വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
“ടോട്ടെ” (അപ്പോൾ) എന്ന ഗ്രീക്കു പദം പിന്നാലെവരുന്ന ഒരുസംഗതി അവതരിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്നുവെന്നു ഞാൻ മനസ്സിലാക്കുന്നു. അതിനാൽ, “അന്നു [ടോട്ടെ, “അപ്പോൾ,” NW] അവർ നിങ്ങളെ ഉപദ്രവത്തിന്നു ഏല്പിക്കയും” ചെയ്യുമെന്നു മത്തായി 24:9-ഉം, അതേസമയം ലൂക്കൊസ് 21:12-ലെ സമാന്തര വിവരണം, “ഇതു എല്ലാറ്റിന്നും മുമ്പെ എന്റെ നാമംനിമിത്തം അവർ നിങ്ങളുടെമേൽ കൈവെച്ചു . . . ഉപദ്രവിക്കയും” ചെയ്യുമെന്നും പറയുന്നത് എന്തുകൊണ്ട്?
പിന്നാലെവരുന്ന ഒരുസംഗതി, അനുക്രമത്തിലുള്ള ഒരുസംഗതി, അവതരിപ്പിക്കാൻ ടോട്ടെ ഉപയോഗിക്കാൻ കഴിയുമെന്നുള്ളതു ശരിയാണ്. എന്നാൽ ആ പദത്തിന്റെ ഏക ബൈബിൾപരമായ ഉപയോഗം ഇതാണെന്നു നാം മനസ്സിലാക്കേണ്ടതില്ല.
ബൗവർ ആർൻറിനാലും ജിങ്ക്റിച്ചിനാലുമുള്ള, പുതിയ നിയമത്തിന്റെയും മറ്റ് ആദിമ ക്രിസ്തീയ സാഹിത്യത്തിന്റെയും ഒരു ഗ്രീക്ക്-ഇംഗ്ലീഷ് നിഘണ്ടു, തിരുവെഴുത്തുകളിൽ ടോട്ടെ എന്ന പദം രണ്ട് അടിസ്ഥാന അർഥങ്ങളിൽ ഉപയോഗിച്ചിരിക്കുന്നുവെന്നു കാണിക്കുന്നു.
ഒരു ഉപയോഗം, “ആ സമയത്ത്” എന്നാണ്. ഇത് “ഭൂതകാലത്തെ അപ്പോൾ” ആയിരിക്കാവുന്നതാണ്. നൽകപ്പെട്ടിരിക്കുന്ന ഒരു ഉദാഹരണം മത്തായി 2:17 ആണ്. “യിരെമ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു അന്നു [“അപ്പോൾ,” NW] നിവൃത്തിയായി.” ഇത് അനുക്രമമായ ഒരു സംഗതിയെ പരാമർശിക്കുന്നില്ല, മറിച്ച്, ഭൂതകാലത്തെ ഒരു പ്രത്യേക ഘട്ടത്തിൽ, അതായത്, ആ സമയത്ത് എന്നു സൂചിപ്പിക്കുന്നു. സമാനമായി, “ഭാവികാലത്തെ അപ്പോൾ” എന്നനിലയിലും ടോട്ടെ ഉപയോഗിക്കാവുന്നതാണ്. ഒരു ഉദാഹരണം 1 കൊരിന്ത്യർ 13:12-ൽ കാണപ്പെടുന്നു: “ഇപ്പോൾ നാം കണ്ണാടിയിൽ കടമൊഴിയായി കാണുന്നു; അപ്പോൾ മുഖാമുഖമായി കാണും; ഇപ്പോൾ ഞാൻ അംശമായി അറിയുന്നു; അപ്പോഴോ [“അപ്പോൾ,” NW] ഞാൻ അറിയപ്പെട്ടതുപോലെ തന്നെ അറിയും.” ‘ഭാവിയിലെ ആ ഘട്ടത്തിൽ’ എന്ന അർഥത്തിലാണു പൗലോസ് ഇവിടെ ടോട്ടെ ഉപയോഗിച്ചത്.
ഈ നിഘണ്ടു അനുസരിച്ച്, ടോട്ടെയുടെ മറ്റൊരു ഉപയോഗം “കാലക്രമത്തിൽ പിന്നാലെവരുന്നതിനെ അവതരിപ്പിക്കു”ക എന്നതാണ്. അവന്റെ സാന്നിധ്യത്തിന്റെ അടയാളം സംബന്ധിച്ച അപ്പോസ്തലൻമാരുടെ ചോദ്യത്തിനുള്ള യേശുവിന്റെ ഉത്തരത്തിന്റെ മൂന്നു വിവരണങ്ങളിലായി കാണുന്ന ഒട്ടേറെ ഉദാഹരണങ്ങൾ ഈ നിഘണ്ടു നൽകുന്നു. a ടോട്ടെയുടെ, “കാലക്രമത്തിൽ പിന്നാലെവരുന്നതിനെ അവതരിപ്പിക്കുന്ന” ഉപയോഗത്തിന്റെ ഉദാഹരണങ്ങളെന്ന നിലയിൽ ഈ നിഘണ്ടു മത്തായി 24:10, 14, 16, 30; മർക്കൊസ് 13:14, 21; ലൂക്കൊസ് 21:20, 27 എന്നിവ പരാമർശിക്കുന്നു. കാലക്രമത്തിൽ പിന്നാലെവരുന്ന ഒരുസംഗതി എന്നത് ശരിയായ ഗ്രാഹ്യമായിരിക്കുന്നത് എന്തുകൊണ്ടാണെന്നു സന്ദർഭത്തിന്റെ പരിചിന്തനം പ്രകടമാക്കുന്നു. ഭാവി സംഭവവികാസങ്ങൾ ഉൾക്കൊണ്ട യേശുവിന്റെ പ്രവചനത്തിന്റെ അർഥം ഗ്രഹിക്കുന്നതിന് ഇതു സഹായകമാണ്.
എന്നാൽ, ഈ വിവരണത്തിലെ ടോട്ടെ വരുന്ന ഓരോ സന്ദർഭത്തിലും നിശ്ചയമായും കാലക്രമത്തിൽ പിന്നാലെവരുന്നതിനെ അവതരിപ്പിക്കുന്നുവെന്നു നാം നിഗമനം ചെയ്യേണ്ടയാവശ്യമില്ല. ഉദാഹരണത്തിന്, മത്തായി 24:7, 8-ൽ, ജനത ജനതക്കെതിരായി എഴുന്നേൽക്കുമെന്നും ഭക്ഷ്യക്ഷാമങ്ങളും ഭുകമ്പങ്ങളും ഉണ്ടായിരിക്കുമെന്നും യേശു മുൻകൂട്ടി പറഞ്ഞതായി നാം വായിക്കുന്നു. 9-ാം വാക്യം തുടരുന്നു: “അന്നു [“അപ്പോൾ,” NW] അവർ നിങ്ങളെ ഉപദ്രവത്തിന്നു ഏല്പിക്കയും കൊല്ലുകയും ചെയ്യും; എന്റെ നാമം നിമിത്തം സകല ജാതികളും നിങ്ങളെ പകെക്കും.” മുൻകൂട്ടിപ്പറഞ്ഞ യുദ്ധങ്ങളും ഭക്ഷ്യക്ഷാമങ്ങളും ഭൂകമ്പങ്ങളും എല്ലാം കണിശമായും പീഡനം തുടങ്ങുന്നതിനു മുൻപ് സംഭവിക്കണം, ഒരുപക്ഷേ അവസാനിക്കണം, എന്നു മനസ്സിലാക്കുന്നതു ന്യായയുക്തമായിരിക്കുമോ?
അതു യുക്തിസഹമല്ല, ഒന്നാം നൂറ്റാണ്ടിലെ നിവൃത്തി സംബന്ധിച്ചു നമുക്ക് അറിയാവുന്നത് അതിനെ സ്ഥിരീകരിക്കുന്നുമില്ല. പുതിയ ക്രിസ്തീയ സഭയിലെ അംഗങ്ങൾ പ്രസംഗം ആരംഭിച്ച് ഏതാണ്ട് ഉടനെതന്നെ അവർ ഗുരുതരമായ എതിർപ്പ് അനുഭവിച്ചുവെന്നു പ്രവൃത്തികളുടെ പുസ്തകത്തിലെ വിവരണം വെളിപ്പെടുത്തുന്നു. (പ്രവൃത്തികൾ 4:5-21; 5:17-40) യേശു പറഞ്ഞ എല്ലാ യുദ്ധങ്ങളും ഭക്ഷ്യക്ഷാമങ്ങളും ഭൂകമ്പങ്ങളും ആദിമ പീഡനത്തിനു മുൻപേ സംഭവിച്ചുവെന്നു തീർച്ചയായും നമുക്കു പറയാൻ കഴിയില്ല. നേരെമറിച്ച്, മുൻകൂട്ടിപ്പറഞ്ഞ മറ്റു സംഗതികളിൽ ഒട്ടുമിക്കവയ്ക്കും “മുൻപേ” ആ എതിർപ്പുണ്ടായി. ഇതു ലൂക്കോസ് കാര്യങ്ങൾ പ്രസ്താവിച്ച വിധത്തോടു ചേർച്ചയിലാണ്. “ഇതു എല്ലാറ്റിന്നും മുമ്പെ എന്റെ നാമംനിമിത്തം അവർ നിങ്ങളുടെമേൽ കൈവെച്ചു . . . ഉപദ്രവിക്കയും” ചെയ്യും. (ലൂക്കൊസ് 21:12) മത്തായി 24:9-ൽ, ടോട്ടെ, കൂടുതൽ കൃത്യമായി, “ആ സമയത്ത്” എന്ന അർഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് അതു സൂചിപ്പിക്കും. യുദ്ധങ്ങളുടെയും ഭക്ഷ്യക്ഷാമങ്ങളുടെയും ഭൂകമ്പങ്ങളുടെയും കാലത്ത്, അല്ലെങ്കിൽ ആ സമയത്ത്, യേശുവിന്റെ അനുഗാമികൾ പീഡിപ്പിക്കപ്പെടും.
[അടിക്കുറിപ്പ]
a മത്തായിയുടെയും മർക്കോസിന്റെയും ലൂക്കോസിന്റെയും ഈ സമാന്തര വിവരണങ്ങൾ, 1994 ഫെബ്രുവരി 15 വീക്ഷാഗോപുരത്തിന്റെ 14-ഉം 15-ഉം പേജുകളിൽ കോളങ്ങളിലായി പ്രദർശിപ്പിച്ചിട്ടുണ്ട്.