“ഇങ്ങനെയുള്ളവരെ മാനിച്ചുകൊൾവിൻ”
“ഇങ്ങനെയുള്ളവരെ മാനിച്ചുകൊൾവിൻ”
കൊരിന്ത്യ സഭയിലെ സ്ഥിതിവിശേഷമെല്ലാമൊന്നും അത്ര തൃപ്തികരമായിരുന്നില്ല. ഞെട്ടിപ്പിക്കുന്ന തരം അധാർമികത. സഹോദരങ്ങളുടെയിടയിൽ കക്ഷിവഴക്ക്. ഗുരുതരമായ വൈയക്തിക പ്രശ്നങ്ങളെ അഭിമുഖീകരിച്ചിരുന്ന ചിലർ. ഉത്തരം തേടുന്ന ചോദ്യങ്ങളുമായി മറ്റുചിലർ. ചില സഹോദരങ്ങൾ പരസ്പരം കോടതികയറ്റി; മറ്റുചിലരാണെങ്കിൽ പുനരുത്ഥാനത്തെപ്പോലും നിരാകരിച്ചു.
ഗൗരവാവഹമായ ചോദ്യങ്ങളും ഉയർന്നുവന്നു. മതപരമായി വിഭജിക്കപ്പെട്ട കുടുംബങ്ങളിലുള്ളവർ തങ്ങളുടെ അവിശ്വാസിയായ ഇണയോടൊത്തു താമസിക്കണമോ അതോ വേർപിരിയണമോ? സഭയിൽ സഹോദരിമാരുടെ സ്ഥാനമെന്ത്? വിഗ്രഹങ്ങൾക്ക് അർപ്പിച്ച മാംസം കഴിക്കുന്നത് ഉചിതമോ? യോഗങ്ങൾ—കർത്താവിന്റെ സന്ധ്യാഭക്ഷണം ഉൾപ്പെടെ—എങ്ങനെ നടത്തണം?—1 കൊരിന്ത്യർ 1:12; 5:1; 6:1; 7:1-3, 12, 13; 8:1; 11:18, 23-26; 14:26-35.
കുഴപ്പം നിറഞ്ഞ അത്തരമൊരു ആത്മീയ ചുറ്റുപാടിൽ, തങ്ങളുടെ സഹോദരങ്ങളുടെ ക്ഷേമത്തിൽ ഉത്കണ്ഠതോന്നി അഖായക്കൊസും ഫൊർത്തുനാതൊസും സ്തെഫനാസും എഫേസൂസിലായിരുന്ന പൗലോസ് അപ്പോസ്തലനെ സന്ദർശിക്കാൻ യാത്രപുറപ്പെട്ടു. അലോസരപ്പെടുത്തുന്ന അത്തരം വാർത്ത1 കൊരിന്ത്യർ 7:1; 16:17) സ്ഥിതിഗതിയെക്കുറിച്ച് ഉത്കണ്ഠയുണ്ടായിരുന്നത് ഈ മൂന്നു സഹോദരന്മാർക്കു മാത്രമല്ലെന്നതു വ്യക്തമാണ്. സഭാംഗങ്ങൾക്കിടയിൽ കക്ഷിവഴക്കു സ്ഥിതിചെയ്യുന്നതു സംബന്ധിച്ചു നേരത്തെതന്നെ പൗലോസിനു “ക്ലോവയുടെ ആളുകളാൽ” വിവരം ലഭിച്ചിരുന്നു. (1 കൊരിന്ത്യർ 1:11) സന്ദേശവാഹകരുടെ റിപ്പോർട്ട്, എന്തു ബുദ്ധ്യുപദേശം നൽകണം, ഉന്നയിക്കപ്പെട്ട ചോദ്യങ്ങൾക്ക് എങ്ങനെ ഉത്തരം നൽകണം എന്നിവ സംബന്ധിച്ച് ഒരു തീരുമാനത്തിലെത്തത്തക്കവണ്ണം സാഹചര്യത്തെക്കുറിച്ച് ഒരു വ്യക്തമായ ഗ്രാഹ്യം നേടിയെടുക്കാൻ പൗലോസിനെ സഹായിച്ചുവെന്നതിൽ സംശയമില്ല. ഒന്നു കൊരിന്ത്യർ എന്ന് ഇന്നു നമുക്ക് അറിയാവുന്ന ലേഖനം, ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ട പൗലോസിന്റെ മറുപടിയായിരുന്നുവെന്നു തോന്നുന്നു. അഖായക്കൊസും ഫൊർത്തുനാതൊസും സ്തെഫനാസും ആയിരുന്നിരിക്കണം ആ ലേഖനം എത്തിച്ചുകൊടുത്തത്.
കൾക്കു പുറമേ, സഭയിൽനിന്ന് ഇത്തരം വാദവിഷയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളടങ്ങിയ ഒരു കത്തും പൗലോസിനു നൽകാനായി അവർ തങ്ങളുടെ പക്കൽ കരുതിയിരുന്നിരിക്കാൻ ഇടയുണ്ട്. (അഖായക്കൊസും ഫൊർത്തുനാതൊസും സ്തെഫനാസും ആരായിരുന്നു? അവരെക്കുറിച്ചു തിരുവെഴുത്തുകൾ പറയുന്നതു പഠിക്കുന്നതിലൂടെ നമുക്കെന്തു മനസ്സിലാക്കാൻ കഴിയും?
സ്തെഫനാസിന്റെ കുടുംബം
സ്തെഫനാസിന്റെ കുടുംബം, പൊ.യു. (പൊതുയുഗം) 50-നോടടുത്ത് ദക്ഷിണ ഗ്രീസിലെ റോമാ പ്രവിശ്യയായ അഖായയിലെ പൗലോസിന്റെ ശുശ്രൂഷയുടെ “ആദ്യഫല”ങ്ങളായിരുന്നു. പൗലോസാണ് അവരെ സ്നാനപ്പെടുത്തിയതും. പ്രത്യക്ഷത്തിൽ, പൗലോസ് അവരെ മാതൃകയായി, കൊരിന്ത്യസഭയെ ഉറപ്പിച്ചു നിർത്തുന്ന പക്വതയെത്തിയ ഒരു സ്വാധീനമായി കരുതി. സഭയ്ക്കുവേണ്ടിയുള്ള അവരുടെ പ്രവർത്തനം നിമിത്തം അവൻ അവരെ സോത്സാഹം പുകഴ്ത്തി: “സഹോദരൻമാരേ, സ്തെഫനാസിന്റെ കുടുംബം അഖായയിലെ ആദ്യഫലം എന്നും അവർ വിശുദ്ധൻമാരുടെ ശുശ്രൂഷെക്കു തങ്ങളെത്തന്നേ ഏല്പിച്ചിരിക്കുന്നു എന്നും നിങ്ങൾ അറിയുന്നുവല്ലോ. ഇങ്ങനെയുള്ളവർക്കും അവരോടുകൂടെ പ്രവർത്തിക്കയും അദ്ധ്വാനിക്കയും ചെയ്യുന്ന ഏവന്നും നിങ്ങളും കീഴ്പെട്ടിരിക്കേണം എന്നു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു.” (1 കൊരിന്ത്യർ 1:16; 16:15, 16) സ്തെഫനാസിന്റെ “കുടുംബ”ത്തിൽ കൃത്യമായി ആരെല്ലാം ഉണ്ടായിരുന്നുവെന്നതു പ്രതിപാദിച്ചിട്ടില്ല. ആ പദപ്രയോഗത്തിനു കുടുംബാംഗങ്ങളെന്നേ അർഥമുള്ളുവെങ്കിലും അടിമകളും വേലക്കാരും അതിൽ ഉൾപ്പെടുന്നുവെന്നുവരാം. അഖായിക്കൊസ് എന്നത് ഒരു അടിമയുടെ തനതായ ലത്തീൻ പേരും, ഫൊർത്തുനാതൊസ് എന്നതു മോചിപ്പിക്കപ്പെട്ട അടിമയുടെ പേരും ആയതുകൊണ്ട് ഇരുവരും അതേ കുടുംബത്തിലെ അംഗങ്ങളായിരിക്കാൻ ഇടയുണ്ടെന്നാണു ചില വ്യാഖ്യാതാക്കളുടെ നിരൂപണം.
സംഗതി എന്തുതന്നെയായിരുന്നാലും, സ്തെഫനാസിന്റെ കുടുംബത്തെ പൗലോസ് മാതൃകയായി പരിഗണിച്ചു. അതിലെ അംഗങ്ങൾ “വിശുദ്ധൻമാരുടെ ശുശ്രൂഷെക്കു തങ്ങളെത്തന്നേ ഏല്പിച്ചി”രുന്നു. സഭയുടെ നന്മയ്ക്കുവേണ്ടി വേല ചെയ്യേണ്ടതുണ്ടെന്നു സ്തെഫനാസിന്റെ കുടുംബം തിരിച്ചറിയുകയും ആ സേവനം വ്യക്തിപരമായ ഉത്തരവാദിത്വമായി സ്വമേധയാ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടാവണം. വിശുദ്ധർക്കുവേണ്ടി അത്തരം സേവനമനുഷ്ഠിക്കാനുള്ള അവരുടെ ആഗ്രഹം ധാർമിക പിന്തുണയും അംഗീകാരവും അർഹിക്കുന്നതായിരുന്നു എന്നതിൽ സംശയമില്ല.
“അവർ എന്റെ മനസ്സും നിങ്ങളുടെ മനസ്സും തണുപ്പിച്ചുവല്ലോ”
കൊരിന്തിലെ അവസ്ഥയിൽ പൗലോസിനു ഖേദമുണ്ടായിരുന്നെങ്കിലും, ആ മൂന്നു സന്ദേശവാഹകരുടെ വരവ് അവന് ഉണർവേകി. പൗലോസ് ഇങ്ങനെ പറയുന്നു: “സ്തെഫനാസും ഫൊർത്തുനാതൊസും അഖായിക്കൊസും വന്നതു എനിക്കു സന്തോഷമായി. നിങ്ങളുടെ ഭാഗത്തു കുറവായിരുന്നതു അവർ നികത്തിയിരിക്കുന്നു. അവർ എന്റെ മനസ്സും നിങ്ങളുടെ മനസ്സും തണുപ്പിച്ചുവല്ലോ.” (1 കൊരിന്ത്യർ 16:17, 18) ഈ സാഹചര്യം കണക്കിലെടുക്കുമ്പോൾ, കൊരിന്തിൽനിന്നു ശാരീരികമായി വിട്ടുനിന്നത് ഒരുപക്ഷേ പൗലോസിന് ഉത്കണ്ഠയ്ക്കു കാരണമായിരുന്നിരിക്കാം. എന്നാൽ ഇപ്പോൾ അവരുടെ പ്രതിനിധികളുടെ സാന്നിധ്യം മുഴു സഭയുടെയും അസാന്നിധ്യത്തെ നികത്തി. സാഹചര്യത്തെക്കുറിച്ചുള്ള പൗലോസിന്റെ ആകമാന വീക്ഷണം പൂർത്തിയാക്കാനും അവന്റെ ഭീതി കുറച്ചെങ്കിലും അകറ്റാനും അവരുടെ റിപ്പോർട്ട് ഉതകിയിരിക്കണം. എന്തുതന്നെയാണെങ്കിലും, കാര്യാദികൾ ഒരുപക്ഷേ അവൻ ഊഹിച്ചിരുന്നത്ര വഷളായിരുന്നില്ല.
പൗലോസിന്റെ അഭിപ്രായത്തിൽ, ആ മൂവർ സംഘത്തിന്റെ ദൗത്യം തന്റെ മനസ്സിനെ തണുപ്പിക്കുക മാത്രമല്ല കൊരിന്ത്യ സഭയുടെ മനോഗതിക്ക് ഉണർവേകുകയും ചെയ്തു. തങ്ങളുടെ സന്ദേശവാഹകർ സാഹചര്യം സംബന്ധിച്ചു സകല വിശദാംശവും വ്യക്തമായി പൗലോസിനോടു വിശദീകരിച്ചുവെന്നും അവന്റെ ഉപദേശവുമായി തിരിച്ചെത്തുമെന്നും അറിയുന്നത് അവരെ സംബന്ധിച്ചിടത്തോളം സാന്ത്വനദായകമായിരുന്നുവെന്നതിൽ സംശയമില്ല.
അതുകൊണ്ട് സ്തെഫനാസും അവന്റെ രണ്ടു സുഹൃത്തുക്കളും കൊരിന്ത്യ സഭയ്ക്കുവേണ്ടി ചെയ്ത വേലനിമിത്തം ഊഷ്മളമായി പ്രശംസിക്കപ്പെട്ടു. മടങ്ങിച്ചെല്ലുമ്പോൾ, വിഭജിച്ചിരിക്കുന്ന കൊരിന്ത്യ സഭയ്ക്ക് അവർ നേതൃത്വം പ്രദാനം ചെയ്യുമെന്നായിരുന്നു അവരെക്കുറിച്ചുള്ള പൗലോസിന്റെ കണക്കുകൂട്ടൽ. അപ്പോസ്തലൻ സഹോദരങ്ങളെ ഇങ്ങനെ പ്രബോധിപ്പിക്കുന്നു: “ഇങ്ങനെയുള്ളവർക്കും അവരോടുകൂടെ പ്രവർത്തിക്കയും അദ്ധ്വാനിക്കയും ചെയ്യുന്ന ഏവന്നും നിങ്ങളും കീഴ്പെട്ടിരിക്കേണം . . . ഇങ്ങനെയുള്ളവരെ മാനിച്ചുകൊൾവിൻ.” (1 കൊരിന്ത്യർ 16:16, 18) അത്തരം ശക്തമായ ശുപാർശകൾ, സഭയ്ക്കുള്ളിലെ പിരിമുറുക്കത്തിനിടയിലും ആ പുരുഷന്മാർക്കുണ്ടായിരുന്ന തികഞ്ഞ വിശ്വസ്തതയെ വ്യക്തമായി ചൂണ്ടിക്കാട്ടുന്നു. അങ്ങനെയുള്ളവരെ ബഹുമാനിക്കണം.—ഫിലിപ്പിയർ 2:29.
വിശ്വസ്ത സഹകരണം നല്ല ഫലങ്ങൾ ഉത്പാദിപ്പിക്കുന്നു
യഹോവയുടെ സ്ഥാപനവും അതിന്റെ പ്രതിനിധികളുമായുള്ള ഉറ്റ സഹകരണം നല്ല ഫലങ്ങൾ ഉത്പാദിപ്പിക്കുന്നുവെന്നതിൽ യാതൊരു സംശയവുമില്ല. ഒന്നാമത്തെ ലേഖനമെഴുതി അധികം താമസിയാതെ പൗലോസ്, രണ്ടു കൊരിന്ത്യർ എന്ന് ഇന്നറിയപ്പെടുന്ന ലേഖനമെഴുതിയപ്പോഴേ സഭയിൽ കാര്യാദികൾ മെച്ചപ്പെട്ടുവരുകയായിരുന്നു. അഖായിക്കൊസ്, ഫൊർത്തുനാതൊസ്, സ്തെഫനാസ് എന്നീ സഹോദരന്മാരുടെ ക്ഷമയോടെയുള്ള തുടർച്ചയായ പ്രവർത്തനം നല്ല ഫലം ഉളവാക്കി.—2 കൊരിന്ത്യർ 7:8-15; പ്രവൃത്തികൾ 16:4, 5 താരതമ്യം ചെയ്യുക.
വിശ്വസ്തരായ ഈ പുരുഷന്മാരെക്കുറിച്ചു തിരുവെഴുത്തിൽ നൽകിയിരിക്കുന്ന ഈ ഹ്രസ്വ പരാമർശത്തെക്കുറിച്ചു ധ്യാനിക്കുന്നതിലൂടെ യഹോവയുടെ ജനത്തിന്റെ ആധുനികനാളിലെ സഭാംഗങ്ങൾക്കു പ്രയോജനമനുഭവിക്കാൻ കഴിയും. ഉദാഹരണത്തിന്, പ്രാദേശിക സഭയിൽ ചില കാരണങ്ങളാൽ ഉചിതമായി പരിഹരിക്കാനാവാത്ത, സഹോദരങ്ങൾക്ക് ഉത്കണ്ഠയ്ക്കു കാരണമായ ഒരു സ്ഥിതിവിശേഷം നിർവിഘ്നം തുടരുകയാണെന്നു സങ്കൽപ്പിക്കുക. എന്തു ചെയ്യേണ്ടതുണ്ട്? സ്ഥിതിവിശേഷത്തെപ്പറ്റി പൗലോസിനെ അറിയിക്കാനുള്ള തങ്ങളുടെ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാഞ്ഞ സ്തെഫനാസ്, ഫൊർത്തുനാതൊസ്, അഖായിക്കൊസ് എന്നീ സഹോദരന്മാരെ അനുകരിച്ച്, കാര്യാദികൾ യഹോവയുടെ കരങ്ങളിലേൽപ്പിക്കുക. ഒറ്റയ്ക്കു നടപടി സ്വീകരിക്കാനോ “യഹോവയോടു മുഷി”യാനോ അവരുടെ നീതിയോടുള്ള തീക്ഷ്ണത ഒരുതരത്തിലും ഇടയാക്കിയില്ല.—സദൃശവാക്യങ്ങൾ 19:3.
സഭകൾ യേശുക്രിസ്തുവിന്റേതാണ്. അവയുടെ ആത്മീയ ക്ഷേമത്തിനോ സമാധാനത്തിനോ ഭീഷണി ഉയർത്തുന്ന ഏതു ബുദ്ധിമുട്ടുകളും പരിഹരിക്കുന്നതിനു കൊരിന്തിലേപ്പോലെതന്നെ തക്ക സമയത്ത് അവൻ നടപടി സ്വീകരിക്കും. (എഫെസ്യർ 1:22; വെളിപ്പാടു 1:12, 13, 20; 2:1-4) അതിനിടയിൽ, നാം സ്തെഫനാസ്, ഫൊർത്തുനാതൊസ്, അഖായിക്കൊസ് എന്നിവർ വെച്ച ഉത്തമ മാതൃക പിൻപറ്റുകയും നമ്മുടെ സഹോദരങ്ങളുടെ സേവനത്തിനായി തുടർന്ന് അധ്വാനിക്കുകയും ചെയ്യുന്നപക്ഷം, നാമും സഭാക്രമീകരണങ്ങളെ വിശ്വസ്തതയോടെ പിന്തുണയ്ക്കുകയും നമ്മുടെ സഹോദരങ്ങളെ കെട്ടുപണിചെയ്യുകയും ‘അവരെ സ്നേഹത്തിനും സൽപ്രവൃത്തികൾക്കും ഉത്സാഹിപ്പി’ക്കുകയുമാകും ചെയ്യുന്നത്.—എബ്രായർ 10:24, 25.