സർപ്പത്തിന്റെ സന്തതി—എങ്ങനെ തുറന്നുകാട്ടപ്പെട്ടിരിക്കുന്നു?
സർപ്പത്തിന്റെ സന്തതി—എങ്ങനെ തുറന്നുകാട്ടപ്പെട്ടിരിക്കുന്നു?
“ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും.”—ഉല്പത്തി 3:15.
1. (എ) യഹോവ സന്തുഷ്ടനായ ദൈവമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) അവന്റെ സന്തോഷത്തിൽ പങ്കുകൊള്ളാൻ നമ്മെ പ്രാപ്തരാക്കുന്നതിന് അവൻ എന്തു ചെയ്തിരിക്കുന്നു?
യഹോവ സന്തുഷ്ടനായ ദൈവമാണ്, അതിനു തക്ക കാരണവുമുണ്ട്. നല്ല സംഗതികളുടെ ഏറ്റവും വലിയ, ഏറ്റവും പ്രമുഖ ദാതാവാണ് അവൻ. അവന്റെ ഉദ്ദേശ്യങ്ങളുടെ പൂർത്തീകരണത്തെ തകിടംമറിക്കാനാവുന്ന യാതൊന്നുമില്ല. (യെശയ്യാവു 55:10, 11; 1 തിമൊഥെയൊസ് 1:11; യാക്കോബ് 1:17) തന്റെ സന്തോഷത്തിൽ തന്റെ ദാസന്മാർ പങ്കുകൊള്ളണമെന്ന് അവൻ ആഗ്രഹിക്കുന്നു, കൂടാതെ അങ്ങനെ ചെയ്യാൻ അവൻ അവർക്ക് ഈടുറ്റ കാരണങ്ങൾ നൽകുകയും ചെയ്യുന്നു. അങ്ങനെ, മനുഷ്യ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട നിമിഷങ്ങളിലൊന്നിൽ—ഏദെനിലെ മത്സരം—അവൻ നമുക്കു പ്രത്യാശയോടെ ഭാവിയിലേക്കു നോക്കാൻ ഒരു അടിത്തറ പ്രദാനം ചെയ്തു.—റോമർ 8:19-21.
2. ഏദെനിലെ മത്സരികളുടെമേൽ ന്യായവിധി പ്രഖ്യാപിക്കവേ, ആദാമിന്റെയും ഹവ്വായുടെയും സന്താനങ്ങൾക്കു പ്രത്യാശക്കുള്ള ഒരു അടിസ്ഥാനം യഹോവ പ്രദാനംചെയ്തത് എങ്ങനെ?
2 യഹോവയുടെ ആത്മപുത്രന്മാരിൽ ഒരുവൻ ദൈവത്തോട് എതിർത്തുനിൽക്കുകയും അവനെ ദുഷിക്കുകയുംവഴി തന്നെത്തന്നെ പിശാചായ സാത്താനാക്കി. ആദ്യ മനുഷ്യർ, ഹവ്വായും പിന്നെ ആദാമും, അവന്റെ സ്വാധീനത്തിലാവുകയും വ്യക്തമായി പ്രസ്താവിച്ചിരുന്ന യഹോവയുടെ നിയമം ലംഘിക്കുകയും ചെയ്തു. അവർ ന്യായമായും മരണത്തിനു വിധിക്കപ്പെട്ടു. (ഉല്പത്തി 3:1-24) എന്നിട്ടും, ഈ മത്സരികളുടെമേൽ ന്യായവിധി പ്രഖ്യാപിക്കവേ, ആദാമിന്റെയും ഹവ്വായുടെയും സന്താനങ്ങൾക്കു പ്രത്യാശയ്ക്കുള്ള ഒരു അടിസ്ഥാനം യഹോവ പ്രദാനംചെയ്തു. ഏതു വിധത്തിൽ? ഉല്പത്തി 3:15-ൽ രേഖപ്പെടുത്തിയിരിക്കുന്നപ്രകാരം യഹോവ ഇങ്ങനെ പ്രസ്താവിച്ചു: “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” മുഴു ബൈബിളും അതുപോലെതന്നെ ലോകവും യഹോവയുടെ ദാസന്മാരും ഉൾപ്പെടുന്ന കഴിഞ്ഞതും ഇപ്പോഴത്തേതുമായ സംഭവങ്ങളും ഗ്രഹിക്കുന്നതിനുള്ള ഒരു താക്കോലാണ് ആ പ്രവചനം.
പ്രവചനം അർഥമാക്കുന്നത്
3. ഉല്പത്തി 3:15-ൽ പരാമർശിച്ചിരിക്കുന്നപ്രകാരം, (എ) സർപ്പത്തെ, (ബി) “സ്ത്രീ”യെ, (സി) സർപ്പത്തിന്റെ “സന്തതി”യെ, (ഡി) സ്ത്രീയുടെ “സന്തതി”യെ, തിരിച്ചറിയിക്കുക.
3 അതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിന്, പ്രവചനത്തിന്റെതന്നെ വിവിധ ഘടകങ്ങൾ പരിചിന്തിക്കുക. ഉല്പത്തി 3:15-ൽ അഭിസംബോധന ചെയ്തിരിക്കുന്നതു സർപ്പത്തെയാണ്—ഒരു താണ പാമ്പിനെയല്ല, എന്നാൽ അതിനെ ഉപയോഗിച്ചവനെയാണ്. (വെളിപ്പാടു 12:9) “സ്ത്രീ” ഹവ്വായല്ല, മറിച്ച് ഭൂമിയിലെ തന്റെ ആത്മാഭിഷിക്ത ദാസന്മാരുടെ അമ്മയായ യഹോവയുടെ സ്വർഗീയ സ്ഥാപനമാണ്. (ഗലാത്യർ 4:26) സർപ്പത്തിന്റെ “സന്തതി” സാത്താന്റെ സന്തതിയാണ്, അവന്റെ സന്താനങ്ങൾ—സാത്താന്റെ സ്വഭാവഗുണങ്ങൾ പ്രകടമാക്കുകയും സ്ത്രീയുടെ “സന്തതി”യുടെ നേരേ ശത്രുത്വം പ്രകടിപ്പിക്കുകയും ചെയ്യുന്ന ഭൂതങ്ങളും മനുഷ്യരും മാനുഷ സംഘടനകളുമാണ്. (യോഹന്നാൻ 15:19; 17:15) സ്ത്രീയുടെ “സന്തതി” മുഖ്യമായി യേശുക്രിസ്തുവാണ്, പൊ.യു. (പൊതുയുഗം) 29-ൽ അവൻ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ടു. ‘ജലത്താലും ആത്മാവിനാലും വീണ്ടും ജനിച്ച,’ ക്രിസ്തുവിനോടൊപ്പം സ്വർഗീയ രാജ്യത്തിന് അവകാശികളായ 1,44,000 പേർ ആണ് ആ വാഗ്ദത്ത സന്തതിയുടെ ഉപഘടകം. പൊ.യു. 33-ലെ പെന്തക്കോസ്തു മുതൽ ഇവർ സ്ത്രീയുടെ സന്തതിയോടു കൂട്ടിച്ചേർക്കപ്പെടാൻ തുടങ്ങി.—യോഹന്നാൻ 3:3, 5; ഗലാത്യർ 3:16, 29.
4. ഭൂമി പാപത്തിൽനിന്നും മരണത്തിൽനിന്നും മുക്തരായ ആളുകളാൽ നിറയപ്പെട്ട ഒരു പറുദീസ ആയിത്തീരുന്നതുമായി ഉല്പത്തി 3:15 ബന്ധപ്പെട്ടിരിക്കുന്നതെങ്ങനെ?
4 ഏദെനിൽ അക്ഷരീയ സർപ്പം ഒരു വക്താവായി ഉപയോഗിക്കപ്പെട്ടു. അതിനെ അങ്ങനെ ഉപയോഗിച്ചവന്റെ ചതി നിമിത്തം മനുഷ്യവർഗത്തിനു പറുദീസ നഷ്ടമായി. ആ സർപ്പത്തെ ഉപായത്തിൽ ഉപയോഗിച്ചവൻ ചതയ്ക്കപ്പെടുന്ന സമയത്തേക്ക് ഉല്പത്തി 3:15 വിരൽ ചൂണ്ടി. അപ്പോൾ ദൈവത്തിന്റെ മനുഷ്യ ദാസന്മാർക്കു പാപത്തിൽനിന്നും മരണത്തിൽനിന്നും മുക്തമായ ഒരു പറുദീസയിൽ വസിക്കുന്നതിനുള്ള വഴി വീണ്ടും തുറന്നുകിട്ടും. അത് എന്തൊരു സന്തോഷഭരിതമായ സമയമായിരിക്കും!—വെളിപ്പാടു 20:1-3; 21:1-5.
5. പിശാചിന്റെ ആത്മീയ സന്താനങ്ങളെ തിരിച്ചറിയിക്കുന്ന സ്വഭാവഗുണങ്ങളെന്തെല്ലാം?
5 ഏദെനിലെ മത്സരത്തെത്തുടർന്ന്, മത്സരം, നുണ, ദൂഷണം, കൊലപാതകം, യഹോവയുടെ ഇഷ്ടത്തോടും അവനെ ആരാധിക്കുന്നവരോടുമുള്ള എതിർപ്പ് എന്നിങ്ങനെയുള്ള പിശാചായ സാത്താന്റെ സ്വഭാവഗുണങ്ങൾ പ്രകടമാക്കിയ വ്യക്തികളും സംഘടനകളും പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഈ സ്വഭാവഗുണങ്ങൾ പിശാചിന്റെ സന്താനങ്ങളെ, ആത്മീയ മക്കളെ, തിരിച്ചറിയിച്ചു. ഇവരിൽപ്പെട്ടവനായിരുന്നു കയീൻ. തന്റെ ആരാധനയിൽ പ്രീതിപ്പെടാതെ, യഹോവ ഹാബേലിന്റെ ആരാധനയിൽ സംപ്രീതനായപ്പോൾ അവൻ ഹാബേലിനെ വധിച്ചു. (1 യോഹന്നാൻ 3:10-12) യഹോവയ്ക്കെതിരെ ഒരു ശക്തനായ നായാട്ടുവീരനും ഭരണാധിപനുമായിത്തീർന്ന, മത്സരിയെന്നു പേരുകൊണ്ടു തിരിച്ചറിയാവുന്ന നിമ്രോദും ഇക്കൂട്ടത്തിൽപ്പെടുന്നു. (ഉല്പത്തി 10:9) അതിലുപരി, രാഷ്ട്രപ്രയോജിതവും വ്യാജത്തിലധിഷ്ഠിതവുമായ മതങ്ങളുണ്ടായിരുന്ന ബാബിലോൻ ഉൾപ്പെടെയുള്ള പുരാതന രാജ്യങ്ങളുടെ ഒരു പരമ്പരതന്നെ ഉണ്ടായി. ഇവർ യഹോവയുടെ ആരാധകരെ ക്രൂരമായി അടിച്ചമർത്തി.—യിരെമ്യാവു 50:29.
“നിനക്കും സ്ത്രീക്കും തമ്മിൽ ശത്രുത്വം”
6. ഏതു വിധങ്ങളിൽ സാത്താൻ യഹോവയുടെ സ്ത്രീയുടെ നേരെ ശത്രുത്വം കാട്ടിയിരിക്കുന്നു?
6 ഈ സമയങ്ങളിലെല്ലാം, സർപ്പവും യഹോവയുടെ സ്ത്രീയും തമ്മിൽ, പിശാചായ സാത്താനും വിശ്വസ്തരായ ആത്മസൃഷ്ടികളടങ്ങുന്ന യഹോവയുടെ സ്വർഗീയ സ്ഥാപനവും തമ്മിൽ, ശത്രുത്വം ഉണ്ടായിരുന്നു. യഹോവയെ നിന്ദിക്കുകയും തങ്ങളുടെ ഉചിതമായ വാസസ്ഥലം ഉപേക്ഷിക്കാൻ ദൂതന്മാരെ വശീകരിച്ചുകൊണ്ടു യഹോവയുടെ സ്വർഗീയ സ്ഥാപനത്തിൽ ഭിന്നത വരുത്താൻ ശ്രമിക്കുകയും ചെയ്തപ്പോൾ സാത്താന്റെ ശത്രുത്വം പ്രകടമായി. (സദൃശവാക്യങ്ങൾ 27:11; യൂദാ 6) യഹോവ അയച്ച ദൂത സന്ദേശവാഹകരെ തടസ്സപ്പെടുത്താൻ സാത്താൻ തന്റെ ഭൂതങ്ങളെ ഉപയോഗിച്ചപ്പോൾ ഇതു സ്പഷ്ടമായി. (ദാനീയേൽ 10:13, 14, 20, 21) ഈ 20-ാം നൂറ്റാണ്ടിൽ, മിശിഹൈക രാജ്യത്തിന്റെ ജനനത്തിങ്കൽ അതിനെ നശിപ്പിക്കാൻ സാത്താൻ പ്രയത്നിച്ചപ്പോൾ അതു മുന്തിയതോതിൽ ദൃശ്യമായി.—വെളിപ്പാടു 12:1-4.
7. യഹോവയുടെ വിശ്വസ്തരായ ദൂതന്മാർക്കു പ്രതീകാത്മക സർപ്പത്തിനു നേരെ ശത്രുത്വം തോന്നിയതെന്തുകൊണ്ട്, എങ്കിലും അവർ എന്തു സംയമനം പ്രകടമാക്കിയിരിക്കുന്നു?
7 യഹോവയുടെ സ്ത്രീയ്ക്കും അതായത്, വിശ്വസ്ത ദൂതന്മാരുടെ സംഘത്തിനും പ്രതീകാത്മക സർപ്പത്തിനു നേരെ ശത്രുത്വം ഉണ്ടായിരുന്നു. സാത്താൻ ദൈവത്തിന്റെ സത്പേരിനെ ദുഷിച്ചിരുന്നു. സകല ദൂതന്മാരുമുൾപ്പെടെ, ദൈവത്തിന്റെ ബുദ്ധിശക്തിയുള്ള സൃഷ്ടികളിൽ ഓരോരുത്തരുടെയും നിർമലതയെ അവൻ ചോദ്യംചെയ്യുകയും ദൈവത്തോടുള്ള അവരുടെ വിശ്വസ്തതയെ അട്ടിമറിക്കാൻ സജീവമായി ശ്രമിക്കുകയും ചെയ്തിരുന്നു. (വെളിപ്പാടു 12:4എ) വിശ്വസ്തരായ ദൂതന്മാർക്കും കെരൂബുകൾക്കും സെറാഫുകൾക്കും സ്വയം പിശാചും സാത്താനുമാക്കിയവനോടു കഠിനമായ വെറുപ്പല്ലാതെ മറ്റൊന്നും തോന്നിയില്ല. എന്നിട്ടും യഹോവ തന്റെ സ്വന്തം സമയത്തും വിധത്തിലും കാര്യങ്ങൾ കൈകാര്യം ചെയ്യാൻ അവർ കാത്തുനിന്നിരിക്കുന്നു.—യൂദാ 9 താരതമ്യംചെയ്യുക.
ദൈവത്തിന്റെ സ്ത്രീയുടെ സന്തതിയോടുള്ള ശത്രുത്വം
8. ആർക്കുവേണ്ടിയായിരുന്നു സാത്താൻ ജാഗ്രതയോടെ നോക്കിപ്പാർത്തിരുന്നത്?
8 ഇതിനിടെ, മുൻകൂട്ടിപ്പറയപ്പെട്ട സ്ത്രീയുടെ സന്തതിക്കുവേണ്ടി, സർപ്പത്തിന്റെ തല ചതയ്ക്കുമെന്നു യഹോവ പറഞ്ഞവനു വേണ്ടി, സാത്താൻ ജാഗ്രതയോടെ നോക്കിപ്പാർത്തിരിക്കുകയായിരുന്നു. ബേത്ലഹേമിൽ ജനിച്ച യേശു “കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു” ആണെന്നു സ്വർഗത്തിൽനിന്നുള്ള ദൂതൻ പ്രഖ്യാപിച്ചപ്പോൾ, അത് അവൻ മുൻകൂട്ടിപ്പറയപ്പെട്ട സ്ത്രീയുടെ സന്തതി ആയിത്തീരുമെന്നുള്ളതിന്റെ ശക്തമായ സ്ഥിരീകരണമായി.—ലൂക്കൊസ് 2:10, 11.
9. യേശുവിന്റെ ജനനത്തിനുശേഷം, സാത്താൻ കടുത്ത ശത്രുത്വം പ്രകടമാക്കിയതെങ്ങനെ?
9 ആദ്യം യെരുശലേമിലെ ഹെരോദാ രാജാവിനടുത്തേക്കും പിന്നീട്, ശിശുവായ യേശുവിനെയും അമ്മയായ മറിയയെയും കണ്ടെത്തിയ ബേത്ലഹേമിലെ വീട്ടിലേക്കും പോകാനുമുള്ള ഒരു ദൗത്യത്തിനു പുറജാതീയ ജ്യോതിഷക്കാരെ സാത്താൻ വശീകരിച്ചപ്പോൾ അവന്റെ കടുത്ത ശത്രുത്വം പെട്ടെന്നുതന്നെ പ്രകടമായി. അധികം താമസിയാതെ ഹെരോദാ രാജാവ് ബേത്ലഹേമിലും പരിസരത്തുമുള്ള രണ്ടുവയസ്സിനും അതിനു താഴെയുമുള്ള സകല ആൺകുഞ്ഞുങ്ങളെയും വധിക്കാൻ ഉത്തരവിട്ടു. ഇതിൽ ഹെരോദാവ്, സന്തതിയോടുള്ള സാത്താന്യ വിദ്വേഷം പ്രകടമാക്കി. മിശിഹാ ആകാനിരിക്കുന്നവന്റെ ജീവനൊടുക്കാനാണു താൻ ശ്രമിക്കുന്നതെന്ന തികഞ്ഞ ബോധ്യത്തോടെയായിരുന്നു ഹെരോദാവ് പ്രവർത്തിച്ചത്. (മത്തായി 2:1-6, 16) ഹെരോദാ രാജാവ് തത്ത്വദീക്ഷയില്ലാത്തവനും കൗശലക്കാരനും കൊലപാതകിയുമായിരുന്നുവെന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു—സത്യമായും സർപ്പത്തിന്റെ ഒരു സന്തതിതന്നെ.
10. (എ) യേശുവിന്റെ സ്നാപനത്തെത്തുടർന്ന്, വാഗ്ദത്ത സന്തതിയെ സംബന്ധിച്ചുള്ള യഹോവയുടെ ഉദ്ദേശ്യത്തെ തകിടം മറിക്കാൻ സാത്താൻ വ്യക്തിപരമായി ശ്രമിച്ചതെങ്ങനെ? (ബി) തന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനു സാത്താൻ യഹൂദ മതനേതാക്കന്മാരെ ഉപയോഗിച്ചതെങ്ങനെ?
10 പൊ.യു. 29-ൽ യേശു പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ടതിനും യഹോവ യേശുവിനെ തന്റെ പുത്രനായി അംഗീകരിച്ചുകൊണ്ടു സ്വർഗത്തിൽനിന്നു സംസാരിച്ചതിനും ശേഷം, യഹോവയ്ക്കു തന്റെ പുത്രനെ സംബന്ധിച്ചുള്ള ഉദ്ദേശ്യത്തെ തകിടംമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി യേശുവിനെ പ്രലോഭനത്തിൽ വീഴ്ത്തിക്കളയാൻ സാത്താൻ ആവർത്തിച്ചാവർത്തിച്ചു ശ്രമിക്കുകയുണ്ടായി. (മത്തായി 4:1-10) അതിൽ പരാജയമടഞ്ഞ സാത്താൻ, തന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ മനുഷ്യ ഏജൻറുമാരെ കൂടുതലായി ഉപയോഗിക്കുന്നതിലേക്കു തിരിഞ്ഞു. യേശുവിനെ അയോഗ്യനാക്കാനുള്ള ശ്രമത്തിൽ അവൻ ഉപയോഗിച്ചവരിൽ പെട്ടവരായിരുന്നു കപടഭക്തരായ മതനേതാക്കന്മാർ. അവർ നുണയും ദൂഷണവുംപോലുള്ള സാത്താന്റെതന്നെ ഉപാധികൾ ഉപയോഗപ്പെടുത്തി. “ധൈര്യമായിരിക്ക; നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു” എന്നു യേശു തളർവാതരോഗിയോടു പറഞ്ഞപ്പോൾ, അയാൾ വാസ്തവത്തിൽ സൗഖ്യം പ്രാപിച്ചോ എന്നൊന്നും നോക്കാതെ യേശു ദൈവദൂഷകനാണെന്നു ശാസ്ത്രിമാർ വിധിച്ചു. (മത്തായി 9:2-7) ശബത്തുനാളിൽ യേശു ആളുകളെ സൗഖ്യമാക്കിയപ്പോൾ, പരീശന്മാർ അവനെ ശബത്തുനിയമലംഘകനായി കുറ്റംവിധിക്കുകയും അവനെ നശിപ്പിക്കാൻ കൂടിയാലോചന കഴിക്കുകയും ചെയ്തു. (മത്തായി 12:9-14; യോഹന്നാൻ 5:1-18) യേശു ഭൂതങ്ങളെ പുറത്താക്കിയപ്പോൾ, “ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലു”മായി സഖ്യംചേർന്നാണ് അവൻ അതു ചെയ്യുന്നതെന്നു പരീശന്മാർ ആരോപിച്ചു. (മത്തായി 12:22-24) മരിച്ചവരിൽനിന്നു ലാസർ ഉയർപ്പിക്കപ്പെട്ടശേഷം അനേകമാളുകൾ യേശുവിൽ വിശ്വാസമർപ്പിച്ചു, എന്നാൽ, മഹാപുരോഹിതന്മാരും പരീശന്മാരും അവനെ കൊല്ലാൻ വീണ്ടും കൂടിയാലോചന കഴിക്കുകയാണു ചെയ്തത്.—യോഹന്നാൻ 11:47-53.
11. യേശുവിന്റെ മരണത്തിനു മൂന്നു ദിവസം മുമ്പ്, അവൻ സർപ്പത്തിന്റെ സന്തതിയുടെ ഭാഗമായി ആരെ തിരിച്ചറിയിച്ചു, എന്തുകൊണ്ട്?
11 പൊ.യു. 33 നീസാൻ 11-ന് യേശു, അവരുടെ പദ്ധതിയെക്കുറിച്ചു ശരിക്കും മനസ്സിലാക്കിയിരുന്നിട്ടും, ഭയലേശമെന്യേ നേരെ യെരുശലേം ദേവാലയ പരിസരത്തേക്കു ചെന്ന് അവരുടെമേൽ പരസ്യമായി ന്യായവിധി ഉച്ചരിച്ചു. ഒരു കൂട്ടം എന്നനിലയിൽ, ശാസ്ത്രിമാരും പരീശന്മാരും തങ്ങൾ ഏതുതരം ആളുകളാണെന്നു കൂടെക്കൂടെ പ്രകടമാക്കിയിരുന്നു; അതുകൊണ്ടു യേശു ഇങ്ങനെ പറഞ്ഞു: “കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ മനുഷ്യർക്കു സ്വർഗ്ഗരാജ്യം അടെച്ചുകളയുന്നു; നിങ്ങൾ കടക്കുന്നില്ല, കടക്കുന്നവരെ കടപ്പാൻ സമ്മതിക്കുന്നതുമില്ല.” ഇപ്രകാരം പറഞ്ഞുകൊണ്ട് അവർ സർപ്പത്തിന്റെ സന്തതിയുടെ ഭാഗമായിരുന്നെന്നു യേശു യഥായോഗ്യം പ്രഖ്യാപിച്ചു: “പാമ്പുകളേ, സർപ്പസന്തതികളേ, നിങ്ങൾ നരകവിധി [“ഗീഹെന്ന,” NW] എങ്ങനെ ഒഴിഞ്ഞുപോകും?” (മത്തായി 23:13, 33) ഉല്പ-ലെ പ്രവചനത്തിൽ പറഞ്ഞിരിക്കുന്നതു പ്രതിഫലിപ്പിക്കുന്നതാണ് അവന്റെ വാക്കുകൾ. ത്തി 3:15
12, 13. (എ) തങ്ങളുടെ ആത്മീയ പിതാവ് ആരായിരുന്നെന്നു മഹാപുരോഹിതന്മാരും ശാസ്ത്രിമാരും കൂടുതലായ തെളിവു നൽകിയതെങ്ങനെ? (ബി) ആർ അവരോടുകൂടെ ചേർന്നു? (സി) ഉല്പത്തി 3:15-ന്റെ നിവൃത്തിയായി, സ്ത്രീയുടെ സന്തതിയുടെ കുതികാൽ തകർക്കപ്പെട്ടതെങ്ങനെ?
12 യേശുവിന്റെ വാക്കുകൾ കേട്ട്, ഹൃദയം നുറുങ്ങിയവരായി, അവർ ദൈവത്തോടു കരുണയ്ക്കുവേണ്ടി യാചിച്ചുവോ? അവർ അവരുടെ ദുഷ്ടതയെക്കുറിച്ച് അനുതപിച്ചുവോ? ഇല്ല! തൊട്ടടുത്ത ദിവസംതന്നെ, മഹാപുരോഹിതന്റെ അങ്കണത്തിലെ ഒരു യോഗത്തിൽവെച്ച് “യേശുവിനെ ചതിവിൽ പിടികൂടി വധിക്കേണ്ടത് എങ്ങനെയെന്ന് പ്രധാനപുരോഹിതൻമാരും നിയമജ്ഞരും ആലോചിച്ചുകൊണ്ടിരുന്നു” എന്നു മർക്കോസ് 14:1 [പി.ഒ.സി. ബൈബിൾ] റിപ്പോർട്ടു ചെയ്യുന്നു. മനുഷ്യഘാതകനെന്നു യേശു മുമ്പു വർണിച്ച സാത്താന്റെ ഹിംസാബുദ്ധി അവർ തുടർന്നും പ്രകടിപ്പിച്ചുപോന്നു. (യോഹന്നാൻ 8:44) സാത്താന്റെ പ്രേരണയിങ്കൽ വിശ്വാസത്യാഗിയായിത്തീർന്ന യൂദാസ് ഇസ്ക്കര്യോത്തയും ഉടനെ അവരോടുകൂടെ ചേർന്നു. ദൈവത്തിന്റെ സ്ത്രീയുടെ കളങ്കരഹിത സന്തതിയെ ഉപേക്ഷിച്ച് യൂദാസ് സർപ്പത്തിന്റെ സന്തതിയോടു ചേർന്നു.
13 നീസാൻ 14-ന് അതിരാവിലെ യഹൂദ മതകോടതിയിലെ അംഗങ്ങൾ യേശുവിനെ ഒരു തടവുപുള്ളിയെപ്പോലെ റോമൻ ഗവർണറുടെ അടുക്കൽ കൊണ്ടുപോയി. ഇവിടെവെച്ച്, യേശുവിനെ ദണ്ഡനസ്തംഭത്തിലേറ്റി വധിക്കണമെന്നു വിളിച്ചുപറയുന്നതിൽ നേതൃത്വമെടുത്തതു മഹാപുരോഹിതന്മാരായിരുന്നു. “നിങ്ങളുടെ രാജാവിനെ ഞാൻ ക്രൂശിക്കണമോ?” എന്നു പീലാത്തോസ് ചോദിച്ചപ്പോൾ, “ഞങ്ങൾക്കു കൈസരല്ലാതെ മറ്റൊരു രാജാവില്ല” എന്ന് ഉത്തരം പറഞ്ഞതു മഹാപുരോഹിതന്മാരായിരുന്നു. (യോഹന്നാൻ 19:6, 15) തങ്ങൾ സർപ്പത്തിന്റെ സന്തതിയുടെ ഭാഗമായിരുന്നുവെന്നു നിശ്ചയമായും അവർ സകലവിധത്തിലും തെളിയിച്ചു. എന്നാൽ തീർച്ചയായും അവർ തനിച്ചായിരുന്നില്ല. മത്തായി 27:24, 25-ലെ നിശ്വസ്തരേഖ ഈ റിപ്പോർട്ടു തരുന്നു: “പീലാത്തൊസ് . . . വെള്ളം എടുത്തു പുരുഷാരം കാൺകെ കൈ കഴുകി,” അപ്പോൾ “അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെമേലും വരട്ടെ എന്നു ജനം ഒക്കെയും ഉത്തരം പറഞ്ഞു.” അങ്ങനെ ആ തലമുറയിലെ അനേകം യഹൂദന്മാർ സർപ്പത്തിന്റെ സന്തതിയുടെ ഭാഗമാണെന്നു സ്വയം തിരിച്ചറിയിച്ചു. ആ ദിവസം തീരുന്നതിനുമുമ്പുതന്നെ യേശു മരിച്ചു. സാത്താൻ തന്റെ ദൃശ്യസന്തതിയെ ഉപയോഗിച്ചുകൊണ്ട്, ദൈവത്തിന്റെ സ്ത്രീയുടെ സന്തതിയുടെ കുതികാൽ തകർത്തു.
14. സ്ത്രീയുടെ സന്തതിയുടെ കുതികാൽ തകർക്കൽ സാത്താന്റെ വിജയത്തെ അർഥമാക്കാഞ്ഞതെന്തുകൊണ്ട്?
14 സാത്താൻ വിജയിച്ചോ? അശേഷമില്ല! യേശു ലോകത്തെ കീഴടക്കുകയും അതിന്റെ ഭരണാധിപനുമേൽ വിജയം വരിക്കുകയും ചെയ്തിരുന്നു. (യോഹന്നാൻ 14:30, 31; 16:33) മരണംവരെ യഹോവയോടുള്ള തന്റെ വിശ്വസ്തത അവൻ നിലനിർത്തിയിരുന്നു. പൂർണതയുള്ള മനുഷ്യൻ എന്നനിലയിലുള്ള അവന്റെ മരണം, ആദാം നഷ്ടപ്പെടുത്തിയ ജീവിതാവകാശങ്ങൾ വീണ്ടെടുക്കാൻ ആവശ്യമായ മറുവില പ്രദാനം ചെയ്തു. അങ്ങനെ ആ കരുതലിൽ വിശ്വാസമർപ്പിക്കുകയും ദൈവത്തിന്റെ കൽപ്പനകൾ അനുസരിക്കുകയും ചെയ്യുന്നവർക്ക് അവൻ നിത്യജീവനിലേക്കു വഴി തുറന്നുകൊടുത്തു. (മത്തായി 20:28; യോഹന്നാൻ 3:16) യഹോവ യേശുവിനെ മരിച്ചവരിൽനിന്നു സ്വർഗത്തിലെ അമർത്ത്യ ജീവനിലേക്ക് ഉയർപ്പിച്ചു. യഹോവയുടെ തക്കസമയത്ത്, യേശു സാത്താനെ അസ്തിത്വത്തിൽനിന്നു തകർത്തുനീക്കും. ആ വിശ്വസ്ത സന്തതി മുഖേന തങ്ങളെത്തന്നെ അനുഗ്രഹിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്ന, ഭൂമിയിലുള്ള സകല കുടുംബങ്ങളുടെമേലും യഹോവ അനുഗ്രഹങ്ങൾ ചൊരിയുമെന്ന് ഉല്പത്തി 22:16-18-ൽ പ്രവചിക്കപ്പെട്ടിരിക്കുന്നു.
15. (എ) യേശുവിന്റെ മരണത്തിനുശേഷം, അവന്റെ അപ്പോസ്തലന്മാർ സർപ്പത്തിന്റെ സന്തതിയെ തുറന്നുകാട്ടുന്നതിൽ തുടർന്നതെങ്ങനെ? (ബി) സർപ്പത്തിന്റെ സന്തതി നമ്മുടെ നാൾവരെ എന്തു കൂടുതലായ ശത്രുത്വം പ്രകടിപ്പിച്ചിരിക്കുന്നു?
15 യേശുവിന്റെ മരണത്തിനുശേഷം, ആത്മാഭിഷിക്ത ക്രിസ്ത്യാനികൾ തങ്ങളുടെ കർത്താവു ചെയ്തതുപോലെ സർപ്പത്തിന്റെ സന്തതിയെ തുറന്നുകാട്ടുന്നതിൽ തുടർന്നു. പരിശുദ്ധാത്മാവിനാൽ പ്രേരിതനായി, അപ്പോസ്തലനായ പൗലോസ് “അധർമ മനുഷ്യ”നെതിരെ മുന്നറിയിപ്പു കൊടുക്കുകയും അവന്റെ സാന്നിധ്യം “സാത്താന്റെ പ്രവർത്തനപ്രകാര”മായിരിക്കുമെന്നു പറയുകയും ചെയ്തു. (2 തെസ്സലോനിക്യർ 2:3-10, NW) ഒരു കൂട്ടത്തെ അർഥമാക്കുന്ന ഈ “മനുഷ്യൻ” ക്രൈസ്തവലോകത്തിലെ പുരോഹിതവർഗമാണെന്നു തെളിഞ്ഞിരിക്കുന്നു. തുടർന്ന്, സർപ്പത്തിന്റെ സന്തതി യേശുക്രിസ്തുവിന്റെ അനുഗാമികളെ ക്രൂരമായി പീഡിപ്പിച്ചു. നമ്മുടെ നാളോളം ദൈവത്തിന്റെ സ്ത്രീയുടെ സന്തതിയിൽ ശേഷിക്കുന്നവർക്കെതിരെ സാത്താൻ യുദ്ധം തുടരുമെന്നു വെളിപ്പാടു 12:17-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനത്തിൽ അപ്പോസ്തലനായ യോഹന്നാൻ മുൻകൂട്ടിപ്പറഞ്ഞു. അതാണു കൃത്യമായും സംഭവിച്ചിരിക്കുന്നത്. ദൈവത്തിന്റെ രാജ്യത്തിനും അവന്റെ നീതിയുള്ള മാർഗങ്ങൾക്കുംവേണ്ടി ഉറച്ച നിലപാട് എടുത്തതിനാൽ, അനേകം രാജ്യങ്ങളിലും യഹോവയുടെ സാക്ഷികൾ നിരോധിക്കപ്പെടുകയോ ജനക്കൂട്ടത്താൽ ആക്രമിക്കപ്പെടുകയോ തടവിലാക്കപ്പെടുകയോ തടങ്കൽപ്പാളയങ്ങളിൽ അടയ്ക്കപ്പെടുകയോ ചെയ്തിട്ടുണ്ട്.
ആധുനികനാളിൽ സർപ്പത്തിന്റെ സന്തതിയെ തുറന്നുകാട്ടൽ
16. ആധുനികനാളിൽ, സർപ്പത്തിന്റെ സന്തതിയുടെ ഭാഗമായി ആരെ തുറന്നുകാട്ടിയിരിക്കുന്നു, എങ്ങനെ?
16 യേശുക്രിസ്തുവിനെ അനുകരിച്ചുകൊണ്ട്, സത്യക്രിസ്ത്യാനികൾ സർപ്പത്തെയും അവന്റെ സന്തതിയെയും തുറന്നുകാട്ടുന്നതിൽ സധൈര്യം തുടർന്നിരിക്കുന്നു. 1917-ൽ, ബൈബിൾ വിദ്യാർഥികൾ—യഹോവയുടെ സാക്ഷികൾ അന്ന് അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്—ക്രൈസ്തവലോകത്തിലെ പുരോഹിതവർഗത്തിന്റെ കാപട്യം തുറന്നുകാട്ടിയ പൂർത്തിയായ മർമം (ഇംഗ്ലീഷ്) എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ഇതിനു പിന്നാലെ, പുരോഹിതന്മാർ കുറ്റംചുമത്തപ്പെട്ടിരിക്കുന്നു (ഇംഗ്ലീഷ്) എന്ന ശീർഷകത്തിൽ അച്ചടിച്ച ഒരു പ്രമേയം 1924-ൽ പ്രസിദ്ധീകരിച്ചു. അഞ്ചു കോടി പ്രതികൾ സാർവദേശീയതലത്തിൽ വിതരണം ചെയ്യപ്പെട്ടു. 1937-ൽ വാച്ച്ടവർ സൊസൈറ്റിയുടെ അപ്പോഴത്തെ പ്രസിഡൻറായിരുന്ന ജെ. എഫ്. റഥർഫോർഡ്, “തുറന്നുകാട്ടപ്പെട്ടിരിക്കുന്നു,” “മതവും ക്രിസ്ത്യാനിത്വവും” എന്നീ ശീർഷകങ്ങളുള്ള പ്രസംഗങ്ങളിലൂടെ സാത്താന്റെ സന്തതിയെ ശക്തമായി തുറന്നുകാട്ടി. അടുത്ത വർഷം, വിവിധ രാജ്യങ്ങളിലായി 50 കൺവെൻഷനുകളിൽ ശ്രോതാക്കൾ ശ്രദ്ധിച്ചിരിക്കവേ, ഇംഗ്ലണ്ടിലെ ലണ്ടനിൽനിന്ന് റേഡിയോടെലിഫോണിലൂടെ “വസ്തുതകളെ അഭിമുഖീകരിക്കുക” എന്ന പ്രസംഗം നടത്തി. ഒരു മാസത്തിനുശേഷം, ഐക്യനാടുകളിലെ വിപുലമായ റേഡിയോ ശൃംഖലയിലൂടെ “ഫാസിസമോ സ്വാതന്ത്ര്യമോ” എന്ന പ്രസംഗം നടത്തി. ഇവയെത്തുടർന്ന്, ശത്രുക്കൾ, മതം തുടങ്ങിയ (ഇംഗ്ലീഷ്) പുസ്തകങ്ങളിലൂടെയും മറനീക്കപ്പെട്ടിരിക്കുന്നു (ഇംഗ്ലീഷ്) എന്ന ചെറുപുസ്തകത്തിലൂടെയും ശക്തമായ തുറന്നുകാട്ടലുകൾ നടന്നു. 1920-കൾമുതൽ പ്രസിദ്ധീകരിച്ചിരിക്കുന്നതിനോടുള്ള യോജിപ്പിൽ, ഇപ്പോൾ 65 ഭാഷകളിൽ മുദ്രണം ചെയ്യപ്പെട്ടിരിക്കുന്ന, വെളിപാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു!, a എന്ന പുസ്തകം സർപ്പത്തിന്റെ ദൃശ്യസന്തതിയുടെ മുഖ്യ അംഗങ്ങളുടെ കൂട്ടത്തിൽ അഴിമതിക്കാരായ രാഷ്ട്രീയ ഭരണാധിപന്മാരും സ്വാർഥരും തത്വദീക്ഷയില്ലാത്ത വാണിജ്യ വ്യാപാരികളും ഉണ്ടെന്നു തിരിച്ചറിയിക്കുന്നു. തങ്ങളുടെ പ്രജകളെ വഴിതെറ്റിക്കാൻ രാഷ്ട്രീയനേതാക്കൾ വ്യാജത്തിലാശ്രയിക്കുന്നത് ഒരു ശീലമാക്കുമ്പോൾ, രക്തത്തിന്റെ പവിത്രതയെ മാനിക്കാതിരിക്കുമ്പോൾ, യഹോവയുടെ ദാസന്മാരെ അടിച്ചമർത്തുമ്പോൾ (അങ്ങനെ ദൈവത്തിന്റെ സ്ത്രീയുടെ സന്തതിയോടു വെറുപ്പു കാട്ടുമ്പോൾ), തീർച്ചയായും സർപ്പത്തിന്റെ സന്തതിയുടെ ഭാഗമായി അവർ സ്വയം തിരിച്ചറിയിക്കുകയാണ്. ഇതു വാണിജ്യ വ്യാപാരികളെ സംബന്ധിച്ചും ശരിയാണ്, സാമ്പത്തിക ലാഭത്തിനുവേണ്ടി അവർ യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ നുണകൾ തട്ടിവിടുന്നു, രോഗമുണ്ടാക്കുമെന്നു നന്നായി അറിയാവുന്ന ഉത്പന്നങ്ങൾ നിർമിക്കുകയോ വിൽക്കുകയോ ചെയ്യുന്നു.
17. ലോകത്തിന്റെ സമ്പ്രദായത്തിൽനിന്നു പുറത്തുവന്നേക്കാവുന്ന പ്രമുഖവ്യക്തികൾക്ക് എന്ത് അവസരം ഇപ്പോഴും തുറന്നുകിടക്കുന്നു?
17 ലോക മതത്താലോ രാഷ്ട്രീയത്താലോ വാണിജ്യത്താലോ കളങ്കപ്പെട്ടിരിക്കുന്ന സകലരും ഒടുവിൽ സർപ്പത്തിന്റെ സന്തതിയുടെ ഭാഗമായി കണക്കാക്കപ്പെടുകയില്ല. ഈ സ്ത്രീപുരുഷന്മാരിൽ ചിലർ യഹോവയുടെ സാക്ഷികളെ പ്രശംസിക്കാൻ ഇടവരുന്നു. അവരെ സഹായിക്കാൻ അവർ അവരുടെ സ്വാധീനം ഉപയോഗിക്കുകയും കാലക്രമത്തിൽ സത്യാരാധന സ്വീകരിക്കുകയും ചെയ്യുന്നു. (പ്രവൃത്തികൾ 13:7, 12; 17:32-34 എന്നിവ താരതമ്യം ചെയ്യുക.) അത്തരത്തിലുള്ള എല്ലാവർക്കും ഈ അപേക്ഷ വെച്ചുനീട്ടിയിരിക്കുന്നു: “ആകയാൽ രാജാക്കന്മാരേ, ബുദ്ധി പഠിപ്പിൻ; ഭൂമിയിലെ ന്യായാധിപന്മാരേ, ഉപദേശം കൈക്കൊൾവിൻ. ഭയത്തോടെ യഹോവയെ സേവിപ്പിൻ; വിറയലോടെ ഘോഷിച്ചുല്ലസിപ്പിൻ. അവൻ കോപിച്ചിട്ടു നിങ്ങൾ വഴിയിൽവെച്ചു നശിക്കാതിരിപ്പാൻ പുത്രനെ ചുംബിപ്പിൻ. അവന്റെ കോപം ക്ഷണത്തിൽ ജ്വലിക്കും; അവനെ ശരണം പ്രാപിക്കുന്നവരൊക്കെയും ഭാഗ്യവാന്മാർ.” (സങ്കീർത്തനം 2:10-12) നിശ്ചയമായും, യഹോവയുടെ പ്രീതി ആഗ്രഹിക്കുന്നവരൊക്കെയും ഇപ്പോൾ, സ്വർഗീയ ന്യായാധിപൻ അവസരത്തിന്റെ വാതിൽ അടയ്ക്കുന്നതിനുമുമ്പ്, പ്രവർത്തിക്കുന്നതു ജീവത്പ്രധാനമാണ്!
18. സ്ത്രീയുടെ സന്തതിയുടെ ഭാഗമല്ലെങ്കിലും, യഹോവയുടെ ആരാധകരായിരിക്കുന്നതാർ?
18 സ്വർഗീയ രാജ്യത്തിന്റെ അംഗങ്ങളാകാനിരിക്കുന്നവർ മാത്രമാണ് സ്ത്രീയുടെ സന്തതിയുടെ ഭാഗമായിരിക്കുന്നത്. ഇവർ എണ്ണത്തിൽ കുറവാണ്. (വെളിപ്പാടു 7:4, 9) എങ്കിലും, മറ്റുള്ളവരുടേതായ ഒരു മഹാപുരുഷാരമുണ്ട്, അതേ, യഹോവയുടെ ആരാധകർ എന്നനിലയിൽ, ഒരു പറുദീസാ ഭൂമിയിലെ നിത്യജീവനുവേണ്ടി നോക്കിപ്പാർത്തിരിക്കുന്ന അവർ ലക്ഷക്കണക്കിനുണ്ട്. വാക്കിനാലും പ്രവൃത്തിയാലും, അവർ യഹോവയുടെ അഭിഷിക്തരോടു പറയുന്നു: “ദൈവം നിങ്ങളോടുകൂടെ ഉണ്ടെന്നു ഞങ്ങൾ കേട്ടിരിക്കയാൽ ഞങ്ങൾ നിങ്ങളോടുകൂടെ പോരുന്നു.”—സെഖര്യാവു 8:23.
19. (എ) സകല ആളുകളും എന്തു തിരഞ്ഞെടുപ്പു നടത്തണം? (ബി) അവസരമുള്ള ഇപ്പോഴും ജ്ഞാനപൂർവം പ്രവർത്തിക്കാനുള്ള ആത്മാർഥമായ അഭ്യർഥന പ്രത്യേകിച്ചും ആരോടാണ്?
19 സകല മനുഷ്യവർഗവും തിരഞ്ഞെടുപ്പു നടത്തേണ്ട സമയം ഇപ്പോഴാണ്. അവർ യഹോവയെ ആരാധിക്കാനും അവന്റെ പരമാധികാരം ഉയർത്തിപ്പിടിക്കാനും ആഗ്രഹിക്കുന്നുവോ, അതോ, സാത്താനെ പ്രീതിപ്പെടുത്തുന്ന കാര്യങ്ങൾ ചെയ്തുകൊണ്ടു തങ്ങളുടെ ഭരണാധിപനായിരിക്കാൻ അവനെ അനുവദിക്കുമോ? സകല ജനതകളിൽനിന്നുമായി ഏതാണ്ട് 50 ലക്ഷത്തോളം ആളുകൾ, സ്ത്രീയുടെ സന്തതിയിൽ ശേഷിച്ചിരിക്കുന്നവരായ രാജ്യാവകാശികളോടു സഹവസിച്ചുകൊണ്ട്, യഹോവയുടെ പക്ഷത്തു നിലപാട് എടുത്തിരിക്കുന്നു. എൺപത് ലക്ഷം മറ്റുള്ളവർ അവരോടൊത്തു ബൈബിൾ പഠിക്കുന്നതിനോ അവരുടെ യോഗങ്ങളിൽ പങ്കുകൊള്ളുന്നതിനോ താത്പര്യം കാട്ടിയിരിക്കുന്നു. അത്തരക്കാരായ സകലരോടും യഹോവയുടെ സാക്ഷികൾ പറയുന്നു: അവസരത്തിന്റെ വാതിൽ ഇപ്പോഴും തുറന്നുകിടക്കുകയാണ്. യഹോവയുടെ പക്ഷത്തു നിങ്ങൾ ഒരു അസന്ദിഗ്ധമായ നിലപാടു സ്വീകരിക്കുവിൻ. വാഗ്ദത്ത സന്തതി എന്നനിലയിൽ യേശുക്രിസ്തുവിനെ അംഗീകരിക്കുവിൻ. യഹോവയുടെ ദൃശ്യസ്ഥാപനത്തോടൊപ്പം സന്തോഷപൂർവം സഹവസിക്കുവിൻ. രാജാവായ യേശുക്രിസ്തുവിന്റെ ഭരണത്തിലൂടെ അവൻ പ്രദാനം ചെയ്യാനിരിക്കുന്ന സകല അനുഗ്രഹങ്ങളിലും നിങ്ങൾ പങ്കുകൊള്ളുമാറാകട്ടെ.
[അടിക്കുറിപ്പ]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചത്.
നിങ്ങൾ ഓർക്കുന്നുവോ?
◻ ഉല്പത്തി 3:15-ൽ പരാമർശിച്ചിരിക്കുന്ന സർപ്പം ആരാണ്? സ്ത്രീ ആരാണ്?
◻ സർപ്പത്തിന്റെ സന്തതിയെ തിരിച്ചറിയിക്കുന്ന സ്വഭാവഗുണങ്ങൾ എന്തൊക്കെ?
◻ യേശു സർപ്പത്തിന്റെ സന്തതിയെ തുറന്നുകാട്ടിയത് എങ്ങനെ?
◻ സർപ്പത്തിന്റെ സന്തതിയുടെ ഭാഗമായി ആധുനികനാളിൽ ആരെ തുറന്നുകാട്ടിയിരിക്കുന്നു?
◻ സർപ്പത്തിന്റെ സന്തതിയോടൊപ്പം തിരിച്ചറിയപ്പെടുന്നത് ഒഴിവാക്കാൻ എന്ത് അടിയന്തിര നടപടി ആവശ്യമാണ്?
[അധ്യയന ചോദ്യങ്ങൾ]
[10-ാം പേജിലെ ചിത്രം]
സർപ്പത്തിന്റെ സന്തതിയുടെ ഭാഗമായി കപടഭക്തരായ മതനേതാക്കന്മാരെ യേശു തുറന്നുകാട്ടി