ടികളായ ഞങ്ങൾ അമ്മയോടൊത്തു വേദവിദ്യാർഥികളുടെ യോഗങ്ങൾക്കു സംബന്ധിക്കാൻ തുടങ്ങിയപ്പോൾ ഞങ്ങൾ സ്വകാര്യഭവനങ്ങളിലാണു കൂടിവന്നിരുന്നത്. വീടുതോറുമുള്ള ശുശ്രൂഷയിൽ പങ്കെടുക്കുന്നതിന്റെ ആവശ്യത്തിന് ഊന്നൽ കൊടുത്തപ്പോൾ
പുരുഷൻമാരെല്ലാം ഞങ്ങളുടെ അധ്യയനകൂട്ടത്തിൽനിന്നു പിരിഞ്ഞുപോയി. എന്നാൽ അമ്മ ഒരിക്കലും ചഞ്ചലിച്ചില്ല. ഇതു യഹോവയുടെ സ്ഥാപനത്തിന്റെ മാർഗനിർദേശത്തിൽ എല്ലായ്പോഴും ആശ്രയിക്കണമെന്നുള്ള ധാരണ എന്നിൽ ഉളവാക്കി.കാലക്രമത്തിൽ പിതാവിനും മാതാവിനും ഒൻപതു മക്കൾ ഉണ്ടായി. അവരുടെ മൂന്നാമത്തെ കുട്ടിയായി 1909 ഒക്ടോബർ 1-നാണ് ഞാൻ ജനിച്ചത്. ഞങ്ങളിൽ മൊത്തം ആറുപേർ അമ്മയുടെ നല്ല മാതൃക അനുസരിച്ചു യഹോവയുടെ തീക്ഷ്ണതയുള്ള സാക്ഷികളായിത്തീർന്നു.
സമർപ്പണവും സ്നാപനവും
കൗമാരം കഴിഞ്ഞതോടെ ഞാൻ യഹോവക്ക് ഒരു സമർപ്പണം നടത്തി. ഇതു ഞാൻ 1927-ൽ ജലസ്നാപനത്താൽ ലക്ഷ്യപ്പെടുത്തി. സിയാററിലിൽ മുമ്പ് ഒരു ബാപ്ററിസ്ററ് പള്ളിയായിരുന്ന ഒരു പഴയ കെട്ടിടത്തിലാണു സ്നാപനം നടത്തിയത്. അവർ പഴയ മണിമാളിക നീക്കംചെയ്തിരുന്നതിൽ ഞാൻ സന്തുഷ്ടനാണ്. താഴത്തെ കുളത്തിലേക്കു ഞങ്ങളെ നയിച്ചു, അവിടെ ഞങ്ങൾക്കു ധരിക്കാൻ നീണ്ട കരിങ്കുപ്പായങ്ങൾ നൽകപ്പെട്ടു. ഞങ്ങൾ ശവസംസ്കാരത്തിനു പോകുന്നതുപോലെ തോന്നി.
ഏതാനും മാസങ്ങൾ കഴിഞ്ഞ് ഞാൻ വീണ്ടും സിയാററിലിൽ എത്തി. ആ സമയത്താണു ഞാൻ വീടുതോറുമുള്ള സാക്ഷീകരണത്തിന്റെ ആദ്യരുചി അറിഞ്ഞത്. നേതൃത്വം വഹിച്ചുകൊണ്ടിരുന്ന ആൾ എന്നോട് “ഈ ഭാഗത്തു നീ പോകുക, ഞാൻ ആ വഴിയേ പോകാം” എന്നു നിർദേശിച്ചു. ഭയമുണ്ടായിരുന്നിട്ടും ഞാൻ വളരെ നല്ല ഒരു സ്ത്രീക്കു രണ്ടു കൂട്ടം ചെറുപുസ്തകങ്ങൾ സമർപ്പിച്ചു. ഞാൻ എലൻബർഗിലേക്കു മടങ്ങിപ്പോയപ്പോൾ വീടുതോറുമുള്ള ശുശ്രൂഷ തുടർന്നു. ഇപ്പോൾ ഏതാണ്ട് 70 വർഷങ്ങൾക്കുശേഷം അത്തരം സേവനം എനിക്ക് ഇപ്പോഴും വലിയ സന്തോഷമാണ്.
ലോക ആസ്ഥാനത്തെ സേവനം
താമസിയാതെ, വാച്ച്ടവർ സൊസൈററിയുടെ ലോക ആസ്ഥാനമായ ബ്രുക്ലിൻ ബെഥേലിൽ സേവിച്ചിരുന്ന ഒരാൾ അവിടെ സേവിക്കാൻ സന്നദ്ധനാകാൻ എന്നെ പ്രോത്സാഹിപ്പിച്ചു. ഞങ്ങളുടെ സംഭാഷണം നടന്ന് അധികം താമസിയാതെ ബെഥേലിൽ സഹായത്തിന്റെ ആവശ്യമുള്ളതായി വീക്ഷാഗോപുരമാസികയിൽ ഒരു അറിയിപ്പു വന്നു. ഞാൻ അപേക്ഷിച്ചു. 1930 മാർച്ച് 10-ന് ന്യൂയോർക്ക്, ബ്രുക്ലിനിലെ ബെഥേൽ സേവനത്തിന് എത്തിച്ചേരാൻ അറിയിപ്പു കിട്ടിയപ്പോഴത്തെ എന്റെ സന്തോഷം ഞാൻ ഒരിക്കലും മറക്കുകയില്ല. അങ്ങനെയാണു ‘നശിച്ചുപോകാത്ത ആഹാരത്തിനു’വേണ്ടി പ്രവർത്തിക്കുന്ന എന്റെ മുഴുസമയ ജീവിതവൃത്തി തുടങ്ങിയത്.
ഒരു പെയിൻറർ ആയുള്ള എന്റെ പരിചയസമ്പത്തു നിമിത്തം എന്തെങ്കിലും എഴുതാൻ ഞാൻ നിയമിക്കപ്പെട്ടേക്കുമെന്ന് ഒരുവൻ ചിന്തിച്ചേക്കാം. മറിച്ച്, എന്റെ ആദ്യജോലി ഫാക്ടറിയിലെ തുന്നൽ യന്ത്രത്തിൽ പണിചെയ്യുക എന്നതായിരുന്നു. ഇതു വളരെ മുഷിപ്പനായ ഒരു ജോലിയായിരുന്നെങ്കിലും ആറിലധികം വർഷം ഞാൻ ആ ജോലി ആസ്വദിച്ചു. ഞങ്ങൾ വാത്സല്യപൂർവം പഴയ യുദ്ധക്കപ്പൽ എന്നു വിളിച്ചിരുന്ന വലിയ
റോട്ടറിപ്രസ്സ് ഉത്പാദിപ്പിച്ച ചെറുപുസ്തകങ്ങൾ, ഒരു കൺവേയർ ബൽററിലൂടെ താഴത്തെ നിലയിലേക്ക് അയയ്ക്കപ്പെട്ടു. യുദ്ധക്കപ്പലിൽനിന്നു ചെറുപുസ്തകങ്ങൾ കിട്ടുന്ന അതേ വേഗത്തിൽ അവ പിൻചെയ്യാൻ കഴിയുമോ എന്നു കാണുന്നതിൽ ഞങ്ങൾക്കു രസം തോന്നി.പിന്നീടു ഞാൻ ഗ്രാമഫോൺ നിർമിക്കുന്ന വകുപ്പ് ഉൾപ്പെടെ പല വകുപ്പുകളിൽ ജോലി ചെയ്തു. റെക്കോർഡുചെയ്ത ബൈബിൾ സന്ദേശങ്ങൾ കേൾപ്പിക്കുന്നതിനു വീട്ടുകാരുടെ വാതിൽപടിയിങ്കൽ ഞങ്ങൾ ഈ യന്ത്രങ്ങൾ ഉപയോഗിച്ചു. ഞങ്ങളുടെ ഡിപ്പാർട്ടുമെൻറിലെ സന്നദ്ധസേവകർ ഒരു ലംബ ഗ്രാമഫോൺ രൂപകൽപ്പനചെയ്ത് ഉത്പാദിപ്പിച്ചു. ഈ ഗ്രാമഫോൺ മുന്നമേ റെക്കോർഡുചെയ്ത സന്ദേശങ്ങൾ കേൾപ്പിക്കുകമാത്രമല്ല, ചെറുപുസ്തകങ്ങളും ഒരുപക്ഷേ ഒരു സാൻഡ്വിച്ചും വെച്ചുകൊണ്ടുപോകാനുള്ള ഇടം പ്രദാനംചെയ്യുകയും ചെയ്തു. 1940-ൽ മിച്ചിഗൻ, ഡട്രോയിററിലെ ഒരു കൺവെൻഷനിൽ ഈ ഉപകരണത്തിന്റെ ഉപയോഗം പ്രകടിപ്പിച്ചുകാണിക്കുന്നതിന്റെ പദവി എനിക്കു ലഭിച്ചു.
എന്നിരുന്നാലും, ഞങ്ങൾ നാടൻ യന്ത്രങ്ങൾ നിർമിക്കുന്നതിലധികം ചെയ്തു. ഞങ്ങൾ പ്രധാനപ്പെട്ട ആത്മീയ പരിഷ്കാരങ്ങളും വരുത്തിക്കൊണ്ടിരുന്നു. ഉദാഹരണത്തിന്, യഹോവയുടെ സാക്ഷികൾ ഒരു കുരിശും കിരീടവും സഹിതമുള്ള ഒരു പിൻ ധരിക്കുക പതിവായിരുന്നു. എന്നാൽ യേശു ഒരു കുരിശിലല്ല, പിന്നെയോ നേരെയുള്ള സ്തംഭത്തിലാണു വധിക്കപ്പെട്ടതെന്നു ഞങ്ങൾ പിന്നീടു മനസ്സിലാക്കാനിടയായി. (പ്രവൃത്തികൾ 5:30) തന്നിമിത്തം ഈ പിൻ ധരിക്കുന്നതു നിർത്തി. പിന്നുകളിൽനിന്നു കൊളുത്തുകൾ വേർപെടുത്തുന്നത് എന്റെ പദവിയായിരുന്നു. പിന്നീട് അതിലെ സ്വർണം ഉരുക്കി വിററു.
ഓരോ വാരത്തിലും അഞ്ചര ദിവസത്തെ തിരക്കുപിടിച്ച വേലയുടെ പട്ടിക ഞങ്ങൾക്കുണ്ടായിരുന്നെങ്കിലും വാരാന്തങ്ങളിൽ ഞങ്ങൾ ക്രിസ്തീയ ശുശ്രൂഷയിൽ ഏർപ്പെട്ടിരുന്നു. ഒരു ദിവസം, ഞങ്ങളിൽ 16 പേർ ബ്രുക്ലിനിൽ അറസ്ററു ചെയ്യപ്പെടുകയും ജയിലിലടയ്ക്കപ്പെടുകയും ചെയ്തു. എന്തിന്? ആ നാളുകളിൽ എല്ലാ മതവും വ്യാജമതത്തിന്റെ പര്യായമാണെന്നു ഞങ്ങൾ കരുതിയിരുന്നു. തന്നിമിത്തം ഞങ്ങൾ ഒരു വശത്തു “മതം ഒരു കെണിയും ഒരു വഞ്ചനയുമാകുന്നു” എന്നും മറുവശത്തു “ദൈവത്തെയും രാജാവായ ക്രിസ്തുവിനെയും സേവിക്കുക” എന്നും എഴുതിയ ബോർഡുകൾ വഹിച്ചിരുന്നു. ഈ ബോർഡുകൾ വഹിച്ചതിനു ഞങ്ങളെ ജയിലിലടച്ചു, എന്നാൽ വാച്ച്ടവർ സൊസൈററിയുടെ വക്കീലായ ഹെയ്ഡൻ കൊവിംഗ്ടൻ ഞങ്ങളെ ജാമ്യത്തിലിറക്കി. അക്കാലത്ത് ആരാധനാസ്വാതന്ത്ര്യം ഉൾപ്പെടുന്ന അനേകം കേസുകൾ ഐക്യനാടുകളിലെ സുപ്രീം കോടതിയിൽ നടക്കുന്നുണ്ടായിരുന്നു. ബെഥേലിലായിരിക്കുന്നതും നമ്മുടെ വിജയങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ആദ്യം കേൾക്കുന്നതും പുളകപ്രദമായിരുന്നു.
ഒടുവിൽ എന്റെ പെയിൻറിങ് പരിചയം പ്രയോജനപ്പെടുത്തിയ ജോലികൾക്കു ഞാൻ നിയമിതനായി. ന്യൂയോർക്ക് നഗരത്തിലെ അഞ്ചു ചെറുപട്ടണങ്ങളിലൊന്നായ സ്ററാററൻ ഐലണ്ടിൽ നമുക്കു ഡബ്ലിയൂബിബിആർ എന്ന റേഡിയോ നിലയം ഉണ്ടായിരുന്നു. നിലയത്തിന്റെ റേഡിയോ ടവറുകൾക്ക് 60-ൽപ്പരം മീററർ ഉയരമുണ്ടായിരുന്നു. അവയ്ക്ക് മൂന്നു സെററ് താങ്ങുവയറുകൾ ഉണ്ടായിരുന്നു. ഞാൻ .9 മീററർ നീളവും 20 സെൻറീമീററർ വീതിയുമുള്ള ഒരു പലകയിൽ ഇരിക്കവേ ഒരു കൂട്ടുജോലിക്കാരൻ എന്നെ ഉയർത്തിപ്പിടിച്ചു. തറയിൽനിന്ന് ഉയർന്ന ആ ചെറിയ ഇരുപ്പിടത്തിൽ ഇരുന്നു ഞാൻ താങ്ങുവയറുകളും ടവറുകളും പെയിൻറുചെയ്തു. ആ ജോലി ചെയ്യവേ ഞങ്ങൾ വളരെയധികം പ്രാർഥിച്ചില്ലേ എന്നു പലരും എന്നോടു ചോദിച്ചിട്ടുണ്ട്!
ഞാൻ ഒരിക്കലും മറക്കുകയില്ലാത്ത ഒരു വേനൽക്കാല ജോലി ഫാക്ടറിക്കെട്ടിടത്തിന്റെ ജനാലകൾ കഴുകുന്നതും ജനൽപ്പടികൾ പെയിൻറു ചെയ്യുന്നതുമായിരുന്നു. ഞങ്ങൾ അതിനെ ഞങ്ങളുടെ വേനലവധി എന്നു വിളിച്ചു. ഞങ്ങൾ ഞങ്ങളുടെ മരത്തട്ടുകൾ സജ്ജീകരിക്കുകയും ബ്ലോക്ക് ആൻഡ് ററാക്കിൾ ഉപയോഗിച്ചു എട്ടുനിലക്കെട്ടിടത്തിലേക്കു ഞങ്ങളെ ഉയർത്തുകയും താഴ്ത്തുകയും ചെയ്തു.
പിന്തുണക്കുന്ന ഒരു കുടുംബം
1932-ൽ എന്റെ പിതാവു മരിച്ചു. ഞാൻ വീട്ടിൽ പോയി അമ്മയെ ശുശ്രൂഷിക്കണമോയെന്നു ഞാൻ ശങ്കിച്ചു. അങ്ങനെ സൊസൈററിയുടെ പ്രസിഡണ്ടായ റതർഫോർഡ് സഹോദരൻ ഇരുന്നിരുന്ന അധ്യക്ഷ മേശയിൽ ഞാൻ ഒരുദിവസം ഉച്ചഭക്ഷണത്തിനു മുമ്പ് ഒരു കുറിപ്പു വെച്ചു. അതിൽ അദ്ദേഹത്തോടു സംസാരിക്കാൻ അനുവാദത്തിനു ഞാൻ അപേക്ഷിച്ചു. എന്റെ ഉത്കണ്ഠ മനസ്സിലാക്കിക്കൊണ്ടും വീട്ടിൽ അപ്പോഴും താമസിക്കുന്ന സഹോദരീസഹോദരൻമാർ എനിക്കുണ്ടെന്നു തിരിച്ചറി
ഞ്ഞുകൊണ്ടും അദ്ദേഹം ചോദിച്ചു, “ബെഥേലിൽ താമസിച്ചുകൊണ്ടു കർത്താവിന്റെ വേല ചെയ്യാൻ നീ ആഗ്രഹിക്കുന്നുവോ?”“തീർച്ചയായും ഞാൻ ആഗ്രഹിക്കുന്നു,” ഞാൻ പ്രതിവചിച്ചു.
തന്നിമിത്തം ഇവിടെ കഴിയാനുള്ള എന്റെ തീരുമാനത്തോട് അമ്മ യോജിക്കുന്നുവോ എന്നറിയാൻ ഞാൻ അമ്മക്കെഴുതാൻ അദ്ദേഹം നിർദേശിച്ചു. ഞാൻ അതാണു ചെയ്തത്. എന്റെ തീരുമാനത്തോടു പൂർണമായി യോജിച്ചുകൊണ്ട് അമ്മ തിരിച്ചെഴുതി. റതർഫോർഡ് സഹോദരന്റെ ദയയെയും ബുദ്ധ്യുപദേശത്തെയും ഞാൻ യഥാർഥമായി വിലമതിച്ചു.
ഞാൻ ബെഥേലിൽ കഴിഞ്ഞ അനേകം വർഷങ്ങളിൽ ഞാൻ എന്റെ കുടുംബത്തിനു ക്രമമായി എഴുതുകയും യഹോവയെ സേവിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമായിരുന്നു, അമ്മ എന്നെ പ്രോത്സാഹിപ്പിച്ചിരുന്നതുപോലെ. അമ്മ 1937 ജൂലൈയിൽ മരിച്ചു. അവർ ഞങ്ങളുടെ കുടുംബത്തിന് എന്തൊരു പ്രചോദനമായിരുന്നു! എന്റെ മൂത്ത സഹോദരനും സഹോദരിയുമായ പോളും എസ്ഥേറും എന്റെ ഇളയ സഹോദരിയായ ലോയിസും മാത്രമേ സാക്ഷികളാകാതിരുന്നുള്ളു. എന്നിരുന്നാലും പോൾ ഞങ്ങളുടെ വേലയോട് ആനുകൂല്യം കാണിക്കുകയും ഞങ്ങൾ ആദ്യ രാജ്യഹാൾ പണിത സ്ഥലം നൽകുകയും ചെയ്തു.
1936-ൽ എന്റെ ഇളയ സഹോദരിയായ ഈവാ ഒരു പയനിയർ അഥവാ മുഴുസമയപ്രസംഗക ആയിത്തീർന്നു. അതേ വർഷം അവൾ റാൾഫ് തോമസിനെ വിവാഹംചെയ്തു. 1939-ൽ യഹോവയുടെ സാക്ഷികളുടെ സഭകളെ സേവിക്കുന്നതിന് അവർ സഞ്ചാരപ്രവർത്തനത്തിനു നിയമിക്കപ്പെട്ടു. പിന്നീട് അവർ മെക്സിക്കോയിലേക്കു പോയി അവിടെ രാജ്യവേലയിൽ സഹായിച്ചുകൊണ്ട് 25 വർഷം ചെലവഴിച്ചു.
1939-ൽ എന്റെ സഹോദരിമാരായ ആലീസും ഫ്രാൻസസും പയനിയർസേവനം ഏറെറടുത്തു. ഉണ്ടാക്കാൻ ഞാൻ സഹായിച്ചിരുന്ന ഗ്രാമഫോൺ ഉപകരണത്തിന്റെ ഉപയോഗം പ്രകടിപ്പിച്ചുകാണിച്ചുകൊണ്ട് 1941-ൽ സെൻറ്ലൂയിസ് കൺവെൻഷനിലെ ഒരു ഡിപ്പാർട്ടുമെൻറ് കൗണ്ടറിന്റെ പിന്നിൽ ആലീസ് ഇരിക്കുന്നതു കണ്ടത് എന്തൊരു സന്തോഷമായിരുന്നു! കുടുംബ ഉത്തരവാദിത്വങ്ങൾ നിമിത്തം ആലീസിനു ചിലപ്പോഴൊക്കെ പയനിയറിങ് മുടക്കേണ്ടിവന്നെങ്കിലും അവൾ മൊത്തം 40-ൽപ്പരം വർഷം മുഴുസമയശുശ്രൂഷയിൽ ചെലവഴിച്ചിരിക്കുന്നു. ഫ്രാൻസസ് 1944-ൽ വാച്ച്ടവർ ഗിലെയാദ് ബൈബിൾസ്ക്കൂളിൽ സംബന്ധിക്കുന്നതിനു പോയി, കുറേക്കാലം മിഷനറിയായി പ്യൂർട്ടോറിക്കയിൽ സേവിക്കയും ചെയ്തു.
കുടുംബത്തിലെ ഏററവും ഇളയ രണ്ടുപേരായ ജോയലും എൽവുഡും 1940-കളുടെ തുടക്കത്തിൽ മോണ്ടാനയിൽ പയനിയർമാരായി. ജോയൽ ഒരു വിശ്വസ്തസാക്ഷിയായി തുടർന്ന് ഇപ്പോൾ ഒരു ശുശ്രൂഷാദാസനായി സേവിക്കുന്നു. എൽവുഡ് 1944-ൽ എന്റെ ഹൃദയത്തിനു വലിയ സന്തോഷം കൈവരുത്തിക്കൊണ്ടു ബെഥേലിൽ എന്നോടു ചേർന്നു. ഞാൻ വീട്ടിൽനിന്നു പോകുമ്പോൾ അവന് അഞ്ചുവയസ്സുതന്നെ ഇല്ലായിരുന്നു. നേരത്തെ പ്രസ്താവിച്ചതുപോലെ, “ദൈവത്തിന്റെ വചനമായ വിശുദ്ധബൈബിൾ ദിവസവും വായിക്കുക” എന്ന ആ ബോർഡ് ഫാക്ടറിക്കെട്ടിടത്തിൽ എഴുതുന്നതിന് ഞങ്ങൾ ഒരുമിച്ചു പണിയെടുക്കുകയുണ്ടായി. വർഷങ്ങളിൽ ആ ബോർഡു കണ്ട എത്രപേർ ബൈബിൾ വായിക്കുന്നതിനു പ്രോത്സാഹിപ്പിക്കപ്പെട്ടിട്ടുണ്ടെന്നു ഞാൻ മിക്കപ്പോഴും അതിശയിച്ചിട്ടുണ്ട്.
എൽവുഡ് 1956 വരെ ബെഥേലിൽ സേവിച്ചു, അന്ന് അവൻ എമാ ഫൈറ്ളറിനെ വിവാഹം ചെയ്തു. അനേകവർഷക്കാലം എൽവുഡും എമായും മുഴുസമയശുശ്രൂഷയിൽ ഒരുമിച്ചു വേലചെയ്തു. കുറേക്കാലം ആഫ്രിക്കയിലെ കെനിയായിലും സ്പെയിനിലും സേവിച്ചു. എൽവുഡ് കാൻസർ ബാധിച്ച് 1978-ൽ സ്പെയിനിൽവെച്ചു മരിച്ചു. എമാ സ്പെയ്നിൽ ഇന്നോളം പയനിയർവേലയിൽ തുടർന്നിരിക്കുന്നു.
വിവാഹവും കുടുംബവും
1953 സെപ്ററംബറിൽ ആലീസ് റിവെറായെ വിവാഹംകഴിക്കാൻ ഞാൻ ബെഥേൽ വിട്ടു, അവൾ ഞാൻ സംബന്ധിച്ചിരുന്ന ബ്രുക്ലിൻ, സെൻട്രൽ സഭയിലെ ഒരു പയനിയറായിരുന്നു. എനിക്കു സ്വർഗീയ പ്രത്യാശയാണുള്ളതെന്നു ഞാൻ ആലീസിനെ അറിയിച്ചു, എന്നിട്ടും അവൾ എന്നെ വിവാഹം കഴിക്കുന്നതിൽ തത്പരയായിരുന്നു.—ഫിലിപ്പിയർ 3:14.
ബെഥേലിൽ 23 വർഷം താമസിച്ചശേഷം പയനിയർവേലയിൽ എന്നെയും ആലീസിനെയും പോററുന്നതിന് ഒരു പെയിൻററായി ലൗകികജോലി തുടങ്ങുന്നത് ഒരു ക്രമീകരണംതന്നെയായിരുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ ആലീസിന് പയനിയറിങ് നിർത്തേണ്ടിവന്നപ്പോൾപോലും അവൾ എല്ലായ്പോഴും പിന്തുണ നൽകുന്നവളായിരുന്നു. 1954-ൽ ഞങ്ങൾ ഞങ്ങളുടെ ആദ്യ കുട്ടിയെ പ്രതീക്ഷിച്ചു. പ്രസവം സുകരമല്ലായിരുന്നു. എന്നാൽ ഞങ്ങളുടെ പുത്രനായ ജോണിനു കുഴപ്പമൊന്നുമില്ലായിരുന്നു. സിസേറിയൻശസ്ത്രക്രിയയുടെ സമയത്ത് ആലീസിന് വളരെയധികം രക്തം നഷ്ടപ്പെട്ടതുകൊണ്ട് അവൾ ജീവിക്കുമെന്നു ഡോക്ടർമാർ വിചാരിച്ചില്ല. ഒരു ഘട്ടത്തിൽ അവളുടെ സ്പന്ദനംപോലും അവർക്കു കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. എന്നിട്ടും അവൾ ആ രാത്രിയെ അതിജീവിക്കുകയും കാലക്രമത്തിൽ പൂർണസുഖം പ്രാപിക്കുകയും ചെയ്തു.
ചുരുക്കംചില വർഷങ്ങൾക്കുശേഷം, ആലീസിന്റെ പിതാവു മരിച്ചപ്പോൾ അവളുടെ അമ്മയോടുകൂടെയായിരിക്കാൻ ഞങ്ങൾ ലോംഗ് ഐലണ്ടിൽ കുറേക്കൂടെ ദൂരെ പോയി. ഞങ്ങൾക്ക് ഒരു കാർ ഇല്ലായിരുന്നതുകൊണ്ട് ഞാൻ നടന്നിരുന്നു, അല്ലെങ്കിൽ ബസ്സും ഭൂഗർഭ വാഹനവും ഉപയോഗിച്ചിരുന്നു. അങ്ങനെ പയനിയർവേലയിൽ തുടരാനും എന്റെ കുടുംബത്തെ പോററാനും എനിക്കു കഴിഞ്ഞു. മുഴുസമയ ശുശ്രൂഷയുടെ സന്തോഷങ്ങൾ ഏതു ത്യാഗങ്ങളെക്കാളും വളരെ മുൻതൂക്കമുള്ളതായിരുന്നു. ഒരു സാക്ഷിയായിത്തീരാൻ നേട്ടമുണ്ടാക്കാമായിരുന്ന ബേസ്ബോൾ ജീവിതവൃത്തി ഉപേക്ഷിച്ച ജോ നാത്താലിയെപ്പോലുള്ള ആളുകളെ സഹായിച്ചത് എന്റെ അനേകം അനുഗ്രഹങ്ങളിൽ ഒന്നുമാത്രമായിരുന്നു.
1967-ൽ ന്യൂയോർക്ക് പ്രദേശത്ത് അവസ്ഥകൾ ഏറെ വഷളായതോടെ, എന്റെ സ്വന്ത പട്ടണമായ എലൻബർഗിൽ താമസിക്കാൻ ആലീസിനെയും ജോണിനെയും തിരികെ കൊണ്ടുപോകാൻ ഞാൻ തീരുമാനിച്ചു. എന്റെ അമ്മയുടെ ഇത്രയധികം കൊച്ചുമക്കളും അവരുടെ മക്കളും മുഴുസമയശുശ്രൂഷയിൽ പങ്കെടുക്കുന്നതു കാണുന്നതു പ്രതിഫലദായകമാണെന്നു ഞാൻ കണ്ടെത്തുന്നു. ചിലർ ബെഥേലിൽ പോലും സേവിക്കുന്നു. ജോൺ അവന്റെ ഭാര്യയോടും മക്കളോടുംകൂടെ വിശ്വസ്തമായി യഹോവയെ സേവിക്കുന്നു.
സങ്കടകരമെന്നു പറയട്ടെ, 1989-ൽ എനിക്ക് എന്റെ പ്രിയപ്പെട്ട ഭാര്യ ആലീസിനെ മരണത്തിൽ നഷ്ടപ്പെട്ടു. മുഴുസമയശുശ്രൂഷയിൽ തിരക്കോടെ ഏർപ്പെടുന്നതു നഷ്ടം സഹിച്ചുനിൽക്കുന്നതിന് എന്നെ സഹായിച്ചിരിക്കുന്നു. എന്റെ സഹോദരിയായ ആലീസും ഞാനും ഇപ്പോൾ ഒരുമിച്ചു പയനിയറിങ് ആസ്വദിക്കുന്നു. ഒരു മേൽക്കൂരയിൻകീഴിൽ വീണ്ടും ജീവിക്കുന്നതും ഈ അതിപ്രധാന വേലയിൽ തിരക്കോടെ ഏർപ്പെടുന്നതും എത്ര നല്ലതാണ്!
1994-ലെ വസന്തത്തിൽ കഴിഞ്ഞ 25 വർഷത്തിൽ ആദ്യമായി ഞാൻ ബെഥേൽ സന്ദർശിച്ചു. ഞാൻ 40-ൽപ്പരം വർഷം മുമ്പ് കൂട്ടത്തിൽ വേലചെയ്ത ഡസൻകണക്കിനാളുകളെ കാണുന്നത് എന്തൊരു സന്തോഷമായിരുന്നു! 1930-ൽ ഞാൻ ബെഥേലിൽ പോയപ്പോൾ ബ്രുക്ലിൻ ബെഥേൽ കുടുംബത്തിൽ 250 പേരേ ഉണ്ടായിരുന്നുള്ളു. എന്നാൽ ഇന്ന് ബെഥേൽകുടുംബത്തിലെ അംഗങ്ങളുടെ എണ്ണം 3,500-ൽ കൂടുതലാണ്!
ആത്മീയാഹാരത്താൽ പോഷിപ്പിക്കപ്പെടുന്നു
മിക്ക ദിവസവും രാവിലെ ഞാൻ ഞങ്ങളുടെ വീടിന്റെ അടുത്തുള്ള യാക്കിമാ നദീതീരത്തുകൂടെ നടക്കുന്നു. അവിടെനിന്ന് എനിക്ക് വായുവിലേക്കു 4,300 മീററർ ഉയർന്നു നിൽക്കുന്ന പകിട്ടേറിയ ഹിമാവൃത റെയ്നീർപർവതം കാണാനാവും. വന്യമൃഗങ്ങൾ ധാരാളമുണ്ട്. ചിലപ്പോൾ ഞാൻ മാനിനെ കാണാറുണ്ട്. ഒരിക്കൽ ഞാൻ ഒരു മ്ലാവിനെപ്പോലും കണ്ടു.
ഒററയ്ക്കിരിക്കുന്ന ഈ പ്രശാന്ത സമയങ്ങൾ യഹോവയുടെ അത്ഭുതകരമായ കരുതലുകളെക്കുറിച്ചു ധ്യാനിക്കാൻ എന്നെ അനുവദിക്കുന്നു. യഹോവയാം ദൈവത്തെ വിശ്വസ്തമായി സേവിക്കുന്നതിൽ തുടരാനുള്ള ശക്തിക്കുവേണ്ടി ഞാൻ പ്രാർഥിക്കുന്നു. നടന്നുപോകുമ്പോൾ വിശേഷാൽ “യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കൽ” എന്ന പാട്ടു പാടുന്നതും എനിക്കിഷ്ടമാണ്. അതിലെ വാക്കുകൾ ഇങ്ങനെ പറയുന്നു: “യാഹേ ഞങ്ങൾ സമർപ്പിതർ; നിൻ വേല ചെയ്യും ജ്ഞാനത്താൽ. ഞങ്ങൾക്കുണ്ടാകും പങ്കപ്പോൾ നിന്നെ മോദിപ്പിക്കുന്നതിൽ.”
യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന ഒരു വേല ചെയ്യാൻ തിരഞ്ഞെടുത്തതിൽ ഞാൻ സന്തുഷ്ടനാണ്. വാഗ്ദത്തം ചെയ്യപ്പെട്ടിരിക്കുന്ന സ്വർഗീയ പ്രതിഫലം പ്രാപിക്കുന്നതുവരെ ഈ വേല ചെയ്യുന്നതിൽ തുടരാൻ ഇടയാകട്ടെ എന്നു ഞാൻ പ്രാർഥിക്കുന്നു. ‘നശിച്ചുപോകാത്ത ആഹാരത്തിനുവേണ്ടി പ്രവർത്തിക്കാൻ’ തങ്ങളുടെ ജീവിതത്തെ ഉപയോഗിക്കുന്നതിനു മററുള്ളവരെയും ഈ വിവരണം പ്രേരിപ്പിക്കട്ടേയെന്നാണ് എന്റെ ആഗ്രഹം.—യോഹന്നാൻ 6:27.
[23-ാം പേജിലെ ചിത്രം]
എൽവുഡ്, “ദൈവവചനമായ വിശുദ്ധ ബൈബിൾ ദിവസവും വായിക്കുക” എന്ന ബോർഡ് എഴുതുന്നു
[24-ാം പേജിലെ ചിത്രം]
ഗ്രാൻഡ് സൂട്ടറോടും ജോൺ കഴ്സനോടും കൂടെ 1940-ലെ കൺവെൻഷനിൽ പുതിയ ഗ്രാമഫോൺ പ്രകടിപ്പിച്ചുകാണിക്കുന്നു
[25-ാം പേജിലെ ചിത്രം]
1944-ൽ, സത്യത്തിലായിരുന്ന ഞങ്ങളെല്ലാം മുഴുസമയശുശ്രൂഷയിലായിരുന്നു: ഡേവിഡ്, ആലീസ്, ജോയൽ, ഈവാ, എൽവുഡ്, ഫ്രാൻസസ്
[25-ാം പേജിലെ ചിത്രം]
ഇപ്പോഴും ജീവിച്ചിരിക്കുന്ന കൂടപ്പിറപ്പുകൾ ഇടത്തുനിന്ന്: ആലീസ്, ഈവാ, ജോയൽ, ഡേവിഡ്, ഫ്രാൻസസ്