വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആദിമ ക്രിസ്‌ത്യാനിത്വവും രാഷ്ട്രവും

ആദിമ ക്രിസ്‌ത്യാനിത്വവും രാഷ്ട്രവും

ആദിമ ക്രിസ്‌ത്യാ​നി​ത്വ​വും രാഷ്ട്ര​വും

തന്റെ മരണത്തിന്‌ ഏതാനും മണിക്കൂ​റു​കൾക്കു​മുമ്പ്‌, യേശു തന്റെ ശിഷ്യ​ന്മാ​രോ​ടാ​യി പറഞ്ഞു: “നിങ്ങൾ ലോക​ത്തി​ന്റെ ഭാഗമല്ല, എന്നാൽ നിങ്ങളെ ഞാൻ ലോക​ത്തിൽനി​ന്നു തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു, ഇക്കാര​ണ​ത്താൽ ലോകം നിങ്ങളെ വെറു​ക്കു​ന്നു.” (യോഹ​ന്നാൻ 15:19, NW) എന്നാൽ ക്രിസ്‌ത്യാ​നി​കൾ ഈ ലോക​ത്തി​ന്റെ അധികാ​രി​ക​ളോട്‌ ഒരു ശത്രുതാ മനോ​ഭാ​വം സ്വീക​രി​ക്ക​ണ​മെന്ന്‌ ഇതിന്‌ അർഥമു​ണ്ടോ?

ലൗകി​കരല്ല, എന്നാൽ ശത്രു​ക്ക​ളു​മല്ല

റോമിൽ ജീവി​ച്ചി​രുന്ന ക്രിസ്‌ത്യാ​നി​ക​ളോ​ടു പൗലോസ്‌ അപ്പോ​സ്‌തലൻ പറഞ്ഞു: “ഏതു മനുഷ്യ​നും ശ്രേഷ്‌ഠാ​ധി​കാ​ര​ങ്ങൾക്കു കീഴട​ങ്ങട്ടെ.” (റോമർ 13:1) സമാന​മാ​യി പത്രോസ്‌ അപ്പോ​സ്‌തലൻ ഇങ്ങനെ എഴുതി: “ഉന്നതാ​ധി​കാ​രി​യായ രാജാ​വോ, ദുഷ്‌കർമ്മി​കളെ ശിക്ഷി​ക്കാ​നും സൽക്കർമ്മി​കളെ പ്രശം​സി​ക്കാ​നു​മാ​യി രാജാ​വി​നാൽ അയയ്‌ക്ക​പ്പെ​ടുന്ന പ്രാ​ദേ​ശി​കാ​ധി​കാ​രി​ക​ളോ ആരായി​രു​ന്നാ​ലും, നിങ്ങൾ കർത്താ​വി​നെ​പ്രതി എല്ലാ മാനു​ഷി​കാ​ധി​കാ​ര​ങ്ങൾക്കും വിധേ​യ​രാ​യി​രി​ക്കു​വിൻ.” (1 പത്രോസ്‌ 2:13, 14, പി.ഒ.സി. ബൈബിൾ) രാഷ്ട്ര​ത്തോ​ടും നിയമാ​നു​സൃ​ത​മാ​യി നിയമി​ത​രായ അതിന്റെ പ്രതി​നി​ധി​ക​ളോ​ടു​മുള്ള വിധേ​യ​ത്വം ആദിമ ക്രിസ്‌ത്യാ​നി​ക​ളു​ടെ ഇടയിൽ വ്യക്തമാ​യും അംഗീ​ക​രി​ക്ക​പ്പെ​ട്ടി​രുന്ന ഒരു തത്ത്വമാ​യി​രു​ന്നു. നിയമം അനുസ​രി​ക്കുന്ന പൗരന്മാ​രാ​യി​രി​ക്കാ​നും എല്ലാ മനുഷ്യ​രോ​ടും സമാധാ​ന​ത്തിൽ കഴിഞ്ഞു​കൂ​ടാ​നും പരി​ശ്ര​മി​ച്ച​വ​രാ​യി​രു​ന്നു അവർ.—റോമർ 12:18.

ദി എൻ​സൈ​ക്ലോ​പീ​ഡിയ ഓഫ്‌ റിലിജൻ “സഭയും രാഷ്ട്ര​വും” എന്ന ശീർഷ​ക​ത്തിൻ കീഴിൽ ഇങ്ങനെ പ്രഖ്യാ​പി​ക്കു​ന്നു: “എഡി ആദ്യത്തെ മൂന്നു നൂറ്റാ​ണ്ടു​ക​ളിൽ ക്രിസ്‌തീയ സഭ മിക്കവാ​റും ഔദ്യോ​ഗിക റോമൻ സമൂഹ​ത്തിൽനി​ന്നു ഒഴിഞ്ഞു​നി​ന്നി​രു​ന്നു . . . എന്നിരു​ന്നാ​ലും, ക്രിസ്‌തീയ നേതാ​ക്ക​ന്മാർ . . . ക്രിസ്‌തീയ വിശ്വാ​സം അനുവ​ദി​ക്കുന്ന പരിധി​ക്കു​ള്ളിൽനി​ന്നു​കൊ​ണ്ടു റോമൻ നിയമ​ത്തോട്‌ അനുസ​ര​ണ​വും ചക്രവർത്തി​യോ​ടു വിശ്വ​സ്‌ത​ത​യും പഠിപ്പി​ച്ചു.”

ബഹുമാ​നം, ആരാധ​ന​യല്ല

ക്രിസ്‌ത്യാ​നി​കൾ റോമാ ചക്രവർത്തി​യു​ടെ വിരോ​ധി​ക​ളാ​യി​രു​ന്നില്ല. അവർ അദ്ദേഹ​ത്തി​ന്റെ അധികാ​രത്തെ ആദരി​ക്കു​ക​യും പദവിക്ക്‌ അർഹമായ ബഹുമാ​നം അദ്ദേഹ​ത്തി​നു കൊടു​ക്കു​ക​യും ചെയ്‌തു. നീറോ ചക്രവർത്തി​യു​ടെ ഭരണകാ​ലത്ത്‌, റോമാ സാമ്രാ​ജ്യ​ത്തി​ന്റെ വിവിധ ഭാഗങ്ങ​ളിൽ ജീവി​ച്ചി​രുന്ന ക്രിസ്‌ത്യാ​നി​കൾക്കു പത്രോസ്‌ അപ്പോ​സ്‌തലൻ ഇങ്ങനെ എഴുതി: “എല്ലാവ​രെ​യും ബഹുമാ​നി​പ്പിൻ . . . രാജാ​വി​നെ ബഹുമാ​നി​പ്പിൻ.” (1 പത്രൊസ്‌ 2:17) ഗ്രീക്കു സംസാ​രി​ക്കുന്ന ലോകത്തു പ്രാ​ദേ​ശിക രാജാ​ക്ക​ന്മാർക്കു​മാ​ത്രമല്ല റോമാ ചക്രവർത്തി​ക്കും “രാജാവ്‌” എന്ന പദംത​ന്നെ​യാ​യി​രു​ന്നു ഉപയോ​ഗി​ച്ചി​രു​ന്നത്‌. റോമാ സാമ്രാ​ജ്യ​ത്തി​ന്റെ തലസ്ഥാ​നത്തു ജീവി​ച്ചി​രുന്ന ക്രിസ്‌ത്യാ​നി​കളെ പൗലോസ്‌ അപ്പോ​സ്‌തലൻ ഇങ്ങനെ ബുദ്ധ്യു​പ​ദേ​ശി​ച്ചു: “എല്ലാവർക്കും കടമാ​യു​ള്ളതു കൊടു​പ്പിൻ; . . . മാനം കാണി​ക്കേ​ണ്ട​വന്നു മാനം.” (റോമർ 13:7) റോമാ ചക്രവർത്തി തീർച്ച​യാ​യും ബഹുമാ​നം ആവശ്യ​പ്പെ​ട്ടി​രു​ന്നു. കാല​ക്ര​മ​ത്തിൽ അദ്ദേഹം ആരാധ​ന​പോ​ലും ആവശ്യ​പ്പെട്ടു. എന്നാൽ, ഇവിടെ ആദിമ ക്രിസ്‌ത്യാ​നി​കൾ അതിർത്തി​രേഖ വരച്ചു.

പൊ.യു. (പൊതു​യു​ഗം) രണ്ടാം നൂറ്റാ​ണ്ടിൽ ഒരു റോമൻ ഗവർണ​റു​ടെ മുമ്പാ​കെ​യുള്ള തന്റെ വിചാ​ര​ണ​വേ​ള​യിൽ പോളി​ക്കാർപ്പ്‌ ഇങ്ങനെ പ്രഖ്യാ​പി​ച്ച​താ​യി റിപ്പോർട്ടു ചെയ്യ​പ്പെ​ടു​ന്നു: “ഞാൻ ഒരു ക്രിസ്‌ത്യാ​നി​യാണ്‌. . . . ദൈവം സ്ഥാപി​ച്ചി​രി​ക്കുന്ന ശക്തികൾക്കും അധികാ​ര​ങ്ങൾക്കും . . . അർഹി​ക്കുന്ന മുഴു​ബ​ഹു​മാ​ന​വും കൊടു​ക്കാ​നാ​ണു ഞങ്ങളെ പഠിപ്പി​ക്കു​ന്നത്‌.” എന്നിരു​ന്നാ​ലും ചക്രവർത്തി​യെ ആരാധി​ക്കു​ന്ന​തി​നെ​ക്കാ​ളും മരിക്കു​ന്ന​തി​നാ​ണു പോളി​ക്കാർപ്പു തീരു​മാ​നി​ച്ചത്‌. രണ്ടാം നൂറ്റാ​ണ്ടി​ലെ വിശ്വാ​സ​പ്ര​തി​വാ​ദി​യായ, അന്ത്യോ​ക്യ​യി​ലെ തിയോ​ഫി​ലസ്‌ എഴുതി: “ഞാൻ ചക്രവർത്തി​യെ ബഹുമാ​നി​ക്കും, മറിച്ച്‌ തീർച്ച​യാ​യും അദ്ദേഹത്തെ ആരാധി​ക്കു​ക​യില്ല, എന്നാൽ അദ്ദേഹ​ത്തി​നു​വേണ്ടി പ്രാർഥി​ക്കു​ന്ന​താണ്‌. അതേസ​മയം ഞാൻ ദൈവത്തെ, ജീവനുള്ള സത്യ​ദൈ​വത്തെ ആരാധി​ക്കു​ന്നു.”

ചക്രവർത്തി​യെ​ക്കു​റി​ച്ചുള്ള ഉചിത​മായ പ്രാർഥ​ന​കൾക്ക്‌ ഒരുത​ര​ത്തി​ലും ചക്രവർത്തി​യാ​രാ​ധ​ന​യു​മാ​യോ ദേശീ​യ​വാ​ദ​വു​മാ​യോ ബന്ധമു​ണ്ടാ​യി​രു​ന്നില്ല. അവയുടെ ഉദ്ദേശ്യം പൗലോസ്‌ അപ്പോ​സ്‌തലൻ ഇങ്ങനെ വിശദീ​ക​രി​ച്ചു: “എന്നാൽ സകലമ​നു​ഷ്യർക്കും നാം സർവ്വഭ​ക്തി​യോ​ടും ഘനത്തോ​ടും​കൂ​ടെ സാവധാ​ന​ത​യും സ്വസ്ഥത​യു​മുള്ള ജീവനം കഴി​ക്കേ​ണ്ട​തി​ന്നു വിശേ​ഷാൽ രാജാ​ക്ക​ന്മാർക്കും സകല അധികാ​ര​സ്ഥ​ന്മാർക്കും വേണ്ടി യാചന​യും പ്രാർഥ​ന​യും പക്ഷവാ​ദ​വും സ്‌തോ​ത്ര​വും ചെയ്യേണം എന്നു ഞാൻ സകലത്തി​ന്നും മുമ്പെ പ്രബോ​ധി​പ്പി​ക്കു​ന്നു.”—1 തിമൊ​ഥെ​യൊസ്‌ 2:1, 2.

“സമൂഹ​ത്തി​ന്റെ ഓരത്ത്‌”

ആദിമ ക്രിസ്‌ത്യാ​നി​ക​ളു​ടെ ഭാഗത്തെ ഈ ആദരപൂർവ​ക​മായ നടത്ത തങ്ങൾ ജീവിച്ച ലോക​ത്തി​ന്റെ സൗഹൃദം അവർക്കു കൈവ​രു​ത്തി​യില്ല. ആദിമ ക്രിസ്‌ത്യാ​നി​കൾ “സമൂഹ​ത്തി​ന്റെ ഓരത്ത്‌ ജീവി​ച്ച​വ​രാ​യി​രു​ന്നു”വെന്നു ഫ്രഞ്ച്‌ ചരി​ത്ര​കാ​ര​നായ എ. അമാൻ വിവരി​ക്കു​ന്നു. വാസ്‌ത​വ​ത്തിൽ, യഹൂദർ, റോമാ​ക്കാർ എന്നീ രണ്ടു സമൂഹ​ങ്ങ​ളു​ടെ ഓരത്തു ജീവിച്ച അവർ രണ്ടുകൂ​ട്ട​രിൽനി​ന്നും വളരെ മുൻവി​ധി​ക​ളും തെറ്റി​ദ്ധാ​ര​ണ​ക​ളും ഏറ്റുവാ​ങ്ങി.

ഉദാഹ​ര​ണ​ത്തിന്‌, യഹൂദ നേതാ​ക്ക​ന്മാർ പൗലോസ്‌ അപ്പോ​സ്‌ത​ലനെ തെറ്റായി കുറ്റം​വി​ധി​ച്ച​പ്പോൾ, അവൻ റോമൻ ഗവർണ​റു​ടെ മുമ്പാകെ പ്രതി​വാ​ദം ചെയ്‌തു​കൊണ്ട്‌ പ്രസ്‌താ​വി​ച്ചു: “യഹൂദ​ന്മാ​രു​ടെ ന്യായ​പ്ര​മാ​ണ​ത്തോ​ടാ​കട്ടെ ദൈവാ​ല​യ​ത്തോ​ടാ​കട്ടെ കൈസ​രോ​ടാ​കട്ടെ ഞാൻ ഒരു കുറ്റവും ചെയ്‌തി​ട്ടില്ല. . . . ഞാൻ കൈസരെ അഭയം​ചൊ​ല്ലു​ന്നു”! (പ്രവൃ​ത്തി​കൾ 25:8, 12) യഹൂദ​ന്മാർ തന്നെ കൊല്ലാൻ ഗൂഢാ​ലോ​ചന നടത്തു​ക​യാ​ണെന്നു മനസ്സി​ലാ​ക്കി പൗലോസ്‌ നീറോ​യു​ടെ അടുക്കൽ ഉപരി​വി​ചാ​രണ ആവശ്യ​പ്പെട്ടു, അങ്ങനെ റോമൻ ചക്രവർത്തി​യു​ടെ അധികാ​രം അംഗീ​ക​രി​ച്ചു. അതേത്തു​ടർന്ന്‌, റോമി​ലെ അവന്റെ ആദ്യവി​ചാ​ര​ണ​യി​ങ്കൽ, പൗലോസ്‌ കുറ്റവി​മു​ക്ത​നാ​ക്ക​പ്പെ​ട്ട​താ​യി കാണുന്നു. എന്നാൽ പിന്നീട്‌ അവനെ വീണ്ടും തടവി​ലാ​ക്കി. പാരമ്പ​ര്യം പറയു​ന്ന​ത​നു​സ​രിച്ച്‌, നീറോ​യു​ടെ കൽപ്പന​യാൽ അവൻ വധിക്ക​പ്പെട്ടു.

റോമാ സമൂഹ​ത്തിൽ ആദിമ ക്രിസ്‌ത്യാ​നി​ക​ളു​ടെ ദുഷ്‌ക​ര​മായ സ്ഥാനം സംബന്ധിച്ച്‌, സമുദാ​യ​ശാ​സ്‌ത്ര​ജ്ഞ​നും ദൈവ​ശാ​സ്‌ത്ര​ജ്ഞ​നു​മായ ഏൺസ്റ്റ്‌ ട്രോൽറ്റ്‌ക്‌ എഴുതി: “വിഗ്ര​ഹാ​രാ​ധ​ന​യു​മാ​യോ ചക്രവർത്തി​യാ​രാ​ധ​ന​യു​മാ​യോ ഏതെങ്കി​ലും തരത്തിൽ ബന്ധമു​ണ്ടാ​യി​രുന്ന എല്ലാ ഔദ്യോ​ഗിക സ്ഥാനങ്ങ​ളും ജീവി​ത​വൃ​ത്തി​ക​ളും, അല്ലെങ്കിൽ രക്തം​ചൊ​രി​യ​ലു​മാ​യോ വധശി​ക്ഷ​യു​മാ​യോ ക്രിസ്‌ത്യാ​നി​കളെ പുറജാ​തീയ അധാർമി​ക​ത​യു​മാ​യി സമ്പർക്ക​ത്തിൽ വരുത്തു​ന്ന​വ​യു​മാ​യോ ഏതെങ്കി​ലും തരത്തിൽ ബന്ധമു​ണ്ടാ​യി​രുന്ന എന്തും അവർ ഒഴിവാ​ക്കി​യി​രു​ന്നു.” ഈ നിലപാ​ടു മുഖാ​ന്തരം ക്രിസ്‌ത്യാ​നി​കൾക്കും രാഷ്ട്ര​ത്തി​നും ഇടയിൽ സമാധാ​ന​പൂർണ​വും പരസ്‌പ​രാ​ദ​ര​പൂർവ​ക​വു​മായ ബന്ധത്തിനു സ്ഥാനം ഉണ്ടായി​രു​ന്നി​ല്ലേ?

“കൈസർക്കു​ള്ളതു” കൈസർക്കു കൊടു​ക്കൽ

“കൈസർക്കു​ള്ളതു കൈസർക്കും ദൈവ​ത്തി​ന്നു​ള്ളതു ദൈവ​ത്തി​ന്നും കൊടു​പ്പിൻ” എന്നു പ്രഖ്യാ​പി​ച്ചു​കൊണ്ട്‌ റോമൻ രാഷ്ട്ര​ത്തോ​ടോ, അല്ലെങ്കിൽ ഇക്കാര്യ​ത്തിൽ വേറെ ഏതു ഗവൺമെൻറി​നോ​ടോ ഉള്ള ബന്ധത്തിൽ ക്രിസ്‌ത്യാ​നി​ക​ളു​ടെ നടത്തയെ നിയ​ന്ത്രി​ക്കുന്ന പ്രമാ​ണ​സൂ​ത്രം യേശു പ്രദാനം ചെയ്യു​ക​യു​ണ്ടാ​യി. (മത്തായി 22:21) യേശു​വി​ന്റെ അനുഗാ​മി​കൾക്കുള്ള ഈ ബുദ്ധ്യു​പ​ദേശം റോമൻ ആധിപ​ത്യ​ത്തെ ചെറു​ക്കു​ക​യും ഒരു വിദേശ ശക്തിക്കു നികുതി കൊടു​ക്കു​ന്ന​തി​ലെ നിയമ​സാ​ധു​ത​യ്‌ക്കെ​തി​രെ പോരാ​ടു​ക​യും ചെയ്‌തി​രുന്ന ദേശീ​യ​വാ​ദി​ക​ളായ അനേകം യഹൂദ​രു​ടെ മനോ​ഭാ​വ​ത്തി​നു നേർവി​പ​രീ​ത​മാ​യി​രു​ന്നു.

പിൽക്കാ​ലത്ത്‌, പൗലോസ്‌ റോമിൽ ജീവി​ച്ചി​രുന്ന ക്രിസ്‌ത്യാ​നി​ക​ളോ​ടു പറഞ്ഞു: “അതു​കൊ​ണ്ടു ശിക്ഷയെ മാത്രമല്ല മനസ്സാ​ക്ഷി​യെ​യും വിചാ​രി​ച്ചു കീഴട​ങ്ങുക ആവശ്യം. അതു​കൊ​ണ്ടു നിങ്ങൾ നികു​തി​യും കൊടു​ക്കു​ന്നു. അവർ [ഗവൺമെ​ന്റു​ക​ളായ “ശ്രേഷ്‌ഠാ​ധി​കാ​രങ്ങൾ”] ദൈവ​ശു​ശ്രൂ​ഷ​ക​ന്മാ​രും ആ കാര്യം തന്നേ നോക്കു​ന്ന​വ​രു​മാ​കു​ന്നു. എല്ലാവർക്കും കടമാ​യു​ള്ളതു കൊടു​പ്പിൻ; നികുതി കൊടു​ക്കേ​ണ്ട​വന്നു നികുതി; ചുങ്കം കൊടു​ക്കേ​ണ്ട​വന്നു ചുങ്കം.” (റോമർ 13:5-7) ക്രിസ്‌ത്യാ​നി​കൾ ലോക​ത്തി​ന്റെ ഭാഗം അല്ലാതി​രി​ക്കു​മ്പോൾത്തന്നെ, രാഷ്ട്രം ചെയ്‌തു​ത​രുന്ന സേവന​ങ്ങൾക്കു വില നൽകി​ക്കൊ​ണ്ടു സത്യസ​ന്ധ​രാ​യി​രി​ക്കു​ന്ന​തി​നും നികു​തി​ദാ​യ​ക​രായ പൗരന്മാ​രാ​യി​രി​ക്കു​ന്ന​തി​നു​മുള്ള കടപ്പാട്‌ അവർക്കുണ്ട്‌.—യോഹ​ന്നാൻ 17:16.

എന്നാൽ യേശു​വി​ന്റെ വാക്കുകൾ ബാധി​ക്കു​ന്നതു നികു​തി​കൾ കൊടു​ക്ക​ലി​നെ മാത്ര​മാ​ണോ? കൈസർക്കു​ള്ള​തും ദൈവ​ത്തി​നു​ള്ള​തും കൃത്യ​മാ​യി എന്തെല്ലാ​മാ​ണെന്നു യേശു നിർവ​ചി​ക്കാ​ഞ്ഞ​തു​കൊണ്ട്‌, സാഹച​ര്യ​മ​നു​സ​രിച്ച്‌, അല്ലെങ്കിൽ മുഴു ബൈബി​ളി​നെ​ക്കു​റി​ച്ചു നമുക്കുള്ള ഗ്രാഹ്യ​മ​നു​സ​രി​ച്ചു തീരു​മാ​ന​മെ​ടു​ക്കേ​ണ്ട​തായ അഗ്രസ്‌പർശി​യായ സംഗതി​ക​ളുണ്ട്‌. മറ്റു വാക്കു​ക​ളിൽ പറഞ്ഞാൽ, ഒരു ക്രിസ്‌ത്യാ​നി കൈസർക്കു കൊടു​ക്കാ​വുന്ന സംഗതി​കൾ എന്തെല്ലാ​മെന്നു തീരു​മാ​നി​ക്കു​ന്ന​തിൽ ബൈബിൾത​ത്ത്വ​ങ്ങ​ളാൽ പ്രബു​ദ്ധ​മാ​ക്ക​പ്പെ​ട്ട​പ്ര​കാ​ര​മുള്ള ക്രിസ്‌ത്യാ​നി​യു​ടെ മനസ്സാക്ഷി ചില​പ്പോൾ ഉൾപ്പെ​ട്ടേ​ക്കാം.

രണ്ടു മത്സരാത്മക ആവശ്യ​ങ്ങൾക്കി​ട​യിൽ ശ്രദ്ധാ​പൂർവ​ക​മായ സമനില

കൈസർക്കു​ള്ളതു കൈസർക്കു തിരി​ച്ചു​കൊ​ടു​ക്ക​ണ​മെന്നു പ്രസ്‌താ​വി​ച്ച​ശേഷം “ദൈവ​ത്തി​ന്നു​ള്ളതു ദൈവ​ത്തി​ന്നും [തിരിച്ചു]കൊടു​പ്പിൻ” എന്നു യേശു കൂട്ടി​ച്ചേർത്തു​വെന്ന്‌ അനേക​രും മറന്നു​പോ​കു​ന്നു. ക്രിസ്‌ത്യാ​നി​ക​ളു​ടെ മുൻഗണന ആരോ​ടാ​ണെന്നു പത്രോസ്‌ അപ്പോ​സ്‌തലൻ പ്രകട​മാ​ക്കു​ക​യു​ണ്ടാ​യി. “രാജാവി”നോടും, അല്ലെങ്കിൽ ചക്രവർത്തി​യോ​ടും അവന്റെ “നാടു​വാ​ഴിക”ളോടു​മുള്ള കീഴ്‌പെ​ട​ലി​നാ​യി ബുദ്ധ്യു​പ​ദേ​ശി​ച്ച​തി​നു​ശേഷം ഉടൻതന്നെ പത്രോസ്‌ എഴുതി: “സ്വത​ന്ത്ര​രാ​യും സ്വാത​ന്ത്ര്യം ദുഷ്ട​തെക്കു മറയാ​ക്കാ​തെ ദൈവ​ത്തി​ന്റെ ദാസന്മാ​രാ​യും നടപ്പിൻ. എല്ലാവ​രെ​യും ബഹുമാ​നി​പ്പിൻ; സഹോ​ദ​ര​വർഗ്ഗത്തെ സ്‌നേ​ഹി​പ്പിൻ; ദൈവത്തെ ഭയപ്പെ​ടു​വിൻ; രാജാ​വി​നെ ബഹുമാ​നി​പ്പിൻ.” (1 പത്രൊസ്‌ 2:16, 17) മനുഷ്യ​ഭ​ര​ണാ​ധി​പ​ന്റെയല്ല, ദൈവ​ത്തി​ന്റെ അടിമ​ക​ളാ​ണു ക്രിസ്‌ത്യാ​നി​കൾ എന്ന്‌ അപ്പോ​സ്‌തലൻ പ്രകട​മാ​ക്കി. അവർ രാഷ്ട്ര​ത്തി​ന്റെ പ്രതി​നി​ധി​ക​ളോട്‌ ഉചിത​മായ ബഹുമാ​ന​വും ആദരവും പ്രകട​മാ​ക്കണം. അതേസ​മയം, പരമോ​ന്ന​ത​മായ നിയമ​ങ്ങ​ളുള്ള ദൈവത്തെ ഭയപ്പെ​ട്ടു​കൊ​ണ്ടാ​യി​രി​ക്കണം അവർ അങ്ങനെ ചെയ്യേ​ണ്ടത്‌.

വർഷങ്ങൾക്കു​മു​മ്പു​തന്നെ, മനുഷ്യ​നി​യ​മ​ങ്ങ​ളു​ടെ മേൽ ദൈവ​നി​യ​മ​ത്തി​നുള്ള ശ്രേഷ്‌ഠത പത്രോസ്‌ വ്യക്തമാ​ക്കി​യി​രു​ന്നു. റോമാ​ക്കാർ സിവി​ലും മതപര​വു​മായ അധികാ​രം നൽകി​യി​രുന്ന ഒരു ഭരണസം​ഘ​മാ​യി​രു​ന്നു യഹൂദ സൻഹെ​ദ്രീം. ക്രിസ്‌തു​വി​ന്റെ നാമത്തിൽ പ്രസം​ഗി​ക്കു​ന്നതു നിർത്താൻ യേശു​വി​ന്റെ അനുഗാ​മി​ക​ളോട്‌ അതു കൽപ്പി​ച്ച​പ്പോൾ, പത്രോ​സും മറ്റ്‌ അപ്പോ​സ്‌ത​ല​ന്മാ​രും ആദരപൂർവം, അതേസ​മയം ദൃഢത​യോ​ടെ, ഇങ്ങനെ പ്രതി​വ​ചി​ച്ചു: “ഞങ്ങൾ മനുഷ്യ​രെ​ക്കാൾ അധിക​മാ​യി ദൈവത്തെ ഭരണാ​ധി​കാ​രി​യാ​യി അനുസ​രി​ക്കേ​ണ്ട​താണ്‌.” (പ്രവൃ​ത്തി​കൾ 5:29, NW) വ്യക്തമാ​യും, ആദിമ ക്രിസ്‌ത്യാ​നി​കൾ ദൈവ​ത്തോ​ടുള്ള അനുസ​ര​ണ​ത്തി​നും മനുഷ്യ അധികാ​രി​ക​ളോ​ടുള്ള ഉചിത​മായ കീഴ്‌പെ​ട​ലി​നും ഇടയിൽ ശ്രദ്ധാ​പൂർവ​മായ ഒരു സമനില കാത്തു​സൂ​ക്ഷി​ക്ക​ണ​മാ​യി​രു​ന്നു. പൊ.യു. മൂന്നാം നൂറ്റാ​ണ്ടി​ന്റെ ആദ്യഭാ​ഗത്ത്‌, തെർത്തു​ല്യൻ അതിനെ ഇപ്രകാ​രം വർണിച്ചു: “എല്ലാം കൈസർക്കു​ള്ള​താ​ണെ​ങ്കിൽ, ദൈവ​ത്തിന്‌ എന്താ ശേഷി​ക്കുക?”

രാഷ്ട്ര​വു​മാ​യി വിട്ടു​വീ​ഴ്‌ച

സമയം കടന്നു​പോ​യ​തോ​ടെ, രാഷ്ട്ര​ത്തോ​ടുള്ള ബന്ധത്തിൽ ഒന്നാം​നൂ​റ്റാ​ണ്ടു ക്രിസ്‌ത്യാ​നി​കൾ കൈ​ക്കൊ​ണ്ടി​രുന്ന നിലപാ​ടു ക്രമേണ ദുർബ​ല​മാ​യി. യേശു​വും അപ്പോ​സ്‌ത​ല​ന്മാ​രും മുൻകൂ​ട്ടി​പ്പറഞ്ഞ വിശ്വാ​സ​ത്യാ​ഗം പൊ.യു. രണ്ടും മൂന്നും നൂറ്റാ​ണ്ടു​ക​ളിൽ വികാസം പ്രാപി​ച്ചു. (മത്തായി 13:37, 38; പ്രവൃ​ത്തി​കൾ 20:29, 30; 2 തെസ്സ​ലൊ​നീ​ക്യർ 2:3-12; 2 പത്രൊസ്‌ 2:1-3) വിശ്വാ​സ​ത്യാ​ഗം ഭവിച്ച ക്രിസ്‌ത്യാ​നി​ത്വം റോമൻ ലോക​വു​മാ​യി വിട്ടു​വീ​ഴ്‌ചകൾ ചെയ്‌തു, അതിന്റെ പുറജാ​തീയ ഉത്സവങ്ങ​ളും തത്ത്വശാ​സ്‌ത്ര​വും കൈ​ക്കൊ​ണ്ടു, സിവിൽ സേവന​ത്തിൽ മാത്രമല്ല, സൈനിക സേവന​ത്തി​ലും ഏർപ്പെട്ടു.

പ്രൊ​ഫെ​സർ ട്രോൽറ്റ്‌ക്‌ എഴുതി: “മൂന്നാം നൂറ്റാ​ണ്ടു​മു​തൽ സ്ഥിതി​വി​ശേഷം കൂടുതൽ ദുഷ്‌ക​ര​മാ​യി, കാരണം സമൂഹ​ത്തി​ന്റെ ഉന്നത ശ്രേണി​ക​ളി​ലും പ്രമുഖ ജോലി​ക​ളി​ലും സൈന്യ​ത്തി​ലും ഔദ്യോ​ഗിക വൃത്തങ്ങ​ളി​ലും ക്രിസ്‌ത്യാ​നി​ക​ളു​ടെ എണ്ണം വളരെ​യ​ധി​കം വർധിച്ചു. [ബൈബി​ളി​ലി​ല്ലാത്ത] ക്രിസ്‌തീയ എഴുത്തു​ക​ളിൽ പല ഖണ്ഡിക​ക​ളി​ലും ഈ വക സംഗതി​ക​ളിൽ പങ്കുപ​റ്റു​ന്ന​തി​നെ​തി​രെ രോഷം​ക​ലർന്ന പ്രതി​ഷേ​ധ​ങ്ങ​ളുണ്ട്‌. അതേസ​മയം, വിട്ടു​വീഴ്‌ച ചെയ്യാ​നുള്ള ശ്രമങ്ങ​ളും—അസ്വസ്ഥ​മായ മനസ്സാ​ക്ഷി​ക്കു സ്വാന്ത​ന​മേ​കു​ന്ന​തി​നാ​യി രൂപകൽപ്പന ചെയ്‌തി​രി​ക്കുന്ന വാദഗ​തി​ക​ളും—നാം കാണുന്നു . . . കോൺസ്റ്റ​ന്റ​യി​ന്റെ കാലം​മു​തൽ ഈ വിഷമ​തകൾ അപ്രത്യ​ക്ഷ​മാ​യി; ക്രിസ്‌ത്യാ​നി​ക​ളും പുറജാ​തി​ക​ളും​ത​മ്മി​ലുള്ള ഉരസൽ അവസാ​നി​ച്ചു, രാഷ്ട്ര​ത്തി​ലെ എല്ലാ ഉദ്യോ​ഗ​ങ്ങ​ളും ലഭ്യമാ​ക്ക​പ്പെട്ടു.”

പൊ.യു. നാലാം നൂറ്റാ​ണ്ടി​ന്റെ അന്ത്യ​ത്തോ​ടെ, മായം​ചേർക്ക​പ്പെട്ട, വീട്ടു​വീഴ്‌ച ചെയ്യുന്ന തരത്തി​ലുള്ള ഈ ക്രിസ്‌ത്യാ​നി​ത്വം റോമാ സാമ്രാ​ജ്യ​ത്തി​ന്റെ ഔദ്യോ​ഗിക മതമാ​യി​ത്തീർന്നു.

കത്തോ​ലി​ക്കാ, ഓർത്ത​ഡോ​ക്‌സ്‌, പ്രൊ​ട്ട​സ്റ്റൻറ്‌ സഭകളാൽ പ്രതി​നി​ധാ​നം ചെയ്യ​പ്പെ​ടുന്ന ക്രൈ​സ്‌ത​വ​ലോ​കം അതിന്റെ ചരി​ത്ര​ത്തി​ലു​ട​നീ​ളം രാഷ്ട്രീ​യ​ത്തിൽ ആഴമായി ഉൾപ്പെ​ട്ടും യുദ്ധങ്ങളെ പിന്തു​ണ​ച്ചും രാഷ്ട്ര​വു​മാ​യി വിട്ടു​വീഴ്‌ച ചെയ്യു​ന്ന​തിൽ തുടർന്നി​രി​ക്കു​ന്നു. ഇതിൽ പകെച്ചു​പോ​യി​ട്ടുള്ള ആത്മാർഥ​രായ അനേകം പള്ളിയം​ഗങ്ങൾ രാഷ്ട്ര​വു​മാ​യുള്ള ബന്ധത്തിൽ ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​ക​ളു​ടെ നിലപാ​ടു നിലനിർത്തുന്ന ക്രിസ്‌ത്യാ​നി​കൾ ഇന്നുമു​ണ്ടെന്ന്‌ അറിയു​ന്ന​തിൽ നിസ്സം​ശ​യ​മാ​യും സന്തുഷ്ട​രാ​യി​രി​ക്കും. പിൻവ​രുന്ന രണ്ടു ലേഖനങ്ങൾ ഈ സംഗതി കൂടുതൽ വിശദ​മാ​യി ചർച്ച​ചെ​യ്യു​ന്ന​താണ്‌.

[5-ാം പേജിലെ ചിത്രം]

നീറോ കൈസ​രി​നെ​ക്കു​റിച്ച്‌ പത്രോസ്‌ എഴുതി: “രാജാ​വി​നെ ബഹുമാ​നി​പ്പിൻ”

[കടപ്പാട]

Musei Capitolini, Roma

[6-ാം പേജിലെ ചിത്രം]

ചക്രവർത്തിയെ ആരാധി​ക്കു​ന്ന​തി​നെ​ക്കാൾ പോളി​ക്കാർപ്പു മരിക്കാൻ തീരു​മാ​നി​ച്ചു

[7-ാം പേജിലെ ചിത്രം]

ആദിമ ക്രിസ്‌ത്യാ​നി​കൾ ശാന്തശീ​ല​രും സത്യസ​ന്ധ​രും നികു​തി​ദാ​യ​ക​രു​മായ പൗരന്മാ​രാ​യി​രു​ന്നു