വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനയ്‌ക്കായി സ്വയം അർപ്പിക്കുക

വായനയ്‌ക്കായി സ്വയം അർപ്പിക്കുക

വായന​യ്‌ക്കാ​യി സ്വയം അർപ്പി​ക്കു​ക

“ഞാൻ വരു​വോ​ളം വായന, പ്രബോ​ധനം, ഉപദേശം എന്നിവ​യിൽ ശ്രദ്ധി​ച്ചി​രിക്ക.”—1 തിമൊ​ഥെ​യൊസ്‌ 4:13.

1. ബൈബിൾ വായന​യിൽനി​ന്നു നമുക്കു പ്രയോ​ജനം നേടാ​വു​ന്ന​തെ​ങ്ങനെ?

 വായി​ക്കു​വാ​നും എഴുതു​വാ​നും പഠിക്കു​ന്ന​തി​നുള്ള അത്ഭുത​ക​ര​മായ പ്രാപ്‌തി യഹോ​വ​യാം ദൈവം മനുഷ്യ​വർഗ​ത്തി​നു നൽകി​യി​രി​ക്കു​ന്നു. നാം നല്ലവണ്ണം പ്രബോ​ധി​ത​രാ​കേ​ണ്ട​തിന്‌ അവൻ തന്റെ വചനമായ ബൈബി​ളും നൽകി​യി​രി​ക്കു​ന്നു. (യെശയ്യാ​വു 30:20, 21) ഫലത്തിൽ, അബ്രാഹം, യിസഹാക്ക്‌, യാക്കോബ്‌ എന്നിവ​രെ​പ്പോ​ലെ​യുള്ള ദൈവ​ഭ​ക്ത​രായ ഗോ​ത്ര​പി​താ​ക്ക​ന്മാ​രു​മൊ​ത്തു “നടക്കാ”ൻ അതിന്റെ പേജുകൾ നമ്മെ പ്രാപ്‌ത​രാ​ക്കു​ന്നു. സാറാ, റിബെക്ക, വിശ്വ​സ്‌ത​യായ മോവാ​ബ്യ​ക്കാ​രി രൂത്ത്‌ എന്നിവ​രെ​പ്പോ​ലെ​യുള്ള ദൈവ​ഭ​ക്ത​രായ സ്‌ത്രീ​കളെ നമുക്കു “കാണാ”നാവും. അതേ, അതുമാ​ത്രമല്ല മലയിൽവെച്ച്‌ യേശു പ്രഭാ​ഷണം നടത്തു​ന്നതു നമുക്കു “കേൾക്കാ”നാവും. നാം നല്ല വായന​ക്കാ​രാ​ണെ​ങ്കിൽ, തിരു​വെ​ഴു​ത്തു​ക​ളിൽനി​ന്നുള്ള ഈ സുഖാ​നു​ഭൂ​തി​യും മഹത്തായ പ്രബോ​ധ​ന​വു​മെ​ല്ലാം നമ്മു​ടേ​താ​വും.

2. യേശു​വി​നും അപ്പോ​സ്‌ത​ല​ന്മാർക്കും നല്ലവണ്ണം വായി​ക്കാ​നാ​വു​മാ​യി​രു​ന്നു​വെന്ന്‌ എന്തു സൂചി​പ്പി​ക്കു​ന്നു?

2 സംശയ​ലേ​ശ​മെ​ന്യേ, പൂർണ​മ​നു​ഷ്യ​നായ യേശു​വിന്‌ അതി​ശ്രേ​ഷ്‌ഠ​മായ വായനാ​പ്രാ​പ്‌തി ഉണ്ടായി​രു​ന്നു. തീർച്ച​യാ​യും, എബ്രായ തിരു​വെ​ഴു​ത്തു​കൾ അവനു വളരെ നന്നായി അറിയാ​മാ​യി​രു​ന്നു. അതു​കൊണ്ട്‌, പിശാ​ചി​നാൽ പ്രലോ​ഭി​പ്പി​ക്ക​പ്പെ​ട്ട​പ്പോൾ, അവ ആവർത്തി​ച്ചു പരാമർശി​ച്ചു​കൊണ്ട്‌ യേശു പറഞ്ഞു, “എന്നു എഴുതി​യി​രി​ക്കു​ന്നു.” (മത്തായി 4:4, 7, 10) ഒരിക്കൽ നസറെ​ത്തി​ലെ സിന​ഗോ​ഗിൽവെച്ച്‌, അവൻ പരസ്യ​മാ​യി വായി​ക്കു​ക​യും യെശയ്യാ​യു​ടെ പ്രവച​ന​ത്തി​ന്റെ ഒരു ഭാഗം തനിക്കു​തന്നെ ബാധക​മാ​ക്കു​ക​യും ചെയ്‌തു. (ലൂക്കൊസ്‌ 4:16-21) യേശു​വി​ന്റെ അപ്പോ​സ്‌ത​ല​ന്മാ​രോ? അവരുടെ എഴുത്തു​ക​ളിൽ, അവർ കൂടെ​ക്കൂ​ടെ എബ്രായ തിരു​വെ​ഴു​ത്തു​ക​ളിൽനിന്ന്‌ ഉദ്ധരിച്ചു. ഉന്നതവി​ദ്യാ​ഭ്യാ​സ​ത്തി​നുള്ള എബ്രായ സ്‌കൂ​ളു​ക​ളിൽ വിദ്യാ​ഭ്യാ​സം ചെയ്യാ​ഞ്ഞ​തു​കൊണ്ട്‌ യഹൂദ ഭരണാ​ധി​പ​ന്മാർ പത്രോ​സി​നെ​യും യോഹ​ന്നാ​നെ​യും പഠിപ്പി​ല്ലാ​ത്ത​വ​രും സാമാ​ന്യ​രു​മാ​യി വീക്ഷി​ച്ചു​വെ​ങ്കി​ലും അവർക്കു നന്നായി വായി​ക്കാ​നും എഴുതാ​നും അറിയാ​മാ​യി​രു​ന്നു​വെന്ന്‌ അവരുടെ ദിവ്യ​നി​ശ്വസ്‌ത ലേഖനങ്ങൾ തെളി​യി​ക്കു​ന്നു. (പ്രവൃ​ത്തി​കൾ 4:13) എന്നാൽ വായനാ പ്രാപ്‌തി വാസ്‌ത​വ​ത്തിൽ പ്രാധാ​ന്യ​മു​ള്ള​താ​ണോ?

‘ഉറക്കെ വായി​ക്കു​ന്നവൻ സന്തുഷ്ട​നാ​കു​ന്നു’

3. തിരു​വെ​ഴു​ത്തു​ക​ളും ക്രിസ്‌തീയ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും വായി​ക്കു​ന്നതു വളരെ പ്രാധാ​ന്യ​മു​ള്ള​താ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

3 തിരു​വെ​ഴു​ത്തു​ക​ളെ​ക്കു​റി​ച്ചു സൂക്ഷ്‌മ പരിജ്ഞാ​നം നേടു​ന്ന​തും അതു ബാധക​മാ​ക്കു​ന്ന​തും നിത്യ​ജീ​വ​നിൽ കലാശി​ക്കാ​നി​ട​യാ​കും. (യോഹ​ന്നാൻ 17:3) അതു​കൊണ്ട്‌, വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളും അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളായ വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ​വർഗ​ത്തി​ലൂ​ടെ ദൈവം പ്രദാനം ചെയ്യുന്ന ക്രിസ്‌തീയ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും വായിച്ചു പഠിക്കു​ന്നതു ജീവത്‌പ്ര​ധാ​ന​മാ​ണെന്നു യഹോ​വ​യു​ടെ സാക്ഷികൾ തിരി​ച്ച​റി​യു​ന്നു. (മത്തായി 24:45-47) വാസ്‌ത​വ​ത്തിൽ, വിശേ​ഷാൽ രൂപകൽപ്പന ചെയ്‌തി​രി​ക്കുന്ന വാച്ച്‌ ടവർ പ്രസി​ദ്ധീ​ക​ര​ണങ്ങൾ ഉപയോ​ഗിച്ച്‌ ആയിര​ക്ക​ണ​ക്കിന്‌ ആളുകളെ വായി​ക്കാ​നും, അങ്ങനെ ദൈവ​വ​ച​ന​ത്തെ​ക്കു​റി​ച്ചുള്ള ജീവദാ​യക പരിജ്ഞാ​നം നേടാ​നും പഠിപ്പി​ച്ചി​ട്ടുണ്ട്‌.

4. (എ) ദൈവ​വ​ചനം വായി​ച്ചു​പ​ഠി​ച്ചു ബാധക​മാ​ക്കു​ന്ന​തിൽനി​ന്നു സന്തുഷ്ടി കൈവ​രു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) വായന​യെ​ക്കു​റിച്ച്‌, പൗലോസ്‌ തിമോ​ത്തി​യോട്‌ എന്തു പറഞ്ഞു?

4 ദൈവ​വ​ചനം വായി​ച്ചു​പ​ഠി​ച്ചു ബാധക​മാ​ക്കു​ന്ന​തിൽനി​ന്നു സന്തുഷ്ടി കൈവ​രു​ന്നു. അതുനി​മി​ത്തം നാം ദൈവത്തെ പ്രീതി​പ്പെ​ടു​ത്തു​ക​യും ആദരി​ക്കു​ക​യും അവന്റെ അനു​ഗ്ര​ഹങ്ങൾ നേടു​ക​യും സന്തോഷം അനുഭ​വി​ക്കു​ക​യും ചെയ്യു​ന്ന​തു​കൊ​ണ്ടാണ്‌ അങ്ങനെ സംഭവി​ക്കു​ന്നത്‌. തന്റെ ദാസർ സന്തുഷ്ട​രാ​യി​രി​ക്ക​ണ​മെന്നു യഹോവ ആഗ്രഹി​ക്കു​ന്നു. അതു​കൊണ്ട്‌, പുരാതന ഇസ്രാ​യേ​ലി​ലെ ആളുകളെ ന്യായ​പ്ര​മാ​ണം വായി​ച്ചു​കേൾപ്പി​ക്കാൻ അവൻ പുരോ​ഹി​ത​ന്മാ​രോ​ടു കൽപ്പിച്ചു. (ആവർത്ത​ന​പു​സ്‌തകം 31:9-12) പകർപ്പെ​ഴു​ത്തു​കാ​ര​നായ എസ്രാ​യും മറ്റുള്ള​വ​രും യെരു​ശ​ലേ​മിൽ കൂടി​യി​രുന്ന എല്ലാ ആളുക​ളെ​യും ന്യായ​പ്ര​മാ​ണം വായി​ച്ചു​കേൾപ്പിച്ച്‌ അവർക്ക്‌ അതിന്റെ അർഥം വ്യക്തമാ​ക്കി​ക്കൊ​ടു​ത്ത​പ്പോൾ ഫലം “അത്യന്തം സന്തോഷ”മായി​രു​ന്നു. (നെഹെ​മ്യാ​വു 8:6-8, 12) പിൽക്കാ​ലത്ത്‌, ക്രിസ്‌തീയ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ തന്റെ സഹപ്ര​വർത്ത​ക​നായ തിമോ​ത്തി​യോ​ടു പറഞ്ഞു: “ഞാൻ വരു​വോ​ളം വായന, പ്രബോ​ധനം, ഉപദേശം എന്നിവ​യിൽ ശ്രദ്ധി​ച്ചി​രിക്ക.” (1 തിമൊ​ഥെ​യൊസ്‌ 4:13) മറ്റൊരു പരിഭാഷ ഇങ്ങനെ വായി​ക്കു​ന്നു: “തിരു​വെ​ഴു​ത്തു​ക​ളു​ടെ പരസ്യ​വാ​യ​ന​യ്‌ക്കാ​യി നിന്നെ​ത്തന്നെ അർപ്പി​ക്കുക.”—ന്യൂ ഇന്റർനാ​ഷണൽ വേർഷൻ.

5. വെളി​പാട്‌ 1:3 സന്തുഷ്ടി​യെ വായന​യു​മാ​യി ബന്ധപ്പെ​ടു​ത്തു​ന്ന​തെ​ങ്ങനെ?

5 നമ്മുടെ സന്തുഷ്ടി ആശ്രയി​ച്ചി​രി​ക്കു​ന്നതു ദൈവ​വ​ചനം വായി​ക്കു​ന്ന​തി​ലും ബാധക​മാ​ക്കു​ന്ന​തി​ലു​മാ​ണെന്നു വെളി​പാട്‌ 1:3-ൽ [NW] വ്യക്തമാ​ക്കി​യി​രി​ക്കു​ന്നു. അവിടെ നമ്മോട്‌ ഇങ്ങനെ പറഞ്ഞി​രി​ക്കു​ന്നു: “ഈ പ്രവച​ന​ത്തി​ലെ വാക്കുകൾ ഉറക്കെ വായി​ക്കു​ന്ന​വ​നും അവ കേൾക്കു​ന്ന​വ​രും അതിൽ എഴുതി​യി​രി​ക്കുന്ന കാര്യങ്ങൾ അനുഷ്‌ഠി​ക്കു​ന്ന​വ​രും സന്തുഷ്ട​രാ​കു​ന്നു; എന്തെന്നാൽ നിയമി​ത​സ​മയം അടുത്തി​രി​ക്കു​ന്നു.” അതേ, വെളി​പാ​ടി​ലും തിരു​വെ​ഴു​ത്തു​ക​ളിൽ ഉടനീ​ള​വു​മുള്ള ദൈവ​ത്തി​ന്റെ പ്രാവ​ച​നിക വാക്കുകൾ നാം ഉറക്കെ വായി​ക്കു​ക​യും കേൾക്കു​ക​യും ചെയ്യേ​ണ്ട​താ​വ​ശ്യ​മാണ്‌. യഥാർഥ​ത്തിൽ സന്തുഷ്ട​നായ വ്യക്തി “യഹോ​വ​യു​ടെ ന്യായ​പ്ര​മാ​ണ​ത്തിൽ സന്തോ​ഷി​ച്ചു അവന്റെ ന്യായ​പ്ര​മാ​ണത്തെ രാപ്പകൽ ധ്യാനി​ക്കു​ന്നവ”നാണ്‌. ഫലമോ? “അവൻ ചെയ്യു​ന്ന​തൊ​ക്ക​യും സാധി​ക്കും [“വിജയി​ക്കും,” NW].” (സങ്കീർത്തനം 1:1-3) അതു​കൊണ്ട്‌, വ്യക്തി​പ​ര​മാ​യും കുടും​ബ​മാ​യും സുഹൃ​ത്തു​ക്ക​ളോ​ടൊ​പ്പ​വും ദൈവ​വ​ചനം വായി​ച്ചു​പ​ഠി​ക്കാൻ നമ്മെ ഓരോ​രു​ത്ത​രെ​യും യഹോ​വ​യു​ടെ സ്ഥാപനം ആഹ്വാനം ചെയ്യു​ന്നതു നല്ല കാരണ​ത്തോ​ടെ​യാണ്‌.

സജീവ​മാ​യി ചിന്തി​ക്കു​ക​യും ധ്യാനി​ക്കു​ക​യും ചെയ്യുക

6. എന്തു വായി​ക്കു​ന്ന​തി​നാ​ണു യോശു​വ​യ്‌ക്ക്‌ പ്രബോ​ധനം ലഭിച്ചത്‌, ഇത്‌ എങ്ങനെ പ്രയോ​ജ​ന​പ്ര​ദ​മാ​യി?

6 ദൈവ​വ​ച​ന​വും ക്രിസ്‌തീയ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും വായി​ക്കു​ന്ന​തിൽനി​ന്നു നിങ്ങൾക്കു പരമാ​വധി പ്രയോ​ജനം നേടാ​വു​ന്ന​തെ​ങ്ങനെ? പുരാതന ഇസ്രാ​യേ​ലി​ലെ ദൈവ​ഭ​ക്തി​യുള്ള ഒരു നേതാ​വാ​യി​രുന്ന യോശുവ ചെയ്‌തി​രു​ന്നതു ചെയ്യു​ന്നതു പ്രയോ​ജ​ന​പ്ര​ദ​മാ​ണെന്നു നിങ്ങൾ കണ്ടെത്താൻ സാധ്യ​ത​യുണ്ട്‌. അവനോട്‌ ഇങ്ങനെ കൽപ്പി​ച്ചി​രു​ന്നു: “ഈ ന്യായ​പ്ര​മാ​ണ​പു​സ്‌ത​ക​ത്തി​ലു​ള്ളതു നിന്റെ വായിൽനി​ന്നു നീങ്ങി​പ്പോ​ക​രു​തു; അതിൽ എഴുതി​യി​രി​ക്കു​ന്ന​തു​പോ​ലെ ഒക്കെയും പ്രമാ​ണി​ച്ചു​ന​ട​ക്കേ​ണ്ട​തി​ന്നു നീ രാവും പകലും അതു ധ്യാനി​ച്ചു​കൊ​ണ്ടി​രി​ക്കേണം [“അടക്കി​യ​സ്വ​ര​ത്തിൽ വായി​ക്കണം,” NW]; എന്നാൽ നിന്റെ പ്രവൃത്തി സാധി​ക്കും [“വിജയ​പ്ര​ദ​മാ​യി​രി​ക്കും,” NW]; നീ കൃതാർത്ഥ​നാ​യും ഇരിക്കും.” (യോശുവ 1:8) ‘അടക്കിയ സ്വരത്തി​ലുള്ള വായന’യെന്നാൽ താഴ്‌ന്ന സ്വരത്തിൽ ആത്മഗത​മെ​ന്നോ​ണം വാക്കുകൾ ഉരുവി​ടു​ക​യെ​ന്നാണ്‌ അർഥം. ഇതൊരു ഓർമ​സ​ഹാ​യി​യാണ്‌, കാരണം അതു വിവരങ്ങൾ മനസ്സിൽ പതിപ്പി​ക്കു​ന്നു. ദൈവ​ത്തി​ന്റെ ന്യായ​പ്ര​മാ​ണം യോശുവ “രാവും പകലും,” അല്ലെങ്കിൽ ക്രമമാ​യി വായി​ക്ക​ണ​മാ​യി​രു​ന്നു. ദൈവദത്ത ഉത്തരവാ​ദി​ത്വ​ങ്ങൾ നിർവ​ഹി​ക്കു​ന്ന​തിൽ വിജയ​പ്ര​ദ​മാ​യി​രി​ക്കാ​നും ജ്ഞാനപൂർവം പ്രവർത്തി​ക്കാ​നു​മുള്ള മാർഗ​മാ​യി​രു​ന്നു അത്‌. ദൈവ​വ​ച​ന​ത്തി​ന്റെ അത്തരത്തി​ലുള്ള ക്രമമായ വായന​യ്‌ക്കു സമാന​മായ വിധത്തിൽ നിങ്ങളെ സഹായി​ക്കാ​നാ​വും.

7. വേഗത്തിൽ വായി​ക്ക​ണ​മെന്ന ആശയം ദൈവ​വ​ചനം വായി​ക്കു​മ്പോൾ നമ്മെ ഭരിക്ക​രു​താ​ത്തത്‌ എന്തു​കൊണ്ട്‌?

7 വേഗത്തിൽ വായി​ക്ക​ണ​മെന്ന ആശയം ദൈവ​വ​ചനം വായി​ക്കു​മ്പോൾ നിങ്ങളെ ഭരിക്ക​രുത്‌. ബൈബി​ളോ ഏതെങ്കി​ലും ക്രിസ്‌തീയ പ്രസി​ദ്ധീ​ക​ര​ണ​മോ വായി​ക്കു​ന്ന​തി​നു നിശ്ചിത സമയം ചെലവ​ഴി​ക്കാൻ നിങ്ങൾ പരിപാ​ടി​യി​ട്ടി​ട്ടു​ണ്ടെ​ങ്കിൽ, നിങ്ങൾ അതു സമയ​മെ​ടു​ത്തു ചെയ്യാൻ ആഗ്രഹി​ച്ചേ​ക്കാം. പ്രധാ​ന​പ്പെട്ട ആശയങ്ങൾ ഓർത്തി​രി​ക്ക​ണ​മെന്ന ലക്ഷ്യ​ത്തോ​ടെ പഠിക്കു​മ്പോൾ ഇതു വിശേ​ഷാൽ പ്രധാ​ന​മാണ്‌. നിങ്ങൾ വായി​ക്കു​മ്പോൾ സജീവ​മാ​യി ചിന്തി​ക്കുക. ബൈബി​ളെ​ഴു​ത്തു​കാ​രന്റെ പ്രസ്‌താ​വ​നകൾ അപഗ്ര​ഥി​ക്കുക. നിങ്ങ​ളോ​ടു​തന്നെ ചോദി​ക്കുക, ‘എന്താണ്‌ അവൻ ഉദ്ദേശി​ക്കു​ന്നത്‌? ഈ വിവര​ങ്ങൾകൊ​ണ്ടു ഞാൻ എന്തു ചെയ്യണം?’

8. തിരു​വെ​ഴു​ത്തു​കൾ വായി​ക്കു​മ്പോൾ ധ്യാനി​ക്കു​ന്നത്‌ പ്രയോ​ജ​ന​പ്ര​ദ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

8 വിശുദ്ധ തിരു​വെ​ഴു​ത്തു​കൾ വായി​ക്കു​മ്പോൾ ധ്യാനി​ക്കാൻ സമയ​മെ​ടു​ക്കുക. ഇതു ബൈബിൾ വിവര​ണങ്ങൾ ഓർത്തി​രി​ക്കാ​നും തിരു​വെ​ഴു​ത്തു തത്ത്വങ്ങൾ ബാധക​മാ​ക്കാ​നും നിങ്ങളെ സഹായി​ക്കും. ദൈവ​വ​ച​ന​ത്തെ​ക്കു​റി​ച്ചു ധ്യാനി​ക്കു​ന്ന​തും അങ്ങനെ ആശയങ്ങൾ മനസ്സിൽ പതിപ്പി​ക്കു​ന്ന​തും, ആത്മാർഥ​ത​യോ​ടെ സംഗതി​കൾ തിരക്കു​ന്ന​വ​രോ​ടു പിന്നീടു ഖേദി​ച്ചേ​ക്കാ​വുന്ന എന്തെങ്കി​ലും പറയാതെ, കൃത്യ​മായ ഉത്തരങ്ങൾ നൽകി​ക്കൊണ്ട്‌ ഹൃദയ​ത്തിൽനി​ന്നു സംസാ​രി​ക്കാൻ നിങ്ങളെ പ്രാപ്‌ത​രാ​ക്കു​ക​യും ചെയ്യും. “നീതി​മാൻ മനസ്സിൽ ആലോ​ചി​ച്ചു ഉത്തരം പറയുന്നു” എന്ന്‌ ഒരു ദിവ്യ​നി​ശ്വസ്‌ത സദൃശ​വാ​ക്യം പറയുന്നു.—സദൃശ​വാ​ക്യ​ങ്ങൾ 15:28.

പുതിയ ആശയങ്ങളെ പഴയവ​യു​മാ​യി ബന്ധപ്പെ​ടു​ത്തു​ക

9, 10. പുതിയ തിരു​വെ​ഴുത്ത്‌ ആശയങ്ങളെ നിങ്ങൾക്ക്‌ അതി​നോ​ട​കം​തന്നെ അറിയാ​വു​ന്ന​വ​യു​മാ​യി ബന്ധപ്പെ​ടു​ത്തി​ക്കൊണ്ട്‌ നിങ്ങളു​ടെ ബൈബിൾവാ​യ​നയെ സമ്പുഷ്ട​മാ​ക്കാ​നാ​വു​ന്ന​തെ​ങ്ങനെ?

9 ദൈവ​ത്തെ​യും അവന്റെ വചന​ത്തെ​യും അവന്റെ ഉദ്ദേശ്യ​ങ്ങ​ളെ​യും കുറിച്ച്‌ ഒരുകാ​ലത്തു തങ്ങൾക്ക്‌ അൽപ്പമാ​ത്ര അറിവേ ഉണ്ടായി​രു​ന്നു​ള്ളൂ​വെന്നു മിക്ക ക്രിസ്‌ത്യാ​നി​ക​ളും സമ്മതിച്ചേ തീരൂ. എന്നാൽ, ഇന്ന്‌ ഈ ക്രിസ്‌തീയ ശുശ്രൂ​ഷ​കർക്കു സൃഷ്ടി​യും പാപത്തി​ലേ​ക്കുള്ള മനുഷ്യ​ന്റെ പതനവും​മു​തൽ ക്രിസ്‌തു​വി​ന്റെ ബലിയു​ടെ ഉദ്ദേശ്യം​വരെ വിശദീ​ക​രി​ക്കാ​നാ​വും, ഈ ദുഷ്ടവ്യ​വ​സ്ഥി​തി​യു​ടെ നാശ​ത്തെ​ക്കു​റി​ച്ചു പറയാ​നാ​വും, അനുസ​ര​ണ​മുള്ള മനുഷ്യ​വർഗം ഒരു ഭൗമിക പറുദീ​സ​യിൽ എങ്ങനെ അനു​ഗ്ര​ഹി​ക്ക​പ്പെ​ടു​മെന്നു പ്രകട​മാ​ക്കാ​നാ​വും. ഇതു സാധ്യ​മാ​വു​ന്ന​തി​ന്റെ പ്രധാന കാരണം ബൈബി​ളും ക്രിസ്‌തീയ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും പഠിച്ചു​കൊണ്ട്‌ യഹോ​വ​യു​ടെ ഈ ദാസർ “ദൈവ​പ​രി​ജ്ഞാ​നം” നേടി​യി​രി​ക്കു​ന്നു​വെ​ന്ന​താണ്‌. (സദൃശ​വാ​ക്യ​ങ്ങൾ 2:1-5) അവർ പുതിയ ആശയങ്ങളെ നേരത്തെ മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്ന​വ​യു​മാ​യി ക്രമാ​നു​ഗ​ത​മാ​യി ബന്ധപ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

10 പുതിയ തിരു​വെ​ഴുത്ത്‌ ആശയങ്ങളെ നിങ്ങൾക്ക്‌ അതി​നോ​ട​കം​തന്നെ അറിയാ​വു​ന്ന​വ​യു​മാ​യി ബന്ധപ്പെ​ടു​ത്തു​ന്നതു പ്രയോ​ജ​ന​പ്ര​ദ​വും പ്രതി​ഫ​ല​ദാ​യ​ക​വു​മാണ്‌. (യെശയ്യാ​വു 48:17) ബൈബിൾ നിയമ​ങ്ങ​ളോ തത്ത്വങ്ങ​ളോ ഏതാണ്ട്‌ അമൂർത്ത​മായ ആശയങ്ങ​ളോ​പോ​ലും ലഭിക്കു​മ്പോൾ ഇവയെ നിങ്ങൾക്ക്‌ അതി​നോ​ട​കം​തന്നെ അറിയാ​വു​ന്ന​വ​യു​മാ​യി ബന്ധപ്പെ​ടു​ത്തുക. “ആരോ​ഗ്യാ​വ​ഹ​മായ വാക്കു​ക​ളു​ടെ മാതൃക”യെക്കു​റി​ച്ചു നിങ്ങൾ മനസ്സി​ലാ​ക്കി​യി​ട്ടു​ള്ള​തി​ലേക്കു പ്രസ്‌തുത വിവരങ്ങൾ ചേർക്കുക. (2 തിമോ​ത്തി 1:13, NW) ദൈവ​വു​മാ​യുള്ള നിങ്ങളു​ടെ ബന്ധത്തെ ബലിഷ്‌ഠ​മാ​ക്കുന്ന, നിങ്ങളു​ടെ ക്രിസ്‌തീയ വ്യക്തി​ത്വ​ത്തി​നു പുരോ​ഗ​തി​വ​രു​ത്തുന്ന, അല്ലെങ്കിൽ ബൈബിൾ സത്യങ്ങൾ മറ്റുള്ള​വ​രു​മാ​യി പങ്കു​വെ​ക്കാൻ നിങ്ങളെ സഹായി​ക്കുന്ന വിവരങ്ങൾ അന്വേ​ഷി​ക്കുക.

11. നടത്ത​യെ​ക്കു​റിച്ച്‌ ബൈബിൾ പറയുന്ന എന്തെങ്കി​ലും വായി​ക്കു​മ്പോൾ നിങ്ങൾ എന്തു ചെയ്‌തേ​ക്കാം? ദൃഷ്ടാ​ന്തീ​ക​രി​ക്കുക.

11 നടത്ത​യെ​ക്കു​റി​ച്ചു ബൈബിൾ പറയുന്ന എന്തെങ്കി​ലും വായി​ക്കു​മ്പോൾ, ഉൾപ്പെ​ട്ടി​രി​ക്കുന്ന തത്ത്വം വിവേ​ചി​ച്ച​റി​യാൻ ശ്രമി​ക്കുക. അതേക്കു​റി​ച്ചു ധ്യാനി​ക്കുക. സമാന​മായ സാഹച​ര്യ​ങ്ങ​ളിൽ നിങ്ങൾ എന്തു ചെയ്യു​മെന്നു ചിന്തി​ക്കുക. “ഞാൻ ഈ മഹാ​ദോ​ഷം പ്രവർത്തി​ച്ചു ദൈവ​ത്തോ​ടു പാപം ചെയ്യു​ന്നതു എങ്ങനെ” എന്നു ചോദി​ച്ചു​കൊണ്ട്‌ യാക്കോ​ബി​ന്റെ പുത്ര​നായ യോ​സേഫ്‌ പൊത്തീ​ഫ​റി​ന്റെ ഭാര്യ​യു​മാ​യി ലൈം​ഗിക അധാർമി​ക​ത​യിൽ ഏർപ്പെ​ടാൻ സ്ഥിരമാ​യി വിസമ്മ​തി​ച്ചു. (ഉല്‌പത്തി 39:7-9) പ്രചോ​ദ​നാ​ത്മ​ക​മായ ഈ വിവര​ണ​ത്തിൽ, നിങ്ങൾ അടിസ്ഥാ​ന​പ​ര​മായ ഒരു തത്ത്വം കാണുന്നു—ലൈം​ഗിക അധാർമി​കത ദൈവ​ത്തി​നെ​തി​രായ ഒരു പാപം ആകുന്നു. നിങ്ങൾക്ക്‌ ഈ തത്ത്വത്തെ ദൈവ​വ​ച​ന​ത്തിൽ കാണുന്ന മറ്റു പ്രസ്‌താ​വ​ന​ക​ളു​മാ​യി മാനസി​ക​മാ​യി ബന്ധപ്പെ​ടു​ത്താ​നാ​വും. കൂടാതെ അത്തരം തെറ്റിൽ അകപ്പെ​ടാൻ പ്രലോ​ഭി​പ്പി​ക്ക​പ്പെ​ട്ടാൽ ഇത്‌ ഓർത്ത്‌ നിങ്ങൾക്കു പ്രയോ​ജനം നേടാ​നും കഴിയും.—1 കൊരി​ന്ത്യർ 6:9-11.

തിരു​വെ​ഴു​ത്തു സംഭവങ്ങൾ ഭാവന​യിൽ കാണുക

12. ബൈബിൾവി​വ​ര​ണങ്ങൾ വായി​ക്കു​മ്പോൾ അവ ഭാവന​യിൽ കാണേ​ണ്ടത്‌ എന്തു​കൊണ്ട്‌?

12 നിങ്ങൾ വായി​ക്കു​മ്പോൾ ആശയങ്ങൾ നിങ്ങളു​ടെ മനസ്സിൽ പതിയു​ന്ന​തിന്‌, സംഭവി​ക്കുന്ന സംഗതി​കൾ ഭാവന​യിൽ കാണുക. പ്രദേശം, ഭവനങ്ങൾ എന്നിവ​യും ജനങ്ങ​ളെ​യു​മെ​ല്ലാം മനസ്സിൽ കാണുക. അവരുടെ ശബ്ദങ്ങൾ ശ്രവി​ക്കുക. അപ്പംചു​ടു​ന്ന​തി​ന്റെ വാസന ആസ്വദി​ക്കുക. രംഗങ്ങൾ വീണ്ടും ഭാവന​യിൽ കാണുക. അപ്പോൾ നിങ്ങളു​ടെ വായന പ്രചോ​ദ​നാ​ത്മ​ക​മായ ഒരു അനുഭ​വ​മാ​യി​ത്തീ​രും, കാരണം നിങ്ങൾ ഒരു പുരാതന നഗരത്തെ കാണു​ക​യും ഉയരമുള്ള പർവതം കയറു​ക​യും സൃഷ്ടി​യു​ടെ അത്ഭുത​ങ്ങ​ളിൽ വിസ്‌മ​യം​കൊ​ള്ളു​ക​യും, അല്ലെങ്കിൽ വലിയ വിശ്വാ​സം പ്രകട​മാ​ക്കി​യി​ട്ടുള്ള സ്‌ത്രീ​പു​രു​ഷ​ന്മാ​രു​മൊ​ത്തു സഹവസി​ക്കു​ക​യും ചെയ്‌തേ​ക്കാം.

13. ന്യായാ​ധി​പ​ന്മാർ 7:19-22-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌ നിങ്ങ​ളെ​ങ്ങനെ വർണി​ക്കും?

13 നിങ്ങൾ ന്യായാ​ധി​പ​ന്മാർ 7:19-22 വായി​ക്കു​ക​യാ​ണെന്നു വിചാ​രി​ക്കുക. സംഭവി​ക്കുന്ന സംഗതി​കൾ ഭാവന​യിൽ കാണുക. ഗിദെ​യോ​നും പരാ​ക്ര​മ​ശാ​ലി​ക​ളായ മുന്നൂറ്‌ ഇസ്രാ​യേൽ പുരു​ഷ​ന്മാ​രും മിദ്യാ​ന്യ പാളയ​ത്തി​ന്റെ അറ്റത്തായി നിലയു​റ​പ്പി​ച്ചി​രി​ക്കു​ന്നു. വൈകിട്ട്‌ 10 മണി​യോട്‌ അടുക്കു​ന്നു, ‘മദ്ധ്യയാ​മം’ ആരംഭി​ക്കു​ക​യാണ്‌. മിദ്യാ​ന്യ കാവൽ​സൈ​ന്യ​ങ്ങളെ അപ്പോൾ നിർത്തി​യ​തേ​യു​ള്ളൂ. ഇസ്രാ​യേ​ലി​ന്റെ ശത്രുക്കൾ ഉറങ്ങുന്ന പാളയത്തെ ഇരുട്ടു മൂടു​ക​യാണ്‌. അതാ, ഗിദെ​യോ​നും അവന്റെ ആളുക​ളും കാഹള​മേന്തി സജ്ജരാ​യി​രി​ക്കു​ന്നു. തങ്ങളുടെ ഇടതു കൈക​ളിൽ പിടി​ച്ചി​രുന്ന പന്തങ്ങളെ മൂടിയ വലിയ കുടങ്ങൾ അവരുടെ പക്കലു​ണ്ടാ​യി​രു​ന്നു. പെട്ടെന്ന്‌, നൂറു പേർവീ​ത​മുള്ള മൂന്നു കൂട്ടങ്ങൾ കാഹള​മൂ​തു​ന്നു, കുടങ്ങൾ ഉടെക്കു​ന്നു, പന്തങ്ങളു​യർത്തു​ന്നു, പിന്നെ ‘യഹോ​വെ​ക്കും ഗിദെ​യോ​ന്നും വേണ്ടി വാൾ!’ എന്ന്‌ ആർക്കു​ക​യാണ്‌. നിങ്ങൾ പാളയ​ത്തി​ലേക്കു നോക്കു​ന്നു. എന്തിന്‌, മിദ്യാ​ന്യർ അലറി​ക്കൊണ്ട്‌ പരാ​ക്ര​മ​ത്തോ​ടെ ഓട്ടം തുടങ്ങു​ക​യാ​യി! മുന്നൂറു പേരും കാഹളം ഊതൽ തുടരവേ, ദൈവം മിദ്യാ​ന്യ​രു​ടെ വാളുകൾ അവർക്കോരോരുത്തർക്കും നേരെ തിരി​പ്പി​ക്കു​ന്നു. മിദ്യാ​ന്യർ ഓട്ട​ത്തോട്‌ ഓട്ടം. യഹോവ ഇസ്രാ​യേ​ല്യർക്കു വിജയം നൽകി.

അമൂല്യ പാഠങ്ങൾ പഠിക്കൽ

14. താഴ്‌മ​യു​ള്ള​വ​നാ​യി​രി​ക്കേണ്ട ആവശ്യം ഒരു കുട്ടിയെ പഠിപ്പി​ക്കു​ന്ന​തിന്‌ ന്യായാ​ധി​പ​ന്മാർ 9-ാം അധ്യായം എങ്ങനെ ഉപയോ​ഗി​ക്കാം?

14 ദൈവ​വ​ചനം വായി​ക്കു​ന്ന​തി​ലൂ​ടെ നമുക്ക്‌ അനേകം പാഠങ്ങൾ പഠിക്കാ​നാ​വും. ഉദാഹ​ര​ണ​ത്തിന്‌, താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കേ​ണ്ട​തി​ന്റെ ആവശ്യം നിങ്ങളു​ടെ കുട്ടി​ക​ളു​ടെ മനസ്സിൽ പതിപ്പി​ക്കാൻ നിങ്ങൾ ഒരുപക്ഷേ ആഗ്രഹി​ച്ചേ​ക്കാം. ഗിദെ​യോ​ന്റെ പുത്ര​നായ യോഥാ​മി​നെ​ക്കു​റി​ച്ചുള്ള ഒരു പ്രവച​ന​ത്തിൽ പറഞ്ഞി​രി​ക്കുന്ന ആശയം ഭാവന​യിൽ കാണു​ന്ന​തും അതിന്റെ അർഥം ഗ്രഹി​ക്കു​ന്ന​തും എളുപ്പ​മാ​യി​രി​ക്കണം. ന്യായാ​ധി​പ​ന്മാർ 9:8 വായിച്ചു തുടങ്ങു​വിൻ. യോഥാം പറഞ്ഞു: “പണ്ടൊ​രി​ക്കൽ വൃക്ഷങ്ങൾ തങ്ങൾക്കു ഒരു രാജാ​വി​നെ അഭി​ഷേകം ചെയ്‌വാൻ പോയി.” ഒലിവു​വൃ​ക്ഷ​വും അത്തിവൃ​ക്ഷ​വും മുന്തി​രി​വ​ള്ളി​യും ഭരിക്കാൻ വിസമ്മ​തി​ച്ചു. എന്നാൽ താണ മുൾപ്പ​ടർപ്പി​നു രാജാ​വാ​കാൻ സന്തോ​ഷ​മാ​യി​രു​ന്നു. നിങ്ങളു​ടെ കുട്ടി​കളെ പ്രസ്‌തുത വിവരണം ഉറക്കെ വായി​ച്ചു​കേൾപ്പി​ച്ച​ശേഷം, മൂല്യ​വ​ത്തായ സസ്യങ്ങൾ പ്രതി​നി​ധാ​നം ചെയ്‌തത്‌ സഹ ഇസ്രാ​യേ​ല്യ​രു​ടെ​മേൽ രാജാ​വാ​യി​രി​ക്കു​ന്ന​തി​നുള്ള സ്ഥാനം തേടാ​തി​രുന്ന യോഗ്യ​ത​യുള്ള വ്യക്തി​ക​ളെ​യാ​യി​രു​ന്നു​വെന്നു നിങ്ങൾക്കു വിശദീ​ക​രി​ക്കാ​വു​ന്ന​താണ്‌. കത്തിക്കാൻ മാത്രം കൊള്ളാ​വുന്ന മുൾപ്പ​ടർപ്പ്‌ പ്രതി​നി​ധാ​നം ചെയ്‌ത​താ​കട്ടെ, മറ്റുള്ള​വ​രു​ടെ​മേൽ മേധാ​വി​ത്വം പുലർത്താൻ ആഗ്രഹി​ച്ചെ​ങ്കി​ലും യോഥാ​മി​ന്റെ പ്രവച​ന​നി​വൃ​ത്തി​യിൽ അന്ത്യം നേരിട്ട അഹങ്കാ​രി​യായ അബി​മേ​ലെ​ക്കി​ന്റെ രാജവാ​ഴ്‌ച​യെ​യും. (ന്യായാ​ധി​പ​ന്മാർ, അധ്യായം 9) ഏതു കുട്ടി​യാ​ണു വളർന്നു മുൾപ്പ​ടർപ്പി​നെ​പ്പോ​ലെ​യാ​കാൻ ആഗ്രഹി​ക്കുക?

15. രൂത്ത്‌ എന്ന പുസ്‌ത​ക​ത്തിൽ വിശ്വ​സ്‌ത​ത​യു​ടെ പ്രാധാ​ന്യം എടുത്തു​കാ​ട്ടി​യി​രി​ക്കു​ന്ന​തെ​ങ്ങനെ?

15 രൂത്ത്‌ എന്ന ബൈബിൾ പുസ്‌ത​ക​ത്തിൽ വിശ്വ​സ്‌ത​ത​യു​ടെ പ്രാധാ​ന്യം വ്യക്തമാ​ക്കി​യി​രി​ക്കു​ന്നു. ആ വിവരണം നിങ്ങളു​ടെ കുടും​ബാം​ഗങ്ങൾ ഓരോ​രു​ത്ത​രാ​യി മാറി​മാ​റി ഉറക്കെ വായിച്ച്‌ മനസ്സി​ലാ​ക്കാൻ ശ്രമി​ക്കു​ക​യാ​ണെന്നു ധരിക്കുക. വിധവ​യായ അമ്മാവി​യമ്മ നവോ​മി​യോ​ടൊ​പ്പം ബേത്‌ല​ഹേ​മി​ലേക്കു യാത്ര​ചെ​യ്യുന്ന മോവാ​ബ്യ​ക്കാ​രി രൂത്തിനെ നിങ്ങൾ കാണുന്നു. “നിന്റെ ജനം എന്റെ ജനം, നിന്റെ ദൈവം എന്റെ ദൈവം” എന്നു രൂത്ത്‌ പറയു​ന്നതു നിങ്ങൾ കേൾക്കു​ന്നു. (രൂത്ത്‌ 1:16) ബോവ​സി​ന്റെ വയലിൽ കൊയ്‌ത്തു​കാർക്കു പിന്നിൽ കതിരു പെറു​ക്കുന്ന അദ്ധ്വാ​ന​ശീ​ല​യായ രൂത്തിനെ കാണുന്നു. “നീ ഉത്തമ സ്‌ത്രീ എന്നു എന്റെ ജനമായ പട്ടണക്കാർക്കു എല്ലാവർക്കും അറിയാം” എന്നു പറഞ്ഞു​കൊണ്ട്‌ അവൻ അവളെ അഭിന​ന്ദി​ക്കു​ന്നതു നിങ്ങൾ കേൾക്കു​ന്നു. (രൂത്ത്‌ 3:11) താമസി​യാ​തെ, ബോവസ്‌ രൂത്തിനെ വിവാഹം കഴിക്കു​ന്നു. ദേവര​വി​വാഹ ക്രമീകരണ​ത്തോ​ടുള്ള ചേർച്ച​യിൽ, ബോവ​സി​നാൽ അവൾ ‘നവോ​മിക്ക്‌’ ഒരു ആൺകു​ട്ടി​യെ പ്രസവി​ക്കു​ന്നു. രൂത്ത്‌ ദാവീ​ദി​ന്റെ​യും അവസാനം യേശു​ക്രി​സ്‌തു​വി​ന്റെ​യും പൂർവി​ക​യാ​യി​ത്തീ​രു​ന്നു. അങ്ങനെ അവൾക്കു “പൂർണ്ണ​പ്ര​തി​ഫലം” കിട്ടി. കൂടാതെ, തിരു​വെ​ഴു​ത്തു വിവരണം വായി​ക്കു​ന്നവർ മൂല്യ​വ​ത്തായ ഒരു പാഠം മനസ്സി​ലാ​ക്കു​ന്നു: യഹോ​വ​യോ​ടു വിശ്വ​സ്‌ത​ത​യു​ള്ള​വ​രാ​യി​രി​ക്കു​വിൻ, നിങ്ങൾ സമൃദ്ധ​മാ​യി അനു​ഗ്ര​ഹി​ക്ക​പ്പെ​ടും.—രൂത്ത്‌ 2:12; 4:17-22; സദൃശ​വാ​ക്യ​ങ്ങൾ 10:22; മത്തായി 1:1, 5, 6.

16. മൂന്ന്‌ എബ്രായർ ഏതു പരി​ശോ​ധ​ന​യ്‌ക്കു വിധേ​യ​രാ​യി, ഈ വിവര​ണ​ത്തി​നു നമ്മെ സഹായി​ക്കാ​നാ​വു​ന്ന​തെ​ങ്ങനെ?

16 ശദ്രക്ക്‌, മേശക്ക്‌, അബേദ്‌നെ​ഗോ എന്നീ പേരു​ക​ളുള്ള എബ്രാ​യരെ സംബന്ധി​ച്ചുള്ള വിവരണം പരി​ശോ​ധ​നാ​ത്മ​ക​മായ സ്ഥിതി​വി​ശേ​ഷ​ങ്ങ​ളിൽ ദൈവ​ത്തോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കാൻ നമ്മെ സഹായി​ക്കും. ദാനി​യേൽ 3-ാം അധ്യായം ഉറക്കെ വായി​ക്കു​മ്പോൾ പ്രസ്‌തുത സംഭവം ഭാവന​യിൽ കാണുക. ദൂരാ സമഭൂ​മി​യി​ലെ ഒരു കൂറ്റൻ സ്വർണ​ഗോ​പുര വിഗ്രഹം. അവിടെ ബാബി​ലോ​ന്യ ഉദ്യോ​ഗസ്ഥർ സമ്മേളി​ച്ചി​രി​ക്കു​ന്നു. വാദ്യ​നാ​ദം കേൾക്കു​മ്പോൾ, നെബു​ഖ​ദ്‌നേസർ രാജാവ്‌ സ്ഥാപിച്ച വിഗ്ര​ഹ​ത്തി​നു​മു​മ്പിൽ വീണ്‌ അവർ അതിനെ ആരാധി​ക്കു​ന്നു. ശദ്രക്ക്‌, മേശക്ക്‌, അബേദ്‌നെ​ഗോ എന്നിവ​രൊ​ഴിച്ച്‌ സകലരും അങ്ങനെ ചെയ്യുന്നു. അവർ രാജാ​വി​നോ​ടു തങ്ങൾ അവന്റെ ദൈവ​ങ്ങളെ സേവി​ക്കു​ക​യോ സ്വർണ​വി​ഗ്ര​ഹത്തെ ആരാധി​ക്കു​ക​യോ ചെയ്യി​ല്ലെന്നു ദൃഢത​യോ​ടെ​യെ​ങ്കി​ലും ആദരപൂർവം പറയുന്നു. ചൂടു പരമാ​വധി വർധി​പ്പിച്ച ഒരു തീച്ചൂ​ള​യി​ലേക്ക്‌ അവരെ എറിയു​ന്നു. എന്നാൽ എന്തു സംഭവി​ക്കു​ന്നു? അകത്തേക്കു നോക്കിയ രാജാവ്‌ നാലു ദൃഢഗാ​ത്ര​രായ മനുഷ്യ​രെ കാണുന്നു. അവരി​ലൊ​രാ​ളാ​കട്ടെ, “ദൈവ​പു​ത്ര​നോ​ടു ഒത്തിരി​ക്കു​ന്നു.” (ദാനീ​യേൽ 3:25) ആ മൂന്ന്‌ എബ്രാ​യ​രെ​യും തീച്ചൂ​ള​യിൽനി​ന്നു വെളി​യി​ലേക്കു കൊണ്ടു​വ​രു​ന്നു. എന്നിട്ട്‌ നെബു​ഖ​ദ്‌നേസർ അവരുടെ ദൈവത്തെ അനു​ഗ്ര​ഹി​ക്കു​ന്നു. ഈ വിവരണം ഭാവന​യിൽ കാണു​ന്നതു പ്രതി​ഫ​ല​ദാ​യ​ക​മാ​യി​രു​ന്നി​ട്ടുണ്ട്‌. പരി​ശോ​ധ​ന​യിൻകീ​ഴിൽ യഹോ​വ​യോ​ടുള്ള വിശ്വ​സ്‌തത സംബന്ധിച്ച്‌ എന്തൊരു പാഠമാണ്‌ ഇതു പ്രദാനം ചെയ്യു​ന്നത്‌!

ഒരു കുടും​ബ​മെന്ന നിലയിൽ ബൈബിൾ വായി​ക്കു​ന്ന​തിൽനി​ന്നുള്ള പ്രയോ​ജ​നം

17. ഒരുമി​ച്ചു ബൈബിൾ വായി​ക്കു​ന്ന​തി​ലൂ​ടെ നിങ്ങളു​ടെ കുടും​ബ​ത്തി​നു പഠിക്കാ​നാ​വുന്ന പ്രയോ​ജ​ന​പ്ര​ദ​മായ സംഗതി​ക​ളിൽ ചിലതു ഹ്രസ്വ​മാ​യി പരാമർശി​ക്കുക.

17 ഒരുമി​ച്ചു ബൈബിൾ വായി​ക്കാൻ സമയം ചെലവ​ഴി​ക്കു​ന്നെ​ങ്കിൽ നിങ്ങളു​ടെ കുടും​ബ​ത്തിന്‌ അനേകം പ്രയോ​ജ​നങ്ങൾ ആസ്വദി​ക്കാ​നാ​വും. നിങ്ങൾക്ക്‌ ഉത്‌പത്തി മുതൽ ഭാവന​യിൽ കാണാ​നും മനുഷ്യ​ന്റെ ആദി പറുദീ​സാ ഭവനത്തി​ലേക്ക്‌ എത്തി​നോ​ക്കാ​നും കഴിയും. വിശ്വ​സ്‌ത​രായ ഗോ​ത്ര​പി​താ​ക്ക​ന്മാ​രു​ടെ​യും അവരുടെ കുടും​ബാം​ഗ​ങ്ങ​ളു​ടെ​യും അനുഭ​വങ്ങൾ പങ്കു​വെ​ക്കാ​നും കാലുകൾ നനയാതെ ചെങ്കടൽ കടന്നു​പോ​കുന്ന ഇസ്രാ​യേ​ല്യ​രെ പിന്തു​ട​രാ​നും നിങ്ങൾക്കാ​വും. ഇടയ ബാലനായ ദാവീദ്‌ ഫെലി​സ്‌ത്യ രാക്ഷസ​നായ ഗോല്യാ​ത്തി​നെ കീഴ്‌പ്പെ​ടു​ത്തു​ന്നതു നിങ്ങൾക്കു കാണാം. യെരു​ശ​ലേ​മിൽ യഹോ​വ​യ്‌ക്ക്‌ ആലയം നിർമി​ക്കു​ന്നതു നിരീ​ക്ഷി​ക്കാ​നും ബാബി​ലോ​ന്യ സൈന്യം അതിനെ ശൂന്യ​മാ​ക്കു​ന്നതു കാണാ​നും ഗവർണ​റായ സെരു​ബാ​ബേ​ലി​നു കീഴിൽ അതു പുനർനിർമി​ക്കു​ന്നതു വീക്ഷി​ക്കാ​നും നിങ്ങളു​ടെ കുടും​ബ​ത്തി​നു കഴിയും. യേശു​വി​ന്റെ ജനന​ത്തെ​ക്കു​റിച്ച്‌ ദൂതന്മാർ നടത്തുന്ന പ്രഖ്യാ​പനം, ബേത്‌ല​ഹേ​മി​ന​ടു​ത്തു​വെച്ച്‌, എളിയ​വ​രായ ഇടയന്മാർക്കൊ​പ്പം നിങ്ങൾക്കു കേൾക്കാം. നിങ്ങൾക്ക്‌ അവന്റെ സ്‌നാ​പ​ന​ത്തെ​യും ശുശ്രൂ​ഷ​യെ​യും കുറി​ച്ചുള്ള വിശദാം​ശങ്ങൾ ലഭിക്കും. കൂടാതെ ഒരു മറുവി​ല​യെന്ന നിലയിൽ അവൻ തന്റെ ജീവൻ അർപ്പി​ക്കു​ന്നതു കാണാ​നും അവന്റെ പുനരു​ത്ഥാ​ന​ത്തി​ന്റെ സന്തോഷം പങ്കു​വെ​ക്കാ​നും കഴിയും. അടുത്ത​താ​യി, നിങ്ങൾക്കു പൗലോസ്‌ അപ്പോ​സ്‌ത​ല​നോ​ടൊ​പ്പം യാത്ര​ചെ​യ്യു​ക​യും ക്രിസ്‌ത്യാ​നി​ത്വം പ്രചരി​ക്കു​ന്ന​തോ​ടൊ​പ്പം സഭകൾ സ്ഥാപി​ക്ക​പ്പെ​ടു​ന്നതു നിരീ​ക്ഷി​ക്കു​ക​യും ചെയ്യാം. ഇനി, വെളി​പാട്‌ പുസ്‌ത​ക​ത്തിൽ യേശു​വി​ന്റെ ആയിരം വർഷ വാഴ്‌ച​യുൾപ്പെടെ ഭാവി​യെ​ക്കു​റി​ച്ചു യോഹ​ന്നാൻ അപ്പോ​സ്‌ത​ലനു ലഭിച്ച മഹത്തായ ദർശനം നിങ്ങളു​ടെ കുടും​ബ​ത്തിന്‌ ആസ്വദി​ക്കാ​നാ​വും.

18, 19. കുടുംബ ബൈബിൾവാ​യ​ന​യെ​ക്കു​റിച്ച്‌ എന്തു നിർദേ​ശങ്ങൾ നൽക​പ്പെ​ട്ടി​രി​ക്കു​ന്നു?

18 നിങ്ങൾ ഒരു കുടും​ബ​മെന്ന നിലയിൽ ബൈബിൾ ഉറക്കെ വായി​ക്കു​ന്നു​ണ്ടെ​ങ്കിൽ, വ്യക്തമാ​യി ഉത്സാഹ​പൂർവം വായി​ക്കുക. തിരു​വെ​ഴു​ത്തു​ക​ളു​ടെ ചില ഭാഗങ്ങൾ വായി​ക്കു​മ്പോൾ, ഒരു കുടും​ബാം​ഗ​ത്തിന്‌—സാധ്യ​മെ​ങ്കിൽ പിതാ​വിന്‌—വിവര​ണാ​ത്മക വാക്കുകൾ വായി​ക്കാ​വു​ന്ന​താണ്‌. മറ്റ്‌ അംഗങ്ങൾക്കു ബൈബിൾ കഥാപാ​ത്ര​ങ്ങ​ളു​ടെ റോളു​കൾ എടുത്ത്‌ അവരവ​രു​ടെ ഭാഗം അനു​യോ​ജ്യ​മായ വികാ​ര​ത്തോ​ടെ വായി​ക്കാ​വു​ന്ന​താണ്‌.

19 ഒരു കുടും​ബ​മെന്ന നിലയിൽ നിങ്ങൾ ബൈബിൾ വായന​യിൽ പങ്കുപ​റ്റു​മ്പോൾ നിങ്ങളു​ടെ വായനാ​പ്രാ​പ്‌തി മെച്ച​പ്പെ​ടും. സാധ്യ​ത​യ​നു​സ​രിച്ച്‌, ദൈവ​ത്തെ​ക്കു​റി​ച്ചുള്ള നിങ്ങളു​ടെ പരിജ്ഞാ​നം വർധി​ക്കും, അങ്ങനെ അതു നിങ്ങളെ അവനോ​ടു കൂടുതൽ അടുപ്പി​ക്കും. ആസാഫ്‌ ഇങ്ങനെ പാടി: “ദൈവ​ത്തോ​ടു അടുത്തി​രി​ക്കു​ന്നതു എനിക്കു നല്ലതു; നിന്റെ സകല​പ്ര​വൃ​ത്തി​ക​ളെ​യും വർണ്ണി​ക്കേ​ണ്ട​തി​ന്നു ഞാൻ യഹോ​വ​യായ കർത്താ​വി​നെ എന്റെ സങ്കേത​മാ​ക്കി​യി​രി​ക്കു​ന്നു.” (സങ്കീർത്തനം 73:28) “അദൃശ്യ​ദൈ​വത്തെ,” അതായത്‌ യഹോ​വ​യാം ദൈവത്തെ “കണ്ടതു​പോ​ലെ ഉറെച്ചു”നിൽക്കു​ന്ന​തിൽ തുടർന്ന മോശ​യെ​പ്പോ​ലെ​യാ​കാൻ ഇതു നിങ്ങളു​ടെ കുടും​ബത്തെ സഹായി​ക്കും.—എബ്രായർ 11:27.

വായന​യും ക്രിസ്‌തീയ ശുശ്രൂ​ഷ​യും

20, 21. നമ്മുടെ പ്രസം​ഗ​നി​യ​മനം വായനാ​പ്രാ​പ്‌തി​യു​മാ​യി ബന്ധപ്പെ​ട്ടി​രി​ക്കു​ന്ന​തെ​ങ്ങനെ?

20 “അദൃശ്യ​ദൈ​വത്തെ” ആരാധി​ക്കാ​നുള്ള നമ്മുടെ ആഗ്രഹം നല്ല വായന​ക്കാ​രാ​കാൻ പ്രയത്‌നി​ക്കു​ന്ന​തി​നു നമ്മെ പ്രേരി​പ്പി​ക്കണം. വായി​ക്കാ​നുള്ള പ്രാപ്‌തി ദൈവ​വ​ച​ന​ത്തിൽനി​ന്നു സാക്ഷ്യം വഹിക്കാൻ നമ്മെ സഹായി​ക്കു​ന്നു. “പുറ​പ്പെട്ടു, പിതാ​വി​ന്റെ​യും പുത്ര​ന്റെ​യും പരിശു​ദ്ധാ​ത്മാ​വി​ന്റെ​യും നാമത്തിൽ സ്‌നാനം കഴിപ്പി​ച്ചും ഞാൻ നിങ്ങ​ളോ​ടു കല്‌പി​ച്ചതു ഒക്കെയും പ്രമാ​ണി​പ്പാൻത​ക്ക​വണ്ണം ഉപദേ​ശി​ച്ചും​കൊ​ണ്ടു സകലജാ​തി​ക​ളെ​യും ശിഷ്യ​രാ​ക്കി​ക്കൊൾവിൻ” എന്നു പറഞ്ഞു​കൊ​ണ്ടു യേശു തന്റെ അനുഗാ​മി​കൾക്കു നിയമി​ച്ചു​കൊ​ടുത്ത രാജ്യ​പ്ര​സം​ഗ​വേല നിവർത്തി​ക്കു​ന്ന​തിന്‌ അതു നമ്മെ തീർച്ച​യാ​യും സഹായി​ക്കു​ന്നു. (മത്തായി 28:19, 20; പ്രവൃ​ത്തി​കൾ 1:8) യഹോ​വ​യു​ടെ ജനത്തിന്റെ മുഖ്യ​വേ​ല​യാ​ണു സാക്ഷീ​ക​രണം, വായനാ​പ്രാ​പ്‌തി അതു നിർവ​ഹി​ക്കാൻ നമ്മെ സഹായി​ക്കു​ക​യും ചെയ്യുന്നു.

21 ഒരു നല്ല വായന​ക്കാ​ര​നും ദൈവ​വ​ച​ന​ത്തി​ന്റെ ഒരു വിദഗ്‌ധ ഉപദേ​ഷ്ടാ​വും ആകുന്ന​തി​നു ശ്രമം ആവശ്യ​മാണ്‌. (എഫെസ്യർ 6:17) അതു​കൊണ്ട്‌, ‘സത്യത്തി​ന്റെ വചനം ഉചിത​മാ​യി കൈകാ​ര്യം ചെയ്‌തു​കൊണ്ട്‌ ദൈവ​തി​രു​മു​മ്പിൽ അർഹത​യോ​ടെ പ്രത്യ​ക്ഷ​പ്പെ​ടുക.’ (2 തിമോ​ത്തേ​യോസ്‌ 2:15, പി.ഒ.സി. ബൈബിൾ) നിങ്ങ​ളെ​ത്തന്നെ വായന​യ്‌ക്കാ​യി അർപ്പി​ച്ചു​കൊണ്ട്‌ തിരു​വെ​ഴു​ത്തു സത്യ​ത്തെ​ക്കു​റി​ച്ചുള്ള നിങ്ങളു​ടെ പരിജ്ഞാ​ന​വും യഹോ​വ​യു​ടെ ഒരു സാക്ഷി​യെന്ന നിലയി​ലുള്ള നിങ്ങളു​ടെ പ്രാപ്‌തി​യും വർധി​പ്പി​ക്കുക.

നിങ്ങളു​ടെ ഉത്തരങ്ങ​ളെ​ന്തെ​ല്ലാം?

◻ സന്തുഷ്ടി ദൈവ​വ​ചനം വായി​ക്കു​ന്ന​തിൽ ആശ്രയി​ച്ചി​രി​ക്കു​ന്ന​തെ​ങ്ങനെ?

◻ നിങ്ങൾ ബൈബി​ളിൽ വായി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു ധ്യാനി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

◻ തിരു​വെ​ഴു​ത്തു​കൾ വായി​ക്കു​മ്പോൾ ബന്ധപ്പെ​ടു​ത്തു​ക​യും ഭാവന​യിൽ കാണു​ക​യും ചെയ്യേ​ണ്ടത്‌ എന്തു​കൊണ്ട്‌?

◻ ബൈബിൾവാ​യ​ന​യിൽനി​ന്നു പഠിക്കേണ്ട ഏതാനും പാഠങ്ങ​ളേവ?

◻ കുടും​ബ​മെന്ന നിലയിൽ ബൈബിൾ ഉറക്കെ വായി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌, ക്രിസ്‌തീയ ശുശ്രൂ​ഷ​യു​മാ​യി വായന​യ്‌ക്ക്‌ എന്തു ബന്ധമുണ്ട്‌?

[അധ്യയന ചോദ്യ​ങ്ങൾ]

[13-ാം പേജിലെ ചിത്രങ്ങൾ]

ഒരു കുടും​ബ​മെന്ന നിലയിൽ ബൈബിൾ വായി​ക്കു​മ്പോൾ, വിവര​ണങ്ങൾ ഭാവന​യിൽ കാണു​ക​യും അവയുടെ പ്രാധാ​ന്യ​ത്തെ​ക്കു​റി​ച്ചു ധ്യാനി​ക്കു​ക​യും ചെയ്യുക