വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ ആത്മവിശ്വാസം അവസാനംവരെ ഉറപ്പുള്ളതായി നിലനിർത്തുക

നിങ്ങളുടെ ആത്മവിശ്വാസം അവസാനംവരെ ഉറപ്പുള്ളതായി നിലനിർത്തുക

നിങ്ങളു​ടെ ആത്മവി​ശ്വാ​സം അവസാ​നം​വരെ ഉറപ്പു​ള്ള​താ​യി നിലനിർത്തു​ക

ഒരു ചെറിയ വിമാനം ദുഷ്‌ക​ര​മായ കാലാ​വ​സ്ഥ​യി​ലേക്കു പറന്നടു​ക്കു​ക​യാ​ണെന്നു സങ്കൽപ്പി​ക്കുക. പൈല​റ്റി​നു നിലത്തെ അടയാ​ളങ്ങൾ തിരി​ച്ച​റി​യാൻ കഴിയു​ന്നില്ല. അദ്ദേഹ​ത്തി​നു ചുറ്റും കനത്ത മേഘം. ജനാല​ച്ചി​ല്ലി​ന​പ്പു​റ​ത്തേക്കു കാണാനേ കഴിയു​ന്നില്ല. എന്നിട്ടും തന്റെ യാത്ര സുരക്ഷി​ത​മാ​യി പൂർത്തി​യാ​ക്കാ​നാ​വു​മെന്ന്‌ അദ്ദേഹ​ത്തിന്‌ ഉറപ്പു​തോ​ന്നു​ന്നു. അദ്ദേഹ​ത്തി​ന്റെ ആത്മവി​ശ്വാ​സ​ത്തി​ന്റെ കാരണ​മെ​ന്താണ്‌?

ഇരുട്ടിൽ മേഘത്തി​ലൂ​ടെ​യും നിലത്തൂ​ടെ​യും പറക്കാൻ തന്നെ പ്രാപ്‌ത​നാ​ക്കുന്ന കൃത്യ​ത​യുള്ള ഉപകര​ണങ്ങൾ അയാൾക്കുണ്ട്‌. തന്റെ വഴിയിൽ, വിശേ​ഷി​ച്ചും വിമാ​ന​ത്താ​വ​ള​ത്തി​ന​ടുത്ത്‌, മാർഗ​ദീ​പങ്ങൾ അദ്ദേഹത്തെ ഇല​ക്ട്രോ​ണിക്‌ ഉപകര​ണ​ങ്ങ​ളി​ലൂ​ടെ നയിക്കു​ന്നു. കൂടാതെ നിലത്തെ വ്യോ​മ​യാന നിയന്ത്രണ ഉദ്യോ​ഗ​സ്ഥ​ന്മാ​രു​മാ​യി അദ്ദേഹ​ത്തി​നു റേഡി​യോ സമ്പർക്ക​വു​മുണ്ട്‌.

അതി​നോ​ടു​ള്ള താരത​മ്യ​ത്തിൽ, ലോകാ​വ​സ്ഥകൾ അനുദി​നം ശോക​മൂ​ക​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു​വെ​ങ്കി​ലും നമുക്കു ഭാവിയെ ആത്മവി​ശ്വാ​സ​ത്തോ​ടെ നേരി​ടാൻ കഴിയും. ഈ ദുഷ്ടവ്യ​വ​സ്ഥി​തി​യി​ലൂ​ടെ​യുള്ള നമ്മുടെ യാത്ര ചിലർ പ്രതീ​ക്ഷി​ച്ച​തി​നെ​ക്കാ​ളും കൂടുതൽ സമയ​മെ​ടു​ക്കു​ന്നു​ണ്ടാ​വാം. എന്നാൽ നാം ശരിയായ പാതയി​ലും കൃത്യ സമയത്തു​മാ​ണെ​ന്ന​തിൽ നമുക്ക്‌ ആത്മവി​ശ്വാ​സ​മു​ള്ളവർ ആയിരി​ക്കാൻ കഴിയും. നമുക്ക്‌ അത്രയും ഉറപ്പു​ള്ള​വ​രാ​യി​രി​ക്കാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ മാനു​ഷിക വീക്ഷണ​ത്തി​നു ദർശി​ക്കാ​നാ​വാ​ത്തവ കാണാൻ നമ്മെ പ്രാപ്‌ത​മാ​ക്കുന്ന മാർഗ​നിർദേശം നമുക്കുണ്ട്‌.

ദൈവ​വ​ച​നം ‘നമ്മുടെ പാതെക്കു പ്രകാശ’മാകുന്നു, അതു “വിശ്വാ​സ്യ​മാ​കു​ന്നു; അതു അല്‌പ​ബു​ദ്ധി​യെ ജ്ഞാനി​യാ​ക്കു​ന്നു.” (സങ്കീർത്തനം 19:7; 119:105) പൈല​റ്റി​ന്റെ പറക്കൽമാർഗം സൂചി​പ്പി​ക്കുന്ന മാർഗ​ദീ​പ​ങ്ങൾപോ​ലെ, ബൈബിൾ ഭാവി​സം​ഭ​വങ്ങൾ കൃത്യ​ത​യോ​ടെ വിവരി​ക്കു​ക​യും നാം നമ്മുടെ ലക്ഷ്യസ്ഥാ​നത്തു സുരക്ഷി​ത​മാ​യി എത്തി​ച്ചേ​രു​ന്നു​വെന്ന്‌ ഉറപ്പു​വ​രു​ത്തു​ന്ന​തി​നുള്ള വ്യക്തമായ നിർദേ​ശങ്ങൾ നൽകു​ക​യും ചെയ്യുന്നു. എന്നിരു​ന്നാ​ലും, ദിവ്യ​മാർഗ​നിർദേ​ശ​ത്തിൽനി​ന്നു പ്രയോ​ജനം നേടാൻ നാം അതിൽ വിശ്വാ​സ​മർപ്പി​ക്കണം.

‘അവർക്ക്‌ ആദ്യം ഉണ്ടായി​രുന്ന ആത്മവി​ശ്വാ​സം അവസാ​ന​ത്തോ​ളം മുറു​കെ​പ്പി​ടി​ക്കാൻ’ എബ്രാ​യർക്കുള്ള തന്റെ ലേഖന​ത്തിൽ പൗലോസ്‌ യഹൂദ ക്രിസ്‌ത്യാ​നി​കളെ ഉദ്‌ബോ​ധി​പ്പി​ച്ചു. (എബ്രായർ 3:14, NW) നാം “മുറു​കെ​പ്പി​ടി”ക്കാതി​രു​ന്നാൽ വിശ്വാ​സ​ത്തിന്‌ ഇളക്കം​ത​ട്ടി​യേ​ക്കാം. അതു​കൊണ്ട്‌, യഹോ​വ​യി​ലുള്ള നമ്മുടെ ആത്മവി​ശ്വാ​സം അവസാ​നം​വരെ ഉറപ്പു​ള്ള​താ​യി നിലനിർത്താൻ നമു​ക്കെ​ങ്ങനെ കഴിയും?

നിങ്ങളു​ടെ വിശ്വാ​സം പ്രകട​മാ​ക്കു​ക

തന്റെ ഉപകര​ണ​ങ്ങ​ളി​ലും നിലത്തുള്ള വ്യോ​മ​യാന നിയന്ത്രണ ഉദ്യോ​ഗ​സ്ഥ​ന്മാ​രി​ലും പൂർണ​മാ​യി ആശ്രയി​ച്ചു​കൊണ്ട്‌, പുറ​ത്തേക്കു നോക്കാ​തെ വിമാനം പറപ്പി​ക്കാൻ കഴിയു​ന്ന​തി​നു​മു​മ്പാ​യി, ഒരു പൈല​റ്റിന്‌ ആവശ്യ​മായ പരിശീ​ല​ന​വും അനേകം മണിക്കൂർ പറന്നതി​ന്റെ പരിച​യ​വും ആവശ്യ​മാണ്‌. സമാന​മാ​യി, യഹോ​വ​യു​ടെ മാർഗ​നിർദേ​ശ​ത്തി​ലുള്ള തന്റെ ആത്മവി​ശ്വാ​സം നിലനിർത്തു​ന്ന​തിന്‌ ഒരു ക്രിസ്‌ത്യാ​നി തന്റെ വിശ്വാ​സം അഭംഗു​രം പ്രകട​മാ​ക്കേ​ണ്ട​തുണ്ട്‌, വിശേ​ഷി​ച്ചും പ്രയാ​സ​ക​ര​മായ സാഹച​ര്യ​ങ്ങൾ ഉടലെ​ടു​ക്കു​മ്പോൾ. പൗലോസ്‌ അപ്പോ​സ്‌തലൻ എഴുതി: “‘ഞാൻ വിശ്വ​സി​ച്ചു, അതു​കൊ​ണ്ടു ഞാൻ സംസാ​രി​ച്ചു’ എന്നു എഴുതി​യി​രി​ക്കു​ന്ന​തു​പോ​ലെ വിശ്വാ​സ​ത്തി​ന്റെ അതേ ആത്മാവു ഞങ്ങൾക്കു​ള്ള​തി​നാൽ ഞങ്ങളും വിശ്വ​സി​ക്കു​ന്നു അതു​കൊ​ണ്ടു സംസാ​രി​ക്കു​ന്നു.” (2 കൊരി​ന്ത്യർ 4:13) അങ്ങനെ, ദൈവ​ത്തി​ന്റെ സുവാർത്ത​യെ​ക്കു​റി​ച്ചു സംസാ​രി​ക്കു​മ്പോൾ, നാം നമ്മുടെ വിശ്വാ​സം പ്രകട​മാ​ക്കു​ക​യും അതിനെ ശക്തീക​രി​ക്കു​ക​യും ചെയ്യുന്നു.

രണ്ടാം ലോക​മ​ഹാ​യുദ്ധ കാലത്ത്‌, ഒരു തടങ്കൽപ്പാ​ള​യ​ത്തിൽ നാലു വർഷം ചെലവ​ഴിച്ച മഗ്‌ദ​ലേന പ്രസം​ഗ​വേ​ല​യു​ടെ മൂല്യം ഇങ്ങനെ വിശദീ​ക​രി​ക്കു​ന്നു: “ശക്തമായ വിശ്വാ​സം നിലനിർത്തു​വാൻ, മറ്റുള്ള​വ​രു​ടെ ആത്മീയ ക്ഷേമത്തിൽ തത്‌പ​ര​രാ​യി​രി​ക്കേ​ണ്ടത്‌ അത്യന്താ​പേ​ക്ഷി​ത​മാ​ണെന്ന്‌ എന്റെ അമ്മ എന്നെ പഠിപ്പി​ച്ചു. ഞങ്ങൾക്ക്‌ എങ്ങനെ തോന്നി​യെന്നു ദൃഷ്ടാ​ന്തീ​ക​രി​ക്കുന്ന ഒരു സംഭവം ഞാൻ ഓർക്കു​ന്നു. റാവൻസ്‌ബ്രൂക്‌ തടങ്കൽപ്പാ​ള​യ​ത്തിൽനി​ന്നു മോചി​ത​രാ​യ​ശേഷം ഞാനും അമ്മയും ഒരു വെള്ളി​യാഴ്‌ച വീട്ടി​ലെത്തി. എന്നാൽ രണ്ടു ദിവസം​ക​ഴിഞ്ഞ്‌, ഞായറാഴ്‌ച, ഞങ്ങൾ വീടു​തോ​റു​മുള്ള പ്രസം​ഗ​വേ​ല​യിൽ സഹോ​ദ​ര​ന്മാ​രോ​ടൊ​പ്പം ചേർന്നു. ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ങ്ങ​ളിൽ ആശ്രയി​ക്കാൻ മറ്റുള്ള​വരെ സഹായി​ക്കു​ന്ന​തിൽ നാം ശ്രദ്ധ​കേ​ന്ദ്രീ​ക​രി​ക്കു​ന്നെ​ങ്കിൽ, അതേ വാഗ്‌ദാ​നങ്ങൾ നമുക്കു കൂടുതൽ യാഥാർഥ്യ​മാ​യി​ത്തീ​രു​മെന്നു ഞാൻ ഉറപ്പായി വിശ്വ​സി​ക്കു​ന്നു.—പ്രവൃ​ത്തി​കൾ 5:42 താരത​മ്യം ചെയ്യുക.

നമ്മുടെ ആത്മവി​ശ്വാ​സം അവസാ​നം​വരെ ഉറപ്പു​ള്ള​താ​യി നിലനിർത്തു​ന്ന​തി​നു മറ്റു മേഖല​ക​ളി​ലുള്ള ആത്മീയ പ്രവർത്തനം ആവശ്യ​മാണ്‌. വിശ്വാ​സത്തെ ബലിഷ്‌ഠ​മാ​ക്കുന്ന അതി​ശ്രേ​ഷ്‌ഠ​മായ മറ്റൊരു അഭ്യാ​സ​മാ​ണു വ്യക്തി​പ​ര​മായ പഠനം. നാം ബെരോ​വ​ക്കാ​രെ അനുക​രി​ച്ചു തിരു​വെ​ഴു​ത്തു​കൾ അനുദി​നം ഉത്സാഹ​പൂർവം പരി​ശോ​ധി​ക്കു​ന്നെ​ങ്കിൽ, നമുക്ക്‌ “അവസാ​നം​വരെ പ്രത്യാ​ശ​യു​ടെ പൂർണ്ണ​നി​ശ്ചയം ഉണ്ടാകാൻ” അതുപ​ക​രി​ക്കും. (എബ്രായർ 6:11, NW; പ്രവൃ​ത്തി​കൾ 17:11) വ്യക്തി​പ​ര​മായ പഠനത്തി​നു സമയവും ദൃഢനി​ശ്ച​യ​വും ആവശ്യ​മാ​ണെ​ന്നതു സത്യം​തന്നെ. അതു​കൊ​ണ്ടാ​യി​രി​ക്കാം പൗലോസ്‌ എബ്രാ​യർക്ക്‌ അത്തരം സംഗതി​ക​ളിൽ “മന്ദതയുള്ള”വർ, അഥവാ അലസത​യു​ള്ളവർ ആകുന്ന​തി​ന്റെ അപകട​ത്തെ​ക്കു​റി​ച്ചു മുന്നറി​യി​പ്പു നൽകി​യത്‌.—എബ്രായർ 6:12.

അലസത​യു​ള്ള ഒരു മനോ​ഭാ​വ​ത്തി​നു ജീവി​ത​ത്തി​ന്റെ അനേകം മേഖല​ക​ളിൽ ദാരു​ണ​മായ ഭവിഷ്യ​ത്തു​കൾ ഉണ്ടാ​യേ​ക്കാം. “കൈക​ളു​ടെ ആലസ്യം​കൊ​ണ്ടു വീടു ചോരു​ന്നു” എന്നു ശലോ​മോൻ നിരീ​ക്ഷി​ച്ചു. (സഭാ​പ്ര​സം​ഗി 10:18) നല്ല നിലയിൽ സൂക്ഷി​ക്കാത്ത മേൽക്കൂ​ര​യി​ലൂ​ടെ ഉടനെ​യോ പിന്നീ​ടോ മഴ ചോർന്നൊ​ലി​ക്കാൻ തുടങ്ങു​ന്നു. നാം നമ്മുടെ കരങ്ങളെ ആത്മീയ​മാ​യി താഴാൻ അനുവ​ദി​ക്കു​ക​യും നമ്മുടെ വിശ്വാ​സത്തെ നല്ല നിലയിൽ സൂക്ഷി​ക്കാൻ പരാജ​യ​പ്പെ​ടു​ക​യും ചെയ്യു​ന്നെ​ങ്കിൽ, സംശയങ്ങൾ നുഴഞ്ഞു​ക​യ​റി​യേ​ക്കാം. നേരെ​മ​റിച്ച്‌, ദൈവ​വ​ച​ന​ത്തെ​ക്കു​റി​ച്ചുള്ള ധ്യാന​വും പഠനവും നമ്മുടെ വിശ്വാ​സത്തെ പരി​പോ​ഷി​പ്പി​ക്കു​ക​യും പരിര​ക്ഷി​ക്കു​ക​യും ചെയ്യും.—സങ്കീർത്തനം 1:2, 3.

അനുഭ​വ​ത്തി​ലൂ​ടെ വിശ്വാ​സം പടുത്തു​യർത്തൽ

തീർച്ച​യാ​യും, പഠനത്തി​ലൂ​ടെ മാത്രമല്ല അനുഭ​വ​ത്തി​ലൂ​ടെ​യും ഒരു പൈലറ്റ്‌ തന്റെ ഉപകര​ണങ്ങൾ വിശ്വാ​സ​യോ​ഗ്യ​മാ​ണെന്നു മനസ്സി​ലാ​ക്കു​ന്നു. അതു​പോ​ലെ, യഹോ​വ​യു​ടെ സ്‌നേ​ഹ​നിർഭ​ര​മായ പരിപാ​ല​ന​ത്തി​ന്റെ തെളി​വു​കൾ നാം നമ്മു​ടെ​തന്നെ ജീവി​ത​ത്തിൽ കാണു​മ്പോൾ അവനി​ലുള്ള നമ്മുടെ ആത്മവി​ശ്വാ​സം വർധി​ക്കു​ന്നു. അത്‌ അനുഭ​വി​ച്ച​റിഞ്ഞ യോശുവ തന്റെ സഹയി​സ്രാ​യേ​ല്യ​രെ ഇങ്ങനെ അനുസ്‌മ​രി​പ്പി​ച്ചു: “നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങ​ളെ​ക്കു​റി​ച്ചു അരുളി​ച്ചെ​യ്‌തി​ട്ടുള്ള സകലന​ന്മ​ക​ളി​ലും​വെച്ചു ഒന്നിന്നും വീഴ്‌ച​വ​ന്നി​ട്ടി​ല്ലെന്നു നിങ്ങൾക്കു പൂർണ്ണ​ഹൃ​ദ​യ​ത്തി​ലും പൂർണ്ണ​മ​ന​സ്സി​ലും ബോധ​മാ​യി​രി​ക്കു​ന്നു; സകലവും നിങ്ങൾക്കു സംഭവി​ച്ചു.”—യോശുവ 23:14.

ഫിലി​പ്പീൻസിൽനി​ന്നുള്ള ഒരു വിവാ​ഹിത സഹോ​ദ​രി​യായ ഹോസ്‌ഫീന അതേ പാഠം​തന്നെ പഠിച്ചു. സത്യം അറിയു​ന്ന​തി​നു​മുമ്പ്‌ ജീവിതം ഏതു​പോ​ലെ​യി​രു​ന്നു​വെന്ന്‌ അവൾ വിശദീ​ക​രി​ക്കു​ന്നു: “എന്റെ ഭർത്താവ്‌ ഒരുപാ​ടു മദ്യപി​ക്കു​മാ​യി​രു​ന്നു. കുടിച്ചു ലക്കു​കെ​ടു​മ്പോൾ, കോപാ​കു​ല​നാ​യി അദ്ദേഹം എന്നെ അടിക്കു​മാ​യി​രു​ന്നു. ഞങ്ങളുടെ അസന്തുഷ്ട വിവാഹം ഞങ്ങളുടെ പുത്ര​നെ​യും ബാധി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. നല്ലൊരു തുക സമ്പാദി​ച്ചു​കൊ​ണ്ടു ഞാനും ഭർത്താ​വും ജോലി​ചെ​യ്‌തി​രു​ന്നു. എന്നാൽ വേതന​ത്തി​ന്റെ ഏറിയ​പ​ങ്കും ഞങ്ങൾ ചൂതു​ക​ളി​ച്ചു തുലയ്‌ക്കു​ക​യാ​യി​രു​ന്നു. എന്റെ ഭർത്താ​വിന്‌ അനേകം സുഹൃ​ത്തു​ക്ക​ളു​ണ്ടാ​യി​രു​ന്നു. മദ്യപി​ക്കാൻ പണമി​റ​ക്കി​യി​രു​ന്നത്‌ അദ്ദേഹ​മാ​യി​രു​ന്ന​തു​കൊ​ണ്ടു​മാ​ത്രം സൗഹൃദം തേടി​യവർ. ചിലർ അദ്ദേഹത്തെ കുടി​പ്പി​ച്ചി​രു​ന്ന​താ​കട്ടെ, കേവലം അദ്ദേഹത്തെ നോക്കി ചിരി​ച്ചു​ര​സി​ക്കാ​നും.

“ഞങ്ങൾ യഹോ​വയെ അറിയാ​നി​ട​വന്ന്‌ അവന്റെ ബുദ്ധ്യു​പ​ദേശം പിൻപ​റ്റാൻ തുടങ്ങി​യ​പ്പോൾ സംഗതി​കൾക്കു മാറ്റം​വന്നു. എന്റെ ഭർത്താവു മദ്യപാ​നം ഉപേക്ഷി​ച്ചു. ഞങ്ങൾ ചൂതു​ക​ളി​യും നിർത്തി. ഞങ്ങൾക്കി​പ്പോൾ ഞങ്ങളെ സ്‌നേ​ഹി​ക്കു​ക​യും സഹായി​ക്കു​ക​യും ചെയ്യുന്ന യഥാർഥ സുഹൃ​ത്തു​ക്ക​ളുണ്ട്‌. ഇപ്പോൾ സന്തുഷ്ട​മായ ഒരു വിവാ​ഹ​ജീ​വി​ത​മാ​ണു ഞങ്ങളു​ടേത്‌. കൂടാതെ ഞങ്ങളുടെ മകനാ​ണെ​ങ്കി​ലോ, നല്ലൊരു യുവാ​വാ​യി വളർന്നു​വ​രു​ന്നു. ഞങ്ങൾ മുമ്പ​ത്തേ​തി​ലും കുറച്ചു സമയമേ ജോലി ചെയ്യു​ന്നു​ള്ളൂ, എന്നാൽ ഞങ്ങളുടെ പക്കൽ കൂടുതൽ പണമുണ്ട്‌. എല്ലായ്‌പോ​ഴും നമ്മെ ശരിയായ ദിശയിൽ നയിക്കുന്ന സ്‌നേ​ഹ​നി​ധി​യായ ഒരു പിതാ​വി​നെ​പ്പോ​ലെ​യാ​ണു യഹോവ എന്ന്‌ അനുഭവം ഞങ്ങളെ പഠിപ്പി​ച്ചി​രി​ക്കു​ന്നു.”

റേഡി​യോ നിർദേ​ശ​ങ്ങ​ളു​ടെ​യോ ഒരു ഉപകര​ണ​പ​രി​ശോ​ധ​ന​യു​ടെ​യോ ഫലമായി തങ്ങളുടെ ഗതി നേരെ​യാ​ക്കേ​ണ്ട​യാ​വ​ശ്യ​മു​ണ്ടെന്നു ചില​പ്പോൾ പൈല​റ്റു​മാർ തിരി​ച്ച​റി​യു​ന്നു. അതു​പോ​ലെ, നാം യഹോ​വ​യു​ടെ പ്രബോ​ധ​ന​മ​നു​സ​രി​ച്ചു ഗതിക്കു മാറ്റം വരു​ത്തേ​ണ്ട​തു​ണ്ടാ​വാം. “നിങ്ങൾ വലത്തോ​ട്ടോ ഇടത്തോ​ട്ടോ തിരി​യു​മ്പോൾ: വഴി ഇതാകു​ന്നു, ഇതിൽ നടന്നു​കൊൾവിൻ എന്നൊരു വാക്കു പിറകിൽനി​ന്നു കേൾക്കും.” (യെശയ്യാ​വു 30:21) അവന്റെ വചനത്തി​ലൂ​ടെ​യും അവന്റെ സ്ഥാപന​ത്തി​ലൂ​ടെ​യും ആത്മീയ അപകട​ങ്ങ​ളെ​ക്കു​റി​ച്ചു നമ്മെ ജാഗരൂ​ക​രാ​ക്കുന്ന ബുദ്ധ്യു​പ​ദേശം നമുക്കു ലഭിക്കു​ന്നു. ഇവയി​ലൊ​ന്നു സഹവാ​സ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള​താണ്‌.

സഹവാ​സ​ങ്ങൾക്കു നമ്മെ വഴി​തെ​റ്റി​ക്കാ​നാ​വും

അവശ്യം തിരു​ത്ത​ലു​കൾ നടത്തു​ന്നി​ല്ലെ​ങ്കിൽ, ഒരു ചെറിയ വിമാ​ന​ത്തിന്‌ എളുപ്പം വഴി​തെ​റ്റാം. അതു​പോ​ലെ, ബാഹ്യ​സ്വാ​ധീ​നങ്ങൾ ഇന്നത്തെ ക്രിസ്‌ത്യാ​നി​കളെ നിരന്തരം ബാധി​ക്കു​ന്നു. ആത്മീയ മൂല്യ​ങ്ങളെ പുച്ഛി​ക്കുന്ന, പണത്തി​നും സുഖത്തി​നും വളരെ​യ​ധി​കം പ്രാധാ​ന്യം കൽപ്പി​ക്കുന്ന ഒരു ജഡിക​മാ​നസ്സ ലോക​ത്തി​ലാ​ണു നാം ജീവി​ക്കു​ന്നത്‌. അവസാന നാളുകൾ “ഇടപെ​ടാൻ പ്രയാ​സകര”മായ നാളു​ക​ളാ​യി​രി​ക്കു​മെന്നു പൗലോസ്‌ തിമോ​ത്തി​ക്കു മുന്നറി​യി​പ്പു കൊടു​ക്കു​ക​യു​ണ്ടാ​യി. (2 തിമോ​ത്തി 3:1-5, NW) മോശ​മായ സഹവാ​സ​ങ്ങൾക്കു വശംവ​ദ​രാ​കാൻ വിശേ​ഷാൽ സാധ്യ​ത​യു​ള്ളത്‌ അംഗീ​കാ​ര​ത്തി​നും ജനപ്രീ​തി​ക്കും​വേണ്ടി വാഞ്‌ഛി​ക്കുന്ന കൗമാ​ര​പ്രാ​യ​ക്കാ​രാണ്‌.—2 തിമൊ​ഥെ​യൊസ്‌ 2:22.

17 വയസ്സുള്ള അമന്റ വിശദീ​ക​രി​ക്കു​ന്നു: “കുറച്ചു​നാ​ള​ത്തേക്ക്‌ എന്റെ വിശ്വാ​സം ദുർബ​ല​മാ​യി. ഒരു പരിധി​വരെ അതിനു കാരണം സഹപാ​ഠി​ക​ളാ​യി​രു​ന്നു. കൂച്ചു​വി​ല​ങ്ങി​ടു​ന്ന​തും യുക്തി​ഹീ​ന​മാ​യ​തു​മാണ്‌ എന്റെ മതമെന്ന്‌ അവർ പറഞ്ഞു​കൊ​ണ്ടി​രു​ന്നു. ഇത്‌ എന്നെ നിരു​ത്സാ​ഹ​പ്പെ​ടു​ത്താൻ തുടങ്ങി. എന്നിരു​ന്നാ​ലും, ക്രിസ്‌തീയ മാർഗ​നിർദേ​ശങ്ങൾ കൂച്ചു​വി​ല​ങ്ങി​ടാ​നല്ല, മറിച്ച്‌ സംരക്ഷി​ക്കാ​നാണ്‌ ഉതകു​ന്ന​തെന്നു മനസ്സി​ലാ​ക്കാൻ എന്റെ മാതാ​പി​താ​ക്കൾ എന്നെ സഹായി​ച്ചു. എന്റെ മുൻ സ്‌കൂൾ സുഹൃ​ത്തു​ക്ക​ളെ​ക്കാൾ കൂടുതൽ തൃപ്‌തി​ക​ര​മായ ജീവിതം ഉണ്ടായി​രി​ക്കാൻ ഈ തത്ത്വങ്ങൾ എന്നെ സഹായി​ക്കു​ന്നു​വെന്നു ഞാനി​പ്പോൾ തിരി​ച്ച​റി​യു​ന്നു. എനിക്കു​വേണ്ടി വാസ്‌ത​വ​മാ​യും കരുതു​ന്ന​വ​രിൽ—മാതാ​പി​താ​ക്ക​ളിൽ, യഹോ​വ​യിൽ—വിശ്വാ​സ​മർപ്പി​ക്കാൻ ഞാൻ പഠിച്ചി​രി​ക്കു​ന്നു. കൂടാതെ ഞാൻ പയനിയർ സേവനം ആസ്വദി​ക്കു​ക​യു​മാണ്‌.”

നാം ഏതു പ്രായ​ത്തി​ലു​ള്ള​വ​രാ​യാ​ലും, നമ്മുടെ വിശ്വാ​സത്തെ താഴ്‌ത്തി​ക്കെ​ട്ടു​ന്ന​തരം പരാമർശങ്ങൾ നടത്തുന്ന ആളുകളെ നാം അഭിമു​ഖീ​ക​രി​ക്കും. അവർ ലൗകിക ജ്ഞാനി​ക​ളെന്നു തോന്നി​യേ​ക്കാം, എന്നാൽ ദൈവ​ത്തിന്‌ അവർ ഭൗതി​ക​രും തിരു​വെ​ഴു​ത്തു​വി​രു​ദ്ധ​രു​മാണ്‌. (1 കൊരി​ന്ത്യർ 2:14) പൗലോ​സി​ന്റെ നാളിൽ സ്വാധീ​ന​മുള്ള ഒരു സമൂഹ​മാ​യി​രു​ന്നു ലൗകിക ജ്ഞാനി​ക​ളായ സന്ദേഹ​വാ​ദി​കൾ. ഈ തത്ത്വചി​ന്ത​ക​രു​ടെ പഠിപ്പി​ക്ക​ലു​കൾ ചില കൊരി​ന്ത്യൻ ക്രിസ്‌ത്യാ​നി​കൾക്കു പുനരു​ത്ഥാന പ്രത്യാ​ശ​യി​ലുള്ള വിശ്വാ​സം നഷ്ടപ്പെ​ടു​ന്ന​തി​ലേക്കു നയിച്ചി​രി​ക്കാം. (1 കൊരി​ന്ത്യർ 15:12) പൗലോസ്‌ അപ്പോ​സ്‌തലൻ ഇങ്ങനെ മുന്നറി​യി​പ്പു നൽകി: “വഴി​തെ​റ​റി​ക്ക​പ്പെ​ട​രുത്‌. മോശ​മായ സഹവാ​സങ്ങൾ പ്രയോ​ജ​ന​പ്ര​ദ​മായ ശീലങ്ങളെ പാഴാ​ക്കു​ന്നു.”—1 കൊരി​ന്ത്യർ 15:33, NW.

നേരെ​മ​റിച്ച്‌, നല്ല സഹവാ​സങ്ങൾ നമ്മെ ആത്മീയ​മാ​യി ബലിഷ്‌ഠ​രാ​ക്കു​ന്നു. ക്രിസ്‌തീയ സഭയ്‌ക്കു​ള്ളിൽ, വിശ്വാ​സ​ത്തി​ന്റേ​തായ ജീവിതം നയിക്കുന്ന ആളുക​ളു​മാ​യി ഇടപഴ​കാ​നുള്ള അവസരം നമുക്കുണ്ട്‌. 1939-ൽ സത്യം പഠിച്ച ഒരു സഹോ​ദ​ര​നായ നോർമൻ ഇപ്പോ​ഴും എല്ലാവർക്കും വലിയ പ്രോ​ത്സാ​ഹ​ന​ത്തി​ന്റെ ഒരു ഉറവാണ്‌. അദ്ദേഹ​ത്തി​ന്റെ ആത്മീയ കാഴ്‌ച​പ്പാ​ടി​നെ ജാഗ്ര​ത​യു​ള്ള​താ​യി നിർത്തി​യി​രി​ക്കു​ന്നത്‌ എന്താണ്‌? അദ്ദേഹം ഇങ്ങനെ മറുപടി പറയുന്നു: “യോഗ​ങ്ങ​ളും വിശ്വസ്‌ത സഹോ​ദ​ര​ങ്ങ​ളു​മൊ​ത്തുള്ള അടുത്ത സൗഹൃ​ദ​ങ്ങ​ളും മർമ​പ്ര​ധാ​ന​മാണ്‌. ദൈവ​ത്തി​ന്റെ സ്ഥാപന​വും സാത്താന്റെ സ്ഥാപന​വും തമ്മിലുള്ള വ്യത്യാ​സം വ്യക്തമാ​യി കാണാൻ ഇത്തരത്തി​ലുള്ള സഹവാസം എന്നെ സഹായി​ച്ചി​ട്ടുണ്ട്‌.”

ധനത്തിന്റെ വഞ്ചനാത്മക ശക്തി

“തന്റെ സഹജവാ​സന വിയോ​ജി​ക്കു​ന്ന​തി​നാൽ ഒരു പൈല​റ്റി​നു തന്റെ ഉപകര​ണ​ങ്ങളെ വിശ്വ​സി​ക്കുക ചില​പ്പോൾ ദുഷ്‌ക​ര​മാ​യി തോന്നി​യേ​ക്കാം” എന്നു പരിചയ സമ്പന്നനായ ഒരു പൈലറ്റ്‌, ബ്രയൻ വിശദീ​ക​രി​ക്കു​ന്നു. “സംഗതി നേരെ വിപരീ​ത​മാ​ണെന്ന്‌ ഉപകര​ണങ്ങൾ അറിയി​ച്ചി​ട്ടു​പോ​ലും, നിലത്തുള്ള ദീപങ്ങൾ നക്ഷത്ര​ങ്ങ​ളാ​ണെന്നു തോന്നി പരിച​യ​സ​മ്പ​ന്ന​രായ സൈനിക പൈല​റ്റു​മാർ തലകീ​ഴാ​യി വിമാനം പറത്തു​ന്നത്‌ അറിയ​പ്പെ​ടുന്ന സംഗതി​യാണ്‌.”

സമാന​മാ​യി, നമ്മുടെ സ്വാർഥ സഹജവാ​സ​ന​കൾക്കു നമ്മെ ഒരു ആത്മീയ അർഥത്തിൽ വഴി​തെ​റ്റി​ക്കാൻ കഴിയും. ധനത്തിനു “വഞ്ചനാത്മക ശക്തി”യുണ്ടെന്ന്‌ യേശു പറയു​ക​യു​ണ്ടാ​യി. ‘പണസ്‌നേഹം ചിലരെ വിശ്വാ​സ​ത്തിൽനി​ന്നു വഴി​തെ​റ​റി​ച്ചി​രി​ക്കു​ന്നു’ എന്നു പൗലോസ്‌ മുന്നറി​യി​പ്പു​കൊ​ടു​ത്തു.—മർക്കോസ്‌ 4:19; 1 തിമോ​ത്തി 6:10, NW.

മിന്നുന്ന വഞ്ചനാത്മക ദീപങ്ങൾപോ​ലെ, നിറപ്പ​കി​ട്ടുള്ള ഭൗതിക ലക്ഷ്യങ്ങൾക്കു നമ്മെ തെറ്റായ ദിശയി​ലേക്കു നയിക്കാ​നാ​വും. ‘ആശിക്കു​ന്ന​തി​ന്റെ ഉറപ്പി’ൽ ആനന്ദി​ക്കു​ന്ന​തി​നു​പ​കരം, ഒഴിഞ്ഞു​പോ​കുന്ന ലോക​ത്തി​ന്റെ കൺപകി​ട്ടുള്ള കാഴ്‌ച​ക​ളാൽ നാം വ്യതി​ച​ലി​ക്ക​പ്പെ​ടാ​വു​ന്ന​താണ്‌. (എബ്രായർ 11:1; 1 യോഹ​ന്നാൻ 2:16, 17) സമ്പന്ന ജീവി​ത​ശൈലി ഉണ്ടാകാൻ നാം “തീരു​മാ​നി​ച്ചി​രി​ക്കു”കയാ​ണെ​ങ്കിൽ, ആത്മീയ വളർച്ച​യ്‌ക്കാ​യി പ്രവർത്തി​ക്കു​ന്ന​തി​നു നമുക്കു സമയമു​ണ്ടാ​യി​രി​ക്കാൻ സാധ്യ​ത​യില്ല.—1 തിമോ​ത്തി 6:9, NW; മത്തായി 6:24; എബ്രായർ 13:5.

കൂടുതൽ ഉയർന്ന നിലവാ​ര​മുള്ള ഒരു ജീവിതം ആസ്വദി​ക്കു​ന്ന​തി​നാ​യി താനും ഭാര്യ​യും ആത്മീയ ലക്ഷ്യങ്ങൾ വിട്ടു​ക​ള​ഞ്ഞ​താ​യി പാട്രിക്ക്‌ എന്നു പേരായ ഒരു യുവവി​വാ​ഹി​തൻ സമ്മതി​ക്കു​ക​യു​ണ്ടാ​യി. അയാൾ ഇങ്ങനെ വിശദ​മാ​ക്കു​ന്നു: “സഭയിൽ വലിയ കാറു​ക​ളും ആഡംബര വീടു​ക​ളു​മു​ള്ള​വ​രാൽ ഞങ്ങൾ സ്വാധീ​നി​ക്ക​പ്പെട്ടു. ഞങ്ങൾ ഒരിക്ക​ലും രാജ്യ​പ്ര​തീക്ഷ വിസ്‌മ​രി​ച്ചില്ല, എന്നാൽ ഒപ്പം സുഖക​ര​മായ ഒരു ജീവി​ത​രീ​തി​യും ആയി​ക്കോ​ട്ടെ എന്നു ഞങ്ങൾക്കു തോന്നി. എന്നിരു​ന്നാ​ലും, യഥാർഥ സന്തുഷ്ടി ലഭിക്കു​ന്നതു യഹോ​വയെ സേവി​ക്കു​ന്ന​തി​ലൂ​ടെ​യും ആത്മീയ​മാ​യി വളരു​ന്ന​തി​ലൂ​ടെ​യു​മാ​ണെന്നു കാല​ക്ര​മ​ത്തിൽ ഞങ്ങൾ തിരി​ച്ച​റി​ഞ്ഞു. ഇപ്പോൾ ഞങ്ങളുടെ ജീവിതം ഒരിക്കൽക്കൂ​ടെ ലളിത​മാ​യി. ജോലി​സ​മയം കുറച്ചു ഞങ്ങൾ നിരന്ത​ര​പ​യ​നി​യർമാ​രാ​യി.”

വിശ്വാ​സം സ്വീകാ​ര്യ​ക്ഷ​മ​ത​യുള്ള ഒരു ഹൃദയത്തെ ആശ്രയി​ച്ചി​രി​ക്കു​ന്നു

യഹോ​വ​യി​ലുള്ള ആത്മവി​ശ്വാ​സം വളർത്തു​ന്ന​തിൽ സ്വീകാ​ര്യ​ക്ഷ​മ​ത​യുള്ള ഹൃദയ​ത്തി​നും ഒരു പ്രധാന പങ്കുണ്ട്‌. “വിശ്വാ​സം എന്നതു പ്രത്യാ​ശി​ക്ക​പ്പെ​ടുന്ന കാര്യ​ങ്ങ​ളു​ടെ ഉറപ്പു ലഭിച്ച പ്രതീക്ഷ, കാണ​പ്പെ​ടു​ന്നി​ല്ലെ​ങ്കി​ലും യാഥാർഥ്യ​ങ്ങ​ളു​ടെ പ്രസ്‌പഷ്ട പ്രകടനം [അഥവാ, “ബോധ്യ​പ്പെ​ടു​ത്തുന്ന തെളിവ്‌,” അടിക്കു​റിപ്പ്‌] ആണ്‌” എന്നതു സത്യം​തന്നെ. (എബ്രായർ 11:1, NW) എന്നാൽ നമുക്കു സ്വീകാ​ര്യ​ക്ഷ​മ​ത​യുള്ള ഒരു ഹൃദയ​മി​ല്ലെ​ങ്കിൽ, നാം ബോധ്യ​പ്പെ​ടു​ന്ന​തി​നു സാധ്യ​ത​യില്ല. (സദൃശ​വാ​ക്യ​ങ്ങൾ 18:15; മത്തായി 5:6) ഇക്കാര​ണ​ത്താ​ലാ​ണു പൗലോസ്‌ അപ്പോ​സ്‌തലൻ “വിശ്വാ​സം എല്ലാവർക്കും ഇല്ലല്ലോ” എന്നു പറഞ്ഞത്‌.—2 തെസ്സ​ലൊ​നീ​ക്യർ 3:2.

അപ്പോൾ, ബോധ്യ​പ്പെ​ടു​ത്തുന്ന ലഭ്യമായ സകല തെളി​വു​കൾക്കും​നേരെ നമ്മുടെ ഹൃദയ​ങ്ങളെ സ്വീകാ​ര്യ​ക്ഷ​മ​മാ​ക്കി നിർത്താൻ നമു​ക്കെ​ങ്ങനെ കഴിയും? ദൈവിക ഗുണങ്ങൾ, വിശ്വാ​സത്തെ ധന്യമാ​ക്കു​ക​യും ഉത്തേജി​പ്പി​ക്കു​ക​യും ചെയ്യുന്ന ഗുണങ്ങൾ, നട്ടുവ​ളർത്തി​ക്കൊണ്ട്‌. ‘വിശ്വാ​സ​ത്തോ​ടു സദ്‌ഗു​ണ​വും പരിജ്ഞാ​ന​വും ആത്മനി​യ​ന്ത്ര​ണ​വും സഹിഷ്‌ണു​ത​യും ദൈവി​ക​ഭ​ക്തി​യും സഹോ​ദ​ര​പ്രീ​തി​യും സ്‌നേ​ഹ​വും കൂട്ടി​ക്കൊൾവിൻ’ എന്നു പത്രോസ്‌ നമ്മെ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു. (2 പത്രോസ്‌ 1:5-7, NW; ഗലാത്യർ 5:22, 23) നേരെ​മ​റിച്ച്‌, നാം ഒരു സ്വകേ​ന്ദ്രീ​കൃത ജീവിതം നയിക്കു​ക​യോ യഹോ​വ​യ്‌ക്കു നാമമാ​ത്ര​മായ സേവനം അർപ്പി​ക്കു​ക​യോ ചെയ്യു​ക​യാ​ണെ​ങ്കിൽ, ന്യായ​മാ​യും നമ്മുടെ വിശ്വാ​സം വളരു​മെന്നു നമുക്കു പ്രതീ​ക്ഷി​ക്കാൻ കഴിയില്ല.

യഹോ​വ​യു​ടെ വചനം വായി​ക്കാ​നും അവ പ്രാവർത്തി​ക​മാ​ക്കാ​നും എസ്രാ “തന്റെ ഹൃദയത്തെ ഒരുക്കി.” (എസ്രാ 7:10, NW) അതു​പോ​ലെ മീഖാ​യ്‌ക്കും സ്വീകാ​ര്യ​ക്ഷ​മ​ത​യുള്ള ഒരു ഹൃദയ​മു​ണ്ടാ​യി​രു​ന്നു. “ഞാനോ യഹോ​വ​യി​ങ്ക​ലേക്കു നോക്കും; എന്റെ രക്ഷയുടെ ദൈവ​ത്തി​ന്നാ​യി കാത്തി​രി​ക്കും; എന്റെ ദൈവം എന്റെ പ്രാർത്ഥന കേൾക്കും.”—മീഖാ 7:7.

നേരത്തെ ഉദ്ധരിച്ച മഗ്‌ദ​ലേ​ന​യും യഹോ​വ​യ്‌ക്കു​വേണ്ടി ക്ഷമാപൂർവം കാത്തി​രി​ക്കു​ന്നു. (ഹബക്കൂക്‌ 2:3) അവൾ പറയുന്നു: “നമുക്ക്‌ ഇപ്പോൾത്തന്നെ ആത്മീയ പറുദീ​സ​യുണ്ട്‌. രണ്ടാമത്തെ ഘട്ടമായ, ഭൗതിക പറുദീസ ഉടനെ വന്നെത്തും. അതിനി​ടെ, ലക്ഷക്കണ​ക്കിന്‌ ആളുകൾ മഹാപു​രു​ഷാ​ര​ത്തോ​ടു ചേരു​ക​യാണ്‌. ദൈവ​ത്തി​ന്റെ സ്ഥാപന​ത്തി​ലേക്കു വളരെ​യ​ധി​ക​മാ​ളു​കൾ കൂട്ടമാ​യി വന്നു​ചേ​രു​ന്നതു കാണു​ന്ന​തിൽ ഞാൻ പുളകം​കൊ​ള്ളു​ന്നു.”

നമ്മുടെ രക്ഷയുടെ ദൈവ​ത്തി​ലേക്കു നോക്കൽ

നമ്മുടെ ആത്മവി​ശ്വാ​സം അവസാ​ന​ത്തോ​ളം ഉറപ്പു​ള്ള​താ​യി നിലനിർത്തു​ന്ന​തി​നു വിശ്വാ​സം പ്രകട​മാ​ക്കു​ക​യും യഹോ​വ​യിൽനി​ന്നും അവന്റെ സ്ഥാപന​ത്തിൽനി​ന്നും നമുക്കു ലഭിക്കുന്ന മാർഗ​നിർദേശം അവധാ​ന​പൂർവം ശ്രദ്ധി​ക്കു​ക​യും ചെയ്യേ​ണ്ടത്‌ ആവശ്യ​മാണ്‌. അതു തീർച്ച​യാ​യും ശ്രമത്തി​നു​തക്ക മൂല്യ​മു​ള്ള​താണ്‌. ദീർഘ​വും ദുഷ്‌ക​ര​വു​മായ ഒരു യാത്ര​യ്‌ക്കു​ശേഷം വിമാനം താഴ്‌ത്തി അവസാനം കനത്ത മേഘങ്ങൾ തരണം​ചെ​യ്യു​മ്പോൾ ഒരു പൈല​റ്റിന്‌ ആഴമായ സംതൃ​പ്‌തി തോന്നു​ന്നു. അയാൾക്കു​മു​മ്പി​ലതാ ഹരിത ഭൂമി സ്വാഗ​ത​മേ​കും​വി​ധം വിസ്‌തൃ​ത​മാ​യി കിടക്കു​ന്നു. താഴെ, അദ്ദേഹത്തെ സ്വീക​രി​ക്കാൻ വിമാ​ന​ത്താ​വ​ള​ത്തി​ന്റെ റൺവേ.

പുളക​പ്ര​ദ​മാ​യ ഒരനു​ഭവം നമ്മെയും കാത്തി​രി​പ്പുണ്ട്‌. ഈ ശോക​മൂ​ക​മായ ദുഷ്ട​ലോ​കം നീതി​യുള്ള ഒരു പുതിയ ഭൂമിക്കു വഴിമാ​റും. ഒരു ദിവ്യ സ്വാഗതം നമ്മെ കാത്തി​രി​ക്കു​ന്നു. സങ്കീർത്ത​ന​ക്കാ​രന്റെ ഈ വാക്കു​കൾക്കു നാം ചെവി​കൊ​ടു​ക്കു​ന്നെ​ങ്കിൽ നമുക്ക്‌ അവിടെ എത്തി​ച്ചേ​രാ​നാ​വും: “ഓ, പരമാ​ധി​കാ​രി​യാം കർത്താ​വായ യഹോവേ, നീ എന്റെ പ്രത്യാശ, യൗവനം​മു​തൽ എന്റെ ആത്മവി​ശ്വാ​സം. . . . എന്റെ സ്‌തുതി എപ്പോ​ഴും നിന്നെ​ക്കു​റി​ച്ചാ​കു​ന്നു.”—സങ്കീർത്തനം 71:5, 6, NW.