നിങ്ങൾക്കു യഥാർഥത്തിൽ ദൈവത്തെ സ്നേഹിക്കാനാവുമോ?
നിങ്ങൾക്കു യഥാർഥത്തിൽ ദൈവത്തെ സ്നേഹിക്കാനാവുമോ?
“ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കയില്ല,” ദൈവം പറയുന്നു. (പുറപ്പാടു 33:20) കൂടാതെ, ബൈബിൾ കാലങ്ങൾ മുതൽ, ഏതെങ്കിലുമൊരു മനുഷ്യൻ നേരിട്ട് അവനുമായി ആശയവിനിയമം നടത്തിയതിന്റെ യാതൊരു തെളിവുമില്ല. ഒരിക്കലും നേരിട്ടു കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ലാത്ത ഒരാളോട് ആഴമായ ആർദ്രപ്രിയം വളർത്തിയെടുക്കുക ദുഷ്കരമാണെന്ന്—അസാധ്യംപോലുമാണെന്ന്—നിങ്ങൾക്കു തോന്നുന്നില്ലേ? അഖിലാണ്ഡത്തിന്റെ സ്രഷ്ടാവുമായി സ്നേഹനിർഭരമായ ഒരു ബന്ധമുണ്ടായിരിക്കുക യഥാർഥത്തിൽ സാധ്യമാണോ?
ദൈവവുമായി ഊഷ്മളമായ, വ്യക്തിപരമായ അടുപ്പം വളർത്തിയെടുക്കുക സാധ്യമാണെന്നതിൽ ലവലേശം സംശയം വേണ്ട. ആവർത്തനപുസ്തകം 6:5-ൽ, ഇസ്രായേൽ ജനതയോട് ഇങ്ങനെ ആജ്ഞാപിക്കപ്പെട്ടതായി നാം വായിക്കുന്നു: “നിന്റെ ദൈവമായ യഹോവയെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം.” പിന്നീട്, യേശുക്രിസ്തു തന്റെ അനുഗാമികളുടെ മുമ്പാകെ ഈ നിയമത്തെ പുനഃസ്ഥിരീകരിച്ചിട്ട് ഇങ്ങനെ കൂട്ടിച്ചേർത്തു: “ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന.” (മത്തായി 22:37, 38) അത്തരം ബന്ധം അപ്രാപ്യമായിരുന്നെങ്കിൽ ബൈബിൾ നമ്മെ അതിനു പ്രബോധിപ്പിക്കുമോ?
താൻ കൽപ്പിക്കുന്നതുകൊണ്ടു മാത്രം, നാം അവനെ സ്നേഹിക്കാൻ യഹോവ പ്രതീക്ഷിക്കുന്നുണ്ടോ? ഇല്ല. തന്നെ സ്നേഹിക്കാനുള്ള കഴിവു സഹിതമാണു ദൈവം ആദ്യ മനുഷ്യ ദമ്പതികളെ സൃഷ്ടിച്ചത്. തങ്ങളുടെ സ്രഷ്ടാവുമായുള്ള ഒരു സ്നേഹബന്ധത്തിലേക്ക് ആദാമും ഹവ്വായും വലിച്ചിഴയ്ക്കപ്പെട്ടില്ല. പ്രത്യുത, തന്നോട് ആഴമായ ആർദ്രപ്രീതി വളർന്നുവരത്തക്ക യോജിച്ച സാഹചര്യങ്ങളിൽ അവൻ അവരെ ആക്കി. ദൈവത്തോട് അടുക്കണമോ അതോ അവനിൽനിന്ന് അകന്നുപോകണമോ—അവർ തിരഞ്ഞെടുക്കണമായിരുന്നു.
ദൈവത്തിനെതിരെ മത്സരിക്കാൻ ആദാമും ഹവ്വായും തിരഞ്ഞെടുത്തു. (ഉല്പത്തി 2:16, 17; 3:6, 7) എന്നിരുന്നാലും, അവരുടെ പിൻഗാമികൾക്കു സ്രഷ്ടാവുമായി ഒരു സ്നേഹനിർഭരമായ ബന്ധം വളർത്തിയെടുക്കുന്നതിനുള്ള പ്രാപ്തി ഉണ്ടായിരിക്കുന്നതാണ്.
സത്യദൈവത്തോടൊപ്പം നടക്കൽ
ഉദാഹരണത്തിന്, അബ്രഹാമിനെ ദൈവത്തിന്റെ “സ്നേഹിതൻ” ആയി ബൈബിളിൽ പരാമർശിച്ചിരിക്കുന്നു. (യാക്കോബ് 2:23) എങ്കിലും, ദൈവവുമായി ഉറ്റ ബന്ധം ആസ്വദിച്ചിരുന്ന ഏക വ്യക്തിയായിരുന്നില്ല അബ്രഹാം എന്നതു തീർച്ചയാണ്. യഹോവയോട് യഥാർഥ ആർദ്രപ്രിയം പ്രകടമാക്കി, ‘ദൈവത്തോടുകൂടെ നടന്ന’ മറ്റനേകം അപൂർണ മനുഷ്യരെക്കുറിച്ചു ബൈബിൾ പറയുന്നുണ്ട്.—ഉല്പത്തി 5:24; 6:9; ഇയ്യോബ് 29:4; സങ്കീർത്തനം 25:14; സദൃശവാക്യങ്ങൾ 3:32.
ബൈബിൾ കാലങ്ങളിലെ ദൈവദാസർ ദൈവത്തോടുള്ള സ്നേഹവും ആർദ്രപീതിയും സഹിതമല്ല ജനിച്ചത്. അവർ അതു വളർത്തിയെടുക്കേണ്ടിയിരുന്നു. എങ്ങനെ? യഹോവ എന്ന വ്യക്തിപരമായ പേരിനാൽ അവനെ അറിഞ്ഞുകൊണ്ട്. (പുറപ്പാടു 3:13-15; 6:2, 3) അവന്റെ അസ്തിത്വത്തെയും ദൈവത്വത്തെയും കുറിച്ചു ബോധവാന്മാരായിക്കൊണ്ട്. (എബ്രായർ 11:6) അവന്റെ സ്നേഹനിർഭരമായ പ്രവൃത്തികളെക്കുറിച്ചു കൂടെക്കൂടെ ധ്യാനിച്ചുകൊണ്ട്. (സങ്കീർത്തനം 63:6) തങ്ങളുടെ ഉള്ളിന്റെ ഉള്ളിലെ ഇംഗിതങ്ങൾ പ്രാർഥനയിൽ ദൈവത്തെ അറിയിച്ചുകൊണ്ട്. (സങ്കീർത്തനം 39:12) അവന്റെ നന്മയെക്കുറിച്ചു പഠിച്ചുകൊണ്ട്. (സെഖര്യാവ് 9:17) അവനെ വ്രണപ്പെടുത്തുന്നതിനെതിരെ ആരോഗ്യാവഹമായ ഭയം വളർത്തിയെടുത്തുകൊണ്ട്.—സദൃശവാക്യങ്ങൾ 16:6.
ദൈവത്തിന്റെ സുഹൃത്തായി അവനോടൊപ്പം നടക്കാൻ നിങ്ങൾക്കു കഴിയുമോ? ദൈവത്തെ കാണാനോ അവന്റെ ശബ്ദം കേൾക്കാനോ നിങ്ങൾക്കു കഴിയുകയില്ലെന്നതു ശരിതന്നെ. എന്നിരുന്നാലും, ‘തന്റെ കൂടാരത്തിൽ ഒരു അതിഥി’യായി, സുഹൃത്തായിത്തീരാൻ യഹോവ നിങ്ങളെ ക്ഷണിക്കുകയാണ്. (സങ്കീർത്തനം 15:1-5, NW) അങ്ങനെ, നിങ്ങൾക്കു ദൈവത്തെ സ്നേഹിക്കാൻ സാധിക്കും. എന്നാൽ അവനുമായി ഉറ്റ, ആർദ്രപ്രിയമായ ബന്ധം നിങ്ങൾക്കെങ്ങനെ വളർത്തിയെടുക്കാം?