വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സ്‌നേഹമുള്ള കൈക്കീഴിൽ സേവിക്കൽ

യഹോവയുടെ സ്‌നേഹമുള്ള കൈക്കീഴിൽ സേവിക്കൽ

യഹോ​വ​യു​ടെ സ്‌നേ​ഹ​മുള്ള കൈക്കീ​ഴിൽ സേവിക്കൽ

ലാംപ്രോസ്‌ സൂം​പോസ്‌ പറഞ്ഞ​പ്ര​കാ​രം

ഞാൻ നിർണാ​യ​ക​മായ ഒരു തീരു​മാ​നത്തെ അഭിമു​ഖീ​ക​രി​ച്ചു: എന്റെ ഇളയച്ഛന്റെ വ്യാപ​ക​മായ സ്ഥാവര സ്വത്തു​ക്ക​ളു​ടെ നടത്തി​പ്പു​കാ​ര​നാ​യി​ത്തീ​രാ​നുള്ള ക്ഷണം സ്വീക​രി​ക്കുക—അങ്ങനെ എന്റെ കുടും​ബ​ത്തി​ന്റെ സാമ്പത്തിക പരാധീ​ന​തകൾ പരിഹ​രി​ക്കുക—അല്ലെങ്കിൽ യഹോ​വ​യാം ദൈവ​ത്തി​ന്റെ ഒരു മുഴു​സമയ ശുശ്രൂ​ഷ​ക​നാ​യി​ത്തീ​രുക. ഞാൻ ഒടുവിൽ കൈ​ക്കൊണ്ട തീരു​മാ​നത്തെ സ്വാധീ​നിച്ച ഘടകങ്ങൾ എന്താ​ണെന്നു വിശദീ​ക​രി​ക്കാം.

ആയിര​ത്തി​ത്തൊ​ള്ളാ​യി​ര​ത്തി​പ​ത്തൊ​മ്പ​തിൽ ഗ്രീസി​ലെ വോ​ലോസ്‌ എന്ന പട്ടണത്തി​ലാ​ണു ഞാൻ പിറന്നത്‌. എന്റെ പിതാവ്‌ പുരു​ഷ​ന്മാർക്കുള്ള വസ്‌ത്രങ്ങൾ വിറ്റി​രു​ന്നു, ഞങ്ങൾ സാമ്പത്തിക സമൃദ്ധി ആസ്വദി​ക്കു​ക​യും ചെയ്‌തി​രു​ന്നു. എന്നാൽ, 1920-കളുടെ ഒടുവി​ലെ സാമ്പത്തിക മാന്ദ്യ​ത്തി​ന്റെ ഫലമായി പിതാവു സാമ്പത്തിക നഷ്ടം നേരി​ടാൻ നിർബ​ന്ധി​ത​നാ​ക്ക​പ്പെട്ടു, അദ്ദേഹ​ത്തി​നു തന്റെ കടയും നഷ്ടമായി. പിതാ​വി​ന്റെ ആശയറ്റ മുഖം കാണു​മ്പോ​ഴെ​ല്ലാം എനിക്കു ദുഃഖം തോന്നി​യി​രു​ന്നു.

കുറേ നാള​ത്തേക്ക്‌ എന്റെ കുടും​ബം കടുത്ത ദാരി​ദ്ര്യ​ത്തി​ലാ​ണു കഴിഞ്ഞത്‌. ഞാൻ ദിവസേന സ്‌കൂ​ളിൽനിന്ന്‌ ഒരു മണിക്കൂർ നേരത്തേ പോന്നു ഭക്ഷ്യവി​ഹി​ത​ത്തി​നുള്ള നിരയിൽ വന്നു നിൽക്കു​മാ​യി​രു​ന്നു. ദാരി​ദ്ര്യം നേരി​ട്ടെ​ങ്കി​ലും ശാന്തമായ കുടും​ബ​ജീ​വി​തം ഞങ്ങളാ​സ്വ​ദി​ച്ചി​രു​ന്നു. ഒരു ഡോക്ട​റാ​യി​ത്തീ​രുക എന്നത്‌ എന്റെ സ്വപ്‌ന​മാ​യി​രു​ന്നു. എന്നാൽ ഞാൻ കൗമാ​രദശ പകുതി പിന്നി​ട്ട​പ്പോൾ, കഴിഞ്ഞു​കൂ​ടാൻ എന്റെ കുടും​ബത്തെ സഹായി​ക്കു​ന്ന​തി​നു പഠനം നിർത്തി​യിട്ട്‌ എനിക്കു ജോലി ചെയ്യേ​ണ്ട​താ​യി വന്നു.

പിന്നീട്‌, രണ്ടാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്ത്‌, ജർമൻകാ​രും ഇറ്റലി​ക്കാ​രും ഗ്രീസിൽ അധിനി​വേശം നടത്തി, കൂടാതെ കടുത്ത ക്ഷാമവും. പട്ടിണി​മൂ​ലം സ്‌നേ​ഹി​ത​രും പരിച​യ​ക്കാ​രും തെരു​വു​ക​ളിൽ മരിച്ചു​വീ​ഴു​ന്നതു ഞാൻ മിക്ക​പ്പോ​ഴും കണ്ടിരു​ന്നു—ഒരിക്ക​ലും മറക്കു​ക​യി​ല്ലാത്ത ഒരു ഘോര​മായ കാഴ്‌ച! ഒരിക്കൽ ഞങ്ങളുടെ കുടും​ബ​ത്തിന്‌ ഗ്രീസി​ലെ പ്രമുഖ ഭക്ഷ്യയി​ന​മായ റൊട്ടി​യി​ല്ലാ​തെ 40 ദിവസം കഴി​യേ​ണ്ടി​വന്നു. കഴിഞ്ഞു​കൂ​ടു​ന്ന​തിന്‌, മൂത്ത സഹോ​ദ​ര​നും ഞാനും അടുത്തുള്ള ഗ്രാമ​ങ്ങ​ളിൽ പോയി സ്‌നേ​ഹി​ത​രിൽനി​ന്നും ബന്ധുക്ക​ളിൽനി​ന്നും ഉരുള​ക്കി​ഴ​ങ്ങു​കൾ വാങ്ങു​മാ​യി​രു​ന്നു.

ഒരു രോഗം അനു​ഗ്ര​ഹ​മാ​യി മാറുന്നു

1944-ന്റെ ആദ്യം ഒരുതരം ശ്വാസ​കോ​ശാ​വ​ര​ണ​രോ​ഗം (pleurisy) ബാധി​ച്ച​തി​നാൽ എനിക്കു തീരെ സുഖമി​ല്ലാ​താ​യി. ആശുപ​ത്രി​യിൽ കഴിഞ്ഞ മൂന്നു മാസത്തി​നി​ട​യിൽ ഒരു പിതൃ​ബന്ധു എനിക്കു രണ്ടു ചെറു​പു​സ്‌ത​കങ്ങൾ കൊണ്ടു​വന്നു തന്നിട്ടു പറഞ്ഞു: “ഇവ വായി​ക്കുക; നീ അവ ഇഷ്ടപ്പെ​ടു​മെന്ന്‌ എനിക്കു​റ​പ്പുണ്ട്‌.” ആ ചെറു​പു​സ്‌ത​കങ്ങൾ ദൈവം ആരാണ്‌?, സംരക്ഷണം (ഇംഗ്ലീഷ്‌) എന്നിവ​യാ​യി​രു​ന്നു. അവ പ്രസി​ദ്ധീ​ക​രി​ച്ചത്‌ വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈ​റ്റി​യും. അവ വായി​ച്ച​ശേഷം ഞാൻ അതിലെ വിവരങ്ങൾ സഹരോ​ഗി​ക​ളു​മാ​യി പങ്കു​വെച്ചു.

ആശുപ​ത്രി വിട്ടു​പോ​ന്ന​പ്പോൾ, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വോ​ലോസ്‌ സഭയു​മാ​യി ഞാൻ സഹവസി​ക്കാൻ തുടങ്ങി. എന്നിരു​ന്നാ​ലും, ആശുപ​ത്രി​യി​ലാ​യി​രു​ന്നി​ല്ലെ​ങ്കി​ലും ചികി​ത്സ​യി​ലാ​യി​രു​ന്ന​തി​നാൽ ഒരു മാസ​ത്തേക്ക്‌ എനിക്കു വീട്ടിൽത്തന്നെ കഴി​യേ​ണ്ടി​വന്നു. വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ മുൻല​ക്ക​ങ്ങ​ളും അതു​പോ​ലെ​തന്നെ വാച്ച്‌ ടവർ സൊ​സൈറ്റി പ്രസി​ദ്ധീ​ക​രിച്ച മറ്റു പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും ഞാൻ വായിച്ചു. തത്‌ഫ​ല​മാ​യി, എന്റെ ആത്മീയ വളർച്ച ത്വരി​ത​ഗ​തി​യി​ലാ​യി​രു​ന്നു.

കഷ്ടിച്ചുള്ള രക്ഷപ്പെ​ട​ലു​കൾ

1944-ന്റെ മധ്യഘ​ട്ട​ത്തി​ലൊ​രു​നാൾ ഞാൻ വോ​ലോ​സി​ലെ ഒരു പാർക്ക്‌ ബെഞ്ചിൽ ഇരിക്കു​ക​യാ​യി​രു​ന്നു. പെട്ടെന്ന്‌ ജർമൻ അധിനി​വേശ സൈന്യ​ത്തെ പിന്താ​ങ്ങിയ ഒരു അർധ​സൈ​നിക സംഘം ആ സ്ഥലം വളഞ്ഞ്‌ അവിടെ ഉണ്ടായി​രുന്ന എല്ലാവ​രെ​യും അറസ്റ്റ്‌ ചെയ്‌തു. രണ്ടു ഡസനോ​ളം ഉണ്ടായി​രുന്ന ഞങ്ങളെ ഒരു പുകയില സംഭരണ കെട്ടി​ട​ത്തിൽ സ്ഥിതി ചെയ്‌തി​രുന്ന ഗെസ്റ്റപ്പോ ആസ്ഥാന​ത്തേക്കു തെരു​വി​ലൂ​ടെ നടത്തി​ക്കൊ​ണ്ടു​പോ​യി.

ഏതാനും മിനി​റ്റു​കൾ കഴിഞ്ഞ​പ്പോൾ, ആരോ ഒരാൾ എന്റെ പേരും ഞാൻ പാർക്കിൽവെച്ചു സംസാ​രി​ച്ചു​കൊ​ണ്ടി​രു​ന്ന​യാ​ളു​ടെ പേരും വിളി​ക്കു​ന്നതു കേട്ടു. പട്ടാള​ക്കാ​രു​ടെ അകമ്പടി​യോ​ടെ ഞങ്ങളെ കൊണ്ടു​വ​രു​ന്നതു കണ്ട എന്റെ ഒരു ബന്ധു ഞങ്ങൾ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​ണെന്നു തന്നോടു പറഞ്ഞു​വെന്ന്‌ ഒരു ഗ്രീക്കു സൈനി​കോ​ദ്യോ​ഗസ്ഥൻ ഞങ്ങളെ വിളി​പ്പി​ച്ചു പറഞ്ഞു. എന്നിട്ട്‌, ഞങ്ങൾക്കു സ്വത​ന്ത്ര​രാ​യി വീട്ടിൽ പോകാ​മെന്ന്‌ ആ ഗ്രീക്ക്‌ ഉദ്യോ​ഗസ്ഥൻ അറിയി​ച്ചു, ഞങ്ങൾ വീണ്ടും അറസ്റ്റ്‌ ചെയ്യ​പ്പെ​ടു​ക​യാ​ണെ​ങ്കിൽ ഉപയോ​ഗി​ക്കു​ന്ന​തി​നു വേണ്ടി ഒരു ഔദ്യോ​ഗിക കാർഡും അദ്ദേഹം തന്നു.

ഗ്രീക്ക്‌ അട്ടിമറി പോരാ​ളി​കൾ രണ്ടു ജർമൻകാ​രെ കൊന്ന​തി​നു പ്രതി​കാ​ര​മാ​യി, അറസ്റ്റ്‌ ചെയ്‌ത​വ​രിൽ മിക്കവ​രെ​യും ജർമൻകാർ വധിച്ച​താ​യി പിറ്റേ ദിവസം ഞങ്ങൾ മനസ്സി​ലാ​ക്കി. മരണത്തിൽനി​ന്നു രക്ഷപ്പെ​ട്ട​തു​കൂ​ടാ​തെ, ക്രിസ്‌തീയ നിഷ്‌പ​ക്ഷ​ത​യു​ടെ വിലയും ഞാൻ ആ അവസര​ത്തിൽ മനസ്സി​ലാ​ക്കി.

1944-ലെ ശരത്‌കാ​ലത്ത്‌, യഹോ​വ​യ്‌ക്കുള്ള സമർപ്പണം ജലസ്‌നാ​പ​ന​ത്തി​ലൂ​ടെ ഞാൻ പ്രതീ​ക​പ്പെ​ടു​ത്തി. തുടർന്നു​വന്ന വേനൽക്കാ​ലത്ത്‌, പർവത മുകളി​ലുള്ള സ്‌ക്ലി​ത്രോ സഭയു​മാ​യി സഹവസി​ക്കു​ന്ന​തി​നുള്ള ക്രമീ​ക​ര​ണങ്ങൾ സാക്ഷികൾ ചെയ്‌തു​തന്നു, അവി​ടെ​വെച്ച്‌ എന്റെ ആരോ​ഗ്യം പൂർണ​മാ​യി വീണ്ടെ​ടു​ക്കാൻ എനിക്കു കഴിഞ്ഞു. ജർമൻ അധിനി​വേ​ശ​ത്തി​ന്റെ അവസാ​നത്തെ തുടർന്നു​വന്ന ആഭ്യന്ത​ര​ക​ലഹം ഗ്രീസിൽ അപ്പോൾ കൊടു​മ്പി​രി​കൊ​ള്ളു​ക​യാ​യി​രു​ന്നു. സന്ദർഭ​വ​ശാൽ, ഞാൻ താമസി​ച്ചി​രുന്ന ഗ്രാമ​പ്ര​ദേശം ഗറില്ലാ സേനാ​നി​ക​ളു​ടെ ഒരുതരം താവള​മാ​യി​രു​ന്നു. ഗവൺമെൻറ്‌ സേനകൾക്കു വേണ്ടി ഞാൻ ചാര​പ്ര​വർത്തനം നടത്തു​ന്നു​വെന്നു പ്രാ​ദേ​ശിക പുരോ​ഹി​ത​നും മറ്റൊരു ദുഷ്ട മനുഷ്യ​നും ആരോ​പ​ണ​മു​ന്ന​യി​ച്ചു, സ്വനി​യുക്ത ഗറില്ലാ സൈനിക കോട​തി​യെ​ക്കൊണ്ട്‌ എന്നെ ചോദ്യം ചെയ്യി​പ്പി​ക്കു​ക​യും ചെയ്‌തു.

ആ വ്യാജ കോട​തി​വി​ചാ​ര​ണ​യു​ടെ സമയത്ത്‌ ആ പ്രദേ​ശത്തെ ഗറില്ലാ സേനാ​നി​ക​ളു​ടെ നേതാവു സന്നിഹി​ത​നാ​യി​രു​ന്നു. ഞാൻ ആ പ്രദേ​ശത്തു താമസി​ക്കുന്ന കാരണം വിശദീ​ക​രി​ക്കു​ക​യും ഒരു ക്രിസ്‌ത്യാ​നി എന്നനി​ല​യിൽ ആഭ്യന്തര കലഹത്തിൽ ഞാൻ പൂർണ​മാ​യും നിഷ്‌പ​ക്ഷ​നാ​ണെന്നു പ്രകട​മാ​ക്കു​ക​യും ചെയ്‌തു​ക​ഴി​ഞ്ഞ​പ്പോൾ, ആ നേതാവു മറ്റുള്ള​വ​രോട്‌ ഇങ്ങനെ പറഞ്ഞു: “ഇയാളെ ആരെങ്കി​ലും തൊട്ടാൽ, തൊടു​ന്നവൻ എന്നോടു കണക്കു പറയേ​ണ്ടി​വ​രും!”

പിന്നീട്‌ എന്റെ ശാരീ​രിക ആരോ​ഗ്യ​ത്തെ​ക്കാൾ എന്റെ വിശ്വാ​സ​ത്തിൽ കൂടുതൽ ബലിഷ്‌ഠ​നാ​യി ഞാൻ സ്വന്തപ​ട്ട​ണ​മായ വോ​ലോ​സി​ലേക്കു മടങ്ങി.

ആത്മീയ അഭിവൃ​ദ്ധി

പെട്ടെ​ന്നു​തന്നെ, പ്രാ​ദേ​ശിക സഭയിൽ കണക്കു​ദാ​സ​നാ​യി ഞാൻ നിയമി​ക്ക​പ്പെട്ടു. പുരോ​ഹി​ത​ന്മാർ ഇളക്കി​വിട്ട മതപരി​വർത്തന ആരോ​പ​ണങ്ങൾ മൂലമു​ണ്ടായ അനേകം അറസ്റ്റുകൾ ഉൾപ്പെടെ, ആഭ്യന്ത​ര​യു​ദ്ധം വരുത്തി​വെച്ച പ്രയാ​സ​ങ്ങ​ളെ​ല്ലാം ഉണ്ടായി​രു​ന്നി​ട്ടും ക്രിസ്‌തീയ ശുശ്രൂ​ഷ​യിൽ പങ്കുപ​റ്റു​ന്നത്‌ എനിക്കും ഞങ്ങളുടെ സഭയിലെ മറ്റുള്ള​വർക്കും വലിയ സന്തോഷം കൈവ​രു​ത്തി.

പിന്നീട്‌, 1947-ന്റെ ആരംഭ​ത്തിൽ, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു സഞ്ചാര​മേൽവി​ചാ​രകൻ ഞങ്ങളെ സന്ദർശി​ച്ചു. രണ്ടാം ലോക​മ​ഹാ​യു​ദ്ധാ​ന​ന്ത​ര​മുള്ള അത്തരം സന്ദർശ​ന​ത്തിൽ ആദ്യ​ത്തേ​താ​യി​രു​ന്നു അത്‌. ആ സമയത്ത്‌, തഴച്ചു​വ​ളർന്നു​കൊ​ണ്ടി​രുന്ന വോ​ലോസ്‌ സഭ രണ്ടായി, അവയി​ലൊ​ന്നി​ലെ അധ്യക്ഷ​മേൽവി​ചാ​ര​ക​നാ​യി എനിക്കു നിയമനം ലഭിച്ചു. അർധ​സൈ​നിക, ദേശീ​യ​വാ​ദി സംഘട​നകൾ ജനങ്ങളു​ടെ​യി​ട​യിൽ ഭീതി പരത്തി​ക്കൊ​ണ്ടി​രു​ന്നു. പുരോ​ഹി​ത​ന്മാർ ഈ സാഹച​ര്യ​ത്തെ മുത​ലെ​ടു​ത്തു. ഞങ്ങൾ കമ്മ്യു​ണി​സ്റ്റു​കാർ അല്ലെങ്കിൽ ഇടതുപക്ഷ അനുഭാ​വി​കൾ ആണെന്ന കള്ളക്കഥ പ്രചരി​പ്പിച്ച്‌ അവർ അധികാ​രി​കളെ യഹോ​വ​യു​ടെ സാക്ഷി​കൾക്കെ​തി​രെ തിരി​ച്ചു​വി​ട്ടു.

അറസ്റ്റു​ക​ളും തടവു​ക​ളും

1947-ൽ ഞാൻ ഏതാണ്ട്‌ പത്തു പ്രാവ​ശ്യം അറസ്റ്റ്‌ ചെയ്യ​പ്പെട്ടു, എന്റെ പേരിൽ മൂന്നു കോട​തി​വി​ചാ​ര​ണ​ക​ളും നടന്നു. ഓരോ പ്രാവ​ശ്യ​വും നിരപ​രാ​ധി എന്നനി​ല​യിൽ എന്നെ വെറുതെ വിട്ടു. 1948-ന്റെ വസന്തത്തിൽ, മതപരി​വർത്ത​ന​ത്തി​ന്റെ പേരിൽ എനിക്കു നാലു മാസത്തെ തടവു​ശിക്ഷ വിധിച്ചു. കാലാ​വധി തീരും​വരെ ഞാൻ വോ​ലോസ്‌ ജയിലിൽ കിടന്നു. അതിനി​ടെ ഞങ്ങളുടെ സഭയിലെ രാജ്യ​പ്ര​ഘോ​ഷ​ക​രു​ടെ എണ്ണം ഇരട്ടി​യാ​യി, സഹോ​ദ​ര​ങ്ങ​ളു​ടെ ഹൃദയ​ങ്ങ​ളിൽ ആനന്ദവും സ്വസ്ഥത​യും കളിയാ​ടി.

1948 ഒക്‌ടോ​ബ​റിൽ, ഞാൻ ഞങ്ങളുടെ സഭയിൽ നേതൃ​ത്വം വഹിച്ചി​രുന്ന ആറു പേരു​മാ​യി ഒരു യോഗം നടത്തി​ക്കൊ​ണ്ടി​രു​ന്ന​പ്പോൾ, അഞ്ചു പൊലീ​സു​കാർ ആ വീട്ടി​ലേക്കു കടന്നു​ക​യറി, തോക്കു ചൂണ്ടി ഞങ്ങളെ അറസ്റ്റ്‌ ചെയ്‌തു. അറസ്റ്റ്‌ ചെയ്‌ത​തി​നുള്ള കാരണ​മൊ​ന്നും വിശദീ​ക​രി​ക്കാ​തെ അവർ ഞങ്ങളെ പൊലീസ്‌ സ്റ്റേഷനി​ലേക്കു കൊണ്ടു​പോ​യി, അവി​ടെ​വെച്ചു ഞങ്ങളെ മർദിച്ചു. ബോക്‌സ​റാ​യി​രുന്ന ഒരു പൊലീ​സു​കാ​രൻ എന്റെ മുഖത്തി​ടി​ച്ചു. എന്നിട്ടു ഞങ്ങളെ ഒരു ജയില​റ​യി​ലി​ട്ടു.

പിന്നീട്‌, ചുമത​ല​യി​ലി​രുന്ന ഉദ്യോ​ഗസ്ഥൻ എന്നെ വിളിച്ചു. ഞാൻ വാതിൽ തുറന്ന​പ്പോൾ, അയാൾ ഒരു മഷിക്കു​പ്പി എന്റെ നേർക്കെ​റി​ഞ്ഞു. അതു ലക്ഷ്യം തെറ്റി ഒരു ഭിത്തി​യി​ലി​ടി​ച്ചു പൊട്ടി. എന്നെ ഭയപ്പെ​ടു​ത്താൻ വേണ്ടി​യാ​യി​രു​ന്നു അയാൾ അതു ചെയ്‌തത്‌. എന്നിട്ട്‌, അയാൾ എനി​ക്കൊ​രു കടലാ​സും പേനയും തന്നിട്ടു കൽപ്പിച്ചു: “വോ​ലോ​സി​ലുള്ള എല്ലാ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ​യും പേരുകൾ എഴുതി​യിട്ട്‌ ആ ലിസ്റ്റ്‌ രാവിലെ എന്റെ അടുത്തു കൊണ്ടു​വ​രണം. ഇല്ലെങ്കിൽ, എന്താണു സംഭവി​ക്കാൻ പോകു​ന്ന​തെന്ന്‌ അറിയാ​മ​ല്ലോ!”

ഞാൻ ഉത്തര​മൊ​ന്നും പറഞ്ഞില്ല, എന്നാൽ ജയില​റ​യി​ലേക്കു തിരി​ച്ചു​പോ​ന്ന​പ്പോൾ ഞാനും മറ്റു സഹോ​ദ​ര​ന്മാ​രും യഹോ​വ​യോ​ടു പ്രാർഥി​ച്ചു. ആ കടലാ​സ്സിൽ എന്റെ പേരു മാത്ര​മെ​ഴു​തി വിളി​ക്കു​ന്ന​തും കാത്തു ഞാനി​രു​ന്നു. എന്നാൽ ആ ഉദ്യോ​ഗ​സ്ഥ​നിൽനി​ന്നു ഞാൻ പിന്നീ​ടൊ​ന്നും കേട്ടില്ല. രാത്രി​യിൽ എതിർ സേനകൾ വന്നു, അയാൾ തന്റെ ആളുകളെ അവർക്കെ​തി​രെ നയിച്ചു. തുടർന്നു​ണ്ടായ ഏറ്റുമു​ട്ട​ലിൽ, അയാൾക്കു സാരമായ പരി​ക്കേറ്റു, അയാളു​ടെ ഒരു കാൽ മുറി​ച്ചു​ക​ള​യേ​ണ്ടി​വന്നു. ഒടുവിൽ, ഞങ്ങളുടെ കേസിന്റെ വിചാ​ര​ണ​യാ​യി, നിയമ​വി​രു​ദ്ധ​മായ യോഗം നടത്തു​ന്നു​വെന്നു ഞങ്ങൾക്കെ​തി​രെ ആരോ​പി​ക്ക​പ്പെട്ടു. ഞങ്ങളെ ഏഴു പേരെ​യും അഞ്ചു വർഷത്തെ തടവിനു വിധിച്ചു.

ജയിലി​ലെ ഞായറാ​ഴ്‌ചത്തെ കുർബാ​ന​യിൽ സംബന്ധി​ക്കാൻ ഞാൻ വിസമ്മ​തി​ച്ച​തു​കൊണ്ട്‌, ഏകാന്ത തടവിന്‌ എന്നെ അയച്ചു. മൂന്നാ​മത്തെ ദിവസം ജയിൽ ഡയറക്ട​റോ​ടു സംസാ​രി​ക്കാൻ ഞാൻ അനുമതി ചോദി​ച്ചു. ഞാൻ അദ്ദേഹ​ത്തോ​ടു പറഞ്ഞു, “വിശ്വാ​സ​ത്തി​നു വേണ്ടി അഞ്ചു വർഷം ജയിലിൽ കിടക്കാൻ മനസ്സുള്ള ഒരാളെ ശിക്ഷി​ക്കു​ന്നതു ന്യായ​ര​ഹി​ത​മാ​യി തോന്നു​ന്നു എന്നു സകല ആദര​വോ​ടും കൂടെ ഞാൻ പറഞ്ഞോ​ട്ടെ.” അദ്ദേഹം അതേക്കു​റി​ച്ചു ഗൗരവ​മാ​യി ചിന്തിച്ചു, എന്നിട്ട്‌ ഒടുവിൽ പറഞ്ഞു: “നാളെ മുതൽ താൻ എന്റെ ഓഫീ​സിൽ എന്റെയ​ടു​ത്തു ജോലി ചെയ്യു​ന്ന​താ​യി​രി​ക്കും.”

പിന്നീട്‌, ജയിലിൽ ഒരു ഡോക്ട​റു​ടെ സഹായി എന്നനി​ല​യി​ലുള്ള ജോലി എനിക്കു ലഭിച്ചു. തത്‌ഫ​ല​മാ​യി, ആരോ​ഗ്യ​പ​രി​പാ​ല​ന​ത്തെ​ക്കു​റി​ച്ചു ധാരാളം കാര്യങ്ങൾ ഞാൻ പഠിച്ചു, അത്‌ എന്റെ പിൽക്കാ​ല​വർഷ​ങ്ങ​ളിൽ വളരെ ഉപയോ​ഗ​പ്ര​ദ​മാ​ണെന്നു തെളി​ഞ്ഞി​രി​ക്കു​ന്നു. ജയിലി​ലാ​യി​രി​ക്കെ, പ്രസം​ഗി​ക്കു​ന്ന​തി​നുള്ള ധാരാളം അവസരങ്ങൾ എനിക്കു ലഭിച്ചു. മൂന്നു പേർ അനുകൂ​ല​മാ​യി പ്രതി​ക​രി​ക്കു​ക​യും യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി​ത്തീ​രു​ക​യും ചെയ്‌തു.

ജയിലിൽ നാലു വർഷ​ത്തോ​ളം ചെലവ​ഴി​ച്ച​ശേഷം, ഒടുവിൽ 1952-ൽ നിരീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തിൽ ഞാൻ മോചി​ത​നാ​യി. പിന്നീട്‌, നിഷ്‌പക്ഷത സംബന്ധി​ച്ചു കൊരി​ന്തി​ലെ കോട​തി​യിൽ എനിക്കു ഹാജരാ​കേ​ണ്ടി​വന്നു. (യെശയ്യാ​വു 2:4) അവിടെ ഒരു സൈനിക തടവറ​യിൽ കുറെ സമയ​ത്തേക്ക്‌ എന്നെ തടഞ്ഞു​വെച്ചു, അങ്ങനെ മറ്റൊ​രാ​വർത്തി ദ്രോഹം തുടങ്ങി. ചില ഉദ്യോ​ഗ​സ്ഥ​ന്മാർ പുതിയ പുതിയ ഭീഷണി​കൾ ഇറക്കാൻ തുടങ്ങി, ഇങ്ങനെ​യൊ​ക്കെ പറഞ്ഞു​കൊണ്ട്‌: “ഞാൻ ഒരു കഠാര​കൊ​ണ്ടു നിന്റെ ഹൃദയം തുണ്ടം തുണ്ടമാ​യി പുറ​ത്തെ​ടു​ക്കും,” അല്ലെങ്കിൽ, “ആറു തിര​കൊ​ണ്ടു പെട്ടെ​ന്നൊ​ന്നും ചാകാ​മെന്നു വിചാ​രി​ക്കണ്ട.”

ഒരു വ്യത്യസ്‌ത പരി​ശോ​ധന

എന്നിരു​ന്നാ​ലും, ഞാൻ താമസി​യാ​തെ വീട്ടിൽ മടങ്ങി​യെത്തി. വോ​ലോസ്‌ സഭയോ​ടൊ​ത്തു വീണ്ടും സേവി​ക്കു​ക​യും അംശകാല ലൗകിക ജോലി​യിൽ പ്രവേ​ശി​ക്കു​ക​യും ചെയ്‌തു. രണ്ടു വാര​ത്തേക്കു പരിശീ​ലനം ലഭിക്കു​ന്ന​തി​നും എന്നിട്ട്‌ ഒരു സർക്കിട്ടു മേൽവി​ചാ​ര​ക​നാ​യി യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സഭകൾ സന്ദർശി​ച്ചു തുടങ്ങു​ന്ന​തി​നും എന്നെ ക്ഷണിച്ചു​കൊണ്ട്‌ വാച്ച്‌ ടവർ സൊ​സൈ​റ​റി​യു​ടെ ഏഥൻസി​ലുള്ള ബ്രാഞ്ച്‌ ഓഫീ​സിൽനിന്ന്‌ എനി​ക്കൊ​രു ദിവസം ഒരു കത്തു കിട്ടി. അതേസ​മയം, മക്കളി​ല്ലാ​തി​രുന്ന ഇളയച്ഛൻ തന്റെ സമൃദ്ധ​മായ സ്ഥാവര സ്വത്തുക്കൾ നോക്കി​ന​ട​ത്താൻ എന്നോട്‌ ആവശ്യ​പ്പെട്ടു. എന്റെ കുടും​ബം അപ്പോ​ഴും ദാരി​ദ്ര്യ​ത്തി​ലാ​ണു കഴിഞ്ഞു​പോ​ന്നത്‌, ആ ജോലി അവരുടെ സാമ്പത്തിക പരാധീ​ന​തകൾ പരിഹ​രി​ക്കു​മാ​യി​രു​ന്നു.

ഇളയച്ഛന്റെ ക്ഷണത്തോ​ടു കൃതജ്ഞത പ്രകാ​ശി​പ്പി​ക്കാൻ ഞാൻ അദ്ദേഹത്തെ ചെന്നു​കണ്ടു, എന്നാൽ ക്രിസ്‌തീയ ശുശ്രൂ​ഷ​യിൽ പ്രത്യേക നിയമനം സ്വീക​രി​ക്കാൻ ഞാൻ തീരു​മാ​നി​ച്ച​താ​യി അദ്ദേഹത്തെ അറിയി​ച്ചു. അപ്പോൾ അദ്ദേഹം എഴു​ന്നേ​റ്റിട്ട്‌ എന്നെ ഗൗരവ​മാ​യി ഒന്നു നോക്കി, എന്നിട്ടു തത്‌ക്ഷണം മുറി വിട്ടി​റ​ങ്ങി​പ്പോ​യി. അദ്ദേഹം മടങ്ങി​വ​ന്നത്‌ ഉദാര​മായ ഒരു സാമ്പത്തിക ദാനവു​മാ​യാണ്‌, ഏതാനും മാസ​ത്തേക്ക്‌ എന്റെ കുടും​ബ​ത്തി​നു കഴിഞ്ഞു​കൂ​ടാ​നു​ണ്ടാ​യി​രു​ന്നു അത്‌. അദ്ദേഹം പറഞ്ഞു: “ഇതെടു​ത്തു നിനക്ക്‌ ഇഷ്ടമു​ള്ള​തു​പോ​ലെ ചെയ്‌തോ​ളൂ.” ആ നിമിഷം എനിക്കു തോന്നിയ വികാ​രങ്ങൾ വർണി​ക്കാൻ ഇന്നുവരെ എനിക്കാ​വില്ല. ‘നീ ശരിയായ തിര​ഞ്ഞെ​ടു​പ്പു നടത്തി. ഞാൻ നിന്നോ​ടു കൂടെ​യുണ്ട്‌’ എന്നു യഹോ​വ​യു​ടെ ശബ്ദം എന്നോടു പറയു​ന്നതു പോ​ലെ​യാ​യി​രു​ന്നു അത്‌.

എന്റെ കുടും​ബ​ത്തി​ന്റെ ആശീർവാ​ദ​ത്തോ​ടെ, 1953-ൽ ഞാൻ ഏഥൻസി​ലേക്കു തിരിച്ചു. എന്റെ അമ്മ മാത്രമേ സാക്ഷി​യാ​യു​ള്ളൂ​വെ​ങ്കി​ലും, മറ്റു കുടും​ബാം​ഗങ്ങൾ എന്റെ ക്രിസ്‌തീയ പ്രവർത്ത​നത്തെ എതിർത്തില്ല. ഏഥൻസി​ലെ ബ്രാഞ്ച്‌ ഓഫീ​സിൽ എത്തിയ​പ്പോൾ, ആശ്ചര്യ​ക​ര​മായ മറ്റൊരു സംഗതി എന്നെ കാത്തി​രി​പ്പു​ണ്ടാ​യി​രു​ന്നു. അത്‌ എന്റെ സഹോ​ദ​രി​യിൽ നിന്നുള്ള ഒരു ടെല​ഗ്രാ​മാ​യി​രു​ന്നു. ഒരു ക്ഷേമ​പെൻഷൻ കിട്ടാ​നുള്ള പിതാ​വി​ന്റെ രണ്ടു വർഷത്തെ ശ്രമത്തി​നു സാക്ഷാ​ത്‌കാ​ര​മാ​യി എന്നതാ​യി​രു​ന്നു അതിന്റെ സാരം. അതിലു​മ​ധി​ക​മാ​യി എനിക്ക്‌ എന്തു ചോദി​ക്കാൻ കഴിയു​മാ​യി​രു​ന്നു? യഹോ​വ​യു​ടെ സേവന​ത്തിൽ പറന്നു​യ​രാൻ എനിക്കു ചിറകു​കൾ ലഭിച്ച​തു​പോ​ലെ തോന്നി!

ജാഗ്രത പുലർത്തൽ

സർക്കിട്ട്‌ വേലയി​ലെ ആദ്യ വർഷങ്ങ​ളിൽ, ഞാൻ വളരെ സൂക്ഷ്‌മത പുലർത്തേ​ണ്ടി​യി​രു​ന്നു. കാരണം, മത, രാഷ്ട്രീയ അധികാ​രി​കൾ യഹോ​വ​യു​ടെ സാക്ഷി​കളെ ക്രൂര​മാ​യി പീഡി​പ്പി​ച്ചി​രു​ന്നു. നമ്മുടെ ക്രിസ്‌തീയ സഹോ​ദ​ര​ങ്ങളെ സന്ദർശി​ക്കു​ന്ന​തിന്‌, പ്രത്യേ​കി​ച്ചും കൊച്ചു പട്ടണങ്ങ​ളി​ലും ഗ്രാമ​ങ്ങ​ളി​ലും താമസി​ച്ചി​രു​ന്ന​വരെ സന്ദർശി​ക്കു​ന്ന​തിന്‌, ഇരുട്ടി​ന്റെ മറപി​ടി​ച്ചു ഞാൻ അനേകം മണിക്കൂ​റു​കൾ നടന്നു. അറസ്റ്റ്‌ ചെയ്യ​പ്പെ​ടാ​നുള്ള സാധ്യ​ത​യെ​പ്പോ​ലും വകവെ​ക്കാ​തെ, സഹോ​ദ​രങ്ങൾ ഒന്നിച്ചു​കൂ​ടി ഒരു വീട്ടിൽ ക്ഷമയോ​ടെ എന്റെ വരവും കാത്തി​രി​പ്പു​ണ്ടാ​യി​രു​ന്നു. ആ സന്ദർശനം ഞങ്ങൾക്കെ​ല്ലാ​വർക്കും എത്ര നല്ല ഒരു പ്രോ​ത്സാ​ഹന കൈമാ​റ്റ​മാ​ണു പ്രദാനം ചെയ്‌തത്‌!—റോമർ 1:11, 12.

കണ്ടുപി​ടി​ക്കാ​തി​രി​ക്കാൻ, ഞാൻ ചില​പ്പോൾ വേഷ​പ്ര​ച്ഛ​ന്ന​നാ​യി. ഒരിക്കൽ, ആത്മീയ ഇടയ​വേ​ല​യു​ടെ ആവശ്യം വളരെ ഉണ്ടായി​രുന്ന ഒരു കൂട്ടം സഹോ​ദ​ര​ങ്ങ​ളു​ടെ അടുക്ക​ലെ​ത്തു​ന്ന​തിന്‌ ഒരു മാർഗ​ത​ടസ്സം കുറുകെ കടക്കാൻ ഞാൻ ഒരു ആട്ടിട​യ​നെ​പ്പോ​ലെ വസ്‌ത്രം ധരിച്ചു. മറ്റൊ​ര​വ​സ​ര​ത്തിൽ, അതായത്‌ 1955-ൽ, പൊലീ​സു​കാ​രു​ടെ സംശയ​മു​ണർത്താ​തി​രി​ക്കാൻ ഞാനും ഒരു സഹസാ​ക്ഷി​യും വെളു​ത്തു​ള്ളി വിൽക്കു​ന്ന​വ​രാ​യി നടിച്ചു. ആർഗോസ്‌ ഓറസ്റ്റി​ക്കോൺ എന്ന ചെറിയ ഒരു പട്ടണത്തിൽ നിഷ്‌ക്രി​യ​രായ ചില ക്രിസ്‌തീയ സഹോ​ദ​ര​ങ്ങ​ളു​മാ​യി ബന്ധം പുലർത്തുക എന്നതാ​യി​രു​ന്നു ഞങ്ങളുടെ നിയമനം.

ഞങ്ങളുടെ വിൽപ്പ​ന​സാ​ധ​നങ്ങൾ ഞങ്ങൾ പൊതു​ക​മ്പോ​ള​ത്തിൽ നിരത്തി​വെച്ചു. എന്നാൽ, അവിടെ റോന്തു​ചു​റ്റി​ക്കൊ​ണ്ടി​രുന്ന ചെറു​പ്പ​ക്കാ​ര​നായ ഒരു പൊലീ​സു​കാ​രനു സംശയം തോന്നി. അയാൾ കടന്നു​പോയ ഓരോ തവണയും ഉദ്വേ​ഗ​ത്തോ​ടെ ഞങ്ങളെ തുറി​ച്ചു​നോ​ക്കി. ഒടുവിൽ, അയാൾ എന്നോടു പറഞ്ഞു: “നിങ്ങളെ കണ്ടിട്ട്‌ ഒരു വെളു​ത്തു​ള്ളി വിൽപ്പ​ന​ക്കാ​ര​നാ​ണെന്നു തോന്നു​ന്നി​ല്ല​ല്ലോ.” അപ്പോൾ മൂന്നു യുവസ്‌ത്രീ​കൾ അടുത്തു വന്നു കുറച്ചു വെളു​ത്തു​ള്ളി വാങ്ങാൻ താത്‌പ​ര്യം പ്രകടി​പ്പി​ച്ചു. എന്റെ ഉത്‌പ​ന്നങ്ങൾ ചൂണ്ടി​ക്കാ​ട്ടി ഞാൻ ഉച്ചത്തിൽ ഇങ്ങനെ പറഞ്ഞു: “ചെറു​പ്പ​ക്കാ​ര​നായ ഈ പൊലീ​സു​കാ​രൻ ഇതു​പോ​ലത്തെ വെളു​ത്തു​ള്ളി​യാ​ണു ഭക്ഷിക്കു​ന്നത്‌, അദ്ദേഹം എത്ര കരുത്ത​നും സൗന്ദര്യ​മു​ള്ള​വ​നു​മാ​ണെന്നു നോക്കൂ!” അപ്പോൾ സ്‌ത്രീ​കൾ ആ പൊലി​സു​കാ​രനെ നോക്കി ചിരിച്ചു. അയാളും പുഞ്ചിരി തൂകി, എന്നിട്ടു നടന്നകന്നു.

അയാൾ പൊയ്‌ക്ക​ഴി​ഞ്ഞ​പ്പോൾ, ഞങ്ങളുടെ ആത്മീയ സഹോ​ദ​ര​ന്മാർ തയ്യൽക്കാ​രാ​യി ജോലി നോക്കി​യി​രുന്ന കടയി​ലേക്കു ചെല്ലാൻ ആ അവസരം ഞാൻ പ്രയോ​ജ​ന​പ്പെ​ടു​ത്തി. എന്റെ കുപ്പാ​യ​ത്തിൽനി​ന്നു ഞാൻ പറി​ച്ചെ​ടുത്ത ഒരു ബട്ടൺ തുന്നി​ച്ചേർക്കാൻ അവരി​ലൊ​രാ​ളോ​ടു ഞാൻ പറഞ്ഞു. അദ്ദേഹം അതു ചെയ്‌തു​കൊ​ണ്ടി​രി​ക്കെ ഞാൻ കുനിഞ്ഞ്‌ ഇങ്ങനെ മന്ത്രിച്ചു: “ഞാൻ നിങ്ങളെ കാണാൻ ബ്രാഞ്ച്‌ ഓഫീ​സിൽനി​ന്നു വന്നിരി​ക്കു​ക​യാണ്‌.” ആദ്യം സഹോ​ദ​ര​ന്മാ​രൊ​ന്നു പകച്ചു​പോ​യി, കാരണം വർഷങ്ങ​ളാ​യി സഹസാ​ക്ഷി​ക​ളു​മാ​യി അവർക്കു യാതൊ​രു ബന്ധവു​മി​ല്ലാ​യി​രു​ന്നു. എന്റെ കഴിവി​ന്റെ പരമാ​വധി ഞാൻ അവരെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. മാത്രമല്ല, പിന്നീട്‌ ആ പട്ടണത്തി​ലെ സെമി​ത്തേ​രി​യിൽവെച്ച്‌ അവരെ കണ്ടുമു​ട്ടാ​നുള്ള ക്രമീ​ക​ര​ണ​ങ്ങ​ളും ചെയ്‌തു. സന്തോ​ഷ​ക​ര​മെന്നു പറയട്ടെ, ആ സന്ദർശനം പ്രോ​ത്സാ​ഹ​ന​ജ​ന​ക​മാ​യി​രു​ന്നു. അവർ ക്രിസ്‌തീയ ശുശ്രൂ​ഷ​യിൽ വീണ്ടും ശുഷ്‌കാ​ന്തി​യു​ള്ള​വ​രാ​യി.

ഒരു വിശ്വസ്‌ത പങ്കാളി​യെ ലഭിക്കു​ന്നു

സഞ്ചാര​ശു​ശ്രൂഷ തുടങ്ങി മൂന്നു മാസം കഴിഞ്ഞ​പ്പോൾ, അതായത്‌, 1956-ൽ ഞാൻ നിക്കിയെ കണ്ടുമു​ട്ടി. പ്രസം​ഗ​പ്ര​വർത്ത​ന​ത്തോട്‌ അഭിനി​വേ​ശ​മു​ണ്ടാ​യി​രുന്ന, മുഴു​സമയ ശുശ്രൂ​ഷ​യിൽ തന്റെ ജീവിതം ചെലവ​ഴി​ക്കാൻ ആഗ്രഹിച്ച ഒരു ക്രിസ്‌തീയ യുവതി​യാ​യി​രു​ന്നു അവൾ. ഞങ്ങൾ സ്‌നേ​ഹ​ത്തി​ലാ​യി. അങ്ങനെ 1957 ജൂണിൽ വിവാ​ഹി​ത​രാ​യി. യഹോ​വ​യു​ടെ സാക്ഷി​കളെ സംബന്ധി​ച്ചി​ട​ത്തോ​ളം അന്നു ഗ്രീസിൽ നിലവി​ലു​ണ്ടാ​യി​രുന്ന എതിർപ്പി​ന്റെ അവസ്ഥക​ളിൻ കീഴിൽ സഞ്ചാര​വേ​ല​യു​ടെ ആവശ്യങ്ങൾ നിവർത്തി​ക്കാൻ നിക്കിക്കു കഴിയു​മോ എന്ന്‌ എനിക്കു സംശയ​മു​ണ്ടാ​യി​രു​ന്നു. യഹോ​വ​യു​ടെ സഹായ​ത്തോ​ടെ അവൾക്കു പൊരു​ത്ത​പ്പെ​ടാൻ കഴിഞ്ഞു. അങ്ങനെ അവൾ ഗ്രീസിൽ സർക്കിട്ട്‌ വേലയിൽ ഭർത്താ​വി​നെ അനുഗ​മി​ക്കുന്ന പ്രഥമ വനിത​യാ​യി​ത്തീർന്നു.

ഗ്രീസി​ലെ മിക്ക സഭക​ളെ​യും സേവി​ച്ചു​കൊണ്ട്‌, പത്തു വർഷ​ത്തോ​ളം ഞങ്ങൾ സഞ്ചാര​ശു​ശ്രൂ​ഷ​യിൽ ഒരുമി​ച്ചു ചെലവ​ഴി​ച്ചു. പലപ്പോ​ഴും ഞങ്ങൾ വേഷ​പ്ര​ച്ഛ​ന്ന​രാ​യി സ്യൂട്ട്‌കേ​സു​ക​ളും തൂക്കി​പ്പി​ടിച്ച്‌ ഓരോ സഭയി​ലും എത്തി​ച്ചേ​രു​ന്ന​തി​നു വേണ്ടി ഇരുട്ടി​ന്റെ മറപറ്റി മണിക്കൂ​റു​ക​ളോ​ളം നടക്കു​മാ​യി​രു​ന്നു. ഞങ്ങൾക്കു മിക്ക​പ്പോ​ഴും വലിയ എതിർപ്പ്‌ അഭിമു​ഖീ​ക​രി​ക്കേ​ണ്ടി​വ​ന്നെ​ങ്കി​ലും, സാക്ഷി​ക​ളു​ടെ എണ്ണത്തിൽ ഗണ്യമായ വളർച്ച നേരിട്ടു കാണു​ന്ന​തിൽ ഞങ്ങൾ ഹർഷപു​ള​കി​ത​രാ​യി​രു​ന്നു.

ബെഥേൽ സേവനം

1967 ജനുവ​രി​യിൽ, ബെഥേൽ എന്നു വിളി​ക്ക​പ്പെ​ടുന്ന യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ബ്രാഞ്ച്‌ ഓഫീ​സി​ലേക്ക്‌ എന്നെയും നിക്കി​യെ​യും ക്ഷണിക്കു​ക​യു​ണ്ടാ​യി. ആ ക്ഷണം ഞങ്ങളെ രണ്ടു​പേ​രെ​യും അമ്പരപ്പി​ച്ചു​ക​ളഞ്ഞു. എങ്കിലും, യഹോ​വ​യാ​ണു കാര്യ​ങ്ങളെ നയിക്കു​ന്നത്‌ എന്ന വിശ്വാ​സ​ത്തോ​ടെ ഞങ്ങളതു സ്വീക​രി​ച്ചു. കാലം കടന്നു​പോ​യ​തോ​ടെ, ദിവ്യാ​ധി​പത്യ പ്രവർത്ത​ന​ത്തി​ന്റെ ഈ കേന്ദ്ര​ത്തിൽ പ്രവർത്തി​ക്കു​ന്നത്‌ എത്രയോ വലിയ പദവി​യാ​ണെന്നു ഞങ്ങൾ വിലമ​തി​ക്കാ​നി​ട​യാ​യി.

ഞങ്ങൾ ബെഥേൽ സേവനം തുടങ്ങി മൂന്നു മാസം കഴിഞ്ഞ​പ്പോൾ, ഒരു സൈനിക ഉപജാപക സംഘം അധികാ​രം പിടി​ച്ചെ​ടു​ത്തു. യഹോ​വ​യു​ടെ സാക്ഷി​കൾക്കു രഹസ്യ​മാ​യി തങ്ങളുടെ വേല തുട​രേ​ണ്ടി​വന്നു. ഞങ്ങൾ ചെറിയ കൂട്ടങ്ങ​ളാ​യി കൂടി​വ​രാൻ തുടങ്ങി, സമ്മേള​നങ്ങൾ വനങ്ങൾക്കു​ള്ളിൽ നടത്തി, വിവേ​ക​പൂർവം പ്രസം​ഗ​ത്തിൽ ഏർപ്പെട്ടു, ബൈബിൾ സാഹി​ത്യ​ങ്ങൾ രഹസ്യ​മാ​യി അച്ചടി​ക്കു​ക​യും വിതരണം നടത്തു​ക​യും ചെയ്‌തു. ഈ സാഹച​ര്യ​ങ്ങ​ളു​മാ​യി പൊരു​ത്ത​പ്പെ​ടുക ബുദ്ധി​മു​ട്ടാ​യി​രു​ന്നില്ല. കാരണം, ഞങ്ങളുടെ പ്രവർത്ത​നങ്ങൾ നടത്തു​ന്ന​തി​നു ഗതകാ​ല​ങ്ങ​ളിൽ ഉപയോ​ഗി​ച്ചി​രുന്ന രീതികൾ കേവലം പരിഷ്‌ക​രി​ക്കുക മാത്ര​മാ​ണു ഞങ്ങൾ ചെയ്‌തത്‌. നിയ​ന്ത്ര​ണങ്ങൾ ഉണ്ടായി​രു​ന്നി​ട്ടും, സാക്ഷി​ക​ളു​ടെ എണ്ണം 1967-ലെ 11,000-ത്തിൽനി​ന്നും 1974 ആയപ്പോ​ഴേ​ക്കും 17,000-ത്തിലധി​ക​മാ​യി വർധിച്ചു.

ബെഥേൽ സേവന​ത്തിൽ ഏതാണ്ട്‌ 30 വർഷം പിന്നിട്ട ഞാനും നിക്കി​യും ആരോഗ്യ-പ്രായ പരിമി​തി​ക​ളു​ണ്ടെ​ങ്കിൽപോ​ലും, ഞങ്ങളുടെ ആത്മീയ അനു​ഗ്ര​ഹങ്ങൾ തുടർന്നും ആസ്വദി​ക്കു​ന്നു. പത്തു വർഷ​ത്തോ​ള​മാ​യി, ഏഥൻസി​ലെ കാർട്ടാ​ലി തെരു​വിൽ സ്ഥിതി​ചെ​യ്‌തി​രുന്ന ബ്രാഞ്ച്‌ കെട്ടി​ട​ങ്ങ​ളിൽ ഞങ്ങൾ താമസി​ച്ചു. 1979-ൽ ഏഥൻസി​ന്റെ പ്രാന്ത​പ്ര​ദേ​ശ​മായ മറോ​സി​യിൽ ഒരു പുതിയ ബ്രാഞ്ച്‌ സമർപ്പി​ക്ക​പ്പെട്ടു. എന്നാൽ, 1991 മുതൽ, ഏഥൻസിൽനി​ന്നും 60 കിലോ​മീ​റ്റർ വടക്കു​മാ​റി സ്ഥിതി​ചെ​യ്യുന്ന എലി​യോ​നാ​യി​ലെ വിസ്‌താ​ര​മേ​റിയ പുതിയ ബ്രാഞ്ച്‌ സൗകര്യ​ങ്ങൾ ഞങ്ങൾ ആസ്വദി​ക്കു​ന്നു. ഞങ്ങളുടെ ബെഥേ​ലി​ലെ ആതുര ശുശ്രൂ​ഷാ​വി​ഭാ​ഗ​ത്തി​ലാണ്‌ (infirmary) ഞാൻ സേവന​മ​നു​ഷ്‌ഠി​ക്കു​ന്നത്‌. ജയിലി​ലെ ഡോക്ട​റു​ടെ സഹായി​യെ​ന്ന​നി​ല​യിൽ എനിക്കു ലഭിച്ച പരിശീ​ലനം ഇവിടെ വളരെ ഉപയോ​ഗ​പ്ര​ദ​മെന്നു തെളി​ഞ്ഞി​രി​ക്കു​ന്നു.

നാലു പതിറ്റാ​ണ്ടി​ലേ​റെ​ക്കാ​ലത്തെ മുഴു​സമയ ശുശ്രൂ​ഷ​യിൽ ഞാൻ, യിരെ​മ്യാ​വി​നെ​പ്പോ​ലെ, യഹോ​വ​യു​ടെ ഈ വാഗ്‌ദാ​ന​ത്തി​ന്റെ സത്യം മനസ്സി​ലാ​ക്കാ​നി​ട​യാ​യി​രി​ക്കു​ന്നു: “അവർ നിന്നോ​ടു യുദ്ധം ചെയ്യും; നിന്നെ ജയിക്ക​യി​ല്ല​താ​നും; നിന്നെ രക്ഷിപ്പാൻ ഞാൻ നിന്നോ​ടു​കൂ​ടെ ഉണ്ടു എന്നു യഹോ​വ​യു​ടെ അരുള​പ്പാ​ടു.” (യിരെ​മ്യാ​വു 1:19) അതേ, യഹോ​വ​യിൽനി​ന്നുള്ള അനു​ഗ്ര​ഹ​ങ്ങ​ളു​ടെ നിറ​ഞ്ഞൊ​ഴു​കുന്ന പാനപാ​ത്രം ഞാനും നിക്കി​യും ആസ്വദി​ച്ചി​രി​ക്കു​ന്നു. അവന്റെ സമൃദ്ധ​മായ സ്‌നേ​ഹ​പ​രി​പാ​ല​ന​ത്തി​ലും അനർഹ​ദ​യ​യി​ലും ഞങ്ങൾ നിരന്തരം ആനന്ദി​ക്കു​ന്നു.

യഹോ​വ​യു​ടെ സ്ഥാപന​ത്തി​ലുള്ള യുവജ​ന​ങ്ങൾക്കുള്ള എന്റെ പ്രോ​ത്സാ​ഹനം, മുഴു​സമയ ശുശ്രൂഷ പിന്തു​ട​രാ​നാണ്‌. ആ വിധത്തിൽ, ‘ആകാശ​ത്തി​ന്റെ കിളി​വാ​തി​ലു​കളെ തുറന്ന്‌, സ്ഥലം പോരാ​തെ​വ​രു​വോ​ളം അനു​ഗ്രഹം പകരും’ എന്ന വാഗ്‌ദത്തം യഹോവ പാലി​ക്കു​മോ എന്നു പരി​ശോ​ധി​ക്കാ​നുള്ള അവന്റെ ക്ഷണം സ്വീക​രി​ക്കാൻ അവർക്കു കഴിയും. (മലാഖി 3:10) യുവജ​ന​ങ്ങളേ, യഹോ​വ​യിൽ പൂർണ​മാ​യി ആശ്രയി​ക്കുന്ന എല്ലാവ​രെ​യും അവൻ തീർച്ച​യാ​യും അനു​ഗ്ര​ഹി​ക്കു​മെന്ന്‌ എന്റെ സ്വന്തം അനുഭ​വ​ത്തിൽനി​ന്നു നിങ്ങൾക്ക്‌ ഉറപ്പു തരാൻ എനിക്കു കഴിയും.

[26-ാം പേജിലെ ചിത്രം]

ലാംപ്രോസ്‌ സൂം​പോ​സും ഭാര്യ നിക്കി​യും