വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

താൻ ‘പിമ്പി​ലു​ള്ളതു മറന്ന്‌ മുമ്പി​ലു​ള്ള​തി​ന്നു ആയുക’യാണെന്നു പറഞ്ഞ​പ്പോൾ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ എന്താണ്‌ അർഥമാ​ക്കി​യത്‌? (ഫിലി​പ്പി​യർ 3:14) ഒരു വ്യക്തിക്കു മനഃപൂർവം എന്തെങ്കി​ലും മറക്കാൻ സാധി​ക്കു​മോ?

ഇല്ല, മിക്ക സംഗതി​ക​ളി​ലും നമ്മുടെ മനസ്സിൽനി​ന്നു മനഃപൂർവം ഒരു ഓർമ നീക്കം ചെയ്യാൻ നമുക്കു സാധി​ക്കില്ല. ഓർമി​ക്കാ​നാ​ഗ്ര​ഹി​ക്കുന്ന അനേകം കാര്യങ്ങൾ നാം മറക്കു​ക​യും മറക്കാ​നാ​ഗ്ര​ഹി​ക്കുന്ന പല കാര്യങ്ങൾ നാം ഓർമി​ക്കു​ക​യും ചെയ്യുന്നു എന്നതാണു വാസ്‌തവം. അപ്പോൾ, ഫിലി​പ്പി​യർ 3:14-ലെ വാക്കുകൾ എഴുതി​യ​പ്പോൾ പൗലോസ്‌ എന്താണ്‌ അർഥമാ​ക്കി​യത്‌? അതു മനസ്സി​ലാ​ക്കാൻ സന്ദർഭം നമ്മെ സഹായി​ക്കു​ന്നു.

ഫിലി​പ്പി​യർ 3-ാം അധ്യാ​യ​ത്തിൽ “എനിക്കു ജഡത്തി​ലും ആശ്രയി​ക്കാൻ വകയുണ്ടു” എന്നു പൗലോസ്‌ പറയുന്നു. പൗലോസ്‌ സംസാ​രി​ക്കു​ന്നതു തന്റെ കുറ്റര​ഹി​ത​മായ യഹൂദ​പ​ശ്ചാ​ത്ത​ല​ത്തെ​യും ന്യായ​പ്ര​മാ​ണ​ത്തോ​ടുള്ള തീക്ഷ്‌ണ​ത​യെ​യും കുറി​ച്ചാണ്‌—അവയ്‌ക്ക്‌ ഇസ്രാ​യേൽ ജനതയിൽ അവന്‌ അനേകം നേട്ടങ്ങൾ നേടി​ക്കൊ​ടു​ക്കാൻ കഴിയു​മാ​യി​രു​ന്നു. (ഫിലി​പ്പി​യർ 3:4-6; പ്രവൃ​ത്തി​കൾ 22:3-5) എങ്കിലും, പ്രതീ​കാ​ത്മ​ക​മാ​യി പറഞ്ഞാൽ ഒരു നഷ്ടം​പോ​ലെ എഴുതി​ത്ത​ള്ളി​ക്കൊണ്ട്‌ അത്തരം നേട്ടങ്ങൾക്കു നേരെ അവൻ പുറം തിരി​ച്ചു​ക​ളഞ്ഞു. എന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ അതിലും മെച്ചമായ ഒന്ന്‌—“ക്രിസ്‌തു​യേ​ശു​വി​നെ​ക്കു​റി​ച്ചുള്ള പരിജ്ഞാ​ന​ത്തി​ന്റെ ശ്രേഷ്‌ഠത”—അവൻ കണ്ടെത്തി​യി​രു​ന്നു.—ഫിലി​പ്പി​യർ 3:7, 8.

പൗലോ​സി​ന്റെ മുഖ്യ ലക്ഷ്യം ഈ ലോക​ത്തിൽ ഒരു സ്ഥാനം നേടി​യെ​ടു​ക്കുക എന്നതാ​യി​രു​ന്നില്ല, പിന്നെ​യോ “മരിച്ച​വ​രു​ടെ ഇടയിൽനി​ന്നുള്ള [“മുന്ന​മേ​യുള്ള,” NW] പുനരു​ത്ഥാ​നം” പ്രാപി​ക്കുക എന്നതാ​യി​രു​ന്നു. (ഫിലി​പ്പി​യർ 3:11, 12) അതു​കൊണ്ട്‌, അവൻ ഇങ്ങനെ എഴുതു​ന്നു: “ഒന്നു ഞാൻ ചെയ്യുന്നു: പിമ്പി​ലു​ള്ളതു മറന്നും മുമ്പി​ലു​ള്ള​തി​ന്നു ആഞ്ഞും​കൊ​ണ്ടു ക്രിസ്‌തു​യേ​ശു​വിൽ ദൈവ​ത്തി​ന്റെ പരമവി​ളി​യു​ടെ വിരു​തി​ന്നാ​യി ലാക്കി​ലേക്കു ഓടുന്നു.” (ഫിലി​പ്പി​യർ 3:13, 14) താൻ ‘പിമ്പി​ലു​ള്ളതു മറക്കുക’യായി​രു​ന്നു എന്നു പറഞ്ഞ​പ്പോൾ, “പിമ്പി​ലു​ള്ളതു” ഏതെങ്കി​ലും വിധത്തിൽ തന്റെ മനസ്സിൽനി​ന്നു മായ്‌ച്ചു​ക​ള​ഞ്ഞ​താ​യി പൗലോസ്‌ അർഥമാ​ക്കി​യില്ല. അവൻ അവ അപ്പോ​ഴും വ്യക്തമാ​യി ഓർത്തി​രു​ന്നു, എന്തെന്നാൽ അവൻ അവ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. മാത്രമല്ല, നടന്നു​കൊ​ണ്ടി​രി​ക്കുന്ന, പൂർത്തി​യാ​കാത്ത ഒരു പ്രവർത്ത​നത്തെ സൂചി​പ്പി​ക്കുന്ന ക്രിയ​യാണ്‌ അവൻ മൂല​ഗ്രീ​ക്കിൽ ഉപയോ​ഗി​ക്കു​ന്നത്‌. “മറന്നും” എന്നാണ്‌ അവൻ പറയു​ന്നത്‌, “മറന്നു​ക​ഴിഞ്ഞ്‌” എന്നല്ല.

“മറക്കുക” (എപിലാൻതേ​നോ​മൈ) എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന എബ്രായ പദത്തിനു പല തരത്തി​ലുള്ള അർഥമുണ്ട്‌, അവയിൽ ഒന്നാണ്‌ “താത്‌പ​ര്യം കാണി​ക്കാ​തി​രി​ക്കുക” അല്ലെങ്കിൽ “അവഗണി​ക്കുക” എന്നത്‌. പുതി​യ​നി​യമ വിശദീ​കരണ നിഘണ്ടു (ഇംഗ്ലീഷ്‌, ഹോഴ്‌സ്റ്റ്‌ ബാൾസും ജെറാഡ്‌ ഷ്‌നെ​യ്‌ഡ​റും തയ്യാറാ​ക്കി​യത്‌) പറയു​ന്ന​ത​നു​സ​രിച്ച്‌, ഫിലി​പ്പി​യർ 3:14-ലെ “മറന്നും” എന്നതിന്റെ അർഥം ഇതാണ്‌. താൻ ത്യജിച്ച കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചു പൗലോസ്‌ നിരന്തരം ചിന്തി​ച്ചില്ല. ഒട്ടും​തന്നെ താത്‌പ​ര്യം അർഹി​ക്കാത്ത കാര്യ​ങ്ങ​ളാ​യി അവയെ വീക്ഷി​ക്കാൻ അവൻ പഠിച്ചി​രു​ന്നു. സ്വർഗീയ പ്രത്യാ​ശ​യോ​ടു താരത​മ്യം ചെയ്യു​മ്പോൾ അവ “ചേതം” [“നഷ്ടം,” NW] ആയിരു​ന്നു.—ഫിലി​പ്പി​യർ 3:8.

ഇന്നു പൗലോ​സി​ന്റെ വാക്കു​ക​ളു​ടെ പ്രയുക്തത എന്താണ്‌? ഒരു ക്രിസ്‌ത്യാ​നി ദൈവത്തെ സേവി​ക്കാൻ പൗലോ​സി​നെ​പ്പോ​ലെ ത്യാഗങ്ങൾ ചെയ്‌തി​രി​ക്കാം. മുഴു​സമയ ശുശ്രൂ​ഷ​യ്‌ക്കു വേണ്ടി ആദായ​ക​ര​മായ ഒരു ജോലി അവൻ ഉപേക്ഷി​ച്ചി​രി​ക്കാം. അല്ലെങ്കിൽ, കുടും​ബാം​ഗങ്ങൾ സത്യത്തെ അംഗീ​ക​രി​ക്കാ​ത്തതു നിമിത്തം സാമ്പത്തിക സഹായ​ങ്ങ​ളൊ​ന്നും ലഭിക്കാത്ത ഒരു സമ്പന്ന കുടും​ബ​ത്തി​ലെ അംഗമാ​യി​രി​ക്കാം അവൻ. അത്തരം ത്യാഗങ്ങൾ അനു​മോ​ദ​നാർഹ​മാണ്‌, എന്നാൽ അതേക്കു​റി​ച്ചു സദാ ചിന്തി​ച്ചു​കൊ​ണ്ടി​രി​ക്ക​രുത്‌. ഒരു ക്രിസ്‌ത്യാ​നി, തനിക്കാ​യി കാത്തി​രി​ക്കുന്ന മഹത്തായ ഭാവി​യു​ടെ വീക്ഷണ​ത്തിൽ ‘പിമ്പി​ലു​ള്ളതു മറക്കുന്നു’ അല്ലെങ്കിൽ അവയിൽ താത്‌പ​ര്യം കാട്ടാ​തി​രി​ക്കു​ന്നു.—ലൂക്കൊസ്‌ 9:62.

പൗലോ​സി​ന്റെ വാക്കു​കൾക്കു പിന്നി​ലുള്ള തത്ത്വം ഒരുപക്ഷേ മറ്റൊരു വിധത്തിൽ ബാധക​മാ​ക്കാൻ കഴിയും. ദൈവ​ത്തെ​ക്കു​റി​ച്ചു പഠിക്കു​ന്ന​തി​നു മുമ്പ്‌, മോശ​മായ ഒരു നടത്തയിൽ ഏർപ്പെട്ട ഒരു ക്രിസ്‌ത്യാ​നി​യെ സംബന്ധി​ച്ചെന്ത്‌? (കൊ​ലൊ​സ്സ്യർ 3:5-7) അല്ലെങ്കിൽ, ക്രിസ്‌ത്യാ​നി​യാ​യി​ത്തീർന്ന​ശേഷം ഒരുവൻ ഗുരു​ത​ര​മായ ഒരു പാപം ചെയ്യു​ക​യും സഭയിൽനി​ന്നു പുറത്താ​ക്ക​പ്പെ​ടു​ക​യും ചെയ്‌തു​വെന്നു വിചാ​രി​ക്കുക. (2 കൊരി​ന്ത്യർ 7:8-13; യാക്കോബ്‌ 5:15-20) അയാൾ യഥാർഥ​ത്തിൽ അനുതാ​പ​മു​ള്ള​വ​നും തന്റെ വഴികൾക്കു മാറ്റം വരുത്തു​ക​യും ചെയ്യു​ന്നെ​ങ്കിൽ, അയാൾ “കഴുകി ശുദ്ധീക”രിക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. (1 കൊരി​ന്ത്യർ 6:9-11) കഴിഞ്ഞ​തെ​ല്ലാം കഴിഞ്ഞു. താൻ ചെയ്‌തത്‌ അയാൾ ഒരിക്ക​ലും അക്ഷരാർഥ​ത്തിൽ മറക്കു​ക​യി​ല്ലാ​യി​രി​ക്കാം—തീർച്ച​യാ​യും, ആ പാപം ആവർത്തി​ക്കാ​തി​രി​ക്കാൻ അയാൾ തന്റെ അനുഭ​വ​ത്തിൽനി​ന്നു പഠിക്കു​ന്നതു ബുദ്ധി​യാ​യി​രി​ക്കും. അപ്പോ​ഴും, സ്വയം നിരന്തരം കുറ്റം​വി​ധി​ക്കാ​തി​രി​ക്കുക എന്ന അർഥത്തിൽ അവൻ ‘മറക്കുന്നു.’ (യെശയ്യാ​വു 65:17 താരത​മ്യം ചെയ്യുക.) യേശു​വി​ന്റെ മറുവി​ല​യു​ടെ അടിസ്ഥാ​ന​ത്തിൽ ക്ഷമ ലഭിച്ചി​രി​ക്കു​ന്ന​തി​നാൽ, കഴിഞ്ഞ​തെ​ല്ലാം മറക്കാൻ അവൻ ശ്രമി​ക്കു​ന്നു.

ലക്ഷ്യത്തി​ലെ​ത്താൻ ‘മുന്നോ​ട്ടാ​യുന്ന,’ ഒരു മത്സര​യോ​ട്ട​ത്തി​ലെ ഓട്ടക്കാ​ര​നാ​യി ഫിലി​പ്പി​യർ 3:13, 14-ൽ പൗലോസ്‌ സ്വയം വർണി​ക്കു​ന്നു. ഒരു ഓട്ടക്കാ​രൻ നോക്കു​ന്നതു മുന്നി​ലേ​ക്കാണ്‌, പിന്നി​ലേക്കല്ല. അതു​പോ​ലെ, മുന്നി​ലുള്ള അനു​ഗ്ര​ഹ​ത്തി​ലേ​ക്കാ​യി​രി​ക്കണം ഒരു ക്രിസ്‌ത്യാ​നി നോ​ക്കേ​ണ്ടത്‌, പിന്നിൽ വിട്ടു​പോയ കാര്യ​ങ്ങ​ളി​ലേക്കല്ല. പൗലോസ്‌ ഇങ്ങനെ​യും പറയുന്നു: “വല്ലതി​ലും നിങ്ങൾ വേറെ​വി​ധ​മാ​യി ചിന്തി​ച്ചാൽ ദൈവം അതുവും നിങ്ങൾക്കു വെളി​പ്പെ​ടു​ത്തി​ത്ത​രും.” (ഫിലി​പ്പി​യർ 3:15) അതു​കൊണ്ട്‌ ഈ വീക്ഷണം നട്ടുവ​ളർത്താൻ നിങ്ങളെ സഹായി​ക്കു​ന്ന​തി​നു ദൈവ​ത്തോ​ടു പ്രാർഥി​ക്കുക. നിങ്ങളു​ടെ മനസ്സിനെ ബൈബി​ളിൽ കാണ​പ്പെ​ടുന്ന ദൈവ​ത്തി​ന്റെ ചിന്തകൾകൊ​ണ്ടു നിറയ്‌ക്കുക. (ഫിലി​പ്പി​യർ 4:6-9) യഹോ​വ​യ്‌ക്കു നിങ്ങ​ളോ​ടുള്ള സ്‌നേ​ഹ​ത്തെ​യും അതു നിമിത്തം നിങ്ങൾ ആസ്വദി​ക്കുന്ന അനു​ഗ്ര​ഹ​ങ്ങ​ളെ​യും കുറിച്ചു ധ്യാനി​ക്കുക. (1 യോഹ​ന്നാൻ 4:9, 10, 17-19) അപ്പോൾ, നിങ്ങൾ പിന്നിൽ വിട്ടു​പോയ കാര്യ​ത്തെ​ക്കു​റി​ച്ചു താത്‌പ​ര്യം കാണി​ക്കാ​തി​രി​ക്കാൻ പരിശു​ദ്ധാ​ത്മാ​വി​ലൂ​ടെ യഹോവ നിങ്ങളെ സഹായി​ക്കും. അങ്ങനെ പൗലോ​സി​നെ​പ്പോ​ലെ നിങ്ങൾ മുന്നി​ലുള്ള മഹത്തായ ഭാവി​യി​ലേക്കു നോക്കും.—ഫിലി​പ്പി​യർ 3:17.