നാം ദൈവത്തോട് എങ്ങനെ പ്രാർഥിക്കണം?
നാം ദൈവത്തോട് എങ്ങനെ പ്രാർഥിക്കണം?
പ്രാർഥന സംബന്ധിച്ച് യേശുവിന്റെ ഒരു ശിഷ്യൻ നിർദേശം തേടിയപ്പോൾ, അതു നൽകാൻ യേശു വിസമ്മതിച്ചില്ല. ലൂക്കാ 11:2-4 പറയുന്നപ്രകാരം, അവൻ ഇങ്ങനെ മറുപടി നൽകി: “നിങ്ങൾ ഇങ്ങനെ പ്രാർത്ഥിക്കുവിൻ. പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ; അന്നന്നുവേണ്ട ആഹാരം ഓരോ ദിവസവും ഞങ്ങൾക്കു നല്കണമേ. ഞങ്ങളുടെ പാപങ്ങൾ ഞങ്ങളോടു ക്ഷമിക്കണമേ, എന്തെന്നാൽ ഞങ്ങളുടെ കടക്കാരോടു ഞങ്ങളും ക്ഷമിക്കുന്നു. ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ.” (പി.ഒ.സി. ബൈബിൾ) കർത്താവിന്റെ പ്രാർഥന എന്നാണ് അതു പൊതുവേ അറിയപ്പെടുന്നത്. അതു വളരെയധികം വിവരങ്ങൾ പ്രദാനം ചെയ്യുന്നുണ്ട്.
ഒന്നാമതായി, പ്രാർഥനകൾ ആരെ അഭിസംബോധന ചെയ്തുകൊണ്ടുള്ളതായിരിക്കണമെന്നു പ്രാരംഭ വാക്കു നമ്മോടു പറയുന്നു—നമ്മുടെ പിതാവിനെ. വേറെ ആരോടെങ്കിലുമോ പ്രതിമയോടോ “പുണ്യവാളന്മാ”രോടോ തന്നോടുപോലുമോ പ്രാർഥിക്കുന്നതിന് യേശു ഒരുവിധത്തിലും അനുവാദം നൽകിയില്ലെന്നതു ശ്രദ്ധിക്കുക. എന്തിന്, ദൈവംതന്നെയും ഇങ്ങനെ പ്രഖ്യാപിച്ചിരുന്നു: “എന്റെ മഹത്ത്വം ഞാൻ മറ്റാർക്കും നല്കുകയില്ല; എന്റെ സ്തുതി കൊത്തുവിഗ്രഹങ്ങൾക്കു കൊടുക്കുകയുമില്ല.” (ഏശയ്യാ 42:8, പി.ഒ.സി. ബൈ.) തന്മൂലം, നമ്മുടെ സ്വർഗീയ പിതാവിനോടല്ലാതെ വേറെ എന്തിനോടെങ്കിലുമോ ആരോടെങ്കിലുമോ പ്രാർഥിക്കുന്നത് ആരാധകൻ എത്രതന്നെ ആത്മാർഥതയുള്ളവനായിരുന്നാലും അവൻ കേൾക്കുകയില്ല. ബൈബിളിൽ യഹോവയാം ദൈവം മാത്രമേ “പ്രാർത്ഥന കേൾക്കുന്നവ”ൻ എന്നു വിളിക്കപ്പെടുന്നുള്ളൂ.—സങ്കീർത്തനം 65:2.
“പുണ്യവാളന്മാർ” ദൈവമുമ്പാകെ മധ്യസ്ഥരായി വർത്തിക്കുക മാത്രമാണു ചെയ്യുന്നതെന്നു ചിലർ പറഞ്ഞേക്കാം. എന്നാൽ യേശുതന്നെയും ഇപ്രകാരം പഠിപ്പിച്ചു: “ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല. നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കുന്നതു ഒക്കെയും പിതാവു പുത്രനിൽ മഹത്വപ്പെടേണ്ടതിന്നു ഞാൻ ചെയ്തുതരും.” (യോഹന്നാൻ 14:6, 13) അങ്ങനെ, പുണ്യവാളനെന്നു വിളിക്കപ്പെടുന്ന ആർക്കെങ്കിലും മധ്യസ്ഥന്റെ സ്ഥാനത്തു വർത്തിക്കാൻ കഴിയുമെന്ന ആശയത്തെ യേശു നിരാകരിച്ചു. ക്രിസ്തുവിനെക്കുറിച്ചു പൗലോസ് അപ്പോസ്തലൻ പറഞ്ഞതെന്താണെന്നും ശ്രദ്ധിക്കുക: “അവൻ നമുക്കുവേണ്ടി മരിക്കുക മാത്രമല്ല—അവൻ മരിച്ചവരിൽനിന്ന് ഉയർപ്പിക്കപ്പെട്ട്, ദൈവത്തിന്റെ വലതുഭാഗത്തുനിന്നു നമുക്കുവേണ്ടി യാചിക്കുകയും ചെയ്യുന്നു.” “തന്നിലൂടെ ദൈവത്തെ സമീപിക്കുന്ന സകലർക്കുംവേണ്ടി മധ്യസ്ഥം വഹിക്കാൻ അവൻ എന്നെന്നും ജീവിച്ചിരിക്കുന്നു.”—റോമർ 8:34; എബ്രായർ 7:25; കത്തോലിക്കാ ജറുസലേം ബൈബിൾ.
പൂജിതമാക്കപ്പെടേണ്ട നാമം
യേശുവിന്റെ പ്രാർഥനയിലെ അടുത്ത വാക്കുകൾ ഇതായിരുന്നു: “അങ്ങയുടെ നാമം പൂജിതമാകണമേ.” ദൈവത്തിന്റെ നാമം അറിയുകയും അത് ഉപയോഗിക്കുകയും ചെയ്യാതെ ഒരുവന് എങ്ങനെ അതു പൂജിതമാകാൻ അതായത്, വിശുദ്ധീകരിക്കാൻ അല്ലെങ്കിൽ മാറ്റി നിർത്താൻ കഴിയും? “പഴയ നിയമ”ത്തിൽ 6,000-ത്തിലധികം തവണ യഹോവ എന്ന വ്യക്തിഗതമായ പേരിനാൽ ദൈവം തിരിച്ചറിയിക്കപ്പെടുന്നുണ്ട്.
പുറപ്പാട് 6:3-ന്റെ ഒരു അടിക്കുറിപ്പിൽ കത്തോലിക്കാ ഡുവേ ഭാഷാന്തരം ദൈവനാമം സംബന്ധിച്ച് ഇങ്ങനെ പറയുന്നു: “ചില ആധുനികർ യഹോവ എന്ന നാമം കെട്ടിച്ചമച്ചിരിക്കുന്നു . . . , എബ്രായപാഠത്തിലെ [ദൈവ] നാമത്തിന്റെ യഥാർഥ ഉച്ചാരണം, ദീർഘനാളത്തെ ഉപയോഗരാഹിത്യത്താൽ ഇപ്പോൾ തീർത്തും നഷ്ടപ്പെട്ടിക്കുകയാണ്.” അതുകൊണ്ട്, കത്തോലിക്കാ ന്യൂ ജറുസലേം ബൈബിൾ യാഹ്വെ എന്ന നാമം ഉപയോഗിക്കുന്നു. ചില പണ്ഡിതന്മാർ ആ ഉച്ചാരണത്തെ അനുകൂലിക്കുന്നുണ്ടെങ്കിലും, ദിവ്യനാമത്തിന്റെ ന്യായാനുസൃതവും ദീർഘകാലമായി ഉപയോഗിച്ചുവരുന്നതുമായ മലയാളം ഉച്ചാരണം “യഹോവ” എന്നാണ്. മറ്റു ഭാഷകൾക്ക് ദിവ്യനാമം ഉച്ചരിക്കുന്നതിന് അവയുടേതായ രീതികളുണ്ട്. ആ നാമം പൂജിക്കപ്പെടത്തക്കവണ്ണം നാം ഉപയോഗിക്കണമെന്നതാണു പ്രധാന സംഗതി. യഹോവ എന്ന നാമം പ്രാർഥനയിൽ ഉപയോഗിക്കാൻ നിങ്ങളുടെ സഭ നിങ്ങളെ പഠിപ്പിച്ചിട്ടുണ്ടോ?
പ്രാർഥിക്കാനുള്ള ഉചിതമായ വിഷയങ്ങൾ
അടുത്തതായി, “അങ്ങയുടെ രാജ്യം വരേണമേ” എന്നു പ്രാർഥിക്കാൻ യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു. മത്തായിയുടെ സുവിശേഷം ഈ വാക്കുകൾ കൂട്ടിച്ചേർക്കുന്നു: “അങ്ങയുടെ ഹിതം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ.” (മത്തായി 6:10, പി.ഒ.സി. ബൈ.) ദൈവരാജ്യം യേശുക്രിസ്തുവിന്റെ കരങ്ങളിലുള്ള ഒരു ഗവണ്മെന്റാണ്. (യെശയ്യാവു 9:6, 7) ബൈബിൾ പ്രവചനമനുസരിച്ച്, അതു പെട്ടെന്നുതന്നെ സകല മനുഷ്യ ഗവണ്മെന്റുകളെയും നീക്കിക്കളയുകയും ആഗോള സമാധാനത്തിന്റെ ഒരു യുഗം ആനയിക്കുകയും ചെയ്യും. (സങ്കീർത്തനം 72:1-7; ദാനീയേൽ 2:44; വെളിപ്പാടു 21:3-5) തന്മൂലം, സത്യ ക്രിസ്ത്യാനികൾ ദൈവരാജ്യത്തിന്റെ ആഗമനം തങ്ങളുടെ പ്രാർഥനയിൽ ആവർത്തകമായ ഒരു പ്രതിപാദ്യവിഷയമാക്കുന്നു. അതു ചെയ്യാൻ നിങ്ങളുടെ സഭ നിങ്ങളെ പഠിപ്പിച്ചിട്ടുണ്ടോ?
നമ്മെ ബാധിക്കുന്ന വ്യക്തിപരമായ കാര്യങ്ങൾ പ്രാർഥനയിൽ ഉൾപ്പെടുത്താമെന്നും യേശു വ്യക്തമാക്കിയെന്നതു രസാവഹമാണ്. അവൻ പറഞ്ഞു: “അന്നന്നുവേണ്ട ആഹാരം ഓരോ ദിവസവും ഞങ്ങൾക്കു നല്കണമേ. ഞങ്ങളുടെ പാപങ്ങൾ ഞങ്ങളോടു ക്ഷമിക്കണമേ. എന്തെന്നാൽ ഞങ്ങളുടെ കടക്കാരോടു ഞങ്ങളും ക്ഷമിക്കുന്നു. ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ.” (ലൂക്കാ 11:3, 4, പി.ഒ.സി. ബൈ.) ദൈനംദിന കാര്യങ്ങളിൽ നമുക്കു ദൈവഹിതം തേടാൻ സാധിക്കുമെന്ന്, നമ്മെ വേദനിപ്പിക്കുന്നതോ നമ്മുടെ സമാധാനം കെടുത്തുന്നതോ ആയ ഏതുസംഗതി സംബന്ധിച്ചും നമുക്കു ദൈവത്തെ സമീപിക്കാനാവുമെന്ന് യേശുവിന്റെ വാക്കുകൾ അർഥമാക്കുന്നു. ഇങ്ങനെ ക്രമമായി ദൈവത്തോട് അപേക്ഷിക്കുന്നത് അവനിലുള്ള നമ്മുടെ ആശ്രയത്വം വിലമതിക്കാൻ നമ്മെ സഹായിക്കുന്നു. അങ്ങനെ, നമ്മുടെ ജീവിതത്തിൽ അവനുള്ള സ്വാധീനത്തെക്കുറിച്ചു നാം കൂടുതൽ ബോധ്യമുള്ളവരായിത്തീരുന്നു. നമ്മുടെ പാപങ്ങൾ പൊറുക്കുന്നതിനു ദിവസേന ദൈവത്തോട് അപേക്ഷിക്കുന്നത് അതുപോലെതന്നെ പ്രയോജനകരമാണ്. അതിലൂടെ നാം നമ്മുടെ ബലഹീനതകൾ സംബന്ധിച്ചു കൂടുതൽ ബോധ്യമുള്ളവരായിത്തീരുന്നു—മറ്റുള്ളവരുടെ പോരായ്മകൾ പൊറുക്കാൻ കൂടുതൽ സഹിഷ്ണുതയുള്ളവരും. പ്രലോഭനത്തിൽനിന്നു വിടുതലിനായി അപേക്ഷിക്കാനുള്ള യേശുവിന്റെ അനുശാസനവും ഉചിതമാണ്. വിശേഷിച്ച് ഈ ലോകത്തിന്റെ അധഃപതിച്ചുവരുന്ന ധാർമികതയുടെ വീക്ഷണത്തിൽ. ആ പ്രാർഥനയോടു ചേർച്ചയിൽ, ദുഷ്പ്രവൃത്തിയിലേക്കു നയിക്കാനിടയുള്ള സാഹചര്യങ്ങളും സന്ദർഭങ്ങളും ഒഴിവാക്കാൻ നാം ജാഗരൂകരാണ്.
അപ്പോൾപ്പിന്നെ, ദൈവത്തെ പ്രീതിപ്പെടുത്തുന്ന പ്രാർഥന നടത്തേണ്ടതു സംബന്ധിച്ചു കർത്താവിന്റെ പ്രാർഥന നമ്മോടു വളരെയേറെ കാര്യങ്ങൾ പറയുന്നുവെന്നതിൽ അശേഷം സംശയമില്ല. എന്നാൽ നാം ആ പ്രാർഥന ക്രമമായി വെറുതെ ആവർത്തിച്ചു ചൊല്ലാൻ യേശു ഉദ്ദേശിച്ചിരുന്നോ?
പ്രാർഥനയെക്കുറിച്ചു കൂടുതലായ ബുദ്ധ്യുപദേശം
പ്രാർഥനയെക്കുറിച്ച് യേശു കൂടുതലായ നിർദേശങ്ങൾ നൽകി. മത്തായി 6:5, 6-ൽ നാം ഇങ്ങനെ വായിക്കുന്നു: “നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ കപടഭക്തിക്കാരെപ്പോലെ ആകരുതു; അവർ മനുഷ്യർക്കു വിളങ്ങേണ്ടതിന്നു പള്ളികളിലും തെരുക്കോണുകളിലും നിന്നുകൊണ്ടു പ്രാർത്ഥിപ്പാൻ ഇഷ്ടപ്പെടുന്നു; . . . നീയോ പ്രാർത്ഥിക്കുമ്പോൾ അറയിൽ കടന്നു വാതിൽ അടെച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർത്ഥിക്ക; രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും.” മറ്റുള്ളവരിൽ മതിപ്പുളവാക്കത്തക്കവണ്ണം ദൃഷ്ടിഹാരിയായ, പ്രകടനാത്മകമായ രീതിയിൽ പ്രാർഥന അർപ്പിക്കരുതെന്ന് ഈ വാക്കുകൾ നമ്മെ പഠിപ്പിക്കുന്നു. ബൈബിൾ പ്രചോദിപ്പിക്കുന്നതുപോലെ, നിങ്ങൾ രഹസ്യത്തിൽ യഹോവയുടെ മുമ്പാകെ നിങ്ങളുടെ ഹൃദയം പകരാറുണ്ടോ?—സങ്കീർത്തനം 62:8.
മത്തായി 6:7, ഓശാന ബൈബിൾ) പ്രാർഥനകൾ മനപ്പാഠമാക്കുന്നതിനെ യേശു അംഗീകരിച്ചില്ലെന്നു വ്യക്തമാണ്—ഏതെങ്കിലും പുസ്തകത്തിൽനിന്ന് അവ വായിക്കുന്നതിന്റെ കാര്യമൊട്ടു പറയുകയുംവേണ്ട. അവന്റെ വാക്കുകൾ കൊന്തയുടെ ഉപയോഗത്തെയും നിരാകരിക്കുന്നു.
യേശു ഈ മുന്നറിയിപ്പും നൽകി: “നിങ്ങൾ പ്രാർഥിക്കുമ്പോൾ വിജാതീയരെപ്പോലെ അർഥമില്ലാത്ത ധാരാളം വാക്കുകൾ ഉരുവിടരുത്. അതിഭാഷണംകൊണ്ടു തങ്ങളുടെ പ്രാർഥന കേൾക്കപ്പെടുമെന്ന് അവർ കരുതുന്നു. (ഒരു കത്തോലിക്കാ കുർബാനപ്പുസ്തകം ഇങ്ങനെ സമ്മതിക്കുന്നു: “നന്ദി പറയാനോ സങ്കടസമയങ്ങളിൽ ആവശ്യമറിയിക്കാനോ അല്ലെങ്കിൽ പതിവുള്ള നമ്മുടെ അനുദിന ആരാധനയിലോ നാം അവനിലേക്കു തിരിയുമ്പോൾ നമ്മിലുളവാകുന്ന സഹജന്യമായ ചിന്തകളായിരിക്കാം ഏറ്റവും ഉത്തമമായ പ്രാർഥന.” യേശുവിന്റെ തന്നെയും പ്രാർഥനകൾ സഹജന്യമായിരുന്നു, മനപ്പാഠമാക്കിയവയായിരുന്നില്ല. ഉദാഹരണത്തിന്, യോഹന്നാൻ 17-ാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ പ്രാർഥന വായിച്ചുനോക്കൂ. യഹോവയുടെ നാമം വിശുദ്ധീകരിക്കപ്പെടുന്നതു കാണാനുള്ള യേശുവിന്റെ ആഗ്രഹത്തിന് ഊന്നൽ നൽകിക്കൊണ്ട് അതു മാതൃകാ പ്രാർഥനയോടു പറ്റിനിൽക്കുന്നു. യേശുവിന്റെ പ്രാർഥന സഹജന്യവും അങ്ങേയറ്റം ഹൃദയസ്പർശകവുമായിരുന്നു.
ദൈവം കേൾക്കുന്ന പ്രാർഥനകൾ
മനപ്പാഠമാക്കിയ പ്രാർഥനകൾ ഉരുവിടാനോ “പുണ്യവാളന്മാ”രോടോ പ്രതിമകളോടോ പ്രാർഥിക്കാനോ കൊന്ത പോലുള്ള മതപരമായ വസ്തുക്കൾ ഉപയോഗിക്കാനോ നിങ്ങളെ പഠിപ്പിച്ചിരിക്കുന്നപക്ഷം, യേശു വിവരിച്ച രീതിയിൽ പ്രാർഥിക്കുന്നത് ആശങ്കാജനകമാണെന്ന തോന്നൽ ആദ്യമൊക്കെ നിങ്ങളിൽ ഉളവായേക്കാം. എന്നാൽ, മുഖ്യ സംഗതി ദൈവത്തെ—അവന്റെ നാമം, ഉദ്ദേശ്യം, വ്യക്തിത്വം എന്നിവ സഹിതം—അറിയുകയെന്നതാണ്. ബൈബിളിന്റെ സമഗ്രമായ പഠനത്തിലൂടെ നിങ്ങൾക്കതിനു സാധിക്കും. (യോഹന്നാൻ 17:3) ഇക്കാര്യത്തിൽ നിങ്ങളെ സഹായിക്കാൻ യഹോവയുടെ സാക്ഷികൾ മനസ്സൊരുക്കമുള്ളവരാണ്. എന്തിന്, “യഹോവ നല്ലവൻ എന്നു രുചിച്ചറി”യാൻ ലോകവ്യാപകമായി ദശലക്ഷക്കണക്കിനാളുകളെ അവർ സഹായിച്ചിട്ടുണ്ട്! (സങ്കീർത്തനം 34:8) ദൈവത്തെ കൂടുതൽ അറിയുന്തോറും പ്രാർഥനയിൽ അവനെ സ്തുതിക്കാൻ നിങ്ങൾ കൂടുതൽ പ്രേരിതരാകും. ഭക്ത്യാദരവോടു കൂടിയ പ്രാർഥനയിൽ നിങ്ങൾ യഹോവയോട് അടുക്കുന്തോറും അവനുമായുള്ള നിങ്ങളുടെ ബന്ധം കൂടുതൽ ഉറ്റതായിത്തീരും.
തന്മൂലം, ദൈവത്തിന്റെ ആരാധകരെല്ലാം “ഇടവിടാതെ പ്രാർത്ഥി”ക്കാൻ ഉദ്ബോധിപ്പിക്കപ്പെട്ടിരിക്കുന്നു. (1 തെസ്സലൊനീക്യർ 5:17) നിങ്ങളുടെ പ്രാർഥനകൾ യേശുക്രിസ്തുവിന്റെ നിർദേശങ്ങളുൾപ്പെടെ, ബൈബിളിനോടു ചേർച്ചയിലാണെന്ന് ഉറപ്പുവരുത്തുക. അങ്ങനെ, നിങ്ങളുടെ പ്രാർഥനകൾക്കു ദൈവാംഗീകാരമുണ്ടെന്നു നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും.
[7-ാം പേജിലെ ചിത്രം]
യഹോവയെക്കുറിച്ചു കൂടുതൽ അറിയുന്തോറും അവനോടു ഹൃദയംഗമമായി പ്രാർഥിക്കാൻ നാം കൂടുതൽ പ്രേരിതരാകുന്നു