സ്പാനിഷ് ബൈബിളിനു വേണ്ടിയുള്ള കാസ്യോഡോറോ ഡെ റെയ്നയുടെ പോരാട്ടം
സ്പാനിഷ് ബൈബിളിനു വേണ്ടിയുള്ള കാസ്യോഡോറോ ഡെ റെയ്നയുടെ പോരാട്ടം
പതിനാറാം നൂറ്റാണ്ടിലെ സ്പെയിൻ, ബൈബിൾ വായിക്കാൻ അപകടം പിടിച്ച സ്ഥലമായിരുന്നു. അയാഥാസ്ഥിതികത്വത്തിന്റെ ഏറ്റവും ചെറിയ കണംപോലും തുടച്ചുനീക്കാൻ കത്തോലിക്കാ സഭ മതവിചാരണ നടത്തുന്നരോടു നിർദേശിച്ചിരുന്നു. എന്നാൽ, തിരുവെഴുത്തുകൾ വായിക്കുക മാത്രമല്ല, ഓരോ സ്പാനിഷുകാരനും വായിക്കാൻ തക്കവണ്ണം നാട്ടുഭാഷയിലേക്ക് അവ തർജമ ചെയ്യുമെന്നു ശപഥമെടുക്കുകയും ചെയ്ത ഒരു ചെറുപ്പക്കാരൻ ദക്ഷിണ സ്പെയിനിൽ ഉണ്ടായിരുന്നു. കാസ്യോഡോറോ ഡെ റെയ്ന എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്.
സ്പെയിനിലെ സവില്ലയുടെ പ്രാന്തപ്രദേശത്തുള്ള സാൻ ഇസിഡ്രോ ഡെൽ കാമ്പോ സന്യാസിമഠത്തിൽ ചെലവഴിച്ച വർഷങ്ങളിലാണു റെയ്നയ്ക്കു ബൈബിളിൽ താത്പര്യം ജനിച്ചത്. 1550-കളിൽ, ഈ അസാധാരണ മഠത്തിലുള്ള സന്യാസിമാരിലധികവും തങ്ങളുടെ കാനോനിക ചുമതലകളിലേർപ്പെടുന്നതിനേക്കാൾ കൂടുതൽ സമയം തിരുവെഴുത്തുകൾ വായിക്കുന്നതിനായി ചെലവഴിച്ചിരുന്നു. അങ്ങനെ, ബൈബിളിന്റെ സന്ദേശം അവരുടെ ചിന്താഗതിയിൽ മാറ്റംവരുത്തി. പ്രതിമകളുടെ ഉപയോഗം, ശുദ്ധീകരണസ്ഥലത്തിലുള്ള വിശ്വാസം എന്നിവയെക്കുറിച്ചുള്ള കത്തോലിക്കാ സിദ്ധാന്തങ്ങൾ അവർ തള്ളിക്കളഞ്ഞു. അവരുടെ വീക്ഷണങ്ങൾ ആ ഭാഗത്തു പരസ്യമാകാതെ നിർവാഹമില്ലെന്നായി, അതു പരസ്യമാവുകതന്നെ ചെയ്തു. സ്പാനിഷ് മതവിചാരണയാലുള്ള അറസ്റ്റു ഭയന്നു വിദേശത്തേക്കു പലായനം ചെയ്യാൻ അവർ തീരുമാനിച്ചു. സ്വിററ്സർലൻഡിലെ ജനീവയിലേക്കു രക്ഷപ്പെടാൻ സാധിച്ച 12 പേരിലൊരാളായിരുന്നു റെയ്ന.
കഷ്ടിച്ചുള്ള ആ രക്ഷപ്പെടലിനുശേഷം, അദ്ദേഹം എങ്ങനെയൊക്കെയോ തന്റെ പീഡകരുടെ കണ്ണുവെട്ടിച്ച്, യൂറോപ്യൻ നഗരങ്ങൾതോറും സഞ്ചരിച്ചു. ഭഗ്നാശരായ മതവിചാരണക്കാർ സവില്ലയിൽവെച്ച് 1562-ൽ അദ്ദേഹത്തിന്റ കോലം കത്തിച്ചു. എന്നാൽ ക്രൂരമായ ആ ഭീഷണിപോലും തിരുവെഴുത്തുകൾ പരിഭാഷ ചെയ്യുന്നതിനുള്ള ഉദ്യമത്തിൽനിന്നു റെയ്നയെ അണുവിട വ്യതിചലിപ്പിച്ചില്ല. തന്റെ തലയ്ക്കു വിലകൽപ്പിച്ചിട്ടും, അറസ്റ്റുചെയ്യുമെന്ന ഭയം നിരന്തരം വേട്ടയാടിയിട്ടും
അദ്ദേഹം തന്റെ സ്പാനിഷ് പരിഭാഷയുടെ വേലയിൽ അവിരാമം അധ്വാനിച്ചു. “എനിക്കു രോഗമായിരുന്നപ്പോഴോ ഞാൻ യാത്ര ചെയ്തിരുന്നപ്പോഴോ ഒഴികെ പേന കയ്യിൽനിന്നു താഴെ വെച്ചിട്ടില്ല,” അദ്ദേഹം വിശദീകരിച്ചു.പത്തു വർഷംകൊണ്ടു റെയ്ന തന്റെ ജോലി പൂർത്തിയാക്കി. അദ്ദേഹത്തിന്റെ മുഴു ബൈബിളിന്റെയും പരിഭാഷ സ്വിററ്സർലൻഡിലെ ബാസലിൽവെച്ച് 1569-ൽ പ്രസിദ്ധീകരിച്ചു. ശ്രദ്ധേയമായ ഈ വേലയായിരുന്നു മൂല ഭാഷകളിൽനിന്ന് ഉണ്ടാക്കിയ ആദ്യത്തെ സമ്പൂർണ സ്പാനിഷ് പരിഭാഷ. നൂറ്റാണ്ടുകളോളം ലത്തീൻ ബൈബിളുകൾ ലഭ്യമായിരുന്നു. എന്നാൽ, ലത്തീൻ ബുദ്ധിജീവികളുടെ ഭാഷയായിരുന്നു. ബൈബിൾ സകലർക്കും മനസ്സിലാക്കാവുന്നതായിരിക്കണം എന്നാണു റെയ്ന കരുതിയിരുന്നത്. ആ ലക്ഷ്യപ്രാപ്തിക്കുവേണ്ടി അദ്ദേഹം തന്റെ ജീവൻ പണയംവെച്ചു.
തന്റെ പരിഭാഷയുടെ മുഖവുരയിൽ അദ്ദേഹം അതിന്റെ കാരണം വിശദീകരിച്ചു. “സാധാരണ ഭാഷയിൽ വിശുദ്ധ തിരുവെഴുത്തുകൾ നിരോധിക്കുന്നതു ദൈവത്തിന് അങ്ങേയറ്റം നിന്ദയും മനുഷ്യരുടെ ക്ഷേമത്തിനു ഹാനിയും വരുത്തുന്നു. ഇതു സാത്താന്റെയും അവന്റെ കടിഞ്ഞാണിൻകീഴിലുള്ളവരുടെയും വേലയാണെന്നതു സ്പഷ്ടമാണ്. . . . തന്റെ വചനം സകലരും മനസ്സിലാക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യണമെന്ന ആഗ്രഹത്തിൽ ദൈവം അതു മനുഷ്യർക്കു നൽകിയെന്ന വസ്തുതയുടെ വീക്ഷണത്തിൽ, ഏതെങ്കിലും ഭാഷയിൽ അതു നിരോധിക്കുന്നവൻ എന്താണേലും സദുദ്ദേശ്യമുള്ളവനായിരിക്കുകയില്ല.”
സ്പാനിഷ് മതവിചാരണ, “സാഹിത്യഭാഷയിലോ [സ്പാനിഷ്] മറ്റേതെങ്കിലും നാട്ടുഭാഷയിലോ” പ്രത്യേകിച്ചും നിയമവിരുദ്ധമാക്കിക്കൊണ്ടു നിരോധിത പുസ്തകങ്ങളുടെ പട്ടികയിൽ ബൈബിളിനെ ഉൾപ്പെടുത്തിയിട്ടു വെറും 18 വർഷം പിന്നിട്ടതേ ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ ആ പ്രസ്താവന തികച്ചും ധീരമായ ഒന്നായിരുന്നു. സത്യത്തോടു തനിക്കുള്ള സ്നേഹത്തിനു കടിഞ്ഞാണിടാൻ മനുഷ്യഭയത്തെ റെയ്ന അനുവദിച്ചില്ല എന്നതു സ്പഷ്ടമാണ്.
സ്പാനിഷ് സംസാരിക്കുന്ന സകലർക്കും ബൈബിൾ ലഭ്യമാക്കുക എന്ന ആത്മാർഥമായ ആഗ്രഹത്തിനു പുറമേ, ആവുന്നത്രയും കൃത്യതയുള്ള പരിഭാഷ നടത്താനും റെയ്ന ആഗ്രഹിച്ചു. മൂല ഭാഷകളിൽനിന്നു നേരിട്ടു പരിഭാഷ ചെയ്യുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ തന്റെ മുഖവുരയിൽ അദ്ദേഹം വിശദീകരിച്ചു. ലാറ്റിൻ വൾഗേറ്റിൽ ചില തെറ്റുകൾ കടന്നു കൂടിയതായി റെയ്ന വിശദമാക്കി. അതിനുള്ള സുസ്പഷ്ട ദൃഷ്ടാന്തങ്ങളിലൊന്നാണു ദിവ്യനാമം മാറ്റിക്കളഞ്ഞിരിക്കുന്നു എന്നത്.
സ്പാനിഷ് പരിഭാഷകളിൽ ദിവ്യനാമം
മനസ്സാക്ഷിബോധത്തോടെ നടത്തുന്ന ബൈബിളിന്റെ ഏതൊരു പരിഭാഷയിലും മൂല പാഠത്തിലെന്നപോലെ യഹോവ എന്ന ദൈവനാമം ഉണ്ടായിരിക്കണമെന്നു റെയ്ന തിരിച്ചറിഞ്ഞു. “ദൈവം” അല്ലെങ്കിൽ “കർത്താവ്” എന്നീ സ്ഥാനപ്പേരുകളാൽ ദിവ്യനാമത്തെ പ്രതിസ്ഥാപിക്കുന്ന ആചാരവുമായി ഇണങ്ങിപ്പോകാൻ അദ്ദേഹം വിസമ്മതിച്ചു. തന്റെ പരിഭാഷയുടെ ആമുഖത്തിൽ, വളച്ചൊടിക്കാതെ തനതായ ശൈലിയിൽ അദ്ദേഹം തന്റെ കാരണങ്ങൾ വിശദീകരിച്ചു.
“അങ്ങേയറ്റം ശക്തമായ കാരണങ്ങൾ കൂടാതെയല്ല ഞങ്ങൾ (ഈഹോവ) എന്ന നാമം കാത്തുസൂക്ഷിച്ചിരിക്കുന്നത്. ഞങ്ങളുടെ പരിഭാഷയിൽ അത് എവിടെയെല്ലാം കാണുന്നുവോ അതുപോലെതന്നെ അത് എബ്രായ പാഠത്തിലും കാണുന്നുവെന്നതാണ് ഒന്നാമത്തെ കാരണം, കൂടാതെ ഒന്നും ചേർക്കുകയോ നീക്കിക്കളയുകയോ ചെയ്യരുത് എന്ന ദൈവ നിയമത്തോട് അവിശ്വസ്തതയോ അഭക്തിയോ കാട്ടിയിട്ടല്ലാതെ ഞങ്ങൾക്ക് അതു മാറ്റിക്കളയാനോ മാറ്റംവരുത്താനോ കഴിയുകയില്ല എന്ന അഭിപ്രായക്കാരായിരുന്നു ഞങ്ങൾ. . . . ദൈവനാമത്തോടു ഭക്ത്യാദരവുണ്ടെന്ന് അവകാശപ്പെടുന്ന ആധുനിക റബ്ബിമാരുടെ അന്ധവിശ്വാസത്തിൽനിന്നു മുളച്ചുപൊന്തിയ, സാത്താൻ നട്ടുവളർത്തിയ [പേര് മാറ്റിക്കളയുന്ന] ആചാരം, വാസ്തവത്തിൽ മറ്റെല്ലാ . . . ദൈവങ്ങളിൽനിന്നും തന്നെ വേർതിരിച്ചു കാണണമെന്ന് ആഗ്രഹിച്ച അവന്റെ വിശുദ്ധനാമം ദൈവജനം മറന്നുപോകാൻ ഇടയാക്കിക്കൊണ്ട് അതിനെ മറച്ചുവെച്ചു.”
ദൈവനാമത്തെ മഹിമപ്പെടുത്താനുള്ള റെയ്നയുടെ അദമ്യമായ അഭിനിവേശത്തിനു ദൂരവ്യാപക ഫലങ്ങളുണ്ടായി. നമ്മുടെ നാളുവരെ, സ്പാനിഷ് പരിഭാഷകരിൽ ഭൂരിഭാഗവും—കത്തോലിക്കരും പ്രൊട്ടസ്ററന്റുകാരും—ദിവ്യനാമം ആദ്യന്തം ഉപയോഗിച്ചുകൊണ്ട് ഈ കീഴ്വഴക്കമാണു പിൻപറ്റിയിരിക്കുന്നത്. മുഖ്യമായും റെയ്നയുടെ ശ്രമം നിമിത്തം, ബൈബിളിന്റെ മിക്കവാറും ഏതു സ്പാനിഷ് പരിഭാഷയുടെയും വായനക്കാർക്ക്, മറ്റു ദൈവങ്ങളിൽനിന്നു തന്നെ വേർതിരിച്ചുനിർത്തുന്ന വ്യക്തിപരമായ ഒരു പേരു ദൈവത്തിനുണ്ടെന്നു താമസംവിനാ ഗ്രഹിക്കാൻ സാധിക്കും.
റെയ്നയുടെ ബൈബിളിന്റെ ശീർഷകം വഹിക്കുന്ന പേജിൽ യഹോവയുടെ പേരിന്റെ എബ്രായ പദം വ്യക്തമായി കാണാമെന്നതു ശ്രദ്ധേയമാണ്. കോടിക്കണക്കിന് ആളുകൾക്കു വായിക്കാൻ കഴിയുന്ന ഭാഷയിൽ ദൈവവചനം ലഭ്യമാക്കിക്കൊണ്ട്, അതു കാത്തുസൂക്ഷിക്കണം എന്ന ഉത്ക്കൃഷ്ട ഉദ്ദേശ്യത്തിനായി റെയ്ന തന്റെ ജീവിതം അർപ്പിച്ചു.