‘ഞങ്ങളെ പ്രാർത്ഥിപ്പാൻ പഠിപ്പിക്കേണമേ’
‘ഞങ്ങളെ പ്രാർത്ഥിപ്പാൻ പഠിപ്പിക്കേണമേ’
‘കർത്താവേ, ഞങ്ങളെ പ്രാർത്ഥിപ്പാൻ പഠിപ്പിക്കേണമേ.’ യേശുക്രിസ്തുവിന്റെ ശിഷ്യന്മാരിലൊരാളാണ് ആ അഭ്യർഥന നടത്തിയത്. (ലൂക്കൊസ് 11:1) പേരു വെളിപ്പെടുത്താത്ത ആ ശിഷ്യൻ, പ്രാർഥനയിൽ ആഴമായ വിലമതിപ്പുള്ള ഒരുവനായിരുന്നുവെന്നതു വ്യക്തമാണ്. സമാനമായി, സത്യാരാധകർ ഇന്ന് അതിന്റെ പ്രാധാന്യം തിരിച്ചറിയുന്നു. എന്താണേലും, അഖിലാണ്ഡത്തിലെ അത്യുന്നത വ്യക്തിയുമായി സംഭാഷണത്തിലേർപ്പെടുന്നതിനുള്ള മാധ്യമമാണല്ലോ പ്രാർഥന! ഒന്നോർത്തു നോക്കൂ! “പ്രാർത്ഥന കേൾക്കുന്നവ”ൻ നമ്മുടെ താത്പര്യങ്ങൾക്കും ഉത്കണ്ഠകൾക്കും വ്യക്തിപരമായ ശ്രദ്ധ നൽകുന്നു. (സങ്കീർത്തനം 65:2) അതിലും പ്രധാനമായി, പ്രാർഥനയിലൂടെ നാം ദൈവത്തിനു നന്ദിയും സ്തുതിയും കരേറ്റുന്നു.—ഫിലിപ്പിയർ 4:6.
എന്നിരുന്നാലും, ‘ഞങ്ങളെ പ്രാർത്ഥിപ്പാൻ പഠിപ്പിക്കേണമേ’ എന്ന വാക്കുകൾ ഗൗരവതരമായ ചില ചോദ്യങ്ങൾ ഉയർത്തുന്നു. ലോകവ്യാപകമായി വ്യത്യസ്ത മതങ്ങൾ ദൈവത്തെ സമീപിക്കുന്നതിന് അനേകം രീതികൾ ഉപയോഗിച്ചു വരുന്നു. എന്നാൽ പ്രാർഥിക്കുന്നതിൽ ശരിയായ രീതിയും തെറ്റായ രീതിയുമുണ്ടോ? അതിന് ഉത്തരമായി നമുക്ക് ആദ്യം, പ്രാർഥന ഉൾപ്പെടുന്ന ജനപ്രീതിയാർജിച്ച മതാചാരങ്ങളിൽ ചിലതു പരിശോധിക്കാം. ലാറ്റിൻ അമേരിക്കയിലെ ആചാരങ്ങളിൽ നാം ശ്രദ്ധ കേന്ദ്രീകരിക്കും.
പ്രതിമകളും “പാലക പുണ്യവാളന്മാ”രും
ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ പൊതുവേ ആഴമായ മതബോധമുള്ളവയാണ്. ഉദാഹരണത്തിന്, മെക്സിക്കോയിലുടനീളം “പാലക പുണ്യവാളന്മാ”രോടു പ്രാർഥിക്കുന്ന സമ്പ്രദായം ഒരുവനു നിരീക്ഷിക്കാൻ കഴിയും. വാസ്തവത്തിൽ, മെക്സിക്കൻ
പട്ടണങ്ങൾക്കു “പാലക പുണ്യവാളന്മാർ” ഉണ്ടായിരിക്കുന്നതു സാധാരണമാണ്, അവർക്കുവേണ്ടി നിശ്ചിത ദിവസങ്ങളിൽ ഉത്സവങ്ങൾ കൊണ്ടാടപ്പെടുകയും ചെയ്യുന്നു. മെക്സിക്കൻ കത്തോലിക്കർ വൈവിധ്യമാർന്ന പ്രതിമകളോടും പ്രാർഥിക്കുന്നു. എന്നിരുന്നാലും, ഏതു “പുണ്യവാള”നോടു യാചിക്കണമെന്നത് ആരാധകൻ നടത്താൻ ആഗ്രഹിക്കുന്ന അപേക്ഷയുടെ തരത്തെ ആശ്രയിച്ചിരിക്കും. ഒരുവൻ വിവാഹ പങ്കാളിയെ തേടുന്നപക്ഷം അയാൾ അന്തോണീസ് “പുണ്യവാള”ന് മെഴുകുതിരി കത്തിച്ചേക്കാം. മോട്ടോർ വണ്ടിയിൽ യാത്രപുറപ്പെടാനിരിക്കുന്ന ഒരുവൻ യാത്രക്കാരുടെ, പ്രത്യേകിച്ചും മോട്ടോർ വണ്ടി ഓടിക്കുന്നവരുടെ, പാലകനായ ക്രിസ്റ്റഫർ “പുണ്യവാള”ന്റെ സംരക്ഷണ കരങ്ങളിൽ സ്വയം അർപ്പിച്ചേക്കാം.എന്നാൽ, അത്തരം ആചാരങ്ങൾ ഉരുത്തിരിഞ്ഞത് എവിടെയാണ്? സ്പെയിൻകാർ മെക്സിക്കോയിൽ എത്തിയപ്പോൾ, പുറജാതി ദൈവങ്ങൾക്കു സമർപ്പിക്കപ്പെട്ടിരുന്ന ഒരു ജനതതിയെയാണ് അവർ കണ്ടത്തിയതെന്നു ചരിത്രം വെളിപ്പെടുത്തുന്നു. ലോസ് ആസ്റ്റെക്കാസ് ഹോംബ്ര ഇ ട്രീബൂ (ആസ്റ്റെക്കുകാർ, മനുഷ്യനും ഗോത്രവും) എന്ന തന്റെ ഗ്രന്ഥത്തിൽ വിക്ടൊർ വൊൾഫ്ഗാൻ വൊൻ ഹേഗെൻ ഇങ്ങനെ പറയുന്നു: “അവിടെ വ്യക്തിപരമായ ദൈവങ്ങൾ ഉണ്ടായിരുന്നു, ഓരോ ചെടിക്കും അതിന്റേതായ ദൈവമുണ്ടായിരുന്നു, ഓരോ നടപടിക്കും അതിന്റേതായ ദേവനോ ദേവിയോ ഉണ്ടായിരുന്നു, ആത്മഹത്യയ്ക്കുപോലും ദൈവമുണ്ടായിരുന്നു. ബിസിനസുകാരുടെ ദേവനായിരുന്നു യാക്കാട്ടെകൂട്ട്ളി. ആ ബഹുദൈവ ലോകത്തിൽ, സകല ദൈവങ്ങൾക്കും വ്യക്തമായി നിർവചിക്കപ്പെട്ട ചായ്വുകളും ധർമങ്ങളും ഉണ്ടായിരുന്നു.”
ആ ദൈവങ്ങളും കത്തോലിക്കാ “പുണ്യവാളന്മാ”രും തമ്മിൽ ശ്രദ്ധേയമായ സാദൃശ്യമുണ്ടായിരുന്നതിനാൽ സ്പാനിഷ് വിജയേതാക്കൾ തദ്ദേശവാസികളെ “ക്രിസ്ത്യാനികളാക്കാൻ” മുതിർന്നപ്പോൾ അവർ തങ്ങളുടെ വിഗ്രഹങ്ങളിൽനിന്നു സഭയുടെ “പുണ്യവാളന്മാ”രിലേക്കു കൂറുമാറുക മാത്രമാണു ചെയ്തത്. മെക്സിക്കോയുടെ ചില ഭാഗങ്ങളിൽ ആചരിച്ചുവരുന്ന കത്തോലിക്കാ മതത്തിന്റെ പുറജാതീയ ഉത്ഭവത്തെ ദ വാൾ സ്ട്രീറ്റ് ജേർണലിലെ ഒരു ലേഖനം അംഗീകരിക്കുകയുണ്ടായി. ഒരു പ്രദേശത്തു ജനസമൂഹം ആരാധിച്ചുവരുന്ന 64 “പുണ്യവാളന്മാ”രിൽ അധികവും “നിശ്ചിത മായൻ ദൈവങ്ങ”ളോടു സാദൃശ്യമുള്ളതാണെന്ന് അത് അഭിപ്രായപ്പെട്ടു.
“പുണ്യവാളനും അവനോടു പ്രാർഥിക്കുന്നവരും തമ്മിൽ ആപ്ത സ്നേഹത്തിന്റെ ഒരു ബന്ധം സ്ഥാപിതമായിരിക്കുന്നു, . . . ക്രിസ്തുവിനോടും ദൈവത്തോടുമുള്ള ബന്ധത്തെ ലഘൂകരിക്കുന്നതിനുപകരം അതിനെ സമ്പുഷ്ടമാക്കുകയും അഗാധമാക്കുകയും ചെയ്യുന്ന ഒരു ബന്ധം തന്നെ” എന്നു ന്യൂ കാത്തലിക് എൻസൈക്ലോപീഡിയ വാദിക്കുന്നു. എന്നാൽ, വ്യക്തമായും പുറജാതീയത്വത്തിന്റെ അവശിഷ്ടമായ ഒരു ബന്ധത്തിനു ദൈവവുമായുള്ള ഒരുവന്റെ ബന്ധത്തെ അഗാധമാക്കാൻ എങ്ങനെ സാധിക്കും? അത്തരം “പുണ്യവാളന്മാർ”ക്ക് അർപ്പിക്കുന്ന പ്രാർഥനകൾ വാസ്തവത്തിൽ ദൈവത്തെ പ്രീതിപ്പെടുത്തുമോ?
കൊന്തയുടെ ഉത്ഭവം
കൊന്തയുടെ ഉപയോഗമാണു ജനപ്രീതിയാർജിച്ച മറ്റൊരു ആചാരം. “അമ്പതോ നൂറ്റമ്പതോ ജപമണികളുള്ളതും ഇടയ്ക്കു വലിയ ജപമണികളിട്ടു പതുപ്പത്തായി തിരിച്ചിരിക്കുന്നതും മൂന്നു ജപമണികൾക്കു ശേഷം ക്രൂശിതരൂപത്തോട് അറ്റങ്ങൾ ബന്ധിപ്പിച്ചിരിക്കുന്നതുമായ ഒരു മാല” ആയി ഡിക്സ്യോനാറിയോ എൻസീക്ലോപീഡികോ ഹിസ്പോനോ-അമേരിക്കാനോ (ഹിസ്പാനിക്-അമേരിക്കൻ എൻസൈക്ലോപീഡിക് ഡിക്ഷ്നറി) കൊന്തയെ വർണിക്കുന്നു.
കൊന്തയുടെ ഉപയോഗം സംബന്ധിച്ച്, ഒരു കത്തോലിക്കാ പ്രസിദ്ധീകരണം ഇങ്ങനെ പറയുന്നു: “വിശുദ്ധ കൊന്ത, നമ്മുടെ വീണ്ടെടുപ്പിന്റെ ദിവ്യസാരങ്ങൾ സംബന്ധിച്ച വാചികവും മാനസികവുമായ ഒരു പ്രാർഥനാ രൂപമാണ്. അതു പതിനഞ്ചു തവണ പതുപ്പത്തായി തിരിച്ചിരിക്കുന്നു. ഓരോ പത്തിലും ഒരു കർതൃപ്രാർഥനയും പത്തു നന്മനിറഞ്ഞ മറിയവും ഒരു ഗ്ലോറിയാ പാറ്റ്രിയും ചൊല്ലുന്നത് ഉൾപ്പെട്ടിരിക്കുന്നു. പതുപ്പത്തായി തിരിച്ചിരിക്കുന്ന ജപമണികളിൽ ഓരോന്നും ഉരുട്ടുമ്പോൾ ഒരു ദിവ്യസാരത്തെക്കുറിച്ചു ധ്യാനിക്കുന്നു.” ദിവ്യസാരങ്ങൾ എന്നതു കത്തോലിക്കർ അറിഞ്ഞിരിക്കേണ്ട സിദ്ധാന്തങ്ങളോ ഉപദേശങ്ങളോ ആണ്. ഇക്കാര്യത്തിൽ, ക്രിസ്തുയേശുവിന്റെ ജീവിതം, യാതന, മരണം എന്നീ സംഭവവുമായി ബന്ധപ്പെട്ടിരിക്കുന്ന സംഗതികൾ.
“കൊന്ത ഉപയോഗിച്ചുള്ള ആദിമ പ്രാർഥനാരീതികൾ ക്രിസ്ത്യാനിത്വത്തിൽ ആരംഭിച്ചതു മധ്യ യുഗങ്ങളിലാണ്. എന്നാൽ, 1400-കളിലും 1500-കളിലും മാത്രമാണ് അതു വ്യാപകമായത്” എന്ന് ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ പറയുന്നു. കൊന്തയുടെ ഉപയോഗം കത്തോലിക്കാമതത്തിൽ മാത്രമേയുള്ളോ? അല്ല. ഡിക്സ്യോനാറിയോ എൻസീക്ലോപീഡികോ ഹിസ്പോനോ-അമേരിക്കാനോ ഇങ്ങനെ പ്രസ്താവിക്കുന്നു: “സമാനമായ ജപമണികൾ ഇസ്ലാമുകളുടെയും ലാമമതക്കാരുടെയും ബുദ്ധമതക്കാരുടെയും ആരാധനകളിൽ ഉപയോഗിച്ചുവരുന്നു.” വാസ്തവത്തിൽ, എൻസൈക്ലോപീഡിയ ഓഫ് റിലിജൻ ആൻഡ് റിലിജൻസ് ഇങ്ങനെ പ്രസ്താവിക്കുന്നു: “മുഹമ്മദീയർ ബുദ്ധമതക്കാരിൽനിന്നും ക്രിസ്ത്യാനികൾ കുരിശുയുദ്ധക്കാലത്തു മുഹമ്മദീയരിൽനിന്നും കൊന്ത സ്വീകരിച്ചതായി പറയപ്പെടുന്നു.”
നിരവധി പ്രാർഥനകൾ ആവർത്തിച്ച് ഉരുവിടേണ്ടതുള്ളപ്പോൾ ഓർമയ്ക്കുള്ള ഒരു സഹായമായി മാത്രം കൊന്ത ഉപകരിക്കുന്നുവെന്നാണു ചിലരുടെ വാദം. എന്നാൽ, അതിന്റെ ഉപയോഗത്തിൽ ദൈവം പ്രസാദിക്കുന്നുവോ?
അത്തരം ആചാരങ്ങളുടെ ഔചിത്യമോ സാധുതയോ സംബന്ധിച്ചു നാം ഊഹാപോഹം നടത്തേണ്ടതിന്റെയോ തർക്കിക്കേണ്ടതിന്റെയോ ആവശ്യമില്ല. എങ്ങനെ പ്രാർഥിക്കണമെന്നു പഠിപ്പിക്കാനുള്ള തന്റെ അനുഗാമികളുടെ അപേക്ഷയ്ക്ക് യേശു ആധികാരികമായ മറുപടി നൽകി. അവൻ പറഞ്ഞതു ചില വായനക്കാരെ പ്രബുദ്ധരാക്കുകയും ഒരുപക്ഷേ ആശ്ചര്യപ്പെടുത്തുകയും ചെയ്യും.
[3-ാം പേജിലെ ചിത്രം]
കത്തോലിക്കർ പൊതുവേ കൊന്തകൾ ഉപയോഗിക്കുന്നു. അവയുടെ ഉത്ഭവമെന്താണ്?