വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ സമനിലയുള്ള പയനിയറാണോ?

നിങ്ങൾ സമനിലയുള്ള പയനിയറാണോ?

നിങ്ങൾ സമനി​ല​യുള്ള പയനി​യ​റാ​ണോ?

ആദ്യമാ​യി പിച്ചവ​യ്‌ക്കുന്ന മകളെ വാരി​പ്പു​ണ​രാൻ നീട്ടിയ കരങ്ങളു​മാ​യി നിൽക്കുന്ന പിതാ​വി​ന്റെ വിടർന്ന കണ്ണുകൾ. അവൾ പെട്ടെന്നു മറിഞ്ഞു​വീ​ഴു​മ്പോൾ, വീണ്ടും ശ്രമി​ക്കാൻ അദ്ദേഹം അവളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. അവൾ പെട്ടെ​ന്നു​തന്നെ സമനി​ല​യും ശക്തിയും നേടി​യെ​ടു​ക്കു​മെന്ന്‌ അദ്ദേഹ​ത്തി​ന​റി​യാം.

സമാന​മാ​യ വിധത്തിൽ, പുതു​താ​യി പയനിയർ ശുശ്രൂ​ഷ​യി​ലേർപ്പെ​ട്ടി​രി​ക്കുന്ന ഒരാൾക്ക്‌, മുഴു​സമയ രാജ്യ പ്രഘോ​ഷണം നടത്തു​ന്ന​യാൾ എന്ന നിലയിൽ വിജയി​ക്കാൻ ആവശ്യ​മായ സമനില നേടി​യെ​ടു​ക്കു​ന്ന​തി​നു സമയവും പ്രോ​ത്സാ​ഹ​ന​വും വേണ്ടി​വ​ന്നേ​ക്കാം. ഒട്ടേറെ പയനി​യർമാർ ദശകങ്ങ​ളാ​യി സസന്തോ​ഷം സേവന​മ​നു​ഷ്‌ഠി​ക്കു​ന്ന​തിൽ തുടരു​ന്നു. തങ്ങളുടെ സാഹച​ര്യ​ങ്ങ​ളി​ലു​ണ്ടായ അപ്രതീ​ക്ഷി​ത​മായ മാറ്റങ്ങൾ നിമിത്തം ചിലർക്കു സമനില നഷ്ടപ്പെ​ട്ടി​ട്ടുണ്ട്‌. ചിലർക്കു സന്തോ​ഷം​പോ​ലും നഷ്ടമാ​കു​ന്നു. ഒരു രാജ്യത്ത്‌, പയനി​യർവേ​ല​യിൽ ഏർപ്പെ​ടു​ന്ന​വ​രിൽ 20 ശതമാനം മുഴു​സമയ സേവന​ത്തി​ലെ ആദ്യത്തെ രണ്ടു വർഷത്തി​നകം പയനി​യ​റിങ്‌ നിർത്തു​ന്നു. ഒരു പയനി​യറെ, അങ്ങേയറ്റം സന്തുഷ്ട​ജ​ന​ക​മായ ഈ സേവന​ത്തിൽനി​ന്നു വിട്ടു​നിൽക്കാൻ ഇടയാ​ക്കു​ന്നത്‌ എന്തായി​രി​ക്കും? ഇത്തരം തിരി​ച്ച​ടി​കൾ ഒഴിവാ​ക്കാൻ എന്തെങ്കി​ലും ചെയ്യാ​നാ​വു​മോ?

മോശ​മാ​യ ആരോ​ഗ്യം, സാമ്പത്തിക ആവശ്യങ്ങൾ, കുടുംബ ഉത്തരവാ​ദി​ത്വ​ങ്ങൾ എന്നിവ ചിലർ മുഴു​സമയ ശുശ്രൂഷ വിട്ടു​പോ​രാ​നുള്ള കാരണ​ങ്ങ​ളാ​യി​രു​ന്നി​ട്ടുണ്ട്‌. എന്നുവ​രി​കി​ലും, വ്യത്യസ്‌ത ക്രിസ്‌തീയ കടമകൾക്കി​ട​യിൽ നല്ല സമനില പാലി​ക്കു​ന്ന​തി​ലെ പരാജ​യ​മാ​ണു മറ്റു ചിലർക്ക്‌ ഇടർച്ച​ക്ക​ല്ലാ​യി​രി​ക്കു​ന്നത്‌. “ഒരു സംഗതി​യിൽ, ഒരു ഭാഗമോ ഘടകമോ വസ്‌തു​ത​യോ സ്വാധീ​ന​മോ മറ്റൊ​ന്നി​നെ കടത്തി​വെ​ട്ടാത്ത അല്ലെങ്കിൽ മറ്റൊ​ന്നു​മാ​യി തട്ടിച്ചു​നോ​ക്കു​മ്പോൾ ഏറ്റക്കു​റ​ച്ചി​ലി​ല്ലാത്ത ഒരു അവസ്ഥയാ​ണു സമനില എന്നതു​കൊണ്ട്‌ അർഥമാ​ക്കു​ന്നത്‌.”

പ്രസം​ഗ​വേ​ല​യും ശിഷ്യരെ ഉളവാ​ക്ക​ലും എങ്ങനെ നിർവ​ഹി​ക്ക​ണ​മെന്ന്‌ യേശു​ക്രി​സ്‌തു തന്റെ ശിഷ്യ​ന്മാർക്കു കാണി​ച്ചു​കൊ​ടു​ത്തു. സമനില പാലി​ക്കു​ന്ന​തെ​ങ്ങ​നെ​യെന്നു തന്റെ ശുശ്രൂ​ഷ​യി​ലും അവൻ വ്യക്തമാ​ക്കി. യഹൂദ മതനേ​താ​ക്ക​ന്മാർക്കു സമനി​ല​യി​ല്ലെന്ന്‌ ഇപ്രകാ​രം പറഞ്ഞു​കൊണ്ട്‌ യേശു വ്യക്തമാ​ക്കി: “നിങ്ങൾ തുളസി, ചതകുപ്പ, ജീരകം ഇവയിൽ പതാരം കൊടു​ക്ക​യും ന്യായം, കരുണ, വിശ്വ​സ്‌തത ഇങ്ങനെ ന്യായ​പ്ര​മാ​ണ​ത്തിൽ ഘനമേ​റി​യവ ത്യജി​ച്ചു​ക​ള​ക​യും ചെയ്യുന്നു. അതു ചെയ്‌ക​യും ഇതു ത്യജി​ക്കാ​തി​രി​ക്ക​യും വേണം.”—മത്തായി 23:23.

ഈ തത്ത്വം ഇന്നും തത്തുല്യ​മാ​യി ബാധക​മാണ്‌, പ്രത്യേ​കി​ച്ചും പയനിയർ ശുശ്രൂ​ഷ​യിൽ. ഉത്സാഹ​ത്താ​ലും സദു​ദ്ദേ​ശ്യ​ത്താ​ലും പ്രേരി​ത​രാ​യി ചിലർ പയനി​യ​റി​ങിൽ ഏർപ്പെ​ട്ടി​രി​ക്കു​ന്നു. എന്നാൽ അതിനു​വേണ്ടി പൂർണ​മാ​യി തയ്യാറാ​കാ​തെ അല്ലെങ്കിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്ന​തെ​ല്ലാം പരിചി​ന്തി​ക്കാ​തെ​യാണ്‌ അവർ അങ്ങനെ ചെയ്‌തി​രി​ക്കു​ന്നത്‌. (ലൂക്കൊസ്‌ 14:27, 28) മറ്റു ചിലരാ​ണെ​ങ്കിൽ വയൽശു​ശ്രൂ​ഷ​യിൽ വളരെ​യ​ധി​കം മുഴു​കി​യി​രി​ക്കു​ന്നതു നിമിത്തം ക്രിസ്‌ത്യാ​നി​ത്വ​ത്തി​ന്റെ മറ്റു പ്രധാന വശങ്ങൾ അവഗണി​ച്ചി​രി​ക്കു​ന്നു. അവർക്ക്‌ എങ്ങനെ സമനില നേടി​യെ​ടു​ക്കാ​നും നിലനിർത്താ​നും കഴിയും?

ആത്മീയ​മാ​യി ബലിഷ്‌ഠ​രാ​യി​രി​ക്കുക!

യേശു ഒരിക്ക​ലും തന്റെ ആത്മീയത അവഗണി​ച്ചില്ല. അവന്റെ വാക്കുകൾ കേൾക്കാ​നും അവനാൽ സൗഖ്യ​മാ​കാ​നും വന്ന ജനതതി​ക്കു​വേണ്ടി യേശു​വി​നു തന്റെ സമയം അത്യധി​ക​മാ​യി ചെലവ​ഴി​ക്കേ​ണ്ടി​വ​ന്നെ​ങ്കി​ലും, ധ്യാന​നി​ര​ത​മായ പ്രാർഥ​ന​യ്‌ക്ക്‌ അവൻ സമയം നീക്കി​വെച്ചു. (മർക്കൊസ്‌ 1:35; ലൂക്കൊസ്‌ 6:12) ഇന്നും ഒരാൾ ആത്മീയ​മാ​യി ബലിഷ്‌ഠ​മാ​കു​ന്ന​തി​നു സകലവിധ കരുത​ലു​ക​ളും സമൃദ്ധ​മാ​യി ഉപയോ​ഗി​ക്ക​ണ​മെന്നു സമനി​ല​യുള്ള പയനി​യ​റിങ്‌ നിഷ്‌കർഷി​ക്കു​ന്നു. “അന്യനെ ഉപദേ​ശി​ക്കു​ന്ന​വനേ, നീ നിന്നെ​ത്തന്നെ ഉപദേ​ശി​ക്കാ​ത്തതു എന്തു?” എന്നു പൗലോസ്‌ ന്യായ​വാ​ദം ചെയ്‌തു. (റോമർ 2:21) വ്യക്തി​പ​ര​മായ പഠനത്തി​നും നിരന്തര പ്രാർഥ​ന​യ്‌ക്കും സമയം മാറ്റി​വ​യ്‌ക്കാ​തെ ഒരാൾ മറ്റുള്ള​വ​രോ​ടു പ്രസം​ഗി​ച്ചു​കൊ​ണ്ടു തന്റെ മുഴു സമയവും ചെലവ​ഴി​ക്കു​ന്നതു തീർച്ച​യാ​യും ബുദ്ധി​മോ​ശ​മാ​യി​രി​ക്കും.

കുമി​കോ, രണ്ടു ദശകങ്ങ​ളാ​യി പയനി​യ​റാണ്‌. അവർക്ക്‌ മൂന്നു കുട്ടി​ക​ളും അവിശ്വാ​സി​യായ ഭർത്താ​വും ഉണ്ട്‌. എങ്കിലും, തനിക്കു ബൈബിൾ വായി​ക്കു​ന്ന​തി​നും പഠിക്കു​ന്ന​തി​നും ഏറ്റവും പറ്റിയ സമയം രാത്രി​യിൽ താൻ ഉറങ്ങു​ന്ന​തി​നു​മു​മ്പാ​ണെന്ന്‌ അവർ കണ്ടെത്തി. തന്റെ പഠന​വേ​ള​യിൽ അവർ, വയൽസേ​വ​ന​ത്തിന്‌ ഉപയോ​ഗി​ക്കാൻ പറ്റിയ ആശയങ്ങൾ പ്രത്യേ​കം ശ്രദ്ധി​ക്കു​ന്നു. തന്മൂലം തന്റെ ദൈനം​ദിന ശുശ്രൂഷ പുതു​മ​യാർന്ന​തും താത്‌പ​ര്യ​ജ​ന​ക​വും ആക്കിത്തീർക്കാൻ അവർക്കു കഴിയു​ന്നുണ്ട്‌. വിജയ​പ്ര​ദ​രായ മറ്റു പയനി​യർമാർ, ശാന്തമായ പ്രഭാ​ത​വേ​ള​യിൽ ആത്മീയ നവോ​ന്മേഷം ആസ്വദി​ക്കു​ന്ന​തി​നു കുടും​ബ​ത്തി​ലെ മറ്റുള്ളവർ എഴു​ന്നേൽക്കു​ന്ന​തി​നു മുമ്പേ എഴു​ന്നേൽക്കു​ന്നു. യോഗ​ങ്ങൾക്കു തയ്യാറാ​കു​ന്ന​തി​നും ഏറ്റവും പുതിയ ക്രിസ്‌തീയ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​മാ​യി പരിചി​ത​രാ​യി​രി​ക്കു​ന്ന​തി​നും അനു​യോ​ജ്യ​മായ മറ്റു സന്ദർഭങ്ങൾ നിങ്ങൾക്കു​ണ്ടാ​യി​രി​ക്കും. ശുശ്രൂ​ഷ​യിൽ സന്തുഷ്ടി നിലനിർത്താൻ ആഗ്രഹി​ക്കു​ന്ന​പക്ഷം, ഓടിച്ചു വിടാ​വു​ന്ന​തോ അവഗണി​ക്കാ​വു​ന്ന​തോ ആയ ഒന്നല്ല വ്യക്തി​പ​ര​മായ അധ്യയനം.

കുടുംബ ഉത്തരവാ​ദി​ത്വ​ങ്ങൾ സമനി​ല​യിൽ നിർത്തൽ

സ്വന്ത കുടും​ബാം​ഗ​ങ്ങ​ളു​ടെ ശാരീ​രി​ക​വും വൈകാ​രി​ക​വും ആത്മീയ​വു​മായ ആവശ്യങ്ങൾ നിവർത്തി​ച്ചു​കൊ​ടു​ക്കു​ന്ന​താ​ണു തങ്ങളെ സംബന്ധി​ച്ചുള്ള “കർത്താ​വി​ന്റെ [“യഹോ​വ​യു​ടെ,” NW] ഇഷ്ട”ത്തിൽ മുഖ്യ​മാ​യും ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌ എന്നും പയനി​യർമാ​രായ മാതാ​പി​താ​ക്കൾ മനസ്സിൽപ്പി​ടി​ക്കണം. (എഫെസ്യർ 5:17; 6:1-4; 1 തിമൊ​ഥെ​യൊസ്‌ 5:8) ഭാര്യ​യും അമ്മയു​മാ​യവൾ പയനി​യ​റി​ങ്ങിൽ ഏർപ്പെ​ടു​ന്ന​തോ​ടെ, അവളിൽനി​ന്നു തങ്ങൾക്കു സാന്ത്വ​ന​വും പിന്തു​ണ​യും കിട്ടു​ക​യി​ല്ലെന്നു വിശ്വാ​സി​യായ ഒരു ഇണയും കുടും​ബാം​ഗ​ങ്ങ​ളും പോലും ചില​പ്പോ​ഴൊ​ക്കെ ഭയപ്പെ​ടു​ന്നു. അത്തരം വികാ​രങ്ങൾ പയനിയർ ആയിത്തീ​രാ​നുള്ള അവളുടെ ഉത്സാഹ​ത്തി​നു കോട്ടം​വ​രു​ത്തു​ന്നു. എന്നിരു​ന്നാ​ലും, നല്ല ക്രമീ​ക​ര​ണ​വും മുൻകൂ​ട്ടി​യുള്ള കണക്കു​കൂ​ട്ട​ലു​മു​ണ്ടെ​ങ്കിൽ സമനില പാലി​ക്കാൻ കഴിയും.

മുഴു പ്രസം​ഗ​വേ​ല​യും, കുടും​ബാം​ഗങ്ങൾ വീട്ടി​ലി​ല്ലാ​ത്ത​പ്പോൾ ചെയ്‌തു​തീർക്കാൻ ചില പയനി​യർമാർ ശ്രമി​ക്കു​ന്നു. നേരത്തെ സൂചി​പ്പിച്ച കുമി​കോ, കുടും​ബാം​ഗങ്ങൾ പ്രഭാ​ത​ഭ​ക്ഷണം കഴിക്കു​മ്പോൾ അവരോ​ടൊ​പ്പ​മു​ണ്ടാ​കും, രാവിലെ ഭർത്താ​വി​നെ​യും കുട്ടി​ക​ളെ​യും യാത്ര​യ​യ​യ്‌ക്കും. അവർ തിരി​ച്ചെ​ത്തു​ന്ന​തി​നു​മു​മ്പു കുമി​കോ തിരി​ച്ചെ​ത്തു​ക​യും ചെയ്യും. തിങ്കളാഴ്‌ച ദിവസ​ങ്ങ​ളിൽ പല നേര​ത്തേ​ക്കുള്ള വിഭവങ്ങൾ അവർ മുൻകൂ​റാ​യി ഉണ്ടാക്കി​വ​യ്‌ക്കും. തന്മൂലം ആയാസ​ര​ഹി​ത​യാ​യി​രി​ക്കാ​നും അടുക്ക​ള​യിൽ തിരക്കു​ള്ള​വ​ളാ​യി​രി​ക്കാ​തെ കുടും​ബ​ത്തോ​ടൊ​പ്പം ഭക്ഷണം കഴിക്കാ​നും അവർക്കു സാധി​ക്കു​ന്നു. ഒരേ സമയം ഒന്നില​ധി​കം വീട്ടു​ജോ​ലി​കൾ, അതായത്‌ ഭക്ഷണം തയ്യാറാ​ക്കു​ന്ന​തോ​ടൊ​പ്പം മറ്റെ​ന്തെ​ങ്കി​ലും ജോലി​കൾ, ചെയ്യു​ന്ന​തും സഹായ​ക​മാണ്‌. അങ്ങനെ, തന്റെ കുട്ടി​ക​ളു​ടെ സുഹൃ​ത്തു​ക്കളെ വീട്ടി​ലേക്കു ക്ഷണിക്കാ​നും അവർക്കു പ്രത്യേ​കം സന്തോ​ഷാ​വ​സ​രങ്ങൾ ഒരുക്കാ​നും കുമി​കോ​യ്‌ക്കു കഴിയു​ന്നു.

കുട്ടി​കൾക്കു കൗമാ​ര​പ്രാ​യ​മാ​കു​മ്പോൾ, തങ്ങളെ ആകുല​പ്പെ​ടു​ത്തുന്ന പുതിയ വികാ​ര​ങ്ങ​ളും ആഗ്രഹ​ങ്ങ​ളും സംശയ​ങ്ങ​ളും ഭീതി​ക​ളും തരണം ചെയ്യു​ന്ന​തിന്‌ അവർക്കു മിക്ക​പ്പോ​ഴും മാതാ​പി​താ​ക്ക​ളിൽനി​ന്നു കൂടുതൽ ശ്രദ്ധ ആവശ്യ​മാ​യി​വ​രു​ന്നു. പയനി​യ​റാ​യി​രി​ക്കുന്ന മാതാ​വി​നെ​യോ പിതാ​വി​നെ​യോ സംബന്ധി​ച്ചി​ട​ത്തോ​ളം ഇതു തന്റെ പട്ടിക​യിൽ ജാഗ്ര​ത​യും പൊരു​ത്ത​പ്പെ​ടു​ത്ത​ലും ആവശ്യ​മാ​ക്കി​ത്തീർക്കു​ന്നു. ഒരു പയനി​യ​റും മൂന്നു മക്കളുടെ മാതാ​വു​മായ ഹിസാ​ക്കോ​യു​ടെ കാര്യം പരിചി​ന്തി​ക്കുക. തന്റെ മൂത്ത മകൾ സ്‌കൂ​ളി​ലെ ലൗകിക സുഹൃ​ത്തു​ക്ക​ളു​ടെ സ്വാധീ​നം നിമിത്തം ക്രിസ്‌തീയ യോഗ​ങ്ങ​ളോ​ടും വയൽസേ​വ​ന​ത്തോ​ടും അസന്തുഷ്ടി പ്രകട​മാ​ക്കാൻ തുടങ്ങി​യ​പ്പോൾ അവർ എന്താണു ചെയ്‌തത്‌? തന്റെ മകൾ സത്യം സ്വന്തമാ​ക്കു​ക​യും ലോക​ത്തിൽനി​ന്നു വേർപെട്ടു​നിൽക്കു​ന്ന​താണ്‌ ഏറ്റവും മെച്ചമായ ഗതിയെന്ന പൂർണ ബോധ്യ​ത്തി​ലെ​ത്തു​ക​യും ചെയ്യുക, അതായി​രു​ന്നു യഥാർഥ​ത്തിൽ ആവശ്യം.—യാക്കോബ്‌ 4:4.

ഹിസാ​ക്കോ പറയുന്നു: “എന്നേക്കും ജീവി​ക്കാൻ പുസ്‌ത​ക​മു​പ​യോ​ഗിച്ച്‌ അവളോ​ടൊ​പ്പം ദിവസേന അടിസ്ഥാന തത്ത്വങ്ങൾ പഠിക്കാൻ ഞാൻ തീരു​മാ​നി​ച്ചു. ആദ്യ​മൊ​ക്കെ ഞങ്ങൾക്ക്‌ ഏതാനും മിനി​റ്റു​കൾ മാത്രമേ അധ്യയ​ന​മെ​ടു​ക്കാൻ കഴിഞ്ഞി​രു​ന്നു​ള്ളൂ. കാരണം, മിക്ക​പ്പോ​ഴും അധ്യയ​ന​ത്തി​നു സമയമാ​കു​മ്പോൾ തനിക്കു കഠിന​മായ വയറു​വേ​ദ​ന​യാ​ണെ​ന്നും തലവേ​ദ​ന​യാ​ണെ​ന്നും മകൾ പരാതി​പ്പെ​ടാൻ തുടങ്ങും. എന്നാൽ ഞാൻ ക്രമമാ​യി അധ്യയ​ന​മെ​ടു​ത്തു. ഏതാനും മാസങ്ങൾക്കു​ശേഷം അവളുടെ മനോ​ഗ​ത​ത്തിൽ വളരെ​യ​ധി​കം പുരോ​ഗ​തി​യു​ണ്ടാ​യി. അധികം താമസി​യാ​തെ അവൾ സമർപ്പി​ച്ചു സ്‌നാ​പ​ന​മേറ്റു.” ഇപ്പോൾ ഹിസാ​ക്കോ തന്റെ മകളോ​ടൊ​പ്പം മുഴു​സമയ ശുശ്രൂഷ ആസ്വദി​ക്കു​ക​യാണ്‌.

പയനി​യ​റിങ്‌ ചെയ്യുന്ന പിതാ​ക്ക​ന്മാ​രും ജാഗരൂ​ക​രാ​യി​രി​ക്കണം. അവർ തങ്ങൾ വയലിൽ കണ്ടുമു​ട്ടുന്ന താത്‌പ​ര്യ​ക്കാ​രിൽ ശ്രദ്ധ ചെലു​ത്തു​ന്ന​തി​ലും സഭാ ഉത്തരവാ​ദി​ത്വ​ങ്ങൾ നിറ​വേ​റ്റു​ന്ന​തി​ലും മുഴുകി തങ്ങളുടെ വളർന്നു​വ​രുന്ന കുട്ടി​കൾക്ക്‌ അർഹമാ​യി​രി​ക്കുന്ന, ശക്തമായ വൈകാ​രിക പിന്തു​ണ​യും മാർഗ​നിർദേ​ശ​വും പ്രദാനം ചെയ്യു​ന്ന​തിൽ പരാജ​യ​പ്പെ​ട​രുത്‌. ഒരു ഭർത്താവു ഭാര്യ​യു​ടെ ചുമലിൽ വയ്‌ക്കേണ്ട ഒരു സംഗതി​യ​ല്ലത്‌. വളരെ നാളു​ക​ളാ​യി പയനി​യ​റാ​യി​രി​ക്കുന്ന, ഒരു ചെറിയ കച്ചവട​മുള്ള തിര​ക്കേ​റിയ ഒരു ക്രിസ്‌തീയ മൂപ്പൻ തന്റെ നാലു മക്കളിൽ ഓരോ​രു​ത്ത​രു​മാ​യി അധ്യയനം നടത്തു​ന്ന​തി​നു സമയം കണ്ടെത്തു​ന്നു. (എഫെസ്യർ 6:4) അതിനു​പു​റമേ, അദ്ദേഹം കുടും​ബ​സ​മേതം വാരം​തോ​റു​മുള്ള യോഗ​ങ്ങൾക്കു തയ്യാറാ​കു​ന്നു. സമനി​ല​യുള്ള പയനി​യർമാർ തങ്ങളുടെ കുടും​ബ​ങ്ങളെ ഭൗതി​ക​മാ​യോ ആത്മീയ​മാ​യോ അവഗണി​ക്കു​ന്നില്ല.

സാമ്പത്തിക സമനില

ദൈനം​ദിന ആവശ്യ​ങ്ങ​ളു​ടെ കാര്യ​ത്തി​ലുള്ള ഉചിത​മായ വീക്ഷണ​മാ​ണു പയനി​യർമാർ നല്ല സമനില പാലി​ക്കാൻ ശ്രമി​ക്കേണ്ട മറ്റൊരു മേഖല. ഇവി​ടെ​യും, യേശു​വി​ന്റെ നല്ല മാതൃ​ക​യിൽനി​ന്നും ബുദ്ധ്യു​പ​ദേ​ശ​ത്തിൽനി​ന്നും നമുക്കു വളരെ​യ​ധി​കം പാഠങ്ങൾ പഠിക്കാൻ കഴിയും. ഭൗതിക കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ അമിത​മാ​യി ഉത്‌ക​ണ്‌ഠ​പ്പെ​ടു​ന്ന​തി​നെ​തി​രെ അവൻ മുന്നറി​യി​പ്പു നൽകി. പകരം, രാജ്യം ഒന്നാമതു വയ്‌ക്കാൻ അവൻ തന്റെ ശിഷ്യ​ന്മാ​രെ പ്രോ​ത്സാ​ഹി​പ്പി​ച്ചു, ദൈവം തന്റെ മറ്റു സൃഷ്ടി​കൾക്കു​വേണ്ടി കരുതു​ന്ന​തു​പോ​ലെ അവർക്കു​വേ​ണ്ടി​യും കരുതു​മെന്നു വാഗ്‌ദത്തം ചെയ്‌തു​കൊ​ണ്ടു​തന്നെ. (മത്തായി 6:25-34) ഈ നല്ല ബുദ്ധ്യു​പ​ദേശം പിൻപ​റ്റി​ക്കൊണ്ട്‌, വർഷങ്ങ​ളോ​ളം മുഴു​സമയ സേവന​ത്തിൽ തുടരാൻ നിരവധി പയനി​യർമാർക്കു കഴിഞ്ഞി​ട്ടുണ്ട്‌. തന്നെയു​മല്ല, ‘അന്നന്നു​വേണ്ട ആഹാരം’ നേടാ​നുള്ള അവരുടെ ശ്രമങ്ങളെ യഹോവ അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നു.—മത്തായി 6:11, NW.

‘തങ്ങളുടെ സൌമ്യത [“ന്യായ​യു​ക്തത,” NW] സകല മനുഷ്യ​രെ​യും അറിയി’ക്കാൻ പൗലോസ്‌ അപ്പോ​സ്‌തലൻ സഹക്രി​സ്‌ത്യാ​നി​കളെ ബുദ്ധ്യു​പ​ദേ​ശി​ച്ചു. (ഫിലി​പ്പി​യർ 4:5) തീർച്ച​യാ​യും, നാം നമ്മുടെ ആരോ​ഗ്യം വേണ്ടവണ്ണം സംരക്ഷി​ക്കാൻ ന്യായ​യു​ക്തത നിഷ്‌കർഷി​ക്കും. തങ്ങളുടെ നടത്ത മറ്റുള്ളവർ നിരീ​ക്ഷി​ക്കു​ന്നു​വെന്ന്‌ അറിഞ്ഞു​കൊണ്ട്‌, തങ്ങളുടെ ജീവി​ത​രീ​തി​യി​ലും ഭൗതിക വസ്‌തു​ക്ക​ളോ​ടുള്ള മനോ​ഭാ​വ​ത്തി​ലും ന്യായ​യു​ക്തത കാണി​ക്കു​വാൻ സമനി​ല​യുള്ള പയനി​യർമാർ മുഴു ശ്രമവും ചെലു​ത്തു​ന്നു.—1 കൊരി​ന്ത്യർ 4:9 താരത​മ്യം ചെയ്യുക.

പയനിയർ സേവന​ത്തി​ലേർപ്പെ​ടുന്ന യുവാക്കൾ തങ്ങളുടെ മാതാ​പി​താ​ക്ക​ളു​ടെ ഔദാര്യ മനഃസ്ഥി​തി​യെ അനുചി​ത​മാ​യി മുത​ലെ​ടു​ക്കു​ന്ന​തിൽനിന്ന്‌ ഒഴിഞ്ഞു​നിൽക്കണം. അവർ മാതാ​പി​താ​ക്ക​ളോ​ടൊ​പ്പ​മാ​ണു താമസി​ക്കു​ന്ന​തെ​ങ്കിൽ, വീട്ടു​ജോ​ലി​യിൽ പങ്കുപ​റ്റു​ന്ന​തും കുടും​ബ​ചെ​ലവു വഹിക്കു​ന്ന​തി​നു സഹായി​ക്കാൻ തങ്ങളെ പ്രാപ്‌ത​രാ​ക്കുന്ന അംശകാ​ല​ജോ​ലി​യി​ലേർപ്പെ​ടു​ന്ന​തും അവർക്കു നല്ല സമനി​ല​യു​ണ്ടെ​ന്നു​ള്ള​തി​ന്റെ ഒരു പ്രകട​ന​മാ​യി​രി​ക്കും.—2 തെസ്സ​ലൊ​നീ​ക്യർ 3:10.

സമനി​ല​യുള്ള പയനി​യർമാർ യഥാർഥ അനു​ഗ്ര​ഹം

ഉചിത​മായ സമനില പാലി​ക്കാൻ കഠിന​മാ​യി പ്രയത്‌നി​ക്കുന്ന ഒരു പയനി​യ​റാ​യി​രു​ന്നേ​ക്കാം നിങ്ങൾ. ദൃഢചി​ത്ത​രാ​യി​രി​ക്കുക. സമനില നേടി​യെ​ടു​ത്തു നടക്കാൻ ഒരു കൊച്ചു കുട്ടിക്കു സമയം ആവശ്യ​മു​ള്ള​തു​പോ​ലെ​തന്നെ തങ്ങളുടെ ചുമത​ല​ക​ളെ​ല്ലാം നിർവ​ഹി​ക്കു​ന്ന​തി​നു​വേണ്ട സമനില നേടാൻ സമയം വേണ്ടി​വ​ന്ന​താ​യി പക്വത​യുള്ള പല പയനി​യർമാ​രും പറയുന്നു.

വ്യക്തി​പ​ര​മാ​യ പഠനം നടത്തൽ, കുടും​ബാം​ഗ​ങ്ങൾക്കു​വേണ്ടി കരുതൽ, തങ്ങളു​ടെ​തന്നെ ഭൗതിക ആവശ്യങ്ങൾ നിവർത്തി​ക്കൽ എന്നിവ പയനി​യർമാർ സമനില പാലി​ക്കേണ്ട മേഖല​ക​ളിൽ പെടുന്നു. പല പയനി​യർമാ​രും തങ്ങളുടെ ഉത്തരവാ​ദി​ത്വ​ങ്ങൾ മികച്ച വിധത്തിൽ നിറ​വേ​റ്റു​ന്ന​താ​യി റിപ്പോർട്ടു​കൾ കാണി​ക്കു​ന്നു. അവർ വാസ്‌ത​വ​മാ​യും സമുദാ​യ​ത്തിന്‌ അനു​ഗ്ര​ഹ​വും യഹോ​വ​യ്‌ക്കും അവന്റെ സ്ഥാപന​ത്തി​നും മുതൽക്കൂ​ട്ടു​മാണ്‌.