യഹോവയുടെ വലിയ ആത്മീയ ആലയം
യഹോവയുടെ വലിയ ആത്മീയ ആലയം
“വിശുദ്ധ സ്ഥലത്തിന്റെയും മനുഷ്യനല്ല കർത്താവു സ്ഥാപിച്ച സത്യകൂടാരത്തിന്റെയും ശുശ്രൂഷകനായ മഹാപുരോഹിതൻ നമുക്കുണ്ട്.”—എബ്രായർ 8:2.
1. പാപികളായ മനുഷ്യർക്കുവേണ്ടി ദൈവം സ്നേഹപൂർവകമായ ഏതു കരുതൽ ചെയ്തിരിക്കുന്നു?
മനുഷ്യവർഗത്തോടുള്ള തന്റെ വലിയ സ്നേഹത്തെപ്രതി, യഹോവയാം ദൈവം ലോകത്തിന്റെ പാപങ്ങൾ നീക്കാൻ ഒരു ബലി പ്രദാനം ചെയ്തു. (യോഹന്നാൻ 1:29; 3:16) അതു തന്റെ ആദ്യജാതപുത്രന്റെ ജീവനെ സ്വർഗത്തിൽനിന്നു മറിയ എന്നു പേരായ ഒരു യഹൂദ കന്യകയുടെ ഗർഭപാത്രത്തിലേക്കു മാറ്റേണ്ടത് ആവശ്യമാക്കി. മറിയ ഗർഭം ധരിക്കാനിരിക്കുന്ന കുട്ടി, “വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്നു യഹോവയുടെ ദൂതൻ മറിയയോടു വ്യക്തമായി വിശദീകരിച്ചു. (ലൂക്കൊസ് 1:34, 35) മറിയയുമായി വിവാഹമുറപ്പിച്ചിരുന്ന യോസേഫിനോട് യേശുവിന്റെ ഗർഭധാരണത്തിന്റെ അത്ഭുത സ്വഭാവത്തെക്കുറിച്ചു പറഞ്ഞു. അവൻ “തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷി”ക്കുമെന്നും യോസേഫ് മനസ്സിലാക്കി.—മത്തായി 1:20, 21.
2. ഏതാണ്ട് 30 വയസ്സായപ്പോൾ യേശു എന്തു ചെയ്തു, എന്തുകൊണ്ട്?
2 യേശു വളർന്നപ്പോൾ, തന്റെ അത്ഭുത ജനനത്തെക്കുറിച്ചുള്ള ചില വസ്തുതകൾ അവൻ ഗ്രഹിച്ചിരിക്കണം. തനിക്കു ഭൂമിയിൽ ചെയ്യാൻ സ്വർഗീയ പിതാവ് ഒരു ജീവരക്ഷാകര വേല നൽകിയിട്ടുണ്ടെന്ന് അവൻ അറിഞ്ഞിരുന്നു. അതുകൊണ്ട്, ഏതാണ്ടു 30 വയസ്സായ, പൂർണവളർച്ചയെത്തിയ മനുഷ്യൻ എന്നനിലയിൽ, യേശു യോർദാൻ നദിയിൽ സ്നാപനമേൽക്കുന്നതിനു ദൈവത്തിന്റെ പ്രവാചകനായ യോഹന്നാന്റെ അടുക്കൽ വന്നു.—മർക്കൊസ് 1:9; ലൂക്കൊസ് 3:23.
3. (എ) “ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല” എന്ന വാക്കുകളാൽ യേശു എന്താണ് അർഥമാക്കിയത്? (ബി) തന്റെ ശിഷ്യന്മാർ ആയിത്തീരാൻ ആഗ്രഹിക്കുന്ന സകലർക്കും യേശു എന്തു പ്രധാന മാതൃക വെച്ചു?
3 തന്റെ സ്നാപന സമയത്ത് യേശു പ്രാർഥിക്കുകയായിരുന്നു. (ലൂക്കൊസ് 3:21) വ്യക്തമായും, യേശുവിന്റെ ജീവിതത്തിന്റെ ആ ഘട്ടം മുതൽ സങ്കീർത്തനം 40:6-8-ലുള്ള വാക്കുകൾ അവൻ നിവർത്തിച്ചു. അതുസംബന്ധിച്ച് അപ്പോസ്തലനായ പൗലോസ് പിൽക്കാലത്ത് ഇങ്ങനെ സൂചിപ്പിച്ചു: “ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്കു ഒരുക്കിയിരിക്കുന്നു.” (എബ്രായർ 10:5) അങ്ങനെ യെരുശലേം ദേവാലയത്തിൽ മൃഗബലിയർപ്പണം തുടരുന്നതു ദൈവം “ഇച്ഛിച്ചില്ല” എന്നതിനെക്കുറിച്ചു താൻ ബോധവാനാണെന്നു യേശു പ്രകടമാക്കി. അതിനുപകരം, തനിക്കു ബലിയായി അർപ്പിക്കാൻ ദൈവം ഒരു പൂർണ മനുഷ്യശരീരത്തെ, യേശുവിനെ, ഒരുക്കിയിരിക്കുന്നുവെന്ന് അവൻ തിരിച്ചറിഞ്ഞു. ഇതു പിന്നീടുള്ള മൃഗബലികളുടെ ആവശ്യം ഇല്ലാതാക്കുമായിരുന്നു. ദൈവേഷ്ടത്തിനു കീഴ്പെടാനുള്ള തന്റെ ഹൃദയംഗമമായ ആഗ്രഹം പ്രകടമാക്കിക്കൊണ്ട്, യേശു തുടർന്ന് ഇങ്ങനെ പ്രാർഥിച്ചു: “ഇതാ, ഞാൻ വരുന്നു; പുസ്തകച്ചുരുളിൽ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു; ദൈവമേ, നിന്റെ ഇഷ്ടം ചെയ്വാൻ ഞാൻ വരുന്നു.” (എബ്രായർ 10:7) പിൽക്കാലത്തു തന്റെ ശിഷ്യരായിത്തീരാനിരിക്കുന്ന എല്ലാവർക്കും ആ ദിവസം യേശു ധൈര്യത്തിന്റെയും നിസ്വാർഥ ഭക്തിയുടെയും എന്തൊരു ഉത്കൃഷ്ട മാതൃകയാണു വെച്ചത്!—മർക്കൊസ് 8:34.
4. യേശു സ്വയം അർപ്പിച്ചതിനെ താൻ അംഗീകരിച്ചുവെന്നു ദൈവം പ്രകടമാക്കിയതെങ്ങനെ?
4 യേശുവിന്റെ സ്നാപന പ്രാർഥന താൻ അംഗീകരിച്ചുവെന്നു ദൈവം പ്രകടമാക്കിയോ? യേശുവിന്റെ തിരഞ്ഞെടുക്കപ്പെട്ട അപ്പോസ്തലന്മാരിൽ ഒരുവൻ അതിന് ഉത്തരം നൽകട്ടെ: “യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി; അപ്പോൾ സ്വർഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെമേൽ വരുന്നതു അവൻ കണ്ടു; ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽനിന്നു ഒരു ശബ്ദവും ഉണ്ടായി.”—മത്തായി 3:16, 17; ലൂക്കൊസ് 3:21, 22.
5. അക്ഷരീയ ആലയ യാഗപീഠത്താൽ എന്ത് അർഥമാക്കപ്പെട്ടു?
5 യേശുവിന്റെ ശരീരം യാഗത്തിനായി സമർപ്പിച്ചതു ദൈവം സ്വീകരിച്ചുവെന്നത്, ഒരു ആത്മീയ അർഥത്തിൽ, യെരുശലേം ദേവാലയത്തിൽ ഉണ്ടായിരുന്നതി നെക്കാൾ വലിയ ഒരു യാഗപീഠം മുൻപന്തിയിലേക്കു വന്നിരിക്കുന്നുവെന്ന് അർഥമാക്കി. മൃഗങ്ങൾ ബലിയർപ്പിക്കപ്പെട്ടിരുന്ന അക്ഷരീയ യാഗപീഠം ആത്മീയ യാഗപീഠത്തെ മുൻനിഴലാക്കി. ഫലത്തിൽ അത്, ഒരു ബലിയായി യേശുവിന്റെ മനുഷ്യ ജീവൻ സ്വീകരിക്കുന്നതിനുവേണ്ടിയുള്ള ദൈവത്തിന്റെ ‘ഇഷ്ടം’ അഥവാ ക്രമീകരണം ആയിരുന്നു. (എബ്രായർ 10:10) അതുകൊണ്ടാണു പൗലോസ് അപ്പോസ്തലനു സഹക്രിസ്ത്യാനികൾക്ക് ഇങ്ങനെ എഴുതാൻ കഴിഞ്ഞത്: “കൂടാരത്തിൽ [അഥവാ ആലയത്തിൽ] ശുശ്രൂഷിക്കുന്നവർക്കു അഹോവൃത്തി കഴിപ്പാൻ അവകാശമില്ലാത്ത ഒരു യാഗപീഠം നമുക്കുണ്ടു.” (എബ്രായർ 13:10) മറ്റു വാക്കുകളിൽ പറഞ്ഞാൽ, മിക്ക യഹൂദ പുരോഹിതന്മാരും നിരാകരിച്ച, ഒരു ശ്രേഷ്ഠ പാപപരിഹാര യാഗത്തിൽനിന്നു സത്യ ക്രിസ്ത്യാനികൾ പ്രയോജനം അനുഭവിക്കുന്നു.
6. (എ) യേശുവിന്റെ സ്നാപന സമയത്ത് എന്തു മുൻപന്തിയിലേക്കു വന്നു? (ബി) മിശിഹാ, അഥവാ ക്രിസ്തു എന്ന സ്ഥാനപ്പേർ എന്ത് അർഥമാക്കുന്നു?
6 യേശുവിനെ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്തത് യേശു മഹാപുരോഹിതനായി സേവിക്കുന്ന മുഴു ആത്മീയ ആലയക്രമീകരണത്തെയും ദൈവം ഇപ്പോൾ ആനയിച്ചിരിക്കുന്നുവെന്ന് അർഥമാക്കി. (പ്രവൃത്തികൾ 10:38; എബ്രായർ 5:5) ഈ അതിപ്രധാന സംഭവത്തിന്റെ വർഷം ‘തീബെര്യൊസ് കൈസരുടെ വാഴ്ചയുടെ പതിനഞ്ചാം ആണ്ട്’ ആയി കൃത്യമായി ചൂണ്ടിക്കാണിക്കാൻ ശിഷ്യനായ ലൂക്കോസ് നിശ്വസ്തനാക്കപ്പെട്ടു. (ലൂക്കൊസ് 3:1-3) അതാകട്ടെ, അർഥഹ്ശഷ്ടാ രാജാവ് യെരുശലേമിന്റെ മതിലുകൾ പുനർനിർമിക്കാൻ കൽപ്പന കൊടുത്ത സമയംമുതൽ കൃത്യമായി വർഷങ്ങളുടെ 69 ആഴ്ചകൾ, അഥവാ 483 വർഷങ്ങൾ തികഞ്ഞ പൊ.യു. 29 എന്ന വർഷത്തോട് ഒത്തുവരുന്നു. (നെഹെമ്യാവു 2:1, 5-8) പ്രവചനമനുസരിച്ച്, “അഭിഷിക്തനായോരു പ്രഭു” മുൻകൂട്ടിപ്പറയപ്പെട്ട ആ വർഷത്തിൽ പ്രത്യക്ഷപ്പെടണമായിരുന്നു. (ദാനീയേൽ 9:25) പല യഹൂദന്മാരും ഇതേക്കുറിച്ചു വ്യക്തമായും ബോധവാന്മാരായിരുന്നു. “അഭിഷിക്തനായ ഒരുവൻ” എന്ന് ഒരേ അർഥമുള്ള എബ്രായ, ഗ്രീക്കു പദങ്ങളിൽനിന്ന് ഉത്ഭവിക്കുന്ന സ്ഥാനപ്പേരുകളായ മിശിഹായുടെ, അഥവാ ക്രിസ്തുവിന്റെ വരവിനെക്കുറിച്ചു ‘ജനം പ്രതീക്ഷയോടെ’യിരിക്കുകയായിരുന്നുവെന്നു ലൂക്കോസ് റിപ്പോർട്ടു ചെയ്യുന്നു.—ലൂക്കാ 3:15, പി.ഒ.സി. ബൈ.
7. (എ) ദൈവം “അതിവിശുദ്ധ സ്ഥലത്തെ” അഭിഷേകം ചെയ്തത് എപ്പോൾ, ഇത് എന്ത് അർഥമാക്കി? (ബി) തന്റെ സ്നാപന സമയത്തു യേശുവിനു വേറെ എന്തുകൂടെ സംഭവിച്ചു?
7 യേശുവിന്റെ സ്നാപനസമയത്ത്, ദൈവത്തിന്റെ സ്വർഗീയ വാസസ്ഥലം വലിയ ആത്മീയ ആലയ ക്രമീകരണത്തിൽ “അതിവിശുദ്ധ സ്ഥല”മായി അഭിഷേകം ചെയ്യപ്പെട്ടു, അല്ലെങ്കിൽ മാറ്റിവെക്കപ്പെട്ടു. (ദാനീയേൽ 9:24) ‘മനുഷ്യനല്ല കർത്താവു സ്ഥാപിച്ച സത്യകൂടാരം [അല്ലെങ്കിൽ, ആലയം]’ പ്രവർത്തിക്കാൻ തുടങ്ങി. (എബ്രായർ 8:2) കൂടാതെ, ജലത്താലും പരിശുദ്ധാത്മാവിനാലുമുള്ള അവന്റെ സ്നാപനത്തിലൂടെ, മനുഷ്യനായ യേശുക്രിസ്തു ദൈവത്തിന്റെ ആത്മപുത്രൻ എന്നനിലയിൽ വീണ്ടും ജനിച്ചു. (യോഹന്നാൻ 3:3 താരതമ്യം ചെയ്യുക.) ദൈവം തക്കസമയത്തു തന്റെ പുത്രനെ സ്വർഗീയ ജീവനിലേക്കു വീണ്ടും വിളിക്കുമെന്നും അവിടെ പിതാവിന്റെ വലതു ഭാഗത്തു “മല്ക്കീസേദെക്കിന്റെ ക്രമപ്രകാരം . . . എന്നേക്കും” രാജാവും മഹാപുരോഹിതനുമായി സേവിക്കുമെന്നും ഇത് അർഥമാക്കി.—എബ്രായർ 6:20; സങ്കീർത്തനം 110:1, 4.
സ്വർഗീയ അതിവിശുദ്ധ സ്ഥലം
8. ദൈവത്തിന്റെ സ്വർഗീയ സിംഹാസനത്തിന് ഇപ്പോൾ എന്തു പുതിയ സവിശേഷതകൾ കൈവന്നു?
8 യേശുവിന്റെ സ്നാപന ദിവസം, ദൈവത്തിന്റെ സ്വർഗീയ സിംഹാസനത്തിനു പുതിയ സ്വഭാവസവിശേഷതകൾ കൈവന്നു. ലോകത്തിന്റെ പാപങ്ങൾ പരിഹരിക്കുന്നതിനു പൂർണതയുള്ള ഒരു മനുഷ്യബലിയെക്കുറിച്ചുള്ള ദൈവത്തിന്റെ വിശേഷനിർദേശം മനുഷ്യന്റെ പാപപൂരിത അവസ്ഥയ്ക്കു നേർവിപരീതമായി ദൈവത്തിന്റെ വിശുദ്ധിയെ എടുത്തുകാട്ടി. പ്രീതിപ്പെടാൻ, അല്ലെങ്കിൽ പ്രസാദിപ്പിക്കപ്പെടാൻ താനിപ്പോൾ മനസ്സൊരുക്കം കാട്ടിയെന്നതിലും ദൈവത്തിന്റെ കരുണ വിശേഷാൽ പ്രകടമായി. അങ്ങനെ സ്വർഗത്തിലെ ദൈവത്തിന്റെ സിംഹാസനം പ്രതീകാത്മകവിധത്തിൽ പാപപരിഹാരത്തിനായി മഹാപുരോഹിതൻ ആണ്ടിലൊരിക്കൽ മൃഗരക്തവുമായി പ്രവേശിച്ചിരുന്ന ആലയത്തിന്റെ ഏറ്റവും ഉള്ളിലെ മുറിപോലെയായിത്തീർന്നു.
9. (എ) വിശുദ്ധ സ്ഥലത്തിനും അതിവിശുദ്ധ സ്ഥലത്തിനും ഇടയ്ക്കുള്ള തിരശ്ശീല എന്ത് അർഥമാക്കി? (ബി) ദൈവത്തിന്റെ ആത്മീയ ആലയത്തിന്റെ തിരശ്ശീലയ്ക്കുമപ്പുറത്തേക്കു യേശു പ്രവേശിച്ചതെങ്ങനെ?
9 വിശുദ്ധ സ്ഥലത്തെ അതിവിശുദ്ധ സ്ഥലത്തിൽനിന്നു വേർതിരിച്ചിരുന്ന തിരശ്ശീല യേശുവിന്റെ ഭൗതിക ശരീരത്തെ അർഥമാക്കി. (എബ്രായർ 10:19, 20) അവൻ ഭൂമിയിൽ മനുഷ്യനായിരിക്കുമ്പോൾ പിതാവിന്റെ സാന്നിധ്യത്തിൽ പ്രവേശിക്കുന്നതിൽനിന്നു യേശുവിനെ തടഞ്ഞിരുന്ന പ്രതിബന്ധമായിരുന്നു അത്. (1 കൊരിന്ത്യർ 15:50) യേശുവിന്റെ മരണസമയത്ത്, “മന്ദിരത്തിലെ തിരശ്ശീല മേൽതൊട്ടു അടിയോളം രണ്ടായി ചീന്തിപ്പോയി.” (മത്തായി 27:51) യേശു സ്വർഗത്തിലേക്കു പ്രവേശിക്കുന്നതു തടഞ്ഞിരുന്ന പ്രതിബന്ധം ഇപ്പോൾ നീങ്ങിയിരിക്കുന്നുവെന്ന് ഇതു നാടകീയമായി സൂചിപ്പിച്ചു. മൂന്നു ദിവസം കഴിഞ്ഞപ്പോൾ, യഹോവയാം ദൈവം ഒരു ശ്രദ്ധേയമായ അത്ഭുതം പ്രവർത്തിച്ചു. അവൻ യേശുവിനെ മരിച്ചവരിൽനിന്ന് ഉയർപ്പിച്ചു. അതാകട്ടെ, ശരീരവും രക്തവുമുള്ള ഒരു മർത്യമനുഷ്യനായിട്ടല്ല, മറിച്ച് “എന്നേക്കും ജീവനുള്ളവനായി തുടരുന്ന” മഹത്ത്വമേറിയ ആത്മസൃഷ്ടിയായിട്ടായിരുന്നു. (എബ്രായർ 7:24, NW) നാൽപ്പതു ദിവസം കഴിഞ്ഞപ്പോൾ, “നമുക്കുവേണ്ടി ദൈവവ്യക്തിയുടെ മുമ്പാകെ പ്രത്യക്ഷപ്പെടുന്നതിന്” യേശു സ്വർഗത്തിലേക്ക് ആരോഹണം ചെയ്യുകയും യഥാർഥ “അതിവിശുദ്ധ സ്ഥല”ത്തേക്കു പ്രവേശിക്കുകയും ചെയ്തു.—എബ്രായർ 9:24, NW.
10. (എ) യേശു തന്റെ ബലിയുടെ മൂല്യം സ്വർഗീയ പിതാവിനു സമർപ്പിച്ചതിനുശേഷം എന്തു സംഭവിച്ചു? (ബി) പരിശുദ്ധാത്മാവിനെക്കൊണ്ട് അഭിഷേകം ചെയ്യുന്നതു ക്രിസ്തുവിന്റെ ശിഷ്യന്മാർക്ക് എന്ത് അർഥമാക്കി?
10 ലോകത്തിന്റെ പാപങ്ങൾക്കുള്ള പരിഹാരം എന്നനിലയിൽ യേശു ചൊരിഞ്ഞ രക്തത്തിന്റെ മൂല്യത്തെ ദൈവം സ്വീകരിച്ചുവോ? തീർച്ചയായും, അവൻ സ്വീകരിച്ചു. യേശുവിന്റെ പുനരുത്ഥാനത്തിനുശേഷം, കൃത്യം 50 ദിവസം കഴിഞ്ഞപ്പോൾ, പെന്തക്കോസ്ത് തിരുനാളിൽ, ഇതിനുള്ള തെളിവു ലഭിക്കുകയുണ്ടായി. യെരുശലേമിൽ ഒരുമിച്ചുകൂടിയിരുന്ന, യേശുവിന്റെ 120 ശിഷ്യന്മാരുടെമേൽ ദൈവത്തിന്റെ പരിശുദ്ധാത്മാവു പകരപ്പെട്ടു. (പ്രവൃത്തികൾ 2:1, 4, 33) അവരുടെ മഹാപുരോഹിതനായ യേശുക്രിസ്തുവിനെപ്പോലെ, ദൈവത്തിന്റെ വലിയ ആത്മീയ ആലയ ക്രമീകരണത്തിൻകീഴിൽ അവരിപ്പോൾ ‘ആത്മികയാഗം കഴിക്കുന്നതിനുള്ള വിശുദ്ധപുരോഹിതവർഗ്ഗം’ എന്നനിലയിൽ സേവിക്കാൻ അഭിഷിക്തരായി. (1 പത്രൊസ് 2:5) അതിലുപരി, ഈ അഭിഷിക്തർ ഒരു പുതിയ ജനത, ദൈവത്തിന്റെ ആത്മീയ ഇസ്രായേൽ എന്ന “വിശുദ്ധ ജനത” ആയിത്തീർന്നു. ഇനിമുതൽ, യിരെമ്യാവു 31:31-ൽ [NW] രേഖപ്പെടുത്തിയിരിക്കുന്ന “പുതിയ ഉടമ്പടി” വാഗ്ദാനംപോലെ ഇസ്രായേലിനെക്കുറിച്ചുള്ള നല്ലകാര്യങ്ങളുടെ എല്ലാ പ്രവചനങ്ങളും ബാധകമാകുന്നത് “ദൈവത്തിന്റെ” യഥാർഥ “യിസ്രായേ”ലായ അഭിഷിക്ത ക്രിസ്തീയ സഭയ്ക്കായിരിക്കും.—1 പത്രോസ് 2:9, NW; ഗലാത്യർ 6:16.
ദൈവത്തിന്റെ ആത്മീയ ആലയത്തിന്റെ മറ്റു സവിശേഷതകൾ
11, 12. (എ) യേശുവിന്റെ കാര്യത്തിൽ പൗരോഹിത്യ പ്രാകാരത്താൽ ചിത്രീകരിക്കപ്പെട്ടത് എന്ത്, അവന്റെ അഭിഷിക്ത അനുഗാമികളുടെ കാര്യത്തിൽ അത് എന്താണ്? (ബി) വെള്ളത്തൊട്ടി എന്തിനെ ചിത്രീകരിക്കുന്നു, അത് എങ്ങനെ ഉപയോഗിക്കപ്പെടുന്നു?
11 അതിവിശുദ്ധ സ്ഥലം ചിത്രീകരിച്ചത് ദൈവം സിംഹാസനസ്ഥനായിരിക്കുന്ന “സ്വർഗംതന്നെ”യായിരുന്നെങ്കിലും, ദൈവത്തിന്റെ ആത്മീയ ആലയത്തിന്റെ മറ്റെല്ലാ സവിശേഷതകളും ഭൂമിയിലെ സംഗതികളുമായി ബന്ധപ്പെട്ടിരിക്കുന്നു. (എബ്രായർ 9:24, NW) യെരുശലേമിലെ ആലയത്തിൽ, അകത്തായി ഒരു പൗരോഹിത്യ പ്രാകാരമുണ്ടായിരുന്നു. ബലിയർപ്പണത്തിനുള്ള ഒരു യാഗപീഠവും വിശുദ്ധ സേവനം നിർവഹിക്കുന്നതിനുമുമ്പായി തങ്ങളെത്തന്നെ ശുദ്ധിചെയ്യാൻ പുരോഹിതന്മാർ ഉപയോഗിച്ചിരുന്ന ഒരു വലിയ വെള്ളത്തൊട്ടിയും അതിലുണ്ടായിരുന്നു. ദൈവത്തിന്റെ ആത്മീയ ആലയ ക്രമീകരണത്തിൽ ഈ സംഗതികൾ ചിത്രീകരിക്കുന്നത് എന്താണ്?
12 യേശുവിന്റെ കാര്യത്തിൽ, അകത്തുള്ള പൗരോഹിത്യ പ്രാകാരം ദൈവത്തിന്റെ പൂർണതയുള്ള മനുഷ്യപുത്രൻ എന്നനിലയിലുള്ള അവന്റെ പാപരഹിത അവസ്ഥയെ അർഥമാക്കി. യേശുവിന്റെ ബലിയിൽ വിശ്വാസമർപ്പിക്കുകവഴി ക്രിസ്തുവിന്റെ അഭിഷിക്ത അനുഗാമികൾ നീതിയുള്ളവരായി മതിക്കപ്പെടുന്നു. അങ്ങനെ, അവർ പാപരഹിതരായിരുന്നാലെന്നപോലെ, ദൈവത്തിന് അവരുമായി ശരിയാംവണ്ണം ഇടപെടാൻ കഴിയുന്നു. (റോമർ 5:1; 8:1, 33) അതുകൊണ്ട്, ആ വിശുദ്ധ പൗരോഹിത്യത്തിലെ അംഗങ്ങൾ ഓരോരുത്തരും ദൈവമുമ്പാകെ ആസ്വദിക്കുന്ന കണക്കിടപ്പെട്ട നീതിനിഷ്ഠമായ മാനുഷിക അവസ്ഥയെയും ഈ പ്രാകാരം ചിത്രീകരിക്കുന്നു. അതേസമയം, അഭിഷിക്ത ക്രിസ്ത്യാനികൾ ഇപ്പോഴും അപൂർണരും പാപം ചെയ്യുന്നതിനു വിധേയരുമാണ്. പ്രാകാരത്തിലുള്ള വെള്ളത്തൊട്ടി വിശുദ്ധ പൗരോഹിത്യത്തെ ക്രമാനുഗതമായി ശുദ്ധീകരിക്കാൻ മഹാപുരോഹിതൻ ഉപയോഗിക്കുന്ന ദൈവവചനത്തെ ചിത്രീകരിക്കുന്നു. ഈ ശുദ്ധീകരണ പ്രക്രിയയ്ക്കു വിധേയരായിക്കൊണ്ട്, ദൈവത്തെ ആദരിക്കുകയും മറ്റുള്ളവരെ നിർമലാരാധനയിലേക്ക് ആകർഷിക്കുകയും ചെയ്യുന്ന ഒരു വിശിഷ്ട ഉപസ്ഥിതി അവർ നേടിയിരിക്കുന്നു.—എഫെസ്യർ 5:25, 26; മലാഖി 3:1-3 താരതമ്യം ചെയ്യുക.
വിശുദ്ധ സ്ഥലം
13, 14. (എ) യേശുവിന്റെയും അവന്റെ അഭിഷിക്താനുഗാമികളുടെയും കാര്യത്തിൽ ആലയത്തിലെ വിശുദ്ധ സ്ഥലം എന്തിനെ ചിത്രീകരിക്കുന്നു? (ബി) പൊൻ നിലവിളക്ക് എന്ത് അർഥമാക്കുന്നു?
13 ആലയത്തിന്റെ ഒന്നാമത്തെ മുറി പ്രാകാരത്തെക്കാൾ ശ്രേഷ്ഠമായ ഒരു അവസ്ഥയെ അർഥമാക്കുന്നു. പൂർണ മനുഷ്യനായ യേശുക്രിസ്തുവിന്റെ കാര്യത്തിൽ, അതു സ്വർഗീയ ജീവനിലേക്കു മടങ്ങാനിരിക്കുന്ന, ദൈവത്തിന്റെ ഒരു ആത്മപുത്രൻ എന്നനിലയിലുള്ള അവന്റെ പുതുജനനത്തെ ചിത്രീകരിക്കുന്നു. നീതിമാന്മാരായി പ്രഖ്യാപിക്കപ്പെട്ടതിനുശേഷം, ക്രിസ്തുവിന്റെ ചൊരിയപ്പെട്ട രക്തത്തിലുള്ള അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ, ഈ അഭിഷിക്ത ക്രിസ്ത്യാനികളും ദൈവാത്മാവിന്റെ ഈ പ്രത്യേക പ്രവർത്തനം അനുഭവിക്കുന്നു. (റോമർ 8:14-17) “വെള്ളത്താലും [അതായത്, അവരുടെ സ്നാനം] ആത്മാ വിനാലും” അവർ ദൈവത്തിന്റെ ആത്മപുത്രന്മാരായി ‘വീണ്ടും ജനിക്കുന്നു.’ അതിൻപ്രകാരം, മരണംവരെ വിശ്വസ്തരായി നിലകൊള്ളുന്നപക്ഷം, ദൈവത്തിന്റെ ആത്മപുത്രന്മാരായി സ്വർഗീയ ജീവനിലേക്ക് ഉയർപ്പിക്കപ്പെടുമെന്നുള്ള പ്രത്യാശ അവർക്കുണ്ട്.—യോഹന്നാൻ 3:5, 7, NW; വെളിപ്പാടു 2:10.
14 ഭൗമിക ആലയത്തിന്റെ വിശുദ്ധ സ്ഥലത്തിനുള്ളിൽ സേവിച്ച പുരോഹിതന്മാർ പുറത്തുള്ള ആരാധകർക്കു ദൃശ്യരായിരുന്നില്ല. സമാനമായി, ഒരു ഭൗമിക പറുദീസയിൽ എന്നേക്കും ജീവിക്കാൻ പ്രത്യാശയുള്ള ദൈവത്തിന്റെ ഭൂരിപക്ഷം ആരാധകർക്കുമില്ലാത്തതോ പൂർണമായി മനസ്സിലാകാത്തതോ ആയ ഒരു ആത്മീയ സ്ഥിതിവിശേഷം അഭിഷിക്ത ക്രിസ്ത്യാനികൾ അനുഭവിക്കുന്നു. സമാഗമന കൂടാരത്തിലെ പൊൻനിലവിളക്ക് അഭിഷിക്ത ക്രിസ്ത്യാനികളുടെ പ്രബുദ്ധ അവസ്ഥയെ അർഥമാക്കുന്നു. വിളക്കുകളിലെ എണ്ണയെപ്പോലെ, ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ പ്രവർത്തനം ബൈബിളിന്മേൽ പ്രകാശം ചൊരിയുന്നു. അതിന്റെ ഫലമായി ക്രിസ്ത്യാനികൾ നേടുന്ന ഗ്രാഹ്യം അവർ തങ്ങളിൽത്തന്നെ സൂക്ഷിക്കുന്നില്ല. മറിച്ച്, “നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു . . . മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ” എന്നു പറഞ്ഞ യേശുവിനെ അവർ അനുസരിക്കുന്നു.—മത്തായി 5:14, 16.
15. കാഴ്ചയപ്പമേശയിലെ അപ്പം എന്തിനെ ചിത്രീകരിക്കുന്നു?
15 ഈ പ്രബുദ്ധ അവസ്ഥയിൽ നിലകൊള്ളുന്നതിന്, കാഴ്ചയപ്പ മേശയിലെ അപ്പത്താൽ ചിത്രീകരിക്കുന്നത് അഭിഷിക്ത ക്രിസ്ത്യാനികൾ ക്രമമായി ഭക്ഷിക്കണം. അവർ ദിവസേന വായിക്കാനും ധ്യാനിക്കാനും പരിശ്രമിക്കുന്ന ദൈവവചനമാണ് ആത്മീയ ഭക്ഷണത്തിനായുള്ള അവരുടെ പ്രാഥമിക ഉറവ്. തന്റെ “വിശ്വസ്തനും വിവേകിയുമായ അടിമ”യിലൂടെ “തക്ക സമയത്തെ ഭക്ഷണം” പ്രദാനം ചെയ്യുമെന്നു യേശു വാഗ്ദാനവും ചെയ്തിട്ടുണ്ട്. (മത്തായി 24:45, NW) ഏതെങ്കിലും ഒരു പ്രത്യേക സമയത്തു ഭൂമിയിലുള്ള അഭിഷിക്ത ക്രിസ്ത്യാനികളുടെ മുഴു സംഘമാണ് ഈ “അടിമ.” ബൈബിൾ പ്രവചനങ്ങളുടെ നിവൃത്തിയെക്കുറിച്ചുള്ള വിവരങ്ങൾ പ്രസിദ്ധീകരിക്കാനും ആധുനിക ദൈനംദിന ജീവിതത്തിൽ ബൈബിൾ തത്ത്വങ്ങളുടെ ബാധകമാക്കൽ സംബന്ധിച്ചു സമയോചിത നിർദേശങ്ങൾ നൽകാനും ക്രിസ്തു ഈ അഭിഷിക്ത സംഘത്തെ ഉപയോഗിച്ചിരിക്കുന്നു. അതുകൊണ്ട്, അഭിഷിക്ത ക്രിസ്ത്യാനികൾ അത്തരത്തിലുള്ള സകല ആത്മീയ ക്രമീകരണങ്ങളിൽനിന്നും വിലമതിപ്പോടെ ഭക്ഷിക്കുന്നു. എന്നാൽ അവരുടെ ആത്മീയ ജീവിതത്തിന്റെ സംരക്ഷണം ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം മനസ്സിലും ഹൃദയത്തിലും എത്തിക്കുന്നതിനെക്കാൾ കൂടുതലായ സംഗതിയിൽ ആശ്രയിച്ചിരിക്കുന്നു. യേശു ഇങ്ങനെ പറഞ്ഞു: “എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്തു അവന്റെ പ്രവൃത്തി തികെക്കുന്നതുതന്നെ എന്റെ ആഹാരം.” (യോഹന്നാൻ 4:34) അതുപോലെ, ദൈ വത്തിന്റെ വെളിപ്പെടുത്തപ്പെട്ട ഹിതം നിർവഹിക്കുന്നതിൽ അനുദിനം ഉൾപ്പെട്ടുകൊണ്ട് അഭിഷിക്ത ക്രിസ്ത്യാനികൾ സംതൃപ്തി അനുഭവിക്കുന്നു.
16. ധൂപയാഗപീഠത്തിങ്കലെ ശുശ്രൂഷ എന്ത് അർഥമാക്കുന്നു?
16 രാവിലെയും വൈകുന്നേരവും, വിശുദ്ധ സ്ഥലത്തെ ധൂപയാഗപീഠത്തിന്മേൽ ഒരു പുരോഹിതൻ ദൈവത്തിനു ധൂപാർപ്പണം നടത്തിയിരുന്നു. അതേസമയം, പുരോഹിതരല്ലാത്ത ആരാധകർ ആലയത്തിന്റെ ബാഹ്യപ്രാകാരങ്ങളിൽ നിന്നുകൊണ്ടു ദൈവത്തോടു പ്രാർഥിക്കുമായിരുന്നു. (ലൂക്കൊസ് 1:8-10) “ധൂപം വിശുദ്ധന്മാരുടെ പ്രാർഥനകളെ അർഥമാക്കുന്നു” എന്നു ബൈബിൾ വിശദമാക്കുന്നു. (വെളിപാട് 5:8, NW) ‘എന്റെ പ്രാർഥന തിരുസന്നിധിയിൽ ധൂപമായി തീരട്ടെ’ എന്നു സങ്കീർത്തനക്കാരനായ ദാവീദ് എഴുതി. (സങ്കീർത്തനം 141:2) അഭിഷിക്ത ക്രിസ്ത്യാനികളും യേശുക്രിസ്തുവിലൂടെ യഹോവയെ പ്രാർഥനയിൽ സമീപിക്കുന്നതിനുള്ള പദവി മതിപ്പോടെ കാക്കുന്നു. ഹൃദയത്തിൽനിന്ന് ഒഴുകിവരുന്ന ഉത്ക്കടമായ പ്രാർഥനകൾ സുഗന്ധവാസനയുള്ള ധൂപംപോലെയാണ്. അഭിഷിക്ത ക്രിസ്ത്യാനികൾ മറ്റുവിധങ്ങളിലും ദൈവത്തെ സ്തുതിക്കുന്നുണ്ട്. മറ്റുള്ളവരെ പഠിപ്പിക്കാൻ അവർ തങ്ങളുടെ അധരങ്ങളെ ഉപയോഗിക്കുന്നു. പ്രയാസങ്ങളുടെ നടുവിലെ അവരുടെ സഹിഷ്ണുതയും പരിശോധനയിൻകീഴിലെ അവരുടെ നിർമലതയും ദൈവത്തിനു വിശേഷാൽ പ്രസാദകരമാണ്.—1 പത്രൊസ് 2:20, 21.
17. പാപപരിഹാരദിവസത്തിൽ അതിവിശുദ്ധ സ്ഥലത്തേക്കുള്ള മഹാപുരോഹിതന്റെ ആദ്യപ്രവേശനത്താൽ നൽകപ്പെട്ട പ്രാവചനിക ചിത്രത്തിന്റെ നിവൃത്തിയിൽ എന്ത് ഉൾപ്പെട്ടിരുന്നു?
17 പാപപരിഹാര ദിവസത്തിൽ, ഇസ്രായേലിലെ മഹാപുരോഹിതൻ അതിവിശുദ്ധ സ്ഥലത്തു പ്രവേശിച്ച് തീക്കനലുകളുള്ള ഒരു സ്വർണകലശത്തിൽ പരിമളദ്രവ്യം പുകയ്ക്കേണ്ടതുണ്ടായിരുന്നു. പാപയാഗങ്ങളുടെ രക്തം കൊണ്ടുവരുന്നതിനുമുമ്പാണ് അദ്ദേഹം ഇതു ചെയ്യേണ്ടിയിരുന്നത്. ഈ പ്രാവചനിക ചിത്രത്തിന്റെ നിവൃത്തിയായി മനുഷ്യനായി യേശു നമ്മുടെ പാപങ്ങൾക്കുവേണ്ടി നിലനിൽക്കുന്ന ബലി എന്നനിലയിൽ തന്റെ ജീവൻ അർപ്പിക്കുന്നതിനുമുമ്പ് യഹോവയാം ദൈവത്തോടു പരിപൂർണ നിർമലത കാത്തു. അങ്ങനെ സാത്താൻ കൊണ്ടുവരുന്ന സമ്മർദങ്ങൾ എന്തുതന്നെയായാലും ഒരു പൂർണമനുഷ്യനു ദൈവത്തോടു നിർമലത കാക്കാനാവുമെന്ന് അവൻ പ്രകടമാക്കി. (സദൃശവാക്യങ്ങൾ 27:11) പരിശോധനയ്ക്കു വിധേയനായപ്പോൾ, യേശു “ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ” പ്രാർഥനയെ ഉപയോഗപ്പെടുത്തി. അങ്ങനെ “ഭയഭക്തിനിമിത്തം ഉത്തരം ലഭിക്കയും ചെയ്തു.” (എബ്രായർ 5:7) ഈ വിധത്തിൽ അവൻ യഹോവയെ അഖിലാണ്ഡത്തിന്റെ നീതിയുള്ള, അർഹനായ പരമാധികാരി എന്നനിലയിൽ മഹത്ത്വപ്പെടുത്തി. യേശുവിനെ അമർത്യ സ്വർഗീയ ജീവനിലേക്ക് ഉയർപ്പിച്ചുകൊണ്ട് ദൈവം അവനു പ്രതിഫലം നൽകി. ഈ ഉത്കൃഷ്ട സ്ഥാനത്തു നിന്നുകൊണ്ട്, അവൻ താൻ ഭൂമിയിലേക്കു വന്നതിനുള്ള രണ്ടാമത്തെ കാരണത്തിന്, അനുതാപമുള്ള പാപികളായ മനുഷ്യരെ ദൈവവുമായി അനുരഞ്ജനത്തിലാക്കുന്നതിനു ശ്രദ്ധകൊടുക്കുകയാണ്.—എബ്രായർ 4:14-16.
ദൈവത്തിന്റെ ആത്മീയ ആലയത്തിന്റെ വലിയ മഹത്ത്വം
18. യഹോവ തന്റെ ആത്മീയ ആലയത്തിനു പകിട്ടാർന്ന മഹത്ത്വം കൈവരുത്തിയിരിക്കുന്നതെങ്ങനെ?
18 “ഈ പിൽക്കാല ആലയത്തിന്റെ മഹത്വം മുമ്പത്തേതിനെക്കാളും വലിയതായിരിക്കും” എന്നു യഹോവ മുൻകൂട്ടിപ്പറഞ്ഞു. (ഹഗ്ഗായി 2:9, NW) യേശുവിനെ അമർത്യ രാജാവും മഹാപുരോഹിതനും എന്നനിലയിൽ ഉയർപ്പിച്ചുകൊണ്ട്, യഹോവ തന്റെ ആത്മീയ ആലയത്തിനു പകിട്ടാർന്ന മഹത്ത്വം കൈവരുത്തി. യേശു ഇപ്പോൾ “തന്നെ അനുസരിക്കുന്ന ഏവർക്കും നിത്യരക്ഷ” കൈവരുത്തുവാനുള്ള സ്ഥാനത്താണ്. (എബ്രായർ 5:9) അത്തരം അനുസരണം പ്രകടമാക്കിയ ആദ്യത്തെ ആളുകൾ പൊ.യു. 33-ലെ പെന്തക്കോസ്തിൽ പരിശുദ്ധാത്മാവിനെ സ്വീകരിച്ച 120 ശിഷ്യന്മാരായിരുന്നു. ഈ ആത്മീയ ഇസ്രായേല്യ പുത്രന്മാർ അവസാനം 1,44,000 ആയിരിക്കുമെന്ന് വെളിപാട് പുസ്തകം മുൻകൂട്ടിപ്പറഞ്ഞു. (വെളിപ്പാടു 7:4) മരണശേഷം, അവരിൽ പലർക്കും രാജകീയ അധികാരത്തിലുള്ള യേശുവിന്റെ സാന്നിധ്യസമയത്തിനായി കാത്തിരുന്നുകൊണ്ട് മനുഷ്യവർഗത്തിന്റെ പൊതു ശവക്കുഴിയിൽ അബോധാവസ്ഥയിൽ കിടക്കേണ്ടതുണ്ടായിരുന്നു. ദാനീയേൽ 4:10-17, 20-27-ൽ ഉൾക്കൊണ്ടിരിക്കുന്ന പ്രാവചനിക കാലഗണന യേശു തന്റെ ശത്രുക്കളുടെ മധ്യേ ഭരണം തുടങ്ങുന്ന സമയമായി 1914-ലേക്കു വിരൽചൂണ്ടുന്നു. (സങ്കീർത്തനം 110:2) പതിറ്റാണ്ടുകൾക്കുമുമ്പുതന്നെ, അഭിഷിക്ത ക്രിസ്ത്യാനികൾ ആ വർഷത്തിനായി ആകാംക്ഷയോടെ നോക്കിപ്പാർത്തിരുന്നു. ഒന്നാം ലോകമഹായുദ്ധവും അതേത്തുടർന്നു മനുഷ്യവർഗത്തിൻമേലുണ്ടായ കഷ്ടങ്ങളും 1914-ൽ യേശു തീർച്ചയായും രാജാവായി സിംഹാസനസ്ഥനായി എന്നതിനുള്ള തെളിവു നൽകി. (മത്തായി 24:3, 7, 8) അതിനുശേഷം താമസിയാതെ, “ന്യായവിധി ദൈവഗൃഹത്തിൽ ആരംഭിപ്പാ”നുള്ള സമയമെത്തുന്നതോടെ, മരണത്തിൽ നിദ്രയിലായിരിക്കുന്ന തന്റെ അഭിഷിക്ത ശിഷ്യന്മാർക്കുള്ള ഈ വാഗ്ദാനം യേശു നിവൃത്തിക്കുമായിരുന്നു: “പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും.”—1 പത്രൊസ് 4:17; യോഹന്നാൻ 14:3.
19. സ്വർഗീയ അതിവിശുദ്ധ സ്ഥലത്തേക്ക് 1,44,000-ത്തിന്റെ ശേഷിപ്പ് എങ്ങനെ പ്രവേശനം നേടും?
19 വിശുദ്ധ പൗരോഹിത്യത്തിൽപ്പെട്ട 1,44,000-ത്തിലെ എല്ലാവരും അവസാനമായി മുദ്രയിടപ്പെടുകയും അവരുടെ സ്വർഗീയ ഭവനത്തിലേക്ക് എടുക്കപ്പെടുകയും ചെയ്തിട്ടില്ല. വിശുദ്ധ സ്ഥലത്താൽ അർഥമാക്കപ്പെട്ട ആത്മീയ അവസ്ഥയിൽ, ദൈവത്തിന്റെ വിശുദ്ധ സാന്നിധ്യത്തിൽനിന്നു തങ്ങളുടെ ജഡശരീരങ്ങളുടെ “തിരശ്ശീല”യാൽ അഥവാ പ്രതിബന്ധത്താൽ വേർപെട്ട് അവരുടെ ഒരു ശേഷിപ്പ് ഇപ്പോഴും ഭൂമിയിൽ ജീവിക്കുന്നുണ്ട്. ഇവർ വിശ്വസ്തരായി മരിക്കുമ്പോൾ, അതിനോടകംതന്നെ സ്വർഗത്തിലുള്ള 1,44,000-ത്തിൽപ്പെട്ടവരോടൊപ്പം ചേരാൻ അവർ അപ്പോൾത്തന്നെ അമർത്യ ആത്മസൃഷ്ടികളായി ഉയർപ്പിക്കപ്പെടുന്നു.—1 കൊരിന്ത്യർ 15:51-53.
20. വിശുദ്ധ പൗരോഹിത്യത്തിലെ ശേഷിക്കുന്നവർ ഈ സമയത്ത് എന്തു മർമപ്രധാന വേല ചെയ്യുന്നു, എന്തു ഫലങ്ങളോടെ?
20 സ്വർഗത്തിൽ വലിയ മഹാപുരോഹിതനോടൊപ്പം അനേകം പുരോഹിതന്മാരും സേവിക്കുന്നതിനാൽ ദൈവത്തിന്റെ ആത്മീയ ആലയത്തിനു പിന്നെയും മഹത്ത്വം വർധിച്ചു. അതിനിടെ, വിശുദ്ധ പൗരോഹിത്യത്തിലെ ശേഷിക്കുന്നവർ ഭൂമിയിൽ മൂല്യവത്തായ ഒരു വേല നിർവഹിക്കുകയാണ്. അവരുടെ പ്രസംഗവേലയിലൂടെ, ഹഗ്ഗായി 2:7-ൽ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നതുപോലെ ദൈവം തന്റെ ന്യായവിധി പ്രഖ്യാപനങ്ങളാൽ “സകല ജാതികളെയും ഇളക്കു”കയാണ്. അതേസമയം, “സകല ജാതികളുടെയും മനോഹരവസ്തു [“അഭികാമ്യ വസ്തുക്കൾ,” NW] എന്നു വർണിക്കപ്പെട്ടിരിക്കുന്ന ദശലക്ഷക്കണക്കിന് ആരാധകർ യഹോവയുടെ ആലയത്തിന്റെ ഭൗമിക പ്രാകാരത്തിലേക്കു കൂട്ടമായി വന്നുകൊണ്ടിരിക്കുകയാണ്. ആരാധനയ്ക്കുള്ള ദൈവത്തിന്റെ ക്രമീകരണത്തിൽ ഇവർ എങ്ങനെ അനുരൂപപ്പെടുന്നു, അവന്റെ വലിയ ആത്മീയ ആലയത്തിന് ഏതു ഭാവി മഹത്ത്വം നമുക്കു പ്രതീക്ഷിക്കാൻ കഴിയും? ഈ ചോദ്യങ്ങൾ അടുത്ത ലേഖനത്തിൽ പരിചിന്തിക്കുന്നതായിരിക്കും.
പുനരവലോകന ചോദ്യങ്ങൾ
◻ പൊ.യു. 29-ൽ യേശു ഏതു മുന്തിയ മാതൃക വെച്ചു?
◻ പൊ.യു. 29-ൽ ഏതു ക്രമീകരണം നടപ്പിലായി?
◻ വിശുദ്ധ സ്ഥലം, അതിവിശുദ്ധ സ്ഥലം എന്നിവ എന്തിനെ ചിത്രീകരിക്കുന്നു?
◻ വലിയ ആത്മീയ ആലയം മഹത്ത്വപൂർണമായിത്തീർന്നത് എങ്ങനെ?
[അധ്യയന ചോദ്യങ്ങൾ]
[17-ാം പേജിലെ ചിത്രം]
പൊ.യു. 29-ൽ യേശു പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ടപ്പോൾ, ദൈവത്തിന്റെ വലിയ ആത്മീയ ആലയം പ്രവർത്തനമാരംഭിച്ചു