വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“മിണ്ടാതിരിപ്പാൻ ഒരു കാലം, സംസാരിപ്പാൻ ഒരു കാലം”

“മിണ്ടാതിരിപ്പാൻ ഒരു കാലം, സംസാരിപ്പാൻ ഒരു കാലം”

“മിണ്ടാ​തി​രി​പ്പാൻ ഒരു കാലം, സംസാ​രി​പ്പാൻ ഒരു കാലം”

“അതു പറയേ​ണ്ടി​യി​രു​ന്നില്ല” എന്നു നിങ്ങൾ എത്ര പ്രാവ​ശ്യം പുലമ്പി​യി​ട്ടുണ്ട്‌? ഇനിയും, തുറന്നു സംസാ​രി​ക്കാൻ കഴിയാ​തെ​പോയ മറ്റു സന്ദർഭങ്ങൾ നിങ്ങളു​ടെ ഓർമ​യിൽ തങ്ങിനിൽക്കു​ന്നു​ണ്ടാ​വാം. പൂർവാ​നു​ചി​ന്തനം നടത്തി​യ​പ്പോൾ, ‘ഞാൻ എന്തെങ്കി​ലു​മൊ​ന്നു പറഞ്ഞി​രു​ന്നെ​ങ്കിൽ’ എന്നു നിങ്ങൾ കരുതി​യി​ട്ടു​ണ്ടാ​വാം.

“മിണ്ടാ​തി​രി​പ്പാൻ ഒരു കാലം, സംസാ​രി​പ്പാൻ ഒരു കാലം” എന്നു ബൈബിൾ പറയുന്നു. (സഭാ​പ്ര​സം​ഗി 3:7) എപ്പോൾ സംസാ​രി​ക്കണം, എപ്പോൾ മിണ്ടാ​തി​രി​ക്കണം എന്നു തീരു​മാ​നി​ക്കുക—അതാണു പ്രശ്‌നം. അനുചി​ത​മായ സമയത്തു കാര്യങ്ങൾ ചെയ്യാ​നും പറയാ​നും നമ്മുടെ അപൂർണ മനുഷ്യ പ്രകൃതം നമ്മെ മിക്ക​പ്പോ​ഴും നിർബ​ന്ധി​ക്കു​ന്നു. (റോമർ 7:19) നമുക്കു നമ്മുടെ അനിയ​ന്ത്രി​ത​മായ നാവിന്‌ എങ്ങനെ കടിഞ്ഞാ​ണി​ടാം?—യാക്കോബ്‌ 3:2.

നാവിനെ ഇണക്കാ​നുള്ള വിധങ്ങൾ

എപ്പോൾ സംസാ​രി​ക്ക​ണ​മെ​ന്നും എപ്പോൾ സംസാ​രി​ക്കാ​തി​രി​ക്ക​ണ​മെ​ന്നും തീരു​മാ​നി​ക്കാൻ നമ്മെ സഹായി​ക്കു​ന്ന​തിന്‌, സാധ്യ​മായ എല്ലാ സാഹച​ര്യ​ങ്ങ​ളും ഉൾപ്പെ​ടു​ത്തി​ക്കൊ​ണ്ടുള്ള ഒരു നീണ്ട പട്ടിക​യു​ടെ ആവശ്യം നമുക്കില്ല. മറിച്ച്‌, ക്രിസ്‌തീയ വ്യക്തി​ത്വ​ത്തി​ന്റെ അവിഭാ​ജ്യ ഘടകമായ ഗുണങ്ങ​ളാൽ നാം നയിക്ക​പ്പെ​ടേ​ണ്ട​തുണ്ട്‌. ആ ഗുണങ്ങൾ എന്തെല്ലാ​മാണ്‌?

തന്റെ ശിഷ്യ​ന്മാ​രെ പ്രചോ​ദി​പ്പി​ക്കുന്ന പ്രഥമ ഗുണം സ്‌നേ​ഹ​മാ​ണെന്ന്‌ യേശു​ക്രി​സ്‌തു വിശദീ​ക​രി​ച്ചു. “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്‌നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യ​ന്മാർ എന്നു എല്ലാവ​രും അറിയും” എന്ന്‌ അവൻ പറഞ്ഞു. (യോഹ​ന്നാൻ 13:35) നാം എത്രയ​ധി​കം സഹോദര സ്‌നേഹം പ്രദർശി​പ്പി​ക്കു​ന്നു​വോ അത്രയ​ധി​കം മെച്ചമാ​യി നമ്മുടെ നാവിനെ നാം നിയ​ന്ത്രി​ക്കും.

കൂടാതെ, അനുബ​ന്ധ​മായ രണ്ടു ഗുണങ്ങൾ നമ്മെ അത്യധി​കം സഹായി​ക്കും. താഴ്‌മ​യാണ്‌ അതി​ലൊന്ന്‌. ‘മററു​ള്ള​വരെ നമ്മെക്കാൾ ശ്രേഷ്‌ഠർ എന്നു എണ്ണാൻ’ അതു നമ്മെ പ്രാപ്‌ത​രാ​ക്കും. (ഫിലി​പ്പി​യർ 2:3) സൗമ്യ​ത​യാ​ണു മറ്റൊരു ഗുണം. ‘ദോഷം സഹിക്കാൻ’ അതു നമ്മെ സഹായി​ക്കു​ന്നു. (2 തിമൊ​ഥെ​യൊസ്‌ 2:24, 25) ഈ ഗുണങ്ങൾ എങ്ങനെ പ്രകടി​പ്പി​ക്ക​ണ​മെന്ന കാര്യ​ത്തിൽ യേശു​ക്രി​സ്‌തു നമുക്കു പൂർണ​മാ​തൃ​ക​യാണ്‌.

സമ്മർദ​ത്തിൻകീ​ഴി​ലാ​യി​രി​ക്കു​മ്പോൾ നമ്മുടെ നാവിനെ നിയ​ന്ത്രി​ക്കു​ന്നതു കൂടുതൽ പ്രയാ​സ​ക​ര​മാ​യി​രി​ക്കുന്ന സ്ഥിതിക്ക്‌, യേശു​വി​ന്റെ മരണത്തി​ന്റെ തലേ രാത്രി​യെ​ക്കു​റിച്ച്‌, അവൻ ‘വ്യാകു​ല​പ്പെ​ട്ടി​രുന്ന’ സമയ​ത്തെ​ക്കു​റി​ച്ചു നമുക്കു പരിചി​ന്തി​ക്കാം. (മത്തായി 26:37, 38) മുഴു മനുഷ്യ​വർഗ​ത്തി​ന്റെ​യും നിത്യ ഭാവി ദൈവ​ത്തോ​ടുള്ള യേശു​വി​ന്റെ വിശ്വ​സ്‌ത​തയെ ആശ്രയി​ച്ചി​രു​ന്ന​തി​നാൽ അവന്‌ അപ്രകാ​രം അനുഭ​വ​പ്പെ​ട്ട​തിൽ അതിശ​യി​ക്കാ​നില്ല.—റോമർ 5:19-21.

യേശു​വി​നെ സംബന്ധി​ച്ചി​ട​ത്തോ​ളം, അതു തീർച്ച​യാ​യും തന്റെ പിതാ​വി​നോ​ടു സംസാ​രി​ക്കാ​നുള്ള ഒരു സമയമാ​യി​രു​ന്നു. തന്മൂലം, അവൻ തന്റെ ശിഷ്യ​ന്മാ​രിൽ മൂന്നു പേരോട്‌ ഉണർന്നി​രി​ക്കാൻ ആവശ്യ​പ്പെ​ട്ടി​ട്ടു പ്രാർഥി​ക്കാൻ പോയി. കുറച്ചു​ക​ഴിഞ്ഞ്‌ അവൻ തിരികെ വന്നപ്പോൾ അവർ ഉറങ്ങു​ന്നതു കണ്ടു. അപ്പോൾ അവൻ പത്രോ​സി​നോ​ടു പറഞ്ഞു: “എന്നോടു കൂടെ ഒരു നാഴി​ക​പോ​ലും ഉണർന്നി​രി​പ്പാൻ നിങ്ങൾക്കു കഴിഞ്ഞി​ല്ല​യോ?” സ്‌നേ​ഹ​നിർഭ​ര​മായ ഈ ശാസന​യോ​ടൊ​പ്പം അവരുടെ ബലഹീ​ന​തകൾ തിരി​ച്ച​റി​യു​ന്ന​താ​യി പ്രകട​മാ​ക്കിയ വാക്കു​ക​ളു​മു​ണ്ടാ​യി​രു​ന്നു. അവൻ ഇങ്ങനെ പറഞ്ഞു: “ആത്മാവു ഒരുക്ക​മു​ള്ളതു, ജഡമോ ബലഹീ​ന​മ​ത്രേ.” പിന്നീട്‌, യേശു വീണ്ടും വന്നപ്പോ​ഴും ശിഷ്യ​ന്മാർ ഉറങ്ങു​ന്നതു കണ്ടു. അവൻ അവരോ​ടു ദയാപു​ര​സ്സരം സംസാ​രി​ച്ചു, എന്നിട്ട്‌ “അവരെ വിട്ടു മൂന്നാ​മ​തും പോയി . . . പ്രാർത്ഥി​ച്ചു.”—മത്തായി 26:36-44.

മൂന്നാം തവണയും ശിഷ്യ​ന്മാർ ഉറങ്ങു​ന്ന​താ​യി യേശു കണ്ടപ്പോൾ, അവൻ കർക്കശ​നാ​യി​രു​ന്നില്ല, മറിച്ച്‌ അവൻ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ ഇപ്പോ​ഴും ഉറങ്ങി വിശ്ര​മി​ക്കു​ന്നു​വോ? ഇതാ സമയം അടുത്തി​രി​ക്കു​ന്നു. മനുഷ്യ​പു​ത്രൻ പാപി​ക​ളു​ടെ കൈക​ളിൽ ഏല്‌പി​ക്ക​പ്പെ​ടു​ന്നു.” (മത്തായി 26:45, പി.ഒ.സി. ബൈബിൾ) ഹൃദയം നിറയെ സ്‌നേ​ഹ​മുള്ള, യഥാർഥ​ത്തിൽ സൗമ്യ​ത​യും താഴ്‌മ​യു​മുള്ള ഒരു വ്യക്തിക്കു മാത്രമേ പ്രയാ​സ​മേ​റിയ അത്തര​മൊ​രു സമയത്തു നാവ്‌ ആ രീതി​യിൽ ഉപയോ​ഗി​ക്കാൻ കഴിയു​മാ​യി​രു​ന്നു​ള്ളൂ.—മത്തായി 11:29; യോഹ​ന്നാൻ 13:1.

അതിനു​ശേ​ഷം, പെട്ടെ​ന്നു​തന്നെ യേശു​വി​നെ അറസ്റ്റു​ചെ​യ്‌തു വിചാരണ നടത്തി. ചില​പ്പോ​ഴെ​ല്ലാം, ക്രിസ്‌തീയ ശുശ്രൂ​ഷ​യിൽ ഏർപ്പെ​ട്ടി​രി​ക്കു​മ്പോൾ പോലും, മിണ്ടാ​തി​രി​ക്കു​ന്നതു നല്ലതാ​ണെന്ന്‌ ഇവിടെ നാം പഠിക്കു​ന്നു. യേശു​വി​നെ​തി​രെ ആരോ​പണം കെട്ടി​ച്ച​മ​യ്‌ക്കു​ക​യ​ല്ലാ​തെ, സത്യം മനസ്സി​ലാ​ക്ക​ണ​മെന്ന യാതൊ​രു ഉദ്ദേശ്യ​വും മഹാപു​രോ​ഹി​ത​ന്മാർക്ക്‌ ഉണ്ടായി​രു​ന്നില്ല. അതു​കൊണ്ട്‌, സംഘർഷ​പൂ​രി​ത​മായ ആ സാഹച​ര്യ​ത്തിൽ യേശു നിശബ്ദ​നാ​യി നില​കൊ​ണ്ടു.—മത്തായി 7:6 താരത​മ്യം ചെയ്യുക.

എന്നിരു​ന്നാ​ലും, “നീ ദൈവ​പു​ത്ര​നായ ക്രിസ്‌തു തന്നെയോ? പറക എന്നു ഞാൻ ജീവനുള്ള ദൈവ​ത്തെ​ക്കൊ​ണ്ടു നിന്നോ​ടു ആണയിട്ടു ചോദി​ക്കു​ന്നു” എന്നു മഹാപു​രോ​ഹി​തൻ ആവശ്യ​പ്പെ​ട്ട​പ്പോൾ യേശു നിശബ്ദ​നാ​യി നില​കൊ​ണ്ടില്ല. (മത്തായി 26:63) യേശു​വി​നോട്‌ ആണയിട്ടു ചോദി​ച്ച​തു​കൊണ്ട്‌ അതു അവനു സംസാ​രി​ക്കാ​നുള്ള സമയമാ​യി​രു​ന്നു. അതു​കൊണ്ട്‌ അവൻ ഇങ്ങനെ മറുപടി പറഞ്ഞു: “നീ പറഞ്ഞു​വ​ല്ലോ; എന്നാൽ ഞാൻ നിന്നോ​ടു പറയുന്നു, ഇപ്പോൾമു​തൽ മനുഷ്യ​പു​ത്രൻ ശക്തിയു​ടെ വലത്തു​ഭാ​ഗത്ത്‌ ഉപവി​ഷ്ട​നാ​യി​രി​ക്കു​ന്ന​തും വാന​മേ​ഘ​ങ്ങ​ളിൽ വരുന്ന​തും നിങ്ങൾ കാണും.”—മത്തായി 26:64, പി.ഒ.സി. ബൈ.

അതി​പ്ര​ധാ​ന​മാ​യ ആ ദിവസ​ത്തി​ലു​ട​നീ​ളം യേശു തന്റെ നാവി​ന്മേൽ പൂർണ നിയ​ന്ത്രണം പാലിച്ചു. അവന്റെ കാര്യ​ത്തിൽ, സ്‌നേഹം, സൗമ്യത, താഴ്‌മ തുടങ്ങി​യവ അവന്റെ വ്യക്തി​ത്വ​ത്തി​ന്റെ കാതലായ ഭാഗങ്ങ​ളാ​യി​രു​ന്നു. നാം സമ്മർദ​ത്തി​ലാ​യി​രി​ക്കു​മ്പോൾ നമ്മുടെ നാവിനെ നിയ​ന്ത്രി​ക്കാൻ നമുക്ക്‌ ഈ ഗുണങ്ങൾ എങ്ങനെ ഉപയോ​ഗി​ക്കാം?

കോപി​ഷ്‌ഠ​രാ​യി​രി​ക്കു​മ്പോൾ നാവിനെ നിയ​ന്ത്രി​ക്കൽ

കോപി​ഷ്‌ഠ​രാ​യി​രി​ക്കു​മ്പോൾ നമുക്കു മിക്ക​പ്പോ​ഴും നാവിന്റെ നിയ​ന്ത്രണം നഷ്ടമാ​കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ഒരിക്കൽ പൗലോ​സി​നും ബർന്നബാ​സി​നു​മി​ട​യിൽ അഭി​പ്രാ​യ​വ്യ​ത്യാ​സ​മു​ണ്ടാ​യി. “മർക്കൊസ്‌ എന്ന യോഹ​ന്നാ​നെ​യും കൂട്ടി​ക്കൊ​ണ്ടു പോകു​വാൻ ബർന്നബാസ്‌ ഇച്ഛിച്ചു. പൌ​ലോ​സോ പംഫു​ല്യ​യിൽനി​ന്നു തങ്ങളെ വിട്ടു പ്രവൃ​ത്തി​ക്കു വരാതെ പോയ​വനെ കൂട്ടി​ക്കൊ​ണ്ടു പോകു​ന്നതു യോഗ്യ​മല്ല എന്നു നിരൂ​പി​ച്ചു. അങ്ങനെ അവർ തമ്മിൽ ഉഗ്രവാ​ദ​മു​ണ്ടാ​യി​ട്ടു വേർപി​രി​ഞ്ഞു.”—പ്രവൃ​ത്തി​കൾ 15:37-39.

വർഷങ്ങ​ളോ​ളം നിർമാണ പദ്ധതി​യിൽ വേല ചെയ്‌തി​ട്ടുള്ള മൈക്കിൾ a വിവരി​ക്കു​ന്നു: “എനിക്കു നന്നായി അറിയാ​വുന്ന, ഞാൻ ആദരി​ച്ചി​രുന്ന ഒരു വ്യക്തി നിർമാണ സ്ഥലത്തു​ണ്ടാ​യി​രു​ന്നു. എന്നാൽ അദ്ദേഹം എപ്പോ​ഴും എന്റെ ജോലി​യിൽ കുറ്റം കണ്ടെത്തു​ന്ന​താ​യി തോന്നി. എനിക്കു വേദന​യും അലോ​ര​സ​വും തോന്നി​യെ​ങ്കി​ലും സ്വയം നിയ​ന്ത്രി​ച്ചു. ഒരിക്കൽ, ഞാൻ ഒരു ജോലി ചെയ്‌തു​തീർത്ത ഉടനെ അദ്ദേഹം ആ ജോലി​യെ വിമർശി​ച്ചു, അതോടെ ക്ഷമയുടെ നെല്ലി​പ്പലക കണ്ടു.

“അടക്കി​വെ​ച്ചി​രുന്ന വികാ​ര​മെ​ല്ലാം അണപൊ​ട്ടി​യൊ​ഴു​കി. കോപാ​വേ​ശ​ത്താൽ പൊട്ടി​ത്തെ​റിച്ച നിമിഷം. ഞങ്ങൾക്കു ചുറ്റു​മു​ണ്ടാ​യി​രു​ന്ന​വ​രിൽ അതുള​വാ​ക്കു​മാ​യി​രുന്ന മോശ​മായ അഭി​പ്രാ​യ​ത്തെ​ക്കു​റി​ച്ചു ഞാൻ ചിന്തി​ച്ചില്ല. അന്നു ശേഷിച്ച സമയം അദ്ദേഹ​ത്തോ​ടു സംസാ​രി​ക്കാ​നോ അദ്ദേഹത്തെ കാണാ​നോ ഞാൻ ആഗ്രഹി​ച്ചില്ല. ശരിയായ രീതി​യി​ലാ​യി​രു​ന്നില്ല ആ പ്രശ്‌നം കൈകാ​ര്യം ചെയ്‌തത്‌ എന്നു ഞാൻ ഇപ്പോൾ തിരി​ച്ച​റി​യു​ന്നു. ഒന്നും മിണ്ടാതെ, ഞാൻ കുറ​ച്ചൊ​ന്നു തണുത്ത​ശേഷം സംസാ​രി​ക്കു​ന്ന​താ​യി​രു​ന്നു ഏറെ നല്ലത്‌.”

സന്തോ​ഷ​ക​ര​മെ​ന്നു പറയട്ടെ, പ്രശ്‌ന​ങ്ങൾക്കു പരിഹാ​രം കാണാൻ ക്രിസ്‌തീയ സ്‌നേഹം ഈ രണ്ടു വ്യക്തി​കളെ പ്രേരി​പ്പി​ച്ചു. മൈക്കിൾ വിശദീ​ക​രി​ക്കു​ന്നു: “തുറന്ന ആശയവി​നി​മ​യ​ത്തി​നു​ശേഷം ഞങ്ങൾ അന്യോ​ന്യം മെച്ചമാ​യി മനസ്സി​ലാ​ക്കി. ഇപ്പോൾ ഞങ്ങൾക്കി​ട​യിൽ ബലിഷ്‌ഠ​മായ ഒരു സുഹൃ​ദ്‌ബ​ന്ധ​മുണ്ട്‌.”

മൈക്കിൾ മനസ്സി​ലാ​ക്കി​യ​തു​പോ​ലെ, നമുക്കു കോപം​തോ​ന്നു​മ്പോൾ ചില​പ്പോ​ഴൊ​ക്കെ മൗനം പാലി​ക്കു​ന്നതു ബുദ്ധി​യാണ്‌. “ശാന്തമാ​നസൻ ബുദ്ധി​മാൻ തന്നേ” എന്നു സദൃശ​വാ​ക്യ​ങ്ങൾ 17:27 പറയുന്നു. വിവേ​ച​ന​യും സഹോദര സ്‌നേ​ഹ​വും, വീണ്ടു​വി​ചാ​ര​മി​ല്ലാ​തെ മുറി​വേൽപ്പി​ക്കുന്ന കാര്യങ്ങൾ പറയു​ന്ന​തി​നുള്ള പ്രേര​ണയെ അടക്കി​നിർത്താൻ നമ്മെ സഹായി​ക്കും. നാം വ്രണി​ത​രാ​യെന്നു വരികിൽ, സമാധാ​നം പുനഃ​സ്ഥാ​പി​ക്ക​ണ​മെന്ന ഉദ്ദേശ്യ​ത്തിൽ സൗമ്യ​ത​യും താഴ്‌മ​യും കലർന്ന മനോ​ഭാ​വ​ത്തോ​ടെ മറ്റേ വ്യക്തി​യോട്‌ ഒറ്റയ്‌ക്കു സംസാ​രി​ക്കുക. നേരത്തെ കോപ​ത്താൽ പൊട്ടി​ത്തെ​റി​ച്ചി​രു​ന്നു​വെ​ങ്കി​ലോ? അങ്ങനെ​യെ​ങ്കിൽ നമ്മുടെ ഗർവം കളഞ്ഞു താഴ്‌മ​യോ​ടെ ഒത്തുതീർപ്പി​ലെ​ത്തു​ന്ന​തിന്‌ അവസരം തേടാൻ സ്‌നേഹം നമുക്കു പ്രചോ​ദ​ന​മേ​കും. അതു സംസാ​രി​ക്കാ​നുള്ള, ആത്മാർഥ​മായ ആശയവി​നി​മ​യ​ത്തി​ലൂ​ടെ ഖേദം പ്രകടി​പ്പി​ക്കാ​നും മുറി​വേറ്റ വികാ​രങ്ങൾ സുഖ​പ്പെ​ടു​ത്താ​നു​മുള്ള സമയമാണ്‌.—മത്തായി 5:23, 24.

മൗനം പരിഹാ​ര​മ​ല്ലാ​ത്ത​പ്പോൾ

നമ്മെ നീരസ​പ്പെ​ടു​ത്തുന്ന വ്യക്തി​യു​മാ​യി സംസാരം നിർത്താൻ കോപ​മോ നീരസ​മോ ഇടയാ​ക്കു​ന്നു. ഇതു വളരെ​യ​ധി​കം ഹാനി​ക​ര​മാ​യി​രി​ക്കാം. “ഞങ്ങളുടെ വിവാ​ഹ​ജീ​വി​ത​ത്തി​ലെ ആദ്യവർഷം, ഞാൻ ഭർത്താ​വി​നോ​ടു ദിവസ​ങ്ങ​ളോ​ളം സംസാ​രി​ക്കാ​തി​രുന്ന സന്ദർഭ​ങ്ങ​ളു​ണ്ടാ​യി​ട്ടുണ്ട്‌” എന്നു മരിയ സമ്മതിച്ചു പറയുന്നു. b “അതു മിക്ക​പ്പോ​ഴും വലിയ പ്രശ്‌നങ്ങൾ നിമി​ത്ത​മൊ​ന്നു​മാ​യി​രു​ന്നില്ല, മറിച്ച്‌, ചെറിയ അസ്വാ​ര​സ്യ​ങ്ങൾ നിമി​ത്ത​മാ​യി​രു​ന്നു. ഈ നീരസ​ങ്ങ​ളെ​ല്ലാം ഞാൻ ഊട്ടി​വ​ളർത്തി, ഒടുവിൽ അവ ഒരു പർവത​സ​മാന പ്രതി​ബ​ന്ധ​മാ​യി​ത്തീർന്നു. എന്റെ സഹനം അതിർവ​രമ്പു ലംഘിച്ച നിമിഷം വന്നെത്തി. എനിക്കു​ണ്ടാ​യി​രുന്ന നൈരാ​ശ്യം മാറി​പ്പോ​കു​ന്ന​തു​വരെ ഞാൻ ഭർത്താ​വു​മാ​യുള്ള സംസാരം നിർത്തി.”

“ഒരു ബൈബിൾ വാക്യം—‘സൂര്യൻ അസ്‌ത​മി​ക്കു​വോ​ളം നിങ്ങളു​ടെ കോപം വെച്ചു​കൊ​ണ്ടി​രി​ക്ക​രു​തു’ എന്നത്‌—എന്റെ ചിന്താ​ഗ​തി​യിൽ മാറ്റം​വ​രു​ത്താൻ എന്നെ സഹായി​ച്ചു. ആശയവി​നി​യമം മെച്ച​പ്പെ​ടു​ത്താൻ ഞാനും ഭർത്താ​വും കഠിന​മാ​യി പ്രയത്‌നി​ച്ചു. തന്മൂലം പ്രശ്‌നങ്ങൾ ഉയർന്നു​വ​ന്നില്ല. അത്‌ എളുപ്പ​മാ​യി​രു​ന്നില്ല, എന്നാൽ പത്തു വർഷത്തെ വിവാഹ ജീവി​ത​ത്തി​നു​ശേഷം, ഇത്തരം നിർദ​യ​മായ മൗനത്തി​ന്റെ ഘട്ടങ്ങൾ വളരെ വിരള​മാ​യേ സംഭവി​ക്കാ​റു​ള്ളൂ എന്നു പറയു​ന്ന​തിൽ എനിക്കു സന്തോ​ഷ​മുണ്ട്‌. എന്നിരു​ന്നാ​ലും, ഈ പ്രവണ​തയെ നിയ​ന്ത്രി​ക്കാൻ ഞാൻ ഇപ്പോ​ഴും ശ്രമി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെന്നു സമ്മതിച്ചേ മതിയാ​കൂ,” മരിയ കൂട്ടി​ച്ചേർക്കു​ന്നു.—എഫെസ്യർ 4:26.

മരിയ കണ്ടെത്തി​യ​പോ​ലെ, രണ്ടു​പേ​രു​ടെ​യി​ട​യിൽ പിരി​മു​റു​ക്ക​മു​ണ്ടാ​യി​രി​ക്കു​മ്പോൾ ആശയവി​നി​യമം നിർത്തി​വ​യ്‌ക്കു​ന്നത്‌ ഒരു പരിഹാ​രമല്ല. അത്തരം സാഹച​ര്യ​ങ്ങ​ളിൽ, നീരസം വളരാ​നാ​ണു സാധ്യത. തന്നെയു​മല്ല, ബന്ധത്തിനു കോട്ടം​ത​ട്ടി​യെ​ന്നും വരാം. അഭി​പ്രാ​യ​വ്യ​ത്യാ​സ​മു​ള്ള​പ്പോൾ നാം ‘വേഗത്തിൽ ഇണങ്ങ’ണമെന്ന്‌ യേശു പറഞ്ഞു. (മത്തായി 5:25) ‘തക്കസമ​യത്തു പറഞ്ഞ വാക്കി’ന്‌, ‘സമാധാ​നം പിന്തു​ടരു’ന്നതിനു നമ്മെ സഹായി​ക്കാൻ കഴിയും.—സദൃശ​വാ​ക്യ​ങ്ങൾ 25:11; 1 പത്രൊസ്‌ 3:11.

നമുക്കു സഹായം ആവശ്യ​മു​ള്ള​പ്പോ​ഴും നാം തുറന്നു സംസാ​രി​ക്കണം. എന്തെങ്കി​ലും ആത്മീയ പ്രശ്‌ന​ത്താൽ നാം കഷ്ടപ്പെ​ടു​ന്നു​വെ​ങ്കിൽ, മറ്റുള്ള​വരെ ഭാര​പ്പെ​ടു​ത്താൻ നമുക്കു വൈക്ല​ബ്യം തോന്നി​യേ​ക്കാം. എന്നാൽ നാം മൗനം പാലി​ച്ചാൽ പ്രശ്‌നം കൂടുതൽ വഷളാ​യേ​ക്കാം. നിയുക്ത മൂപ്പന്മാർ നമുക്കു​വേണ്ടി കരുതു​ന്നു. കൂടാതെ, നാം അവരെ അനുവ​ദി​ക്കു​ന്ന​പക്ഷം, നമ്മെ സഹായി​ക്കാൻ അവർ ഉത്സുക​രാണ്‌. നാം സംസാ​രി​ക്കേണ്ട സമയമാ​ണത്‌.—യാക്കോബ്‌ 5:13-16.

സർവോ​പ​രി, യേശു ചെയ്‌ത​പോ​ലെ ഹൃദയ​സ്‌പർശി​യായ പ്രാർഥ​ന​യി​ലൂ​ടെ നാം യഹോ​വ​യു​മാ​യി പതിവാ​യി സംസാ​രി​ക്കണം. വാസ്‌ത​വ​ത്തിൽ, നമുക്കു നമ്മുടെ സ്വർഗീയ പിതാ​വി​ന്റെ മുമ്പിൽ ‘ഹൃദയം പകരാം.’—സങ്കീർത്തനം 62:8; എബ്രായർ 5:7 താരത​മ്യം ചെയ്യുക.

ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചു “സംസാ​രി​പ്പാൻ ഒരു കാലം”

അന്ത്യം വരുന്ന​തി​നു​മു​മ്പു പൂർത്തി​യാ​ക്കേണ്ട ഒരു ദിവ്യ നിയോ​ഗ​മാ​ണു ക്രിസ്‌തീയ ശുശ്രൂഷ. അതു​കൊണ്ട്‌, യഹോ​വ​യു​ടെ ദാസർ രാജ്യ​ത്തി​ന്റെ സുവാർത്ത പ്രഘോ​ഷി​ക്കു​ന്നതു മുമ്പെ​ന്ന​ത്തെ​ക്കാ​ളും മർമ​പ്ര​ധാ​ന​മാണ്‌. (മർക്കൊസ്‌ 13:10) അപ്പോ​സ്‌ത​ല​ന്മാ​രെ​പ്പോ​ലെ, സത്യ​ക്രി​സ്‌ത്യാ​നി​കൾക്കു ‘തങ്ങൾ കണ്ടും കേട്ടു​മി​രി​ക്കു​ന്നതു പ്രസ്‌താ​വി​ക്കാ​തി​രി​പ്പാൻ കഴിയു​ന്നതല്ല.’—പ്രവൃ​ത്തി​കൾ 4:20.

സകലരും സുവാർത്ത കേൾക്കാൻ ആഗ്രഹി​ക്കു​ന്നി​ല്ലെ​ന്നതു ശരിതന്നെ. വാസ്‌ത​വ​ത്തിൽ, പ്രസം​ഗ​വേ​ല​യ്‌ക്കാ​യി തന്റെ ശിഷ്യ​ന്മാ​രെ അയച്ച​പ്പോൾ, ‘യോഗ്യൻ ആർ എന്നു അന്വേ​ഷി​പ്പിൻ’ എന്നു യേശു അവരെ ഉപദേ​ശി​ച്ചു. തന്നെ ആരാധി​ക്കാൻ യഹോവ ആരെയും നിർബ​ന്ധി​ക്കു​ന്നി​ല്ലാ​ത്ത​തി​നാൽ, രാജ്യ​സ​ന്ദേശം പിടി​വാ​ശി​യോ​ടെ തിരസ്‌ക​രി​ക്കു​ന്ന​വ​രോ​ടു നാം നിർബ​ന്ധ​പൂർവം തുടർന്നു സംസാ​രി​ക്കു​ക​യില്ല. (മത്തായി 10:11-14) എന്നാൽ, “നിത്യ​ജീ​വ​നു​വേണ്ടി ഉചിത​മാ​യി നിയോ​ഗി​ക്ക​പ്പെട്ടവ”രോടു യഹോ​വ​യു​ടെ രാജത്വ​ത്തെ​ക്കു​റി​ച്ചു സംസാ​രി​ക്കാൻ നാം ആഹ്ലാദ​മു​ള്ള​വ​രാണ്‌.—പ്രവൃ​ത്തി​കൾ 13:48, NW; സങ്കീർത്തനം 145:10-13.

സ്‌നേഹം, സൗമ്യത, താഴ്‌മ എന്നിവ, വീണ്ടു​വി​ചാ​ര​മി​ല്ലാ​തെ സംസാ​രി​ക്കു​ന്ന​തി​നോ സംഘർഷ​പൂ​രി​ത​മായ നിശബ്ദ​ത​യി​ലേക്കു വഴുതി​വീ​ഴു​ന്ന​തി​നോ ഉള്ള അപൂർണ പ്രവണ​തയെ നിയ​ന്ത്രി​ക്കു​ന്ന​തി​നു നമ്മെ സഹായി​ക്കാൻ കഴിയുന്ന ഗുണങ്ങ​ളാണ്‌. ഈ ഗുണങ്ങ​ളിൽ നാം വളർന്നു​വ​രു​മ്പോൾ, സംസാ​രി​ക്കാ​നും സംസാ​രി​ക്കാ​തി​രി​ക്കാ​നു​മുള്ള ഉചിത​മായ സമയ​മേ​താ​ണെന്നു വിവേ​ചി​ച്ച​റി​യാൻ നാം ഏറെ സജ്ജരാ​യി​രി​ക്കും.

[അടിക്കു​റി​പ്പു​കൾ]

a അദ്ദേഹത്തിന്റെ യഥാർഥ പേരല്ല.

b അദ്ദേഹത്തിന്റെ യഥാർഥ പേരല്ല.

[23-ാം പേജിലെ ചിത്രം]

നല്ല ആശയവി​നി​മ​യ​ത്തി​ലൂ​ടെ പ്രശ്‌നങ്ങൾ പരിഹ​രി​ക്കാ​വു​ന്ന​താണ്‌