അതു നഷ്ടപ്പെടുത്താൻ നിങ്ങളാഗ്രഹിക്കുകയില്ല!
അതു നഷ്ടപ്പെടുത്താൻ നിങ്ങളാഗ്രഹിക്കുകയില്ല!
എന്തു നഷ്ടപ്പെടുത്താൻ? യഹോവയുടെ സാക്ഷികളുടെ സത്വരം സമീപിക്കുന്ന “ദൈവസമാധാന സന്ദേശവാഹകർ” ഡിസ്ട്രിക്ററ് കൺവെൻഷൻ! മിക്ക സ്ഥലങ്ങളിലും വെള്ളിയാഴ്ച രാവിലെ 9:30-നു സംഗീത പരിപാടിയോടെ കൺവെൻഷൻ ആരംഭിക്കും. “തീക്ഷ്ണതയുള്ള സമാധാന പ്രഘോഷകരെ ശ്രദ്ധിക്കൽ” എന്ന പ്രസംഗത്തിൽ നടത്തുന്ന വിശ്വാസത്തെ ബലിഷ്ഠമാക്കുന്ന അഭിമുഖങ്ങൾ ശ്രവിച്ചശേഷം, “ദൈവം നമ്മിൽനിന്ന് എന്താണ് ആവശ്യപ്പെടുന്നത്?” എന്ന പ്രോത്സാഹജനകമായ പ്രസംഗം നിങ്ങൾ ആസ്വദിക്കും.
“ദൈവസമാധാന സന്ദേശവാഹകർ എന്നനിലയിൽ നമ്മുടെ പങ്ക്” എന്ന ഉത്തേജകമായ മുഖ്യവിഷയ പ്രസംഗം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞത്തെ ഒരു സവിശേഷതയായിരിക്കും. അടുത്തതായി, “ദൈവത്തിന്റെ നിബന്ധനകൾ മനസ്സിലാക്കാൻ മറ്റുള്ളവരെ സഹായിക്കൽ” എന്ന പ്രസംഗം പുതിയവരെ പഠിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ പ്രദാനംചെയ്യും. അതേത്തുടർന്ന്, “വിനോദത്തിന്റെ മറഞ്ഞുകിടക്കുന്ന കെണികൾക്കെതിരെ ജാഗരൂകരായിരിക്കുവിൻ” എന്ന സമയോചിതമായ ഒരു സിമ്പോസിയം ഉണ്ടായിരിക്കുന്നതാണ്. “പിശാചിനെ എതിർക്കുവിൻ—മത്സരം വെച്ചുപൊറുപ്പിക്കാതിരിപ്പിൻ,” “ദൈവവചനത്തിന്റെ അഖണ്ഡത വിശ്വസ്തതയോടെ ഉയർത്തിപ്പിടിക്കൽ” എന്നീ പ്രസംഗങ്ങളോടെ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞത്തെ പരിപാടി സമാപിക്കും.
“സമാധാന സുവാർത്ത എത്തിക്കുന്ന സന്ദേശവാഹകർ” എന്ന മൂന്നു ഭാഗങ്ങളുള്ള സിമ്പോസിയത്തിൽ ശനിയാഴ്ച രാവിലത്തെ പരിപാടി, ശിഷ്യരാക്കൽ വേലയുടെ പ്രാധാന്യത്തിന് ഊന്നൽ നൽകും. “യഹോവയുടെ സ്ഥാപനത്തിനുള്ളിൽ സന്തോഷത്തോടെ കൊടുക്കൽ,” “സമർപ്പണത്തിലൂടെയും സ്നാപനത്തിലൂടെയും ജീവനും സമാധാനവും” എന്നീ പ്രസംഗങ്ങളോടെ സെഷൻ സമാപിക്കും. അതിനുശേഷം പുതിയ ശിഷ്യർക്കു സ്നാപനമേൽക്കാൻ അവസരമുണ്ടായിരിക്കും.
“കാര്യാദികളെക്കുറിച്ചുള്ള യഹോവയുടെ ചിന്താഗതികൾ പരിഗണിക്കുവിൻ” എന്ന ശനിയാഴ്ച ഉച്ചകഴിഞ്ഞത്തെ അവതരണം, ‘ക്രിസ്ത്യാനികൾ ഇന്നു വേർതിരിക്കൽ വേലയിൽ പങ്കുപറ്റുന്നുണ്ടോ?’ ‘വധശിക്ഷ സംബന്ധിച്ചു ബൈബിളിന്റെ വീക്ഷണമെന്ത്?’ തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകും. “സമാധാനത്തിന്റെ ദൈവം നിങ്ങൾക്കുവേണ്ടി കരുതുന്നു” എന്ന രണ്ടു ഭാഗങ്ങളടങ്ങിയ സിമ്പോസിയവും നിങ്ങൾ ആസ്വദിക്കും, “കുടുംബജീവിതത്തിൽ ദൈവസമാധാനം പിന്തുടരുവിൻ” എന്ന സമാപന പ്രസംഗം പ്രത്യേകിച്ചും.
“ശരിയായ തരത്തിലുള്ള സന്ദേശവാഹകരെ തിരിച്ചറിയിക്കൽ” എന്ന മൂന്നു ഭാഗങ്ങളുള്ള സിമ്പോസിയവും “ദൈവവചനം ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക” എന്ന പ്രസംഗവും ഞായറാഴ്ച രാവിലത്തെ പരിപാടിയിൽ ഉൾപ്പെടും. ന്യായാധിപനായ ഗിദെയോനെക്കുറിച്ചുള്ള ബൈബിൾ വിവരണത്തിൽനിന്നു മൂല്യവത്തായ പാഠങ്ങൾ വ്യക്തമാക്കുന്ന പൂർണ-പൗരാണിക വേഷവിധാനങ്ങളോടുകൂടിയ ഒരു നാടകത്തോടെ രാവിലത്തെ പരിപാടി സമാപിക്കും.
ഞായറാഴ്ച ഉച്ചകഴിഞ്ഞ്, “ഒടുവിൽ യഥാർഥ സമാധാനം!—ഏത് ഉറവിൽനിന്ന്?” എന്ന ശീർഷകത്തിലുള്ള പരസ്യപ്രസംഗം കൺവെൻഷന്റെ ഒടുവിലത്തെ സെഷന്റെ വിശേഷഭാഗമായിരിക്കും. ഒടുവിൽ, “ദൈവസമാധാന സന്ദേശവാഹകർ എന്ന നിലയിൽ മുന്നേറുന്നു” എന്ന പ്രചോദനമേകുന്ന പ്രസംഗത്തോടെ കൺവെൻഷൻ പര്യവസാനിക്കും.
പങ്കെടുക്കുന്നതിന് ഇപ്പോൾ ആസൂത്രണം ചെയ്യുക. നിങ്ങളുടെ വീടിനോട് ഏറ്റവും അടുത്ത സ്ഥലം ഏതെന്നറിയാൻ യഹോവയുടെ സാക്ഷികളുടെ പ്രാദേശിക രാജ്യഹാളുമായി ബന്ധപ്പെടുകയോ ഈ മാസികയുടെ പ്രസാധകർക്ക് എഴുതുകയോ ചെയ്യുക. ഉണരുക!യുടെ ജൂൺ 8 ലക്കം ഇന്ത്യയിലുള്ള മുഴു കൺവെൻഷൻ സ്ഥലവും പട്ടികപ്പെടുത്തുന്നതായിരിക്കും.