വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ദൈവരാജ്യം ഭൂമിയിൽ വരാനായി സഹോദരന്മാർ സംസാരിക്കുന്നത് അല്ലെങ്കിൽ പ്രാർഥിക്കുന്നതു നാം ചിലപ്പോഴൊക്കെ കേൾക്കുന്നു. അതൊരു ശരിയായ ആശയപ്രകടനമാണോ?
കണിശമായി പറഞ്ഞാൽ, അതു തിരുവെഴുത്തുപരമായ ഒരു ആശയപ്രകടനമല്ല. ദൈവരാജ്യം സ്വർഗീയമാണ്. അതുകൊണ്ടാണു പൗലോസ് അപ്പോസ്തലന് ഇങ്ങനെ എഴുതാൻ കഴിഞ്ഞത്: “കർത്താവു എന്നെ സകലദുഷ്പ്രവൃത്തിയിൽനിന്നും വിടുവിച്ചു തന്റെ സ്വർഗ്ഗീയരാജ്യത്തിന്നായി രക്ഷിക്കും; അവന്നു എന്നെന്നേക്കും മഹത്വം. ആമേൻ.”—2 തിമൊഥെയൊസ് 4:18; മത്തായി 13:44; 1 കൊരിന്ത്യർ 15:50.
1914-ൽ രാജ്യം സ്വർഗത്തിൽ സ്ഥാപിതമായി. പുനഃസ്ഥാപിത ഭൗമിക പറുദീസയിലേക്കോ മറ്റെവിടേക്കെങ്കിലുമോ അത് ഒരിക്കലും മാറ്റിസ്ഥാപിക്കുകയില്ല. യേശുക്രിസ്തുവാണ് ആ രാജ്യത്തിന്റെ രാജാവ്. രാജാവെന്നനിലയിൽ യേശുവിനു ദൂതന്മാരുടെ മേൽ അധികാരമുണ്ട്. തന്മൂലം, ഭരണം നടത്തുന്നതിനുള്ള അവന്റെ ഉചിതമായ സ്ഥാനം സ്വർഗത്തിൽ ദൈവത്തിന്റെ വലത്തുഭാഗത്താണ്. അഭിഷിക്ത ക്രിസ്ത്യാനികൾ രാജാക്കന്മാരും പുരോഹിതന്മാരുമെന്ന നിലയിൽ സ്വർഗത്തിൽ അവനോടൊപ്പം ചേരുന്നു.—എഫെസ്യർ 1:18-21; വെളിപ്പാടു 5:9, 10; 20:6.
അപ്പോൾപ്പിന്നെ, “നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ” എന്ന, കർത്താവിന്റെ പ്രാർഥനയുടെ ഭാഗത്തു കാണപ്പെടുന്ന അപേക്ഷകൾ ദൈവമുമ്പാകെ മേലാൽ അവതരിപ്പിക്കരുത് എന്നാണോ അതർഥമാക്കുന്നത്? (മത്തായി 6:10) നേരേമറിച്ച് ആ പ്രാർഥന ഉചിതമാണ്, ഇപ്പോഴും അർഥസമ്പുഷ്ടമാണ്.
ഭൂമിയോടുള്ള ബന്ധത്തിൽ ദൈവരാജ്യം ഒടുവിൽ ഒരു നിർണായകമായ വിധത്തിൽ പ്രവർത്തിക്കും. നാം പ്രാർഥിക്കുമ്പോഴും കർത്താവിന്റെ പ്രാർഥനയിലെ പദങ്ങൾക്കു സമാനമായ ആശയങ്ങൾ ഉപയോഗിക്കുമ്പോഴും നമ്മുടെ മനസ്സിലുള്ളത് അതാണ്. ഉദാഹരണത്തിന്, ദൈവരാജ്യം സകല രാഷ്ട്രങ്ങളെയും നശിപ്പിക്കാൻ ‘വരു’മെന്നും ഭൂമിയുടെമേൽ ഭരണം ഏറ്റെടുക്കുമെന്നും ദാനീയേൽ 2:44 മുൻകൂട്ടിപ്പറയുന്നു. പുതിയ യെരുശലേം സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്നതായി വെളിപ്പാടു 21:2 പറയുന്നു. ക്രിസ്തുവിന്റെ മണവാട്ടിയാകാൻ പോകുന്ന 1,44,000 അഭിഷിക്ത ക്രിസ്ത്യാനികൾ ചേർന്നു രൂപീകൃതമാകുന്നതാണു പുതിയ യെരുശലേം. അവർ രാജ്യത്തിൽ യേശുവിനോടൊപ്പം കൂട്ടവകാശികളുമാണ്. അതുകൊണ്ട്, വിശ്വസ്ത മനുഷ്യവർഗത്തിനു വലിയ അനുഗ്രഹസമേതം അവർ ഭൂമിയിലേക്കു ശ്രദ്ധ തിരിക്കുന്നതായി വെളിപ്പാടു 21:2 പറയുന്നു.—വെളിപ്പാടു 21:3, 4.
ഇവയും അത്ഭുതകരമായ മറ്റു പ്രവചനങ്ങളും നിവൃത്തിയേറുന്നതുവരെ യഹോവയാം ദൈവത്തോട്, “നിന്റെ രാജ്യം വരേണമേ” എന്ന യേശുവിന്റെ വാക്കുകൾക്കു ചേർച്ചയിൽ പ്രാർഥിക്കുന്നതു തുടർന്നും ഉചിതമായിരിക്കും. എന്നാൽ രാജ്യം അക്ഷരാർഥത്തിൽ ഭൂഗ്രഹത്തിലേക്കു വരുകയില്ല എന്നു നാം മനസ്സിൽ പിടിക്കണം. രാജ്യഗവണ്മെൻറു സ്വർഗത്തിലാണു സ്ഥിതിചെയ്യുന്നത്, ഭൂമിയിലല്ല.
[31-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Earth: Based on NASA photo