സ്മാരകം യോഗ്യമായി ആചരിക്കുക
സ്മാരകം യോഗ്യമായി ആചരിക്കുക
യേശു പൊ.യു. (പൊതുയുഗം) 33-ലെ നീസാൻ 14-ന് ആയിരുന്നു സ്മാരകം ഏർപ്പെടുത്തിയത്. a അവൻ തന്റെ 12 അപ്പോസ്തലൻമാരുമായി പെസഹാ ആഘോഷം നടത്തിക്കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളു, അതുകൊണ്ട് നമുക്കു തീയതി ഉറപ്പുണ്ടായിരിക്കാൻ കഴിയും. ദ്രോഹിയായ യൂദായെ ഇറക്കിവിട്ടശേഷം യേശു “അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവർക്കു കൊടുത്തു: വാങ്ങുവിൻ; ഇതു എന്റെ ശരീരം എന്നു പറഞ്ഞു. പിന്നെ പാനപാത്രം എടുത്തു സ്തോത്രംചൊല്ലി അവർക്കു കൊടുത്തു; എല്ലാവരും അതിൽനിന്നു കുടിച്ചു; ഇതു അനേകർക്കുവേണ്ടി ചൊരിയുന്നതായി നിയമത്തിനുള്ള എന്റെ രക്തം.”—മർക്കൊസ് 14:22-24.
തന്റെ മരണത്തിന്റെ പ്രാധാന്യം നിമിത്തം അതിന്റെ സ്മാരകം ആഘോഷിക്കാൻ യേശു തന്റെ ശിഷ്യൻമാരോടു കൽപ്പിച്ചു. (ലൂക്കൊസ് 22:19; 1 കൊരിന്ത്യർ 11:23-26) അവകാശപ്പെടുത്തിയ പാപത്തിന്റെയും മരണത്തിന്റെയും ശാപത്തിൽനിന്നു മനുഷ്യവർഗത്തെ വീണ്ടെടുക്കാൻ കഴിയുമായിരുന്ന ഏകയാഗം അവന്റേതായിരുന്നു. (റോമർ 5:12; 6:23) അവൻ ഉപയോഗിച്ച അപ്പവും വീഞ്ഞും അവന്റെ പൂർണതയുള്ള ശരീരത്തിന്റെയും രക്തത്തിന്റെയും പ്രതീകങ്ങൾ ആയിരുന്നു. ആദ്യ തീയതി അറിയുന്നതിനാൽ ഓരോ വർഷവും അതിനോട് ഒത്തുവരുന്ന ദിവസം നമുക്ക് ഈ അവസരത്തിന്റെ ആഘോഷം നടത്താൻ കഴിയും, യഹൂദപെസഹയുടെ കാര്യത്തിൽ ചെയ്തിരുന്നതുപോലെതന്നെ. എന്നാൽ നാം യോഗ്യമായി അങ്ങനെ ചെയ്യണം. എന്തുകൊണ്ട്?
അപ്പവീഞ്ഞുകളായ ചിഹ്നങ്ങളിൽ പങ്കുപററുന്നവർ “കർത്താവു വരുവോളം അവന്റെ മരണത്തെ പ്രസ്താവിക്കുന്നു” എന്ന് അപ്പോസ്തലനായ പൗലോസ് പറഞ്ഞു. (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (1 കൊരിന്ത്യർ 11:26) ആഘോഷത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അങ്ങനെ യേശുവിന്റെ മരണത്തിൻമേലും മനുഷ്യവർഗത്തിനുള്ള അതിന്റെ അർഥത്തിൻമേലുമായിരിക്കും. ഈ സന്ദർഭം ഗൗരവമുള്ളതായിരിക്കും, ദൈവത്തിന്റെ നൻമയെക്കുറിച്ചും യഹോവയോടും അവന്റെ പുത്രനോടും നമുക്കുണ്ടായിരിക്കേണ്ട വിലമതിപ്പിനെക്കുറിച്ചും വിചിന്തനംചെയ്യുന്നതിനുള്ള ഒരു സമയംതന്നെ. (റോമർ 5:8; തീത്തൊസ് 2:14; 1 യോഹന്നാൻ 4:9, 10) അതുകൊണ്ട്, “അയോഗ്യമായി അപ്പം തിന്നുകയോ കർത്താവിന്റെ പാനപാത്രം കുടിക്കയോ ചെയ്യുന്നവൻ എല്ലാം കർത്താവിന്റെ ശരീരവും രക്തവും സംബന്ധിച്ചു കുററക്കാരൻ ആകും” എന്നു പൗലോസ് മുന്നറിയിപ്പു നൽകി.—1 കൊരിന്ത്യർ 11:27.
യോഗ്യമായി—എങ്ങനെ?
ചോദ്യംചെയ്യത്തക്ക നടപടികളിൽ ഏർപ്പെട്ടുകൊണ്ട് അല്ലെങ്കിൽ പുറജാതി ആചാരങ്ങൾ സ്വീകരിച്ചുകൊണ്ട് നാം ആ അവസരത്തെ അവിശുദ്ധമാക്കുകയാണെങ്കിൽ ദൈവം പ്രസാദിക്കുകയില്ലെന്നു സ്പഷ്ടമാണ്. (യാക്കോബ് 1:27; 4:3, 4) ഇത് ഈസ്ററർകാലത്തിലെ പ്രചാരമുള്ള സംഭവങ്ങളെ നിരാകരിക്കും. “എന്റെ ഓർമ്മെക്കായി ഇതു ചെയ്വിൻ” എന്ന യേശുവിന്റെ നിർദേശം അനുസരിക്കുമ്പോൾ അവൻ ഏർപ്പെടുത്തിയ പ്രകാരംതന്നെ സ്മാരകം ആഘോഷിക്കാൻ നാം ആഗ്രഹിക്കും. (ലൂക്കൊസ് 22:19; 1 കൊരിന്ത്യർ 11:24, 25) ഇതു ക്രൈസ്തവലോകത്തിലെ സഭകൾ ഈ ആഘോഷത്തോടു കൂട്ടിച്ചേർത്ത അലങ്കാരങ്ങളെ നിയമവിരുദ്ധമാക്കും. “ക്രിസ്തുവും അവന്റെ അപ്പോസ്തലൻമാരും പിന്തുടർന്ന വളരെ ലളിതമായ ചടങ്ങിൽനിന്നു വളരെ വ്യത്യസ്തമാണ് ഇന്നത്തെ കുറുബാന” എന്ന് ന്യൂ കാത്തലിക്ക് എൻസൈക്ലോപീഡിയാ സമ്മതിക്കുന്നു. കൂടെക്കൂടെ, ദിവസേനപോലും, കുറുബാന ആചരിക്കുന്നതിനാൽ ക്രൈസ്തവലോകം യേശു ഉദ്ദേശിച്ചതിൽനിന്നു വ്യതിചലിക്കുകയും അതിനെ ഒരു സാധാരണ സംഭവമാക്കുകയും ചെയ്തിരിക്കുന്നു.
കർത്താവിന്റെ സന്ധ്യാഭക്ഷണം സംബന്ധിച്ചു സഭയിൽ ഒരു പ്രശ്നം ഉയർന്നുവന്നതുകൊണ്ടാണ് അയോഗ്യമായി പങ്കെടുക്കുന്നതുസംബന്ധിച്ചു പൗലോസ് കൊരിന്ത്യസഭയ്ക്ക് എഴുതിയത്. ചിലർ അതിന്റെ പരിപാവനത്വത്തെ ആദരിച്ചില്ല. ചിലർ തങ്ങളുടെ അത്താഴം കൊണ്ടുവരുകയും യോഗത്തിനുമുമ്പോ യോഗസമയത്തോ ഭക്ഷിക്കുകയും ചെയ്തു. മിക്കപ്പോഴും അവർ അമിതമായി ഭക്ഷിക്കുകയും 1 കൊരിന്ത്യർ 11:27-34.
കുടിക്കുകയും ചെയ്തു. ഇത് അവരെ മയക്കമുള്ളവരാക്കുകയും അവരുടെ ബോധേന്ദ്രിയങ്ങളെ മന്ദീഭവിപ്പിക്കുകയും ചെയ്തു. മാനസികമായും ആത്മീയമായും ജാഗ്രതയുള്ളവരല്ലാഞ്ഞതിനാൽ അവർക്കു “ശരീരത്തെ വിവേചി”ക്കാൻ കഴിഞ്ഞില്ല, അങ്ങനെ അവർ ‘കർത്താവിന്റെ ശരീരവും രക്തവും സംബന്ധിച്ചു കുററക്കാർ’ ആയിത്തീർന്നു. ഇതേസമയം, അത്താഴം കൊണ്ടുവരാഞ്ഞവർ വിശന്നിരിക്കയും അവരുടെ ശ്രദ്ധ പതറുകയും ചെയ്തു. ഫലത്തിൽ അവരിൽ ആരും കർത്താവിന്റെ മരണത്തിന്റെ ഓർമക്കായിട്ടാണ് ഈ ആഘോഷമെന്ന വിലമതിപ്പോടും സന്ദർഭത്തിന്റെ ഗൗരവത്തിന്റെ പൂർണ തിരിച്ചറിവോടും കൂടെ ചിഹ്നങ്ങളിൽ പങ്കുപററാവുന്ന ഒരു അവസ്ഥയിലായിരുന്നില്ല. ഇത് അവർക്കെതിരെയുള്ള ന്യായവിധിയിൽ കലാശിച്ചു. കാരണം അവർ അതിനോട് അനാദരവ്, പുച്ഛംപോലും, പ്രകടമാക്കുകയായിരുന്നു.—വിവേചന ആവശ്യം
ചിലർ യഥാർഥത്തിൽ സ്മാരകചിഹ്നങ്ങളിൽ പങ്കുപററിയിട്ടുണ്ട്. എങ്കിലും, അതു ചെയ്തുകൂടായിരുന്നുവെന്നു പിന്നീട് അവർ തിരിച്ചറിഞ്ഞു. സ്മാരകചിഹ്നങ്ങളിൽ ഉചിതമായി പങ്കെടുക്കുന്നവർ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു, അവർക്ക് അതിനു ദൈവാത്മാവിന്റെ സാക്ഷ്യമുണ്ട്. (റോമർ 8:15-17; 2 കൊരിന്ത്യർ 1:21, 22) തങ്ങളുടെ വ്യക്തിപരമായ തീരുമാനമോ നിശ്ചയമോ അല്ല അവരെ യോഗ്യരാക്കുന്നത്. സ്വർഗത്തിൽ ക്രിസ്തുവിനോടുകൂടെ ഭരിക്കാനുള്ളവരുടെ സംഖ്യ ദൈവം 1,44,000 ആയി പരിമിതപ്പെടുത്തിയിരിക്കയാണ്, ക്രിസ്തുവിന്റെ മറുവിലയിൽനിന്നു പ്രയോജനം കിട്ടുന്നവരോടെല്ലാമുള്ള താരതമ്യത്തിൽ ആപേക്ഷികമായി ചെറിയ ഒരു സംഖ്യതന്നെ. (വെളിപ്പാടു 14:1, 3) തിരഞ്ഞെടുപ്പ് യേശുവിന്റെ നാളിലാണു തുടങ്ങിയത്; തത്ഫലമായി ഇന്ന് ചുരുക്കം ചില പങ്കാളികളേ ഉള്ളു. അവരിൽ ചിലർ മരണത്തിന്റെ പിടിയിലാകുമ്പോൾ ആ സംഖ്യ കുറയേണ്ടതാണ്.
ഒരുവൻ തെററായി എന്തുകൊണ്ടു ചിഹ്നങ്ങളിൽ പങ്കുപററിയേക്കാം? അത് എല്ലാ വിശ്വസ്തരും സ്വർഗത്തിൽ പോകുന്നുവെന്ന മതപരമായ മുൻവീക്ഷണങ്ങൾ നിമിത്തമായിരിക്കാം. അല്ലെങ്കിൽ അത് അതിമോഹമോ സ്വർഥതയോ നിമിത്തമായിരിക്കാം—ഒരുവൻ മററുള്ളവരെക്കാൾ അർഹനാണെന്നുള്ള തോന്നലും പ്രാമുഖ്യതക്കുവേണ്ടിയുള്ള ഒരു റോമർ 9:16) അതുകൊണ്ട് ഒരു വ്യക്തി “ശോധന ചെയ്തിട്ടു” താൻ യഥാർഥത്തിൽ പങ്കെടുക്കരുതായിരുന്നു എന്നു കണ്ടെത്തുന്നുവെങ്കിൽ അയാൾ ഇപ്പോൾ പിൻമാറണം.—1 കൊരിന്ത്യർ 11:28.
ആഗ്രഹവും. ഒരുപക്ഷേ അതു ഗുരുതരമായ പ്രശ്നങ്ങളിൽനിന്നോ ഭൂമിയിലെ ജീവിതത്തിൽ ഒരുവനു താത്പര്യം നഷ്ടപ്പെടാനിടയാക്കുന്ന ഒരു ദുരന്തത്തിൽനിന്നോ സംജാതമാകുന്ന ശക്തമായ വികാരങ്ങളുടെ ഫലമാണ്. അതു സ്വർഗീയ വിളിയുള്ള ഒരാളോടുള്ള അടുത്ത സൗഹൃദംനിമിത്തവുമായിരിക്കാം. തീരുമാനം മുഴുവനായി ദൈവത്തിന്റേതാണ്, നമ്മുടേതല്ല എന്നു നമ്മളെല്ലാം ഓർത്തിരിക്കേണ്ടതുണ്ട്. (മനുഷ്യവർഗത്തിൽ മിക്കവരുടെയും മുമ്പാകെ ദൈവം വെച്ചിരിക്കുന്ന പ്രത്യാശ പറുദീസാഭൂമിയിലെ നിത്യജീവന്റേതാണ്. അതു നോക്കിപ്പാർത്തിരിക്കാനുള്ള വലിയ ഒരു അനുഗ്രഹമാണ്, അതു നാം അനായാസം ആകർഷിക്കപ്പെടാവുന്ന ഒന്നാണ്. (ഉല്പത്തി 1:28; സങ്കീർത്തനം 37:9, 11) വിശ്വസ്തർ പുനരുത്ഥാനം പ്രാപിക്കുന്ന തങ്ങളുടെ പ്രിയപ്പെട്ടവരോടു വീണ്ടും കൂടിചേരുന്നതും, യേശു സ്വർഗീയ ജീവനിലേക്കുള്ള വഴി തുറക്കുന്നതിനുമുമ്പ് മൃതിയടഞ്ഞവരായ അബ്രഹാം, സാറാ, മോശ, രാഹാബ്, ദാവീദ്, യോഹന്നാൻ സ്നാപകൻ, എന്നിങ്ങനെയുള്ള പുരാതന നീതിമാൻമാരെ കണ്ടുമുട്ടുന്നതും ഭൂമിയിലാണ്.—മത്തായി 11:11; 1 കൊരിന്ത്യർ 15:20-23 താരതമ്യം ചെയ്യുക.
ഭൗമികപ്രത്യാശയുള്ളവർ അപ്പവീഞ്ഞുകളിൽ പങ്കുപററുന്നില്ലെങ്കിലും തങ്ങളുടെ ഹാജരിനാലും ആദരപൂർവകമായ ശ്രദ്ധിക്കലിനാലും യോഗ്യമായി കർത്താവിന്റെ സന്ധ്യാഭക്ഷണം ആഘോഷിക്കുന്നു. അവർക്കും ക്രിസ്തുവിന്റെ ബലിയിൽനിന്നു പ്രയോജനം കിട്ടുന്നു. അതു ദൈവമുമ്പാകെ ഒരു അനുകൂലനില ലഭിക്കാൻ അവരെ പ്രാപ്തരാക്കുന്നു. (വെളിപ്പാടു 7:14, 15) നടത്തപ്പെടുന്ന പ്രസംഗം അവർ കേൾക്കുമ്പോൾ വിശുദ്ധകാര്യങ്ങളോടുള്ള അവരുടെ വിലമതിപ്പു ബലിഷ്ഠമാകുന്നു, എല്ലായിടത്തുമുള്ള ദൈവജനത്തോടുള്ള ഐക്യത്തിൽ കഴിയാനുള്ള അവരുടെ ആഗ്രഹം വളരുകയും ചെയ്യുന്നു.
ഈ വർഷം, ഏപ്രിൽ 2 ചൊവ്വാഴ്ച, സൂര്യാസ്തമയശേഷം ഭൂവ്യാപകമായുള്ള യഹോവയുടെ സാക്ഷികളുടെ 78,000-ൽപ്പരം സഭകളിലെല്ലാം സ്മാരകം ആഘോഷിക്കപ്പെടും. നിങ്ങൾ ഹാജരാകുമോ?
[അടുക്കുറിപ്പ്]
a യഹൂദദിവസം ആരംഭിച്ചത് സന്ധ്യക്കാണ്. നമ്മുടെ പഞ്ചാംഗം അനുസരിച്ച് ആ നീസാൻ 14, മാർച്ച് 31 വ്യാഴാഴ്ച സന്ധ്യാരംഭത്തിൽ തുടങ്ങി ഏപ്രിൽ 1 വെള്ളിയാഴ്ച സന്ധ്യയിലെ സൂര്യാസ്തമയം വരെയായിരുന്നു. വ്യാഴാഴ്ച സന്ധ്യക്കാണു സ്മാരകം ഏർപ്പെടുത്തപ്പെട്ടത്. അതേ യഹൂദദിവസം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് യേശുവിന്റെ മരണം സംഭവിച്ചു. അവൻ മൂന്നാം ദിവസം, ഞായറാഴ്ച അതിരാവിലെ പുനരുത്ഥാനം പ്രാപിച്ചു.
[8-ാം പേജിലെ ചിത്രം]
യഹോവയുടെ സാക്ഷികൾ വർഷത്തിൽ ഒരിക്കൽ സ്മാരകം ആഘോഷിക്കുന്നു