വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദുർവാർത്തയുടെ വർധനവ്‌

ദുർവാർത്തയുടെ വർധനവ്‌

ദുർവാർത്ത​യു​ടെ വർധനവ്‌

സുവാർത്ത അറിയി​ക്കുന്ന തലക്കെ​ട്ടു​ക​ളെ​ക്കാൾ ദുർവാർത്ത ഘോഷി​ക്കുന്ന തലക്കെ​ട്ടു​ക​ളാ​ണു വായന​ക്കാ​ര​നിൽ കൂടുതൽ താത്‌പ​ര്യ​മു​ള​വാ​ക്കു​ന്ന​തെന്നു നിങ്ങൾ എപ്പോ​ഴെ​ങ്കി​ലും ശ്രദ്ധി​ച്ചി​ട്ടു​ണ്ടോ? ഒരു പ്രകൃതി ദുരന്ത​ത്തെ​ക്കു​റി​ച്ചു പത്രത്തിൽ വരുന്ന വാർത്താ​ത​ല​ക്കെ​ട്ടാ​യാ​ലും ശരി, തിളങ്ങുന്ന ഒരു മാസി​ക​യു​ടെ പുറം​ച​ട്ട​യിൽ കൊടു​ത്തി​രി​ക്കുന്ന ആളിക്ക​ത്തുന്ന ഏതെങ്കി​ലും ഏഷണി​യാ​യാ​ലും ശരി, അത്തരം വാർത്തകൾ സുവാർത്ത​യെ​ക്കാൾ എളുപ്പം വിറ്റഴി​യു​ന്ന​താ​യി തോന്നു​ന്നു.

ഇന്നു ദുർവാർത്ത​യ്‌ക്കു യാതൊ​രു ക്ഷാമവു​മില്ല. ഏതു സുവാർത്ത​യും നിരാ​ക​രി​ച്ചു​കൊണ്ട്‌, ദുർവാർത്ത അന്വേ​ഷി​ച്ചു കണ്ടെത്തി വെളി​ച്ച​ത്താ​ക്കാൻ വേണ്ടി​യാ​ണോ വാർത്താ​ലേ​ഖ​ക​രും പത്ര​പ്ര​വർത്ത​ക​രും പരിശീ​ലി​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​തെന്ന്‌ ഒരുവൻ ചില​പ്പോൾ ആശ്ചര്യ​പ്പെ​ടു​ന്നു.

ചരി​ത്ര​ത്തി​ലു​ട​നീ​ളം ധാരാളം

തീർച്ച​യാ​യും, നൂറ്റാ​ണ്ടു​ക​ളി​ലു​ട​നീ​ളം ദുർവാർത്തകൾ ധാരാളം ഉണ്ടായി​രു​ന്നി​ട്ടുണ്ട്‌, അവയ്‌ക്ക്‌ ഏതു സുവാർത്ത​യെ​ക്കാ​ളും മുൻതൂ​ക്ക​മുണ്ട്‌. ചരി​ത്ര​ത്തി​ന്റെ ഏടുക​ളിൽ, മനുഷ്യ​വർഗ​ത്തി​ന്റെ ഭാഗ​ധേ​യ​മാ​യി​രു​ന്നി​ട്ടുള്ള മനുഷ്യ​യാ​തന, ആശാഭം​ഗം, നൈരാ​ശ്യം എന്നിവ​യു​ടെ ഭാഗ​ത്തേക്കു തുലാസ്സ്‌ വളരെ​യ​ധി​കം താഴ്‌ന്നു​പോ​കു​ന്നു.

നമുക്ക്‌ ഏതാനും ഉദാഹ​ര​ണങ്ങൾ പരിചി​ന്തി​ക്കാം. നാനാ​ത​ര​ത്തി​ലുള്ള വിവര​ണങ്ങൾ പ്രദാനം ചെയ്യു​ന്ന​താ​ണു ഴാക്ക്‌ ലെഗ്രാൻ സംരചിച്ച ലോക​വൃ​ത്താ​ന്തം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം. ഓരോ വിവര​ണ​വും ആ സംഭവം നടന്ന പ്രത്യേക തീയതി​യി​ലേ​ക്കാ​യി എഴുത​പ്പെ​ട്ട​താണ്‌. എന്നാൽ അതു പറയ​പ്പെ​ട്ടി​രി​ക്കുന്ന വിധമോ, ഒരു ആധുനിക പത്ര​പ്ര​വർത്തകൻ ആ സംഭവ​ത്തെ​ക്കു​റി​ച്ചു റിപ്പോർട്ടു ചെയ്യു​ന്ന​തു​പോ​ലെ​യും. ശരിക്കും ഗവേഷണം ചെയ്യപ്പെട്ട ഈ റിപ്പോർട്ടു​ക​ളിൽനിന്ന്‌, ഈ ഭൂമി​യിൽ മമനു​ഷ്യ​ന്റെ പ്രക്ഷു​ബ്ധ​മായ അസ്‌തി​ത്വ​ത്തി​ലു​ട​നീ​ളം അവൻ കേട്ടി​രി​ക്കുന്ന വിപു​ല​വ്യാ​പ​ക​മായ ദുർവാർത്ത​യെ​ക്കു​റി​ച്ചുള്ള ഒരു വിഹഗ വീക്ഷണം നമുക്കു ലഭിക്കു​ന്നു.

ആദ്യം, പൊ.യു.മു. (പൊതു​യു​ഗ​ത്തി​നു​മുമ്പ്‌) 429-ലെ ഗ്രീസിൽനി​ന്നുള്ള ഈ ആദിമ റിപ്പോർട്ട്‌ നമുക്കു പരിചി​ന്തി​ക്കാം. ഏഥൻസും സ്‌പാർട്ട​യും തമ്മിൽ നടന്ന യുദ്ധ​ത്തെ​ക്കു​റിച്ച്‌ അതു പറയുന്നു: “പോറ്റി​ഡിയ എന്ന നഗരസം​സ്ഥാ​നം, അതിലെ ആളുകൾ തങ്ങളുടെ മരിച്ച​വ​രു​ടെ ശവശരീ​രങ്ങൾ തിന്നു​മാറ്‌ അത്ര​യേറെ വിശന്നു​വലഞ്ഞ ഒരവസ്ഥ​യി​ലാ​യ​ശേഷം, കടന്നാ​ക്ര​മണം നടത്തിയ ഏഥൻസു​കാർക്ക്‌ അടിയ​റവു പറയാൻ നിർബ​ന്ധി​ത​മാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.” തീർച്ച​യാ​യും ദുർവാർത്ത​തന്നെ!

നമ്മുടെ പൊതു​യു​ഗ​ത്തി​നു മുമ്പുള്ള ഒന്നാം നൂറ്റാ​ണ്ടി​ലേക്കു വരു​മ്പോൾ, ജൂലി​യസ്‌ സീസറി​ന്റെ മരണ​ത്തെ​ക്കു​റിച്ച്‌, റോം, ബി.സി. 44 മാർച്ച്‌ 15 എന്ന തീയതി കുറി​ച്ചി​ട്ടുള്ള, വ്യക്തമായ ഒരു റിപ്പോർട്ട്‌ നാം കണ്ടെത്തു​ന്നു. “ജൂലി​യസ്‌ സീസർ ആസൂ​ത്രി​ത​മാ​യി വധിക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ഇന്ന്‌, മാർച്ച്‌ പതിന​ഞ്ചിന്‌, സെനറ്റ്‌ ഹൗസിൽ അദ്ദേഹം ഉപവി​ഷ്ട​നാ​യ​പ്പോൾ ഒരു സംഘം ഗൂഢാ​ലോ​ചകർ ചേർന്ന്‌ അദ്ദേഹത്തെ കുത്തി​ക്കൊ​ന്നു. അവരിൽ ചിലർ അദ്ദേഹ​ത്തി​ന്റെ ഏറ്റവു​മ​ടുത്ത സ്‌നേ​ഹി​ത​രാ​യി​രു​ന്നു.”

തുടർന്നു​വന്ന നൂറ്റാ​ണ്ടു​ക​ളിൽ, ദുർവാർത്ത പെരു​കി​ക്കൊ​ണ്ടേ​യി​രു​ന്നു. ഞെട്ടി​ക്കുന്ന ഒരു ഉദാഹ​രണം 1487-ലെ, മെക്‌സി​ക്കോ​യിൽനി​ന്നുള്ള ഈ വാർത്ത​യാണ്‌: “ആസ്റ്റെക്‌ തലസ്ഥാ​ന​മായ ടെനോ​ക്‌ടി​റ്റ്‌ലാൻ കണ്ടിട്ടുള്ള ഏറ്റവും പ്രൗഢ​മായ ബലിയർപ്പണ പ്രദർശ​ന​ത്തിൽ, യുദ്ധ​ദേ​വ​നായ വിറ്റി​സി​ലോ​പ്പോ​ക്‌റ്റ്‌ലി​ക്കി​നുള്ള ബലിയിൽ 20,000 ആളുകൾക്കു തങ്ങളുടെ ഹൃദയങ്ങൾ നഷ്ടമായി.”

മമനു​ഷ്യ​ന്റെ ക്രൂരത മാത്രമല്ല ദുർവാർത്തക്കു ഹേതു, അവന്റെ അശ്രദ്ധ​യും ആ നീണ്ട പട്ടിക​യോ​ടു കൂട്ടി​ച്ചേർത്തി​രി​ക്കു​ന്നു. ലണ്ടനിലെ വൻ തീപി​ടു​ത്തം അത്തര​മൊ​രു വിപത്താ​ണെന്നു തോന്നു​ന്നു. ഇംഗ്ലണ്ടി​ലെ ലണ്ടനിൽനി​ന്നു വന്ന, 1666 സെപ്‌റ്റം​ബർ 5 എന്നു തീയതി കുറി​ച്ചി​രി​ക്കുന്ന, റിപ്പോർട്ട്‌ ഇങ്ങനെ വായി​ക്കു​ന്നു: “ഒടുവിൽ, നാലു പകലു​കൾക്കും രാത്രി​കൾക്കും ശേഷം, യോർക്കി​ലെ പ്രഭു തീപി​ടു​ത്തം തടഞ്ഞി​രി​ക്കു​ന്നു. തീജ്വാ​ലകൾ പടർന്നു​ക​യ​റിയ മാർഗ​ത്തി​ലുള്ള കെട്ടി​ടങ്ങൾ തകർക്കു​ന്ന​തിന്‌ അദ്ദേഹം പീരങ്കി​പ്ര​യോ​ഗം നടത്തുന്ന നാവിക സംഘങ്ങളെ കൊണ്ടു​വ​രി​ക​യു​ണ്ടാ​യി. ഏതാണ്ട്‌ 400 ഏക്കർ പ്രദേശം കത്തിയ​മർന്നു, 87 പള്ളിക​ളും 13,000 വീടു​ക​ളും നശിച്ചു. അത്ഭുത​ക​ര​മെന്നു പറയട്ടെ, ഒമ്പതു പേർ മാത്രമേ മരിച്ചു​ള്ളൂ.”

പല ഭൂഖണ്ഡ​ങ്ങ​ളി​ലൂ​ടെ തേരോ​ട്ടം നടത്തി​യി​രി​ക്കുന്ന പകർച്ച​വ്യാ​ധി​ക​ളെ​യും നാം ഈ ദുർവാർത്ത​യു​ടെ ഉദാഹ​ര​ണ​ങ്ങ​ളോ​ടു ചേർത്തേ പറ്റൂ—1830-കളുടെ ആരംഭ​ത്തി​ലു​ണ്ടായ കോളറാ പകർച്ച​വ്യാ​ധി ഉദാഹ​ര​ണ​മാണ്‌. ഇതേക്കു​റി​ച്ചു റിപ്പോർട്ടു ചെയ്യുന്ന അച്ചടിച്ച തലക്കെട്ട്‌ ഇങ്ങനെ വായി​ക്കു​ന്നു: “കോള​റാ​ഭൂ​തം യൂറോ​പ്പി​നെ വേട്ടയാ​ടു​ന്നു.” അതേത്തു​ടർന്നുള്ള യഥാത​ഥ​മായ റിപ്പോർട്ട്‌ ദുർവാർത്തയെ ഏറ്റവും മോശ​മായ അതിന്റെ ഞെട്ടി​ക്കുന്ന അവസ്ഥയിൽ വരച്ചു​കാ​ട്ടു​ന്നു: “1817 വരെ യൂറോ​പ്പിൽ അജ്ഞാത​മാ​യി​രുന്ന കോളറ ഏഷ്യയിൽനി​ന്നു പടിഞ്ഞാ​റോ​ട്ടു പടരുന്നു. ഇതി​നോ​ടകം മോസ്‌കോ, സെൻറ്‌ പീറ്റേ​ഴ്‌സ്‌ബർഗ്‌ എന്നിവ പോലുള്ള റഷ്യൻ നഗരങ്ങ​ളി​ലെ ജനസം​ഖ്യ​കൾ മൃത്യു​വി​ന്നി​ര​യാ​യി​രി​ക്കു​ന്നു—അവരിൽ ഭൂരി​ഭാ​ഗ​വും നഗര​പ്ര​ദേ​ശത്തെ ദരി​ദ്ര​രാണ്‌.”

സമീപ വർഷങ്ങ​ളി​ലെ വ്യാപനം

രേഖ​പ്പെ​ടു​ത്ത​പ്പെട്ട ചരി​ത്ര​ത്തി​ലു​ട​നീ​ളം ദുർവാർത്ത ജീവി​ത​ത്തി​ലെ ഒരു വസ്‌തു​ത​യാ​യി​രു​ന്നി​ട്ടുണ്ട്‌ എന്നതു സത്യമാ​യി​രി​ക്കെ, ഈ ഇരുപ​താം നൂറ്റാ​ണ്ടി​ലെ സമീപ​കാല പതിറ്റാ​ണ്ടു​കൾ, ദുർവാർത്ത വർധി​ച്ചു​വ​രു​ന്നു, അതേ, അതു സത്വരം വ്യാപ​ക​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു എന്നതിനു തെളിവു നൽകുന്നു.

നമ്മുടെ ഈ നൂറ്റാണ്ടു കേട്ടി​ട്ടുള്ള ഏറ്റവും ഹീനമാ​യ​തരം ദുർവാർത്ത യുദ്ധവാർത്ത​യാ​ണെ​ന്നു​ള്ള​തി​നു സംശയ​മില്ല. ചരി​ത്ര​ത്തി​ലെ ഏറ്റവും വലിയ രണ്ടു യുദ്ധങ്ങൾ—ഉചിത​മാ​യി അവയെ ഒന്നാം ലോക​യു​ദ്ധ​മെ​ന്നും രണ്ടാം ലോക​യു​ദ്ധ​മെ​ന്നും വിളി​ച്ചി​രി​ക്കു​ന്നു—അത്യന്തം ഭീതി​ദ​മായ അളവിൽ ദുർവാർത്ത റിപ്പോർട്ടു ചെയ്യ​പ്പെ​ടു​ന്നതു തീർച്ച​യാ​യും കാണു​ക​യു​ണ്ടാ​യി. എന്നാൽ, അതു വാസ്‌ത​വ​ത്തിൽ അസന്തുഷ്ടി നിറഞ്ഞ ഈ നൂറ്റാണ്ടു പ്രദാനം ചെയ്‌തി​രി​ക്കുന്ന ദുർവാർത്ത​യു​ടെ ഒരു അംശം മാത്രമേ ആകുന്നു​ള്ളൂ.

തിര​ഞ്ഞെ​ടു​ത്തി​രി​ക്കുന്ന നാനാ​വി​ധ​മായ ഏതാനും വാർത്താ​ത​ല​ക്കെ​ട്ടു​കൾ പരിചി​ന്തി​ക്കുക:

1923 സെപ്‌റ്റം​ബർ 1: ഭൂകമ്പം ടോക്കി​യോ​യെ നിലം​പ​രി​ചാ​ക്കു​ന്നു—3,00,000 മരണങ്ങൾ; 1931 സെപ്‌റ്റം​ബർ 20: പ്രതി​സന്ധി—ബ്രിട്ടൻ പൗണ്ടിന്റെ മൂല്യം കുറയ്‌ക്കു​ന്നു; 1950 ജൂൺ 25: ഉത്തര കൊറിയ ദക്ഷിണ കൊറി​യ​യി​ലേക്കു മാർച്ചു ചെയ്യുന്നു; 1956 ഒക്ടോബർ 26: ഹംഗറി​ക്കാർ സോവി​യറ്റു ഭരണത്തി​നെ​തി​രെ ആയുധ​മെ​ടു​ക്കു​ന്നു; 1963 നവംബർ 22: ജോൺ കെന്നഡി ഡള്ളാസിൽ വെടി​യേറ്റു മരിക്കു​ന്നു; 1968 ആഗസ്‌ററ്‌ 21: പ്രാഗ്‌ കലാപത്തെ അമർച്ച ചെയ്യാൻ റഷ്യൻ ടാങ്കുകൾ നീങ്ങുന്നു; 1970 സെപ്‌റ​റം​ബർ 12: തട്ടി​ക്കൊ​ണ്ടു​പോയ വിമാ​നങ്ങൾ മരുഭൂ​മി​യിൽവെച്ചു പൊട്ടി​ത്തെ​റി​ക്കു​ന്നു; 1974 ഡിസംബർ 25: ട്രേസി എന്ന ചുഴലി​ക്കാറ്റ്‌ ഡാർവിൻ നഗരത്തെ തൂത്തെ​റി​യു​ന്നു—66 മരണങ്ങൾ; 1975 ഏപ്രിൽ 17: കൊളം​ബിയ കമ്മ്യു​ണിസ്റ്റ്‌ സേനകൾക്കു കീഴട​ങ്ങു​ന്നു; 1978 നവംബർ 18: ഗയാന​യിൽ കൂട്ട ആത്മഹത്യ; 1984 ഒക്‌ടോ​ബർ 31: ശ്രീമതി ഗാന്ധി വെടി​യേറ്റു മരിക്കു​ന്നു; 1986 ജനുവരി 28: കുതി​ച്ചു​യർന്ന ഉടനെ ബഹിരാ​കാശ ഷട്ടിൽ പൊട്ടി​ത്തെ​റി​ക്കു​ന്നു; 1986 ഏപ്രിൽ 26: സോവി​യറ്റ്‌ അണുശ​ക്തി​നി​ല​യ​ത്തി​നു തീ പിടി​ക്കു​ന്നു; 1987 ഒക്‌ടോ​ബർ 19: സ്റ്റോക്ക്‌ മാർക്കറ്റ്‌ തകരുന്നു; 1989 മാർച്ച്‌ 25: എണ്ണതൂകൽ അലാസ്‌ക​യ്‌ക്കു പ്രഹര​മേൽപ്പി​ക്കു​ന്നു; 1989 ജൂൺ 4: ടിയെ​നൻമെൻ സ്‌ക്വ​യ​റിൽ സേനകൾ പ്രതി​ഷേ​ധ​കരെ കൂട്ട​ക്കൊല ചെയ്യുന്നു.

അതേ, ചരിത്രം കാണി​ക്കു​ന്നത്‌ ദുർവാർത്തകൾ എല്ലായ്‌പോ​ഴും ധാരാ​ള​മാ​ണെ​ന്നാണ്‌, എന്നാൽ സുവാർത്ത താരത​മ്യേന കുറവാണ്‌. സമീപ​കാല പതിറ്റാ​ണ്ടു​ക​ളിൽ ദുർവാർത്ത വ്യാപ​ക​മാ​യി​ക്കൊ​ണ്ടി​രി​ക്കെ, ഓരോ വർഷം പിന്നി​ടു​മ്പോ​ഴും സുവാർത്ത കുറഞ്ഞു​പോ​യി​രി​ക്കു​ന്നു.

ഇത്‌ എന്തു​കൊണ്ട്‌ ഇങ്ങനെ ആയിരി​ക്കണം? അത്‌ എപ്പോ​ഴും അങ്ങനെ ആയിരി​ക്കു​മോ?

അടുത്ത ലേഖനം ഈ രണ്ടു ചോദ്യ​ങ്ങൾ പരിചി​ന്തി​ക്കും.

[3-ാം പേജിലെ ചിത്ര​ത്തിന്‌ കടപ്പാട]

WHO/League of Red Cross