വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ കരുണയെക്കുറിച്ചു യോനാ പഠിക്കുന്നു

യഹോവയുടെ കരുണയെക്കുറിച്ചു യോനാ പഠിക്കുന്നു

യഹോ​വ​യു​ടെ കരുണ​യെ​ക്കു​റി​ച്ചു യോനാ പഠിക്കു​ന്നു

യഹോവ തന്റെ പ്രവാ​ച​ക​നായ യോനാ​യ്‌ക്ക്‌ ഒരു നിയമനം കൊടു​ക്കാൻ പോകു​ന്നു. പൊ.യു.മു. (പൊതു​യു​ഗ​ത്തി​നു​മുമ്പ്‌) ഒമ്പതാം നൂറ്റാ​ണ്ടാ​ണു കാലഘട്ടം. ഇസ്രാ​യേ​ലിൽ യെരോ​ബ​യാം രണ്ടാമൻ ഭരണം നടത്തുന്ന സമയം. സെബു​ലൂൻ നഗരമായ ഗത്ത്‌-ഹേഫെ​രിൽനി​ന്നു​ള്ള​വ​നാ​ണു യോനാ. (യോശുവ 19:10, 13; 2 രാജാ​ക്ക​ന്മാർ 14:25) ദൈവം യോനാ​യെ അവന്റെ സ്വന്തം പട്ടണത്തി​ന്റെ വടക്കു​കി​ഴ​ക്കാ​യി 800-ലധികം കിലോ​മീ​റ്റർ അകലെ​യുള്ള അസ്സീറി​യൻ തലസ്ഥാ​ന​മായ നിനെ​വേ​യി​ലേക്ക്‌ അയയ്‌ക്കു​ക​യാണ്‌. നിനെ​വേ​ക്കാർക്കു ദൈവ​ത്തിൽനി​ന്നു നാശം വരാനി​രി​ക്കു​ക​യാ​ണെന്ന്‌ അവൻ അവർക്കു മുന്നറി​യി​പ്പു കൊടു​ക്കണം.

യോനാ ചിന്തി​ച്ചി​ട്ടു​ണ്ടാ​വും: ‘ആ നഗരത്തി​ലേ​ക്കും ജനതയു​ടെ അടു​ത്തേ​ക്കും പോകാ​നോ? അവർ ദൈവ​ത്തി​നു തങ്ങളെ സമർപ്പി​ച്ചി​ട്ടു​പോ​ലു​മില്ല. രക്തദാ​ഹി​ക​ളായ ആ അസ്സീറി​യ​ക്കാർ, ഇസ്രാ​യേൽ ചെയ്‌ത​തു​പോ​ലെ, യഹോ​വ​യു​മാ​യി ഒരിക്ക​ലും ഒരു ഉടമ്പടി​യിൽ ഏർപ്പെ​ട്ടി​ട്ടില്ല. എന്തിന്‌, ആ ദുഷ്ട ജനതയി​ലെ ആൾക്കാർ എന്റെ മുന്നറി​യി​പ്പി​നെ ഒരു ഭീഷണി​യാ​യി കരുതി ഇസ്രാ​യേ​ലി​നെ പിടി​ച്ച​ട​ക്കി​യെ​ന്നും​വ​രാം! ഞാനില്ല! ഞാൻ പോകു​ക​യില്ല. ഞാൻ യാഫോ​വി​ലേക്ക്‌ ഓടി, എതിർ ദിശയി​ലേക്ക്‌, മഹാസ​മു​ദ്ര​ത്തി​ന​പ്പു​റ​ത്തുള്ള തർശീ​ശി​ലേക്ക്‌, കപ്പൽക​യ​റും. അതാണു ഞാൻ ചെയ്യാൻ പോകു​ന്നത്‌!’—യോനാ 1:1-3.

സമു​ദ്ര​ത്തി​ലെ അപകടം!

ഉടനെ​തന്നെ യോനാ മധ്യധ​ര​ണ്യാ​ഴി​തീ​ര​ത്തുള്ള യാഫോ​വി​ലെ​ത്തു​ന്നു. യോനാ യാത്രാ​കൂ​ലി കൊടുത്ത്‌ തർശീ​ശി​ലേ​ക്കുള്ള കപ്പലിൽ കയറുന്നു. പൊതു​വേ സ്‌പെ​യി​നു​മാ​യി ബന്ധപ്പെ​ട്ടു​കി​ട​ക്കുന്ന തർശീശ്‌, നിനെ​വേ​യു​ടെ പടിഞ്ഞാറ്‌ 3,500 കിലോ​മീ​റ്റർ അകലെ​യാണ്‌. കപ്പലി​ലാ​യ​തോ​ടെ, ക്ഷീണി​ത​നാ​യി​രുന്ന പ്രവാ​ചകൻ കപ്പലിന്റെ അടിത്ത​ട്ടി​ലി​റങ്ങി അവി​ടെ​ക്കി​ടന്ന്‌ ഉറക്കം​പി​ടി​ക്കു​ന്നു. താമസി​യാ​തെ​തന്നെ, യഹോവ സമു​ദ്ര​ത്തിൽ ഒരു കൊടു​ങ്കാ​റ്റു വരുത്തു​ന്നു, പേടി​ച്ചരണ്ട കപ്പൽക്കാർ ഓരോ​രു​ത്ത​രും സഹായ​ത്തി​നാ​യി താന്താന്റെ ദൈവത്തെ വിളി​ച്ച​പേ​ക്ഷി​ക്കു​ന്നു. ആടിയു​ല​യാൻതു​ട​ങ്ങിയ കപ്പലിന്റെ ഭാരം കുറയ്‌ക്കാ​നാ​യി അതിലെ ചരക്കു സമു​ദ്ര​ത്തിൽ എറിഞ്ഞു​ക​ള​യു​ന്നു. എന്നിട്ടും, കപ്പൽ നിശ്ചയ​മാ​യും തകരു​മെ​ന്നാ​യി. പരി​ഭ്രാ​ന്ത​നായ കപ്പിത്താ​ന്റെ ഉത്‌​ക്രോ​ശം യോനാ കേൾക്കു​ന്നു: “നീ ഉറങ്ങു​ന്നതു എന്തു? എഴു​ന്നേറ്റു നിന്റെ ദൈവത്തെ വിളി​ച്ച​പേ​ക്ഷിക്ക; നാം നശിച്ചു​പോ​കാ​തി​രി​ക്കേ​ണ്ട​തി​ന്നു ദൈവം പക്ഷേ നമ്മെ കടാക്ഷി​ക്കും.” യോനാ എഴു​ന്നേറ്റ്‌ കപ്പൽത്ത​ട്ടി​ലേക്കു പോകു​ന്നു.—യോനാ 1:4-6.

“ആരുടെ നിമിത്തം ഈ അനർത്ഥം നമ്മു​ടെ​മേൽ വന്നിരി​ക്കു​ന്നു എന്നറി​യേ​ണ്ട​തി​ന്നു നാം ചീട്ടി​ടുക” എന്നു കപ്പൽക്കാർ പറയുന്നു. ചീട്ടു യോന​യ്‌ക്കു വീഴുന്നു. കപ്പൽക്കാർ ഇങ്ങനെ പറയു​മ്പോൾ അവന്റെ ഉത്‌ക​ണ്‌ഠ​യൊ​ന്നു ഭാവന​യിൽ കാണുക: “ആരു​ടെ​നി​മി​ത്തം ഈ അനർത്ഥം നമ്മു​ടെ​മേൽ വന്നു എന്നു നീ പറഞ്ഞു​ത​രേണം; നിന്റെ തൊഴിൽ എന്തു? നീ എവി​ടെ​നി​ന്നു വരുന്നു? നിന്റെ നാടു ഏതു? നീ ഏതു ജാതി​ക്കാ​രൻ?” “സ്വർഗീ​യ​ദൈ​വ​മായ യഹോ​വയെ” ആരാധി​ക്കുന്ന ഒരു എബ്രാ​യ​നാ​ണു താനെ​ന്നും “കടലും കരയും ഉണ്ടാക്കിയ”വനോടു തനിക്കു ഭക്ത്യാ​ദ​ര​വോ​ടു​കൂ​ടിയ ഭയമു​ണ്ടെ​ന്നും യോനാ പറയുന്നു. ദൈവ​ത്തി​ന്റെ സന്ദേശം അനുസ​ര​ണ​യോ​ടെ നിനെ​വേ​യിൽ എത്തിക്കു​ന്ന​തി​നു​പ​കരം യഹോ​വ​യു​ടെ സന്നിധി​യിൽനിന്ന്‌ അവൻ ഓടി​പ്പോ​രു​ന്ന​താണ്‌ അവരു​ടെ​മേൽ കൊടു​ങ്കാ​റ്റ​ടി​ക്കു​ന്ന​തി​നുള്ള കാരണം.—യോനാ 1:7-10.

“സമുദ്രം അടങ്ങു​വാ​ന്ത​ക്ക​വണ്ണം ഞങ്ങൾ നിന്നോ​ടു എന്തു ചെയ്യേണ്ടു” എന്നു കപ്പൽക്കാർ ചോദി​ക്കു​ന്നു. സമുദ്രം പൂർവാ​ധി​കം പ്രക്ഷു​ബ്ധ​മാ​യ​പ്പോൾ യോനാ പറയുന്നു: “എന്നെ എടുത്തു സമു​ദ്ര​ത്തിൽ ഇട്ടുക​ള​വിൻ; അപ്പോൾ സമുദ്രം അടങ്ങും; എന്റെ നിമിത്തം ഈ വലിയ കോൾ നിങ്ങൾക്കു തട്ടിയി​രി​ക്കു​ന്നു എന്നു ഞാൻ അറിയു​ന്നു.” മരണം ഉറപ്പാ​യ​തി​നാൽ യഹോ​വ​യു​ടെ ദാസനെ സമു​ദ്ര​ത്തി​ലേക്ക്‌ എറിഞ്ഞു​ക​ള​യാൻ മനസ്സി​ല്ലാ​തെ, അവർ കപ്പൽ കരയ്‌ക്ക​ടു​പ്പി​ക്കാൻ ശ്രമി​ക്കു​ന്നു. അതിൽ പരാജി​ത​രായ കപ്പൽക്കാർ നിലവി​ളി​ച്ചു: “അയ്യോ, യഹോവേ, ഈ മനുഷ്യ​ന്റെ ജീവൻനി​മി​ത്തം ഞങ്ങൾ നശിച്ചു​പോ​ക​രു​തേ; നിർദ്ദോ​ഷ​രക്തം ചൊരി​യിച്ച കുറ്റം ഞങ്ങളുടെമേൽ വരുത്ത​രു​തേ; യഹോവേ, നിനക്കു ഇഷ്ടമാ​യ​തു​പോ​ലെ നീ ചെയ്‌തി​രി​ക്കു​ന്നു​വ​ല്ലോ.”—യോനാ 1:11-14.

സമു​ദ്ര​ത്തി​ലേക്ക്‌!

അതോടെ കപ്പൽക്കാർ യോനാ​യെ കപ്പലിൽനിന്ന്‌ എറിയു​ന്നു. ഇളകി​മ​റി​യുന്ന സമു​ദ്ര​ത്തി​ലേക്ക്‌ അവൻ ആണ്ടു​പോ​കു​ന്ന​തോ​ടെ അതിന്റെ കോപം ശമിക്കാൻ തുടങ്ങു​ന്നു. ഇതു കണ്ട്‌, “അവർ യഹോ​വയെ അത്യന്തം ഭയപ്പെട്ടു യഹോ​വെക്കു യാഗം കഴിച്ചു നേർച്ച​ക​ളും നേർന്നു.”—യോനാ 1:15, 16.

വെള്ളം യോനാ​യെ മൂടു​മ്പോൾ, അവൻ ഉറപ്പാ​യും പ്രാർഥി​ക്കു​ക​യാണ്‌. അപ്പോൾ താൻ മൃദു​ല​മായ ഒരു കുഴലി​ലൂ​ടെ സുഗമ​മാ​യി വഴുതി​നീ​ങ്ങി ഒരു വലിയ പള്ളയി​ലേക്കു വീഴു​ന്ന​താ​യി അവനു തോന്നു​ന്നു. അത്ഭുത​ക​ര​മെന്നു പറയട്ടെ, അവന്‌ അപ്പോ​ഴും ശ്വസി​ക്കാ​നാ​വു​ന്നു! കടൽച്ചെ​ടി​ക​ളിൽ തല ഉടക്കാതെ, താൻ ശരിക്കും അസാധാ​ര​ണ​മായ ഒരു സ്ഥലത്തെ​ത്തി​യി​രി​ക്കു​ന്നു​വെന്നു യോനാ മനസ്സി​ലാ​ക്കു​ന്നു. ഇതിന്റെ കാരണം “യോനാ​യെ വിഴു​ങ്ങേ​ണ്ട​തി​ന്നു യഹോവ ഒരു മഹാമ​ത്സ്യ​ത്തെ കല്‌പി​ച്ചാ​ക്കി​യി​രു​ന്നു” എന്നതാണ്‌. “അങ്ങനെ യോനാ മൂന്നു രാവും മൂന്നു പകലും മത്സ്യത്തി​ന്റെ വയറ്റിൽ കിടന്നു.”—യോനാ 1:17.

യോനാ​യു​ടെ ഉത്‌ക്ക​ട​മായ പ്രാർഥന

ആ കൂറ്റൻ മത്സ്യത്തി​ന്റെ വയറ്റിൽ, യോനാ​യ്‌ക്കു പ്രാർഥി​ക്കാൻ സമയമുണ്ട്‌. അവന്റെ ഏതാനും വാക്കു​കൾക്കു ചില സങ്കീർത്ത​ന​ങ്ങ​ളു​മാ​യി സാമ്യം ഉണ്ട്‌. നിരാ​ശ​യും അനുതാ​പ​വും പ്രകട​മാ​ക്കുന്ന തന്റെ പ്രാർഥ​നകൾ യോനാ പിന്നീടു രേഖ​പ്പെ​ടു​ത്തി. ഉദാഹ​ര​ണ​ത്തിന്‌, മത്സ്യത്തി​ന്റെ വയറ്‌ ഷിയോൾ, തന്റെ ശവക്കല്ലറ ആയിത്തീ​രു​മെന്ന്‌ അവനു തോന്നി. അതു​കൊണ്ട്‌ അവൻ പ്രാർഥി​ച്ചു: “ഞാൻ എന്റെ കഷ്ടതനി​മി​ത്തം യഹോ​വ​യോ​ടു നിലവി​ളി​ച്ചു; അവൻ എനിക്കു ഉത്തരം അരുളി; ഞാൻ പാതാ​ള​ത്തി​ന്റെ വയറ്റിൽനി​ന്നു അയ്യം വിളിച്ചു; നീ എന്റെ നിലവി​ളി കേട്ടു.” (യോനാ 2:1, 2) വാർഷി​കോ​ത്സ​വ​ങ്ങൾക്കാ​യി യെരു​ശ​ലേ​മി​ലേക്കു പോയി​രുന്ന ഇസ്രാ​യേ​ല്യർ പാടി​യി​രി​ക്കാൻ സാധ്യ​ത​യുള്ള രണ്ട്‌ ആരോ​ഹ​ണ​ഗീ​തങ്ങൾ സമാന​മായ ആശയങ്ങൾ പ്രതി​ഫ​ലി​പ്പി​ക്കു​ന്നു.—സങ്കീർത്തനം 120:1; 130:1, 2.

താൻ സമു​ദ്ര​ത്തി​ന​ടി​യി​ലേക്ക്‌ ആണ്ടു​പോ​യത്‌ അനുസ്‌മ​രി​ച്ചു​കൊണ്ട്‌ യോനാ പ്രാർഥി​ക്കു​ന്നു: “നീ [യഹോവ] എന്നെ സമു​ദ്ര​മ​ദ്ധ്യേ ആഴത്തിൽ ഇട്ടുക​ളഞ്ഞു; പ്രവാഹം എന്നെ ചുറ്റി നിന്റെ ഓളങ്ങ​ളും തിരക​ളു​മെ​ല്ലാം എന്റെ മീതെ കടന്നു​പോ​യി.”—യോനാ 2:3; സങ്കീർത്തനം 42:7-ഉം 69:2-ഉം താരത​മ്യം ചെയ്യുക.

തന്റെ അനുസ​ര​ണ​ക്കേടു നിമിത്തം തനിക്കു ദിവ്യ​പ്രീ​തി നഷ്ടപ്പെ​ടു​മെ​ന്നും താൻ ഇനി ഒരിക്ക​ലും ദൈവ​ത്തി​ന്റെ ആലയം കാണു​ക​യി​ല്ലെ​ന്നും യോനാ ഭയപ്പെ​ടു​ന്നു. അവൻ പ്രാർഥി​ക്കു​ന്നു: “നിന്റെ ദൃഷ്ടി​യിൽനി​ന്നു എനിക്കു നീക്കം​വ​ന്നി​രി​ക്കു​ന്നു; എങ്കിലും ഞാൻ നിന്റെ വിശു​ദ്ധ​മ​ന്ദി​ര​ത്തി​ലേക്കു നോക്കി​ക്കൊ​ണ്ടി​രി​ക്കും.” (യോനാ 2:4; സങ്കീർത്തനം 31:22 താരത​മ്യം ചെയ്യുക.) യോനാ​യു​ടെ അവസ്ഥ അങ്ങേയറ്റം വഷളാ​ണെന്നു തോന്നു​ന്നു, കാരണം അവൻ ഇങ്ങനെ പറയുന്നു: “വെള്ളം പ്രാണ​നോ​ളം [ജീവൻ അപകട​പ്പെ​ടു​ത്തി​ക്കൊണ്ട്‌] എന്നെ വളഞ്ഞു, ആഴി എന്നെ ചുറ്റി, കടല്‌പു​ല്ലു എന്റെ തലപ്പാ​വാ​യി​രു​ന്നു.” (യോനാ 2:5; സങ്കീർത്തനം 69:1 താരത​മ്യം ചെയ്യുക.) യോനാ​യു​ടെ ശോച്യാ​വ​സ്ഥ​യൊ​ന്നു ഭാവന​യിൽ കാണുക, കാരണം അവൻ ഇങ്ങനെ കൂട്ടി​ച്ചേർക്കു​ന്നു: “ഞാൻ പർവ്വത​ങ്ങ​ളു​ടെ അടിവാ​ര​ങ്ങ​ളോ​ളം [മത്സ്യത്തി​ന്റെ ഉള്ളിൽ] ഇറങ്ങി, ഭൂമി തന്റെ ഓടാ​മ്പ​ലു​ക​ളാൽ [ശവക്കല്ല​റ​യു​ടേ​തു​പോ​ലത്തെ] എന്നെ സദാകാ​ല​ത്തേക്കു അടെച്ചി​രു​ന്നു. നീയോ, എന്റെ ദൈവ​മായ യഹോവേ, എന്റെ പ്രാണനെ കുഴി​യിൽനി​ന്നു [മൂന്നാം ദിവസം] കയറ്റി​യി​രി​ക്കു​ന്നു.”—യോനാ 2:6; സങ്കീർത്തനം 30:3 താരത​മ്യം ചെയ്യുക.

മത്സ്യത്തി​ന്റെ വയറ്റി​ലാ​ണെ​ങ്കി​ലും, ‘പ്രാർഥി​ക്കാ​നാ​വാ​ത്ത​വി​ധം ഞാൻ അങ്ങേയറ്റം വിഷാ​ദ​ത്തി​ലാണ്‌’ എന്നു യോനാ വിചാ​രി​ക്കു​ന്നില്ല: പകരം, അവൻ പ്രാർഥി​ക്കു​ന്നു: “എന്റെ പ്രാണൻ എന്റെ ഉള്ളിൽ ക്ഷീണി​ച്ചു​പോ​യ​പ്പോൾ [മരിക്കാ​റാ​യ​പ്പോൾ] ഞാൻ യഹോ​വയെ [അതുല്യ ശക്തിയും കരുണ​യു​മുള്ള ഒരുവ​നെന്ന നിലയിൽ, വിശ്വാ​സ​ത്തിൽ] ഓർത്തു എന്റെ പ്രാർത്ഥന നിന്റെ വിശു​ദ്ധ​മ​ന്ദി​ര​ത്തിൽ നിന്റെ അടുക്കൽ എത്തി.” (യോനാ 2:7) സ്വർഗീയ ആലയത്തിൽനി​ന്നു ദൈവം യോനാ​യു​ടെ പ്രാർഥന കേൾക്കു​ക​യും അവനെ രക്ഷിക്കു​ക​യും ചെയ്‌തു.

സമാപ​ന​ത്തി​ങ്കൽ യോനാ പ്രാർഥി​ക്കു​ന്നു: “[വ്യാജ​ദൈ​വ​ങ്ങ​ളു​ടെ നിർജീവ പ്രതി​മ​ക​ളിൽ ആശ്രയി​ച്ചു​കൊണ്ട്‌] മിത്ഥ്യാ​ബിം​ബ​ങ്ങളെ ഭജിക്കു​ന്നവർ തങ്ങളോ​ടു ദയാലു​വാ​യ​വനെ ഉപേക്ഷി​ക്കു​ന്നു [ഈ ഗുണം പ്രകട​മാ​ക്കു​ന്ന​വനെ ഉപേക്ഷി​ക്കു​ന്ന​തി​നാൽ]. ഞാനോ സ്‌തോ​ത്ര​നാ​ദ​ത്തോ​ടെ നിനക്കു [യഹോ​വ​യാം ദൈവ​ത്തിന്‌] യാഗം അർപ്പി​ക്കും; [ഈ അനുഭ​വ​ത്തി​നി​ട​യി​ലോ മറ്റു സന്ദർഭ​ങ്ങ​ളി​ലോ] നേർന്നി​രി​ക്കു​ന്നതു ഞാൻ കഴിക്കും. രക്ഷ യഹോ​വ​യു​ടെ പക്കൽനി​ന്നു വരുന്നു.” (യോനാ 2:8, 9; സങ്കീർത്തനം 31:6-ഉം 50:14-ഉം താരത​മ്യം ചെയ്യുക.) തന്നെ മരണത്തിൽനി​ന്നു രക്ഷിക്കാൻ ദൈവ​ത്തി​നു​മാ​ത്രമേ കഴിയൂ എന്നു ബോധ​വാ​നാ​യി​ക്കൊണ്ട്‌ അനുതാ​പം പ്രകട​മാ​ക്കിയ പ്രവാ​ചകൻ (അവനു​മുമ്പ്‌, ദാവീദ്‌ രാജാ​വി​നെ​യും ശലോ​മോൻ രാജാ​വി​നെ​യും​പോ​ലെ) രക്ഷ യഹോ​വ​യിൽനി​ന്നു​ള്ള​താ​ണെന്നു പറയുന്നു.—സങ്കീർത്തനം 3:8; സദൃശ​വാ​ക്യ​ങ്ങൾ 21:31.

യോന അനുസ​രി​ക്കു​ന്നു

കാര്യ​മായ ചിന്തയ്‌ക്കും ആത്മാർഥ​മായ പ്രാർഥ​ന​യ്‌ക്കും​ശേഷം, താൻ അകത്തെ​ത്തിയ കുഴലി​ലൂ​ടെ പുറ​ത്തേക്കു തള്ളപ്പെ​ടു​ന്ന​താ​യി യോനാ​യ്‌ക്കു തോന്നു​ന്നു. അവസാനം, അവൻ വരണ്ട കരയി​ലേക്ക്‌ എറിയ​പ്പെ​ടു​ന്നു. (യോനാ 2:10) മോചി​പ്പി​ച്ച​തിൽ കൃതാർത്ഥ​നാ​യി യോനാ ദൈവ​ത്തി​ന്റെ ഈ വചനം അനുസ​രി​ക്കു​ന്നു: “നീ പുറ​പ്പെട്ടു മഹാന​ഗ​ര​മായ നീനെ​വേ​യി​ലേക്കു ചെന്നു ഞാൻ നിന്നോ​ടു അരുളി​ച്ചെ​യ്യുന്ന പ്രസംഗം അതി​നോ​ടു പ്രസം​ഗിക്ക.” (യോനാ 3:1, 2) യോനാ അസ്സീറി​യൻ തലസ്ഥാ​ന​ത്തേക്കു യാത്ര​യാ​വു​ന്നു. അത്‌ ഏതു ദിവസ​മാ​ണെന്നു മനസ്സി​ലാ​ക്കി​യ​പ്പോ​ഴാണ്‌ അവൻ അറിയു​ന്നത്‌ താൻ മൂന്നു ദിവസം മത്സ്യത്തി​ന്റെ വയറ്റി​ലാ​യി​രു​ന്നു​വെന്ന്‌. പ്രവാ​ചകൻ യൂഫ്ര​ട്ടീസ്‌ നദി അതിന്റെ വലിയ പശ്ചിമ തിരി​വിൽവെച്ച്‌ കടന്ന്‌ ഉത്തര മെസോ​പൊ​ട്ടാ​മി​യ​യ്‌ക്കു കുറുകെ കിഴ​ക്കോ​ട്ടു യാത്ര​ചെ​യ്‌ത്‌ ടൈ​ഗ്രീസ്‌ നദിക്ക​ടുത്ത്‌ എത്തി, അവസാനം മഹാന​ഗ​ര​ത്തിൽ എത്തി​ച്ചേ​രു​ന്നു.—യോനാ 3:3.

യോനാ ബൃഹത്തായ ഒരു നഗരമായ നിനെ​വേ​യിൽ പ്രവേ​ശി​ക്കു​ന്നു. അവൻ ഒരു ദിവസത്തെ വഴി​ചെന്ന്‌ “ഇനി നാല്‌പതു ദിവസം കഴിഞ്ഞാൽ നീനെവേ ഉന്മൂല​മാ​കും” എന്നു പ്രഖ്യാ​പി​ക്കു​ന്നു. യോനാ​യ്‌ക്ക്‌ അസ്സീറി​യൻ ഭാഷാ​പ്രാ​പ്‌തി അത്ഭുത​ക​ര​മാ​യി നൽക​പ്പെ​ട്ടു​വോ? നമുക്ക​റി​യില്ല. അവൻ എബ്രാ​യ​യിൽ സംസാ​രി​ച്ചിട്ട്‌ മറ്റാ​രെ​ങ്കി​ലും പരിഭാ​ഷ​പ്പെ​ടു​ത്തു​ക​യാ​ണെ​ങ്കി​ലും, അവന്റെ പ്രഖ്യാ​പ​ന​ത്തി​നു ഫലമു​ണ്ടാ​കു​ന്നു. നീനെ​വേ​യി​ലെ ആളുകൾ ദൈവ​ത്തിൽ വിശ്വാ​സ​മർപ്പി​ക്കാൻ തുടങ്ങു​ന്നു. അവർ ഉപവാസം പ്രഖ്യാ​പി​ക്കു​ക​യും അവരിൽ വലിയ​വ​രും ചെറി​യ​വ​രും​വരെ രട്ടുടു​ക്കു​ക​യും ചെയ്യുന്നു. പ്രസ്‌തുത വചനം നിനെ​വേ​യു​ടെ രാജാ​വി​ന്റെ അടുക്ക​ലെ​ത്തി​യ​പ്പോൾ, അദ്ദേഹം സിംഹാ​സ​ന​ത്തിൽനിന്ന്‌ എഴു​ന്നേറ്റ്‌, തന്റെ ഔദ്യോ​ഗിക വസ്‌ത്രം മാറ്റി രട്ടു പുതച്ചു ചാരത്തിൽ ഇരുന്നു.—യോനാ 3:4-6.

യോനാ​യ്‌ക്ക്‌ എന്തൊ​രാ​ശ്ച​ര്യം! അസ്സീറി​യൻ രാജാവ്‌ ഇങ്ങനെ​യൊ​രു പ്രഖ്യാ​പ​ന​വു​മാ​യി ദൂതന്മാ​രെ അയയ്‌ക്കു​ന്നു: “മനുഷ്യ​നോ മൃഗമോ കന്നുകാ​ലി​യോ ആടോ ഒന്നും ഒരു വസ്‌തു​വും ആസ്വദി​ക്ക​രു​തു; മേയ്‌ക​യും വെള്ളം കുടി​ക്ക​യും അരുതു. മനുഷ്യ​നും മൃഗവും രട്ടു പുതെച്ചു ഉച്ചത്തിൽ ദൈവ​ത്തോ​ടു വിളിച്ചു അപേക്ഷി​ക്കേണം; ഓരോ​രു​ത്തൻ താന്താന്റെ ദുർമ്മാർഗ്ഗ​വും താന്താന്റെ കൈക്ക​ലുള്ള സാഹസ​വും വിട്ടു മനംതി​രി​ക​യും വേണം. ദൈവം വീണ്ടും അനുത​പി​ച്ചു നാം നശിച്ചു​പോ​കാ​തെ​യി​രി​ക്കേ​ണ്ട​തി​ന്നു അവന്റെ ഉഗ്ര​കോ​പം വിട്ടു​മാ​റു​മാ​യി​രി​ക്കും; ആർക്കറി​യാം.”—യോനാ 3:7-9.

നിനെ​വേ​ക്കാർ തങ്ങളുടെ രാജാ​വി​ന്റെ കൽപ്പന അനുസ​രി​ക്കു​ന്നു. അവർ ദുർമാർഗ​ത്തിൽനി​ന്നു പിന്തി​രി​ഞ്ഞു​വെന്നു ദൈവം കണ്ടപ്പോൾ, അവൻ അവർക്കു വരുത്തു​മെന്നു പറഞ്ഞ വിപത്തി​നെ​ക്കു​റിച്ച്‌ അവനു ഖേദം തോന്നു​ന്നു, അതു​കൊണ്ട്‌ അവൻ അതു വരുത്തു​ന്നില്ല. (യോനാ 3:10) അവരുടെ അനുതാ​പ​വും താഴ്‌മ​യും വിശ്വാ​സ​വും നിമിത്തം യഹോവ താൻ ഉദ്ദേശിച്ച ന്യായ​വി​ധി അവരു​ടെ​മേൽ നടപ്പാ​ക്കേണ്ട എന്നു തീരു​മാ​നി​ക്കു​ന്നു.

മുഷി​യുന്ന പ്രവാ​ച​കൻ

നാൽപതു ദിവസം കടന്നു​പോ​കു​ന്നു, നിനെ​വേ​യ്‌ക്ക്‌ ഒന്നും സംഭവി​ക്കു​ന്നില്ല. (യോന 3:4) നിനെ​വേ​ക്കാർ നശിപ്പി​ക്ക​പ്പെ​ടു​ക​യി​ല്ലെന്നു തിരി​ച്ച​റിഞ്ഞ്‌ യോനാ വല്ലാതെ അനിഷ്ട​നാ​യി, രോഷാ​കു​ല​നാ​യി പ്രാർഥി​ക്കു​ന്നു: “അയ്യോ, യഹോവേ, ഞാൻ എന്റെ ദേശത്തു ആയിരു​ന്ന​പ്പോൾ ഞാൻ പറഞ്ഞ വാക്കു ഇതു തന്നേ അല്ലയോ? അതു​കൊ​ണ്ടാ​യി​രു​ന്നു ഞാൻ തർശീ​ശി​ലേക്കു ബദ്ധപ്പട്ടു ഓടി​പ്പോ​യതു; നീ കൃപയും കരുണ​യും ദീർഘ​ക്ഷ​മ​യും മഹാദ​യ​യു​മുള്ള ദൈവ​മാ​യി അനർത്ഥ​ത്തെ​ക്കു​റി​ച്ചു അനുത​പി​ക്കു​ന്നവൻ എന്നു ഞാൻ അറിഞ്ഞു. ആകയാൽ യഹോവേ, എന്റെ പ്രാണനെ എടുത്തു​കൊ​ള്ളേ​ണമേ; ജീവി​ച്ചി​രി​ക്കു​ന്ന​തി​നെ​ക്കാൾ മരിക്കു​ന്നതു എനിക്കു നന്നു.” യഹോവ ഈ ചോദ്യ​ത്തോ​ടെ പ്രതി​ക​രി​ക്കു​ന്നു: “നീ കോപി​ക്കു​ന്നതു വിഹി​ത​മോ?”—യോനാ 4:1-4.

അതോടെ, യോനാ കർക്കശ​ഭാ​വ​ത്തിൽ പട്ടണത്തി​നു പുറ​ത്തേക്കു നടക്കുന്നു. നഗരത്തിന്‌ എന്തു സംഭവി​ക്കു​മെന്നു കാണു​ന്ന​തു​വരെ തണലത്തി​രി​ക്കാൻ അവൻ കിഴക്കു​മാ​റി ഒരു കുടി​ലു​ണ്ടാ​ക്കു​ന്നു. എന്നാൽ അതേസ​മയം, “യോനയെ അവന്റെ സങ്കടത്തിൽനി​ന്നു വിടു​വി​പ്പാൻ തക്കവണ്ണം അവന്റെ തലെക്കു തണൽ ആയിരി​ക്കേ​ണ്ട​തി​ന്നു യഹോവ” അനുക​മ്പാ​പൂർവം ‘ഒരു ആവണക്കു കല്‌പി​ച്ചു​ണ്ടാ​ക്കു​ന്നു.’ ആവണക്കു​ചെ​ടി​നി​മി​ത്തം യോനാ​യ്‌ക്ക്‌ എന്തൊ​രാ​ഹ്ലാ​ദം! എന്നാൽ പിറ്റേന്നു പുലർച്ചെ ആ ചെടി കുത്തി​ക്ക​ള​യാൻ ദൈവം ഒരു പുഴു​വി​നെ അയയ്‌ക്കു​ന്നു, അങ്ങനെ അതു വാടാൻ തുടങ്ങു​ന്നു. ഉടനെ​തന്നെ അതു പൂർണ​മാ​യും ഉണങ്ങി. ദൈവം അത്യു​ഷ്‌ണ​മു​ള്ളൊ​രു കിഴക്കൻകാ​റ്റും വരുത്തു​ന്നു. ഇപ്പോൾ തലയിൽ സൂര്യന്റെ ചൂടേറ്റ്‌ പ്രവാ​ചകൻ തളരുന്നു. തനിക്കു മരിക്ക​ണ​മെ​ന്നു​തന്നെ അവൻ പറഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്നു. അതേ, “ജീവി​ച്ചി​രി​ക്കു​ന്ന​തി​നെ​ക്കാൾ മരിക്കു​ന്നതു എനിക്കു നന്നു” എന്നു യോനാ ആവർത്തി​ച്ചു പറയുന്നു.—യോനാ 4:5-8.

ഇപ്പോൾ യഹോവ സംസാ​രി​ക്കു​ന്നു. അവൻ യോനാ​യോ​ടു ചോദി​ക്കു​ന്നു: “നീ ആവണക്കു​നി​മി​ത്തം കോപി​ക്കു​ന്നതു വിഹി​ത​മോ?” യോനാ ഉത്തരം പറയുന്നു: “ഞാൻ മരണപ​ര്യ​ന്തം കോപി​ക്കു​ന്നതു വിഹിതം തന്നേ.” അടിസ്ഥാ​ന​പ​ര​മാ​യി, യഹോവ ഇപ്പോൾ പ്രവാ​ച​ക​നോ​ടു പറയുന്നു: ‘നീ അദ്ധ്വാ​നി​ക്ക​യോ വളർത്തു​ക​യോ ചെയ്യാതെ ഒരു രാത്രി​യിൽ ഉണ്ടായ്‌വ​രി​ക​യും ഒരു രാത്രി​യിൽ നശിച്ചു​പോ​ക​യും ചെയ്‌തി​രി​ക്കുന്ന ആവണക്കി​നെ​ക്കു​റി​ച്ചു നിനക്കു അയ്യോ​ഭാ​വം തോന്നു​ന്നു​വ​ല്ലോ.’ ദൈവം പിന്നെ​യും ന്യായ​വാ​ദം ചെയ്‌തു: “വലങ്കയ്യും ഇടങ്കയ്യും തമ്മിൽ തിരി​ച്ച​റി​ഞ്ഞു​കൂ​ടാത്ത ഒരു ലക്ഷത്തി​രു​പ​തി​നാ​യി​ര​ത്തിൽ ചില്വാ​നം മനുഷ്യ​രും അനേകം മൃഗങ്ങ​ളു​മുള്ള മഹാന​ഗ​ര​മായ നീനെ​വേ​യോ​ടു എനിക്കു അയ്യോ​ഭാ​വം തോന്ന​രു​തോ?” (യോനാ 4:9-11) ശരിയായ ഉത്തരം വ്യക്തമാ​ണ​ല്ലോ.

യോനാ അനുതാ​പം പ്രകട​മാ​ക്കു​ന്നു, അങ്ങനെ തന്റെ നാമം വഹിക്കുന്ന ബൈബിൾ പുസ്‌തകം എഴുതാൻ ജീവി​ച്ചി​രി​ക്കു​ന്നു. കപ്പൽക്കാർ യഹോ​വയെ ഭയപ്പെ​ട്ടു​വെ​ന്നും അവനു ബലിയർപ്പി​ച്ചു​വെ​ന്നും നേർച്ചകൾ നേർന്നു​വെ​ന്നു​മൊ​ക്കെ അവനെ​ങ്ങനെ മനസ്സി​ലാ​യി? ദിവ്യ​നി​ശ്വ​സ്‌ത​ത​യാൽ, അല്ലെങ്കിൽ ഒരുപക്ഷേ ആലയത്തിൽവെച്ച്‌, കപ്പൽക്കാ​രി​ലോ യാത്ര​ക്കാ​രി​ലോ ഒരാളിൽനിന്ന്‌.—യോനാ 1:16; 2:4.

‘യോനാ​യു​ടെ അടയാളം’

ശാസ്‌ത്രി​മാ​രും പരീശ​ന്മാ​രും യേശു​ക്രി​സ്‌തു​വി​നോട്‌ ഒരു അടയാളം ചോദി​ച്ച​പ്പോൾ, അവൻ പറഞ്ഞു: “ദോഷ​വും വ്യഭി​ചാ​ര​വു​മുള്ള തലമുറ അടയാളം തിരയു​ന്നു; യോനാ​പ്ര​വാ​ച​കന്റെ അടയാ​ള​മ​ല്ലാ​തെ അതിന്നു അടയാളം ലഭിക്ക​യില്ല.” യേശു ഇങ്ങനെ കുട്ടി​ച്ചേർത്തു: “യോനാ കടലാ​ന​യു​ടെ വയററിൽ മൂന്നു രാവും മൂന്നു പകലും ഇരുന്ന​തു​പോ​ലെ മനുഷ്യ​പു​ത്രൻ മൂന്നു രാവും മൂന്നു പകലും ഭൂമി​യു​ടെ ഉള്ളിൽ ഇരിക്കും.” (മത്തായി 12:38-40) സൂര്യാ​സ്‌ത​മ​യ​ത്തോ​ടെ​യാ​ണു യഹൂദ ദിവസങ്ങൾ ആരംഭി​ച്ചി​രു​ന്നത്‌. പൊ.യു. (പൊതു​യു​ഗം) 33 നീസാൻ 14-ാം തീയതി വെള്ളി​യാഴ്‌ച ഉച്ചതി​രി​ഞ്ഞു ക്രിസ്‌തു മരിച്ചു. ആ ദിവസം സൂര്യാ​സ്‌ത​മ​യ​ത്തി​നു​മുമ്പ്‌ അവന്റെ ശരീരം കല്ലറയിൽ വെച്ചു. ആ സായാ​ഹ്നം​മു​തൽ നീസാൻ 15 ആരംഭി​ച്ചു, അതു ഏഴാം​ദി​ന​വും വാരാ​ന്ത്യ​ദി​ന​വു​മായ ശനിയാഴ്‌ച സൂര്യാ​സ്‌ത​മ​യം​വരെ തുടർന്നു. ആ സമയത്തു നീസാൻ 16 ആരംഭിച്ച്‌ അതു നാം ഞായറാഴ്‌ച എന്നു വിളി​ക്കുന്ന ദിവസത്തെ സൂര്യാ​സ്‌ത​മ​യം​വരെ തുടർന്നു. അതിൻപ്ര​കാ​രം, യേശു മരിച്ച്‌ കല്ലറയി​ലാ​യി​രു​ന്നത്‌ ചുരു​ങ്ങി​യത്‌ നീസാൻ 14-ന്റെ ഒരു ഭാഗവും നീസാൻ 15-ാം തീയതി മുഴു​വ​നും നീസാൻ 16-ാം തീയതി​യി​ലെ രാത്രി​മ​ണി​ക്കൂ​റു​ക​ളും ഉൾപ്പെട്ട സമയമാ​യി​രു​ന്നു. ഞായറാഴ്‌ച രാവിലെ ചില സ്‌ത്രീ​കൾ കല്ലറയി​ലേക്കു വന്നപ്പോൾ, അവൻ അതി​നോ​ട​കം​തന്നെ ഉയിർപ്പി​ക്ക​പ്പെ​ട്ടി​രു​ന്നു.—മത്തായി 27:57-61; 28:1-7.

മൂന്നു ദിവസ​ങ്ങ​ളു​ടെ ഭാഗങ്ങൾ ഉൾപ്പെട്ട സമയം യേശു കല്ലറയി​ലാ​യി​രു​ന്നു. അങ്ങനെ അവന്റെ ശത്രു​ക്കൾക്ക്‌ ‘യോനാ​യു​ടെ അടയാളം’ ലഭിച്ചു. എന്നാൽ ക്രിസ്‌തു പറഞ്ഞു: “നീനെ​വേ​ക്കാർ ന്യായ​വി​ധി​യിൽ ഈ തലമു​റ​യോ​ടു ഒന്നിച്ചു എഴു​ന്നേ​ററു അതിനെ കുററം വിധി​ക്കും; അവർ യോന​യു​ടെ പ്രസംഗം കേട്ടു മാനസാ​ന്ത​ര​പ്പെ​ട്ടു​വ​ല്ലോ; ഇതാ, ഇവിടെ യോന​യി​ലും വലിയവൻ.” (മത്തായി 12:41) എത്ര സത്യം! യഹൂദ​ന്മാ​രു​ടെ മധ്യേ യോനാ​യെ​ക്കാ​ളും വളരെ വലിയ ഒരു പ്രവാ​ച​ക​നായ യേശു​ക്രി​സ്‌തു ഉണ്ടായി​രു​ന്നു. നിനെ​വേ​ക്കാർക്കു യോനാ മതിയാ​യൊ​രു അടയാ​ള​മാ​യി​രു​ന്നു, എന്നാൽ ആ പ്രവാ​ച​ക​നെ​ക്കാ​ളും വളരെ​ക്കൂ​ടു​തൽ ആധികാ​രി​ക​ത​യോ​ടെ​യും ഉപോ​ദ്‌ബ​ല​ക​മായ തെളി​വോ​ടെ​യു​മാ​യി​രു​ന്നു യേശു പ്രസം​ഗി​ച്ചത്‌. എന്നിട്ടും, യഹൂദ​ന്മാർ പൊതു​വേ വിശ്വ​സി​ച്ചില്ല.—യോഹ​ന്നാൻ 4:48.

ഒരു ജനതയെന്ന നിലയിൽ യഹൂദ​ന്മാർ യോനാ​യെ​ക്കാ​ളും വലിയ പ്രവാ​ച​കനെ താഴ്‌മ​യോ​ടെ കൈ​ക്കൊ​ണ്ടില്ല, അവർ അവനിൽ വിശ്വാ​സം പ്രകട​മാ​ക്കി​യ​തു​മില്ല. അവരുടെ പൂർവി​ക​രു​ടെ കാര്യ​മോ? വിശ്വാ​സ​വും താഴ്‌മ​യു​ടേ​തായ മനോ​ഭാ​വ​വും അവർക്കു​മി​ല്ലാ​യി​രു​ന്നു. വാസ്‌ത​വ​ത്തിൽ, യോനാ​യെ യഹോവ നിനെ​വേ​യി​ലേക്ക്‌ അയച്ചത്‌ അനുതാ​പ​മുള്ള നിനെ​വേ​ക്കാ​രും വിശ്വാ​സ​വും താഴ്‌മ​യും തീരെ​യി​ല്ലാത്ത ശാഠ്യ​ക്കാ​രായ ഇസ്രാ​യേ​ല്യ​രും തമ്മിലുള്ള വൈപ​രീ​ത്യം കാണി​ക്കാ​നാ​യി​രു​ന്നു​വെ​ന്നതു വ്യക്തമാണ്‌.—ആവർത്ത​ന​പു​സ്‌തകം 9:6, 13 താരത​മ്യം ചെയ്യുക.

യോനാ​യു​ടെ കാര്യ​മോ? യഹോ​വ​യു​ടെ ദയ എത്ര വലിയ​താ​ണെന്ന്‌ അവൻ മനസ്സി​ലാ​ക്കി. മാത്രമല്ല, അനുതാ​പ​മുള്ള നിനെ​വേ​ക്കാ​രോ​ടു കാട്ടിയ സഹതാ​പ​ത്തെ​ക്കു​റി​ച്ചു യോനാ നടത്തിയ പിറു​പി​റു​പ്പി​നോ​ടുള്ള യഹോ​വ​യു​ടെ പ്രതി​ക​രണം നമ്മുടെ സ്വർഗീയ പിതാവു നമ്മുടെ നാളിലെ ആളുകൾക്കു കരുണ നീട്ടി​ക്കൊ​ടു​ക്കു​മ്പോൾ പരാതി​പ​റ​യു​ന്ന​തിൽനി​ന്നു നമ്മെ തടയണം. തീർച്ച​യാ​യും, ഓരോ വർഷവും ആയിര​ക്ക​ണ​ക്കി​നാ​ളു​കൾ വിശ്വാ​സ​ത്തോ​ടെ​യും താഴ്‌മ​യുള്ള ഹൃദയ​ത്തോ​ടെ​യും യഹോ​വ​യി​ലേക്കു തിരി​യു​ന്ന​തിൽ നമുക്ക്‌ ആഹ്ലാദി​ക്കാം.