സധൈര്യം സംസാരിച്ച ഒരു കൊച്ചു പെൺകുട്ടി
അവർ യഹോവയുടെ ഹിതം ചെയ്തു
സധൈര്യം സംസാരിച്ച ഒരു കൊച്ചു പെൺകുട്ടി
പൊ.യു.മു. (പൊതുയുഗത്തിനുമുമ്പ്) പത്താം നൂറ്റാണ്ടിൽ ഇസ്രായേലും അരാമും (സിറിയ) തമ്മിൽ ഉലഞ്ഞ ബന്ധമായിരുന്നു ഉണ്ടായിരുന്നത്. യുദ്ധം പൊട്ടിപ്പുറപ്പെടുന്നത് ഒരു പതിവു സംഭവമായിരുന്നു. തന്മൂലം, യുദ്ധമില്ലാതെ മൂന്നു വർഷം കടന്നുപോവുക എന്നത് ചരിത്രപ്രാധാന്യം അർഹിക്കുന്ന ഒരു വസ്തുതയായിരുന്നു.—1 രാജാക്കന്മാർ 22:1.
അരാമ്യ കവർച്ചപ്പട അക്കാലത്തു പ്രത്യേകിച്ചും ഭീഷണി ഉയർത്തിയിരുന്നു. അവയിൽ ചിലതിൽ നൂറുകണക്കിനു പടയാളികളുണ്ടായിരുന്നു. ഈ പോരാളികൾ ഇസ്രായേല്യരുടെമേൽ മിന്നലാക്രമണം നടത്തി അവരെ കൊള്ളയടിക്കുകയും അനേകരെ—കുട്ടികളെപ്പോലും—അപഹരിക്കുകയും അടിമകളാക്കുകയും ചെയ്തു.
അത്തരമൊരു മിന്നലാക്രമണത്തിൽ അക്കൂട്ടർ, “ഒരു ചെറിയ പെൺകുട്ടിയെ” അവളുടെ ദൈവഭയമുള്ള കുടുംബാംഗങ്ങളിൽനിന്നു നിർദയം പിടിച്ചുകൊണ്ടുപോയി. (2 രാജാക്കന്മാർ 5:2) അരാമ്യയിലേക്കു കൊണ്ടുപോകപ്പെട്ട അവൾ, തന്നെ സംബന്ധിച്ചിടത്തോളം, പേടിപ്പെടുത്തുന്നവരും അപരിചിതരുമായ ആളുകൾക്കിടയിൽ—സൂര്യ-ചന്ദ്ര-താരാദികളെയും മരങ്ങളെയും കല്ലുകളെയുംപോലും ആരാധിക്കുന്നവർ—ജീവിക്കാൻ നിർബന്ധിതയായി. ഏക സത്യദൈവമായ യഹോവയെ ആരാധിച്ചിരുന്ന അവളുടെ കുടുംബം, സുഹൃത്തുക്കൾ എന്നിവരിൽനിന്ന് എത്ര വ്യത്യസ്തരായിരുന്നു അവർ! എന്നിരുന്നാലും, അപരിചിതമായിരുന്ന ഈ ചുറ്റുപാടിലും യഹോവയുടെ ആരാധനയോടുള്ള ബന്ധത്തിൽ ഈ പെൺകുട്ടി ശ്രദ്ധേയമായ ധൈര്യം പ്രകടമാക്കി. തത്ഫലമായി, അരാമ്യ രാജാവിന്റെ കീഴിൽ വേലചെയ്തിരുന്ന ഒരു പ്രമുഖ ഉദ്യോഗസ്ഥന്റെ ജീവിതത്തിൽ അവൾ മാറ്റം വരുത്തി. അതെങ്ങനെയായിരുന്നുവെന്നു നമുക്കു കാണാം.
തുറന്നു സംസാരിക്കാനുള്ള ധൈര്യം
ബൈബിൾ വൃത്താന്തം ആ കൊച്ചു പെൺകുട്ടിയുടെ പേരു വെളിപ്പെടുത്തുന്നില്ല. അവൾ, ബെൻ-ഹദദ് II-ാമൻ രാജാവിന്റെ കീഴിലുണ്ടായിരുന്ന പരാക്രമശാലിയായ സേനാപതി നയമാന്റെ ഭാര്യയുടെ ഭൃത്യയായിത്തീർന്നു. (2 രാജാക്കന്മാർ 5:1) അങ്ങേയറ്റം മാന്യനായി എണ്ണപ്പെട്ടിരുന്നുവെങ്കിലും നയമാന് അറപ്പുളവാക്കുന്ന കുഷ്ഠരോഗം ബാധിച്ചിരുന്നു.
ഒരുപക്ഷേ ആ പെൺകുട്ടിയുടെ ആദരണീയമായ പെരുമാറ്റമായിരിക്കാം അവളിൽ വിശ്വാസമർപ്പിക്കാൻ നയമാന്റെ ഭാര്യയെ പ്രേരിപ്പിച്ചത്. ‘ഇസ്രായേലിൽ കുഷ്ഠരോഗികളുടെ കാര്യത്തിൽ എന്താണു ചെയ്യുന്നത്’ എന്ന് അവർ ആ പെൺകുട്ടിയോടു ചോദിച്ചിരിക്കാനിടയുണ്ട്. “യജമാനൻ ശമര്യയിലെ പ്രവാചകന്റെ അടുക്കൽ ഒന്നു ചെന്നെങ്കിൽ അവൻ അവന്റെ കുഷ്ഠരോഗം മാറ്റിക്കൊടുക്കുമായിരുന്നു” എന്നു സധൈര്യം പ്രസ്താവിക്കാൻ ആ ഇസ്രായേല്യ ഭൃത്യയ്ക്കു ലേശവും ലജ്ജ തോന്നിയില്ല.—2 രാജാക്കന്മാർ 5:3.
ആ പെൺകുട്ടിയുടെ വാക്കുകൾ ബാലിശമായ വീൺവാക്കായി തള്ളിക്കളഞ്ഞില്ല. നേരേമറിച്ച്, അവ ബെൻ-ഹദദ് രാജാവിനെ അറിയിച്ചു. രാജാവ് നയമാനെയും മറ്റുള്ളവരെയും ആ പ്രവാചകനെ അന്വേഷിച്ചു 150 കിലോമീറ്റർ അകലെയുള്ള ശമര്യയിലേക്ക് അയച്ചു.—2 രാജാക്കന്മാർ 5:4, 5.
നയമാന്റെ സൗഖ്യമാകൽ
ബെൻ-ഹദദ് നൽകിയ, പരിചയപ്പെടുത്തിക്കൊണ്ടുള്ള കത്തും ഒട്ടനവധി പണപരമായ സമ്മാനവുമായി നയമാനും അവന്റെ ആളുകളും ഇസ്രായേൽ രാജാവായ യെഹോരാമിന്റെ അടുക്കലേക്കു പോയി. കാളക്കുട്ടിയെ ആരാധിച്ചിരുന്ന യെഹോരാം രാജാവിന്, ദൈവത്തിന്റെ പ്രവാചകനിൽ ആ ദാസ്യ പെൺകുട്ടിക്കുണ്ടായിരുന്നതുപോലത്തെ വിശ്വാസം ഇല്ലായിരുന്നുവെന്നതിൽ അതിശയിക്കാനില്ല. മറിച്ച്, നയമാൻ ശണ്ഠയ്ക്കു കാരണമന്വേഷിച്ചു വന്നതാണെന്ന് അവൻ ധരിച്ചു. യെഹോരാമിന്റെ ആശങ്കയെക്കുറിച്ചു ദൈവത്തിന്റെ പ്രവാചകനായ എലീശ കേട്ടപ്പോൾ, നയമാനെ തന്റെ ഭവനത്തിലേക്ക് അയക്കാൻ അപേക്ഷിച്ചുകൊണ്ട് ഉടനടി അവൻ രാജാവിനു സന്ദേശമയച്ചു.—2 രാജാക്കന്മാർ 5:6-8.
നയമാൻ എലീശയുടെ വീട്ടിൽ എത്തിയപ്പോൾ പ്രവാചകൻ ഒരു സന്ദേശവാഹകനെ അയച്ച് ഇങ്ങനെ പറയിച്ചു: “നീ ചെന്നു യോർദ്ദാനിൽ ഏഴു പ്രാവശ്യം കുളിക്ക; അപ്പോൾ നിന്റെ ദേഹം മുമ്പിലത്തെപ്പോലെയായി നീ ശുദ്ധനാകും.” (2 രാജാക്കന്മാർ 5:9, 10) നയമാൻ ക്രോധപരവശനായി. അത്ഭുതപ്രവൃത്തിയിലൂടെ പ്രകടനാത്മകമായ ഒരു കൃത്യം പ്രതീക്ഷിച്ചുകൊണ്ട് അവൻ ചോദിച്ചു: “ദമ്മേശെക്കിലെ നദികളായ അബാനയും പർപ്പരും യിസ്രായേൽദേശത്തിലെ എല്ലാ വെള്ളങ്ങളെക്കാളും നല്ലതല്ലയോ? എനിക്കു അവയിൽ കുളിച്ചു ശുദ്ധനാകരുതോ?” നയമാൻ ക്രുദ്ധനായി എലീശയുടെ വീട്ടിൽനിന്നു പുറപ്പെട്ടു. എന്നാൽ നയമാന്റെ ഭൃത്യന്മാർ അവനുമായി ന്യായവാദം ചെയ്തപ്പോൾ, ഒടുവിൽ അവൻ വഴങ്ങി. യോർദാൻ നദിയിൽ ഏഴു പ്രാവശ്യം മുങ്ങിയപ്പോൾ, “അവന്റെ ദേഹം ചെറിയ ബാലന്റെ ദേഹം പോലെ ആയി; അവൻ ശുദ്ധനായിത്തീർന്നു.”—2 രാജാക്കന്മാർ 5:11-14.
എലീശയുടെ അടുക്കൽ മടങ്ങിവന്ന നയമാൻ ഇങ്ങനെ പറഞ്ഞു: “യിസ്രായേലിൽ അല്ലാതെ ഭൂമിയിൽ എങ്ങും ഒരു ദൈവം ഇല്ല എന്നു ഞാൻ ഇപ്പോൾ അറിയുന്നു.” താൻ “ഇനി യഹോവെക്കല്ലാതെ അന്യദൈവങ്ങൾക്കു ഹോമയാഗവും ഹനനയാഗവും കഴിക്കയില്ല” എന്നു നയമാൻ ശപഥം ചെയ്തു.—2 രാജാക്കന്മാർ 5:15-17.
നമുക്കുള്ള പാഠങ്ങൾ
ഒരു കൊച്ചു ദാസ്യ പെൺകുട്ടി സധൈര്യം തുറന്നു സംസാരിച്ചില്ലായിരുന്നെങ്കിൽ നയമാൻ എലീശാ പ്രവാചകന്റെ അടുക്കൽ പോവുകയില്ലായിരുന്നു. ഇന്ന് ഒട്ടേറെ യുവാക്കൾ സമാനമായ വിധത്തിൽ പ്രവർത്തിക്കുന്നുണ്ട്. ദൈവത്തെ സേവിക്കുന്നതിനു തീരെ താത്പര്യമില്ലാത്ത വിദ്യാർഥികൾ സ്കൂളിൽ അവരെ വലയംചെയ്യുന്നെന്നുവരാം. എന്നിരുന്നാലും, തങ്ങൾ വിശ്വസിക്കുന്ന കാര്യങ്ങൾ അവർ തുറന്നു പറയുന്നു. അവരിൽ ചിലർ തീരെ ചെറുതായിരിക്കുമ്പോൾതന്നെ അപ്രകാരം ചെയ്തു തുടങ്ങുന്നു.
ഓസ്ട്രേലിയയിലുള്ള അലിഗ്സാൻഡ്ര എന്ന അഞ്ചു വയസ്സുകാരിയുടെ കാര്യം പരിചിന്തിക്കുക. അവൾ സ്കൂളിൽ പോകാൻ തുടങ്ങിയപ്പോൾ, യഹോവയുടെ സാക്ഷികളുടെ വിശ്വാസങ്ങളെക്കുറിച്ചു വിശദീകരിക്കാൻ അവളുടെ അമ്മ അധ്യാപികയുമായി സമയം മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ചു. എന്നാൽ അലിഗ്സാൻഡ്രയുടെ അമ്മയെ ഒരു കാര്യം അതിശയിപ്പിച്ചു. “നിങ്ങളുടെ വിശ്വാസങ്ങളിൽ പലതിനെക്കുറിച്ചും അലിഗ്സാൻഡ്ര സ്കൂളിൽ എന്തു ചെയ്യും എന്തു ചെയ്യുകയില്ല എന്നതിനെക്കുറിച്ചും എനിക്ക് ഇപ്പോൾത്തന്നെ നല്ലവണ്ണം അറിയാം” എന്ന് അധ്യാപിക പറഞ്ഞു. സ്കൂളിൽ, സാക്ഷികളായ വേറെ കുട്ടികൾ ഇല്ലാത്ത സ്ഥിതിക്ക് അലിഗ്സാൻഡ്രയുടെ അമ്മയ്ക്ക് ആകെ അത്ഭുതമായി. “അലിഗ്സാൻഡ്ര ഞങ്ങളോടു പറഞ്ഞിട്ടുണ്ട്,” അധ്യാപിക വിവരിച്ചു. അതേ ഈ കൊച്ചു പെൺകുട്ടി തന്റെ അധ്യാപികയുമായി നയപൂർവം നേരത്തെതന്നെ ചർച്ച നടത്തിയിരുന്നു.
അത്തരം കുട്ടികൾ സധൈര്യം തുറന്നു സംസാരിക്കുന്നു. അങ്ങനെ, അവർ സങ്കീർത്തനം 148:12, 13-നു ചേർച്ചയിൽ പ്രവർത്തിക്കുകയാണ്: “യുവാക്കളും യുവതികളും, വൃദ്ധന്മാരും ബാലന്മാരും, ഇവരൊക്കെയും യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ. അവന്റെ നാമം മാത്രം ഉയർന്നിരിക്കുന്നതു. അവന്റെ മഹത്വം ഭൂമിക്കും ആകാശത്തിന്നും മേലായിരിക്കുന്നു.”