“നിന്റെ കല്പനകൾ ഒക്കെയും സത്യം തന്നേ”
രാജ്യപ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
“നിന്റെ കല്പനകൾ ഒക്കെയും സത്യം തന്നേ”
തന്റെ മരണത്തിനു തൊട്ടുമുമ്പു മോശ, യഹോവയുടെ കൽപ്പനകളോരോന്നും അനുസരിക്കാൻ ഇസ്രായേൽ ജനതയെ ഉപദേശിച്ചു. “ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ ഒക്കെയും പ്രമാണിച്ചുനടക്കേണ്ടതിന്നു നിങ്ങൾ നിങ്ങളുടെ മക്കളോടു കല്പിപ്പാന്തക്കവണ്ണം ഞാൻ ഇന്നു നിങ്ങൾക്കു സാക്ഷീകരിക്കുന്ന സകല വചനങ്ങളും മനസ്സിൽ വെച്ചുകൊൾവിൻ. ഇതു നിങ്ങൾക്കു വ്യർത്ഥകാര്യമല്ല, നിങ്ങളുടെ ജീവൻതന്നേ ആകുന്നു,” അവൻ പറഞ്ഞു—ആവർത്തനപുസ്തകം 32:46, 47.
“യഹോവേ, നീ സമീപസ്ഥനാകുന്നു; നിന്റെ കല്പനകൾ ഒക്കെയും സത്യം തന്നേ” എന്നു നൂറുകണക്കിനു വർഷങ്ങൾക്കുശേഷം സങ്കീർത്തനക്കാരൻ പറഞ്ഞപ്പോൾ ദൈവത്തിന്റെ സകല പഠിപ്പിക്കലുകളുടെയും പ്രാധാന്യം അവൻ എടുത്തുകാട്ടി. (സങ്കീർത്തനം 119:151) “ദൈവത്തിന്റെ [“യഹോവയുടെ,” NW] വായിൽകൂടി വരുന്ന സകലവചന”ത്തിന്റെയും മൂല്യത്തെക്കുറിച്ച് ഒന്നാം നൂറ്റാണ്ടിൽ യേശുതന്നെയും പരാമർശിക്കുകയുണ്ടായി. (മത്തായി 4:4) ‘എല്ലാതിരുവെഴുത്തും ദൈവശ്വാസീയവും പ്രയോജനമുള്ളതും ആകുന്നു’ എന്നു ദൈവത്തിന്റെ മാർഗദർശനത്തിൻ കീഴിൽ പൗലോസ് അപ്പോസ്തലനും എഴുതി.—2 തിമൊഥെയൊസ് 3:16.
തന്റെ വചനത്തിന്റെ പേജുകളിൽ നമുക്കു പകർന്നു തന്നിരിക്കുന്ന മുഴു സന്ദേശവും സഗൗരവം പരിചിന്തിക്കാൻ യഹോവ തന്റെ ആരാധകരിൽനിന്നു പ്രതീക്ഷിക്കുന്നുവെന്നതു വ്യക്തമാണ്. മൂല്യമില്ലാത്ത ഒരൊറ്റ വാക്യംപോലും ബൈബിളിലില്ല. ദൈവവചനത്തെക്കുറിച്ചു യഹോവയുടെ സാക്ഷികൾക്ക് അങ്ങനെയാണു തോന്നുന്നത്. അതു ദൃഷ്ടാന്തീകരിക്കുന്നതാണു മൗറീഷ്യസിൽനിന്നുള്ള പിൻവരുന്ന അനുഭവം.
ശ്രീ. ഡി—— ഒരു വിദൂര ഗ്രാമത്തിലാണു താമസിച്ചിരുന്നത്. അവിടെ അദ്ദേഹം രാത്രി പാറാക്കാരനായിരുന്നു. ദൈവത്തെ ആരാധിക്കാനുള്ള ശരിയായ വിധം എന്താണെന്ന് അദ്ദേഹം ആത്മാർഥമായി തേടാൻ തുടങ്ങിയിട്ടു കാലം കുറേ ആയിരുന്നു. രാത്രിയിൽ തന്റെ ജോലിക്കിടയിൽ അദ്ദേഹം ബൈബിൾ വായിക്കാൻ തുടങ്ങി. ക്രമേണ അദ്ദേഹം അത് ആദ്യന്തം വായിച്ചുതീർത്തു. ദൈവത്തിന്റെ പേര് യഹോവ എന്നാണെന്ന് അദ്ദേഹം മനസ്സിലാക്കി. ആ പേര് അദ്ദേഹത്തിന്റെ ഹിന്ദി ബൈബിളിൽ പലതവണ കാണാവുന്നതാണ്. വെളിപാടു പുസ്തകം പ്രത്യേകിച്ചും ആകർഷകമായി അദ്ദേഹം കണ്ടെത്തി.
പിന്നീട്, മുഴു ബൈബിളും പിന്തുടരുന്ന ഒരു മതമുണ്ടോ എന്ന് അദ്ദേഹം ചിന്തിച്ചു. തനിക്ക് അറിയാവുന്ന മതങ്ങൾ അങ്ങേയറ്റം പോയാൽ, ബൈബിളിന്റെ ചില ഭാഗങ്ങൾ മാത്രമേ പിന്തുടരുന്നുള്ളൂ എന്ന വസ്തുത അദ്ദേഹം ശ്രദ്ധിച്ചു. ചില മതങ്ങൾ എബ്രായ തിരുവെഴുത്തുകൾ അംഗീകരിക്കുകയും ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകൾ തള്ളിക്കളയുകയും ചെയ്തു. മറ്റു മതങ്ങൾ ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകൾക്കു പ്രായോഗിക മൂല്യം കൽപ്പിച്ചുകൊണ്ട് എബ്രായ തിരുവെഴുത്തുകൾ അവഗണിച്ചിരുന്നു.
ഒരു ദിവസം ശ്രീ. ഡി—— ഒരു വിവാഹിത ദമ്പതികൾ മഴയത്തു നനയുന്നതുകണ്ട് അതിൽനിന്നു സംരക്ഷണം നൽകാനായി അവരെ തന്റെ വീട്ടിലേക്കു ക്ഷണിച്ചു. അവർ യഹോവയുടെ സാക്ഷികളായിരുന്നു. ഭാര്യയുടെ കയ്യിൽ വെളിപാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! a എന്ന പുസ്തകമുണ്ടായിരുന്നു. ഉടനടി ശ്രീ. ഡി—— അവരോട് ആ പുസ്തകം ആവശ്യപ്പെട്ടു. വെളിപാടിലെ പ്രവചനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഗ്രഹിക്കാൻ പ്രയാസകരമാണെന്നു സാക്ഷികൾക്കു തോന്നി. തന്മൂലം അവർ അതിനുപകരം മറ്റൊരു പുസ്തകം അദ്ദേഹത്തിനു വാഗ്ദാനം ചെയ്തു. എന്നാൽ തനിക്കു വെളിപാട് പുസ്തകം തന്നെ വേണമെന്നു ശ്രീ. ഡി—— നിർബന്ധം പിടിച്ചു.
ആ പുസ്തകത്തിന്റെ പ്രതി കിട്ടിയ ഉടനെ അദ്ദേഹം അതു വായിച്ചു. അദ്ദേഹം പിന്നീടു യഹോവയുടെ സാക്ഷികളുമായി ഒരു ബൈബിളധ്യയത്തിനു സമ്മതിച്ചു. സാക്ഷികൾ മുഴു ബൈബിളിനും അങ്ങേയറ്റം മൂല്യം കൽപ്പിക്കുന്നുവെന്ന വസ്തുത ഉടനടി അദ്ദേഹത്തിൽ മതിപ്പുളവാക്കി. എബ്രായ തിരുവെഴുത്തുകളും ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളും ശ്രദ്ധാപൂർവം പഠിക്കുന്ന യഹോവയുടെ സാക്ഷികളുടെ രാജ്യഹാളിൽ അദ്ദേഹം യോഗങ്ങൾക്കു ക്രമമായി ഹാജരാകാൻ തുടങ്ങി. ഇപ്പോൾ അദ്ദേഹം ഒരു രാജ്യപ്രഘോഷകനും ക്രിസ്തീയ സഭയിലെ സ്നാപനമേറ്റ അംഗവുമാണ്.
[അടിക്കുറിപ്പ]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചത്.