തൊഴിൽ വിരാമം—ദിവ്യാധിപത്യ പ്രവർത്തനത്തിലേക്കുള്ള തുറന്ന കവാടമോ?
തൊഴിൽ വിരാമം—ദിവ്യാധിപത്യ പ്രവർത്തനത്തിലേക്കുള്ള തുറന്ന കവാടമോ?
തൊഴിൽ വിരാമം. അത് അനേകരെയും സംബന്ധിച്ചിടത്തോളം ദീർഘകാല സമ്മർദത്തിന്റെയും അസ്വാരസ്യത്തിന്റെയും അവസാനമാണ്. മുഷിപ്പിക്കുന്നതോ വെറിപിടിപ്പിക്കുന്നതോ ആയ ദിനചര്യകളിൽ തളയ്ക്കപ്പെട്ടതിനുശേഷം വിശ്രമത്തിന്റെയും വ്യക്തിപരമായ സ്വാതന്ത്ര്യത്തിന്റെയും വർഷങ്ങളിലേക്കു കവാടം തുറക്കുന്നതിന് തൊഴിൽ വിരാമത്തിനായി അനേകരും നോക്കിപ്പാർത്തിരിക്കുന്നു. എന്നാൽ, ഒട്ടുമിക്കപ്പോഴും ആ കവാടം വിരസതയിലേക്കും ഉന്മേഷക്കുറവിലേക്കും നയിക്കുന്നു. വിനോദങ്ങളും ഹോബികളും തൊഴിൽ ചെയ്യുമ്പോഴുണ്ടായിരുന്നത്ര ആത്മാഭിമാനം കൈവരുത്തുന്നില്ല.
യഹോവയുടെ സാക്ഷികളെ സംബന്ധിച്ചിടത്തോളം തൊഴിൽ വിരാമത്തിന് “പ്രവർത്തനത്തിലേക്കു നയിക്കുന്ന ഒരു വലിയ കവാടം” തുറക്കാൻ കഴിയും. (1 കൊരിന്ത്യർ 16:9, NW) പ്രായാധിക്യത്തിന് അതിന്റേതായ പ്രശ്നങ്ങളും പരിമിതികളും ഉണ്ടെന്നു വരികിലും, യഹോവയുടെ സഹായത്തോടെ അവന്റെ സേവനത്തിൽ തങ്ങൾക്കു കൂടുതൽ ചെയ്യാൻ കഴിയുമെന്നു പ്രായംചെന്ന ചിലർ കണ്ടെത്തിയിട്ടുണ്ട്. നെതർലൻഡ്സിലുള്ള പ്രായംചെന്ന ചില ക്രിസ്ത്യാനികളുടെ അനുഭവങ്ങൾ പരിചിന്തിക്കുക. 1995-ലെ സേവന വർഷത്തിൽ 1,223-ലധികം വരുന്ന പയനിയർമാരിൽ (മുഴുസമയ രാജ്യപ്രഘോഷകർ) 269 പേർ 50-ഓ അതിലധികമോ വയസ്സുള്ളവരായിരുന്നു. ഇവരിൽ 81 പേർ 65-ഓ അതിലധികമോ വയസ്സുള്ളവരും.
ലൗകിക ജോലിയിലായിരുന്നപ്പോൾ സ്ഥാപിച്ചിരുന്ന തിരക്കേറിയ ഗതിവിഗതികൾ തുടരുന്നതിനാൽ പയനിയറിങ് ചെയ്യാൻ ചിലർക്കു കഴിയുന്നു. (ഫിലിപ്പിയർ 3:16 താരതമ്യം ചെയ്യുക.) തൊഴിലിൽനിന്നു വിരമിച്ച കാറെൽ എന്നു പേരുള്ള ഒരു ക്രിസ്ത്യാനി അനുസ്മരിക്കുന്നു: “ലൗകിക ജോലി ചെയ്തുകൊണ്ടിരുന്നപ്പോൾ രാവിലെ 7:30-നു ഞാൻ ജോലി തുടങ്ങുമായിരുന്നു. തൊഴിൽവിരാമ വേതനം ലഭിക്കാൻ തുടങ്ങിയപ്പോൾ അതേ ദിനചര്യ പിൻപറ്റാൻ ഞാൻ തീരുമാനിച്ചു. എന്നും രാവിലെ ഏഴു മണിക്ക്, റെയിൽറോഡ് സ്റ്റേഷനു മുന്നിൽ മാസികാ തെരുവുസാക്ഷീകരണത്തിൽ ഏർപ്പെട്ടുകൊണ്ടു ഞാൻ ദിവസത്തിനു തുടക്കം കുറിക്കും.”
ശ്രദ്ധാപൂർവകമായ ആസൂത്രണവും വിജയത്തിനുള്ള താക്കോലാണ്. (സദൃശവാക്യങ്ങൾ 21:5) ഉദാഹരണത്തിന്, ശുശ്രൂഷയിൽ തങ്ങളെ പിന്തുണയ്ക്കാൻ ആവശ്യമായ തുക മാറ്റിവയ്ക്കാൻ ചിലർക്കു കഴിഞ്ഞിട്ടുണ്ട്. മറ്റു ചിലർ വ്യക്തിപരമായ ചിലവുകൾ വെട്ടിച്ചുരുക്കാനും അംശകാല ജോലിയിൽ ഏർപ്പെടാനും നിശ്ചയിച്ചിരിക്കുന്നു. തെയോഡൊറിന്റെയും ആനിന്റെയും കാര്യം പരിചിന്തിക്കുക. പയനിയർമാർ എന്ന നിലയിലാണ് അവർ വിവാഹ ജീവിതത്തിനു തുടക്കമിട്ടത്. കുടുംബ ബാധ്യതകൾ നിമിത്തം പയനിയറിങ് നിർത്താൻ നിർബന്ധിതരാകുന്നതുവരെ അവർ അതിൽ തുടർന്നു. എന്നാൽ അവരുടെ പയനിയർ ആത്മാവിനു വാട്ടം തട്ടിയില്ല! പുത്രിമാർ വളരവേ പയനിയറിങ് ചെയ്യുന്നതിന് അവരെ അവർ നിരന്തരം പ്രോത്സാഹിപ്പിച്ചു. ഏറെ പ്രധാനമായി, മിക്കപ്പോഴും സഹായ പയനിയറിങ് ചെയ്തുകൊണ്ടു തെയോഡൊറും ആനും നല്ല മാതൃകവെച്ചു. പുത്രിമാർ വളർന്നതോടെ, വയൽസേവനത്തിൽ കൂടുതൽ സമയം ചെലവിടാൻ തക്കവണ്ണം തെയോഡൊറും ആനും ലൗകിക ജോലിയിലേർപ്പെടുന്ന സമയം വെട്ടിക്കുറയ്ക്കാൻ തുടങ്ങി.
അവരുടെ പുത്രിമാർ മുഴുസമയ ശുശ്രൂഷയിൽ പ്രവേശിക്കുകയും വീടുവിട്ടു പോകുകയും ചെയ്തശേഷം ആൻ പയനിയറിങ് തുടങ്ങി. ജോലി ഉപേക്ഷിക്കാൻ തെയോഡൊറിനെ അവർ ഒരു ദിവസം പ്രോത്സാഹിപ്പിച്ചു. “നമുക്കു രണ്ടാൾക്കും പയനിയറിങ് ചെയ്യാമല്ലോ,” അവർ നിർദേശിച്ചു. തന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ചു തെയോഡൊർ തൊഴിലുടമയെ അറിയിച്ചു. തെയോഡൊറിനെ ആശ്ചര്യപ്പെടുത്തുമാറ് അദ്ദേഹത്തിന്റെ ‘ബോസ്,’ “താങ്കൾ മുകളിലുള്ള [സ്വർഗത്തിലുള്ള] താങ്കളുടെ ‘ബോസി’നുവേണ്ടി മുഴുസമയം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നു ഞാൻ കരുതുന്നു” എന്നു പറഞ്ഞുകൊണ്ട് അംശകാല ജോലി വാഗ്ദാനം ചെയ്ത് സഹായഹസ്തം നീട്ടി. തെയോഡൊറും ആനും ഇപ്പോൾ ഒരുമിച്ചു പയനിയറിങ് ആസ്വദിക്കുന്നു.
തങ്ങളുടെ ജീവിതത്തിൽ ഉടലെടുത്ത സാഹചര്യങ്ങൾ നിമിത്തം ചിലർ പയനിയറിങ് തുടങ്ങിയിരിക്കുന്നു. തങ്ങളുടെ മകളുടെയും പേരക്കിടാവിന്റെയും ദാരുണമായ മരണം പ്രായംചെന്ന ഒരു ദമ്പതികൾ തങ്ങളുടെ ശേഷിച്ച വർഷങ്ങൾ ചെലവിടുന്ന വിധം സംബന്ധിച്ചു ഗൗരവമായി ചിന്തിക്കാൻ പ്രേരിപ്പിച്ചു. (സഭാപ്രസംഗി 7:2) ദുഃഖത്തിൽ ആണ്ടുപോകുന്നതിനു പകരം അവർ മുഴുസമയ സേവനത്തിലേർപ്പെട്ടു. എട്ടു വർഷത്തിലേറെയായി അവർ അതിപ്പോൾ ആസ്വദിച്ചുവരുന്നു!
മുഴുസമയ ശുശ്രൂഷയിൽ തുടരുന്നതിനു യഥാർഥത്തിൽ ദൃഢനിശ്ചയം ആവശ്യമാണെന്നു സമ്മതിക്കുന്നു. ഉദാഹരണത്തിന്, ഏൺസ്റ്റും ഭാര്യ റിക്കും കുട്ടികൾ വീടുവിട്ട ഉടനെ പയനിയറിങ് ചെയ്യാൻ തുടങ്ങി. അതിനുശേഷം ഉടൻതന്നെ ഒരു മുൻ ബിസിനസ് പങ്കാളി ഏൺസ്റ്റിന് വളരെ ആദായകരമായ ഒരു ജോലി വാഗ്ദാനം ചെയ്
തു. ഏൺസ്റ്റ് ഇങ്ങനെ മറുപടി പറഞ്ഞു: “ഏറ്റവും നല്ല തൊഴിലുടമയാണു ഞങ്ങളുടേത്. അവനെ വിട്ടുപോരാൻ ഞങ്ങൾ ഒരുക്കമല്ല!” ഏൺസ്റ്റും ഭാര്യയും യഹോവയുടെ “തൊഴിലിൽ” നിലനിന്നതു നിമിത്തം, മറ്റു സേവന പദവികൾ അവർക്കുവേണ്ടി തുറക്കപ്പെടുകയുണ്ടായി. അവർ 20 വർഷത്തിലധികം സർക്കിട്ട് വേലയിൽ സേവിക്കുകയും ഇന്നോളം പയനിയർമാരായി തുടരുകയും ചെയ്തിരിക്കുന്നു. തങ്ങളുടെ ആത്മത്യാഗപരമായ ഗതിയിൽ അവർക്കു ഖേദമുണ്ടോ? കുറച്ചുനാൾ മുമ്പ് ആ ദമ്പതികൾ എഴുതി: “യഹോവയുടെ ഹിതമെങ്കിൽ, മൂന്നു മാസത്തിനകം ഞങ്ങളുടെ വിവാഹത്തിന്റെ 50-ാം വർഷം, മിക്കപ്പോഴും സുവർണ വിവാഹവാർഷികമെന്നു വിളിക്കപ്പെടുന്നത് ആഘോഷിക്കാൻ ഞങ്ങൾ പ്രതീക്ഷിക്കുന്നു. എന്നാൽ ഞങ്ങളുടെ യഥാർഥ സുവർണ വർഷങ്ങൾ ആരംഭിച്ചതു പയനിയറിങ് തുടങ്ങിയപ്പോഴാണെന്നു പൂർണ ബോധ്യത്തോടെ ഞങ്ങൾ പറയുന്നു.”വർധിച്ച പ്രവർത്തനത്തിലേക്കു നയിക്കുന്ന കവാടം വർധിച്ച സന്തോഷത്തിലേക്കും നയിക്കുന്നതായി അനേകർ കണ്ടെത്തുന്നു! 65 വയസ്സെത്തി രണ്ടാഴ്ച കഴിഞ്ഞു പയനിയറിങ് തുടങ്ങിയ ഒരു സഹോദരൻ പറയുന്നു: “കഴിഞ്ഞ പത്തു വർഷത്തെ പയനിയറിങ്ങിന്റെ നാളുകളിലേപ്പോലെ അനുഗ്രഹ സമ്പന്നമായ കാലഘട്ടം ഞാൻ ഒരിക്കലും അനുഭവിച്ചിട്ടില്ലെന്നു കണിശമായും പറഞ്ഞേ മതിയാകൂ.” ഏഴു വർഷത്തിലധികമായി പയനിയറിങ് ചെയ്യുന്ന ഒരു വിവാഹിത ദമ്പതികൾ പറയുന്നു: “ഞങ്ങളുടെ പ്രായത്തിലും ചുറ്റുപാടിലുമുള്ള ദമ്പതികൾ വേറെ എന്താണു ചെയ്യേണ്ടത്? ഞങ്ങളുടെ തരക്കാരെ—വെറുതെ തടിവെച്ച്, പ്രായംചെന്ന്, വഴങ്ങാത്ത ശരീരവുമായി വീട്ടിൽ സ്വൈര്യമായി കഴിയുന്നവരെ—മിക്കപ്പോഴും ഞങ്ങൾ പ്രദേശത്തു കാണാറുണ്ട്. ഈ സേവനം ഞങ്ങളെ മാനസികവും ശാരീരികവുമായി ആരോഗ്യമുള്ളവരായി നിലനിർത്തുന്നു. ഞങ്ങൾ എല്ലായ്പോഴും ഒരുമിച്ചാണ്. ഞങ്ങൾ ഒത്തിരി ചിരിക്കാറുണ്ട്, ജീവിതം ആസ്വദിക്കുകയും ചെയ്യുന്നു.”
തീർച്ചയായും, പ്രായംചെന്ന സകലർക്കും പയനിയറിങ് ചെയ്യാൻ അനുവദിക്കുന്ന സാഹചര്യങ്ങളല്ല ഉള്ളത്. യഹോവയുടെ സേവനത്തിൻ തങ്ങൾക്ക് എന്തുതന്നെ ചെയ്യാൻ കഴിഞ്ഞാലും അവൻ അതു വിലമതിക്കുന്നുവെന്ന് ആ ക്രിസ്ത്യാനികൾക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. (മർക്കൊസ് 12:41-44 താരതമ്യം ചെയ്യുക.) ഉദാഹരണത്തിന്, അശക്തയായ ഒരു സഹോദരി ആതുരാലയത്തിലാണു കഴിയുന്നത്. എന്നിരുന്നാലും, അപ്പോഴും ഒരു പ്രവർത്തന കവാടം അവർക്കു മുന്നിൽ തുറന്നു കിടക്കുന്നു! അവർക്കെങ്ങനെ സമയം ചെലവഴിക്കാൻ സാധിക്കുന്നുവെന്ന് ഒരു ഡോക്ടർ അവരോടു ചോദിച്ചു. അവർ വിവരിക്കുന്നു: “എനിക്കു സമയം തികയാറേയില്ലെന്നു ഞാൻ അദ്ദേഹത്തോടു പറഞ്ഞു. അദ്ദേഹത്തിനതു മനസ്സിലാക്കാൻ കഴിഞ്ഞില്ല. എന്റെ ദിവസങ്ങൾ സംതൃപ്തികരമായ പ്രവർത്തനങ്ങളാൽ നിറഞ്ഞിരിക്കുന്നതാണ് അതിനു കാരണമെന്നു ഞാൻ അദ്ദേഹത്തോടു പറഞ്ഞു. ഞാൻ ഏകാകിനിയല്ല. മറിച്ച്, ഏകാന്തർ ആയിരിക്കുന്നവരെ അന്വേഷിച്ച്, മനുഷ്യവർഗത്തിനുവേണ്ടി ദൈവം കരുതിയിരിക്കുന്നത് എന്താണെന്ന് അവരോടു പറയാൻ ഞാൻ ശ്രമിക്കുന്നു.” അവർ കാര്യങ്ങളെ ഇങ്ങനെ ക്രോഡീകരിക്കുന്നു: “80 വയസ്സോളമെത്തിയ ഒരാളിൽനിന്ന് അധികമൊന്നും ആർക്കും പ്രതീക്ഷിക്കാനാവില്ല. ഇനിയും അനേകരെ യഹോവയിലേക്കു നയിക്കാൻ കഴിയേണ്ടതിന് എനിക്കുവേണ്ടി പ്രാർഥിക്കൂ.”
നിങ്ങൾക്കു തൊഴിൽ വിരാമത്തിനു പ്രായമായോ? വിശ്രാന്തിയിലേക്കുള്ള കവാടം വളരെയധികം പ്രലോഭനീയമായിരുന്നേക്കാം. എന്നാൽ അത് ആത്മീയ അനുഗ്രഹത്തിലേക്കുള്ള കവാടമല്ല. നിങ്ങളുടെ സാഹചര്യങ്ങളെക്കുറിച്ചു പ്രാർഥനാപൂർവം ചിന്തിക്കുക. യഹോവയുടെ സേവനത്തിൽ വർധിച്ച പ്രവർത്തനത്തിലേക്കു നയിക്കുന്ന കവാടത്തിലൂടെ നിങ്ങൾക്കു കടന്നുപോകാൻ കഴിഞ്ഞെന്നു വരാം.
[25-ാം പേജിലെ ചിത്രങ്ങൾ]
ശുശ്രൂഷയിലെ വർധിച്ച പ്രവർത്തനത്തിലേക്കു നയിക്കാൻ തൊഴിൽ വിരാമത്തിനു കഴിയും