അനുഗ്രഹങ്ങൾ അല്ലെങ്കിൽ ശാപങ്ങൾ—നമ്മുടെ നാളിലേക്കുള്ള ദൃഷ്ടാന്തങ്ങൾ
അനുഗ്രഹങ്ങൾ അല്ലെങ്കിൽ ശാപങ്ങൾ—നമ്മുടെ നാളിലേക്കുള്ള ദൃഷ്ടാന്തങ്ങൾ
“ഇതു ദൃഷ്ടാന്തമായിട്ടു അവർക്കു സംഭവിച്ചു, ലോകാവസാനം വന്നെത്തിയിരിക്കുന്ന നമുക്കു ബുദ്ധ്യുപദേശത്തിന്നായി [“മുന്നറിയിപ്പിനായി,” NW] എഴുതിയുമിരിക്കുന്നു.”—1 കൊരിന്ത്യർ 10:11.
1. ഒരാൾ ഒരു ഉപകരണം പരിശോധിക്കുന്നതുപോലെ, നാം എന്തു പരിശോധന നടത്തേണ്ടതുണ്ട്?
പെയിൻറടിച്ചിരിക്കുന്നതിനു പിന്നിൽ, ദൃശ്യമല്ലെങ്കിലും തുരുമ്പിന് ഇരുമ്പുകൊണ്ടുണ്ടാക്കിയ ഒരു ഉപകരണത്തെ ദ്രവിപ്പിക്കാൻ സാധിക്കും. തുരുമ്പ് വെളിയിൽ കാണാൻ കുറച്ചു സമയമെടുക്കും. സമാനമായി, ഗുരുതരമായ പരിണതഫലങ്ങളിൽ കലാശിക്കുകയോ മറ്റുള്ളവർ നിരീക്ഷിക്കുകയോ ചെയ്യുന്നതിനു ദീർഘനാൾ മുമ്പേ ഒരുവന്റെ ഹൃദയത്തിലെ മനോഭാവങ്ങളും മോഹങ്ങളും ക്ഷയിക്കാൻ തുടങ്ങിയേക്കാം. ഒരു ഉപകരണം തുരുമ്പിക്കുന്നുണ്ടോയെന്നു നാം ജ്ഞാനപൂർവം പരിശോധിക്കുന്നതുപോലെ, നമ്മുടെ ഹൃദയങ്ങളെ അടുത്തു പരിശോധിക്കുകയും കാലികമായി കേടുപോക്കുകയും ചെയ്യുന്നതിനാൽ നമ്മുടെ ക്രിസ്തീയ നിർമലത കാത്തുസൂക്ഷിക്കാനായേക്കാം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നമുക്കു ദൈവാനുഗ്രഹങ്ങൾ ലഭിക്കാനും ദിവ്യ ശാപങ്ങൾ ഒഴിവാക്കാനും സാധിക്കും. ഈ വ്യവസ്ഥിതിയുടെ സമാപനത്തെ അഭിമുഖീകരിക്കുന്നവരെ സംബന്ധിച്ചിടത്തോളം, പുരാതന ഇസ്രായേലിന്റെമേൽ പ്രഖ്യാപിക്കപ്പെട്ട അനുഗ്രഹങ്ങൾക്കും ശാപങ്ങൾക്കും അർഥമൊന്നുമില്ലെന്നു ചിലർ കരുതിയേക്കാം. (യോശുവ 8:34, 35; മത്തായി 13:49, 50; 24:3) എന്നിരുന്നാലും, അത് അങ്ങനെയല്ല. 1 കൊരിന്ത്യർ 10-ാം അധ്യായത്തിൽ കൊടുത്തിരിക്കുന്നതുപോലെ, ഇസ്രായേൽ ഉൾപ്പെട്ട മുന്നറിയിപ്പിൻ ദൃഷ്ടാന്തങ്ങളിൽനിന്നു നമുക്കു വളരെയധികം പ്രയോജനം നേടാനാവും.
2. മരുഭൂമിയിൽവെച്ച് ഇസ്രായേലിനുണ്ടായ അനുഭവങ്ങളെക്കുറിച്ച് 1 കൊരിന്ത്യർ 10:5, 6 എന്തു പറയുന്നു?
2 അപ്പോസ്തലനായ പൗലോസ്, മോശയുടെ കീഴിലെ ഇസ്രായേല്യരെ ക്രിസ്തുവിന്റെ കീഴിലുണ്ടായിരുന്ന ക്രിസ്ത്യാനികളുമായി തുലനം ചെയ്യുന്നു. (1 കൊരിന്ത്യർ 10:1-4) ഇസ്രായേൽ ജനതയ്ക്കു വാഗ് ദത്തദേശത്തു പ്രവേശിക്കാൻ കഴിയുമായിരുന്നുവെങ്കിലും, “അവരിൽ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല, അവരെ മരുഭൂമിയിൽ തള്ളിയിട്ടുകളഞ്ഞു.” അതുകൊണ്ട് പൗലോസ് സഹക്രിസ്ത്യാനികളോടു പറഞ്ഞു: “ഇതു നമുക്കു ദൃഷ്ടാന്തമായി സംഭവിച്ചു; അവർ മോഹിച്ചതുപോലെ നാമും ദുർമ്മോഹികൾ ആകാതിരിക്കേണ്ടതിന്നു തന്നേ.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (1 കൊരിന്ത്യർ 10:5, 6) മോഹങ്ങൾ പരിപോഷിപ്പിക്കപ്പെടുന്നതു ഹൃദയത്തിലാണ്. അതുകൊണ്ട് പൗലോസ് ഉദ്ധരിക്കുന്ന മുന്നറിയിപ്പിൻ ദൃഷ്ടാന്തങ്ങൾ നാം ചെവിക്കൊള്ളേണ്ടതുണ്ട്.
വിഗ്രഹാരാധനയ്ക്കെതിരെയുള്ള മുന്നറിയിപ്പ്
3. സ്വർണക്കാളക്കുട്ടിയോടുള്ള ബന്ധത്തിൽ ഇസ്രായേല്യർ എങ്ങനെയാണു പാപം ചെയ്തത്?
3 ‘“ജനം തിന്നുവാനും കുടിപ്പാനും ഇരുന്നു, കളിപ്പാൻ എഴുന്നേററു” എന്നു എഴുതിയിരിക്കുന്നപ്രകാരം അവരിൽ ചിലരെപ്പോലെ നിങ്ങൾ വിഗ്രഹാരാധികൾ ആകരുതു’ എന്നതാണു പൗലോസിന്റെ ആദ്യ മുന്നറിയിപ്പ്. (1 കൊരിന്ത്യർ 10:7) ഈജിപ്തിന്റെ വഴികളിലേക്കു തിരിഞ്ഞുപോയി വിഗ്രഹാരാധനാപരമായ ഒരു കാളക്കുട്ടിയെ ഉണ്ടാക്കിയ ഇസ്രായേല്യരുടേതാണ് ഈ മുന്നറിയിപ്പിൻ ദൃഷ്ടാന്തം. (പുറപ്പാടു, അധ്യായം 32) ശിഷ്യനായ സ്തെഫാനൊസ് അടിസ്ഥാന പ്രശ്നമെന്തെന്നു സൂചിപ്പിച്ചു: “നമ്മുടെ പിതാക്കന്മാർ [ദൈവത്തിന്റെ പ്രതിനിധിയായ മോശക്ക്] കീഴ്പെടുവാൻ മനസ്സില്ലാതെ അവനെ തള്ളിക്കളഞ്ഞു ഹൃദയംകൊണ്ടു മിസ്രയീമിലേക്കു പിന്തിരിഞ്ഞു, അഹരോനോടു: ഞങ്ങൾക്കു മുമ്പായി നടപ്പാൻ ദൈവങ്ങളെ ഉണ്ടാക്കിത്തരിക; ഞങ്ങളെ മിസ്രയീമിൽനിന്നു നടത്തിക്കൊണ്ടുവന്ന ആ മോശെക്കു എന്തു സംഭവിച്ചു എന്നു ഞങ്ങൾ അറിയുന്നില്ലല്ലോ എന്നു പറഞ്ഞു. അന്നേരം അവർ ഒരു കാളക്കുട്ടിയെ ഉണ്ടാക്കി, ആ ബിംബത്തിന്നു ബലി കഴിച്ചു തങ്ങളുടെ കൈപ്പണിയിൽ ഉല്ലസിച്ചുകൊണ്ടിരുന്നു.” (പ്രവൃത്തികൾ 7:39-41) വിഗ്രഹാരാധനയിലേക്കു നയിച്ച തെറ്റായ മോഹങ്ങളെ വഴിപിഴച്ച ആ ഇസ്രായേല്യർ “ഹൃദയ”ത്തിൽ താലോലിച്ചതായി ശ്രദ്ധിക്കുക. “അവർ ഒരു കാളക്കുട്ടിയെ ഉണ്ടാക്കി, ആ ബിംബത്തിന്നു ബലി കഴിച്ചു.” മാത്രമല്ല, അവർ “തങ്ങളുടെ കൈപ്പണിയിൽ ഉല്ലസിച്ചുകൊണ്ടിരുന്നു.” സംഗീതവും പാട്ടും നൃത്തവും തീറ്റിയും കുടിയുമുണ്ടായിരുന്നു. സ്പഷ്ടമായും, വിഗ്രഹരാധന വശീകരിക്കുന്നതും വിനോദിപ്പിക്കുന്നതുമായിരുന്നു.
4, 5. വിഗ്രഹാരാധനാപരമായ എന്ത് ആചാരങ്ങളാണു നാം ഒഴിവാക്കേണ്ടത്?
4 പ്രതിമാതൃക ഈജിപ്തായ സാത്താന്റെ ലോകം ഫലത്തിൽ വിനോദത്തെ ആരാധിക്കുന്നു. (1 യോഹന്നാൻ 5:19; വെളിപ്പാടു 11:8) അഭിനേതാക്കളെയും ഗായകരെയും കായിക താരങ്ങളെയും അതുപോലെതന്നെ അവരുടെ നൃത്തത്തെയും സംഗീതത്തെയും വിനോദാവസരങ്ങൾ സംബന്ധിച്ച അവരുടെ ആശയങ്ങളെയും അതു വിഗ്രഹതുല്യമാക്കുന്നു. പലരും യഹോവയെ ആരാധിക്കുന്നു എന്ന് അവകാശപ്പെടുമ്പോൾതന്നെ വിനോദത്തിൽ മുങ്ങിക്കുളിക്കാൻ പ്രലോഭിതരായിത്തീർന്നിട്ടുണ്ട്. ദുഷ്പ്രവൃത്തിക്ക് ഒരു ക്രിസ്ത്യാനിയെ ശാസിക്കേണ്ടതുള്ളപ്പോൾ, അയാളുടെ ബലഹീനമായ ആത്മീയാവസ്ഥയ്ക്കു കാരണം, ലഹരിപാനീയങ്ങൾ കുടിക്കുന്നതും നൃത്തം ചെയ്യുന്നതും ഏതെങ്കിലും വിധത്തിൽ വിഗ്രഹാരാധനയുടെ വക്കോളം എത്തുന്ന വിനോദത്തിൽ ഏർപ്പെടുന്നതുമാണെന്നു മിക്കപ്പോഴും കണ്ടെത്താൻ കഴിയുന്നു. (പുറപ്പാടു 32:5, 6, 17, 18) ചില വിനോദം ആരോഗ്യാവഹവും ആസ്വാദ്യവുമാണ്. എന്നാൽ, ഇന്നു ലോകത്തിലെ മിക്ക സംഗീതവും നൃത്തവും സിനിമകളും വീഡിയോകളും, അധികവും അധമമായ ജഡിക മോഹങ്ങളെ തൃപ്തിപ്പെടുത്തുന്നതാണ്.
5 യഥാർഥ ക്രിസ്ത്യാനികൾ വിഗ്രഹാരാധനയിൽ ഉൾപ്പെടുന്നില്ല. (2 കൊരിന്ത്യർ 6:16; 1 യോഹന്നാൻ 5:21) വിഗ്രഹാരാധനാപരമായ വിനോദത്തിൽ ആസക്തരായിത്തീരാതിരിക്കാനും ലോകപ്രകാരമുള്ള ഒരു വിധത്തിൽ വിനോദത്തിൽ മുഴുകിയിരിക്കുന്നതിന്റെ ഹാനികരമായ ഫലങ്ങൾ അനുഭവിക്കാനുള്ള അപകടസാധ്യത ഒഴിവാക്കാനും നമുക്കോരോരുത്തർക്കും ജാഗ്രത പാലിക്കാം. ലോക സ്വാധീനങ്ങൾക്കു നാം നമ്മെത്തന്നെ വിധേയരാക്കിയാൽ, ഹാനികരമായ മോഹങ്ങളും മനോഭാവങ്ങളും നമ്മുടെ മനസ്സിലും ഹൃദയത്തിലും മിക്കവാറും തിരിച്ചറിയാനാവാത്ത വിധം കടന്നുകൂടും. തിരുത്താതിരിക്കുമ്പോൾ, ഒടുവിൽ സാത്താന്റെ വ്യവസ്ഥിതിയായ ‘മരുഭൂമിയിൽ തള്ളിയിട’പ്പെടുന്നതിൽ അവ കലാശിച്ചേക്കാം.
6. വിനോദം സംബന്ധിച്ചു ക്രിയാത്മകമായ എന്തു നടപടി നാം കൈക്കൊള്ളേണ്ടതുണ്ടായിരിക്കാം?
6 കാളക്കുട്ടിയെ ആരാധിച്ച സമയത്തെ മോശയെപ്പോലെ “വിശ്വസ്തനും വിവേകിയുമായ അടിമ” ഫലത്തിൽ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുകയാണ്: “യഹോവയുടെ പക്ഷത്തിൽ ഉള്ളവൻ എന്റെ അടുക്കൽ വരട്ടെ.” സത്യാരാധനയ്ക്കായി നാം ഉറച്ചു നിലകൊള്ളുന്നുവെന്നു പ്രകടമാക്കുന്നതിനു സജീവമായ നടപടി സ്വീകരിക്കുന്നതു ജീവരക്ഷാകരമായിരിക്കാൻ സാധിക്കും. അധമമായ സ്വാധീനങ്ങൾ ഇല്ലായ്മ ചെയ്യാൻ മോശയുടെ ലേവിഗോത്രം ഉടനടി പ്രവർത്തിച്ചു. (മത്തായി 24:45-47, NW; പുറപ്പാടു 32:26-28) അതുകൊണ്ട്, നിങ്ങൾ തിരഞ്ഞെടുക്കുന്ന വിനോദം, സംഗീതം, വീഡിയോ തുടങ്ങിയ കാര്യങ്ങൾ അവധാനപൂർവം പരിശോധിക്കുക. അത് ഏതെങ്കിലും വിധത്തിൽ ദുഷിച്ചതാണെങ്കിൽ, യഹോവയ്ക്കായി നിങ്ങളുടെ നിലപാടെടുക്കുക. പ്രാർഥനാപൂർവം ദൈവത്തിൽ ആശ്രയിച്ചുകൊണ്ട്, വിനോദവും സംഗീതവും സംബന്ധിച്ച നിങ്ങളുടെ തിരഞ്ഞെടുപ്പിൽ മാറ്റങ്ങൾ വരുത്തുക. മോശ സ്വർണക്കാളക്കുട്ടിയെ നശിപ്പിച്ചതുപോലെ ആത്മീയമായി ഹാനികരമായ വസ്തുക്കൾ നശിപ്പിക്കുക.—പുറപ്പാടു 32:20; ആവർത്തനപുസ്തകം 9:21.
7. പ്രതീകാത്മക ഹൃദയത്തെ നമുക്ക് എങ്ങനെ സംരക്ഷിക്കാൻ സാധിക്കും?
7 ഹൃദയത്തിനു സംഭവിക്കുന്ന ക്ഷയത്തെ നമുക്ക് എങ്ങനെ ചെറുക്കാൻ കഴിയും? ദൈവവചനത്തിലെ സത്യങ്ങൾ നമ്മുടെ മനസ്സിലും ഹൃദയത്തിലും ആഴ്ന്നിറങ്ങാൻ അനുവദിച്ചുകൊണ്ട് ഉത്സാഹപൂർവം അതു പഠിക്കുന്നതിനാൽ. (റോമർ 12:1, 2) തീർച്ചയായും, നാം ക്രിസ്തീയ യോഗങ്ങളിൽ പതിവായി സംബന്ധിക്കണം. (എബ്രായർ 10:24, 25) പേരിനു മാത്രം യോഗങ്ങളിൽ സംബന്ധിക്കുന്നത് തുരുമ്പിച്ച ഭാഗത്തു പെയിൻറടിക്കുന്നതുപോലെയാണ്. അതു കുറച്ചു സമയത്തേക്കു നമ്മെ ശോഭയുള്ളവരാക്കി മാറ്റിയേക്കാം, എന്നാൽ അന്തർലീനമായ പ്രശ്നത്തെ അതു പരിഹരിക്കുന്നില്ല. മറിച്ച്, മുന്നമേ തയ്യാറാകുകയും ധ്യാനിക്കുകയും യോഗങ്ങളിൽ സജീവമായി പങ്കുപറ്റുകയും ചെയ്യുകവഴി, നമ്മുടെ പ്രതീകാത്മക ഹൃദയത്തിന്റെ അടിത്തട്ടിൽ പിന്നെയും കിടന്നേക്കാവുന്ന ക്ഷയിപ്പിക്കുന്ന ഘടകങ്ങൾ നമുക്കു ശക്തമായി നീക്കം ചെയ്യാനാകും. ദൈവവചനത്തോടു പറ്റിനിൽക്കാനും വിശ്വാസത്തിന്റെ പരിശോധനകൾ സഹിച്ചുനിൽക്കാൻ നമ്മെ ശക്തരാക്കാനും അങ്ങനെ “ഒന്നിലും കുറവില്ലാതെ തികഞ്ഞവ”രായിത്തീരാനും അതു നമ്മെ സഹായിക്കും.—യാക്കോബ് 1:3, 4; സദൃശവാക്യങ്ങൾ 15:28.
പരസംഗത്തിനെതിരെയുള്ള മുന്നറിയിപ്പ്
8-10. (എ) 1 കൊരിന്ത്യർ 10:8-ൽ എന്തു മുന്നറിയിപ്പിൻ ദൃഷ്ടാന്തമാണു പരാമർശിച്ചിരിക്കുന്നത്? (ബി) മത്തായി 5:27, 28-ൽ കാണുന്ന യേശുവിന്റെ വാക്കുകൾ പ്രയോജനപ്രദമായി എങ്ങനെ ബാധകമാക്കാൻ സാധിക്കും?
8 പൗലോസിന്റെ അടുത്ത ദൃഷ്ടാന്തത്തിൽ നമ്മെ ഇങ്ങനെ ബുദ്ധ്യുപദേശിച്ചിരിക്കുന്നു: “അവരിൽ ചിലർ പരസംഗം ചെയ്തു ഒരു ദിവസത്തിൽ ഇരുപത്തുമൂവായിരംപേർ വീണുപോയതുപോലെ നാം പരസംഗം ചെയ്യരുതു.” a (1 കൊരിന്ത്യർ 10:8) ഇസ്രായേല്യർ വ്യാജദൈവങ്ങളെ നമസ്കരിക്കുകയും “മോവാബ്യസ്ത്രീകളുമായി പരസംഗ”ത്തിലേർപ്പെടുകയും ചെയ്ത സമയത്തെ അപ്പോസ്തലൻ പരാമർശിക്കുകയായിരുന്നു. (സംഖ്യാപുസ്തകം 25:1-9) ലൈംഗിക അധാർമികത മരണകരമാണ്! അധാർമിക ചിന്തകളെയും മോഹങ്ങളെയും കയറൂരിവിടാൻ അനുവദിക്കുന്നത് ഹൃദയത്തെ ‘തുരുമ്പിക്കാൻ’ അനുവദിക്കുന്നതുപോലെയാണ്. യേശു പ്രസ്താവിച്ചു: “വ്യഭിചാരം ചെയ്യരുതു എന്നു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു: സ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി.”—മത്തായി 5:27, 28.
9 ‘മോഹിക്കേണ്ടതിന്നു സ്ത്രീയെ നോക്കുന്ന’തിന്റെ പരിണതഫലങ്ങൾക്കു സാക്ഷ്യം വഹിക്കുന്നതാണു നോഹയുടെ കാലത്തെ ജലപ്രളയത്തിനു മുമ്പത്തെ അനുസരണംകെട്ട ദൂതന്മാരുടെ അധമ ചിന്തയുടെ ഫലം. (ഉല്പത്തി 6:1, 2) ദാവീദ് രാജാവിന്റെ ജീവിതത്തിലെ ഏറ്റവും ദുരന്തപൂർണമായ സംഭവങ്ങളിലൊന്ന് ഒരു സ്ത്രീയെ അനുചിതമായി നോക്കിക്കൊണ്ടിരുന്നതിനാൽ ലഭിച്ച പ്രചോദനത്തിന്റെ ഫലമായിരുന്നു. (2 ശമൂവേൽ 11:1-4) അതിനു വിരുദ്ധമായി, നീതിയുള്ള വിവാഹിത പുരുഷനായ ഇയ്യോബ് ‘ഒരു കന്യകയെ നോക്കാതിരിക്കേണ്ടതിനു തന്റെ കണ്ണുകളുമായി ഒരു ഉടമ്പടി’ ചെയ്തു. അങ്ങനെ അവൻ അധാർമികത ഒഴിവാക്കുകയും നിർമലതാപാലകനെന്നു തെളിയിക്കുയും ചെയ്തു. (ഇയ്യോബ് 31:1-3, 6-11) നേത്രങ്ങളെ ഹൃദയത്തിന്റെ ജാലകങ്ങളെന്നു പറയാൻ കഴിയും. ദുഷ്ടമായ അനേകം കാര്യങ്ങളും പുറത്തു വരുന്നത് ഒരു ദുഷിച്ച ഹൃദയത്തിൽനിന്നാണ്.—മർക്കൊസ് 7:20-23.
10 നാം യേശുവിന്റെ വാക്കുകൾ ബാധകമാക്കുകയാണെങ്കിൽ, അശ്ലീല കാര്യങ്ങൾ വീക്ഷിച്ചുകൊണ്ടോ ഒരു സഹക്രിസ്ത്യാനിയെയോ ഒപ്പം ജോലി ചെയ്യുന്ന വ്യക്തിയെയോ മറ്റാരെയെങ്കിലുമോ സംബന്ധിച്ച അധാർമിക ചിന്തകൾ മനസ്സിൽ കൊണ്ടുനടന്നുകൊണ്ടോ തെറ്റായ ചിന്തകളെ കയറൂരിവിടുകയില്ല. ക്ഷയം സംഭവിച്ച ഭാഗത്തു ബ്രഷുകൊണ്ടു കേവലം തൂത്തതുകൊണ്ടു ലോഹത്തിൽനിന്നു തുരുമ്പു നീങ്ങിക്കിട്ടുകയില്ല. അതുകൊണ്ട്, അധാർമിക ആശയങ്ങൾക്കും പ്രവണതകൾക്കും വലിയ പ്രാധാന്യമില്ല എന്നു വിചാരിച്ചുകൊണ്ട് അവ മൃദുവായി ബ്രഷ് ചെയ്യരുത്. അധാർമിക ചായ്വുകളിൽനിന്നു മുക്തി നേടാൻ ശക്തമായ നടപടികൾ സ്വീകരിക്കുക. (മത്തായി 5:29, 30 താരതമ്യം ചെയ്യുക.) പൗലോസ് സഹവിശ്വാസികളെ ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നു: “ദുർന്നടപ്പു, അശുദ്ധി, അതിരാഗം, ദുർമ്മോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ. ഈ വക നിമിത്തം ദൈവകോപം . . . വരുന്നു.” അതേ, ലൈംഗിക അധാർമികത പോലുള്ള അത്തരം കാര്യങ്ങൾ നിമിത്തം അവന്റെ ശാപപ്രകടനമായി “ദൈവകോപം . . . വരുന്നു.” അതുകൊണ്ട് ഈവക കാര്യങ്ങൾ സംബന്ധിച്ചു നമ്മുടെ ശരീരാവയവങ്ങളെ ‘മരിപ്പി’ക്കേണ്ടതുണ്ട്.—കൊലൊസ്സ്യർ 3:5, 6.
മത്സരാത്മക പരാതികൾക്കെതിരെയുള്ള മുന്നറിയിപ്പ്
11, 12. (എ) 1 കൊരിന്ത്യർ 10:9-ൽ എന്തു മുന്നറിയിപ്പാണു നൽകിയിരിക്കുന്നത്, എന്തു സംഭവമാണു പരാമർശിക്കപ്പെട്ടിരിക്കുന്നത്? (ബി) പൗലോസിന്റെ മുന്നറിയിപ്പ് നമ്മെ എങ്ങനെ ബാധിക്കണം?
11 അപ്പോസ്തലനായ പൗലോസ് അടുത്തതായി ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “അവരിൽ ചിലർ പരീക്ഷിച്ചു സർപ്പങ്ങളാൽ നശിച്ചുപോയതുപോലെ നാം കർത്താവിനെ [“യഹോവയെ,” NW] പരീക്ഷിക്കരുതു.” (1 കൊരിന്ത്യർ 10:9) ഏദോമിനരികെ മരുഭൂമിയിൽ കൂടി യാത്ര ചെയ്യവ്വേ ഇസ്രായേല്യർ “ദൈവത്തിന്നും മോശെക്കും വിരോധമായി സംസാരിച്ചു: മരുഭൂമിയിൽ മരിക്കേണ്ടതിന്നു നിങ്ങൾ ഞങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നതു എന്തിന്നു? ഇവിടെ അപ്പവുമില്ല, വെള്ളവുമില്ല; ഈ സാരമില്ലാത്ത ആഹാരം,” അതായത് അത്ഭുതകരമായി നൽകിയ മന്ന, “ഞങ്ങൾക്കു വെറുപ്പാകുന്നു എന്നു പറഞ്ഞു”കൊണ്ടിരുന്നു. (സംഖ്യാപുസ്തകം 21:4, 5) അതൊന്നു ചിന്തിക്കുക! ആ ഇസ്രായേല്യർ, ദൈവത്തിന്റെ കരുതലുകളെ അറപ്പുളവാക്കുന്നതെന്നു വിളിച്ചുകൊണ്ട് ‘അവനെതിരെ സംസാരിച്ചു’കൊണ്ടിരുന്നു!
12 തങ്ങളുടെ പരാതികളാൽ ഇസ്രായേല്യർ യഹോവയുടെ ക്ഷമയെ പരീക്ഷിക്കുകയായിരുന്നു. ശിക്ഷ റദ്ദാക്കപ്പെട്ടില്ല. വിഷസർപ്പങ്ങളെ യഹോവ അവരുടെ ഇടയിലേക്ക് അയച്ചു. സർപ്പങ്ങളുടെ കടിയേറ്റു പലരും മരിച്ചു. ആളുകൾ അനുതപിക്കുകയും മോശ അവർക്കു വേണ്ടി അപേക്ഷിക്കുകയും ചെയ്തപ്പോൾ ബാധ ഒടുങ്ങി. (സംഖ്യാപുസ്തകം 21:6-9) മത്സരാത്മകവും പരാതിപ്പെടുന്നതുമായ ഒരു മനോഭാവം, വിശേഷിച്ച് ദൈവത്തിനും അവന്റെ ദിവ്യാധിപത്യ ക്രമീകരണങ്ങൾക്കുമെതിരെ, കാണിക്കാതിരിക്കാൻ തീർച്ചയായും ഈ സംഭവം നമുക്ക് ഒരു മുന്നറിയിപ്പായി ഉതകണം.
പിറുപിറുക്കുന്നതിനെതിരെയുള്ള മുന്നറിയിപ്പ്
13. എന്തിനെതിരെയാണ് 1 കൊരിന്ത്യർ 10:10 മുന്നറിയിപ്പു നൽകുന്നത്, പൗലോസിനു മനസ്സിലുണ്ടായിരുന്നത് ഏതു മത്സരമാണ്?
13 മരുഭൂമിയിലെ ഇസ്രായേല്യർ ഉൾപ്പെടുന്ന അന്തിമ ദൃഷ്ടാന്തം ഉദ്ധരിച്ചുകൊണ്ടു പൗലോസ് എഴുതുന്നു: “അവരിൽ ചിലർ പിറുപിറുത്തു സംഹാരിയാൽ നശിച്ചുപോയതുപോലെ നിങ്ങൾ പിറുപിറുക്കയുമരുതു.” (1 കൊരിന്ത്യർ 10:10) കോരഹ്, ദാദാൻ, അബീരാം തുടങ്ങിയവരും അവരുടെ സഹകാരികളും ദിവ്യാധിപത്യവിരുദ്ധമായി പ്രവർത്തിക്കുകയും മോശയുടെയും അഹരോന്റെയും അധികാരത്തെ വെല്ലുവിളിക്കുകയും ചെയ്തപ്പോൾ മത്സരം പൊട്ടിപ്പുറപ്പെട്ടു. (സംഖ്യാപുസ്തകം 16:1-3) ആ മത്സരികളുടെ നാശത്തിനുശേഷം ഇസ്രായേല്യർ പിറുപിറുക്കാൻ തുടങ്ങി. അതിന്റെ കാരണം ആ മത്സരികളുടെ നാശം നീതിപൂർവകമായിരുന്നില്ല എന്ന് അവർ ന്യായവാദം ചെയ്യാൻ തുടങ്ങിയതായിരുന്നു. സംഖ്യാപുസ്തകം 16:41 പ്രസ്താവിക്കുന്നു: “പിറെറന്നാൾ യിസ്രായേൽമക്കളുടെ സഭയെല്ലാം മോശെക്കും അഹരോന്നും വിരോധമായി പിറുപിറുത്തു: നിങ്ങൾ യഹോവയുടെ ജനത്തെ കൊന്നുകളഞ്ഞു എന്നു പറഞ്ഞു.” ആ സന്ദർഭത്തിൽ നീതി നടത്തിയ വിധത്തെ അവർ വിമർശിച്ചതിന്റെ ഫലമായി, ദിവ്യമായി അയയ്ക്കപ്പെട്ട ഒരു ബാധയാൽ 14,700 ഇസ്രായേല്യർ നശിച്ചു.—സംഖ്യാപുസ്തകം 16:49.
14, 15. (എ) സഭയിലേക്കു നുഴഞ്ഞുകയറിയ ‘ഭക്തികെട്ട മനുഷ്യ’രുടെ പാപങ്ങളിൽ ഒന്ന് എന്തായിരുന്നു? (ബി) കോരഹ് ഉൾപ്പെടുന്ന സംഭവത്തിൽനിന്നു നമുക്ക് എന്തു പഠിക്കാൻ സാധിക്കും?
14 പൊ.യു. ഒന്നാം നൂറ്റാണ്ടിൽ ക്രിസ്തീയ സഭയിലേക്കു നുഴഞ്ഞുകയറിയ ‘അഭക്തരായ മനുഷ്യർ’ വ്യാജോപദേഷ്ടാക്കന്മാരും പിറുപിറുപ്പുകാരുമാണെന്നു തെളിഞ്ഞു. ഈ പുരുഷന്മാർ “കർത്തൃത്വത്തെ തുച്ഛീകരിക്കുകയും” സഭയുടെ ആത്മീയ മേൽനോട്ടം ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്ന അഭിഷിക്ത പുരുഷന്മാരായ “മഹിമകളെ ദുഷിക്കുകയും” ചെയ്തുപോന്നു. ഭക്തികെട്ട ഈ വിശ്വാസത്യാഗികളെ സംബന്ധിച്ചു ശിഷ്യനായ യൂദാ ഇങ്ങനെയും പറഞ്ഞു: “അവർ പിറുപിറുപ്പുകാരും തങ്ങളുടെ ഗതിയെക്കുറിച്ചു ആവലാതി പറയുന്നവരുമായി സ്വന്തമോഹങ്ങളെ അനുസരിച്ചു നടക്കുന്നു.” (യൂദാ 3, 4, 8, 16) ഇന്നു ചില വ്യക്തികൾ പിറുപിറുപ്പുകാരായിത്തീരുന്നു. ആത്മീയമായി ക്ഷയം വരുത്തുന്ന മനോഭാവം തങ്ങളുടെ ഹൃദയങ്ങളിൽ വികാസം പ്രാപിക്കാൻ അവർ അനുവദിക്കുന്നു എന്നതാണ് അതിന്റെ കാരണം. മിക്കപ്പോഴും അവർ, സഭയിൽ മേൽവിചാരക സ്ഥാനങ്ങളിലിരിക്കുന്നവരുടെ അപൂർണതകളിൽ ശ്രദ്ധിച്ചുകൊണ്ട് അവർക്കെതിരെ പിറുപിറുക്കാൻ തുടങ്ങുന്നു. അവരുടെ പിറുപിറുക്കലും പരാതിപ്പെടലും ‘വിശ്വസ്ത അടിമ’യുടെ പ്രസിദ്ധീകരണങ്ങളെ വിമർശിക്കുന്നതിലേക്കുപോലും വ്യാപിച്ചേക്കാം.
15 തിരുവെഴുത്തുപരമായ ഒരു വിഷയം സംബന്ധിച്ച് ആത്മാർഥമായ ചോദ്യങ്ങൾ ചോദിക്കുന്നത് ഉചിതമാണ്. എന്നാൽ, ഒരു നിഷേധാത്മകമായ മനോഭാവം നാം വളർത്തിയെടുക്കുകയും അതു നമ്മുടെ അടുത്ത സുഹൃത്തുക്കളുടെ ഇടയിൽ നടത്തിയ വിമർശനാത്മകമായ ഒരു ചർച്ചയിൽ സ്വതവേ വെളിപ്പെടുകയും ചെയ്തുവെങ്കിലോ? ‘ഇത് എവിടെച്ചെന്ന് അവസാനിക്കാനാണു സാധ്യത? പിറുപിറുക്കുന്നതു നിർത്തിയിട്ട് താഴ്മയോടെ ജ്ഞാനത്തിനായി പ്രാർഥിക്കുന്നത് അതിലുമേറെ നല്ലതല്ലേ?’ എന്നു സ്വയം ചോദിക്കുന്നത് ഉചിതമാണ്. (യാക്കോബ് 1:5-8; യൂദാ 17-21) മോശയുടെയും അഹരോന്റെയും അധികാരത്തിനെതിരെ മത്സരിച്ച കോരഹും അയാളുടെ അനുവർത്തികളും തങ്ങളുടെ വീക്ഷണം സാധുവാണെന്ന് ഉറച്ചു വിശ്വസിച്ചിരുന്നിരിക്കാം, അതുകൊണ്ട് അവർ തങ്ങളുടെ ആന്തരങ്ങൾ പരിശോധിച്ചില്ല. എന്നിരുന്നാലും, അവർക്കു പൂർണമായും തെറ്റു പറ്റിയിരുന്നു. അതുകൊണ്ട്, കോരഹിന്റെയും മറ്റു മത്സരികളുടെയും നാശത്തെക്കുറിച്ചു പിറുപിറുത്ത ഇസ്രായേല്യർക്കും തെറ്റുപറ്റി. നമ്മുടെ ആന്തരങ്ങളെ പരിശോധിക്കാനും പിറുപിറുക്കുന്നതോ പരാതിപ്പെടുന്നതോ ഒഴിവാക്കാനും നമ്മെ നിർമലീകരിക്കാൻ യഹോവയെ അനുവദിക്കാനും അത്തരം ദൃഷ്ടാന്തങ്ങൾ നമ്മെ പ്രചോദിപ്പിക്കുന്നതിനു വഴിയൊരുക്കുന്നത് എത്രയോ ജ്ഞാനമാണ്!—സങ്കീർത്തനം 17:1-3.
പാഠം പഠിക്കുക, അനുഗ്രഹങ്ങൾ ആസ്വദിക്കുക
16. 1 കൊരിന്ത്യർ 10:11, 12-ലെ ഉദ്ബോധനത്തിന്റെ സാരാംശം എന്താണ്?
16 “ഇതു ദൃഷ്ടാന്തമായിട്ടു അവർക്കു സംഭവിച്ചു, ലോകാവസാനം വന്നെത്തിയിരിക്കുന്ന നമുക്കു ബുദ്ധ്യുപദേശത്തിന്നായി എഴുതിയുമിരിക്കുന്നു. ആകയാൽ താൻ നില്ക്കുന്നു എന്നു തോന്നുന്നവൻ വീഴാതിരിപ്പാൻ നോക്കിക്കൊള്ളട്ടെ” എന്ന ഉദ്ബോധനം ദിവ്യ നിശ്വസ്തതയിൻ കീഴിൽ നൽകിക്കൊണ്ടു മുന്നറിയിപ്പിൻ സന്ദേശങ്ങളുടെ പട്ടിക പൗലോസ് ഉപസംഹരിക്കുന്നു. (1 കൊരിന്ത്യർ 10:11, 12) ക്രിസ്തീയ സഭയ്ക്കുള്ളിലെ നമ്മുടെ നിലയെ നമുക്ക് നിസ്സാരമായി വീക്ഷിക്കാതിരിക്കാം.
17. നമ്മുടെ ഹൃദയത്തിൽ അനുചിതമായ ആന്തരമുണ്ടെന്നു മനസ്സിലാക്കുന്നുവെങ്കിൽ, നാം എന്തു ചെയ്യണം?
17 ഇരുമ്പിനു തുരുമ്പിക്കാനുള്ള പ്രവണതയുള്ളതുപോലെ, പാപപൂർണനായ ആദാമിന്റെ പിൻഗാമികളായ നാം അവകാശപ്പെടുത്തിയിരിക്കുന്നതു ദോഷത്തിലേക്കുള്ള ചായ്വാണ്. (ഉല്പത്തി 8:21; റോമർ 5:12) അതുകൊണ്ട്, നമ്മുടെ ഹൃദയത്തിൽ അനുചിതമായ ഒരാന്തരമുണ്ടെന്നു നാം മനസ്സിലാക്കുന്നുവെങ്കിൽ നിരുത്സാഹിതരാകരുത്. മറിച്ച്, നിർണായക നടപടി നമുക്കു കൈക്കൊള്ളാം. ഇരുമ്പ് ഈർപ്പമുള്ള വായുവിൽ അല്ലെങ്കിൽ ക്ഷയം സംഭവിക്കുന്ന ഒരു ചുറ്റുപാടിൽ ആയിരിക്കുമ്പോൾ, ക്ഷയനിരക്കിന്റെ ആക്കം വർധിക്കുന്നു. നികൃഷ്ടമായ വിനോദം, വ്യാപകമായ അധാർമികത, മനസ്സിന്റെ നിഷേധാത്മക ചായ്വ് എന്നിവ ഉൾപ്പെടെ സാത്താന്റെ ലോകത്തിന്റെ “വായു”വിനു വിധേയമാകുന്നതു നാം ഒഴിവാക്കേണ്ടതുണ്ട്.—എഫെസ്യർ 2:1, 2.
18. മനുഷ്യവർഗത്തിന്റെ മോശമായ പ്രവണതകൾ സംബന്ധിച്ചു യഹോവ എന്താണു ചെയ്തിരിക്കുന്നത്?
18 നാം അവകാശപ്പെടുത്തിയിരിക്കുന്ന മോശമായ പ്രവണതകളോടു ചെറുത്തുനിൽക്കുന്നതിനുള്ള മാർഗം യഹോവ മനുഷ്യവർഗത്തിനു പ്രദാനം ചെയ്തിട്ടുണ്ട്. തന്റെ ഏകജാത പുത്രനിൽ വിശ്വാസം പ്രകടമാക്കുന്നവർക്കു നിത്യജീവൻ ലഭിക്കേണ്ടതിനു ദൈവം അവനെ നൽകി. (യോഹന്നാൻ 3:16) യേശുവിന്റെ കാലടികൾ അടുത്തു പിന്തുടരുകയും ക്രിസ്തുസമാനമായ വ്യക്തിത്വം പ്രകടമാക്കുകയും ചെയ്താൽ നാം മറ്റുള്ളവർക്ക് ഒരു അനുഗ്രഹമായിരിക്കും. (1 പത്രൊസ് 2:21) നമുക്കു ലഭിക്കാൻ പോകുന്നതു ശാപമായിരിക്കില്ല, പിന്നെയോ അനുഗ്രഹങ്ങളായിരിക്കും.
19. തിരുവെഴുത്തു ദൃഷ്ടാന്തങ്ങൾ പരിചിന്തിക്കുന്നതിൽനിന്നു നമുക്ക് എങ്ങനെ പ്രയോജനം നേടാനാവും?
19 പുരാതന കാലത്തെ ഇസ്രായേല്യരെപ്പോലെ തെറ്റു ചെയ്യാനുള്ള പ്രവണത നമുക്കുണ്ടെങ്കിലും, നമ്മെ വഴിനയിക്കാൻ ദൈവത്തിന്റെ സമ്പൂർണ ലിഖിത വചനം നമുക്കുണ്ട്. അതിന്റെ പേജുകളിൽനിന്ന്, മനുഷ്യവർഗത്തോടു യഹോവ ഇടപെട്ട വിധങ്ങളും ‘ദൈവത്തിന്റെ തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും’ ആയ യേശുവിൽ മാതൃകയായി കാണുന്ന അവന്റെ ഗുണങ്ങളും നാം പഠിക്കുന്നു. (എബ്രായർ 1:1-3; യോഹന്നാൻ 14:9, 10) പ്രാർഥനയിലൂടെയും തിരുവെഴുത്തുകൾ ഉത്സാഹപൂർവം പഠിക്കുന്നതിലൂടെയും നമുക്കു “ക്രിസ്തുവിന്റെ മനസ്സുള്ളവ”രായിരിക്കാൻ സാധിക്കും. (1 കൊരിന്ത്യർ 2:16) പ്രലോഭനങ്ങളും വിശ്വാസത്തിന്റെ മറ്റു പരിശോധനകളും നമ്മെ അഭിമുഖീകരിക്കുമ്പോൾ, പുരാതന തിരുവെഴുത്തു ദൃഷ്ടാന്തങ്ങൾ, പ്രത്യേകിച്ച് യേശുക്രിസ്തുവിന്റെ അത്യുത്തമ ദൃഷ്ടാന്തം, പരിചിന്തിക്കുന്നതിനാൽ നമുക്കു പ്രയോജനം നേടാൻ സാധിക്കും. നാം അങ്ങനെ ചെയ്യുന്നുവെങ്കിൽ, ദിവ്യശാപങ്ങളുടെ ഫലം നാം അനുഭവിക്കേണ്ടിവരില്ല. പകരം, അവന്റെ പ്രീതി ഇന്നും അവന്റെ അനുഗ്രഹങ്ങൾ എന്നേക്കും നാം ആസ്വദിക്കും.
[അടിക്കുറിപ്പ]
a 1992 ജൂലൈ 15 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 4-ാം പേജു കാണുക.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ വിഗ്രഹാരാധികൾ ആകാതിരിക്കാനുള്ള പൗലോസിന്റെ ബുദ്ധ്യുപദേശം നമുക്ക് എങ്ങനെ ബാധകമാക്കാം?
◻ പരസംഗത്തിനെതിരെയുള്ള പൗലോസ് അപ്പോസ്തലന്റെ മുന്നറിയിപ്പു ചെവിക്കൊള്ളാൻ നമുക്ക് എന്തു ചെയ്യാൻ സാധിക്കും?
◻ പിറുപിറുക്കലും പരാതിപ്പെടലും നാം ഒഴിവാക്കേണ്ടത് എന്തുകൊണ്ട്?
◻ ദൈവത്തിന്റെ ശാപങ്ങളല്ല, മറിച്ച് അവന്റെ അനുഗ്രഹങ്ങൾ നമുക്ക് എങ്ങനെ നേടാം?
[അധ്യയന ചോദ്യങ്ങൾ]
[18-ാം പേജിലെ ചിത്രം]
നാം ദിവ്യാനുഗ്രഹങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, വിഗ്രഹാരാധന ഒഴിവാക്കണം
[20-ാം പേജിലെ ചിത്രം]
തുരുമ്പ് നീക്കം ചെയ്യപ്പെടേണ്ടതുപോലെതന്നെ, നമ്മുടെ ഹൃദയങ്ങളിൽനിന്ന് അനുചിതമായ മോഹങ്ങൾ നീക്കം ചെയ്യാൻ നമുക്കു ക്രിയാത്മകമായ നടപടി സ്വീകരിക്കാം