ദൈവം, രാഷ്ട്രം, നിങ്ങൾ
ദൈവം, രാഷ്ട്രം, നിങ്ങൾ
“അയർലൻഡിൽ വിവാഹമോചനം സംബന്ധിച്ച ഹിതപരിശോധനയിൽ സഭയും രാഷ്ട്രവും പരസ്പരം ഏറ്റുമുട്ടുന്നു”
ദ ന്യൂയോർക്ക് ടൈംസിലെ ഈ തലക്കെട്ട്, രാഷ്ട്രം ആവശ്യപ്പെടുന്നതും തങ്ങളുടെ സഭ പഠിപ്പിക്കുന്നതിനുമിടയിൽ ഇന്ന് ആളുകൾ ഒരു തിരഞ്ഞെടുപ്പിനെ നേരിട്ടേക്കാവുന്നതെങ്ങനെയെന്നു ദൃഷ്ടാന്തീകരിക്കുന്നു.
ആ ലേഖനം ഇങ്ങനെ പ്രസ്താവിച്ചു: “വിവാഹമോചനത്തിന്മേലുള്ള ഭരണഘടനാപരമായ നിരോധനം നിർത്തലാക്കണമോ എന്ന ഹിതപരിശോധനയ്ക്ക് ഒരു മാസത്തിൽ കുറഞ്ഞ സമയം ബാക്കിനിൽക്കേ, റോമൻ കത്തോലിക്കാ അയർലൻഡ് അതിന്റെ ഗവൺമെൻറ് നേതാക്കളും മതനേതാക്കളും തമ്മിലുള്ള ശക്തമായ ഒരു അപൂർവ ഏറ്റുമുട്ടലിനു സാക്ഷ്യംവഹിക്കുകയാണ്.” വിവാഹമോചനത്തിന്മേലുള്ള നിരോധനം എടുത്തുകളയുന്ന കാര്യം രാഷ്ട്രം നിർദേശിച്ചു. എന്നാൽ കത്തോലിക്കാ സഭ വിവാഹമോചനത്തെയും പുനർവിവാഹത്തെയും ശക്തിയുക്തം എതിർക്കുന്നു. ഐറിഷ് കത്തോലിക്കർക്കു സഭയ്ക്കും രാഷ്ട്രത്തിനും ഇടയിൽ തിരഞ്ഞെടുപ്പു നേരിടേണ്ട അവസ്ഥയായി. അവസാനം, ഒരു നേരിയ ഭൂരിപക്ഷത്തിനു രാഷ്ട്രം വിജയിച്ചു.
അതിലും ശ്രദ്ധേയമാണ് അനേക വർഷത്തേക്ക് ഉത്തര അയർലൻഡിലെ ആളുകൾ ദേശീയ പരമാധികാരം സംബന്ധിച്ച് അഭിമുഖീകരിച്ചിരിക്കുന്ന കടുത്ത പോരാട്ടം. അനേകർ കൊല്ലപ്പെട്ടിരിക്കുന്നു. റോമൻ കത്തോലിക്കർക്കും പ്രൊട്ടസ്റ്റന്റുകാർക്കും ഏതു രാഷ്ട്രത്തിന്—ഉത്തര അയർലൻഡിൽ തുടരുന്ന ബ്രിട്ടീഷ് ഭരണത്തിനോ മുഴു അയർലൻഡിനുമായുള്ള ഒരു കേന്ദ്രീകൃത ഗവൺമെൻറിനോ—കീഴ്പെടണമെന്ന കാര്യത്തിൽ ഭിന്ന കാഴ്ചപ്പാടുകളായിരുന്നു.
സമാനമായി, യൂഗോസ്ലാവിയ ആയിരുന്നിടത്ത് ഭരണാധികാരികൾ കത്തോലിക്കരും ഓർത്തഡോക്സുകാരും ഉൾപ്പെടെയുള്ള വ്യത്യസ്ത മത വിഭാഗങ്ങളോടു പ്രദേശത്തിനായുള്ള ഒരു യുദ്ധത്തിൽ പോരാടാൻ ആവശ്യപ്പെട്ടിരിക്കുന്നു. ശരാശരി പൗരന്മാരെ സംബന്ധിച്ചിടത്തോളം, അവരുടെ പ്രാഥമിക കടമ എന്തായിരുന്നു? രാഷ്ട്രത്തെ പ്രതിനിധാനം ചെയ്യുന്നവരെന്ന് അവകാശപ്പെട്ടിരുന്നവരെയാണോ അവർ പിൻപറ്റേണ്ടിയിരുന്നത്, അതോ “കൊല്ലരുത് . . . നിന്നെപ്പോലെ നിന്റെ അയല്ക്കാരനെ സ്നേഹിക്കണം” എന്നു പറയുന്ന ദൈവത്തെ അനുസരിക്കണമായിരുന്നോ?—റോമാ 13:9, പി.ഒ.സി. ബൈബിൾ.
ഇത്തരം സ്ഥിതിവിശേഷം നിങ്ങളെ ബാധിക്കുകയില്ലെന്നു നിങ്ങൾ ചിന്തിച്ചേക്കാം. എന്നാൽ ബാധിക്കുന്നെന്നും വരാം. വാസ്തവത്തിൽ, ഇപ്പോൾപ്പോലും അതു നിങ്ങളെ ഉത്കണ്ഠപ്പെടുത്തിയേക്കാം. പുതിയ നിയമത്തിലെ രാഷ്ട്രം (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ, ദൈവശാസ്ത്രജ്ഞനായ ഒസ്കാർ കൾമാൻ “സ്വേച്ഛാധിപത്യ ഗവൺമെന്റുകൾ ഭീഷണിപ്പെടുത്തുന്ന ഗതികെട്ട സാഹചര്യങ്ങളിൽ ആധുനിക ക്രിസ്ത്യാനികൾ നടത്തേണ്ട അല്ലെങ്കിൽ നടത്താൻ നിർബന്ധിതരാകുന്ന ജീവന്മരണ തീരുമാനങ്ങ”ളെക്കുറിച്ചു സംസാരിക്കുന്നുണ്ട്. എന്നിരുന്നാലും, “ക്രിസ്ത്യാനി ആയിരിക്കുന്നതുകൊണ്ടു മാത്രം തന്നെ നേരിടുന്ന ഒരു ഗുരുതരമായ പ്രശ്നത്തെ അഭിമുഖീകരിക്കാനും അതു പരിഹരിക്കാനുമുള്ള ഓരോ ക്രിസ്ത്യാനിയുടെയും—‘സാധാരണ’മെന്നു പറയപ്പെടുന്ന ‘ദൈനംദിന’ അവസ്ഥകളിൽ ജീവിക്കുന്ന ക്രിസ്ത്യാനിയുടെയും—അത്രതന്നെ യഥാർഥവും പ്രധാനവുമായ ഉത്തരവാദിത്വത്തെ”ക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്.
അതുകൊണ്ട്, മതവും രാഷ്ട്രവും തമ്മിലുള്ള ബന്ധം ഇന്നു ക്രിസ്ത്യാനികളിൽ താത്പര്യമുണർത്തണമോ? തീർച്ചയായും താത്പര്യമുണർത്തണം. ആദിമകാലം മുതൽതന്നെ, ക്രിസ്ത്യാനികൾ ലൗകിക അധികാരികളെക്കുറിച്ചു സമനിലയുള്ള ഒരു കാഴ്ചപ്പാടു നട്ടുവളർത്താൻ ശ്രമിച്ചിട്ടുണ്ട്. അവരുടെ നേതാവായ യേശുക്രിസ്തുവിനെ ന്യായംവിധിച്ച്, കുറ്റംവിധിച്ച്, വധിച്ചത് റോമാ രാഷ്ട്രമായിരുന്നു. അവന്റെ ശിഷ്യന്മാർക്കു തങ്ങളുടെ ക്രിസ്തീയ കടപ്പാടുകളും റോമാ സാമ്രാജ്യത്തോടുള്ള കടമകളും ഒരുമിച്ചു കൊണ്ടുപോകേണ്ടതുണ്ടായിരുന്നു. അതുകൊണ്ട്, അധികാരികളുമായുള്ള അവരുടെ ബന്ധത്തെക്കുറിച്ചുള്ള ഒരു അവലോകനം ഇന്നത്തെ ക്രിസ്ത്യാനികൾക്കു മാർഗദർശനം നൽകും.
[3-ാം പേജിലെ ചിത്രത്തിന് കടപ്പാട]
Tom Haley/Sipa Press