അനുഗ്രഹങ്ങൾ അല്ലെങ്കിൽ ശാപങ്ങൾ—ഒരു തിരഞ്ഞെടുപ്പ്!
അനുഗ്രഹങ്ങൾ അല്ലെങ്കിൽ ശാപങ്ങൾ—ഒരു തിരഞ്ഞെടുപ്പ്!
“ഞാൻ ജീവനും മരണവും, അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്നു; നീ ജീവിച്ചിരിക്കേണ്ടതിനു ജീവനെ തിരഞ്ഞെടുക്കേണം.”—ആവർത്തനപുസ്തകം 30:19, 20, NW.
1. എന്തു പ്രാപ്തിയാണു മനുഷ്യർക്കു നൽകപ്പെട്ടിരിക്കുന്നത്?
യഹോവയാം ദൈവം ബുദ്ധിശക്തിയുള്ള മനുഷ്യ ജീവികളായ നമ്മെ രൂപകൽപ്പന ചെയ്തതു സ്വതന്ത്ര ധാർമിക കാര്യസ്ഥരായാണ്. വെറും സ്വയംപ്രവർത്തക യന്ത്രങ്ങളോ യന്ത്രമനുഷ്യരോ ആയിട്ടല്ല നാം സൃഷ്ടിക്കപ്പെട്ടത്. മറിച്ച്, തിരഞ്ഞെടുപ്പുകൾ നടത്താനുള്ള അവകാശവും ഉത്തരവാദിത്വവും നമുക്കു നൽകപ്പെട്ടു. (സങ്കീർത്തനം 100:3) ആദ്യ മനുഷ്യരായ ആദാമും ഹവ്വായും തങ്ങളുടെ പ്രവർത്തനഗതി തിരഞ്ഞെടുക്കുന്നതിനു സ്വാതന്ത്ര്യമുള്ളവരായിരുന്നെങ്കിലും, തങ്ങൾ നടത്തുന്ന തിരഞ്ഞെടുപ്പിന് അവർ ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിയിരുന്നു.
2. ആദാം എന്തു തിരഞ്ഞെടുപ്പാണു നടത്തിയത്, ഫലമെന്തായിരുന്നു?
2 ഒരു പറുദീസാ ഭൂമിയിലെ നിത്യാനുഗ്രഹത്തോടെയുള്ള മനുഷ്യ ജീവിതത്തിനായി സ്രഷ്ടാവ് ധാരാളം സംഗതികൾ പ്രദാനം ചെയ്തിരിക്കുന്നു. ആ ഉദ്ദേശ്യം ഇതുവരെയും നേടാൻ കഴിയാഞ്ഞത് എന്തുകൊണ്ടാണ്? കാരണം, ആദാം തെറ്റായ തിരഞ്ഞെടുപ്പാണു നടത്തിയത്. യഹോവ മനുഷ്യന്റെമേൽ ഈ കൽപ്പന വെച്ചിരുന്നു: “തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം. എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും.” (ഉല്പത്തി 2:16, 17) ആദാം അനുസരിക്കാൻ തീരുമാനിച്ചിരുന്നെങ്കിൽ, നമ്മുടെ ആദ്യ മാതാപിതാക്കൾ അനുഗ്രഹിക്കപ്പെടുമായിരുന്നു. അനുസരണക്കേടാണു മരണം കൈവരുത്തിയത്. (ഉല്പത്തി 3:6, 18, 19) അങ്ങനെ ആദാമിന്റെ സകല സന്തതികളിലേക്കും പാപവും മരണവും കൈമാറപ്പെട്ടിരിക്കുന്നു.—റോമർ 5:12.
അനുഗ്രഹങ്ങൾ സാധ്യമാക്കിത്തീർക്കൽ
3. മനുഷ്യരെ സംബന്ധിച്ച തന്റെ ഉദ്ദേശ്യം നിവർത്തിക്കപ്പെടുമെന്നു ദൈവം എങ്ങനെയാണ് ഉറപ്പു നൽകിയത്?
3 മനുഷ്യവർഗത്തെ അനുഗ്രഹിക്കുന്നതിനുള്ള തന്റെ ഉദ്ദേശ്യം ഒടുവിൽ നിവൃത്തിയേറുന്നതിനുള്ള ഒരു മാർഗം യഹോവയാം ദൈവം കൈക്കൊണ്ടു. “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും” എന്ന് ഏദെനിൽവെച്ചു പ്രവചിച്ചുകൊണ്ട് ഒരു സന്തതിയെക്കുറിച്ച് അവൻതന്നെ മുൻകൂട്ടിപ്പറഞ്ഞു. (ഉല്പത്തി 3:15) അബ്രഹാമിന്റെ വംശജനായ ഈ സന്തതിയിലൂടെ അനുസരണമുള്ള മനുഷ്യവർഗത്തിന് അനുഗ്രഹങ്ങൾ ലഭിക്കുമെന്നു ദൈവം പിന്നീടു വാഗ്ദത്തം ചെയ്തു.—ഉല്പത്തി 22:15-18.
4. മനുഷ്യവർഗത്തെ അനുഗ്രഹിക്കുന്നതിനായി എന്തു ക്രമീകരണമാണു യഹോവ ചെയ്തിരിക്കുന്നത്?
4 വാഗ്ദത്തം ചെയ്യപ്പെട്ട ആ അനുഗൃഹീത സന്തതി യേശുക്രിസ്തുവാണെന്നു തെളിഞ്ഞു. മനുഷ്യവർഗത്തെ അനുഗ്രഹിക്കുന്നതിനുള്ള യഹോവയുടെ ക്രമീകരണത്തിലെ യേശുവിന്റെ റോളിനെക്കുറിച്ചു ക്രിസ്തീയ അപ്പോസ്തലനായ പൗലോസ് ഇപ്രകാരമെഴുതി: “ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കു വേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു.” (റോമർ 5:8) പാപികളായ മനുഷ്യവർഗത്തിൽപ്പെട്ടവരിൽ, ദൈവത്തെ അനുസരിക്കുകയും യേശുക്രിസ്തുവിന്റെ മറുവിലയാഗത്തിന്റെ മൂല്യം തങ്ങൾക്കായി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നവർ അനുഗ്രഹങ്ങൾ ആസ്വദിക്കും. (പ്രവൃത്തികൾ 4:12) നിങ്ങൾ അനുസരണവും അനുഗ്രഹങ്ങളും തിരഞ്ഞെടുക്കുമോ? അനുസരണക്കേടിന്റെ ഫലം തികച്ചും വ്യത്യസ്തമായ ഒന്നായിരിക്കും.
ശാപങ്ങൾ സംബന്ധിച്ചോ?
5. “ശാപം” എന്ന പദത്തിന്റെ അർഥമെന്ത്?
5 അനുഗ്രഹത്തിന്റെ വിപരീതമാണു ശാപം. “ശാപം” എന്നതിന്റെ അർഥം ആരെയെങ്കിലും പിരാകുക അല്ലെങ്കിൽ അയാൾക്കെതിരെ തിന്മ ഉച്ചരിക്കുക എന്നാണ്. ക്വെലാലാ എന്ന എബ്രായ പദം വന്നിരിക്കുന്നത്, അക്ഷരീയമായി “ഭാരം കുറഞ്ഞതായിരിക്കുക” എന്ന അർഥമുള്ള ക്വാലാൽ എന്ന ക്രിയാധാതുവിൽനിന്നാണ്. എന്നാൽ, പ്രതീകാത്മക അർഥത്തിൽ ഉപയോഗിക്കുമ്പോൾ ‘പിരാകുക’ അല്ലെങ്കിൽ ‘അവജ്ഞയോടെ പെരുമാറുക’ എന്നാണ് അതിന്റെ അർഥം.—ലേവ്യപുസ്തകം 20:9; 2 ശമൂവേൽ 19:43.
6. എലീശാ ഉൾപ്പെട്ട എന്തു സംഭവമാണു പുരാതന ബെഥേലിനു സമീപം ഉണ്ടായത്?
6 ഒരു ശാപമുൾപ്പെട്ടിരിക്കുന്ന സത്വര നടപടിയുടെ ഒരു ശ്രദ്ധേയമായ ഉദാഹരണം പരിചിന്തിക്കുക. ദൈവത്തിന്റെ പ്രവാചകനായ എലീശാ യെരീഹോയിൽനിന്നു ബെഥേലിലേക്കു നടന്നുപോകുമ്പോഴായിരുന്നു അതു സംഭവിച്ചത്. വിവരണം ഇങ്ങനെ പ്രസ്താവിക്കുന്നു: “അവൻ വഴിയിൽ നടക്കുമ്പോൾ ബാലന്മാർ പട്ടണത്തിൽനിന്നു പുറപ്പെട്ടു വന്നു അവനെ പരിഹസിച്ചു അവനോടു: മൊട്ടത്തലയാ, കയറി വാ; മൊട്ടത്തലയാ, കയറി വാ എന്നു പറഞ്ഞു. അവൻ പിന്നോക്കം തിരിഞ്ഞു അവരെ നോക്കി യഹോവനാമത്തിൽ അവരെ ശപിച്ചു; അപ്പോൾ കാട്ടിൽനിന്നു രണ്ടു പെൺകരടി ഇറങ്ങിവന്നു അവരിൽ നാല്പത്തിരണ്ടു ബാലന്മാരെ കീറിക്കളഞ്ഞു.” (2 രാജാക്കന്മാർ 2:23, 24) ആ പരിഹാസികളായ കുട്ടികളുടെമേൽ തിന്മ വരട്ടേയെന്നു ശപിച്ചപ്പോൾ എലീശാ കൃത്യമായി പറഞ്ഞത് എന്തെന്നു വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, ആ പ്രഖ്യാപനത്തിനു ഫലമുണ്ടായി. കാരണം, ദിവ്യഹിതത്തിന് അനുസൃതമായി പ്രവർത്തിച്ച ദൈവത്തിന്റെ ഒരു പ്രവാചകൻ യഹോവയുടെ നാമത്തിലായിരുന്നു അതു സംസാരിച്ചത്.
7. എലീശായെ പരിഹസിച്ച കുട്ടികൾക്ക് എന്തു സംഭിവിച്ചു, എന്തുകൊണ്ട്?
7 പരിഹാസത്തിനുള്ള മുഖ്യ കാരണം, ഏലിയാവിന്റെ പരിചിതമായ ഔദ്യോഗിക അങ്കി എലീശാ ധരിച്ചതായിരുന്നുവെന്നു തോന്നുന്നു. ആ പ്രവാചകന്റെ ഏതെങ്കിലുമൊരു പിൻഗാമി അവിടെയെങ്ങുമുണ്ടായിരിക്കാൻ ആ കുട്ടികൾ ആഗ്രഹിച്ചില്ല. (2 രാജാക്കൻമാർ 2:13) ഏലിയാവിന്റെ പിൻഗാമി ആയിരിക്കുകയെന്ന വെല്ലുവിളിക്ക് ഉത്തരം കൊടുക്കുന്നതിനും യഹോവയുടെ പ്രവാചകനോടുള്ള ഉചിതമായ ആദരവ് ആ ചെറുപ്പക്കാരെയും അവരുടെ മാതാപിതാക്കളെയും പഠിപ്പിക്കുന്നതിനും വേണ്ടി, പരിഹാസികളായ ആ ആൾക്കൂട്ടത്തിന്റെ മധ്യേ തിന്മ വരട്ടേയെന്ന് ഏലിയാവിന്റെ ദൈവത്തിന്റെ നാമത്തിൽ എലീശാ ശപിച്ചു. കാട്ടിൽനിന്നു രണ്ടു പെൺകരടികൾ ഇറങ്ങിവന്ന് ആ പരിഹാസികളിൽ 42 പേരെ കീറിക്കളയാൻ ഇടയാക്കിക്കൊണ്ടു തന്റെ പ്രവാചകനായ എലീശായുടെമേലുള്ള അംഗീകാരം യഹോവ പ്രകടമാക്കി. ഭൂമിയിൽ അക്കാലത്തു യഹോവ ഉപയോഗിച്ചിരുന്ന ആശയവിനിമയ സരണിയോടുള്ള കടുത്ത അനാദരവു നിമിത്തം അവൻ നിർണായകമായി ഇടപെട്ടു.
8. എന്തു ചെയ്യാമെന്നാണ് ഇസ്രായേൽ ജനത സമ്മതിച്ചത്, പ്രതീക്ഷകൾ എന്തെല്ലാമായിരുന്നു?
8 അതിനും വർഷങ്ങൾക്കു മുമ്പ്, ദൈവത്തിന്റെ ക്രമീകരണങ്ങളോടുള്ള സമാനമായ അനാദരവ് ഇസ്രായേല്യർ പ്രകടമാക്കുകയുണ്ടായി. അതു വികാസം പ്രാപിച്ചത് ഇങ്ങനെയാണ്: “കഴുകന്മാരുടെ ചിറകിന്മേൽ” എന്നപോലെ പൊ.യു.മു. (പൊതുയുഗത്തിനുമുമ്പ്) 1513-ൽ ഈജിപ്തുകാരുടെ അടിമത്തത്തിൽനിന്ന് ഇസ്രായേൽ ജനതയെ വിടുവിച്ചുകൊണ്ടു ദൈവം അവരോടു പ്രീതി കാണിച്ചു. അതിനുശേഷം താമസിയാതെ, ദൈവത്തെ അനുസരിച്ചുകൊള്ളാമെന്ന് അവർ പ്രതിജ്ഞ ചെയ്തു. ദൈവാംഗീകാരം ലഭിക്കുന്നതുമായി അനുസരണം അഭേദ്യമാംവിധം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നു ശ്രദ്ധിക്കുക. മോശ മുഖാന്തരം യഹോവ പറഞ്ഞു: “നിങ്ങൾ എന്റെ വാക്കു കേട്ടു അനുസരിക്കയും എന്റെ നിയമം പ്രമാണിക്കയും ചെയ്താൽ നിങ്ങൾ എനിക്കു സകലജാതികളിലുംവെച്ചു പ്രത്യേക സമ്പത്തായിരിക്കും; ഭൂമി ഒക്കെയും എനിക്കുള്ളതല്ലോ.” അതിനുശേഷം, “യഹോവ കല്പിച്ചതൊക്കെയും ഞങ്ങൾ ചെയ്യും” എന്നു സമ്മതപൂർവം പറഞ്ഞുകൊണ്ടു ജനം പ്രതികരിച്ചു. (പുറപ്പാടു 19:4, 5, 8; 24:3) യഹോവയെ സ്നേഹിക്കുന്നു എന്ന് അവകാശപ്പെട്ട ഇസ്രായേല്യർ അവനു സമർപ്പിതരായിരുന്നു. അവന്റെ വാക്ക് അനുസരിച്ചുകൊള്ളാമെന്ന് അവർ പ്രതിജ്ഞ ചെയ്തു. അങ്ങനെ ചെയ്യുന്നതു വലിയ അനുഗ്രഹങ്ങളിൽ കലാശിക്കുമായിരുന്നു.
9, 10. മോശ സീനായ് പർവതത്തിലായിരുന്നപ്പോൾ, ഇസ്രായേല്യർ എന്താണു ചെയ്തത്, പരിണതഫലങ്ങൾ എന്തായിരുന്നു?
9 എന്നിരുന്നാലും, ഉടമ്പടിയുടെ അടിസ്ഥാന പ്രമാണങ്ങൾ “ദൈവത്തിന്റെ വിരൽ”കൊണ്ടു കല്ലിന്മേൽ ആലേഖനം ചെയ്യപ്പെടുന്നതിനു മുമ്പ്, ദിവ്യ ശാപങ്ങൾ അനിവാര്യമായിത്തീർന്നു. (പുറപ്പാടു 31:18) ദുരന്തപൂർണമായ അത്തരം പരിണതഫലങ്ങൾ അർഹമായിരുന്നത് എന്തുകൊണ്ടാണ്? യഹോവ പറഞ്ഞതെല്ലാം ചെയ്യാനുള്ള ആഗ്രഹം ഇസ്രായേല്യർ സൂചിപ്പിച്ചിരുന്നില്ലേ? അതേ, അവർ വാക്കുകൊണ്ട് അനുഗ്രഹങ്ങൾ തേടി, എന്നാൽ പ്രവൃത്തികളാൽ ശാപയോഗ്യമായ ഒരു ഗതിയാണ് അവർ തിരഞ്ഞെടുത്തത്.
10 പത്തു കൽപ്പനകൾ സ്വീകരിച്ചുകൊണ്ടു മോശ 40 ദിവസം സീനായ് പർവതത്തിൽ ആയിരുന്ന ഘട്ടത്തിൽ, യഹോവയോടു വിശ്വസ്തത കാട്ടിക്കൊള്ളാമെന്ന നേരത്തെ നടത്തിയ വാഗ്ദാനം ഇസ്രായേല്യർ ലംഘിച്ചു. “എന്നാൽ മോശെ പർവ്വതത്തിൽനിന്നു ഇറങ്ങിവരുവാൻ താമസിക്കുന്നു എന്നു ജനം കണ്ടപ്പോൾ ജനം അഹരോന്റെ അടുക്കൽ വന്നുകൂടി അവനോടു: നീ എഴുന്നേറ്റു, ഞങ്ങളുടെ മുമ്പിൽ നടക്കേണ്ടതിന്നു ഒരു ദൈവത്തെ ഉണ്ടാക്കി തരിക; ഞങ്ങളെ മിസ്രയീംദേശത്തുനിന്നു പറപ്പെടുവിച്ചു കൊണ്ടുവന്ന പുരുഷനായ ഈ മോശെക്കു എന്തു ഭവിച്ചു എന്നു ഞങ്ങൾ അറിയുന്നില്ല” എന്നു പറഞ്ഞതായി വിവരണം പറയുന്നു. (പുറപ്പാടു 32:1) തന്റെ ജനത്തെ നയിക്കാനും അവർക്കു മാർഗനിർദേശം കൊടുക്കാനും യഹോവ ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു മനുഷ്യമാധ്യമത്തിനു നേർക്കു പ്രകടമാക്കിയ അനാദരണീയ മനോഭാവത്തിന്റെ മറ്റൊരു ഉദാഹരണമാണ് അത്. ഈജിപ്തിലെ വിഗ്രഹാരാധനയെ അനുകരിക്കാൻ വശീകരിക്കപ്പെട്ട ഇസ്രായേല്യർ, ഒറ്റ ദിവസംതന്നെ 3,000 പേർ വാളിനിരയായപ്പോൾ, അതിന്റെ തിക്തഫലങ്ങൾ കൊയ്തു.—പുറപ്പാടു 32:2-6, 25-29.
അനുഗ്രഹങ്ങളുടെയും ശാപങ്ങളുടെയും പ്രഖ്യാപനം
11. അനുഗ്രഹങ്ങളും ശാപങ്ങളും സംബന്ധിച്ച എന്തു നിർദേശങ്ങളാണു യോശുവ നടപ്പിലാക്കിയത്?
11 40 വർഷത്തെ മരുഭൂമി യാത്രയുടെ അവസാനത്തോടടുത്ത്, ദൈവത്തോടുള്ള അനുസരണത്തിന്റെ ഒരു ഗതി തിരഞ്ഞെടുക്കുന്നതിനാൽ കൊയ്യാൻ കഴിയുന്ന അനുഗ്രഹങ്ങൾ മോശ തരംതിരിച്ചു. ഇസ്രായേല്യർ യഹോവയോട് അനുസരണക്കേടു കാണിച്ചാൽ അവർ അനുഭവിക്കുമായിരുന്ന ശാപങ്ങളും അവൻ എണ്ണിപ്പറയുകയുണ്ടായി. (ആവർത്തനപുസ്തകം 27:11–28:10) ഇസ്രായേൽ വാഗ്ദത്തദേശത്തു പ്രവേശിച്ച് അധികം താമസിയാതെ, ഈ അനുഗ്രഹങ്ങളും ശാപങ്ങളുമുൾപ്പെട്ട മോശയുടെ നിർദേശങ്ങൾ യോശുവ നടപ്പിലാക്കി. ആറ് ഇസ്രായേൽ ഗോത്രങ്ങൾ ഏബാൽ പർവതത്തിന്റെ ചുവട്ടിലും മറ്റേ ആറ് ഗോത്രങ്ങൾ ഗെരിസീം പർവതത്തിന്റെ ചുവട്ടിലും നിലയുറപ്പിച്ചു. അവയ്ക്കിടയിലുള്ള താഴ്വരയിലാണു ലേവ്യർ നിന്നത്. പ്രത്യക്ഷത്തിൽ, ഏബാൽ പർവതത്തിന്റെ മുമ്പിൽ നിന്നിരുന്ന ഗോത്രങ്ങളുടെ നേർക്ക് ശാപങ്ങൾ വായിച്ചപ്പോൾ അവർ “ആമേൻ” എന്നു പറഞ്ഞു. മറ്റുള്ളവർ നിലയുറപ്പിച്ചിരുന്ന ഗെരിസീം പർവതത്തിന്റെ ചുവടു ലക്ഷ്യമാക്കി ലേവ്യർ അനുഗ്രഹങ്ങൾ വായിച്ചപ്പോൾ അവർ അതിനോടു പ്രതികരിച്ചു.—യോശുവ 8:30-35.
12. ലേവ്യർ പ്രഘോഷിച്ച ചില ശാപങ്ങൾ എന്തെല്ലാമായിരുന്നു?
12 ലേവ്യർ ഇങ്ങനെ പറയുന്നതു കേൾക്കുന്നതായി സങ്കൽപ്പിക്കുക: “ശില്പിയുടെ കൈപ്പണിയായി യഹോവെക്കു അറെപ്പായ വല്ല വിഗ്രഹത്തെയും കൊത്തിയോ വാർത്തോ ഉണ്ടാക്കി രഹസ്യത്തിൽ പ്രതിഷ്ഠിക്കുന്നവൻ ശപിക്കപ്പെട്ടവൻ. . . . അപ്പനെയോ അമ്മയെയോ നിന്ദിക്കുന്നവൻ ശപിക്കപ്പെട്ടവൻ. . . . കൂട്ടുകാരന്റെ അതിർ നീക്കുന്നവൻ ശപിക്കപ്പെട്ടവൻ. . . . കുരുടനെ വഴി തെറ്റിക്കുന്നവൻ ശപിക്കപ്പെട്ടവൻ. . . . പരദേശിയുടെയും അനാഥന്റെയും വിധവയുടെയും ന്യായം മറിച്ചുകളയുന്നവൻ ശപിക്കപ്പെട്ടവൻ. . . . അപ്പന്റെ ഭാര്യയോടുകൂടെ ശയിക്കുന്നവൻ അപ്പന്റെ വസ്ത്രം നീക്കിയതുകൊണ്ടു ശപിക്കപ്പെട്ടവൻ. . . . വല്ല മൃഗത്തോടുംകൂടെ ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ. . . . അപ്പന്റെ മകളോ അമ്മയുടെ മകളോ ആയ സഹോദരിയോടുകൂടെ ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ. . . . അമ്മാവിയമ്മയോടുകൂടെ ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ. . . . കൂട്ടുകാരനെ രഹസ്യമായി കൊല്ലുന്നവൻ ശപിക്കപ്പെട്ടവൻ. . . . കുറ്റമില്ലാത്തവനെ കൊല്ലേണ്ടതിന്നു പ്രതിഫലം വാങ്ങുന്നവൻ ശപിക്കപ്പെട്ടവൻ. . . . ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ പ്രമാണമാക്കി അനുസരിച്ചുനടക്കാത്തവൻ ശപിക്കപ്പെട്ടവൻ.” ഓരോ ശാപത്തിനുശേഷവും ഏബാൽ പർവതത്തിനു മുന്നിൽ നിന്ന ഗോത്രങ്ങൾ “ആമേൻ” എന്നു പറയുന്നു.—ആവർത്തനപുസ്തകം 27:15-26.
13. ലേവ്യർ പ്രഘോഷിച്ച ചില അനുഗ്രഹങ്ങൾ സ്വന്തം വാക്കുകളിൽ നിങ്ങൾ എങ്ങനെ പറയും?
13 “പട്ടണത്തിൽ നീ അനുഗ്രഹിക്കപ്പെടും; വയലിൽ നീ അനുഗ്രഹിക്കപ്പെടും. നിന്റെ ഗർഭഫലവും കൃഷിഫലവും മൃഗങ്ങളുടെ ഫലവും നിന്റെ കന്നുകാലികളുടെ പേറും ആടുകളുടെ പിറപ്പും അനുഗ്രഹിക്കപ്പെടും. നിന്റെ കൊട്ടയും മാവു കുഴെക്കുന്ന തൊട്ടിയും അനുഗ്രഹിക്കപ്പെടും. അകത്തു വരുമ്പോൾ നീ അനുഗ്രഹിക്കപ്പെടും. പുറത്തു പോകുമ്പോൾ നീ അനുഗ്രഹിക്കപ്പെടും”എന്നു ലേവ്യർ ഓരോ അനുഗ്രഹവും വിളിച്ചുപറയുമ്പോൾ ഗെരിസീം പർവതത്തിനു മുമ്പിലുള്ളവർ ഉച്ചത്തിൽ പ്രതികരിക്കുന്നതു നിങ്ങൾ കേൾക്കുന്നതായി സങ്കൽപ്പിക്കുക.—ആവർത്തനപുസ്തകം 28:2-6.
14. എന്ത് അടിസ്ഥാനത്തിൽ ഇസ്രായേല്യർക്ക് അനുഗ്രഹങ്ങൾ ലഭിക്കുമായിരുന്നു?
14 ഈ അനുഗ്രഹങ്ങൾ സ്വീകരിക്കുന്നതിനുള്ള അടിസ്ഥാനമെന്തായിരുന്നു? വിവരണം ഇങ്ങനെ പറയുന്നു: “നിന്റെ ദൈവമായ യഹോവയുടെ വാക്കു നീ ശ്രദ്ധയോടെ കേട്ടു, ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ സകല കല്പനകളും പ്രമാണിച്ചുനടന്നാൽ നിന്റെ ദൈവമായ യഹോവ നിന്നെ ഭൂമിയിലുള്ള സർവ്വജാതികൾക്കും മീതെ ഉന്നതമാക്കും. നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിച്ചാൽ ഈ അനുഗ്രഹങ്ങളെല്ലാം നിനക്കു സിദ്ധിക്കും.” (ആവർത്തനപുസ്തകം 28:1, 2) അതേ, ദിവ്യ അനുഗ്രഹങ്ങൾ ലഭിക്കുന്നതിനു ദൈവത്തോടുള്ള അനുസരണം സുപ്രധാനമായിരുന്നു. എന്നാൽ ഇന്നു നമ്മെ സംബന്ധിച്ചോ? വ്യക്തികളെന്നനിലയിൽ നാം തുടർന്നും ‘യഹോവയുടെ വാക്കു കേട്ടനുസരി’ച്ചുകൊണ്ട് അനുഗ്രഹങ്ങളും ജീവനും തിരഞ്ഞെടുക്കുമോ?—ആവർത്തനപുസ്തകം 30:19, 20.
കുറേക്കൂടെ അടുത്തു വീക്ഷിക്കൽ
15. ആവർത്തനപുസ്തകം 28:3-ൽ രേഖപ്പെടുത്തിയിരിക്കുന്ന അനുഗ്രഹത്തിൽ എന്ത് അതിപ്രധാന ആശയമാണ് എടുത്തുകാണിച്ചിരിക്കുന്നത്, അതിൽനിന്നു നമുക്കെങ്ങനെ പ്രയോജനം നേടാൻ സാധിക്കും?
15 യഹോവയെ അനുസരിക്കുന്നതു നിമിത്തം ഒരു ഇസ്രായേല്യന് ആസ്വദിക്കാൻ കഴിയുമായിരുന്ന ചില അനുഗ്രഹങ്ങളെക്കുറിച്ചു നമുക്കു ചിന്തിക്കാം. ഉദാഹരണത്തിന്, “പട്ടണത്തിൽ നീ അനുഗ്രഹിക്കപ്പെടും; വയലിൽ നീ അനുഗ്രഹിക്കപ്പെടും” എന്ന് ആവർത്തനപുസ്തകം 28:2, 3 പറയുന്നു. ദൈവത്താൽ അനുഗ്രഹിക്കപ്പെടുന്നതു സ്ഥലത്തെയോ നിയമനത്തെയോ ആശ്രയിച്ചിരിക്കുന്നില്ല. ഒരുപക്ഷേ, സാമ്പത്തികമായി തകർന്ന ഒരു പ്രദേശത്തോ യുദ്ധത്താൽ ചീന്തപ്പെട്ട ഒരു രാജ്യത്തോ ജീവിക്കുന്നതു നിമിത്തം തങ്ങളുടെ സാഹചര്യങ്ങളിൽ കുടുങ്ങിയതുപോലെ ചിലർക്കു തോന്നിയേക്കാം. മറ്റൊരു സ്ഥലത്തു യഹോവയെ സേവിക്കാൻ ചിലർ അഭിലഷിച്ചേക്കാം. ചില ക്രിസ്തീയ പുരുഷന്മാർ നിരുത്സാഹിതരായിത്തീരുന്നത്, സഭയിൽ ശുശ്രൂഷാദാസന്മാരായോ മൂപ്പന്മാരായോ തങ്ങൾ നിയമിക്കപ്പെടാത്തതുകൊണ്ടാവാം. പയനിയർമാരോ മിഷനറിമാരോ എന്നനിലയിൽ മുഴുസമയ സേവനത്തിൽ പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയിലായിരിക്കുന്നതു നിമിത്തം ചിലപ്പോൾ ക്രിസ്തീയ വനിതകൾക്കു നിരാശ തോന്നിയേക്കാം. എങ്കിൽതന്നെയും, ‘യഹോവയുടെ വാക്കു കേട്ടനുസരിക്കു’കയും ‘അവൻ ആവശ്യപ്പെടുന്നതു ശ്രദ്ധാപൂർവം അനുഷ്ഠിക്കു’കയും ചെയ്യുന്നതിനാൽ ഏതൊരാൾക്കും ഇപ്പോഴും എന്നേക്കും അനുഗ്രഹം നേടാൻ സാധിക്കും.
16. ആവർത്തനപുസ്തകം 28:4-ലെ തത്ത്വം യഹോവയുടെ സ്ഥാപനത്തിന് ഇന്ന് അനുഭവവേദ്യമാകുന്നത് എങ്ങനെ?
16 ആവർത്തനപുസ്തകം 28:4 പറയുന്നു: “നിന്റെ ഗർഭഫലവും കൃഷിഫലവും മൃഗങ്ങളുടെ ഫലവും നിന്റെ കന്നുകാലികളുടെ പേറും ആടുകളുടെ പിറപ്പും അനുഗ്രഹിക്കപ്പെടും.” “നിന്റെ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ ഏക വചന സർവനാമത്തിന്റെ ഉപയോഗം, അനുസരണമുള്ള ഒരു ഇസ്രായേല്യന്റെ വ്യക്തിപരമായ അനുഭവമായിരിക്കുമിതെന്നു സൂചിപ്പിക്കുന്നു. ഇന്നു യഹോവയുടെ അനുസരണമുള്ള ദാസന്മാരുടെ കാര്യമോ? യഹോവയുടെ സാക്ഷികളുടെ സ്ഥാപനത്തിൽ ഇപ്പോഴുള്ള ലോകവ്യാപക വർധനവും വികസനവും 50,00,000-ത്തിലധികം വരുന്ന രാജ്യ സുവാർത്താ പ്രഘോഷകരുടെ ആത്മാർഥമായ ശ്രമങ്ങളുടെമേലുള്ള ദൈവത്തിന്റെ അനുഗ്രഹത്തിന്റെ ഫലമാണ്. (മർക്കൊസ് 13:10) അതിലുമേറെ വർധനവിനുള്ള സാധ്യത സ്പഷ്ടമാണ്. കാരണം, 1995-ൽ നടന്ന കർത്താവിന്റെ സന്ധ്യാഭക്ഷണാഘോഷത്തിൽ 1,30,00,000-ത്തിലധികമാളുകളാണു സംബന്ധിച്ചത്. നിങ്ങൾ രാജ്യാനുഗ്രഹങ്ങൾ ആസ്വദിക്കുന്നുണ്ടോ?
ഇസ്രായേലിന്റെ തിരഞ്ഞെടുപ്പ് വ്യത്യസ്തതയുളവാക്കി
17. അനുഗ്രഹങ്ങൾ അല്ലെങ്കിൽ ശാപങ്ങൾ ‘ഭവിക്കു’ന്നത് എന്തിനെ ആശ്രയിച്ചിരുന്നു?
17 ഫലത്തിൽ, അനുഗ്രഹങ്ങൾ അനുസരണമുള്ള ഒരു ഇസ്രായേല്യനെ തേടിയെത്തുമായിരുന്നു. “ഈ അനുഗ്രഹങ്ങളെല്ലാം നിനക്കു സിദ്ധിക്കും” എന്നു വാഗ്ദത്തം ചെയ്യപ്പെട്ടു. (ആവർത്തനപുസ്തകം 28:2) സമാനമായി, ശാപങ്ങളെക്കുറിച്ച്, “ഈ ശാപം ഒക്കെയും നിനക്കു വന്നു ഭവിക്കും” എന്നും പറഞ്ഞിരുന്നു. (ആവർത്തനപുസ്തകം 28:15) നിങ്ങൾ പുരാതനകാലത്തെ ഒരു ഇസ്രായേല്യനായിരുന്നുവെങ്കിൽ നിങ്ങൾക്കു ‘ഭവിക്കു’മായിരുന്നത് അനുഗ്രഹങ്ങളോ ശാപങ്ങളോ? നിങ്ങൾ ദൈവത്തെ അനുസരിച്ചുവോ അതോ അനുസരിക്കാതിരുന്നുവോ എന്നതിനെ ആശ്രയിച്ചിരിക്കുമായിരുന്നു അത്.
18. ഇസ്രായേല്യർക്കു ശാപങ്ങൾ എങ്ങനെ ഒഴിവാക്കാൻ സാധിക്കുമായിരുന്നു?
18 അനുസരണക്കേടിന്റെ വേദനാജനകമായ പരിണതഫലങ്ങൾ ശാപങ്ങളായി ആവർത്തനപുസ്തകം 28:15-68-ൽ കൊടുത്തിരിക്കുന്നു. അവയിൽ ചിലത്, ആവർത്തനപുസ്തകം 28:3-14-ൽ എണ്ണിപ്പറഞ്ഞിരിക്കുന്ന, അനുസരണത്തിനു ലഭിക്കുന്ന, അനുഗ്രഹങ്ങളുടെ നേർവിപരീതമായിരുന്നു. മിക്കപ്പോഴും, ഇസ്രായേൽ ജനം കടുത്ത ശാപഫലങ്ങളാണു കൊയ്തത്. കാരണം, വ്യാജാരാധയിൽ ഏർപ്പെടാൻ അവർ തീരുമാനിച്ചു. (എസ്രാ 9:7; യിരെമ്യാവു 6:6-8; 44:2-6) എത്ര ദാരുണമായിരുന്നു അത്! നന്മയും തിന്മയും വ്യക്തമായി നിർവചിക്കുന്ന യഹോവയുടെ ആരോഗ്യാവഹമായ നിയമങ്ങളും തത്ത്വങ്ങളും അനുസരിക്കുകയെന്ന ശരിയായ തിരഞ്ഞെടുപ്പു നടത്തിക്കൊണ്ട് അത്തരം പരിണതഫലങ്ങൾ ഒഴിവാക്കാൻ സാധിക്കുമായിരുന്നു. വ്യാജമതാചരണം, ലൈംഗിക അധാർമികത, നിയമവിരുദ്ധമായ മയക്കുമരുന്നുകളുടെ ഉപയോഗം, ലഹരിപാനീയങ്ങളുടെ അമിതോപയോഗം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ ഏർപ്പെട്ടുകൊണ്ടു ബൈബിൾ തത്ത്വങ്ങൾക്കു വിരുദ്ധമായി പ്രവർത്തിക്കാൻ തീരുമാനിച്ചതു നിമിത്തം പലരും ഇന്നു വേദനയും ദാരുണഫലവും അനുഭവിക്കുന്നു. പുരാതന കാലത്തെ ഇസ്രായേലിലും യഹൂദയിലും സംഭവിച്ചതുപോലെ, അത്തരം മോശമായ തിരഞ്ഞെടുപ്പുകൾ നടത്തുന്നതു ദിവ്യ അപ്രീതിയിലും അനാവശ്യമായ ഹൃദയവേദനയിലും കലാശിക്കുന്നു.—യെശയ്യാവു 65:12-14.
19. യഹൂദയും ഇസ്രായേലും യഹോവയെ അനുസരിക്കാൻ തീരുമാനിച്ചപ്പോൾ ഉണ്ടായ അവസ്ഥകൾ വർണിക്കുക.
19 ഇസ്രായേല്യർക്ക് അനുഗ്രഹങ്ങൾ സമൃദ്ധമായിരുന്നതും ശാന്തത കളിയാടിയിരുന്നതും അവർ യഹോവയെ അനുസരിച്ചപ്പോൾ മാത്രമായിരുന്നു. ഉദാഹരണത്തിന്, ശലോമോൻ രാജാവിന്റെ നാളുകളെക്കുറിച്ചു നാം വായിക്കുന്നു: “യെഹൂദയും യിസ്രായേലും കടൽക്കരയിലെ മണൽപോലെ അസംഖ്യമായിരുന്നു; അവർ തിന്നുകയും കുടിക്കയും സന്തോഷിക്കയും ചെയ്തുപോന്നു. . . . ശലോമോന്റെ കാലത്തൊക്കെയും യെഹൂദയും യിസ്രായേലും ദാൻമുതൽ ബേർ-ശേബവരെയും ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിൻ കീഴിലും നിർഭയം വസിച്ചു.” (1 രാജാക്കന്മാർ 4:20-25) ദൈവത്തിന്റെ വൈരികളിൽനിന്നു വളരെയധികം എതിർപ്പുണ്ടായിരുന്ന ദാവീദ് രാജാവിന്റെ കാലത്തുപോലും ജനങ്ങൾ സത്യത്തിന്റെ ദൈവത്തെ അനുസരിക്കാൻ തീരുമാനിച്ചപ്പോൾ ആ ജനത യഹോവയുടെ പിന്തുണയും അനുഗ്രഹവും ആസ്വദിച്ചു.—2 ശമൂവേൽ 7:28, 29; 8:1-15.
20. മനുഷ്യരെക്കുറിച്ച് എന്തു കാര്യത്തിൽ ദൈവത്തിന് ഉറപ്പുണ്ട്?
20 നിങ്ങൾ ദൈവത്തെ അനുസരിക്കുമോ, അതോ അനുസരിക്കാതിരിക്കുമോ? ഇസ്രായേല്യർക്ക് ഒരു തിരഞ്ഞെടുപ്പു നടത്തേണ്ടതുണ്ടായിരുന്നു. നാമെല്ലാവരും ആദാമിൽനിന്നു പാപപൂർണമായ പ്രവണത അവകാശപ്പെടുത്തിയിട്ടുണ്ടെങ്കിലും സ്വതന്ത്ര തിരഞ്ഞെടുപ്പെന്ന ഒരു ദാനവും നമുക്കു ലഭിച്ചിട്ടുണ്ട്. സാത്താനും ഈ ദുഷ്ട ലോകവും നമ്മുടെ അപൂർണതകളുമൊക്കെയുണ്ടെങ്കിലും, നമുക്കു ശരിയായ തിരഞ്ഞെടുപ്പു നടത്താൻ സാധിക്കും. മാത്രമല്ല, എന്തു പീഡാനുഭവമോ പ്രലോഭനമോ ഉണ്ടായാൽപോലും, വാക്കിൽ മാത്രമല്ല പ്രവൃത്തിയിലും ശരിയായ തിരഞ്ഞെടുപ്പു നടത്തുന്നവർ ഉണ്ടായിരിക്കുമെന്നു നമ്മുടെ സ്രഷ്ടാവിന് ഉറപ്പുണ്ട്. (1 പത്രൊസ് 5:8-10) നിങ്ങൾ അവരുടെ ഇടയിലായിരിക്കുമോ?
21. അടുത്ത ലേഖനത്തിൽ എന്തു പരിശോധിക്കപ്പെടും?
21 കഴിഞ്ഞകാല ദൃഷ്ടാന്തങ്ങളുടെ വെളിച്ചത്തിൽ, നാം അടുത്ത ലേഖനത്തിൽ നമ്മുടെ മനോഭാവങ്ങളും പ്രവൃത്തികളും വിലയിരുത്തുന്നതായിരിക്കും. മോശയിലൂടെ നൽകിയ ദൈവത്തിന്റെ വാക്കുകളോടു നാമോരോരുത്തർക്കും നന്ദിയോടെ പ്രതികരിക്കാം: “ഞാൻ ജീവനും മരണവും, അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്നു; നീ ജീവിച്ചിരിക്കേണ്ടതിനു ജീവനെ തിരഞ്ഞെടുക്കേണം.”—ആവർത്തനപുസ്തകം 30:19, 20, NW.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ പാപപൂർണരായ മനുഷ്യർക്കു വേണ്ടി യഹോവ അനുഗ്രഹങ്ങൾ സാധ്യമാക്കിത്തീർത്തിരിക്കുന്നത് എങ്ങനെ?
◻ ശാപങ്ങൾ എന്തെല്ലാമാണ്?
◻ ശാപങ്ങൾക്കുപകരം ഇസ്രായേല്യർക്ക് അനുഗ്രഹങ്ങൾ എങ്ങനെ നേടാൻ സാധിക്കുമായിരുന്നു?
◻ ദൈവത്തെ അനുസരിച്ചതിനാൽ എന്തെല്ലാം അനുഗ്രഹങ്ങളാണ് ഇസ്രായേൽ ആസ്വദിച്ചത്?
[അധ്യയന ചോദ്യങ്ങൾ]
[15-ാം പേജിലെ ചിത്രം]
ഇസ്രായേല്യർ ഗെരിസീം പർവതത്തി ന്റെയും ഏബാൽ പർവതത്തിന്റെയും മുമ്പിൽ സമ്മേളിച്ചു
[കടപ്പാട്]
Pictorial Archive (Near Eastern History) Est.