യഹോവ എന്നോടൊപ്പമുണ്ടെന്നു തെളിഞ്ഞു
യഹോവ എന്നോടൊപ്പമുണ്ടെന്നു തെളിഞ്ഞു
മാക്സ് ഹെനിങ് പറഞ്ഞപ്രകാരം
വർഷം 1933. അഡോൾഫ് ഹിറ്റ്ലർ ജർമനിയിൽ അധികാരത്തിൽ വന്ന സമയം. എന്നാൽ, ബെർലിനിലെ 500-ഓളം യഹോവയുടെ സാക്ഷികൾ ചഞ്ചലചിത്തരായില്ല. ചെറുപ്പക്കാരായ പലരും പയനിയർമാർ അഥവാ മുഴുസമയ ശുശ്രൂഷകരായി. ചിലർ മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കു നിയമനം സ്വീകരിക്കുകപോലുമുണ്ടായി. ഞാനും എന്റെ സുഹൃത്ത് വെർനർ ഫ്ളാറ്റനും പരസ്പരം ചോദിക്കുമായിരുന്നു: ‘നാമെന്തിനാ തങ്ങിത്തങ്ങിനിന്നു സമയം പാഴാക്കുന്നത്? നമുക്കു പയനിയറിങ് ചെയ്യരുതോ?’
ഞാൻ 1909-ൽ ജനിച്ച് എട്ടു ദിവസം കഴിഞ്ഞപ്പോൾ, സ്നേഹനിധികളായ വളർത്തുമാതാപിതാക്കളുടെ സംരക്ഷണയിലായി. 1918-ൽ എന്റെ കൊച്ചു വളർത്തുസഹോദരിയുടെ പെട്ടെന്നുള്ള മരണം ഞങ്ങളുടെ കുടുംബത്തെ ആകെ ഉലച്ചു. അതിനുശേഷം അധികം താമസിയാതെ ബൈബിൾ വിദ്യാർഥികൾ—യഹോവയുടെ സാക്ഷികൾ അന്ന് അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്—ഞങ്ങളുടെ വീട്ടിൽ വന്നു. ബൈബിൾ സത്യം സ്വീകരിക്കാൻ എന്റെ വളർത്തുമാതാപിതാക്കൾ തങ്ങളുടെ ഹൃദയം തുറന്നു. ആത്മീയ കാര്യങ്ങൾ വിലമതിക്കാൻ അവർ എന്നെയും പഠിപ്പിച്ചു.
ഞാൻ ലൗകിക വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, ഒരു പ്ലംബർ ആയിത്തീർന്നു. എന്നാൽ സർവോപരി, ഞാൻ ആത്മീയമായി ഉറച്ചു നിലകൊണ്ടു. ഞാനും വെർനറും 1933 മേയ് 5-നു പയനിയറിങ് തുടങ്ങി. ബെർലിനിൽനിന്നു 100 കിലോമീറ്റർ അകലെയുള്ള ഒരു പട്ടണത്തിലേക്കു ഞങ്ങൾ സൈക്കിൾ ചവിട്ടി പോകുമായിരുന്നു. രണ്ടാഴ്ച അവിടെ താമസിച്ചു പ്രസംഗവേല ചെയ്തു. പിന്നീട് അത്യാവശ്യ കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാനായി ഞങ്ങൾ ബെർലിനിലേക്കു തിരിച്ചു. അതിനുശേഷം ഞങ്ങൾ വീണ്ടും രണ്ടാഴ്ചത്തേക്കു ഞങ്ങളുടെ പ്രസംഗപ്രദേശത്തേക്കു മടങ്ങി.
വേറെ രാജ്യത്തു സേവനമനുഷ്ഠിക്കാൻ ഞങ്ങൾ അപേക്ഷിച്ചു. 1993 ഡിസംബറിൽ ഞങ്ങൾക്ക് അന്നത്തെ യൂഗോസ്ലാവ്യയിലേക്കു നിയമനം ലഭിച്ചു. എന്നാൽ, അവിടേക്കു പോകുന്നതിനു മുമ്പ്, ഞങ്ങളുടെ നിയമനം നെതർലൻഡ്സിലെ യൂട്രെക്റ്റിലേക്കു മാറ്റി. അതിനുശേഷം പെട്ടെന്നുതന്നെ ഞാൻ സ്നാപനമേറ്റു. അന്നൊക്കെ സ്നാപനത്തിന് അത്ര പ്രധാന്യം കൽപ്പിച്ചിരുന്നില്ല; ശുശ്രൂഷയായിരുന്നു പ്രധാനം. യഹോവയിലുള്ള ആശ്രയം ഇപ്പോൾ എന്റെ ജീവിതത്തിൽ അവിഭാജ്യ ഘടകമായിത്തീർന്നിരിക്കുന്നു. ബൈബിൾ സങ്കീർത്തനക്കാരന്റെ ഈ വാക്കുകളിൽ ഞാൻ വളരെയധികം സാന്ത്വനമടഞ്ഞു: “ഇതാ, ദൈവം എന്റെ സഹായകനാകുന്നു; കർത്താവു എന്റെ പ്രാണനെ താങ്ങുന്നവരോടു കൂടെ ഉണ്ടു.”—സങ്കീർത്തനം 54:4.
നെതർലൻഡ്സിലെ പയനിയറിങ്
നെതർലൻഡ്സിലെത്തി അധികം താമസിയാതെ ഞങ്ങളുടെ നിയമനം റോട്ടർഡാം നഗരത്തിലേക്കു മാറ്റി. ഞങ്ങൾ താമസിച്ചുകൊണ്ടിരുന്ന കുടുംബത്തിലെ അച്ഛനും മകനും പയനിയർമാരായിരുന്നു. ഏതാനും മാസങ്ങൾക്കു ശേഷം, യൂട്രെക്റ്റിൽനിന്ന് അധികം ദൂരത്തല്ലാതെ സ്ഥിതിചെയ്യുന്ന ലീർസം എന്ന പട്ടണത്തിൽ പയനിയർമാർക്കു താമസിക്കാനായി ഒരു വലിയ വീടു വാങ്ങിയപ്പോൾ വെർനറും ഞാനും അങ്ങോട്ടു താമസംമാറ്റി.
ആ പയനിയർ ഭവനത്തിൽ താമസിക്കവേ, ഞങ്ങൾ അടുത്തുള്ള പ്രദേശത്തേക്കു സൈക്കിൾ സവാരിചെയ്തു പോകുമായിരുന്നു. ദൂരെയുള്ള പ്രദേശത്ത് എത്തുന്നതിന് ഏഴു പേർക്കിരിക്കാവുന്ന കാറ് ഉപയോഗിക്കുമായിരുന്നു. അന്ന് നെതർലൻഡ്സിൽ ആകമാനം നൂറു സാക്ഷികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന്, 60 വർഷത്തിനുശേഷം, ആ പയനിയർ ഭവനത്തിൽ താമസിച്ചുകൊണ്ടു ഞങ്ങൾ പ്രവർത്തിച്ചിരുന്ന പ്രദേശത്ത് ഏതാണ്ട് 50 സഭകളിലായി 4,000 പ്രസാധകരുണ്ട്!
ഞങ്ങൾ ദിവസേന 14 മണിക്കൂർ ശുശ്രൂഷയിൽ ചെലവഴിച്ചുകൊണ്ടു കഠിനാധ്വാനം ചെയ്തു, അതു ഞങ്ങളെ സന്തുഷ്ടരുമാക്കി. സാധിക്കുന്നിടത്തോളം സാഹിത്യം സമർപ്പിക്കുകയായിരുന്നു ഒരു മുഖ്യ ലക്ഷ്യം. മിക്കപ്പോഴും ഞങ്ങൾ ദിവസേന നൂറിലധികം ചെറുപുസ്തകങ്ങൾ താത്പര്യക്കാർക്കു നൽകുക പതിവായിരുന്നു. മടക്കസന്ദർശനവും ബൈബിളധ്യയനവും അതുവരെ ഞങ്ങളുടെ ക്രമമായ പ്രവർത്തനത്തിന്റെ ഭാഗമായിരുന്നില്ല.
ഒരിക്കൽ ഞാനും എന്റെ സുഹൃത്തും ഫ്രാസ്വാക്ക് പട്ടണത്തിൽ പ്രവർത്തിക്കുകയായിരുന്നു. സൈനിക കോട്ടയുടെ കവാടത്തിനടുത്തുവെച്ച് അദ്ദേഹം ഒരാൾക്കു സാക്ഷ്യം നൽകിക്കൊണ്ടിരുന്ന നേരത്തു ഞാൻ ബൈബിൾ വായിക്കാൻ തുടങ്ങി. ചെമപ്പും നീലയും നിറത്തിൽ അതിൽ വേണ്ടുവോളം അടിവരയിട്ടിട്ടുണ്ടായിരുന്നു. പിന്നീട്, സമീപത്തുള്ള ഒരു മേൽക്കൂരയിൽ പണിതുകൊണ്ടിരുന്ന ഒരു ആശാരി, ഞാൻ ഏതോ ചാരനായിരിക്കാൻ ഇടയുണ്ടെന്ന് ആ മനുഷ്യനു മുന്നറിയിപ്പു കൊടുത്തു. തത്ഫലമായി, അന്നുതന്നെ ഒരു കടക്കാരനു സാക്ഷ്യം നൽകിക്കൊണ്ടിരുന്നപ്പോൾ എന്നെ അറസ്റ്റുചെയ്ത് എന്റെ ബൈബിൾ കണ്ടുകെട്ടി.
എന്നെ കോടതിയിൽ ഹാജരാക്കി. ബൈബിളിൽ വരച്ചിരിക്കുന്ന അടയാളങ്ങൾ കോട്ടയുടെ രൂപരേഖ തയ്യാറാക്കുന്നതിനുള്ള ശ്രമമായിരുന്നുവെന്നു കുറ്റമാരോപിക്കപ്പെട്ടു. ഞാൻ കുറ്റക്കാരനാണെന്നു തീർപ്പു കൽപ്പിച്ച്, ജഡ്ജി എന്നെ രണ്ടുവർഷത്തെ തടവിനു വിധിച്ചു. എന്നാൽ ഉപരിവിചാരണ ആവശ്യപ്പെടുകയും എന്നെ വെറുതെവിടുകയും ചെയ്തു. എന്നെ വെറുതെ വിട്ടതിൽ ഞാൻ എത്ര സന്തോഷവാനായിരുന്നു, എന്നാൽ കുറിപ്പുകളടക്കമുള്ള എന്റെ ബൈബിൾ തിരിച്ചുകിട്ടിയതിലായിരുന്നു എനിക്ക് ഏറെ സന്തോഷം!
1936 വേനൽക്കാലത്ത്, ഞാനും പയനിയർ ഭവനത്തിലെ പയനിയർമാരിലൊരാളായ റിക്കാർട്ട് ബ്രൗണിങും നെതർലൻഡ്സിന്റെ വടക്കു ഭാഗത്തു പ്രസംഗവേലയിലേർപ്പെട്ടുകൊണ്ടു വേനൽക്കാലം ചെലവഴിച്ചു. ആദ്യമാസം ഞങ്ങൾ ശുശ്രൂഷയിൽ 240 മണിക്കൂർ ചെലവഴിക്കുകയും ഒട്ടേറെ സാഹിത്യങ്ങൾ സമർപ്പിക്കുകയും ചെയ്തു. ഞങ്ങൾ ഒരു കൂടാരത്തിലാണു താമസിച്ചത്. തുണിയലക്കൽ, ഭക്ഷണം പാകംചെയ്യൽ ഇത്യാദി ആവശ്യങ്ങളെല്ലാം ഞങ്ങൾ സ്വയം നടത്തിപ്പോന്നു.
പിന്നീട്, ലൈറ്റ്ബെയറർ എന്നു പേരുള്ള ഒരു ബോട്ടിലേക്ക് എന്നെ മാറ്റി. അതു നെതർലൻഡിസിന്റെ വടക്കു സുവിദിതമായിത്തീർന്നു. ആ ബോട്ടിൽ അഞ്ചു പയനിയർമാർ താമസിച്ചിരുന്നു. അതിന്റെ സഹായത്തോടെ ഒറ്റപ്പെട്ടു കിടക്കുന്ന ഒട്ടേറെ പ്രദേശങ്ങളിൽ എത്തിച്ചേരാൻ ഞങ്ങൾക്കു സാധിച്ചു.
കൂടുതലായ പദവികൾ
1938-ൽ ഞാൻ മേഖലാ ദാസനായി—യഹോവയുടെ സാക്ഷികളുടെ സർക്കിട്ട് മേൽവിചാരകന്മാർ അന്ന് അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്—നിയമിക്കപ്പെട്ടു, തന്മൂലം, ഞാൻ ലൈറ്റ്ബെയറർ വിട്ട് സഭകളെയും മൂന്നു ദക്ഷിണ പ്രവിശ്യകളിലുള്ള ഒറ്റപ്പെട്ട സാക്ഷികളെയും സന്ദർശിക്കാൻ തുടങ്ങി.
സൈക്കിളായിരുന്നു ഞങ്ങളുടെ ഏക യാത്രാമാധ്യമം. ഒരു സഭയിൽനിന്നു മറ്റൊന്നിലേക്കോ താത്പര്യക്കാരായ ആളുകളുടെ ഒരു സമൂഹം വിട്ടു മറ്റൊന്നിലേക്കോ യാത്ര ചെയ്യുന്നതിനു മിക്കപ്പോഴും ഒരു മുഴു ദിവസവും വേണ്ടിവന്നിട്ടുണ്ട്. അങ്ങനെ സന്ദർശിച്ചിട്ടുള്ള നഗരങ്ങളിലൊന്നാണു ഞാൻ ഇപ്പോൾ താമസിക്കുന്ന ബ്രെഡാ. അന്ന്, ബ്രെഡായിൽ സഭയില്ലായിരുന്നു, വൃദ്ധരായ ഒരു സാക്ഷി ദമ്പതികൾ മാത്രം.
ലിംബർഗിലെ സഹോദരങ്ങളെ സേവിക്കവേ, യോഹാൻ പീപർ എന്നു പേരുള്ള ഒരു ഖനിത്തൊഴിലാളി ഉന്നയിച്ച ഒട്ടേറെ ചോദ്യങ്ങൾക്ക് ഉത്തരംനൽകാൻ ഞാൻ ക്ഷണിക്കപ്പെട്ടു. അദ്ദേഹം ബൈബിൾ സത്യത്തിനുവേണ്ടി ഉറച്ച നിലപാടു സ്വീകരിക്കുകയും ധീരനായ ഒരു പ്രസംഗകൻ ആയിത്തീരുകയും ചെയ്തു. നാലു വർഷങ്ങൾക്കുശേഷം അദ്ദേഹം തടങ്കൽപ്പാളയത്തിലടക്കപ്പെട്ടു. അവിടെ അദ്ദേഹം മൂന്നര വർഷം ചെലവഴിച്ചു. മോചിപ്പിക്കപ്പെട്ടശേഷം അദ്ദേഹം തീക്ഷ്ണതാപൂർവം വീണ്ടും പയനിയറിങ്ങിലേർപ്പെട്ടു. ഇന്നും അദ്ദേഹം വിശ്വസ്തനായ ഒരു മൂപ്പനാണ്. 12 സാക്ഷികളുണ്ടായിരുന്ന ലിംബർഗിലെ ആ കൊച്ചു സഭ ഇന്ന് 1,550 പ്രസാധകരുള്ള 17 സഭകളായി വളർന്നിരിക്കുന്നു!
നാസി കാൽക്കീഴിൽ
1940 മേയിൽ നാസികൾ നെതർലൻഡ്സിനെ ആക്രമിച്ചു. ആംസ്റ്റർഡാമിലുള്ള വാച്ച് ടവർ സൊസൈറ്റിയുടെ ബ്രാഞ്ച് ഓഫീസിൽ വേല ചെയ്യുന്നതിന് എനിക്കു നിയമനം ലഭിച്ചു. അങ്ങേയറ്റം ജാഗ്രതയോടെ ഞങ്ങളുടെ വേല ചെയ്യേണ്ടിയിരുന്നു. അതു ഞങ്ങളെ ബൈബിളിലെ ഈ സദൃശവാക്യം വിലമതിക്കാൻ ഇടയാക്കി: ‘യഥാർഥ സ്നേഹിതൻ . . . കഷ്ടതയുള്ള നാളിലേക്കു ജനിച്ച ഒരു സഹോദരനാണ്.’ (സദൃശവാക്യങ്ങൾ 17:17, NW) ആ സമ്മർദ സമയത്ത് അഭിവൃദ്ധി പ്രാപിച്ച ഐക്യത്തിന്റെ ഹൃദ്യമായ ബന്ധം എന്റെ ആത്മീയ വളർച്ചയിൽ കാര്യമായ സ്വാധീനം ചെലുത്തി. കൂടാതെ ഏറെ ദുഷ്കരമായ ഭാവി ദിനങ്ങളിലേക്ക് അതെന്നെ സജ്ജനാക്കുകയും ചെയ്തു.
സഭകൾക്കു സാഹിത്യം എത്തിക്കുന്നതിന്റെ മേൽനോട്ടം വഹിക്കുകയായിരുന്നു എന്റെ നിയമനം. മിക്കപ്പോഴും അതു ചെയ്തിരുന്നതു സന്ദേശവാഹകരിലൂടെയാണ്. ഗസ്റ്റപ്പോ, ജർമനിയിൽ നിർബന്ധിത തൊഴിലാളികളായി വേലചെയ്യുന്നതിനു ചെറുപ്പക്കാരെ ഇടവിടാതെ തേടിക്കൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ടു ഞങ്ങൾ ക്രിസ്തീയ സഹോദരിമാരെ സന്ദേശവാഹകരായി ഉപയോഗിച്ചു. അതിനിടയിൽ, എല്ലായ്പോഴും നോണീ എന്നറിയപ്പെട്ടിരുന്ന വിൽഹെൽമിനാ ബേക്കറെ ഹേഗിൽനിന്നു ഞങ്ങളുടെ അടുക്കലേക്ക് അയയ്ക്കുകയുണ്ടായി. ഞാൻ അവളെ ഞങ്ങളുടെ ബ്രാഞ്ച് മേൽവിചാരകൻ, ആർതർ വിങ്ക്ളർ ഒളിവിൽ കഴിഞ്ഞിരുന്നിടത്തേക്കു കൊണ്ടുപോയി. തിരിച്ചറിയാതിരിക്കാൻ പരമാവധി ശ്രമിച്ചുകൊണ്ട്, തടികൊണ്ടുള്ള ഷൂസും മറ്റും ധരിച്ച്, ഞാൻ ഒരു ഡച്ച് കർഷകനെപോലെ വേഷവിധാനം ചെയ്ത്, തെരുവുകാറിൽ നോണിക്ക് അകമ്പടിയായി പോയി. ചിരിയടക്കാൻ തനിക്കു പെടാപ്പാടു കഴിക്കേണ്ടി വന്നതായി അവൾ പിന്നീട് എന്നോടു പറഞ്ഞു. കാരണം എന്നെ തിരിച്ചറിയാനാവുമായിരുന്നു.
1941 ഒക്ടോബർ 21-ന്, ആംസ്റ്റർഡാമിൽ സാഹിത്യങ്ങളും കടലാസ്സും ശേഖരിച്ചുവെച്ചിരുന്ന സ്ഥലം ശത്രുക്കൾക്ക് ഒറ്റിക്കൊടുക്കപ്പെട്ടു. ഗസ്റ്റപ്പോയുടെ മിന്നൽപരിശോധനയിൽ വിങ്ക്ളറും നോണിയും അറസ്റ്റുചെയ്യപ്പെട്ടു. അവരെ തടവിലേക്കു മാറ്റിയപ്പോൾ രണ്ടു ഗസ്റ്റപ്പോ ഏജന്റുമാർ, തിരക്കു പിടിച്ച തെരുവുകളിൽ തങ്ങളുടെ കണ്ണുവെട്ടിച്ചു കടന്നുകളഞ്ഞ “ഇരുണ്ട മുടിയുള്ള, കുറിയ ഒരുത്തനെ”ക്കുറിച്ചു സംസാരിക്കുന്നത് അവർ യാദൃച്ഛികമായി കേട്ടു. അവർ എന്നെക്കുറിച്ചായിരുന്നു സംസാരിച്ചത് എന്നതു വ്യക്തം. അതുകൊണ്ട് വിങ്ക്ളർ പുറത്തുള്ള സഹോദരങ്ങളുടെ പക്കൽ ഒരു കണക്കിനു സന്ദേശമെത്തിച്ചു. ഉടൻതന്നെ എന്നെ ഹേഗിലേക്കു മാറ്റി.
അതിനിടയിൽ, തടവിൽനിന്നു മോചിപ്പിക്കപ്പെട്ട നോണി പയനിയറിങ് ചെയ്യുന്നതിനുവേണ്ടി ഹേഗിൽ തിരിച്ചെത്തി. അവിടെവെച്ചു ഞാൻ അവളെ വീണ്ടും കണ്ടുമുട്ടി. എന്നാൽ റോട്ടർഡാമിലെ സഭാ ദാസൻ അറസ്റ്റുചെയ്യപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ സ്ഥാനത്തേക്ക് എന്നെ നിയോഗിച്ചയച്ചു. പിന്നീട്, ഗൗഡ സഭയിലെ സഭാ ദാസൻ അറസ്റ്റുചെയ്യപ്പെടുകയും അദ്ദേഹത്തിനു പകരമായി എന്നെ അവിടേക്ക് മാറ്റുകയും ചെയ്തു. ഒടുവിൽ, 1943 മാർച്ച് 29-ന് ഞാൻ പിടിക്കപ്പട്ടു. ഞാൻ ബൈബിൾ സാഹിത്യങ്ങളുടെ ശേഖരം പരിശോധിച്ചുകൊണ്ടിരിക്കെ, ഗസ്റ്റപ്പോ പൊടുന്നനെ ഒരു മിന്നൽ പരിശോധന നടത്തി.
ബൈബിൾ സാഹിത്യങ്ങൾ മേശപ്പുറത്തു നിരത്തിവച്ചിരുന്നതിനു പുറമെ ക്രിസ്തീയ സഹോദരീസഹോദരന്മാരുടെ പേരുള്ള ഒരു ലിസ്റ്റും ഉണ്ടായിരുന്നു, അതു കോഡ് ഭാഷയിലായിരുന്നെന്നുമാത്രം. അപ്പോഴും പ്രസംഗിക്കുന്നതിനു സ്വാതന്ത്ര്യമുണ്ടായിരുന്ന അവരെ സംരക്ഷിക്കുന്നതിന് എനിക്ക് ഒരു വഴികാണിച്ചുതരാൻ ഉത്കണ്ഠയോടെ ഞാൻ യഹോവയോട് അപേക്ഷിച്ചു. അയാളുടെ ശ്രദ്ധയിൽപ്പെടാതെ ആ ലിസ്റ്റിനു മുകളിൽ കൈ വച്ചിട്ട് എന്റെ ഉള്ളംകയ്യിൽ അതു ചുരുട്ടിക്കൂട്ടി എടുക്കുന്നതിന് എനിക്കു കഴിഞ്ഞു. പിന്നീട്, കക്കൂസിൽ പോകാൻ ഞാൻ അനുവാദം ചോദിച്ചു, ആ ലിസ്റ്റ് കുനുകുനെ കീറി കക്കൂസിൽ താഴ്ത്തിക്കളഞ്ഞു.
അത്തരം ആപത്സന്ധികളിലും, പൂർവകാലത്തു തന്റെ ജനവുമായുണ്ടായിരുന്ന യഹോവയുടെ ഇടപെടലുകളിൽനിന്നും വിടുതലിനെക്കുറിച്ചുള്ള അവന്റെ വാഗ്ദത്തങ്ങളിൽനിന്നും ശക്തിയാർജിക്കാൻ ഞാൻ പഠിച്ചു. എന്റെ മനസ്സിൽ സദാ കുടികൊള്ളുന്ന ഒരു നിശ്വസ്ത പ്രതിജ്ഞയാണിത്: “മനുഷ്യർ നമ്മോടു എതിർത്തപ്പോൾ, യഹോവ നമ്മുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ, . . . അവർ നമ്മെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു.”—സങ്കീർത്തനം 124:2, 3.
തടവറകളും തടങ്കൽപ്പാളയങ്ങളും
എന്നെ റോട്ടർഡാം തടവറയിലേക്കു കൊണ്ടുപോയി. അവിടേക്ക് എന്റെ ബൈബിൾ കൊണ്ടുപോരാൻ കഴിഞ്ഞതിൽ ഞാൻ കൃതജ്ഞനായിരുന്നു. എന്റെ പക്കൽ രക്ഷ (ഇംഗ്ലീഷ്) എന്ന പുസ്തകവും കുട്ടികൾ (ഇംഗ്ലീഷ്), എന്ന പുസ്തകത്തിന്റെ ചില ഭാഗങ്ങളും ഉണ്ടായിരുന്നു. പോരാതെ, ഈ സാഹിത്യങ്ങൾ വായിക്കാൻ ഇഷ്ടംപോലെ സമയവുമുണ്ടായിരുന്നു. ആറു മാസത്തിനു ശേഷം എനിക്കു ഗുരുതരമായ രോഗംബാധിച്ച് ആശുപത്രിയിൽ പോകേണ്ടിവന്നു. ജയിലിൽനിന്നു പോരുന്നതിനുമുമ്പു ഞാൻ എന്റെ സാഹിത്യം കിടക്കയ്ക്കുകീഴെ വെച്ചിട്ടുപോന്നു. പിന്നീട്, പിയറ്റ് ബ്രൂട്ട്ജസ് എന്റെ അറയിലേക്കു മാറ്റപ്പെടുകയും അദ്ദേഹം ആ പുസ്തകം കണ്ടുപിടിക്കുകയും ചെയ്തുവെന്ന് എനിക്കറിയാൻ കഴിഞ്ഞു. അങ്ങനെ മറ്റുള്ളവരെയും വിശ്വാസത്തിൽ ബലിഷ്ഠരാക്കുന്നതിന് ആ സാഹിത്യം ഉപകരിക്കുകയുണ്ടായി.
സുഖംപ്രാപിച്ചപ്പോൾ ഹേഗിലുള്ള ഒരു തടവറയിലേക്ക് എന്നെ മാറ്റുകയുണ്ടായി. അവിടെവെച്ച്, ലെയോ സി. വാൻ ഡർ റ്റാസ് എന്നുപേരുള്ള ഒരു നിയമവിദ്യാർഥിയെ കണ്ടുമുട്ടി. നാസി ആക്രമണത്തെ ചെറുത്തതിന് തടവിലാക്കപ്പെട്ടതായിരുന്നു അദ്ദേഹം. യഹോവയുടെ സാക്ഷികളെക്കുറിച്ച് ഒരിക്കലും കേട്ടിട്ടില്ലായിരുന്ന അദ്ദേഹത്തിനു സാക്ഷ്യം കൊടുക്കുന്നതിന് എനിക്ക് അവസരം ലഭിച്ചു. ചിലപ്പോഴെല്ലാം അദ്ദേഹം പാതിരാത്രിക്ക് എന്നെ വിളിച്ചെഴുന്നേൽപ്പിച്ചു ചോദ്യങ്ങൾ ചോദിക്കുമായിരുന്നു. അദ്ദേഹത്തിനു സാക്ഷികളോടുണ്ടായ വിലമതിപ്പു മറച്ചുപിടിക്കാനായില്ല, വിശ്വാസം ത്യജിച്ചുകൊണ്ട് ഒരു പ്രമാണപത്രത്തിൽ ഒപ്പിടുന്നപക്ഷം
ഞങ്ങൾക്കു പുറത്തുപോകാൻ കഴിയുമായിരുന്നുവെന്നറിഞ്ഞപ്പോൾ പ്രത്യേകിച്ചും. യുദ്ധത്തിനുശേഷം ലെയോ ഒരു വക്കീലായിത്തീരുകയും, ആരാധനാ സ്വാതന്ത്ര്യത്തോടു ബന്ധപ്പെട്ട ഡസൻകണക്കിനു കേസുകൾ വാച്ച് ടവർ സൊസൈറ്റിക്കുവേണ്ടി വാദിക്കുകയും ചെയ്തു.1944 ഏപ്രിൽ 29-നു ജർമനിയിലേക്കുള്ള 18 ദിവസത്തെ പീഡനാത്മകമായ യാത്രയ്ക്കായി എന്നെ ട്രെയിൻ കയറ്റി. മേയ് 18-ാം തീയതി ഞാൻ ബൂക്കൻവോൾഡ് തടങ്കൽപ്പാളയത്തിന്റെ കവാടങ്ങൾക്കുള്ളിലായി. ഏതാണ്ട് ഒരു വർഷത്തിനു ശേഷം സഖ്യസേനകൾ ഞങ്ങളെ മോചിപ്പിക്കുന്നതുവരെ ജീവിതം അവർണനീയമാം വിധം ദുഷ്കരമായിരുന്നു. ആയിരങ്ങൾ, അനേകരും ഞങ്ങളുടെ കൺമുമ്പിൽവെച്ച്, മരണമടഞ്ഞു. യുദ്ധ സാമഗ്രികൾ ഉല്പാദിപ്പിച്ചിരുന്ന ഫാക്ടറിയിൽ പണിയെടുക്കാൻ വിസമ്മതിച്ചതുകൊണ്ട് എന്നെ ഒരു ഓടയിൽ വേലചെയ്യാൻ നിയോഗിച്ചു.
ഒരു ദിവസം ഫാക്ടറി ബോംബിന് ഇരയായി. അനേകരും സുരക്ഷയ്ക്കായി സേനാഗൃഹങ്ങളിലേക്കു പാഞ്ഞു, മറ്റു ചിലർ മരക്കൂട്ടങ്ങൾക്കിടയിലേക്ക് ഓടി. ലക്ഷ്യം തെറ്റിയ ബോംബുകൾ സേനാഗൃഹങ്ങളുടെ മേൽ വീണു, കൊള്ളിവയ്ക്കൽ ബോംബുകൾ മരക്കൂട്ടത്തിനു തീ കൊളുത്തി. ഭീതിദമായ കാഴ്ച! നിരവധിപേർ വെന്തുമരിച്ചു! ഞാനൊരു സുരക്ഷിത സ്ഥാനം കണ്ടുപിടിച്ചു, തീ ഒന്നു കെട്ടടങ്ങിയപ്പോൾ എണ്ണിയാൽ തീരാത്ത മൃതശരീരങ്ങൾ കടന്നു ഞാൻ പാളയത്തിലേക്കു തിരിച്ചുപോയി.
നാസി കൂട്ടക്കൊലയിലെ ഘോരതകളെക്കുറിച്ച് ഇന്നു മിക്കവർക്കും അറിയാം. ഞാൻ അനുഭവിച്ച ഘോരതകൾ വർഷങ്ങളിലുടനീളം എന്റെ ചിന്തയിൽ ആധിപത്യം പുലർത്താത്തവിധം യഹോവ എന്റെ ചിന്താപ്രാപ്തിയെ ശക്തമാക്കിയതിൽ ഞാൻ അവനോടു നന്ദിയുള്ളവനാണ്. തടവിലായിരുന്ന കാലഘട്ടത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം നുരഞ്ഞുപൊന്തുന്ന വികാരം, യഹോവയുടെ നാമത്തിനു മഹിമ കരേറ്റിക്കൊണ്ട് നിർമലത പാലിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷമാണ്.—സങ്കീർത്തനം 124:6-8.
യുദ്ധാനന്തര പ്രവർത്തനം
മോചിപ്പിക്കപ്പെട്ടശേഷം ആംസ്റ്റർഡാമിലേക്കു മടങ്ങിയ ഞാൻ ഒരു നിയമനത്തിനുവേണ്ടി നേരെ ബ്രാഞ്ച്
ഓഫീസിൽ റിപ്പോർട്ടു ചെയ്തു. എന്റെ അസാന്നിദ്ധ്യത്തിൽ എന്തെല്ലാം നടന്നുവെന്നറിയാൻ എനിക്കു വളരെ ആകാംക്ഷയായിരുന്നു. നോണി മുമ്പേതന്നെ അവിടെ വേലചെയ്യുന്നുണ്ടായിരുന്നു. യുദ്ധത്തിന്റെ അവസാന വർഷം, സഭകൾക്കു ബൈബിൾ സാഹിത്യങ്ങൾ വിതരണം ചെയ്തുകൊണ്ട് ഒരു സന്ദേശവാഹകയായി അവൾ സേവനമനുഷ്ഠിച്ചിരുന്നു. പലപ്പോഴും കഷ്ടിച്ചു രക്ഷപ്പെട്ടതുകൊണ്ട് അവളെ വീണ്ടും അറസ്റ്റുചെയ്യുകയുണ്ടായില്ല.ഞാൻ കുറച്ചുനാൾ ഹാർലമിൽ പയനിയറിങ് ചെയ്തു. എന്നാൽ ആംസ്റ്റർഡാമിലുള്ള ബ്രാഞ്ചിൽ ഷിപ്പിങ് വിഭാഗത്തിൽ വേലചെയ്യുന്നതിന് 1946-ൽ എന്നോട് ആവശ്യപ്പെട്ടു. 1948-ന്റെ അവസാനത്തോടെ ഞാനും നോണിയും വിവാഹിതരായി. ഒരുമിച്ചു പയനിയറിങ് ചെയ്യുന്നതിനുവേണ്ടി ഞങ്ങൾ ബ്രാഞ്ചിൽനിന്നു പോന്നു. ഞങ്ങളുടെ പയനിയറിങ് നിയമനം ആസനിലായിരുന്നു. പന്ത്രണ്ടു വർഷംമുമ്പു ഞാനും റിച്ചർഡ് ബ്രൗണിങും കൂടാരത്തിൽ കഴിഞ്ഞുകൊണ്ടു പ്രസംഗവേലയ്ക്കായി അവിടെ വേനൽക്കാലം ചെലവഴിച്ചിരുന്നതാണ്. ഒരു തടങ്കൽപ്പാളയത്തിലേക്കുള്ള യാത്രയ്ക്കിടയിൽ റിച്ചാർഡിനെ വെടിവെച്ചു കൊന്നതായി എനിക്കറിയാൻ കഴിഞ്ഞു.
തടവിലാക്കപ്പെട്ട കാലഘട്ടം എന്റെ ആരോഗ്യത്തിനു ഗുരുതരമായ ഹാനി വരുത്തിയിരുന്നു. ബൂക്കൻവോൾഡിൽനിന്നു വിടുവിക്കപ്പെട്ട് ആറു വർഷത്തിനുശേഷം, ഞാൻ രോഗഗ്രസ്തനായി നാലു മാസം കിടപ്പിലായി. വർഷങ്ങൾക്കു ശേഷം, 1957-ൽ, ക്ഷയരോഗം നിമിത്തം ഒരു വർഷം മുഴുവൻ ഞാൻ വല്ലാതെ അവശനായി. എന്റെ ശരീരത്തിൽനിന്നു ശക്തിമുഴുവൻ ചോർന്നുപോയി. എന്നാൽ അപ്പോഴും പയനിയർ ആത്മാവ് എന്നിൽ ശക്തമായിരുന്നു. രോഗഗ്രസ്തനായിരുന്ന സമയം, കിട്ടിയ അവസരമെല്ലാം ഞാൻ സാക്ഷ്യം കൊടുക്കുന്നതിനു പ്രയോജനപ്പെടുത്തി. എന്റെ രോഗങ്ങൾ, എന്നെ തീരാരോഗിയാക്കി മാറ്റാത്തതിനു മുഖ്യ കാരണം ഈ പയനിയർ ആത്മാവാണെന്ന് എനിക്കു തോന്നുന്നു. ഞങ്ങളുടെ ആരോഗ്യസ്ഥിതി അനുവദിക്കുന്നിടത്തോളംകാലം മുഴുസമയ സേവനത്തിൽ തുടരാൻ ഞാനും നോണിയും നിശ്ചയദാർഢ്യമുള്ളവരാണ്.
ഞാൻ സുഖം പ്രാപിച്ചശേഷം ബ്രെഡാ എന്ന നഗരത്തിലേക്കു ഞങ്ങൾക്കു നിയമനം ലഭിച്ചു. ഒരു മേഖലാ ദാസൻ എന്ന നിലയിൽ ഞാൻ ആ നഗരം സന്ദർശിച്ച് 21 വർഷത്തിനു ശേഷമായിരുന്നു അത്. 1959-ൽ ഞങ്ങൾ അവിടെ എത്തിയപ്പോൾ 34 സാക്ഷികളുള്ള ഒരു ചെറിയ സഭയായിരുന്നു അവിടെ ഉണ്ടായിരുന്നത്. ഇന്ന്, 37 വർഷത്തിനുശേഷം, മൂന്നു രാജ്യഹാളുകളിലായി 500-ലധികം സാക്ഷികൾ കൂടിവരുന്ന ആറു സഭകളായി അതു വളർന്നിരിക്കുന്നു! ഞങ്ങളുടെ എന്തെങ്കിലുമൊക്കെ ശ്രമഫലമായി ബൈബിൾ സത്യത്തിന്റെ അറിവിലെത്തിയ അനേകരെയും പ്രാദേശിക യോഗങ്ങളിലും സമ്മേളനങ്ങളിലും ഞങ്ങൾക്കു കാണാൻ സാധിക്കുന്നുണ്ട്. “എന്റെ മക്കൾ സത്യത്തിൽ നടക്കുന്നു എന്നു കേൾക്കുന്നതിനെക്കാൾ വലിയ സന്തോഷം എനിക്കില്ല” എന്നെഴുതിയപ്പോൾ യോഹന്നാൻ അപ്പോസ്തലനുണ്ടായ അതേ വികാരമാണു മിക്കപ്പോഴും ഞങ്ങൾക്കനുഭവപ്പെടുന്നത്.—3 യോഹന്നാൻ 4.
ഞങ്ങൾക്കിപ്പോൾ പ്രായമായി. എനിക്ക് 86-ഉം നോണിക്ക് 78-ഉം. എന്നാൽ പയനിയറിങ് ആരോഗ്യാവഹമായ പ്രവർത്തനമാണെന്നുതന്നെ ഞാൻ പറയും. ബ്രെഡായിൽ താമസമായതോടെ, തടവുകാലത്ത് എന്നെ ബാധിച്ച മിക്ക ആരോഗ്യ പ്രശ്നങ്ങളും ഞാൻ തരണം ചെയ്തു. കൂടാതെ, യഹോവയുടെ സേവനത്തിൽ ഫലപ്രദമായ അനേക വർഷങ്ങളും ഞാൻ ആസ്വദിച്ചിരിക്കുന്നു.
അനേക വർഷത്തെ ഫലപ്രദമായ സേവനത്തിലേക്കു പിന്തിരിഞ്ഞു നോക്കുന്നതു ഞങ്ങളെ രണ്ടുപേരെയും സംബന്ധിച്ചിടത്തോളം സന്തോഷത്തിന്റെ സ്രോതസ്സാണ്. ഞങ്ങളുടെ ശരീരത്തിൽ ശ്വാസമുള്ളിടത്തോളംകാലം യഹോവയുടെ സേവനത്തിൽ തുടരുന്നതിനുള്ള ഉത്സാഹവും ശക്തിയും ഞങ്ങൾക്കു നൽകണമേ എന്നാണു ദിനംതോറുമുള്ള ഞങ്ങളുടെ പ്രാർഥന. ഞങ്ങൾ ആത്മവിശ്വാസത്തോടെ സങ്കീർത്തനക്കാരന്റെ വാക്കുകളിൽ ഇങ്ങനെ പ്രസ്താവിക്കുന്നു: “ഇതാ, ദൈവം എന്റെ സഹായകനാകുന്നു; കർത്താവു [“യഹോവ,” NW] എന്റെ പ്രാണനെ താങ്ങുന്നവരോടു കൂടെ ഉണ്ടു.”—സങ്കീർത്തനം 54:4.
[23-ാം പേജിലെ ചിത്രം]
1930-കളിൽ പയനിയറിങ് നടത്തിയപ്പോൾ ഉപയോഗിച്ചിരുന്ന കൂടാരത്തിനരികെ
[23-ാം പേജിലെ ചിത്രം]
ഒറ്റപ്പെട്ട പ്രദേശത്ത് എത്തിച്ചേരാൻ ഞങ്ങൾ ഉപയോഗിച്ചിരുന്ന ബോട്ട്
[23-ാം പേജിലെ ചിത്രം]
1957-ൽ കൺവെൻഷൻ പരിപാടിയുടെ സമയത്ത് അഭിമുഖം നടത്തുന്നു
[24-ാം പേജിലെ ചിത്രം]
ഇന്നു ഭാര്യയോടൊപ്പം