“എല്ലാ ജനതകൾക്കുമുള്ള പ്രാർഥനാലയം”
“എല്ലാ ജനതകൾക്കുമുള്ള പ്രാർഥനാലയം”
“‘എന്റെ ആലയം എല്ലാ ജനതകൾക്കുമുള്ള പ്രാർഥനാലയം എന്നു വിളിക്കപ്പെടും’ എന്ന് എഴുതിയിരിക്കുന്നില്ലയോ?”—മർക്കോസ് 11:17, NW.
1. ആദാമും ഹവ്വായും ആരംഭത്തിൽ ദൈവവുമായി ഏതുതരം ബന്ധം ആസ്വദിച്ചിരുന്നു?
ആദാമും ഹവ്വായും സൃഷ്ടിക്കപ്പെട്ടപ്പോൾ, തങ്ങളുടെ സ്വർഗീയ പിതാവുമായി അവർ ഒരു അടുത്ത ബന്ധം ആസ്വദിച്ചിരുന്നു. യഹോവയാം ദൈവം അവരുമായി ആശയവിനിയമം നടത്തുകയും മനുഷ്യവർഗത്തിനുവേണ്ടിയുള്ള തന്റെ വിസ്മയാവഹമായ ഉദ്ദേശ്യം വിവരിക്കുകയും ചെയ്തു. തീർച്ചയായും, സൃഷ്ടിയിലെ അവന്റെ മഹനീയ വേലകളെപ്രതി യഹോവയെ മതിമറന്നു സ്തുതിക്കാൻ അവർ പലപ്പോഴും പ്രേരിതരായിട്ടുണ്ട്. മനുഷ്യ കുടുംബത്തിന്റെ ഭാവി പിതാവും മാതാവും എന്നനിലയിലുള്ള തങ്ങളുടെ പങ്കിനെക്കുറിച്ചു ചിന്തിക്കവേ ആദാമിനും ഹവ്വായ്ക്കും മാർഗനിർദേശം ആവശ്യമായിരുന്നെങ്കിൽ, തങ്ങളുടെ പറുദീസാ ഭവനത്തിൽ ഏതു സ്ഥലത്തുനിന്നും അവർക്കു ദൈവത്തെ സമീപിക്കാമായിരുന്നു. ആലയത്തിലെ ഒരു പുരോഹിതന്റെ സേവനങ്ങൾ അവർക്ക് ആവശ്യമില്ലായിരുന്നു.—ഉല്പത്തി 1:28.
2. ആദാമും ഹവ്വായും പാപം ചെയ്തപ്പോൾ എന്തു മാറ്റം സംഭവിച്ചു?
2 യഹോവയുടെ പരമാധികാരം തിരസ്കരിക്കുന്നപക്ഷം തന്റെ ജീവിതാവസ്ഥയ്ക്കു പുരോഗതിയുണ്ടാകുമെന്നു ചിന്തിക്കാൻ മത്സരിയായ ഒരു ദൂതൻ ഹവ്വായെ വശീകരിച്ചതോടെ സ്ഥിതിവിശേഷത്തിനു മാറ്റംവന്നു. അവൾ ‘ദൈവത്തെപ്പോലെ ആകും’ എന്ന് അവൻ പ്രസ്താവിച്ചു. അവൾ തദനുസരണം ദൈവം വിലക്കിയിരുന്ന വൃക്ഷത്തിന്റെ ഫലം ഭക്ഷിച്ചു. അതിനുശേഷം സാത്താൻ ഹവ്വായെ അവളുടെ ഭർത്താവിനെ പ്രലോഭിപ്പിക്കാൻ ഉപയോഗിച്ചു. ദാരുണമെന്നു പറയട്ടെ, ദൈവവുമായുള്ള തന്റെ ബന്ധത്തെക്കാൾ തനിക്കു പ്രാധാന്യം ഭാര്യയുമായുള്ള ബന്ധമാണെന്നു പ്രകടമാക്കിക്കൊണ്ട് പാപിയായ അവൾക്ക് ആദാം ചെവിചായിച്ചു. (ഉല്പത്തി 3:4-7) ഫലത്തിൽ, ആദാമും ഹവ്വായും തങ്ങളുടെ ദൈവമായി സാത്താനെ തിരഞ്ഞെടുത്തു.—2 കൊരിന്ത്യർ 4:4 താരതമ്യം ചെയ്യുക.
3. ആദാമിന്റെയും ഹവ്വായുടെയും മത്സരത്തിന്റെ മോശമായ ഫലങ്ങൾ എന്തെല്ലാമായിരുന്നു?
3 അപ്രകാരം ചെയ്തപ്പോൾ, ആദ്യ മാനുഷ ദമ്പതികൾക്കു ദൈവവുമായുള്ള അമൂല്യ ബന്ധം മാത്രമല്ല, ഒരു ഭൗമിക പറുദീസയിൽ എന്നേക്കും ജീവിക്കുന്നതിനുള്ള പ്രത്യാശയും നഷ്ടമായി. (ഉല്പത്തി 2:16, 17) പാപപൂരിതമായ അവരുടെ ശരീരങ്ങൾ ക്ഷയിച്ചു ക്ഷയിച്ച് അവസാനം അവർ മരണമടഞ്ഞു. അവരുടെ സന്തതികൾ ഈ പാപപൂരിതമായ അവസ്ഥ അവകാശപ്പെടുത്തി. ‘ഇങ്ങനെ മരണം സകല മനുഷ്യരിലും പരന്നിരിക്കുന്നു’ എന്നു ബൈബിൾ വിശദീകരിക്കുന്നു.—റോമർ 5:12.
4. പാപികളായ മനുഷ്യവർഗത്തിനു ദൈവം ഏതു പ്രത്യാശ നീട്ടിക്കൊടുത്തു?
4 മനുഷ്യവർഗവും തങ്ങളുടെ പരിശുദ്ധനായ സ്രഷ്ടാവും തമ്മിലുള്ള അനുരഞ്ജനം സാധ്യമാക്കാൻ എന്തോ ഒന്ന് ആവശ്യമായിരുന്നു. ആദാമിനെയും ഹവ്വായെയും ന്യായംവിധിക്കവേ, സാത്താന്റെ മത്സരത്തിന്റെ ഫലങ്ങളിൽനിന്നു മനുഷ്യവർഗത്തെ രക്ഷിക്കുന്ന ഒരു “സന്തതി”യെ വാഗ്ദാനം ചെയ്തുകൊണ്ട് ദൈവം അവരുടെ ഭാവി സന്താനങ്ങൾക്കു പ്രത്യാശ നൽകി. (ഉല്പത്തി 3:15) പിന്നീട്, ആ അനുഗ്രഹ സന്തതി അബ്രഹാമിലൂടെ വരുമെന്നു ദൈവം വെളിപ്പെടുത്തി. (ഉല്പത്തി 22:18) സ്നേഹപൂർവകമായ ഈ ഉദ്ദേശ്യം മനസ്സിൽപ്പിടിച്ചുകൊണ്ട്, ദൈവം അബ്രഹാമിന്റെ പിൻഗാമികളായ ഇസ്രായേല്യരെ തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനതയായിത്തീരാൻ തിരഞ്ഞെടുത്തു.
5. ഇസ്രായേലുമായുള്ള ദൈവത്തിന്റെ ന്യായപ്രമാണ ഉടമ്പടിയുടെ വിശദാംശങ്ങളിൽ നാം തത്പരരാകേണ്ടത് എന്തുകൊണ്ട്?
5 പൊ.യു.മു. (പൊതുയുഗത്തിനുമുമ്പ്) 1513-ൽ, ഇസ്രായേല്യർ ദൈവവുമായി ഒരു ഉടമ്പടി ബന്ധത്തിൽ പ്രവേശിക്കുകയും അവന്റെ നിയമങ്ങൾ അനുസരിക്കാമെന്നു സമ്മതിക്കുകയും ചെയ്തു. ഇന്നു ദൈവത്തെ ആരാധിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ആ ന്യായപ്രമാണ ഉടമ്പടിയിൽ വലിയ താത്പര്യമുണ്ടായിരിക്കണം. കാരണം അതു വാഗ്ദത്ത സന്തതിയിലേക്കു വിരൽചൂണ്ടിയിരുന്നു. അതിൽ “വരുവാനുള്ള നന്മകളുടെ നിഴ”ൽ ഉൾക്കൊണ്ടിരുന്നതായി പൗലോസ് പറഞ്ഞു. (എബ്രായർ 10:1) പൗലോസ് ഈ പ്രസ്താവന നടത്തിയപ്പോൾ, എടുത്തുമാറ്റാവുന്ന സമാഗമനകൂടാരത്തിലെ, അഥവാ ആരാധനകൂടാരത്തിലെ ഇസ്രായേല്യ പുരോഹിതന്റെ സേവനത്തെക്കുറിച്ചു ചർച്ചചെയ്യുകയായിരുന്നു അവൻ. അതിനെ ‘യഹോവയുടെ മന്ദിരം’ അല്ലെങ്കിൽ ‘യഹോവയുടെ ആലയം’ എന്നു വിളിച്ചിരുന്നു. (1 ശമൂവേൽ 1:9, 24) യഹോവയുടെ ഭൗമിക ഭവനത്തിൽ നിർവഹിച്ചിരുന്ന വിശുദ്ധ സേവനം പരിശോധിക്കുന്നതുവഴി, ഇന്നു പാപികളായ മനുഷ്യർക്കു ദൈവവുമായി അനുരഞ്ജനത്തിൽ വരാൻ കഴിയുന്ന യഹോവയുടെ ദയാപുരസ്സരമായ ക്രമീകരണത്തെ നാം കൂടുതൽ തികവിൽ വിലമതിക്കാനിടവരും.
അതിവിശുദ്ധ സ്ഥലം
6. അതിവിശുദ്ധ സ്ഥലത്ത് എന്തു നിർത്തിയിരുന്നു, ദൈവത്തിന്റെ സാന്നിധ്യം അവിടെ പ്രതിനിധാനം ചെയ്യപ്പെട്ടതെങ്ങനെ?
6 “കരങ്ങൾകൊണ്ടു നിർമിച്ച ആലയങ്ങളിൽ അത്യുന്നതൻ വസിക്കുന്നില്ല” എന്നു ബൈബിൾ പ്രസ്താവിക്കുന്നു. (അപ്പോ. പ്രവ. 7:48, ഓശാന ബൈബിൾ) എന്നിരുന്നാലും, തന്റെ ഭൗമിക ആലയത്തിൽ ദൈവത്തിന്റെ സാന്നിധ്യം അതിവിശുദ്ധം എന്നു വിളിക്കപ്പെടുന്ന ഏറ്റവും ഉള്ളിലായുള്ള മുറിയിൽ മേഘത്താൽ പ്രതിനിധാനം ചെയ്യപ്പെട്ടു. (ലേവ്യപുസ്തകം 16:2) വ്യക്തമായും, അതിവിശുദ്ധ സ്ഥലത്തിനു പ്രകാശം നൽകിക്കൊണ്ട് ഇത് ഉജ്ജ്വലമായി പ്രകാശിച്ചു. ‘സാക്ഷ്യപ്പെട്ടകം’ എന്നു വിളിച്ചിരുന്ന ഒരു വിശുദ്ധ പെട്ടകത്തിൻമേലായിരുന്നു അതിന്റെ സ്ഥാനം. ദൈവം ഇസ്രായേലിനു നൽകിയ കൽപ്പനകളിൽ ചിലത് ആലേഖനം ചെയ്തിരുന്ന കൽപ്പലകകൾ അതിലുണ്ടായിരുന്നു. പെട്ടകകൃപാസനത്തിന്മേൽ ചിറകു വിരിച്ച രണ്ടു സ്വർണ കെരൂബുകൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ സ്വർഗീയ സ്ഥാപനത്തിൽ ഉന്നത സ്ഥാനമുള്ള ആത്മസൃഷ്ടികളെ ചിത്രീകരിക്കുന്നതായിരുന്നു ആ കെരൂബുകൾ. പ്രകാശത്തിന്റേതായ ആ അത്ഭുതമേഘം കൃപാസനത്തിനുമീതെയും കെരൂബുകൾക്കിടയിലുമായി സ്ഥിതിചെയ്തിരുന്നു. (പുറപ്പാടു 25:22) അതു ജീവനുള്ള കെരൂബുകൾ പിന്തുണയ്ക്കുന്ന സ്വർഗീയ രഥത്തിൽ സിംഹാസനസ്ഥനായിരിക്കുന്ന സർവശക്തനായ ദൈവത്തെ ചിത്രീകരിച്ചു. (1 ദിനവൃത്താന്തം 28:18) ഇത് “യിസ്രായേലിന്റെ ദൈവമായി കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവേ” എന്നു ഹിസ്കീയാവു രാജാവ് പ്രാർഥിച്ചത് എന്തുകൊണ്ടെന്നു വിശദമാക്കുന്നു.—യെശയ്യാവു 37:16.
വിശുദ്ധ സ്ഥലം
7. വിശുദ്ധ സ്ഥലത്ത് എന്തെല്ലാം സജ്ജീകരണങ്ങൾ ഉണ്ടായിരുന്നു?
7 കൂടാരത്തിന്റെ രണ്ടാമത്തെ മുറിയെ വിളിച്ചിരുന്നത് വിശുദ്ധ സ്ഥലമെന്നാണ്. ഇതിനകത്ത്, പ്രവേശനകവാടത്തിന് ഇടതുവശത്തായി മനോഹരമായ ഏഴു ശിഖരങ്ങളുള്ള ഒരു നിലവിളക്ക്. വലതുവശത്തായി ഒരു കാഴ്ചയപ്പ മേശ. നേരെ മുന്നിലായി ഒരു യാഗപീഠം. പരിമളദ്രവ്യം പുകയ്ക്കുന്നതിനാൽ അതിൽനിന്നു സൗരഭ്യം ഉയർന്നിരുന്നു. അതിവിശുദ്ധ സ്ഥലത്തുനിന്നു വിശുദ്ധ സ്ഥലത്തെ വേർതിരിച്ചിരുന്ന തിരശ്ശീലയ്ക്കു മുന്നിലായിരുന്നു അതു സ്ഥിതിചെയ്തിരുന്നത്.
8. വിശുദ്ധ സ്ഥലത്തു പുരോഹിതന്മാർ ഏതെല്ലാം കർത്തവ്യങ്ങൾ ക്രമമായി നിർവഹിച്ചിരുന്നു?
8 ദിവസേന രാവിലെയും വൈകുന്നേരവും ഒരു പുരോഹിതൻ കൂടാരത്തിൽ പ്രവേശിച്ച് ധൂപയാഗപീഠത്തിന്മേൽ പരിമളദ്രവ്യങ്ങൾ പുകയ്ക്കണം. (പുറപ്പാടു 30:7, 8) രാവിലെ, പരിമളദ്രവ്യങ്ങൾ പുകയ്ക്കുന്നേരം പൊൻനിലവിളക്കിലുള്ള ഏഴു വിളക്കുകളിലും വീണ്ടും എണ്ണ നിറയ്ക്കണം. വൈകുന്നേരം വിശുദ്ധസ്ഥലത്തു പ്രകാശം ലഭിക്കേണ്ടതിനു വിളക്കുകൾ തെളിച്ചിരുന്നു. എല്ലാ ശബത്തിലും ഒരു പുരോഹിതൻ കാഴ്ചയപ്പ മേശയിങ്കൽ 12 പുതിയ അപ്പക്കഷണങ്ങൾ വെക്കേണ്ടിയിരുന്നു.—ലേവ്യപുസ്തകം 24:4-8.
പ്രാകാരം
9. വെള്ളത്തൊട്ടിയുടെ ഉദ്ദേശ്യമെന്തായിരുന്നു, ഇതിൽനിന്നു നമുക്ക് എന്തു പാഠം പഠിക്കാൻ കഴിയും?
9 സമാഗമന കൂടാരത്തിനു കൂടാരശീലകളുടെ സംരക്ഷണമുണ്ടായിരുന്ന ഒരു പ്രാകാരവും ഉണ്ടായിരുന്നു. ഈ പ്രാകാരത്തിലായിരുന്നു വിശുദ്ധ സ്ഥലത്തു പ്രവേശിക്കുന്നതിനുമുമ്പായി പുരോഹിതന്മാർ തങ്ങളുടെ കൈകാലുകൾ കഴുകിയിരുന്ന ഒരു വലിയ തൊട്ടിയുണ്ടായിരുന്നത്. പ്രാകാരത്തിൽ സ്ഥിതിചെയ്തിരുന്ന യാഗപീഠത്തിൽ യാഗങ്ങൾ അർപ്പിക്കുന്നതിനുമുമ്പായും അവർ കഴുകേണ്ടതുണ്ടായിരുന്നു. (പുറപ്പാടു 30:18-21) ഇന്നത്തെ ദൈവദാസന്മാർ തങ്ങളുടെ ആരാധന ദൈവത്തിനു സ്വീകാര്യമാകണമെന്ന് ആഗ്രഹിക്കുന്നെങ്കിൽ, ശാരീരിക, ധാർമിക, മാനസിക, ആത്മീയ ശുദ്ധിക്കായി പ്രയത്നിക്കണമെന്നതിനുള്ള ശക്തമായ ഓർമിപ്പിക്കലാണ് ശുചിത്വത്തിനുള്ള ഈ നിബന്ധന. (2 കൊരിന്ത്യർ 7:1) കാലക്രമത്തിൽ, യാഗപീഠത്തിൽ കത്തിക്കുന്നതിനുള്ള വിറകും തൊട്ടിയിൽ ഒഴിക്കുന്നതിനുള്ള വെള്ളവും ഇസ്രായേല്യേതര ആലയ ദാസന്മാരാണ് എത്തിച്ചിരുന്നത്.—യോശുവ 9:27.
10. യാഗപീഠത്തിന്മേൽ നടത്തിയിരുന്ന യാഗങ്ങളിൽ ചിലത് ഏവ?
10 ദിവസേന രാവിലെയും വൈകുന്നേരവും ഭോജനയാഗം, പാനീയയാഗം എന്നിവയോടൊപ്പം യാഗപീഠത്തിന്മേൽ ഒരു ഇളം ആട്ടുകൊറ്റനെ അർപ്പിച്ചിരുന്നു. (പുറപ്പാടു 29:38-41) വിശേഷ ദിവസങ്ങളിൽ മറ്റു ബലികൾ അർപ്പിച്ചിരുന്നു. വ്യക്തിപരമായ ഒരു പ്രത്യേക പാപം നിമിത്തം ചിലപ്പോൾ ബലി അർപ്പിക്കണമായി രുന്നു. (ലേവ്യപുസ്തകം 5:5, 6) മറ്റു സമയങ്ങളിൽ ഒരു ഇസ്രായേല്യനു സ്വാഭീഷ്ട സംസർഗയാഗം അർപ്പിക്കാമായിരുന്നു. പുരോഹിതനും യാഗം അർപ്പിക്കുന്നവനും അതിന്റെ ഭാഗങ്ങൾ ഭക്ഷിക്കുമായിരുന്നു. ദൈവവുമൊത്ത് ഒരു ആഹാരം ആസ്വദിക്കുന്നുവെന്നപോലെ, പാപികളായ മനുഷ്യർക്ക് അവനുമായി സമാധാനത്തിലാവാൻ കഴിയുമെന്ന് ഇതു സൂചിപ്പിച്ചു. ഒരു പരദേശിക്കുപോലും യഹോവയുടെ ഒരു ആരാധകനായിത്തീരുന്നതിനും അവന്റെ ആലയത്തിൽ സ്വാഭീഷ്ട യാഗങ്ങൾ അർപ്പിക്കാനുള്ള പദവിയിൽ എത്തിച്ചേരുന്നതിനും സാധിക്കുമായിരുന്നു. എന്നാൽ യഹോവയോട് അർഹമായ ബഹുമാനം പ്രകടമാക്കുന്നതിനുവേണ്ടി, പുരോഹിതന്മാർക്ക് ഏറ്റവും ഗുണമേന്മയുള്ള യാഗങ്ങളേ സ്വീകരിക്കാൻ കഴിയുമായിരുന്നുള്ളൂ. ഭോജനയാഗങ്ങൾക്കുള്ള മാവു നേർമയുള്ളതും ബലിമൃഗങ്ങൾ ഊനമറ്റവയും ആയിരിക്കണമായിരുന്നു.—ലേവ്യപുസ്തകം 2:1; 22:18-20; മലാഖി 1:6-8.
11. (എ) മൃഗബലികളിൽനിന്നുള്ള രക്തംകൊണ്ട് എന്തു ചെയ്തിരുന്നു, ഇത് എന്തിലേക്കു വിരൽചൂണ്ടി? (ബി) മനുഷ്യ, മൃഗ രക്തത്തെക്കുറിച്ചുള്ള ദൈവത്തിന്റെ കാഴ്ചപ്പാട് എന്ത്?
11 ഈ ബലികളിൽനിന്നുള്ള രക്തം യാഗപീഠത്തിലേക്കു കൊണ്ടുവന്നിരുന്നു. അതാകട്ടെ തങ്ങളുടെ പാപങ്ങൾ സ്ഥിരമായി മോചിക്കാനും തങ്ങളെ മരണത്തിൽനിന്നു രക്ഷിക്കാനും കഴിയുന്നതിനു രക്തം ചിന്തേണ്ട ഒരു വിമോചകന്റെ ആവശ്യമുള്ള പാപികളാണു തങ്ങളെന്നു ദിനമ്പ്രതി ആ ജനതയെ ഓർമിപ്പിച്ചു. (റോമർ 7:24, 25; ഗലാത്യർ 3:24; എബ്രായർ 10:3 താരതമ്യം ചെയ്യുക.) രക്തം ജീവനെ പ്രതിനിധാനം ചെയ്യുന്നുവെന്നും ജീവൻ ദൈവത്തിന്റേതാണെന്നും രക്തത്തിന്റെ ഈ വിശുദ്ധ ഉപയോഗം ഇസ്രായേല്യരെ അനുസ്മരിപ്പിക്കുകയും ചെയ്തു. മനുഷ്യർ വേറെ ഏത് ആവശ്യത്തിനു രക്തം ഉപയോഗിക്കുന്നതും ദൈവം എല്ലായ്പോഴും വിലക്കിയിട്ടുണ്ട്.—ഉല്പത്തി 9:4; ലേവ്യപുസ്തകം 17:10-12; പ്രവൃത്തികൾ 15:28, 29.
പാപപരിഹാര ദിവസം
12, 13. (എ) പാപപരിഹാര ദിവസം എന്തായിരുന്നു? (ബി) മഹാപുരോഹിതൻ അതിവിശുദ്ധ സ്ഥലത്തേക്കു രക്തം കൊണ്ടുവരുന്നതിനു മുമ്പായി അദ്ദേഹം എന്തു ചെയ്യണമായിരുന്നു?
12 വർഷത്തിലൊരിക്കൽ പാപപരിഹാര ദിവസം എന്നു വിളിക്കപ്പെടുന്ന ദിവസം, യഹോവയെ ആരാധിക്കുന്ന പരദേശികളടക്കം മുഴു ഇസ്രായേൽ ജനതയും സകല ജോലികളിൽനിന്നും വിരമിക്കുകയും ഉപവസിക്കുകയും ചെയ്യണമായിരുന്നു. (ലേവ്യപുസ്തകം 16:29, 30) ദൈവവുമായി മറ്റൊരു വർഷത്തേക്കു സമാധാനപൂർണമായ ബന്ധം ആസ്വദിക്കേണ്ടതിന്, പ്രധാനപ്പെട്ട ഈ ദിവസം, ആ ജനത പാപങ്ങളിൽനിന്നു പ്രതീകാത്മകവിധത്തിൽ ശുദ്ധീകരിക്കപ്പെട്ടിരുന്നു. നമുക്ക് ആ രംഗം വിഭാവന ചെയ്ത് ചില സവിശേഷതകൾ പരിചിന്തിക്കാം.
13 സമാഗമന കൂടാരത്തിന്റെ പ്രാകാരത്തിലാണു മഹാപുരോഹിതൻ. തൊട്ടിയിലെ വെള്ളംകൊണ്ടു സ്വയം കഴുകിയശേഷം, അദ്ദേഹം യാഗത്തിനുള്ള കാളയെ അറുക്കുന്നു. കാളയുടെ രക്തം ഒരു കലശത്തിലേക്ക് ഒഴിക്കുന്നു; അതു ലേവ്യ പുരോഹിതവർഗത്തിന്റെ പാപപരിഹാരത്തിനായി ഒരു പ്രത്യേക വിധത്തിൽ ഉപയോഗിക്കുന്നതായിരിക്കും. (ലേവ്യപുസ്തകം 16:4, 6, 11) എന്നാൽ യാഗവുമായി അൽപ്പമെങ്കിലും മുന്നോട്ടു പോകുന്നതിനു മുൻപ് മഹാപുരോഹിതൻ നിശ്ചയമായും ചെയ്യേണ്ട ചിലതുണ്ട്. അദ്ദേഹം പരിമളദ്രവ്യവും (സാധ്യതയനുസരിച്ച് അത് ഒരു വലിയ തവിയിൽ ഇടുന്നു) ഒരു തീകലശത്തിൽ യാഗപീഠത്തിൽനിന്നുള്ള തീക്കനലുകളും എടുക്കുന്നു. അദ്ദേഹം ഇപ്പോൾ വിശുദ്ധ സ്ഥലത്തേക്കു പ്രവേശിച്ച് അതിവിശുദ്ധ സ്ഥലത്തെ തിരശ്ശീലയ്ക്കടുത്തേക്കു നടക്കുന്നു. അദ്ദേഹം സാവധാനം തിരശ്ശീലയെ ചുറ്റിക്കടന്ന് ഉടമ്പടിപെട്ടകത്തിനു മുന്നിൽച്ചെന്നു നിൽക്കുന്നു. അടുത്തതായി, മറ്റൊരു മനുഷ്യനും കാണാതെ, കത്തിയെരിയുന്ന കനലിലേക്ക് അദ്ദേഹം പരിമളദ്രവ്യങ്ങൾ ഇടുന്നു. അതോടെ അതിവിശുദ്ധ സ്ഥലമാകെ സുഗന്ധ മേഘംകൊണ്ടു നിറയുകയായി.—ലേവ്യപുസ്തകം 16:12, 13.
14. മഹാപുരോഹിതൻ രണ്ടു വ്യത്യസ്ത മൃഗങ്ങളുടെ രക്തവുമായി അതിവിശുദ്ധ സ്ഥലത്തേക്കു പ്രവേശിക്കേണ്ടിയിരുന്നത് എന്തുകൊണ്ട്?
14 കരുണ പ്രകടമാക്കാനും പ്രതീകാത്മക വിധത്തിൽ പ്രസാദിപ്പിക്കപ്പെടാനും ദൈവമിപ്പോൾ മനസ്സൊരുക്കം കാട്ടുന്നു. ഇക്കാരണത്താൽ പെട്ടകകൃപാസനം “കരുണാപീഠം” അഥവാ “പ്രായശ്ചിത്താവരണം” എന്നു വിളിക്കപ്പെട്ടു. (എബ്രായർ 9:5, NW അടിക്കുറിപ്പ്.) മഹാപുരോഹിതൻ അതിവിശുദ്ധ സ്ഥലത്തുനിന്നു പുറപ്പെട്ടു കാളയുടെ രക്തമെടുക്കുന്നു, പിന്നെ വീണ്ടും അതിവിശുദ്ധ സ്ഥലത്തേക്കു പ്രവേശിക്കുന്നു. ന്യായപ്രമാണത്തിൽ കൽപ്പിച്ചിരിക്കുന്നതുപോലെ, അദ്ദേഹം വിരൽ രക്തത്തിൽ മുക്കി പെട്ടകകൃപാസനത്തിനു മുന്നിൽ ഏഴു പ്രാവശ്യം തളിക്കുന്നു. (ലേവ്യപുസ്തകം 16:14) അടുത്തതായി അദ്ദേഹം പ്രാകാരത്തിലേക്കു തിരിച്ചുപോയി “ജനത്തിന്നുവേണ്ടിയുള്ള” പാപയാഗമായ കോലാട്ടുകൊറ്റനെ അറുക്കുന്നു. അദ്ദേഹം കോലാട്ടുകൊറ്റന്റെ കുറച്ചു രക്തം അതിവിശുദ്ധ സ്ഥലത്തേക്കു കൊണ്ടുവന്ന് കാളയുടെ രക്തംകൊണ്ടു ചെയ്തതുതന്നെ അതുകൊണ്ടും ചെയ്യുന്നു. (ലേവ്യപുസ്തകം 16:15) പാപപരിഹാര ദിവസത്തിൽ പ്രധാനപ്പെട്ട മറ്റു സേവനങ്ങളും നടന്നിരുന്നു. ഉദാഹരണത്തിന്, മഹാപുരോഹിതൻ രണ്ടാമത്തെ കോലാട്ടുകൊറ്റന്റെമേൽ കൈവെച്ച് “യിസ്രായേൽമക്കളുടെ എല്ലാകുറ്റങ്ങളും” അതിൻമേൽ ഏറ്റുപറയണമായിരുന്നു. എന്നിട്ട് ജീവനുള്ള ഈ കോലാട്ടുകൊറ്റനെ പ്രതീകാത്മക അർഥത്തിൽ ജനതയുടെ പാപങ്ങൾ ചുമക്കാൻ മരുഭൂമിയിലേക്കു നയിച്ചിരുന്നു. ഓരോ വർഷവും “പുരോഹിതന്മാർക്കും സഭയിലെ സകലജനത്തിന്നുംവേണ്ടി” ഈ വിധത്തിൽ പാപപരിഹാരം നേടിയിരുന്നു.—ലേവ്യപുസ്തകം 16:16, 21, 22, 33.
15. (എ) ശലോമോന്റെ ആലയം സമാഗമന കൂടാരത്തോടു സാദൃശ്യത്തിലായിരുന്നത് എങ്ങനെ? (ബി) സമാഗമന കൂടാരത്തിലും ആലയത്തിലും നിർവഹിക്കപ്പെട്ടിരുന്ന വിശുദ്ധ ശുശ്രൂഷയെക്കുറിച്ച് എബ്രായരുടെ പുസ്തകം എന്തു പറയുന്നു?
15 ദൈവത്തിന്റെ ഉടമ്പടി ജനതയെന്ന നിലയിലുള്ള ഇസ്രായേൽ ജനത്തിന്റെ ആദ്യത്തെ 486 വർഷം, എടുത്തുമാറ്റാവുന്ന സമാഗമനകൂടാരം അവരുടെ ദൈവമായ യഹോവയെ ആരാധിക്കാനുള്ള സ്ഥലമായി ഉതകി. പിന്നീട്, സ്ഥിരമായൊരു ആലയം പണിയുന്നതിനുള്ള പദവി ഇസ്രായേലിലെ ശലോമോനു നൽകപ്പെട്ടു. ഈ ആലയം കൂടുതൽ വലിയതും ബൃഹത്തും ആകേണ്ടിയിരുന്നെങ്കിലും ദിവ്യമായി നൽകപ്പെട്ട പ്ലാൻ സമാഗമനകൂടാരത്തിന്റെ മാതൃകപോലെതന്നെ ആയിരുന്നു. സമാഗമനകൂടാരംപോലെ, “മനുഷ്യനല്ല” യഹോവ “സ്ഥാപി”ക്കുന്ന ആരാധനയ്ക്കുള്ള മഹത്തരവും കൂടുതൽ ഫലപ്രദവുമായ ക്രമീകരണത്തെ സൂചിപ്പിക്കുന്നതായിരുന്നു അത്.—എബ്രായർ 8:2, 5; 9:9, 11.
ഒന്നാമത്തെ ആലയവും രണ്ടാമത്തേതും
16. (എ) ആലയസമർപ്പണ സമയത്ത് ശലോമോൻ സ്നേഹപൂർവകമായ ഏതു യാചന നടത്തി? (ബി) ശലോമോന്റെ പ്രാർഥന സ്വീകരിച്ചുവെന്നു യഹോവ പ്രകടമാക്കിയതെങ്ങനെ?
16 ആ മഹനീയ ആലയത്തിന്റെ സമർപ്പണവേളയിൽ, ശലോമോൻ ഈ നിശ്വസ്ത അപേക്ഷ ഉൾപ്പെടുത്തി: “നിന്റെ ജനമായ യിസ്രായേലിൽ ഉള്ളവനല്ലാത്ത അന്യജാതിക്കാരൻ നിന്റെ മഹത്വമുള്ള നാമം ഹേതുവായി ദൂരദേശത്തുനിന്നു വന്നാൽ—അവർ ഈ ആലയത്തിൽ വന്നു പ്രാർഥിക്കും നിശ്ചയം—നീ നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽനിന്നു കേട്ടു ഭൂമിയിലെ സകലജാതികളും നിന്റെ ജനമായ യിസ്രായേൽ എന്നപോലെ നിന്റെ നാമത്തെ അറിഞ്ഞു നിന്നെ ഭയപ്പെടുകയും ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിന്നു നിന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്നു എന്നു അറികയും ചെയ്യേണ്ടതിന്നു അന്യജാതിക്കാരൻ നിന്നോടു പ്രാർത്ഥിക്കുന്നതൊക്കെയും ചെയ്തുകൊടുക്കണമേ.” (2 ദിനവൃത്താന്തം 6:32, 33) ശലോമോന്റെ സമർപ്പണപ്രാർഥന താൻ സ്വീകരിച്ചതായി ദൈവം തികച്ചും വ്യക്തമായ വിധത്തിൽ പ്രകടമാക്കി. സ്വർഗത്തിൽനിന്നു ദണ്ഡുപോലെ അഗ്നി ഇറങ്ങി യാഗപീഠത്തിലെ മൃഗബലികൾ ദഹിപ്പിച്ചു, കൂടാതെ യഹോവയുടെ തേജസ്സിനാൽ ആലയം നിറയുകയും ചെയ്തു.—2 ദിനവൃത്താന്തം 7:1-3.
17. ശലോമോൻ നിർമിച്ച ആലയത്തിന് അവസാനം എന്തു സംഭവിച്ചു, എന്തുകൊണ്ട്?
17 സങ്കടകരമെന്നു പറയട്ടെ, യഹോവയെക്കുറിച്ച് ഇസ്രായേല്യർക്കുണ്ടായിരുന്ന ആരോഗ്യാവഹമായ ഭയം അവർ കളഞ്ഞുകുളിച്ചു. കാലക്രമത്തിൽ, രക്തംചിന്തൽ, വിഗ്രഹാരാധന, വ്യഭിചാരം, നിഷിദ്ധ ബന്ധുവേഴ്ച എന്നീ പ്രവൃത്തികളിലൂടെയും അനാഥർ, വിധവമാർ, വിദേശികൾ എന്നിവരോടുള്ള ദുഷ്പെരുമാറ്റത്തിലൂടെയും അവർ അവന്റെ മഹനീയ നാമത്തെ ദുഷിച്ചു. (യെഹെസ്കേൽ 22:2, 3, 7, 11, 12, 26, 29) അങ്ങനെ, പൊ.യു.മു. 607 എന്ന വർഷം, ആ ആലയം നശിപ്പിക്കാൻ ബാബിലോന്യ സൈന്യത്തെ കൊണ്ടുവന്നുകൊണ്ട് ദൈവം ന്യായവിധി നടപ്പാക്കി. അതിജീവിച്ച ഇസ്രായേല്യരെ ബാബിലോനിലേക്കു തടവുകാരായി പിടിച്ചുകൊണ്ടുപോയി.
18. രണ്ടാമത്തെ ആലയത്തിൽ, യഹോവയുടെ ആരാധനയെ മുഴുഹൃദയത്തോടെ പിന്തുണച്ച ഇസ്രായേല്യേതരർക്ക് എന്തു പദവികൾ തുറന്നുകിട്ടി?
18 എഴുപതു വർഷങ്ങൾക്കുശേഷം അനുതാപമുള്ള ഒരു യഹൂദ ശേഷിപ്പ് യെരുശലേമിലേക്കു മടങ്ങിവന്നു. അവർക്കു യഹോവയുടെ ആലയം പുനർനിർമിക്കുന്നതിനുള്ള പദവി ലഭിച്ചു. രസാവഹമായി, ഈ രണ്ടാമത്തെ ആലയത്തിൽ സേവിക്കാൻ വേണ്ടത്ര പുരോഹിതന്മാരും ലേവ്യരും ഇല്ലായിരുന്നു. തത്ഫലമായി, ഇസ്രായേല്യേതര ആലയ അടിമകളുടെ പിൻഗാമികളായ നെഥിനിമുകൾക്കു ദൈവഭവനത്തിലെ ശുശ്രൂഷകർ എന്നനിലയിൽ വലിയ പദവികൾ നൽകപ്പെട്ടു. എന്നിരുന്നാലും, അവർ ഒരിക്കലും പുരോഹിതന്മാർക്കും ലേവ്യർക്കും തുല്യരായിത്തീർന്നില്ല.—എസ്രാ 7:24; 8:17, 20.
19. രണ്ടാമത്തെ ആലയത്തെക്കുറിച്ച് ദൈവം എന്തു വാഗ്ദാനം നടത്തി, ഈ വാക്കുകൾ എങ്ങനെ സത്യമായി?
19 ഒന്നാമത്തേതിനോടുള്ള താരതമ്യത്തിൽ രണ്ടാമത്തെ ആലയം ഒന്നുമായിരിക്കില്ല എന്നായിരുന്നു ആദ്യം തോന്നിയത്. (ഹഗ്ഗായി 2:3) എന്നാൽ യഹോവ ഇങ്ങനെ വാഗ്ദാനം ചെയ്തു: “ഞാൻ സകല ജാതികളെയും ഇളക്കും; സകല ജാതികളുടെയും മനോഹരവസ്തു വരികയും ചെയ്യും; ഞാൻ ഈ ആലയത്തെ മഹത്വപൂർണ്ണമാക്കും . . . ഈ ആലയത്തിന്റെ പിന്നത്തെ മഹത്വം മുമ്പിലേത്തതിലും വലുതായിരിക്കും.” (ഹഗ്ഗായി 2:7, 9) ഈ വാക്കുകൾക്കു ചേർച്ചയായി, രണ്ടാമത്തെ ആലയം വലിയ മഹത്വം ആർജിക്കുകതന്നെ ചെയ്തു. അതു 164 വർഷം കൂടുതൽ നിലനിൽക്കുകയും വളരെയധികം രാജ്യങ്ങളിൽനിന്നായി വളരെയധികം ആളുകൾ അതിന്റെ പ്രാകാരങ്ങളിൽ തടിച്ചുകൂടുകയും ചെയ്തു. (പ്രവൃത്തി താരതമ്യം ചെയ്യുക.) ഹെരോദാ രാജാവിന്റെ നാളുകളിൽ ഈ രണ്ടാമത്തെ ആലയത്തിന്റെ പുതുക്കൽപ്പണി തുടങ്ങുകയും അതിന്റെ പ്രാകാരങ്ങൾ വിസ്തൃതമാക്കുകയും ചെയ്തു. കൂറ്റൻ കൽമേടയിന്മേൽ ഉയർത്തപ്പെട്ട്, മനോഹരമായ സ്തംഭശ്രേണികളാൽ ചുറ്റപ്പെട്ട്, അതിന്റെ പ്രതാപം ശലോമോൻ നിർമിച്ച ആലയത്തോടു കിടപിടിക്കുന്നതായി. യഹോവയെ ആരാധിക്കാൻ ആഗ്രഹിച്ച ജനതകളിലെ ആളുകൾക്കുവേണ്ടിയുള്ള വലിയ ബാഹ്യപ്രാകാരം അതിലുൾപ്പെട്ടിരുന്നു. ജാതികൾക്കായുള്ള ഈ പ്രാകാരത്തെ ഇസ്രായേല്യർക്കു മാത്രമായി മാറ്റിവെച്ചിരുന്ന ആന്തരപ്രാകാരങ്ങളിൽനിന്ന് ഒരു കൽമതിലിനാൽ വേർതിരിച്ചിരുന്നു. കൾ 2:5-11
20. (എ) ഏതു പ്രമുഖ ബഹുമതി പുനർനിർമിത ആലയത്തിന്റെ സവിശേഷതയായി? (ബി) യഹൂദന്മാർ ആലയത്തെ തെറ്റായി വീക്ഷിച്ചുവെന്ന് എന്തു പ്രകടമാക്കി, ഇതിനോടുള്ള പ്രതികരണത്തിൽ യേശു എന്തു ചെയ്തു?
20 ദൈവപുത്രനായ യേശുക്രിസ്തു ആലയത്തിന്റെ പ്രാകാരങ്ങളിൽ വെച്ചു പഠിപ്പിച്ചുവെന്നതിന്റെ മഹത്തായ പദവി രണ്ടാമത്തെ ആലയത്തിനായിരുന്നു. എന്നാൽ ഒന്നാമത്തെ ആലയത്തിന്റെ കാര്യത്തിലെന്നപോലെ, ദൈവഭവനത്തിന്റെ സൂക്ഷിപ്പുകാരായിരിക്കുകയെന്ന തങ്ങളുടെ പദവിയെക്കുറിച്ചു യഹൂദന്മാർക്കു പൊതുവേ ശരിയായ വീക്ഷണമുണ്ടായിരുന്നില്ല. എന്തിന്, വിജാതീയർക്കുള്ള പ്രാകാരത്തിൽവെച്ചു ബിസിനസ് നടത്താൻ അവർ വ്യാപാരികളെ അനുവദിക്കുകപോലും ചെയ്തു. കൂടാതെ, യെരുശലേമിൽ ആലയപരിസരത്തിലൂടെ എന്തെങ്കിലും സാധനങ്ങൾ കൊണ്ടുപോകാൻ ആലയത്തെ കുറുക്കുവഴിയായി ഉപയോഗിക്കാൻ ജനങ്ങളെ അനുവദിച്ചിരുന്നു. യേശുവിന്റെ മരണത്തിനു നാലു ദിവസംമുമ്പ്, അവൻ “‘എന്റെ ആലയം എല്ലാ ജനതകൾക്കുമുള്ള പ്രാർഥനാലയം എന്നു വിളിക്കപ്പെടും’ എന്ന് എഴുതിയിരിക്കുന്നില്ലയോ? നിങ്ങൾ അതിനെ കവർച്ചക്കാരുടെ ഗുഹയാക്കിത്തീർത്തു” എന്നു പറഞ്ഞുകൊണ്ട് അവൻ അതിനെ അത്തരം മതേതര നടപടികളിൽനിന്നു ശുദ്ധീകരിച്ചു.—മർക്കോസ് 11:15-17, NW.
ദൈവം തന്റെ ഭൗമിക ആലയം എന്നേക്കുമായി ഉപേക്ഷിക്കുന്നു
21. യെരുശലേമിലെ ആലയത്തെക്കുറിച്ച് യേശു എന്തു സൂചിപ്പിച്ചു?
21 ദൈവത്തിന്റെ നിർമലാരാധന ഉയർത്തിപ്പിടിക്കുന്നതിൽ യേശുവിന്റെ ധീരമായ പ്രവൃത്തിനിമിത്തം, യഹൂദ മതനേതാക്കന്മാർ അവനെ കൊല്ലാൻ ദൃഢനിശ്ചയം ചെയ്തു. (മർക്കൊസ് 11:18) താൻ ഉടനെ കൊല്ലപ്പെടുമെന്നറിഞ്ഞ്, യേശു യഹൂദ മതനേതാക്കളോടു പറഞ്ഞു: “നിങ്ങളുടെ ആലയം നിങ്ങൾക്കു പരിത്യജിക്കപ്പെട്ടിരിക്കുന്നു.” (മത്തായി 23:37, 38, NW) താമസിയാതെതന്നെ യെരുശലേമിലെ ആ പ്രതീകാത്മക ആലയത്തിൽ ആചരിച്ചിരുന്ന ആരാധനാരീതി ദൈവം മേലാൽ അംഗീകരിക്കില്ലെന്ന് അവൻ അതിനാൽ സൂചിപ്പിച്ചു. അതു മേലാൽ “എല്ലാ ജനതകൾക്കുമുള്ള പ്രാർഥനാലയം” ആയിരിക്കാൻ പോകുന്നില്ല. ശിഷ്യന്മാർ പ്രതാപമയമായ ആലയ കെട്ടിടങ്ങൾ യേശുവിനു ചൂണ്ടിക്കാട്ടിയപ്പോൾ അവൻ പറഞ്ഞു: “ഇതെല്ലാം കാണുന്നില്ലയോ? ഇടിഞ്ഞുപോകാതെ കല്ലിന്മേൽ കല്ലു ഇവിടെ ശേഷിക്കയില്ല.”—മത്തായി 24:1, 2.
22. (എ) ആലയത്തെക്കുറിച്ചുള്ള യേശുവിന്റെ വാക്കുകൾ നിറവേറിയതെങ്ങനെ? (ബി) തങ്ങളുടെ പ്രത്യാശകൾ ഒരു ഭൗമിക നഗരത്തിൽ കേന്ദ്രീകരിക്കുന്നതിനുപകരം, ആദിമ ക്രിസ്ത്യാനികൾ എന്ത് അന്വേഷിച്ചു?
22 യേശുവിന്റെ പ്രവചനം 37 വർഷം കഴിഞ്ഞ് പൊ.യു. [പൊതുയുഗം] 70-ൽ റോമൻ സൈന്യം യെരുശലേമിനെയും അതിന്റെ ആലയത്തെയും നശിപ്പിച്ചപ്പോൾ നിറവേറി. തന്റെ പ്രതീകാത്മക ഭവനത്തെ ദൈവം നിശ്ചയമായും പരിത്യജിച്ചിരിക്കുന്നുവെന്നതിനുള്ള ശ്രദ്ധേയമായ തെളിവായിരുന്നു അത്. യെരുശലേമിൽ മറ്റൊരു ആലയം പുനർനിർമിക്കുന്നതിനെക്കുറിച്ചു യേശു ഒരിക്കലും മുൻകൂട്ടിപ്പറഞ്ഞില്ല. ആ ഭൗമിക നഗരത്തെക്കുറിച്ച്, അപ്പോസ്തലനായ പൗലോസ് എബ്രായ ക്രിസ്ത്യാനികൾക്ക് ഇങ്ങനെ എഴുതി: “ഇവിടെ നമുക്കു നിലനില്ക്കുന്ന നഗരമില്ലല്ലോ, വരുവാനുള്ളതു അത്രേ നാം അന്വേഷിക്കുന്നതു.” (എബ്രായർ 13:14) ആദിമ ക്രിസ്ത്യാനികൾ നഗരസമാന ദൈവരാജ്യമായ “സ്വർഗ്ഗീയയെരുശലേമി”ന്റെ ഭാഗമായിത്തീരുന്നതിനായി നോക്കിപ്പാർത്തിരുന്നു. (എബ്രായർ 12:22) അങ്ങനെ, യഹോവയുടെ സത്യാരാധന മേലാൽ ഭൂമിയിലെ ഒരു ഭൗതിക ആലയത്തിൽ കേന്ദ്രീകരിച്ചിരിക്കുന്നില്ല. നമ്മുടെ അടുത്ത ലേഖനത്തിൽ, “ആത്മാവിലും സത്യത്തിലും” ദൈവത്തെ ആരാധിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കുമായി അവൻ ഏർപ്പെടുത്തിയിരിക്കുന്ന ശ്രേഷ്ഠമായ ക്രമീകരണം നാം പരിചിന്തിക്കുന്നതായിരിക്കും.—യോഹന്നാൻ 4:21, 24.
പുനരവലോകന ചോദ്യങ്ങൾ
◻ ആദാമിനും ഹവ്വായ്ക്കും ദൈവവുമായുള്ള ഏതു ബന്ധം നഷ്ടമായി?
◻ സമാഗമനകൂടാരത്തിന്റെ സവിശേഷതകളിൽ നാം തത്പരരായിരിക്കേണ്ടത് എന്തുകൊണ്ട്?
◻ സമാഗമന കൂടാരത്തിന്റെ പ്രാകാരത്തിലെ പ്രവർത്തനങ്ങളിൽനിന്നു നാം എന്തു പഠിക്കുന്നു?
◻ തന്റെ ആലയം നശിപ്പിക്കപ്പെടാൻ ദൈവം അനുവദിച്ചതെന്തുകൊണ്ട്?
[അധ്യയന ചോദ്യങ്ങൾ]
[10, 11 പേജുകളിലെ ചിത്രങ്ങൾ]
ഹെരോദാവ് പുനർനിർമിച്ച ആലയം
1. അതിവിശുദ്ധം
2. വിശുദ്ധം
3. ദഹനയാഗ ബലിപീഠം
4. വാർപ്പുകടൽ
5. പുരോഹിതന്മാരുടെ പ്രാകാരം
6. ഇസ്രായേല്യരുടെ പ്രാകാരം
7. സ്ത്രീകളുടെ പ്രാകാരം