ഗമാലിയേൽ—അവൻ തർസൊസുകാരനായ ശൗലിനെ പഠിപ്പിച്ചു
ഗമാലിയേൽ—അവൻ തർസൊസുകാരനായ ശൗലിനെ പഠിപ്പിച്ചു
ജനസഞ്ചയം നിശ്ശബ്ദരായി നിലകൊണ്ടു. പൗലോസ് അപ്പോസ്തലനെ അവർ കൊല്ലുന്നതിന്റെ വക്കോളമെത്തിയിട്ടു വെറും നിമിഷങ്ങളേ ആയിരുന്നുള്ളൂ. തർസൊസുകാരനായ ശൗൽ എന്നും അറിയപ്പെട്ടിരുന്ന അവനെ റോമൻ പടയാളികളാണു രക്ഷിച്ചത്. ഇപ്പോൾ അവൻ യെരുശലേം ആലയത്തിന്റെ പടിക്കെട്ടിൽ നിന്നുകൊണ്ട് ജനക്കൂട്ടത്തെ അഭിമുഖീകരിച്ചു.
നിശ്ശബ്ദരാകാൻ കൈ ഉയർത്തി ആംഗ്യം കാണിച്ചുകൊണ്ട് പൗലോസ് എബ്രായ ഭാഷയിൽ ഇങ്ങനെ സംസാരിക്കാൻ തുടങ്ങി: “സഹോദരന്മാരും പിതാക്കന്മാരുമായുള്ളോരേ, എനിക്കു ഇന്നു നിങ്ങളോടുള്ള പ്രതിവാദം കേട്ടുകൊൾവിൻ. . . . ഞാൻ കിലിക്യയിലെ തർസൊസിൽ ജനിച്ച യെഹൂദനും ഈ നഗരത്തിൽ വളർന്നു ഗമാലിയേലിന്റെ കാല്ക്കൽ ഇരുന്നു പിതാക്കന്മാരുടെ ന്യായപ്രമാണം സൂക്ഷ്മതയോടെ അഭ്യസിച്ചവനുമാകയാൽ നിങ്ങൾ എല്ലാവരും ഇന്നു ഇരിക്കുന്നതുപോലെ ദൈവസേവയിൽ എരിവുള്ളവനായിരുന്നു.”—പ്രവൃത്തികൾ 22:1-3.
ജീവൻ അപകടത്തിലായിരിക്കേ, താൻ ഗമാലിയേലിനാൽ അഭ്യസിപ്പിക്കപ്പെട്ടവനാണെന്നു പറഞ്ഞുകൊണ്ടു പൗലോസ് പ്രതിവാദം തുടങ്ങിയതെന്തുകൊണ്ടാണ്? ഗമാലിയേൽ ആരായിരുന്നു, അവനാൽ പഠിപ്പിക്കപ്പെടുന്നതിൽ എന്താണ് ഉൾപ്പെട്ടിരുന്നത്? ക്രിസ്തീയ അപ്പോസ്തലനായ പൗലോസ് ആയ ശേഷവും ഈ പരിശീലനം ശൗലിനെ സ്വാധീനിച്ചോ?
ഗമാലിയേൽ ആരായിരുന്നു?
ഗമാലിയേൽ വിഖ്യാതനായ ഒരു പരീശനായിരുന്നു. പരീശ യഹൂദമതത്തിനുള്ളിലെ രണ്ടു മുഖ്യ ആശയഗതികളിലൊന്നിന് അടിത്തറപാകിയ ഹിലൽ മൂപ്പന്റെ പൗത്രനായിരുന്നു അവൻ. a ഹിലലിന്റെ സമീപനം അദ്ദേഹത്തിന്റെ എതിരാളിയായിരുന്ന ഷാമൈയുടേതിലും സഹ്യമായി കരുതപ്പെട്ടിരുന്നു. പൊ.യു. 70-ൽ യെരുശലേമിലെ ആലയത്തിന്റെ നാശത്തിനുശേഷം ബെറ്റ് ഷാമൈയെക്കാൾ (ഷാമൈ യുടെ കുടുംബം) ബെറ്റ് ഹിലലിനെയാണ് (ഹിലലിന്റെ കുടുംബം) ജനങ്ങൾ കൂടുതൽ ഇഷ്ടപ്പെട്ടത്. ആലയത്തിന്റെ നാശത്തോടെ മറ്റു മതവിഭാഗങ്ങളെല്ലാം അപ്രത്യക്ഷമായതിനാൽ ഹിലലിന്റെ കുടുംബം എന്നത് യഹൂദമതത്തിന്റെ ഔദ്യോഗിക സംജ്ഞയായി. ബെറ്റ് ഹിലലിന്റെ തീരുമാനങ്ങളാണു തൽമൂദിന്റെ അടിത്തറയായിത്തീർന്ന മിഷ്നയിലെ യഹൂദ നിയമങ്ങൾക്കു മിക്കപ്പോഴും ആധാരം. പ്രത്യക്ഷത്തിൽ ഗമാലിയേലിന്റെ സ്വാധീനമായിരുന്നു അതിന്റെ പ്രാധാന്യത്തിന്റെ മുഖ്യ ഘടകം.
റബി എന്നതിനേക്കാൾ ഉയർന്ന റബാൻ എന്ന സ്ഥാനപ്പേര് ആദ്യമായി അലങ്കരിക്കത്തക്കവണ്ണം ഗമാലിയേൽ വളരെ ആദരണീയനായിരുന്നു. വാസ്തവത്തിൽ, “റബാൻ ഗമാലിയേൽ മൂപ്പൻ മരിച്ചതോടെ തോറയുടെ മഹത്വം അപ്രത്യക്ഷമായി, നിർമലതയും വിശുദ്ധിയും [അക്ഷരീയമായി, “വേർപെടൽ”] നശിച്ചുപോയി” എന്നു മിഷ്ന പറയത്തക്കവണ്ണം അവൻ അത്യന്തം ആദരണീയ വ്യക്തിയായിത്തീർന്നു.—സൊതാഹ് 9:15.
ഗമാലിയേലിനാൽ പഠിപ്പിക്കപ്പെട്ടു—എങ്ങനെ?
താൻ ‘ഗമാലിയേലിന്റെ കാല്ക്കൽ ഇരുന്ന് അഭ്യസിച്ചവനാണെ’ന്നു പൗലോസ് അപ്പോസ്തലൻ യെരുശലേമിൽ കൂടിയിരുന്ന ജനസഞ്ചയത്തോടു പറഞ്ഞപ്പോൾ അവൻ എന്താണ് അർഥമാക്കിയത്? ഗമാലിയേലിനെപ്പോലുള്ള ഒരു ഉപദേഷ്ടാവിന്റെ ശിഷ്യനായിരിക്കുന്നതിൽ എന്താണ് ഉൾപ്പെട്ടിരുന്നത്?
അത്തരം പരിശീലനത്തെക്കുറിച്ച്, ജൂയിഷ് തിയളോജിക്കൽ സെമിനാരി ഓഫ് അമേരിക്കയുടെ പ്രൊഫസറായ ഡോവ് സ്ലോട്ട്നിക്ക് ഇങ്ങനെ എഴുതുന്നു: “അലിഖിത നിയമത്തിന്റെ കൃത്യത, തന്മൂലം അതിന്റെ വിശ്വാസയോഗ്യത, ഒട്ടുമുക്കാലും ഗുരു-ശിഷ്യ ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു: നിയമം പഠിപ്പിക്കുന്നതിൽ ഗുരു കാട്ടുന്ന ശ്രദ്ധയും അതു പഠിക്കുന്നതിലുള്ള ശിഷ്യന്റെ താത്പര്യവും. . . . അതുകൊണ്ട്, ശിഷ്യന്മാർ പണ്ഡിതന്മാരുടെ പാദങ്ങളിലിരുന്ന് . . . ‘അവരുടെ വാക്കുകൾ ദാഹത്തോടെ കുടിക്കുവാൻ’ ഉദ്ബോധിപ്പിക്കപ്പെട്ടിരുന്നു.”—അവൊട്ട് 1:4, ദ മിഷ്ന.
യേശുക്രിസ്തുവിന്റെ കാലത്തെ യഹൂദ ജനങ്ങളുടെ ചരിത്രം (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ, ഏമിൽ ഷ്യൂറർ ഒന്നാം നൂറ്റാണ്ടിലെ റബിമാരായിരുന്ന ഉപദേഷ്ടാക്കളുടെ രീതികളിൽ വെളിച്ചം വിതറുന്നു. അദ്ദേഹം ഇങ്ങനെ എഴുതുന്നു: “സുപ്രസിദ്ധരായിരുന്ന റബിമാർ മിക്കപ്പോഴും, പ്രബോധനം ആഗ്രഹിക്കുന്ന ഒട്ടനവധി ചെറുപ്പക്കാരെ തങ്ങൾക്കുചുറ്റും വിളിച്ചുകൂട്ടിയിരുന്നു. ശാഖോപശാഖകളായി പിരിഞ്ഞിരിക്കുന്ന, വിപുലമായ ‘അലിഖിത നിയമം’ പൂർണമായി ഗ്രഹിക്കാൻ അവരെ സഹായിക്കുകയായിരുന്നു ലക്ഷ്യം. . . . പ്രബോധനത്തിൽ, ഓർമശക്തിയുടെ അക്ഷീണമായ, തുടർച്ചയായ അഭ്യാസം ഉൾപ്പെട്ടിരുന്നു. . . . ഉപദേഷ്ടാവു വിദ്യാർഥിയുടെ മുമ്പാകെ, തീർപ്പുകൽപ്പിക്കുന്നതിനായി നിയമപരമായ ഒട്ടേറെ ചോദ്യങ്ങൾ നിരത്തുന്നു. എന്നിട്ട് അവരെക്കൊണ്ട് ഉത്തരം പറയിപ്പിക്കുന്നു അല്ലെങ്കിൽ അയാൾതന്നെ ഉത്തരം നൽകുന്നു. ഉപദേഷ്ടാക്കന്മാരോടു ചോദ്യം ചോദിക്കാനും വിദ്യാർഥികളെ അനുവദിച്ചിരുന്നു.”
റബിമാരുടെ വീക്ഷണത്തിൽ, വിദ്യാർഥികൾ വെറും ജയിക്കാനുള്ള മാർക്കു കിട്ടുന്നതിനെക്കാൾ ഉയർന്ന കടമ്പ കടക്കേണ്ടിയിരുന്നു. അത്തരം ഉപദേഷ്ടാക്കന്മാരുടെ കീഴിൽ പഠിച്ചുകൊണ്ടിരുന്നവർക്ക് ഈ മുന്നറിയിപ്പു നൽകപ്പെട്ടു: “പഠിച്ച കാര്യങ്ങളിൽ ഒരു സംഗതിയെങ്കിലും മറന്നു പോകുന്ന ഏതൊരുവനെ സംബന്ധിച്ചും—തിരുവെഴുത്തനുസരിച്ച്, അതൊരു ജീവന്മരണ സംഗതിയാണ്. (അവൊട്ട് 3:8) “തുള്ളി വെള്ളവും വറ്റാത്ത കിണറു”പോലുള്ള ഒരു വിദ്യാർഥിക്ക് അങ്ങേയറ്റം ബഹുമതി നൽകപ്പെട്ടിരുന്നു. (അവൊട്ട് 2:8) തർസൊസുകാരനായ ശൗൽ എന്ന എബ്രായ പേരിനാൽ അറിയപ്പെട്ടിരുന്ന പൗലോസിനു ഗമാലിയേലിൽനിന്ന് അത്തരം പരിശീലനമാണു ലഭിച്ചിരുന്നത്.
ഗമാലിയേലിന്റെ പഠിപ്പിക്കലുകളുടെ അർഥം
പരീശന്മാരുടെ പഠിപ്പിക്കലിനു ചേർച്ചയിൽ ഗമാലിയേൽ അലിഖിത നിയമങ്ങളിലുള്ള വിശ്വാസത്തെ ഉയർത്തിപ്പിടിച്ചു. അങ്ങനെ, അവൻ നിശ്വസ്ത തിരുവെഴുത്തിനെക്കാൾ റബിമാരുടെ പാരമ്പര്യങ്ങൾക്കു കൂടുതൽ ഊന്നൽ നൽകി. (മത്തായി 15:3-9) മിഷ്ന ഗമാലിയേലിനെ ഇങ്ങനെ ഉദ്ധരിക്കുന്നു: “ഒരു ഉപദേഷ്ടാവിനെ [ഒരു റബി] നിയമിക്കുക, നിങ്ങൾക്കു സംശയങ്ങൾ ഉണ്ടായിരിക്കുകയില്ല. കാരണം, ഊഹിച്ചു നിങ്ങൾ അധികം ദശാംശം കൊടുക്കരുത്.” (അവൊട്ട് 1:16) എന്തു ചെയ്യണമെന്ന് എബ്രായ തിരുവെഴുത്തുകൾ വ്യക്തമാക്കാഞ്ഞപ്പോൾ, തീരുമാനമെടുക്കുന്നതിന് ഒരു വ്യക്തി സ്വന്തം യുക്തിയെയോ മനസ്സാക്ഷിയെയോ ആശ്രയിക്കാൻ പാടില്ലായിരുന്നുവെന്ന് അത് അർഥമാക്കി. പകരം, തനിക്കുവേണ്ടി തീരുമാനമെടുക്കുന്ന യോഗ്യനായ ഒരു റബിയെ അവൻ കണ്ടെത്തേണ്ടിയിരുന്നു. ഗമാലിയേലിന്റെ അഭിപ്രായത്തിൽ, ഇങ്ങനെമാത്രമേ ഒരു വ്യക്തിക്കു പാപം ചെയ്യുന്നത് ഒഴിവാക്കാനാകുമായിരുന്നുള്ളൂ.—റോമർ 14:1-12 താരതമ്യം ചെയ്യുക.
എന്നിരുന്നാലും, മതപരമായ ന്യായത്തീർപ്പുകളിൽ ഗമാലിയേൽ പൊതുവേ, കൂടുതൽ സഹിഷ്ണുതയ്ക്കും വിശാലമനസ്ഥിതിക്കും ശ്രദ്ധേയനായിരുന്നു. ഉദാഹരണത്തിന്, “[ഭർത്താവിന്റെ മരണത്തിന്] ഏക സാക്ഷിയുടെ മൊഴിയനുസരിച്ച്, ഒരു സ്ത്രീയെ പുനർവിവാഹം ചെയ്യാൻ അനുവദി”ക്കുമെന്നു തീർപ്പുകൽപ്പിച്ചുകൊണ്ട് അദ്ദേഹം സ്ത്രീകളോടു പരിഗണന കാട്ടി. (യെവമൊട്ട് 16:7, ദ മിഷ്ന) അതിനുപുറമേ, വിവാഹമോചിതയെ സംരക്ഷിക്കുന്നതിന്, ഉപേക്ഷണപത്രം പുറത്തിറക്കുന്നതിനോടുള്ള ബന്ധത്തിൽ ഗമാലിയേൽ ഒട്ടേറെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
യേശുക്രിസ്തുവിന്റെ ആദിമ അനുഗാമികളോടുള്ള ഗമാലിയേലിന്റെ ഇടപെടലിലും ഈ വിശാലമനസ്ഥിതി ദർശിക്കാവുന്നതാണ്. പ്രസംഗവേലയോടുള്ള ബന്ധത്തിൽ അറസ്റ്റു ചെയ്യപ്പെട്ട യേശുവിന്റെ അപ്പോസ്തലന്മാരെ യഹൂദ മതനേതാക്കൾ കൊന്നുകളയാൻ ഭാവിച്ചപ്പോൾ, “സർവ്വജനത്തിന്നും ബഹുമാനമുള്ള ധർമ്മോപദേഷ്ടാവായ ഗമാലീയേൽ എന്നൊരു പരീശൻ ന്യായാധിപസംഘത്തിൽ എഴുന്നേറ്റു, അവരെ കുറേനേരം പുറത്താക്കുവാൻ കല്പിച്ചു. പിന്നെ അവൻ അവരോടു: യിസ്രായേൽ പുരുഷന്മാരേ, ഈ മനുഷ്യരുടെ കാര്യത്തിൽ നിങ്ങൾ എന്തു ചെയ്വാൻ പോകുന്നു എന്നു സൂക്ഷിച്ചുകൊൾവിൻ. . . . ഈ മനുഷ്യരെ വിട്ടു ഒഴിഞ്ഞുകൊൾവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു; . . . നിങ്ങൾ ദൈവത്തോടു പോരാടുന്നു എന്നു വരരുതല്ലോ എന്നു പറഞ്ഞു.” ഗമാലിയേലിന്റെ ഉപദേശം അനുസരിച്ച് അപ്പോസ്തലന്മാർ വിടുവിക്കപ്പെട്ടു.—പ്രവൃത്തികൾ 5:34-40.
അതു പൗലോസിന് എന്തർഥമാക്കി?
പൊ.യു. (പൊതുയുഗം) ഒന്നാം നൂറ്റാണ്ടിലെ ഏറ്റവും ശ്രേഷ്ഠരായ റബിമാരിൽ ഒരുവനാലാണു പൗലോസ് പരിശീലിപ്പിക്കപ്പെടുകയും പഠിപ്പിക്കപ്പെടുകയും ചെയ്തത്. ഗമാലിയേലിനെക്കുറിച്ചുള്ള അപ്പോസ്തലന്റെ പരാമർശം യെരുശലേമിൽ കൂടിയിരുന്ന ജനക്കൂട്ടം അവന്റെ പ്രസംഗത്തിനു പ്രത്യേകം ചെവിചായ്ക്കാൻ ഇടയാക്കിയെന്നതിൽ സംശയമില്ല. എന്നാൽ അവൻ, ഗമാലിയേലിനെക്കാൾ അത്യന്തം ഉയർന്നവനായ ഒരു ഉപദേഷ്ടാവിനെക്കുറിച്ച്—മിശിഹായായ യേശുവിനെക്കുറിച്ച്—അവരോടു സംസാരിച്ചു. പൗലോസ് ഇപ്പോൾ ജനസഞ്ചയത്തെ അഭിസംബോധനചെയ്തത് യേശുവിന്റെ ഒരു ശിഷ്യനായിട്ടാണ്, അല്ലാതെ ഗമാലിയേലിന്റെ ശിഷ്യനായിട്ടല്ല.—പ്രവൃത്തികൾ 22:4-21.
ഗമാലിയേലിന്റെ പരിശീലനം ഒരു ക്രിസ്ത്യാനി എന്ന നിലയിലുള്ള പൗലോസിന്റെ പഠിപ്പിക്കലിനെ സ്വാധീനിച്ചോ? സാധ്യതയനുസരിച്ച്, തിരുവെഴുത്തിലും യഹൂദ നിയമത്തിലും ലഭിച്ച കർശനമായ പ്രബോധനം ഒരു ക്രിസ്തീയ ഉപദേഷ്ടാവെന്ന നിലയിൽ പൗലോസിനു പ്രയോജനകരമെന്നു തെളിഞ്ഞു. എങ്കിലും, ബൈബിളിൽ കാണപ്പെടുന്ന പൗലോസിന്റെ ദിവ്യ നിശ്വസ്ത ലേഖനങ്ങൾ അവൻ ഗമാലിയേലിന്റെ പരീശ വിശ്വാസങ്ങളുടെ മൂലതത്ത്വങ്ങളെ നിരാകരിച്ചതായി സുവ്യക്തമാക്കുന്നു. യഹൂദമതത്തിലെ റബിമാരിലേക്കോ മനുഷ്യനിർമിത പാരമ്പര്യങ്ങളിലേക്കോ അല്ല, മറിച്ച് യേശുക്രിസ്തുവിലേക്കാണു പൗലോസ് തന്റെ സഹ യഹൂദന്മാരെയും മറ്റുള്ളവരേയും നയിച്ചത്.—റോമർ 10:1-4.
പൗലോസ്, ഗമാലിയേലിന്റെ ശിഷ്യനായി തുടർ
ന്നിരുന്നെങ്കിൽ അവൻ വളരെ വിലയും നിലയും ആസ്വദിക്കുമായിരുന്നു. ഗമാലിയേലിന്റെ കൂട്ടത്തിലുണ്ടായിരുന്ന മറ്റുള്ളവരാണു യഹൂദമതത്തിന്റെ ഭാവി കരുപ്പിടിപ്പിക്കാൻ സഹായിച്ചത്. ഉദാഹരണത്തിന്, ഗമാലിയേലിന്റെ പുത്രനും ഒരുപക്ഷേ പൗലോസിന്റെ സഹപാഠിയുമായിരുന്ന ശിമയോൻ യഹൂദർ റോമിനെതിരെ നടത്തിയ പ്രക്ഷോഭത്തിൽ മുഖ്യ പങ്കുവഹിച്ചിരുന്നു. ആലയത്തിന്റെ നാശത്തിനുശേഷം ഗമാലിയേലിന്റെ പൗത്രൻ ഗമാലിയേൽ II-ാമൻ സൻഹെദ്രിമിനെ യാവ്നെയിലേക്കു മാറ്റിക്കൊണ്ട് അതിന്റെ അധികാരം പുനഃസ്ഥാപിച്ചു. ഗമാലിയേൽ II-ാമന്റെ പൗത്രൻ ജൂഡാ ഹ-നസിയാണ്, ഇന്നുവരെയുള്ള യഹൂദ ചിന്താഗതിയുടെ അടിസ്ഥാനക്കല്ലായിത്തീർന്ന മിഷ്നയുടെ സമാഹർത്താവ്.ഗമാലിയേലിന്റെ വിദ്യാർഥി എന്ന നിലയിൽ തർസൊസുകാരനായ ശൗൽ യഹൂദമതത്തിൽ വിഖ്യാതനായിത്തീരുമായിരുന്നു. എന്നിട്ടും, അത്തരം ജീവിതവൃത്തിയെക്കുറിച്ചു പൗലോസ് ഇങ്ങനെ എഴുതി: “എനിക്കു ലാഭമായിരുന്നതു ഒക്കെയും ഞാൻ ക്രിസ്തുനിമിത്തം ചേതം എന്നു എണ്ണിയിരിക്കുന്നു. അത്രയുമല്ല, എന്റെ കർത്താവായ ക്രിസ്തുയേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ ശ്രേഷ്ഠതനിമിത്തം ഞാൻ ഇപ്പോഴും ചേതം എന്നു എണ്ണുന്നു. ഞാൻ ക്രിസ്തുവിനെ നേടേണ്ടതിന്നു . . . അവന്റെ നിമിത്തം എല്ലാം ഉപേക്ഷിച്ചു ചവറു എന്നു എണ്ണുന്നു.”—ഫിലിപ്പിയർ 3:7-9, 11.
ഒരു പരീശനെന്ന ജീവിതവൃത്തി പിന്നിലുപേക്ഷിക്കുകയും യേശുക്രിസ്തുവിന്റെ അനുഗാമിയായിത്തീരുകയും ചെയ്തുകൊണ്ട് പൗലോസ്, “ദൈവത്തോടു പോരാടുന്നു”വെന്നു വരാതിരിക്കാൻ സൂക്ഷിക്കണമെന്ന തന്റെ മുൻ അധ്യാപകന്റെ ഉപദേശം പ്രാവർത്തികമാക്കുകയായിരുന്നു. യേശുവിന്റെ ശിഷ്യന്മാർക്കെതിരെയുള്ള പീഡനം നിർത്തിവച്ചുകൊണ്ടു പൗലോസ് ദൈവത്തിനെതിരെ മത്സരിക്കുന്നതു നിർത്തി. പ്രത്യുത, ക്രിസ്തുവിന്റെ അനുഗാമിയായിക്കൊണ്ട് അവൻ “ദൈവത്തിന്റെ കൂട്ടുവേലക്കാ”രിൽ ഒരാളായിത്തീർന്നു.—1 കൊരിന്ത്യർ 3:9.
ശുഷ്കാന്തിയുള്ള യഹോവയുടെ സാക്ഷികൾ നമ്മുടെ നാളിൽ സത്യക്രിസ്ത്യാനിത്വത്തെക്കുറിച്ചുള്ള സന്ദേശം പ്രഘോഷിച്ചുകൊണ്ടിരിക്കുകയാണ്. പൗലോസിനെപ്പോലെ ഇവരിലനേകർ തങ്ങളുടെ ജീവിതത്തിൽ വിസ്മയാവഹമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. യഥാർഥത്തിൽ “ദൈവിക”മായ, രാജ്യപ്രസംഗ പ്രവർത്തനത്തിൽ കൂടുതലായ പങ്കുണ്ടായിരിക്കുന്നതിനു ചിലർ വളരെയേറെ നേട്ടങ്ങളുള്ള ജീവിതവൃത്തിപോലും ഉപേക്ഷിച്ചിരിക്കുന്നു. (പ്രവൃത്തികൾ 5:39) പൗലോസിന്റെ മുൻ അധ്യാപകനായിരുന്ന ഗമാലിയേലിന്റെയല്ല മറിച്ച്, പൗലോസിന്റെ ദൃഷ്ടാന്തം പിന്തുടർന്നിരിക്കുന്നതിൽ അവർ എത്ര സന്തുഷ്ടരാണ്!
[അടിക്കുറിപ്പ]
a ഗമാലിയേൽ ഹിലലിന്റെ പുത്രനായിരുന്നുവെന്നു ചില ഉറവിടങ്ങൾ പറയുന്നു. ഇക്കാര്യത്തിൽ തൽമൂദ് ഒന്നും സ്പഷ്ടീകരിക്കുന്നില്ല.
[28-ാം പേജിലെ ചിത്രം]
തർസൊസുകാരനായ ശൗൽ, അപ്പോസ്തലനായ പൗലോസ് എന്ന നിലയിൽ സകല ജനതകളിലുമുള്ള ആളുകളോടു സുവാർത്ത പ്രഘോഷിച്ചു