നിത്യതയുടെ രാജാവിനെ സ്തുതിക്കുക!
നിത്യതയുടെ രാജാവിനെ സ്തുതിക്കുക!
“യഹോവ എന്നെന്നേക്കും രാജാവാകുന്നു.”—സങ്കീർത്തനം 10:16.
1. നിത്യതസംബന്ധിച്ച് ഏതു ചോദ്യങ്ങൾ ഉദിക്കുന്നു?
നിത്യത—അത് എന്താണെന്നു നിങ്ങൾ പറയും? സമയത്തിനു യഥാർഥത്തിൽ എന്നേക്കും തുടരാൻ കഴിയുമെന്നു നിങ്ങൾ വിചാരിക്കുന്നുവോ? ശരി, സമയം ഭൂതകാലത്തേക്ക് എന്നേക്കും നീണ്ടുകിടക്കുന്നുവെന്നുള്ളതിനു സംശയമില്ല. അങ്ങനെയെങ്കിൽ ഭാവിയിലേക്ക് എന്നേക്കും എന്തുകൊണ്ടു നീണ്ടുകിടന്നുകൂടാ? വാസ്തവത്തിൽ ബൈബിളിന്റെ പുതിയലോക ഭാഷാന്തരം “അനിശ്ചിതകാലംമുതൽ അനിശ്ചിതകാലത്തോളം തന്നെ” ദൈവം സ്തുതിക്കപ്പെടുന്നതായി പരാമർശിക്കുന്നു. (സങ്കീർത്തനം 41:13) ഈ പദപ്രയോഗം എന്തർഥമാക്കുന്നു? നാം ബന്ധപ്പെട്ട ഒരു വിഷയത്തെ—ആകാശത്തെ—പരാമർശിക്കുന്നുവെങ്കിൽ അതു മനസ്സിലാക്കാൻ നാം സഹായിക്കപ്പെട്ടേക്കാം.
2, 3. (എ) നിത്യതയെ വിലമതിക്കാൻ നമ്മെ സഹായിക്കുന്നതായി ആകാശത്തെ സംബന്ധിച്ച എന്തു സംഗതികളുണ്ട്? (ബി) നാം നിത്യതയുടെ രാജാവിനെ ആരാധിക്കാൻ ആഗ്രഹിക്കേണ്ടത് എന്തുകൊണ്ട്?
2 ആകാശം എത്ര വിസ്തൃതമാണ്? അതിന് ഏതെങ്കിലും അതിരുണ്ടോ? 400 വർഷം മുമ്പുവരെ നമ്മുടെ ഭൂമിയാണു പ്രപഞ്ചത്തിന്റെ കേന്ദ്രമെന്നു വിചാരിക്കപ്പെട്ടിരുന്നു. പിന്നീട്, ഗലീലിയോ ആകാശങ്ങളെസംബന്ധിച്ച് അത്യന്തം വിപുലമായ ഒരു വീക്ഷണത്തിന് ഇടമുണ്ടാക്കിക്കൊണ്ടു ദൂരദർശിനി വികസിപ്പിച്ചെടുത്തു. ഇപ്പോൾ ഗലീലിയോയ്ക്ക് അനേകം നക്ഷത്രങ്ങൾകൂടെ കാണാൻ കഴിഞ്ഞു, ഭൂമിയും മററു ഗ്രഹങ്ങളും സൂര്യനു ചുററും കറങ്ങുന്നുവെന്നു തെളിയിക്കാനും സാധിച്ചു. ക്ഷീരപഥം മേലാൽ ക്ഷീരനിറത്തിലുള്ളതായി തോന്നിയില്ല. അത് 10,000 കോടിയോളം വരുന്ന ഒരു താരാപംക്തി ആണെന്നു തെളിഞ്ഞു. അത്രയധികം യഥാർഥ നക്ഷത്രങ്ങളെ നമുക്ക് ഒരിക്കലും എണ്ണാൻ കഴിയില്ല, ഒരു മനുഷ്യായുസ്സുകൊണ്ടുപോലും. പിന്നീട് ജ്യോതിശ്ശാസ്ത്രജ്ഞർ കോടിക്കണക്കിനു താരാപംക്തികൾ കണ്ടുപിടിച്ചുതുടങ്ങി. ഇവ അനന്തമായി ആകാശത്തിലേക്കു നീണ്ടുകിടക്കുകയാണ്, ഏററവും ശക്തിയുള്ള ദൂരദർശിനികൾക്കു ചുഴിഞ്ഞുനോക്കാൻ കഴിയുന്നടത്തോ ളം ദൂരത്തിൽ. ആകാശത്തിന് അതിരുകളില്ലെന്നു തോന്നുന്നു. നിത്യതയുടെ കാര്യത്തിലും ഇതുതന്നെ സത്യമാണ്—അതിന് അതിരുകളില്ല.
3 നിത്യതയുടെ ആശയം നമ്മുടെ പരിമിതമായ മനുഷ്യമസ്തിഷ്കങ്ങളുടെ ഗ്രാഹ്യത്തിന് അതീതമാണെന്നു തോന്നുന്നു. എന്നിരുന്നാലും, അതു പൂർണമായി മനസ്സിലാകുന്ന ഒരുവനുണ്ട്. അവനു ശതകോടിക്കണക്കിനുള്ള താരാപംക്തികളിൽ അതിരററ സഹസ്രകോടിക്കണക്കിനുള്ള നക്ഷത്രങ്ങളെ എണ്ണാൻ, അതേ, പേർവിളിക്കാൻ പോലും, കഴിയും! ഈ ഒരുവൻ പറയുന്നു: “നിങ്ങൾ കണ്ണു മേലോട്ടു ഉയർത്തി നോക്കുവിൻ; ഇവയെ സൃഷ്ടിച്ചതാർ? അവൻ അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കയും അവയെ എല്ലാം പേർ ചൊല്ലി വിളിക്കയും ചെയ്യുന്നു; അവന്റെ വീര്യമാഹാത്മ്യം നിമിത്തവും അവന്റെ ശക്തിയുടെ ആധിക്യംനിമിത്തവും അവയിൽ ഒന്നും കുറഞ്ഞുകാണുകയില്ല. നിനക്കറിഞ്ഞുകൂടയോ? നീ കേട്ടിട്ടില്ലയോ? യഹോവ നിത്യദൈവം; ഭൂമിയുടെ അറുതികളെ സൃഷ്ടിച്ചവൻ തന്നേ; അവൻ ക്ഷീണിക്കുന്നില്ല, തളർന്നുപോകുന്നതുമില്ല; അവന്റെ ബുദ്ധി അപ്രമേയമത്രേ.” (യെശയ്യാവു 40:26, 28) അത്യത്ഭുതവാനായ എന്തൊരു ദൈവം! തീർച്ചയായും, നാം ആരാധിക്കാൻ ആഗ്രഹിക്കേണ്ട ദൈവം അവനാണ്!
‘എന്നെന്നേക്കും രാജാവ്’
4. (എ) ദാവീദ് നിത്യതയുടെ രാജാവിനോടുള്ള വിലമതിപ്പു പ്രകടമാക്കിയത് എങ്ങനെ? (ബി) ചരിത്രത്തിലെ ഏററവും വലിയ ശാസ്ത്രജ്ഞൻമാരിൽ ഒരാൾ പ്രപഞ്ചത്തിന്റെ ഉത്ഭവം സംബന്ധിച്ച് എന്തു നിഗമനം ചെയ്തു?
4 സ്രഷ്ടാവായ ദൈവത്തെക്കുറിച്ചു സങ്കീർത്തനം 10:16-ൽ “യഹോവ എന്നെന്നേക്കും രാജാവാകുന്നു” എന്നു ദാവീദു പറയുന്നു. സങ്കീർത്തനം 29:10-ൽ അവൻ ആവർത്തിക്കുന്നു: “യഹോവ എന്നേക്കും രാജാവായി ഇരിക്കുന്നു.” അതേ, യഹോവ നിത്യതയുടെ രാജാവാകുന്നു! കൂടാതെ, ഈ ഉന്നതനായ രാജാവ് നാം ആകാശത്തു കാണുന്ന സകലത്തിന്റെയും സംവിധായകനും നിർമാതാവുമാണെന്നു സാക്ഷ്യപ്പെടുത്തിക്കൊണ്ടു സങ്കീർത്തനം 19:1-ൽ ദാവീദു പറയുന്നു: “ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു.” ഏകദേശം 2,700 വർഷം കഴിഞ്ഞ്, പ്രസിദ്ധ ശാസ്ത്രജ്ഞനായ സർ ഐസക് ന്യൂട്ടൻ ദാവീദിനോടു യോജിപ്പു പ്രകടമാക്കിക്കൊണ്ട് എഴുതി: “സൂര്യൻമാരുടെയും ഗ്രഹങ്ങളുടെയും ധൂമകേതുക്കളുടെയും ഈ അത്യന്തം രമണീയമായ വ്യൂഹം പ്രബുദ്ധനും ശക്തനുമായ ഒരുവന്റെ ഉദ്ദേശ്യത്തിൽനിന്നും പരമാധികാരത്തിൽനിന്നും മാത്രമേ സംജാതമാകാൻ കഴിയൂ.”
5. ജ്ഞാനത്തിന്റെ ഉറവിനെസംബന്ധിച്ച് യെശയ്യാവും പൗലോസും എന്ത് എഴുതി?
5 വിസ്തൃതമായ ‘സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗത്തിലും പോലും അടങ്ങുകയില്ലാത്ത’ പരമാധികാരിയാം കർത്താവായ യഹോവ നിത്യമായി ജീവിക്കുന്നുവെന്ന് അറിയുന്നതു നമ്മെ എത്ര വിനീതരാക്കേണ്ടതാണ്! (1 രാജാക്കൻമാർ 8:27) യെശയ്യാവു 45:18-ൽ ‘ഭൂമിയെ നിർമ്മിച്ചുണ്ടാക്കിയവനും ആകാശത്തെ സൃഷ്ടിച്ചവനുമായി’ വർണിച്ചിരിക്കുന്ന യഹോവ മരണമുള്ള മനുഷ്യമസ്തിഷ്കങ്ങൾക്ക് അളക്കാൻ കഴിയുന്നതിനെക്കാൾ അതിവിപുലമായ ജ്ഞാനത്തിന്റെ ഉറവാണ്. 1 കൊരിന്ത്യർ 1:19-ൽ പ്രദീപ്തമാക്കിയിരിക്കുന്ന പ്രകാരം “ജ്ഞാനികളുടെ ജ്ഞാനം ഞാൻ നശിപ്പിക്കയും ബുദ്ധിമാൻമാരുടെ ബുദ്ധി ദുർബ്ബലമാക്കുകയും ചെയ്യും” എന്നു യഹോവ പറഞ്ഞു. അപ്പോസ്തലനായ പൗലോസ് 20-ാം വാക്യത്തിൽ ഇങ്ങനെ കൂട്ടിച്ചേർത്തു: “ജ്ഞാനി എവിടെ? ശാസ്ത്രി എവിടെ? ഈ ലോകത്തിലെ താർക്കികൻ എവിടെ? ലോകത്തിന്റെ ജ്ഞാനം ദൈവം ഭോഷത്വമാക്കിയില്ലയോ?” അതെ, 3-ാം അധ്യായം 19-ാം വാക്യത്തിൽ പൗലോസ് തുടർന്നു പറഞ്ഞപ്രകാരം “ഈ ലോകത്തിന്റെ ജ്ഞാനം ദൈവസന്നിധിയിൽ ഭോഷത്വമത്രേ.”
6. “നിത്യത”സംബന്ധിച്ചു സഭാപ്രസംഗി 3:11 എന്തു സൂചിപ്പിക്കുന്നു?
6 ആകാശഗോളങ്ങൾ ശലോമോൻ രാജാവ് പരാമർശിച്ച സൃഷ്ടിയുടെ ഭാഗമാണ്: “[ദൈവം] സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്തു നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു; എങ്കിലും ദൈവം ആദിയോടന്തം ചെയ്യുന്ന പ്രവൃത്തിയെ ഗ്രഹിപ്പാൻ അവർക്കു കഴിവില്ല.” (സഭാപ്രസംഗി 3:11) സത്യമായി, “നിത്യത”യുടെ അർഥം ഗ്രഹിക്കാനുള്ള ശ്രമം മനുഷ്യഹൃദയത്തിൽ നട്ടിരിക്കുകയാണ്. എന്നാൽ അവന് അങ്ങനെയുള്ള പരിജ്ഞാനം പ്രാപിക്കുക എന്നെങ്കിലും സാധ്യമാണോ?
അത്ഭുതകരമായ ഒരു ജീവിതപ്രതീക്ഷ
7, 8. (എ) മനുഷ്യവർഗത്തിന്റെ മുമ്പിൽ ഏത് അത്ഭുതകരമായ ജീവിതപ്രതീക്ഷ സ്ഥിതിചെയ്യുന്നു, അത് എങ്ങനെ പ്രാപിക്കാം? (ബി) ദിവ്യവിദ്യാഭ്യാസം സകല നിത്യതയിലും തുടരുന്നതിൽ നാം സന്തോഷിക്കേണ്ടത് എന്തുകൊണ്ട്?
7 യഹോവയോടുള്ള പ്രാർഥനയിൽ യേശുക്രിസ്തു ഇങ്ങനെ പറഞ്ഞു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതുതന്നേ നിത്യജീവൻ ആകുന്നു.” (യോഹന്നാൻ 17:3) നമുക്ക് അങ്ങനെയുള്ള അറിവ് എങ്ങനെ നേടാനാവും? നാം ദൈവവചനമായ വിശുദ്ധബൈബിൾ പഠിക്കേണ്ടതുണ്ട്. അതിലൂടെ ഒരു പറുദീസാഭൂമിയിലെ നിത്യജീവനുവേണ്ടി തന്റെ പുത്രൻമുഖാന്തരം ചെയ്തിരിക്കുന്ന കരുതൽ ഉൾ പ്പെടെയുള്ള ദൈവത്തിന്റെ മഹത്തായ ഉദ്ദേശ്യങ്ങളെക്കുറിച്ചുള്ള സൂക്ഷ്മമായ അറിവു നമുക്കു നേടാനാവും. അതായിരിക്കും 1 തിമൊഥെയൊസ് 6:19-ൽ പരാമർശിച്ചിരിക്കുന്ന ‘സാക്ഷാലുള്ള ജീവൻ.’ അതു “നമ്മുടെ കർത്താവായ യേശുക്രിസ്തുവിനോടുള്ള ബന്ധത്തിൽ [ദൈവം] രൂപപ്പെടുത്തിയ നിത്യോദ്ദേശ്യം” എന്നു എഫേസ്യർ 3:11 [NW] വർണിക്കുന്നതിനോടു യോജിപ്പിലായിരിക്കും.
8 അതേ, പാപപൂർണരായിരിക്കുന്ന മനുഷ്യരായ നമുക്കു ദിവ്യ വിദ്യാഭ്യാസത്തിലൂടെയും യേശുവിന്റെ മറുവിലയാഗത്തിലുള്ള വിശ്വാസത്തിലൂടെയും നിത്യജീവൻ പ്രാപിക്കാവുന്നതാണ്. ഈ വിദ്യാഭ്യാസം എത്രനാൾ തുടരും? നമ്മുടെ സ്രഷ്ടാവിന്റെ ജ്ഞാനത്തിൽ മനുഷ്യവർഗം പടിപടിയായി പ്രബോധിപ്പിക്കപ്പെടുമ്പോൾ അതു സകല നിത്യതയിലേക്കും നീളും. യഹോവയുടെ ജ്ഞാനത്തിന് അതിരുകളില്ല. ഇതു തിരിച്ചറിഞ്ഞുകൊണ്ട് അപ്പോസ്തലനായ പൗലോസ് ഇങ്ങനെ ഉദ്ഘോഷിച്ചു: “ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികൾ എത്ര അപ്രമേയവും അവന്റെ വഴികൾ എത്ര അഗോചരവും ആകുന്നു.” (റോമർ 11:33) തീർച്ചയായും 1 തിമൊഥെയൊസ് 1:17 യഹോവയെ ‘നിത്യതയുടെ രാജാവ്’ എന്നു വിളിക്കുന്നത് ഉചിതമാണ്!
യഹോവയുടെ സൃഷ്ടിപരമായ ജ്ഞാനം
9, 10. (എ) മനുഷ്യവർഗത്തിനുള്ള തന്റെ ദാനമെന്ന നിലയിൽ ഭൂമിയെ ഒരുക്കുന്നതിൽ യഹോവ ഏതു മഹത്തായ വേലകൾ നിർവഹിച്ചു? (ബി) യഹോവയുടെ സൃഷ്ടികളിൽ അവന്റെ മികച്ച ജ്ഞാനം പ്രകടമാക്കപ്പെട്ടിരിക്കുന്നത് എങ്ങനെ? (ചതുരം കാണുക.)
9 നിത്യതയുടെ രാജാവ് നമുക്കു പ്രദാനംചെയ്തിരിക്കുന്ന വിശിഷ്ടമായ പൈതൃകത്തെക്കുറിച്ചു ചിന്തിക്കുക. സങ്കീർത്തനം 115:16 നമ്മോടു പറയുന്നു: “സ്വർഗ്ഗം യഹോവയുടെ സ്വർഗ്ഗമാകുന്നു; ഭൂമിയെ അവൻ മനുഷ്യർക്കു കൊടുത്തിരിക്കുന്നു.” അത് വിശ്വസിച്ച് ഏൽപ്പിച്ചിരിക്കുന്ന വിശിഷ്ടമായ ഒരു സ്വത്താണെന്നു നിങ്ങൾ വിചാരിക്കുന്നില്ലേ? തീർച്ചയായും! ഭൂമിയെ നമ്മുടെ ഭവനമായി ഒരുക്കിയതിലുള്ള നമ്മുടെ സ്രഷ്ടാവിന്റെ മുന്തിയ മുൻകാഴ്ചയെ നാം എത്ര വിലമതിക്കുന്നു!—സങ്കീർത്തനം 107:8.
10 ഉല്പത്തി 1-ാം അധ്യായത്തിലെ ആറു സൃഷ്ടിപ്പിൻ “ദിവസ”ങ്ങളിൽ ഭൂമിയിൽ അത്ഭുതകരമായ സംഭവവികാസങ്ങൾ ഉണ്ടായി. ആ ഓരോ ദിവസവും ആയിരക്കണക്കിനു വർഷങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു. ദൈവത്തിന്റെ ഈ സൃഷ്ടികൾ അന്തിമമായി മുഴുഭൂമിയെയും പച്ചപ്പുൽപ്പരവതാനികൊണ്ടും മഹത്ത്വമാർന്ന വനങ്ങളാലും വർണപ്പൊലിമയുള്ള പുഷ്പങ്ങളാലും ആവരണം ചെയ്യും, ആവേശം പകരുന്ന അനവധി വിശിഷ്ട സമുദ്രജീവികളും ചിറകടിച്ചുപറക്കുന്ന മനോഹരമായ പക്ഷിക്കൂട്ടങ്ങളും ഓരോന്നും ‘അതതു തരത്തെ’ ഉളവാക്കുന്ന ഒട്ടേറെ വീട്ടുമൃഗങ്ങളും കാട്ടുമൃഗങ്ങളും നിറഞ്ഞുകവിയും. മനുഷ്യന്റെയും സ്ത്രീയുടെയും സൃഷ്ടിപ്പിന്റെ വർണനയെ തുടർന്ന് “താൻ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി, അതു എത്രയും നല്ലതു എന്നു കണ്ടു” എന്ന് ഉല്പത്തി 1:31 പ്രതിപാദിക്കുന്നു. ആ ആദ്യമനുഷ്യർക്കു ചുററും എത്ര ഉല്ലാസപ്രദമായ പരിസ്ഥിതിയാണുണ്ടായിരുന്നത്! ഈ സൃഷ്ടികളിലെല്ലാം നാം ഒരു സ്നേഹവാനായ സ്രഷ്ടാവിന്റെ ജ്ഞാനവും മുൻകാഴ്ചയും പരിപാലനവും കാണുന്നില്ലേ?—യെശയ്യാവു 45:11, 12, 18.
11. യഹോവയുടെ സൃഷ്ടിപരമായ ജ്ഞാനത്തെ ശലോമോൻ മഹിമപ്പെടുത്തിയത് എങ്ങനെ?
11 നിത്യതയുടെ രാജാവിന്റെ ജ്ഞാനത്തിൽ അത്ഭുതപരതന്ത്രനായ ഒരുവൻ ശലോമോൻ ആയിരുന്നു. അവൻ സ്രഷ്ടാവിന്റെ ജ്ഞാനത്തിലേക്ക് ആവർത്തിച്ചു ശ്രദ്ധ ക്ഷണിച്ചു. (സദൃശവാക്യങ്ങൾ 1:1, 2; 2:1, 6; 3:13-18) “ഭൂമിയോ എന്നേക്കും നില്ക്കുന്നു” എന്നു ശലോമോൻ നമുക്ക് ഉറപ്പുനൽകുന്നു. നമ്മുടെ ഭൂമിക്കു നവോൻമേഷം പകരുന്നതിൽ മഴമേഘങ്ങൾ വഹിക്കുന്ന പങ്ക് ഉൾപ്പെടെ സൃഷ്ടിയിലെ അനേകം അത്ഭുതങ്ങളെ അവൻ വിലമതിച്ചു. തന്നിമിത്തം, അവൻ ഇങ്ങനെ എഴുതി: “സകല നദികളും സമുദ്രത്തിലേക്കു ഒഴുകിവീഴുന്നു; എന്നിട്ടും സമുദ്രം നിറയുന്നില്ല; നദികൾ ഒഴുകിവീഴുന്ന ഇടത്തേക്കു പിന്നെയും പിന്നെയും ചെല്ലുന്നു.” (സഭാപ്രസംഗി 1:4, 7) അങ്ങനെ മഴയും നദികളും ഭൂമിയെ പുതുക്കിയശേഷം അവയിലെ വെള്ളങ്ങൾ സമുദ്രത്തിൽനിന്നു മേഘങ്ങളിലേക്കു പുനഃചക്രണം ചെയ്യപ്പെടുന്നു. വെള്ളത്തിന്റെ ഈ ശുദ്ധീകരണവും പുനഃചക്രണവും ഇല്ലായിരുന്നെങ്കിൽ ഈ ഭൂമി എന്തുപോലാകുമായിരുന്നു, നമ്മുടെ സാഹചര്യങ്ങൾ എന്താകുമായിരുന്നു?
12, 13. ദൈവത്തിന്റെ സൃഷ്ടിയോടു നമുക്ക് എങ്ങനെ വിലമതിപ്പു പ്രകടമാക്കാവുന്നതാണ്?
12 സൃഷ്ടിയിലെ സമനിലയോടുള്ള നമ്മുടെ വിലമതിപ്പ് പ്രവർത്തനത്താൽ പിന്താങ്ങപ്പെടണം, സഭാപ്രസംഗിയിലെ സമാപനവാക്കുകളിൽ ശലോമോൻ രാജാവു കുറിക്കൊണ്ടതുപോലെതന്നെ: “എല്ലാററിന്റെയും സാരം കേൾക്കുക; ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണിച്ചുകൊൾക; അതു ആകുന്നു സകല മനുഷ്യർക്കും വേണ്ടുന്നതു. ദൈവം നല്ലതും തീയതുമായ സകലപ്രവൃത്തിയെയും സകല രഹസ്യങ്ങളുമായി ന്യായവിസ്താരത്തിലേക്കു വരുത്തുമല്ലോ.” (സഭാപ്രസംഗി 12:13, 14) ദൈവത്തിന് അപ്രീതികരമായ എന്തെങ്കിലും ചെയ്യുന്നതിനു നാം ഭയപ്പെടണം. മറിച്ച്, നാം ഭയാദരവോടെ അവനെ അനുസരിക്കാൻ ശ്രമിക്കണം.
13 തീർച്ചയായും നാം നിത്യതയുടെ രാജാവിനെ അവന്റെ മഹത്തായ സൃഷ്ടിക്രിയകൾ നിമിത്തം സ്തുതിക്കാനാഗ്രഹിക്കണം! സങ്കീർത്തനം 104:24 ഇങ്ങനെ പ്രഖ്യാപിക്കുന്നു: “യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു! ജ്ഞാനത്തോടെ നീ അവയെ ഒക്കെയും ഉണ്ടാക്കിയിരിക്കുന്നു; ഭൂമി നിന്റെ സൃഷ്ടികളാൽ നിറെഞ്ഞിരിക്കുന്നു.” “എൻ മനമേ, യഹോവയെ വാഴ്ത്തുക; യഹോവയെ സ്തുതിപ്പിൻ” എന്നു നമ്മോടുതന്നെയും മററുള്ളവരോടും പറഞ്ഞുകൊണ്ട് ഈ സങ്കീർത്തനത്തിലെ അവസാനത്തെ വാക്യത്തോടു നമുക്കു സന്തോഷത്തോടെ യോജിക്കാം.
മകുടംചാർത്തുന്ന ഭൗമികസൃഷ്ടി
14. ഏതു വിധങ്ങളിലാണു ദൈവത്തിന്റെ മനുഷ്യസൃഷ്ടി മൃഗങ്ങളെക്കാൾ വളരെ മികച്ചതായിരിക്കുന്നത്?
14 യഹോവയുടെ സൃഷ്ടിയെല്ലാം അതിവിശിഷ്ടമാണ്. എന്നാൽ ഏററവും ശ്രദ്ധേയമായ ഭൗമികസൃഷ്ടി നമ്മളാണ്—മനുഷ്യവർഗം. യഹോവയുടെ ആറാം സൃഷ്ടിദിവസത്തിന്റെ പാരമ്യമെന്ന നിലയിൽ ആദാമും അനന്തരം ഹവ്വായും ഉളവാക്കപ്പെട്ടു—മത്സ്യങ്ങളെയും പക്ഷികളെയും മൃഗങ്ങളെയുംകാൾ വളരെ മികച്ച ഒരു സൃഷ്ടിതന്നെ! ഇവയിൽ അനേകവും സഹജജ്ഞാനമുള്ളതാണെങ്കിലും മനുഷ്യവർഗത്തിനു ന്യായചിന്താപ്രാപ്തിയും തെററും ശരിയും തിരിച്ചറിയാൻ കഴിയുന്ന ഒരു മനഃസാക്ഷിയും ഭാവിക്കുവേണ്ടി ആസൂത്രണംചെയ്യാനുള്ള പ്രാപ്തിയും ആരാധിക്കാനുള്ള ഒരു അദമ്യമായ ആഗ്രഹവും കൊടുക്കപ്പെട്ടു. ഇതെല്ലാം എങ്ങനെ സംഭവിച്ചു? ബുദ്ധിയില്ലാത്ത ജന്തുക്കളിൽനിന്നു പരിണമിക്കുന്നതിനു പകരം മനുഷ്യൻ ദൈവത്തിന്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ടു. അതിൻപ്രകാരം മനുഷ്യനുമാത്രമേ നമ്മുടെ സ്രഷ്ടാവിന്റെ ഗുണങ്ങളെ പ്രതിഫലിപ്പിക്കാൻ കഴിയൂ. “യഹോവ, യഹോവയായ ദൈവം, കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയുമുള്ളവൻ” എന്നു സ്രഷ്ടാവു തന്നേത്തന്നെ തിരിച്ചറിയിച്ചു.—പുറപ്പാടു 34:6.
15. നാം വിനീതമായി യഹോവയെ കീർത്തിക്കേണ്ടത് എന്തുകൊണ്ട്?
15 നമ്മുടെ ശരീരത്തിന്റെ അസാധാരണമായ രൂ പസംവിധാനത്തിന് നമുക്കു യഹോവയെ സ്തുതിക്കയും അവനു നന്ദി കൊടുക്കയും ചെയ്യാം. ജീവന് അത്യന്താപേക്ഷിതമായ നമ്മുടെ രക്തധാര ഓരോ 60 സെക്കണ്ടിലും ശരീരത്തിലൂടെ ചുററിസഞ്ചരിക്കുന്നു. ആവർത്തനപുസ്തകം 12:23 [NW] പ്രസ്താവിക്കുന്നതുപോലെ, “രക്തം ദേഹി ആകുന്നു”—ദൈവദൃഷ്ടിയിൽ വിലയേറിയ നമ്മുടെ ജീവൻ. ഏതു മൃഗമസ്തിഷ്കത്തെക്കാളും വളരെ മികച്ചതും ഒരു അംബരചുംബിയുടെ വലിപ്പമുള്ള ഒരു കമ്പ്യൂട്ടറിന് ഉൾക്കൊള്ളാൻ കഴിയാത്ത പ്രാപ്തികളോടുകൂടിയതുമായ ഒരു തലച്ചോർ ദൃഢതയുള്ള അസ്ഥികൾക്കും വഴക്കമുള്ള മാംസപേശികൾക്കും പ്രതികരണശേഷിയുള്ള ഒരു നാഡീവ്യവസ്ഥയ്ക്കും മകുടം ചാർത്തുന്നു. ഇതു നിങ്ങളെ വിനീതരാക്കുന്നില്ലേ? വിനീതരാക്കണം. (സദൃശവാക്യങ്ങൾ 22:4) ഇതും പരിഗണിക്കുക: ആയിരക്കണക്കിനുള്ള ഭാഷകളിൽ ഏതിലും മനുഷ്യസംസാരം പ്രദാനംചെയ്യുന്നതിനു നമ്മുടെ ശ്വാസകോശങ്ങളും കണ്ഠനാളവും നാവും പല്ലുകളും വായും പ്രതിപ്രവർത്തനം നടത്തുന്നു. “ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു; അതു എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു” എന്നു പറഞ്ഞുകൊണ്ട് ദാവീദ് യഹോവയ്ക്ക് ഉചിതമായ കീർത്തനം പാടി. (സങ്കീർത്തനം 139:14) നമ്മുടെ അത്ഭുതരൂപസംവിധായകനും ദൈവവുമായ യഹോവക്കു നന്ദിപൂർവം സ്തുതികരേററുന്നതിൽ നമുക്കു ദാവീദിനോടു ചേരാം!
16. ഒരു പ്രസിദ്ധ സംഗീതജ്ഞൻ യഹോവയുടെ സ്തുതിക്കായി ഏതു കീർത്തനം രചിച്ചു, ഏതു നിർബന്ധപൂർവകമായ ക്ഷണത്തോടു നാം പ്രതികരിക്കേണ്ടതാണ്?
16 ജോസഫ് ഹേഡൻ രചിച്ച 18-ാം നൂററാണ്ടിലെ ഒരു സങ്കീർത്തനികയുടെ സംഗീതഗ്രന്ഥം യഹോവയെ സ്തുതിച്ചുകൊണ്ട് ഇങ്ങനെ പറയുന്നു: “അത്ഭുതകരമായ അവന്റെ സകല പ്രവൃത്തികളുമേ അവനു നന്ദി കൊടുക്കുക! അവന്റെ ബഹുമാനത്തിനു പാടുക, അവന്റെ മഹത്വത്തിനു പാടുക, അവന്റെ നാമത്തെ വാഴ്ത്തുകയും മഹിമപ്പെടുത്തുകയും ചെയ്യുക! യഹോവയുടെ സ്തുതി എന്നുമെന്നേക്കും നിലനിൽക്കുന്നു, ആമേൻ, ആമേൻ!” 107-ാം സങ്കീർത്തനത്തിൽ നാലു പ്രാവശ്യം നീട്ടിത്തരുന്ന ക്ഷണംപോലെ, മിക്കപ്പോഴും ആവർത്തിക്കപ്പെടുന്ന സങ്കീർത്തനങ്ങളിലെ നിശ്വസ്തമൊഴികൾ അതിലും മനോഹരമാണ്: “അവർ യഹോവയെ അവന്റെ നൻമയെ ചൊല്ലിയും മനുഷ്യപുത്രൻമാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.” നിങ്ങൾ ആ സ്തുതിയിൽ ചേരുന്നുവോ? നിങ്ങൾ ചേരണം, കാരണം യഥാർഥത്തിൽ മനോഹരമായതിന്റെയെല്ലാം ഉറവ് നിത്യതയുടെ രാജാവായ യഹോവയാണ്.
കുറേക്കൂടെ വീര്യമേറിയ പ്രവൃത്തികൾ
17. ‘മോശെയുടെയും കുഞ്ഞാടിന്റെയും പാട്ട്’ യഹോവയെ പുകഴ്ത്തുന്നത് എങ്ങനെ?
17 കഴിഞ്ഞ ആറായിരം വർഷക്കാലത്ത്, നിത്യതയുടെ രാജാവ് കുറേക്കൂടെ വീര്യമേറിയ പ്രവൃത്തികൾ ആരംഭിച്ചിരിക്കുന്നു. ബൈബിളിന്റെ അവസാനത്തെ പുസ്തകത്തിൽ, വെളിപ്പാടു 15:3, 4-ൽ ഭൂതശത്രുക്കളുടെമേൽ വിജയംവരിച്ചവരായി സ്വർഗത്തിലുള്ളവരെക്കുറിച്ചു നാം വായിക്കുന്നു: “അവർ ദൈവത്തിന്റെ ദാസനായ മോശെയുടെ പാട്ടും കുഞ്ഞാടിന്റെ പാട്ടും പാടി ചൊല്ലിയതു: സർവ്വശക്തിയുള്ള ദൈവമായ കർത്താവേ, [“യഹോവേ,” NW] നിന്റെ പ്രവൃത്തികൾ വലുതും അത്ഭുതവുമായവ; സർവ്വജാതികളുടെയും രാജാവേ, നിന്റെ വഴികൾ നീതിയും സത്യവുമുള്ളവ. കർത്താവേ, ആർ നിന്റെ നാമത്തെ ഭയപ്പെടാതെയും മഹത്വപ്പെടുത്താതെയും ഇരിക്കും? നീയല്ലോ ഏക പരിശുദ്ധൻ; നിന്റെ ന്യായവിധികൾ വിളങ്ങിവന്നതിനാൽ സകല ജാതികളും വന്നു തിരുസന്നിധിയിൽ നമസ്കരിക്കും.” ഇത് ‘മോശെയുടെയും കുഞ്ഞാടിന്റെയും പാട്ട്’ എന്നു വിളിക്കപ്പെടുന്നത് എന്തുകൊണ്ട്? നമുക്കു കാണാം.
18. പുറപ്പാടു 15-ാം അധ്യായത്തിലെ പാട്ടിൽ ഏതു വീര്യപ്രവൃത്തിയുടെ സ്മരണ നിലനിർത്തിയിരിക്കുന്നു?
18 ഏതാണ്ടു 3,500 വർഷം മുമ്പ്, ഫറവോന്റെ ശക്തമായ സൈന്യം ചെങ്കടലിൽ നശിച്ചപ്പോൾ ഇസ്രായേല്യർ നന്ദിപൂർവം പാട്ടുപാടി യഹോവയെ സ്തുതിച്ചു. പുറപ്പാടു 15:1, 18-ൽ നാം വായിക്കുന്നു: “മോശെയും യിസ്രായേൽമക്കളും അന്നു യഹോവെക്കു സങ്കീർത്തനം പാടി ചൊല്ലിയതു എന്തെന്നാൽ: ഞാൻ യഹോവെക്കു പാട്ടുപാടും, അവൻ മഹോന്നതൻ; കുതിരയെയും അതിൻമേൽ ഇരുന്നവനെ യും അവൻ കടലിൽ തള്ളിയിട്ടിരിക്കുന്നു. യഹോവ എന്നും എന്നേക്കും രാജാവായി വാഴും.” ഈ നിത്യതയുടെ രാജാവിന്റെ നീതിയുള്ള വിധികൾ തന്റെ പരമാധികാരത്തെ ധിക്കരിച്ച ശത്രുക്കളുടെമേലുള്ള ന്യായവിധിനിർവഹണത്തിൽ പ്രകടമായിരുന്നു.
19, 20. (എ) യഹോവ ഇസ്രായേൽജനതയെ രൂപവൽക്കരിച്ചത് എന്തിന്? (ബി) കുഞ്ഞാടും മററുള്ളവരും സാത്താന്റെ വെല്ലുവിളിക്ക് എങ്ങനെ ഉത്തരം കൊടുത്തിരിക്കുന്നു?
19 ഇത് ആവശ്യമായിത്തീർന്നത് എന്തുകൊണ്ടായിരുന്നു? നമ്മുടെ ആദ്യ മാതാപിതാക്കളെ കൗശലമേറിയ പാമ്പ് പാപത്തിലേക്കു നയിച്ചത് ഏദെൻതോട്ടത്തിൽവെച്ചായിരുന്നു. ഇതു സകല മനുഷ്യവർഗത്തിലേക്കും പാപപൂർണമായ അപൂർണത കടക്കുന്നതിൽ കലാശിച്ചു. എന്നിരുന്നാലും, നിത്യതയുടെ രാജാവ് തന്റെ ആദിമ ഉദ്ദേശ്യത്തോടുള്ള യോജിപ്പിൽ പെട്ടെന്നുതന്നെ നടപടികൾ സ്വീകരിച്ചു. അതു തന്റെ സകല ശത്രുക്കളെയും ഭൂപ്രദേശത്തുനിന്നു ബഹിഷ്കരിക്കുന്നതിലേക്കും പറുദീസായവസ്ഥകൾ പുനഃസ്ഥാപിക്കുന്നതിലേക്കും നയിക്കും. നിത്യതയുടെ രാജാവ് ഇത് എങ്ങനെ നിറവേററുമെന്നു മുൻനിഴലാക്കിക്കാണിക്കാൻ ഇസ്രായേൽജനതയെ രൂപവൽക്കരിക്കയും തന്റെ ന്യായപ്രമാണം കൊടുക്കുകയും ചെയ്തു.—ഗലാത്യർ 3:24.
20 എങ്കിലും, കാലക്രമത്തിൽ ഇസ്രായേൽതന്നെ അവിശ്വസ്തതയിലേക്ക് ആണ്ടിറങ്ങി. ഈ പരിതാപകരമായ അവസ്ഥ അതിലെ നേതാക്കൻമാർ ക്രൂരമായി ദണ്ഡിപ്പിച്ചുകൊല്ലാൻ ദൈവത്തിന്റെ ഏകജാതനായ പുത്രനെ റോമാക്കാർക്കു വിട്ടുകൊടുത്തപ്പോൾ പാരമ്യത്തിലെത്തി. (പ്രവൃത്തികൾ 10:39; ഫിലിപ്പിയർ 2:8) എന്നിരുന്നാലും, ബലിക്കുള്ള “ദൈവത്തിന്റെ കുഞ്ഞാട്” എന്നനിലയിലുള്ള യേശുവിന്റെ മരണത്തോളമുള്ള നിർമലത ഭൂമിയിലെ യാതൊരു മനുഷ്യനും ഒരു കഠിനപരിശോധനയിൽ ദൈവത്തോടു വിശ്വസ്തനായി നിലനിൽക്കാൻകഴിയില്ലെന്നുള്ള, ദൈവത്തിന്റെ പുരാതനശത്രുവായ സാത്താന്റെ വെല്ലുവിളിയെ പ്രമുഖമായി ഖണ്ഡിച്ചു. (യോഹന്നാൻ 1:29, 36; ഇയ്യോബ് 1:9-12; 27:5) ആദാമിൽനിന്ന് അപൂർണത അവകാശപ്പെടുത്തിയെങ്കിലും ദൈവഭയമുള്ള ലക്ഷക്കണക്കിനു മററു മനുഷ്യർ സാത്താന്യാക്രമണം ഗണ്യമാക്കാതെ നിർമലത പാലിച്ചുകൊണ്ടു യേശുവിന്റെ കാൽചുവടുകളെ പിന്തുടർന്നിരിക്കുന്നു.—1 പത്രൊസ് 1:18, 19; 2:19, 21.
21. പ്രവൃത്തികൾ 17:29-31-നു ചേർച്ചയിൽ അടുത്തതായി എന്തു ചർച്ചചെയ്യും?
21 ഇപ്പോൾ ആ വിശ്വസ്തർക്കു യഹോവ പ്രതിഫലം കൊടുക്കാനും സത്യത്തിന്റെയും നീതിയുടെയും സകല ശത്രുക്കളെയും ന്യായം വിധിക്കാനുമുള്ള ദിവസം ആഗതമായിരിക്കുന്നു. (പ്രവൃത്തികൾ 17:29-31) ഇത് എങ്ങനെ സംഭവിക്കും? നമ്മുടെ അടുത്ത ലേഖനം പറയും.
പുനരവലോകന ചതുരം
◻ യഹോവ ഉചിതമായി ‘നിത്യതയുടെ രാജാവ്’ എന്നു വിളിക്കപ്പെടുന്നത് എന്തുകൊണ്ട്?
◻ യഹോവയുടെ ജ്ഞാനം അവന്റെ സൃഷ്ടികളിൽ പ്രകടിതമായിരിക്കുന്നത് എങ്ങനെ?
◻ മനുഷ്യവർഗം ഒരു വിദഗ്ധസൃഷ്ടിയായിരിക്കുന്നത് ഏതു വിധങ്ങളിൽ?
◻ ഏതു പ്രവൃത്തികൾ ‘മോശയുടെയും കുഞ്ഞാടിന്റെയും പാട്ട്’ ആവശ്യമാക്കിത്തീർക്കുന്നു?
[അധ്യയന ചോദ്യങ്ങൾ]
[12-ാം പേജിലെ ചതുരം]
യഹോവയുടെ മികച്ച ജ്ഞാനം
നിത്യതയുടെ രാജാവിന്റെ ജ്ഞാനം ഭൂമിയിലെ അവന്റെ ഉത്പന്നങ്ങളിൽ വളരെയേറെ വിധങ്ങളിൽ പ്രതിഫലിക്കുന്നുണ്ട്. ആഗൂറിന്റെ വചനങ്ങൾ ശ്രദ്ധിക്കുക: “ദൈവത്തിന്റെ സകല വചനവും ശുദ്ധി ചെയ്തതാകുന്നു.; തന്നിൽ ആശ്രയിക്കുന്നവർക്കു അവൻ പരിചതന്നേ.” (സദൃശവാക്യങ്ങൾ 30:5) അനന്തരം ആഗൂർ ദൈവത്തിന്റെ വലുതും ചെറുതുമായ ജീവനുള്ള അനേകം സൃഷ്ടികളെ പരാമർശിക്കുന്നു. ദൃഷ്ടാന്തത്തിന്, 24 മുതൽ 28 വരെയുള്ള വാക്യങ്ങളിൽ ‘ഭൂമിയിൽ എത്രയും ചെറിയവയെങ്കിലും അത്യന്തം ജ്ഞാനമുള്ള [“സഹജജ്ഞാനമുള്ള,” NW] നാലു’ ജീവികളെക്കുറിച്ച് അവൻ വർണിക്കുന്നു. അവ ഉറുമ്പു, കുഴിമുയൽ, വെട്ടുക്കിളി, പല്ലി എന്നിവയാണ്.
“സഹജജ്ഞാനമുള്ള”—അതെ, മൃഗങ്ങളെ ആവിധത്തിലാണ് നിർമിച്ചിരിക്കുന്നത്. അവ മനുഷ്യരെപ്പോലെ കാര്യങ്ങൾ സംബന്ധിച്ചു ന്യായവാദംചെയ്യാതെ ഉൾനട്ടിട്ടുള്ള ജ്ഞാനത്തിൽ ആശ്രയിക്കുന്നു. നിങ്ങൾ ഇതിൽ എന്നെങ്കിലും അത്ഭുതപ്പെട്ടിട്ടുണ്ടോ? അവ എത്ര സംഘടിതരായ സൃഷ്ടികളാണ്! ഉദാഹരണത്തിന്, ഉറുമ്പുകൾ കോളനികളായി സംഘടിപ്പിക്കപ്പെട്ടിരിക്കുന്നു, അവയിൽ റാണിയും വേലക്കാരികളും ആണുങ്ങളും ഉൾപ്പെടുന്നു. ചില ജാതികളിൽ വേലക്കാർ അവ നിർമിച്ചിരിക്കുന്ന വളപ്പുകളിൽ പുഴുക്കളെ കൂട്ടിയിടുന്നു. അവിടെ അവ പുഴുക്കളിലെ ദ്രാവകം ഊററിക്കുടിക്കുന്നു, അതേസമയം പടയാളികളായ ഉറുമ്പുകൾ ആക്രമണകാരികളായ ഏതു ശത്രുക്കളെയും തുരത്തുകയും ചെയ്യുന്നു. സദൃശവാക്യങ്ങൾ 6:6-ൽ ഈ ബുദ്ധ്യുപദേശം നൽകപ്പെട്ടിരിക്കുന്നു: “മടിയാ, ഉറുമ്പിന്റെ അടുക്കൽ ചെല്ലുക; അതിന്റെ വഴികളെ നോക്കി ബുദ്ധി പഠിക്ക.” അങ്ങനെയുള്ള ദൃഷ്ടാന്തങ്ങൾ “കർത്താവിന്റെ വേലയിൽ ധാരാളം ചെയ്യാൻ” ഉണ്ടായിരിക്കാൻ മനുഷ്യരായ നമ്മെ പ്രേരിപ്പിക്കേണ്ടതല്ലേ?—1 കൊരിന്ത്യർ 15:58, NW.
മനുഷ്യൻ വലിയ വിമാനങ്ങൾ നിർമിച്ചിട്ടുണ്ട്. എന്നാൽ പക്ഷികൾ എത്രയേറെ നിപുണരാണ്, അവയിൽ 30 ഗ്രാമിൽ കുറഞ്ഞ തൂക്കമുള്ള ഹമ്മിങ് ബേർഡ് ഉൾപ്പെടുന്നു! ഒരു ബോയിംഗ് 747 വിമാനം 1,80,000 ലിററർ ഇന്ധനം വഹിക്കണം. പരിശീലനം സിദ്ധിച്ച ജോലിക്കാർ അതു പ്രവർത്തിപ്പിക്കണം. ഒരു സമുദ്രത്തിനു കുറുകെ പറക്കുന്നതിനു സങ്കീർണങ്ങളായ വ്യോമയാത്രാവ്യവസ്ഥകൾ ഉപയോഗിക്കയും വേണം. എന്നിരുന്നാലും, ഒരു ചെറിയ ഹമ്മിങ്ബേർഡ് വടക്കേ അമേരിക്കയിൽനിന്ന് മെക്സിക്കോ ഉൾക്കടലിനു കുറുകെ തെക്കേ അമേരിക്കയിലേക്കുള്ള മുഴുദൂരവും പറക്കുന്നതിന് കൊഴുപ്പുനിറഞ്ഞ ഒരു ഗ്രാം ഇന്ധനത്തെ ആശ്രയിക്കുന്നു. ഇന്ധനത്തിന്റെ ഭാരിച്ച ചുമടില്ല, വ്യോമയാത്രയിൽ പരിശീലനമില്ല, സമ്മിശ്രമായ ചാർട്ടുകളോ കമ്പ്യൂട്ടറുകളോ ഇല്ല! ഈ പ്രാപ്തി പരിണാമത്തിന്റെ ഒരു യാദൃച്ഛികപ്രക്രിയയിൽനിന്നു സംജാതമായതാണോ? അശേഷമല്ല! ഈ ചെറിയ പക്ഷി സഹജജ്ഞാനമുള്ളതാണ്, അതിന്റെ സ്രഷ്ടാവായ യഹോവയാം ദൈവത്താൽ അങ്ങനെ ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്നതിനാൽത്തന്നെ.
[10-ാം പേജിലെ ചിത്രം]
‘നിത്യതയുടെ രാജാവിന്റെ’ ബഹുവിധ സൃഷ്ടികൾ അവന്റെ മഹത്ത്വത്തെ പുകഴ്ത്തുന്നു
[15-ാം പേജിലെ ചിത്രം]
മോശയും സകല ഇസ്രായേലും ചെങ്കടലിങ്കൽ യഹോവയുടെ വിജയം ആഘോഷിച്ചതുപോലെ, അർമഗെദ്ദോനുശേഷം വലിയ സന്തോഷിക്കൽ ഉണ്ടായിരിക്കും